മൂടിക്കെട്ടിയ കറുത്തിരുണ്ട ആകാശം, ചന്നം പിന്നം പെയ്യുന്ന മഴ. ചിലപ്പോഴൊക്കെ അത് ഇടവിടാതുള്ള തുള്ളിക്കൊരു കുടം മഴയായും മാറാറുണ്ട്. നനഞ്ഞ വിറക് ഊതിക്കത്തിക്കാൻ പാടുപെട്ട് പുകയും കരിയും പുരണ്ട അടുക്കള ജന്മങ്ങൾ. പനിയുടേയും വാതത്തിന്റേയും ഞരക്കങ്ങളും മൂളലുകളും. പനികാപ്പിയുടേയും ചുട്ട പപ്പടത്തിന്റേയും മരുന്നു കഞ്ഞിയുടേയും ഇലക്കറികളുടേയും മണം പകർന്ന പഴയ പഞ്ഞ കർക്കിടകം!

പക്ഷേ ചിങ്ങം പുലർന്നാൽ പ്രകൃതിയും പ്രപഞ്ചവും എത്ര വേഗമാണ് മാറുക. ഓണം ആദ്യമാണെങ്കിൽ ചിങ്ങപ്പുലരിയും മിക്കവാറും മഴയിൽ കുളിച്ചാണെത്തുക. പക്ഷേ ആ മഴ പോലും തെളിഞ്ഞ് മഞ്ഞ നിറമണിഞ്ഞ് സുന്ദരിയായിരിക്കും.

വിടർന്നു നിൽക്കുന്ന പൂക്കളുടെ, ഓണവെയിലിന്റെ, വിളഞ്ഞു കിടക്കുന്ന നെൽക്കതിരുകളുടെ, ഓണമുണ്ടിന്റെ, സദ്യവട്ടങ്ങളുടെ അങ്ങനെ മഞ്ഞയിൽ കുളിച്ച ഓണക്കാലം. ഏറ്റവും മനോഹരമായ ഋതുവിൽ ഏറ്റവും മനോഹരമായ ഉത്സവം ഓണം.

എത്ര മഴയായാലും ഓണത്തിനു വേണ്ടിപത്തു വെയിലുദിക്കും എന്ന് നാട്ടുമൊഴി. വിറകുണക്കാനും നെല്ലു പുഴുങ്ങാനും കൊപ്രയുണക്കാനും വീട് തേച്ചു കഴുകി വൃത്തിയാക്കാനും ഒക്കെയായി ഓണവെയിലുദിച്ചേ പറ്റൂ. ആ വെയിലിന് സ്വർണ്ണ ശോഭയാണ്. നേരത്തെതന്നെ മച്ചിൻ പുറത്ത് ശേഖരിച്ചു വയ്ക്കുന്ന ഏറ്റവും കൂടുതൽ എണ്ണ കിട്ടുന്ന ഉണക്ക തേങ്ങകൾ പെറുക്കി താഴെയിട്ട് പൊതിക്കുന്നതോടെ ഓണവരവായി. തേങ്ങാ വെട്ടുന്നതും പിന്നെ അന്ന് ആ തേങ്ങാ വെളളത്തിൽ ഞങ്ങൾ കുട്ടികളുടെ വക ഒരു ഓണകുളിയും കുടിയുമൊക്കെയുണ്ടാവും. തേങ്ങാ വെളളം ചേർത്ത കിണ്ണത്തപ്പത്തിന്റെ സ്വാദ്!

മുറ്റം ചെത്തിയൊരുക്കി പറമ്പിലൊക്കെ കൂമ്പുകൂട്ടി മാവേലിയെ സ്വീകരിക്കാൻ പറമ്പൊരുങ്ങുകയാണ് അടുത്ത ചടങ്ങ്.

usha, onam, memories,

തേങ്ങാ വെട്ടി വെയിലത്തു വച്ച് കാക്കയെ ഓടിക്കാൻ ഒരു കോലം നാട്ടും. എന്നാലും ഓണപരീക്ഷയ്ക്ക് പഠിത്തം വരണമെങ്കിൽ കൊപ്രായ്ക്ക് കാവലിരുന്ന് കൊപ്രാ കഷണം കട്ടുതിന്നു പഠിച്ചാലേ പറ്റൂ. പിന്നെ അടുത്തത് പത്തായത്തിൽ നിന്നും നെല്ലെടുക്കുന്ന ചടങ്ങാണ്. നെല്ലു പുഴുങ്ങി ഉണക്കിയാൽ ആദ്യ കാലത്തൊക്കെ കുത്തിയെടുത്തിരുന്നത് ഉരലിലാണ്. ഏത് യന്ത്രസംവിധാനങ്ങളേയും തോൽപ്പിക്കുന്ന രീതിയിൽ വലിയ ഉരലിൽ മാറിമാറി പതിയുന്ന ഉലക്കകൾ. നെല്ലു കുത്തുന്ന സ്ത്രീകളുടെ ചലനത്തിനും ഉലക്ക വീഴുന്ന ശബ്ദത്തിനും ഒരു താളമുണ്ട്. അരി പേറ്റുന്നതിന്റെ താളം, അരി കൊഴിക്കുന്നതിന്റെ താളം, അരിയിലെ കല്ലരിക്കുന്നതിന്റെ, തേങ്ങാ ചിരകുന്നതിന്റെ, കൊത്തി അരിയലിലെ, കടുകു വറക്കലിലെ, വറ പൊരിയലിലെ അങ്ങനെ പാചകലോകം എത്ര താളാത്മകമാണ്. അല്ലെങ്കിലും അന്നത്തെ ആഘോഷങ്ങൾക്ക്, ജീവിതരീതിയ്ക്ക് ഒക്കെ ഒരു താളമുണ്ടായിരുന്നു. ആ ജീവതാളത്തിലാണ് പട്ടിണിയിലും പരിവട്ടത്തിലും ആ തലമുറ സന്തോഷത്തോടെ കഴിഞ്ഞത്.

അത്തമായാൽ ഉഷാറായി. അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് അമ്മൂമ്മ പക്ഷം. പണ്ടൊക്കെ അത്തത്തിന് ഒരു കളം പൂവേ വേണ്ടൂ. പിന്നെ ഓരോ ദിവസവും ഓരോ കളം കൂടി വന്ന് ഓണത്തിന് പത്തും തികഞ്ഞ ഒരു വലിയ ഓണപൂക്കളം. പൂവിന് പണ്ടൈങ്ങും പോവേണ്ട.തൊടിയിൽ അന്നുവരെ ആർക്കും വേണ്ടാതെ നിൽക്കുന്ന തുമ്പയാണ് താരം. തുമ്പപ്പൂവും തുമ്പക്കുടവുമില്ലാതെ പൂക്കളമില്ല. കുളിച്ചു ശുദ്ധമായി നനഞ്ഞ മണ്ണുകൊണ്ടുവന്ന് അതിൽ ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. മുക്കുറ്റി, നന്ത്യാർവട്ടം, ചെത്തി, ബെന്തി, ചെമ്പരത്തി തുടങ്ങിയ പൂക്കളും ഊരാൻ തുടങ്ങി പാടത്ത് ആർക്കും വേണ്ടാതെ നിൽക്കുന്നതു വരെ പൂക്കളത്തിൽ നിറയും. ഉത്രാടത്തിന് അർദ്ധരാത്രിയിലേ പൂക്കളമൊരുക്കുന്ന ചടങ്ങ് തുടങ്ങുകയായി. കുളിച്ച് ഈറനോടെ അമ്മമാർ ഉരലിൽ ഓണത്തപ്പന് നേദിക്കാനുളള ‘പൂവട’ യ്ക്കുളള അരി പൊടിക്കുകയായി. അരിപ്പൊടി തിളച്ചവെളളത്തിൽ കുഴച്ച് കദളിപ്പഴവും ശർക്കരയും ചേർത്ത് (ചില സ്ഥലങ്ങളിൽ മധുരം ചേർക്കില്ല.) നേർമ്മയായി ഉണ്ടാക്കുന്ന അട പൂവ് പോലെ മൃദുലവും സ്വാദിഷ്ടവുമാണ്. തൃക്കാക്കരയപ്പന്റെ മുമ്പിൽ നേദിക്കുന്ന പൂവട എയ്യാനായി പൂവമ്പും പിടിച്ച് ഒരു കുട്ടിക്കുറുമ്പൻ നൽപുണ്ടാവും. ആ അർദ്ധരാത്രിയിലും പൂക്കളം ഇടുന്നിടത്തെ ആർപ്പും കുരവയും വിവരിക്കുക അസാദ്ധ്യം.

ആ ഉത്രാടരാത്രിയിൽ തന്നെയാണ് പെൺകുട്ടികൾ മൈലാഞ്ചിയിടുന്നത്. മൈലാഞ്ചിയും വെറ്റില ഞരമ്പും വെളളയ്ക്കായുടെ മുഞ്ഞിയും വച്ച് (ചുവപ്പു കൂടുതൽ കിട്ടാനാണ്) അരച്ച് കൈയിൽ വച്ച് പീച്ചിലിന്റെ ഇല കൊണ്ട് പൊതിഞ്ഞു കെട്ടി വയ്ക്കും. എത്ര വലിയ കുട്ടിയായാലും അന്ന് അമ്മ ചോറു വായിൽ വച്ചുതരും. മണിക്കൂറുകൾക്കു ശേഷം ആരുടെ കൈകൾക്കാണ് കൂടുതൽ ചുവപ്പു നിറം എന്ന് തർക്കം. പിന്നെ ഊഞ്ഞാലിന്റെ ചുവട്ടിലായി ബഹളം. ഉത്രാട നിലാവിന്റെ ഭംഗി പറഞ്ഞറിയിക്ക വയ്യ! മഴക്കാറ് കാണുമ്പോൾ മയിൽ ആടുമെന്ന് പറഞ്ഞ പോലെ ആതിരനിലാവായാലും ഓണനിലാവായാലും പെൺമണികൾക്ക് തിരുവാതിരകളിയും ഊഞ്ഞാലാട്ടവും പറഞ്ഞിട്ടുളളതു തന്നെ. ആഘോഷങ്ങൾ അന്ന് സ്തീകൾക്ക് കഷ്ടപ്പാടിനൊപ്പം ആനന്ദവും സ്വാതന്ത്ര്യവും നൽകിയിരുന്നു.

പൂരാടം മുതൽ തന്നെ ഓണവട്ടങ്ങളുടെ ഒരുക്കം തുടങ്ങുകയായി. ചേമ്പ്, ചേന, ഏത്തക്കായ, കപ്പ ഇങ്ങനെ നാല് ഉപ്പേരികൾ നിർബന്ധം. കപ്പ അരിഞ്ഞ് വെളളത്തിൽ തിളപ്പിച്ച് പായയിൽ നിരത്തിയിട്ട് വെയിൽ കൊളളിക്കും. വെളളം ഒന്നു വലിഞ്ഞാൽ എടുത്തു വറക്കുകയായി. പൊളളി വീർത്ത ആ കപ്പ ഉപ്പേരിയുടെ സ്വാദ്! ഏത്തക്കായ് ഒരേ വലിപ്പത്തിൽ അരിഞ്ഞ് വറത്തു വയ്ക്കും.
അത് ശർക്കര പാനിയിലിട്ട് അരി വറത്തതും ഏലയ്ക്കയും ചുക്കും കൂട്ടി പൊടിച്ചിളക്കിയെടുക്കുന്ന ശർക്കര പുരട്ടി. പിന്നെ പലക കഴുകി തുടച്ച് ഇഞ്ചിയും പച്ചമുളകും കൊത്തി അരിയുന്ന മുത്തശ്ശിയുടെ ചിത്രം! എന്നത്തേതിലുമേറെ ഉത്സാഹത്തോടെ നിലത്തു നില്ക്കാൻ നേരമില്ലാതെ ആ ‘ഉത്രാടപ്പാച്ചിൽ’ നടത്തുന്ന അമ്മ.

ഇന്ന് ഓണം ടി. വി.ചാനലുകൾ സ്വന്തമാക്കിയെങ്കിൽ പണ്ട് ഓണക്കാലം വിശേഷാൽ പ്രതികളുടേയും റേഡിയോയുടേയും കാലമായിരുന്നു. ഓണ പരീക്ഷ കഴിഞ്ഞ് ഓടി വരുന്നത് വിശേഷാൽ പ്രതികളുടെ ലോകത്തേയ്ക്കാണ്. വായനയുടെ ആ സന്തോഷം മറക്കുക വയ്യ!നാടകോത്സവവും ശബ്ദരേഖകളും വിശിഷ്ട വ്യക്തികൾ അവതരിപ്പിക്കുന്ന ചലച്ചിത്രഗാന പരിപാടിയുമൊക്കെയായി റേഡിയോ ആളുകൾക്കിടയിലേയ്ക്കെത്തും.റേഡിയോ പരിപാടികൾ അമ്മയ്ക്ക് കേൾക്കാൻ അടുക്കളയുടെ വാതുക്കൽ ഒരുസ്പീക്കർ ഉണ്ടായിരുന്നു.. അതിലൂടെ ഒഴുകുന്ന ഓണപ്പാട്ടുകൾ ആസ്വദിച്ച് ജോലി ചെയ്യുന്ന അമ്മയെ നോക്കി അടുക്കളപ്പടിയിൽ കാൽ നീട്ടിയിരിക്കുന്ന ഒരു പാവാടക്കാരി പെൺകുട്ടി.

മുമ്പ് ഏത്തക്കുലയും കായ്കറികളും കത്തി, മുറം, കുട്ട തുടങ്ങി വീട്ടുപകരണങ്ങളും കാഴ്ചയായി എത്തും. പകരം ഓണക്കോടിയും ഓണസദ്യയും. എഴുപതുകളുടെ അവസാനമായപ്പോഴേയ്ക്കും ഓണക്കാഴ്ചയും ഓണപ്പകർച്ചയുമൊക്കെ പോയ്മറഞ്ഞു.

ഓണത്തിന്റന്ന് രാവിലെ പലഹാരമൊന്നുമുണ്ടാവില്ല. കഞ്ഞി കുടിക്കാൻ പാടില്ലാത്ത ഏക ദിവസവും. വിശപ്പുകാർ ഉപ്പേരിയും പൂവടയും പഴം നുറുക്കുമൊക്കെയായി കഴിയണം. രാവിലെ തന്നെ പുളളുവനും പുള്ളോത്തിയും കുടവും വീണയുമായി എത്തും. പാട്ടിൽ പെൺകുട്ടിയെ സന്തോഷിപ്പിക്കാനായി കുട്ടീടെ പേരു ചേർത്ത് പാടും. ആ ഭാഗം കേൾക്കാനായി കാതു കൂർപ്പിച്ച് ഉമ്മറപ്പടിയിൽ ഒരിരുപ്പുണ്ട്.അരി,പച്ചക്കറികൾ, ഉപ്പേരി, വെളിച്ചെണ്ണ, തേങ്ങ അങ്ങനെ സകലതും കുട്ടയിലാക്കി അവർക്ക് അവകാശം കൊടുക്കുന്നത് പെ ൺകുട്ടിയാണ്.

പതിനൊന്നു മണിയാകുമ്പോൾ വിളക്കത്ത് ഇല വെയ്ക്കും. എല്ലാ വിഭവങ്ങളും വിളക്കത്തു വിളമ്പിയതിനു ശേഷമേ മറ്റുളളവർക്കു വിളമ്പൂ. പരിപ്പ്, കാളൻ, സാമ്പാർ, അവിയൽ, കൂട്ടുകറി, എരിശ്ശേരി, തോരൻ, ഓലൻ, ഇഞ്ചി, മാങ്ങ, നാരങ്ങ അങ്ങനെ എല്ലാ വിഭവങ്ങളുമുണ്ടാവും. ഇലയിൽ വിളമ്പുന്നതിനും ക്രമമുണ്ട്. പ്രഥമൻ അട മുഖ്യം. ഇന്നത്തെ ഇൻസ്റ്റന്റ് അടയല്ല., അരി പൊടിച്ച് ദോശമാവിന്റെ അയവിൽ കലക്കി ഇലയിലെ മിനുസമുള്ള വശത്ത് കോരിയൊഴിച്ച് ഇല തെറുത്തു കെട്ടി തിളച്ച വെള്ളത്തിലിട്ടാണ് അട തയ്യാറാക്കുക. ആ അടയേ പായസത്തിനുപയോഗിക്കൂ.

usha, onam, memories,

ഊണു കഴിഞ്ഞാൽ കളിക്കാനോടുകയായി. കുട്ടികളോടൊപ്പം മുതിർന്നവരും കളിക്കു കൂടും എന്നതാണ് അന്നത്തെ ഓണത്തിന്റെ പ്രത്യേകത. ഓണക്കോടിയണിഞ്ഞ് സുന്ദരികളും സുന്ദരന്മാരുമായി കുട്ടികൾ എന്തൊക്കെ കളികളായി. കുട്ടിയും കോലും, ഊഞ്ഞാലാട്ടം, കുടമൂത്ത്, തുമ്പിതുളളൽ, പശുവും പുലിയും, തലപ്പന്തുകളി, സാറ്റുകളി അങ്ങനെ അങ്ങനെ.. .. …

കുടമൂത്തും തുമ്പിതുള്ളലും കളിച്ച് കലി കയറുന്നവർ. കൂട്ടത്തിൽ കളളതുളളലുകാരും. ഓ ഒരു കാര്യം പറയാൻ വിട്ടു. ഇതിനകം മൂന്നോ നാലോ മാവേലി എത്തിയിട്ടുണ്ടാവും. മേത്തൊക്കെ പുച്ചൂലു കെട്ടി മുഖം മറച്ചാണ് കുട്ടിമാവേലികൾ എത്തുന്നതെങ്കിൽ മുഖത്ത് ചായം തേച്ചു തലയിൽ കിരീടവും വച്ച് പാളത്തറുടുത്താണ് വലിയ മാവേലി വരുന്നത്. ചായം തേച്ച വലിയ മാവേലിയാണ് യഥാർത്ഥ മാവേലിയെന്നായരുന്നു പെൺകുട്ടിയുടെ വിശ്വാസം.

വൈകുന്നേരമാകുമ്പോഴേയ്ക്കും ക്ലബ്ബുകാരുടെ ഓണാഘോഷം തുടങ്ങുകയായി. (എഴുപതുകൾ ക്ലബ്ബുകാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു.) ഇന്നത്തെ മധ്യവയസ്സിലെത്തിയവർ പ്രാസംഗികരായതും കവികളായതും പാട്ടുകാരായതും അഭിനേതാക്കളായതുമെല്ലാം ആ വേദികളിലായിരുന്നു..

ദാ, ഓണരാത്രി മെല്ലെ മായുകയായി. അമ്മ ഏറ്റവും അവസാനത്തെ ഓണച്ചടങ്ങിലേയ്ക്ക് കടന്നു കഴിഞ്ഞു. ഈ വിഭവം ഒരുക്കാൻ വേണ്ടി വിഷുക്കൈനീട്ടം കൊണ്ട് പൂരപ്പറമ്പിൽ നിന്നും വാങ്ങച്ച് ഉമി കരിച്ച് പാകപ്പെടുത്തിയ വലിയ കൽച്ചട്ടി രംഗപ്രവേശം ചെയ്യുകയായി. സാമ്പാർ, അവിയൽ, തോരൻ, കൂട്ടുകറി, എരിശ്ശേരി, ഇഞ്ചി, നാരങ്ങാക്കറി അങ്ങനെ എല്ലാ കൂട്ടാനും ഒന്നിച്ച് ഈ കൽച്ചട്ടിയിലേയ്ക്ക് പകരുകയായി. നാളെ ഇത് അടുപ്പിൽ വച്ച് ചൂടാക്കി കുറച്ച് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും തൂകുന്നതോടെ ഓണച്ചടങ്ങ് തീരുകയായി.

തിരക്കൊഴിഞ്ഞ് ഉമ്മറക്കോലായിൽ എന്തോ കൈവിട്ടുകളഞ്ഞ പ്രതീതിയോടെ എന്തോ വിഷാദവതിയായിരിക്കുന്ന അമ്മ. അമ്മയുടെ അടുത്ത് ചെന്നിരിക്കുമ്പോൾ മറയുന്ന ഓണത്തെ ഓർത്ത് പെൺകുട്ടിയുടെ മനസ്സും വേദനിക്കുന്നു. തലേദിവസം നിറഞ്ഞിരുന്നു മനസ്സ് കാറ്റുപോയ ബലൂൺ പോലെ ശൂന്യം.ഒരോണം കൂടി പോയ് മറഞ്ഞിരിക്കുന്നു.

അകലെ കാറ്റിലൂടെമറയുന്ന ഓണനിലാവിലൂടെ ആ പഴയ ഗാനം ഓടിയെത്തുന്നില്ലേ?
“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ.”

പെൺകുട്ടി കുറച്ചു കൂടി വളർന്നപ്പോഴേയ്ക്കും ഓണം വീണ്ടും മാറിയിരുന്നു. പൂവിറുക്കലും പൂക്കളമിടലും കുറഞ്ഞു.കുട്ടികൾക്കൊക്കെ ട്യൂഷന്റെ തിരക്കായി. കാഴ്ച വയ്ക്കലും ഓണപ്പകർച്ചയുമൊക്കെ നിന്നുപോയി. പിന്നെ ക്ലബ്ബുകളുടെ കാലം. ഓണം പ്രമാണിച്ച് റേഡിയോയിലെ ശബ്ദരേഖകളും ഗാനപരിപാടികളും അപ്പോഴും നിലനിന്നിരുന്നു. നാടൻ കലകൾ പലതും അപ്രത്യക്ഷമായി. കഴിഞ്ഞിരുന്നു. പെൺകുട്ടി അപ്പോഴേക്കും പഠിപ്പുകാരിയും പത്രാസുകാരിയുമായി കഴിഞ്ഞിരുന്നു. നാട്ടിൻപുറവും ഓണത്തിന്റെ സൗന്ദര്യവുമൊക്കെ തളളിമാറ്റി അവളിലേയ്ക്ക് സ്വപ്നങ്ങളുടെ പൂക്കൂടയുമായി രാജകുമാരൻ എത്തിക്കഴിഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ