ഇപ്പോഴും അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍. എന്‍റെ വരവറിഞ്ഞു പുറത്ത് നിന്ന് അയലത്തെ രാധചേച്ചി ചോദിക്കും “കണ്ടത്തിപ്പാക്കരന്‍ വന്നോ?” ഞാന്‍ പുറത്തേക്ക് ചെല്ലുമ്പോ ചുണ്ടത്ത് വിരല്‍ ചേര്‍ത്ത് മുറുക്കാന്‍ തുപ്പി അവര്‍ ചിരിക്കും. ഞാനും.  പണ്ടേതോ ഓണക്കാലം മുതലാണ്‌ ആ പേര് എനിക്ക് കിട്ടിയത്. ശരിക്കും കണ്ടത്തിപ്പാക്കരന്‍ ഞാനല്ല. ചട്ടി തലയും ഫുള്‍ സ്ലീവ് ഷര്‍ട്ടില്‍ വൈക്കോല്‍ കുമ്പയും വീര്‍പ്പിച്ചു പാടത്തെ നെല്‍ക്കതിരുകള്‍ക്ക് ഇടയില്‍ കൈ രണ്ടും ഇരുവശത്തേക്കും നീട്ടി സ്റ്റാച്യൂ അടിച്ചു നില്‍ക്കുന്ന കോലമാണ് അയാള്‍.

എന്നെ ആ പേര് വിളിച്ചു കളിയാക്കാന്‍ കാരണം എനിക്ക് പുള്ളിയെ ഭയങ്കര പേടിയായിരുന്നു. ഓര്‍മ്മകളിലെ മനോഹരമായ ഓണങ്ങള്‍ എല്ലാം അവിടെയായിരുന്നു . ഞങ്ങള്‍ ഓണസദ്യ കഴിഞ്ഞു അമ്മവീട്ടിലേക്ക് പുറപ്പെടും. കൂറ്റന്‍ ഇലക്ട്രിക് പോസ്റ്റുകള്‍ കാലുംകവച്ചു നില്‍ക്കുന്ന പാടവരമ്പിലൂടെ പോകുമ്പോള്‍ എതിരെ വരുന്ന നാട്ടുകാരികള്‍ അമ്മയോട് കുശലം ചോദിക്കും . ”ഓണോം കൊണ്ടു വരുവാണോ … ?”ഓണത്തിന്‍റെ പ്രത്യേകത അന്തരീക്ഷവും ആളുകളുടെ മുഖവും എല്ലാം സന്തോഷത്തില്‍ തെളിഞ്ഞു നില്‍ക്കും. എവിടെയും ആനന്ദമാണ്. എല്ലാ വീട്ടുകാരും ചിരിച്ചു സംസാരിക്കും. ഒരു ഗ്ലാസ് നിറയെ  പായസവും സ്നേഹവും നീട്ടും.

onam, vishnuram, artist, memories,

പങ്കിയമ്മയുടെ നീളന്‍പാടങ്ങള്‍ക്ക് നടുവിലെ ചിറയില്‍ രാത്രി ഓണക്കളികള്‍ ഉണ്ട്. പ്രായമായവര്‍ യൗവ്വനം തിരിച്ചു പിടിച്ചു അവശതകള്‍ മറന്നു താളത്തില്‍ കൈകൊട്ടി വട്ടം ചുറ്റും.

വട്ടക്കളി …വട്ടക്കളി …
വട്ടക്കായലില്‍ വട്ടക്കളി …
പോയിവരാം ..പോയിവരാം …
പോയി നമുക്കൊന്ന് കൊണ്ടുവരാം …

നിലാവെട്ടത്തില്‍ കുട്ടികള്‍ ഉന്മാദം കൊണ്ടു പാഞ്ഞു പറക്കും. പെണ്ണുങ്ങള്‍ കബഡി കളിക്കും ഇന്നലെ വരെ ചോറും തിന്നു കിടന്നുറങ്ങിയ നാട്ടുകാര്‍ രാവ് പകലാക്കി അര്‍മാദിക്കുന്നത്
കണ്ടു റേഡിയോ നിലയത്തിലെ ചുവന്ന വെളിച്ചം ഒരെത്തും പിടിയും കിട്ടാതെ കണ്ണ് ചിമ്മും. രാത്രി പടിഞ്ഞാറേ മുറ്റത്തെ കറുവ മരത്തിനു കീഴെ കുട്ടിയമ്മ അത്താഴത്തിനു പായ വിരിക്കും .ക്രിസ്മസിന് നക്ഷത്രം തൂക്കുന്ന ബള്‍ബ് മരക്കൊമ്പില്‍ തൊട്ടു ഞാന്നു കിടപ്പുണ്ടെങ്കിലും വെട്ടം പോരെങ്കിലോ എന്ന മട്ടില്‍ ഒരു മണ്ണെണ്ണ വിളക്ക് പായക്ക്‌ നടുവില്‍ തിരി നീട്ടും.

ഒരുപാട് കറികള്‍ ഉണ്ടാവും. പച്ചക്കറികള്‍ എല്ലാം കുട്ടിയമ്മ കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണ്. പയറും പാവലും ചീരയും വെള്ളരിക്കയും ഒക്കെ. നേരം വെളുക്കുമ്പോ രോഗികളുടെ കിടക്കയില്‍ ഡോക്ടര്‍മാര്‍ റൗണ്ട്സിനു വരും പോലെ കുട്ടി തോര്‍ത്തും വീശി പാടത്തേക്കു ഇറങ്ങും. വിളഞ്ഞതൊക്കെയും പറിക്കും. പുഴു തിന്ന ഇലകള്‍ നുള്ളും. അവിടെയുള്ളപ്പോള്‍ കൂടെ ഞങ്ങളും കൂടും.

onam, vishnu ram, momories,

അന്ന് അവിട്ടം ദിന ബ്ലോക്ബസ്റ്റർ ചലച്ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ജലി വായനശാലയില്‍ നാടടക്കം സ്റ്റേജിനു മുന്നില്‍ നിരന്നിരുന്നു കലാപരിപാടികള്‍ കാണും. അന്നുമുണ്ട് താടി വെച്ച പ്രഭാഷണക്കാര്‍. അവര്‍ സാംസ്കാരിക സമ്മേളനം എന്നും പറഞ്ഞു മൈക്കില്‍ കടിച്ചു തൂങ്ങും. നാട്ടുകാരപ്പോ ഓണവിശേഷങ്ങള്‍ പങ്കു വെയ്ക്കും. ഓണക്കൊടിയുടെ മിനുപ്പില്‍ തൊട്ടുനോക്കി വില തിരക്കി ഇരിക്കും. പിന്നവര്‍ തല ഉയര്‍ത്തുന്നത് സ്റ്റേജിനു മുന്നിലെ ചീനചട്ടി പോലുള്ള വര്‍ണ്ണ ബള്‍ബുകള്‍ കെട്ടും തെളിഞ്ഞും നൃത്ത പരിപാടികള്‍ കൊഴുക്കുമ്പോഴാണ് .

മുക്കാലാ ..മുക്കാബുലാ …
ലൈല…ഓ ..ലൈല….

നാട്ടിലെ പ്രതിഭകള്‍ തമിഴ് പാട്ടിനൊപ്പം സാങ്കല്‍പ്പിക കയറില്‍ പിടിച്ചു വലിച്ചു പുളഞ്ഞു തുള്ളുമ്പോഴും അന്തരീക്ഷം ഒരു ചുവരാണ് എന്നും പറഞ്ഞു തത്തി കയറാന്‍ തുടങ്ങുമ്പോഴും കൊള്ലാല്ലേ …എന്നും പറഞ്ഞു ആളുകള്‍ വാ പൊളിക്കും .എല്ലാം കഴിഞ്ഞു പിറ്റേന്ന് ” പിന്നെ വരാം ” എന്നും പറഞ്ഞു പടിയിറങ്ങുമ്പോ മനസ്സ് കൊതിക്കും ” അടുത്ത ഓണം എപ്പഴാ … ”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ