കളം
മാവേലി നാടുവാണീടും കാലമെന്ന പുരാവൃത്തത്തിന്റെ അവശേഷിപ്പായ ഓണത്തെക്കുറിച്ച് ഓർമ്മ പങ്കുവെക്കേണ്ടിവരുമ്പോൾ ആദ്യം മനസ്സിലേക്കുവന്നത് അത്തരത്തിൽ വായിച്ച, കാലമേറെയായി പലരും പേർത്തും പറഞ്ഞു വിരസമായ അനുഭവങ്ങളുടെ ഒരു നിരയാണ്. സമൃദ്ധിയുടെയും വിശുദ്ധിയുടെയും സവർണ്ണതയുടെയും ഗൃഹാതുരസ്മരണകൾ ഒരുവശത്തും, അത്തരത്തിലുള്ള പൊതുബോധത്തെയപ്പാടെ നിഷേധിക്കുന്ന വിധത്തിൽ സമൂഹത്തിൽ നിന്നുതന്നെ ഉയർന്നുവരുന്ന ചില പ്രതിഷേധങ്ങൾ മറുവശത്തും. ഇതിനു രണ്ടിനും ഇടയിലായിരിക്കണം എന്റെ ഓണം എന്നു തോന്നുന്നു. വർഷമാകെയുള്ള നീക്കിയിരുപ്പിൽ നിന്നൊരു വലിയവിഹിതം ചെലവിട്ട് അമ്മയും, പതിനൊന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബോണസ്സെന്ന പേരിൽ കിട്ടുന്ന അധികതുകയെ കണക്കാക്കിക്കൊണ്ട് പപ്പയും കൂടി നടത്തുന്ന ഒരുക്കങ്ങൾ. അതിന്റെ ഭാഗമായി പുതുവസ്ത്രം, സദ്യ, പുതിയതായി വാങ്ങുന്ന വീട്ടുപകരണങ്ങൾ, ചിലപ്പോൾ ഒരു പുറത്തുപോക്ക്, ടെലിവിഷനിലെ പ്രത്യേകപരിപാടികൾ, പുത്തൻ റിലീസായൊരു സൂപ്പർസ്റ്റാർ സിനിമ… അത്തരത്തിൽ ഒരു കാർഷികാഘോഷം പതിയെ കമ്പോള ഉത്സവമായി മാറുന്ന വിധത്തിലുള്ളതായിരുന്നു ബാല്യത്തിലെയും കൗമാരത്തിലെയും ഓർമ്മകൾ.
ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ഓണം അത്ര സുന്ദരവും സൗഹാർദ്ധപരവുമായിരുന്ന ഒന്നായിരുന്നില്ല. സ്കൂളിൽ ആദ്യപാദ പരീക്ഷയുടെ ബഹളത്തിനിടെ നേരത്തേയെഴുന്നേറ്റു പൂക്കളമിടുന്നതൊക്കെ തിരക്കിട്ടൊരു ചടങ്ങാണ്. അതുതന്നെ, ആചാരമനുസ്സരിച്ച് ചാണകം മെഴുകിയതിന്മേൽ വേണം പൂക്കളമിടാൻ. അയൽപക്കങ്ങളിൽ പശുവുള്ള വീടുകളിൽനിന്ന് ഒരു തകരപ്പാത്രത്തിൽ ചാണകം കൊണ്ടുവന്ന് മുറ്റത്തൊരു മൂലയിൽ വച്ചിട്ടുണ്ടാകും. മൂന്നോനാലോ ദിവസം കഴിയുമ്പോൾ അതിൽ പുഴുനുരയ്ക്കാൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒരുവിധത്തിൽ മൂക്കു പൊത്തിയാകും പൂക്കളം തീർക്കുന്നത്. പുലർച്ചയ്ക്കെഴുന്നേറ്റുള്ള പരീക്ഷയുടെ പഠിപ്പിനിടയിലും അതിരു കാക്കലിന്റെ ജാഗ്രതയെന്നോണം പാഠപുസ്തകങ്ങളിൽനിന്നു ശ്രദ്ധമാറിയൊരു കാക്കനോട്ടം മുറ്റത്തേയും ചുറ്റുവട്ടത്തേയും വേലികളിലേക്കു പാളിവീഴും. വേലിപ്പടർപ്പിൽ മൊട്ടിട്ടോ വിരിഞ്ഞോ നിൽക്കുന്ന പൂക്കളെങ്ങാനും മറ്റുകുട്ടികൾ പൊട്ടിച്ചുകൊണ്ടു പോകുന്നുണ്ടോയെന്ന ആധിയാലെയുള്ള നിരീക്ഷണം.
ബുദ്ധമതത്തെ സംബന്ധിച്ചിടത്തോളം വിനോദത്തിനും വിശ്രമത്തിനുമുള്ള മാസമായിരുന്നു ശ്രാവണം എന്നാണു കേട്ടിട്ടുള്ളത്. പരീക്ഷാക്കാലമൊഴിഞ്ഞാൽ എട്ടോ പത്തോ ദിവസം കിട്ടുന്ന അവധിയിൽ ഞങ്ങൾ കുട്ടികളും അത്തരത്തിലുള്ള അവസ്ഥയിലേക്കു പൊടുന്നനെമാറും. പിന്നെയുള്ളത് പ്രാദേശിക ക്ലബുകൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളാണ്. ഒരു ചെറുപ്രദേശത്ത് പലപല ക്ലബുകൾ ഉദയം ചെയ്യാനും വ്യത്യസ്തമായ ഇടങ്ങളിൽ സമാന്തരമായി ആഘോഷങ്ങൾ ഒരുക്കാനും പരോക്ഷമായ കാരണം സമ്പത്തും ജാതിയും മതവുമൊക്കെ തന്നെയായിരുന്നു. എങ്കിലും ഉടുത്തൊരുങ്ങിയും ഉണ്ടുവീർത്തും ഊഞ്ഞാലാടിയും ഉത്സാഹത്തോടെ നാമിന്നും ആഘോഷത്തിൽ പങ്കാളികളാകുന്നു.
പണ്ടൊക്കെ സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസവകുപ്പിലെ മേലുദ്ദ്യോഗസ്ഥനെത്തുന്ന ‘ഇൻസ്പെക്ഷൻ ദിവസ’ത്തേക്കു മാത്രമായി ക്ലാസ്സ് മുറികളിൽ പ്രത്യക്ഷപ്പെടുന്ന മാപ്പും ഗ്ലോബും പ്രവർത്തിപരിചയപ്പട്ടികയും, ടൈം ടേബിൾ ചാർട്ടും അംഗ സംഖ്യയെഴുത്തും തുന്നലും പാട്ടും ഒക്കെപ്പോലെ താൽക്കാലികതയിൽ മാത്രമൊതുങ്ങുന്ന ഒരാഘോഷത്തിന്റെ ഉള്ളുകളികളൊക്കെ അറിയാമെങ്കിലും, ഒരുമിക്കലുകൾക്ക് ഇനിയുമൊരു സാധ്യതയുണ്ടെന്നോർമ്മപ്പെടുത്തിക്കൊണ്ട്, ഇതൊക്കെ കണ്ടൊരു ചെറുനിർവ്വൃതിയോടെ മാവേലിയെന്ന പരിശോധകൻ മടങ്ങിപ്പോകട്ടെ. തങ്ങളാൽ കഴിയാവുന്ന വിധം ഈ ഒരുങ്ങലുകളുടെ ഭാഗമായി ചേരുന്നവർക്കും, പലകാരണങ്ങളാലും ഇതിന്റെ ഭാഗമാകാൻ കഴിയാതെ മാറി നിൽക്കുന്നവർക്കും ഓണാശംസകൾ!
കോടി
“ഇതെന്താ.. ഷർട്ടോ?”
“അതെ.. ഒന്നിട്ടുനോക്ക്.”
“ഇപ്പോഴെന്തിനാണിതൊക്കെ?”
“ഓണക്കോടി മുൻകൂറായി തരാമെന്നു വെച്ചു.”
“ദേ നോക്ക്… ഇതും കുട്ടിഷർട്ടാണ്. ചുരുങ്ങിയത് ഇതിന്റെ അടുത്തതിന്റെയടുത്ത അളവെങ്കിലും വേണ്ടിവരും.”
“ദൈവമേ… അപ്പോൾ ഇത്തവണവും പണികിട്ടിയോ?”
“താനെപ്പോഴെങ്കിലും എനിക്കൊരു ഷർട്ടെടുത്തത് പാകമായിട്ടുണ്ടോ? ഒക്കെ ചെറുതായിരിക്കും. എന്നിട്ട് ബില്ലും കൊണ്ടു ഞാൻ തന്നെ കടയിൽപ്പോയി മാറ്റിയെടുക്കുകയും വേണം. എന്നാൽപ്പിന്നേ അദ്യമേ എന്നെയുംകൊണ്ടങ്ങ് പോയാൽ പോരേ?”
“അല്ലെങ്കിലും എന്റെ സർപ്രൈസുകൾക്കൊക്കെ ഇതാണ് ഗതി. കടയിൽ ചെന്നു ഷർട്ട് തിരയുന്ന നേരത്ത് ആളെ ഓർത്തെടുക്കുമ്പോൾ ഒരു കുഞ്ഞ്യേ മനുഷ്യനാണ് മനസ്സിലേക്കുവരിക. അങ്ങനെയാണ് ഈ കുട്ടിഷർട്ടൊക്കെ എടുത്തോണ്ടിങ്ങ് പോരുന്നത്. അടുത്തെത്തി അതണിഞ്ഞു കാണുന്നേരമാണ് ഉടലളവിൽ ഇയാളിങ്ങനെ വലിപ്പം വെയ്ക്കുന്നത്. അതറിയാമോ?”
അവൻ പതിവുപോലെ ഭീമാകാരനായി. വർഷത്തിലൊരിക്കൽ തിരിച്ചു വരാമെന്നോ, സ്വയം കാവൽ നിൽക്കാമെന്നോ ഒക്കെയുള്ള ഉടമ്പടികളൊന്നുമില്ലാതെയുള്ളൊരു പാതാളനിഷ്ക്കാസനം പ്രതീക്ഷിച്ചുകൊണ്ട് അവളുടെ തല കുനിഞ്ഞു. പക്ഷേ, പാദസ്‌പർശത്തിനു പകരം മൂർദ്ധാവിലൊരുമ്മ വന്നു പതിഞ്ഞു.