ബീഫൊലർത്തിയും ചിക്കൻ ചെറുതായി വറുത്ത് തേങ്ങപ്പാലിൽ വച്ചും മീൻ കിട്ടിയാൽ അതുകൊണ്ട് സാമ്പാർ വരെ വച്ചും കഴിഞ്ഞ എന്റെ ജീവിതത്തിൽ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചൊരോണം ഉണ്ടാകുന്നത് പാലക്കാട്ടുകാരിയായ അഷിതാ പിഎസ് കൂട്ടുകാരിയായതോടെയാണ്. പച്ചക്കറി നുറുക്കിയും പുളിയിഞ്ചി ഉണ്ടാക്കിയും പായസം വച്ചും അവളുടേം അച്ഛന്റേം കൂടെയുണ്ട ഓണമാണ് ഓർമ്മ വച്ചതിന് ശേഷമുണ്ടായ ‘ശരിക്കുമോണം’. സദ്യയുണ്ട് പായസോം കുടിച്ച് പാതി കിറുക്കത്തിലിരിക്കുമ്പോൾ.. എടീ മീഞ്ചാറും മോര് കാച്ചിയതും കൂട്ടി ഒരുപിടി കുത്തരിച്ചോറ്.. എന്ന് പറയാൻ വന്ന തോന്നലിനെ ഉള്ളങ്കൈയ്യിലേക്ക് അവൾ വച്ചു തന്ന ശർക്കരയുപ്പേരിക്കൊപ്പം ഞാൻ കടിച്ചിറക്കി.
ചിങ്ങമാസമെത്തുന്നതിന്റെ സിഗ്നൽ വരുന്നത് അയൽപക്കത്ത് നിന്നാണ്. കർക്കടകം തീരുന്ന അന്ന് വടക്കേപ്പുറത്തെ രഘുപതിച്ചേച്ചിയൊരു മേളമാണ്. അടുക്കളയിലെ ഉപ്പു വരമ മുതൽ പത്തായം വരെ മുറ്റത്തെത്തും. കുപ്പിപ്പാത്രങ്ങളെല്ലാം കഴുകിയുണക്കും. വീട് മൊത്തത്തിൽ പൊടി തട്ടി, ചാണകം തളിച്ച് സുന്ദരമാക്കും. ഐശ്വര്യം നിലനില്‍ക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞിട്ട് അമ്മ നേരിയ നെടുവീര്‍പ്പ് പാസാക്കും ഇവിടേമൊണ്ട് രണ്ടെണ്ണം എന്നാ പറഞ്ഞിട്ടെന്താ എന്ന ഭാവത്തിൽ.

reenu mathew, onam, memories,

അത്തം തുടങ്ങിയാൽ പിന്നെ അമ്മയുടെ പൂച്ചെടികൾ പൂവും ഇലയുമൊഴിഞ്ഞ് ‘സ്റ്റീൽബോഡി’ കാട്ടി മൊട്ടച്ചികളായി നിൽക്കും. ലേഷുങ്കുട്ടിചേച്ചീടെ വീട്ടിലെ അമ്മുവും തങ്കമണി ചേച്ചീടെ റീസായുമാണ് പ്രതികൾ. ഓണക്കാലത്തിന്റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തി പൂന്തോട്ടങ്ങളിലൂടെ അവരങ്ങനെ മേഞ്ഞ് നടക്കും. ആരും കണ്ണുരുട്ടി പേടിപ്പിച്ചിരുന്നില്ല.

ക്ലബ്ബുകളുടെ ആഘോഷമായിരുന്നു ഞങ്ങൾക്ക് ഓണം. മതിയാവോളം ഊഞ്ഞാലാടാം, സന്ധ്യ മയങ്ങുമ്പോ വീട്ടിൽ കയറിയാൽ മതി എന്നതൊക്കെയായിരുന്നു ഹൈലൈറ്റ്സ്. ഒന്നാം ഓണത്തിന് ചുണ്ടെലിയെന്ന് വട്ടപ്പേരുള്ള അശോകൻ ചേട്ടന്റെ ചായക്കടയ്ക്ക് അടുത്തായി സ്റ്റേജ് ഉയരും. കസേരകളി, മുളയിൽകയറ്റം, ചാക്കിൽ കയറി ചാട്ടം, ചകിരിപിരിത്ത൦ തുടങ്ങിയ സ്ഥിരം കലാപരിപാടികളും, വടംവലി, അത്തപ്പൂക്കളം തുടങ്ങിയ ഹിറ്റ് മത്സരങ്ങളും പ്രച്ഛന്നവേഷവും നാടകവും ഉണ്ടാകും. ലിസ്റ്റിലില്ലാത്ത രണ്ട് പരിപാടികളാണ് ലളിതഗാനവും പദ്യപാരായണവും. അതുകൊണ്ട് തന്നെ നാടകത്തിന് തൊട്ടുമുമ്പാണ് ഇവ നടക്കുക. നേരം ഇരുട്ടിയുള്ള ക്ലബ്ബ് പരിപാടികൾ അപ്പനന്ന് വിലക്കിയിരുന്നു.

അങ്ങനെയൊരോണക്കാലരാത്രിയിൽ അപ്പൻ ആലപ്പുഴയിൽ നിന്നും വീട്ടിലേക്കുള്ള കവലയിലെത്തിയപ്പോൾ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ പാറമ്മേൽ ചിരട്ടയിട്ടുരയ്ക്കുന്ന പരിചിതമായ ശബ്ദം കോളാമ്പിയിലൂടെ ഒഴുകി വരുന്നു ‘അരയന്റെ വരവും കാത്തനുരാഗപ്പൂ ചൂടും അരയത്തിപ്പെണ്ണാണ് ഞാൻ…ഓ..’ ആക്സിലേറ്റർ ഒന്നൂടെ മൂപ്പിച്ച് അപ്പൻ വീട്ടിലെങ്ങനെയോ വണ്ടി കയറ്റിയിട്ടു. ‘ ഷേർളിയേ.. അവളുമാരെന്തിയേ’ എന്ന് ചോദിക്കുമ്പോഴേക്കും വേലി നൂണ്ട് അടുക്കള വാതിലുവഴി ഞാനും അനിയത്തിയും അകത്തുകടന്നിരുന്നു.

reenu mathew, onam, food,

പാട്ടുപാടി വിയർത്ത് ചൊമന്ന് പോയ എന്നെ നോക്കി അപ്പൻ ചിരിക്കാൻ തുടങ്ങി. ‘നിന്നോടാരാ പാട്ടുപാടാമ്പറഞ്ഞേ’ എന്നൊരു ചോദ്യോം. ഞാനൊന്നും മിണ്ടീല്ല. ഗോപിസാറിന്റെ അനന്തരവൻ ഗോപു അന്നേ റെക്കോര്‍ഡിങിനൊ പോകുന്ന പാട്ടുകാരനാണ്. അവന്റെ കൂടെയാണ് മത്സരിച്ച് പാടിയത് എന്നോർക്കുമ്പോ പിന്നീട് നാണക്കേട് തോന്നിയിട്ടുണ്ട്. അന്ന് അങ്ങനൊരു വിചാരം ഇല്ലായിരുന്നു. എന്തായാലും ജഡ്ജായിരുന്ന ലീന ടീച്ചറെനിക്ക് സമ്മാനം തന്നു. ഒരു നിലവിളക്ക്. അതിപ്പോഴും ചില്ലലമാരയിലിങ്ങനെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എന്നാത്തിനാ എന്നല്ലേ? പാട്ടുപാടി ഞാൻ വെറുപ്പിക്കലാണ് എന്ന് പറയുന്ന കൂട്ടുകാരെ കാണിച്ചുകൊടുക്കാൻ.

വാശിയോടിരുന്ന് പൂവിറുത്ത് പൂക്കളമൊരുക്കി ആടിത്തിമിർത്ത ഓണക്കാലങ്ങളുണ്ടായത് കോളേജുകാലത്തായിരുന്നു. പിന്നീടങ്ങനെ ഉണ്ടായിട്ടേയില്ല. മറ്റൊന്നിന്റെ സന്തോഷം ഇറുത്തെടുക്കുന്ന ആനന്ദങ്ങൾ നമുക്ക് വേണ്ടെന്ന ചിന്തകളിലേക്കൊക്കെ പിന്നീട് മാറി. ഒരോണക്കാലത്ത് ‘എല്ലാവരും ഓണം വെക്കേഷന് ബന്ധുവീടുകളിൽ പോകുകയാണ്. അതുകൊണ്ട് ഞാനും പോകുന്നുവെന്ന്’ എന്ന് പറഞ്ഞ്, സ്വന്തമായി ഉളളതെല്ലാം വാരിയെടുത്ത് ഇറങ്ങിയ നാലാം ക്ലാസുകാരിയെ കണ്ട് അപ്പനും അമ്മയും അന്തംവിട്ട് നിന്നു. ഒരു വേലിയുടെ പോലും അതിരില്ലാത്ത കുടുംബവീട്ടിലേക്കാണ് പോക്കെന്ന് കണ്ടപ്പോൾ കൂട്ടച്ചിരിയായി. അന്ന് കെട്ടുംമുറുക്കി ഇറങ്ങിയ കുട്ടി പിന്നീട് പല ഓണക്കാലത്തും വീട്ടിലെത്തിയില്ല. ഇക്കുറിയുമെത്താനിടയില്ല. ഒറ്റയാളാനന്ദങ്ങൾക്കുമപ്പുറം ഒത്തുചേരലിന്റെ സന്തോഷമായിരുന്നു ആഘോഷിച്ച ഓരോ ഓണവും. അതുകൊണ്ട് ചേർത്തുപിടിച്ചവരുടെ ഓർമ്മകളെ കൂടി കൊള്ളയടിച്ചല്ലാതെ ഓണക്കാലങ്ങളെ ഞാനെങ്ങനെ ഓർത്തെടുക്കാനാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ