എന്റെ ചെറിയ അനിയൻ ചെറിയ പ്രായത്തിൽ വലിയ കരച്ചിലുകാരനായിരുന്നു. കഞ്ഞിയും ചോറും ഒന്നും തിന്നില്ല. അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെങ്കിൽ അവന് തികയില്ല, വലിച്ചുവാരി തിന്നും. തങ്കമ്മു ചേച്ചിയുടെ വീടാണത്. ചേച്ചിയും മക്കളും മാത്രമേ അവിടെയുള്ളു. ഭർത്താവ് ഗൾഫിലാണ്.

അനിയനെ തീറ്റിക്കാൻ ‘ഇത് തങ്കമ്മൂന്റവിട്ന്ന് കൊണ്ടന്നതാ’ എന്ന് ഉമ്മ നുണപറയും. പാത്രത്തിൽ ഭക്ഷണം നിറച്ച് തന്ന്, അത് തങ്കമ്മുചേച്ചിയുടെ വീട്ടിൽ കൊണ്ടുവെക്കാൻ എന്നോട് പറയും. ഉമ്മ അനിയനെയും ഒക്കത്ത് വെച്ച് പിന്നാലെ വരും.
‘തങ്കമ്മോ കൊറച്ച് ചോറ് കാട്ടിക്കാ… ന്റെ കുട്ടിക്ക്.’ എന്ന് ഉമ്മ പറയുമ്പോൾ ചേച്ചി നേരത്തെ കൊണ്ടുവന്നുവെച്ച പാത്രമെടുത്ത് കൊടുക്കും. അതിലേക്ക് ചേച്ചിയുണ്ടാക്കിയ എന്തേലും കറി ഒഴിച്ചു കൊടുക്കും. അനിയൻ പൊട്ടൻ, പാത്രം കാലിയാക്കും.
രാത്രി തങ്കമ്മുച്ചേച്ചിയുടെ വീട്ടിലാണ് ഞങ്ങൾ മൂന്നാല് കുട്ടികളുടെ കിടത്തം. ഞാന്, മൂത്താപ്പാന്റെ മക്കൾ, അനിയൻ. ചേച്ചിക്കും കുട്ടികൾക്കും പേടിയില്ലാതെ കിടക്കാനാണ് ഞങ്ങൾ രാത്രി അങ്ങോട്ട് പോകുന്നത്. പകൽ കാണുമ്പോഴൊക്കെ ചേച്ചി പറയും. രാത്രി നേരത്തെ വരണംട്ടോ.

ഉമ്മയോടും വല്ലിമ്മയോടും പറയും. കുട്ട്യാളെ നേരത്തെ വിടണംട്ടോ.

പുസ്തകം വായന പേരിന് കഴിച്ച് ചോറും തിന്ന് ഞങ്ങൾ പോകും. ചേച്ചിയുടെ മക്കളും ഞങ്ങളും നെരക്കനെ കിടന്ന് കഥ പറയും.

ഞങ്ങൾക്ക് രണ്ട് വീടും ഒന്നായിരുന്നു. ചേച്ചിയുടെ കുട്ടികൾക്കൊപ്പം ഞങ്ങൾ ഒളിച്ച് കളിക്കും. സാറ്റ് കളിക്കും. കച്ചറ കൂടും. അടിച്ച് പിരിയും. അതിനേക്കാൾ വേഗത്തിൽ കളിച്ചടുക്കും.
എപ്പോഴും ചേച്ചിയുടെ കുട്ടികളുടെ കൂടെ പാടത്ത് മീൻ പിടിച്ച് നടന്ന എന്നെ കളിയാക്കി എന്റെ അമ്മായി ഉമ്മു ഒരു പാട്ട്തന്നെ പടച്ചിരുന്നു. ആ പാട്ട് ഇപ്പോഴും തറവാട്ട്‌വീട്ടിൽ നാലാള് കൂടുന്ന നേരത്ത് ആരെങ്കിലും പാടാറുണ്ട്.

“ചൂണ്ടലിട്ട് നടക്കും
തങ്കമ്മൂന്റെ തണ്ടാസില് കളിക്കും
ട്ടാപ്പു.. ഞമ്മളെ ട്ടാപ്പു.. ട്ടാപ്പൂ…!”

കുട്ടിക്കാലത്തെ എന്റെ മീൻപിടുത്തവും തെണ്ടിനടത്തവും പറഞ്ഞ് കളിയാക്കാനായിരിക്കും അവരത് ഓർത്തെടുക്കുക. എന്നാൽ ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് കുട്ടിക്കാലത്ത് സനോജിന്റെയും അനിയന്റെയുംകൂടെ ചീമക്കൊന്നക്കൊമ്പിൽ ഈർപ്പ കെട്ടിയുണ്ടാക്കിയ ചൂണ്ടയും പൂഴിയെരയെ പിടിച്ചിട്ട് മണ്ണിട്ടുമൂടിയ ചെരട്ടയും പിടിച്ച് നടന്ന കുട്ടിക്കാലം തണുക്കും.

നോമ്പുകാലത്ത് പത്തിരിയും കറിയും ചേച്ചിയുടെ വീട്ടിൽ എത്തിക്കാറുണ്ടായിരുന്നു. വീട്ടിൽ നോമ്പുതുറയുണ്ടാവുമ്പോൾ അവരെ വീട്ടിൽ വിളിക്കും. പെരുന്നാളിനും ഞങ്ങൾക്കൊപ്പം ചേച്ചിയുടെ കുട്ടികളുമുണ്ടാവും.

mukthar udarampoyil, onam, memories,

ഓണക്കാലം മുഴുവൻ തങ്കമ്മുച്ചേച്ചിയുടെ വീട്ടിലാണ്. പ്രധാന പരിപാടി ടിവി കാണലാണ്. പൂക്കളമിടാൻ പൂ പറിക്കാൻ ഞങ്ങൾ ഒന്നാകെയാണ് ഇറങ്ങുക. എന്റെ വീട്ടിന് മുന്നിൽ നിറയെ ചെടികളും പൂക്കളുമായിരുന്നു. തുമ്പികളും പൂമ്പാറ്റകളും നിറയും.
തങ്കമ്മുചേച്ചിയാണ് പൂക്കളമൊരുക്കുന്നത്. ഒരു സാധാരണ പൂക്കളം. കാണാൻ നല്ല ഭംഗിയായിരുന്നു. സ്‌കൂളിൽ നിന്ന് പൂക്കളം വരക്കാൻ പറയുമ്പോൾ ആ പൂക്കളമാണ് ഞാൻ വരച്ചിരുന്നത്. ഉമ്മറത്ത് വാതിലുമുന്നിൽ ചാണകം മെഴുകിയൊരുക്കിയ സ്ഥലത്താണ് പൂക്കളം. ടിവി കാണാൻ കയറുമ്പോൾ ആ പൂക്കളം ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
മുറ്റത്തും പാടത്തും പറമ്പിലുമായി ഓണാവധി അടിച്ചുതകർക്കും. മീൻപിടുത്തം, കോട്ടികളി, ഊഞ്ഞാലാട്ടം, അങ്ങനെ പലജാതി കളികൾ. മേലെ വീട്ടിന്റെ മുറ്റത്ത് വലിയ ഉങ്ങുമരങ്ങളുണ്ടായിരുന്നു. അതിലാണ് ഊഞ്ഞാല് കെട്ടുക. എന്റെ വീട്ടുമുറ്റത്ത് ഒരു പറങ്കിമൂച്ചിയുണ്ടായിരുന്നു. അതിന്റെ കൊമ്പിലേക്ക് ആർക്കും വലിഞ്ഞുകയറാം. തലകീഴാക്കി നാട്ടകുത്തിയാടാം..

ഞങ്ങൾക്കെന്നും ഓണവും പെരുന്നാളും തന്നെ.

ഓണദിവസം രാവിലെത്തന്നെ കുളിച്ചുമാറ്റി ഞങ്ങൾ ഒരു പടയായി ചേച്ചിയുടെ വീട്ടിലെത്തും. അയൽവാസികളെല്ലാം കൂടി ഒരു കല്യാണത്തിനുള്ള ആളുണ്ടാവും അവിടെ.
കോലായിൽ നിരക്കനെ ഇലകൾ വിരിക്കും. ഇല നിറയെ കൂട്ടാനുകൾ. അതിന്റെ പേരൊന്നും അറിയില്ല. പിച്ചടി എന്നാണ് ആകെ അറിയുന്ന പേര്. ആ പിച്ചടി കൊറച്ചൂടെ താ.. ഈ പിച്ചടി കുറച്ചൂടെ താ.. എന്നാണ് പറയുക. കിച്ചടിയാണ് ഞമ്മളെ പിച്ചടി!

ചോറിനേക്കാൾ കൂടുതൽ കൂട്ടാനാണ് തിന്നുക. സാമ്പാർ കുടിക്കാൻ തോന്നും. ഭയങ്കര സ്വാദായിരുന്നു. അല്ലേലും തങ്കമ്മുച്ചേച്ചിക്ക് ഭയങ്കര കൈപ്പുണ്യമായിരുന്നു. അവരുണ്ടാക്കുന്ന കറിയുടെ മണം മതി ഒരു ചെമ്പട്ടി ചോറുതിന്നാൻ! ചക്കര ഉപ്പേരിയും കായ വറുത്തതും കുറേ തിന്നും. കുറേ വാരി കീശകളിൽ നിറക്കും. കളിക്കുമ്പോൾ തിന്നാനാണ്.
പായസം കുടിയാണ് ബഹുരസം. ഇലയിലേക്കാണ് പായസം ഒഴിച്ചുതരിക. രണ്ടും മൂന്നും തരം പായസമുണ്ടാവും. തുടച്ചെടുത്ത് കഴിക്കുമ്പോൾ ചിറിയിലൂടെയും കയ്യിലൂടെയും ഒലിച്ചിറങ്ങും. ഒരു തുള്ളി കളയാതെ നക്കിത്തുടക്കും. വയറുകഴുത്തോളം മുട്ടുന്നതു വരെ തിന്നും. ചോറും സാമ്പാറും ‘ചിച്ചടികളും’ പായസവും. ഒരു പെരുന്നാള് തന്നെ.

‘കുണ്ടപ്പൻപള്ള’യുമായി വരുന്ന എന്നെ കാണുമ്പോൾ അമ്മായി കളിയാക്കും.
“ദാ ഓണത്തപ്പൻ വരുന്നേ…
കുണ്ടപ്പൻപള്ളയുമായി
ഓണത്തപ്പൻ വരുന്നേ…”

muktar udarampoyil, onam, memories,

ബാക്കിയാവുന്ന ചോറും കറിയും പായസവും പാത്രത്തിലാക്കി അയൽവീടുകളിലേക്ക് എത്തിക്കാനും ഞങ്ങൾ കൂടും. കളിക്കിടയിൽ അടുക്കളയിൽ കയറി അടച്ചുവെച്ച പായസപ്പാത്രമെടുത്ത് മോന്തും. പായസം കുടിച്ച് കുടിച്ച് മത്താവും.. ആടിയാടി നടക്കുന്ന

എന്നെ കണ്ട് ഉമ്മ ചോദിക്കും..

‘എന്താ ബലാലേ ജ്ജ് കള്ള് കുടിച്ച്ക്ക്‌ണോ…’

രാത്രി ഓണച്ചോറാണ് വീട്ടിലെ തീറ്റ. പായസം കുടിക്കാൻ പാത്രം തുറക്കുമ്പോഴാണ് വീട്ടുകാർ അന്തം വിടുക.

‘ഏത് ഹംക്കാണ് പായസം കുടിച്ചുതീർത്തത്.’ വല്ലിമ്മ ചോദിക്കും.

‘ആ ആർക്കറിയാം.. ഒരു പൂച്ച അയിലെ എറങ്ങിപ്പോണത് കണ്ടീനീം’- ഞാൻ പറയും.

‘ആ അത് ഞമ്മളെ പോക്കാൻപൂച്ച്യാ.. ബലാല്..!’

എല്ലാവരും എന്റെ കണ്ണിലേക്ക് നോക്കും. ഞാൻ മെല്ലെ എണീക്കും.

‘ഇജ്ജെങ്ങട്ടാ മുങ്ങണ്?’

മൂത്താപ്പാന്റെ മകൻ ചോദിക്കും..

‘ഞാൻ തൂറാൻ പോകാ.. ന്തേയ് ജ്ജ് വരണോ..’

ഞാൻ പറയും. അല്ല പിന്നെ!

‘ഇവന്റെ തീറ്റപ്പീറ എന്നാ മാറാ പടച്ചോനേ…’

എന്ന് അപ്പോൾ ആരോ പ്രാർഥിക്കുന്നുണ്ടാവും.. ബഡുക്കൂസുകള്!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ