scorecardresearch

തിരുവോണച്ചുറ്റ്

അവനാണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ കൈ മലര്‍ത്തും, ഞാനാണ് ചോദിക്കുന്നതെങ്കില്‍ അവനും. ആര് ചോദിച്ചാലും, കൈ മലര്‍ത്തിയാലും അതിനുശേഷം ഇരുവരും ചേര്‍ന്നുള്ള ഒരു പൊട്ടിച്ചിരി ഉറപ്പാണ്. ഓണത്തിന് ഞങ്ങളിരുവരിലും മാത്രം പൂവിടുന്ന ഒരു ഒന്നൊന്നര ഓണച്ചിരി

ajijesh pachat ,onam memories, iemalayalam

ഓണത്തെക്കുറിച്ച് അലോചിക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് അച്ഛമ്മയെ ഓര്‍മ്മ വരും. എന്നിട്ടേ മറ്റുള്ള ഓര്‍മകളിലേക്ക് കടക്കാന്‍ കഴിയൂ. ചെറുപ്പകാലത്തെ ഓണം അച്ഛമ്മയോട് അത്ര ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാരണം അച്ഛമ്മയുള്ള
കാലത്തോളമായിരുന്നു ഞങ്ങള്‍ പൂവ് പറിക്കാന്‍ വട്ടി ഉപയോഗിച്ചിരുന്നത്.

അച്ഛമ്മ നന്നായി പായ മിടയുമായിരുന്നു. പായ മിടച്ചില്‍ മാത്രമല്ല, ഒരു വിധം എല്ലാ പണികളും എടുക്കും. വിറക് കീറുന്നതെല്ലാം കാണേണ്ട കാഴ്ചയാണ്. മിക്കപ്പോഴും മുണ്ടും ബ്ലൗസുമായിരിക്കും വേഷം. വിറക് കൊത്താന്‍ നേരത്ത് വലതുകാലിന്റെ ഭാഗത്തുള്ള മുണ്ട് അല്‍പ്പം വാരി ഊരയിലേക്കൊന്ന് കയറ്റി കുത്തും എന്നിട്ടാണ് മഴു എടുത്ത് കൊത്തിച്ചീന്താനുള്ള മരത്തിന് മുകളിലേക്കിടുക. ഇടുന്ന നേരത്ത് ‘ശ്ശ്ശ്ശ്…’ എന്നുള്ള വല്ലാത്ത ശബ്ദവും ഉണ്ടാക്കും. കാണുമ്പോള്‍ ആ ശബ്ദത്തിന്റെ ഊക്കിലാണ് വിറക് പിളര്‍ന്ന്
തെറിക്കുന്നതെന്ന് തോന്നും. കാല് കയറ്റിവെച്ച് നില്‍ക്കുന്ന ഒരൊറ്റ ആയലിന് കുറേ കൊത്തും. പിന്നെ വിയര്‍ത്ത മുഖം മുണ്ടിന്റെ കോന്തല കൊണ്ട് അമര്‍ത്തി തുടയ്ക്കും. എന്നിട്ട് കുറച്ച് നേരം മഴുവും പിടിച്ച് ഊരയ്ക്ക് കൈ കൊടുത്ത് ദൂരേയ്ക്ക് നോക്കി നില്‍ക്കും. വീണ്ടും പഴയ പടി ഉഗ്രന്‍ ഊര്‍ജ്ജത്തില്‍ മഴു കൈയ്യിലേക്കെടുക്കും. കുട്ടിയായ ഞാന്‍ തൊട്ടരികിലിരുന്ന് അച്ഛമ്മയെ പോലെ വിറകു കൊത്താന്‍ കഴിഞ്ഞെങ്കില്‍ എന്ന് എത്രയോ തവണ
നെടുവീര്‍പ്പിട്ടിട്ടുണ്ട്.

ajijesh pachat ,onam memories, iemalayalamഅത്ര ആത്മാര്‍ത്ഥത തന്നെയാണ് പായ ഉണ്ടാക്കുമ്പോഴും അച്ഛമ്മയ്ക്ക്. കൈതോലയ്ക്ക് അന്ന് പള്ളിക്കുളത്തിന്റെ അടുത്ത് പോണം. കൈതോല വെട്ടാനും വലിയ ബുദ്ധിമുട്ടാണ്. ഒരിക്കല്‍ ഞാനും അച്ഛമ്മയുടെ കൂടെ ഓല വെട്ടാന്‍ പോയിട്ടുണ്ട്. നല്ല പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ബ്ലേഡ് വെച്ച് കീറിയ പോലുള്ള പോറലുകള്‍ ഉറപ്പാണ്.

ഓല വെട്ടി കൊണ്ടുവന്ന് മുള്ള് കളഞ്ഞ് ഉണക്കി ഒരേ വീതിയില്‍ ചീന്തിയുണ്ടാക്കിയാണ് മിടയാന്‍ തുടങ്ങുക. പായയുടെ അരികില്‍ കനമുള്ള ചെറിയൊരു ഞൊറി ഉണ്ടാകും. ഒരെമ്മുപോലും വ്യത്യാസമില്ലാതെ സ്‌കെയില് വെച്ച് അളന്നതുപോലെയാണ് അച്ഛമ്മ അതൊക്കെ ഉണ്ടാക്കിയെടുക്കുക. ഒടുക്കം, ഇത്രയും മുള്ളുകളുള്ള കൈതക്കുണ്ടയില്‍ നിന്നാണല്ലോ ഭംഗി പൂത്തുലയുന്ന പായ വിരിഞ്ഞുവരുന്നത് എന്ന് പലവട്ടം അത്ഭുതം കൂറിയിട്ടുണ്ട്.കൈതോലയുടെ പായക്ക് പ്രത്യേക മണമാണ്. അച്ഛമ്മ മിടഞ്ഞ് പായ ആയി വരുന്നിടത്ത് ഞാന്‍ കുനിഞ്ഞിരുന്ന് മുഖമമര്‍ത്തി മണക്കാന്‍ ശ്രമിക്കും, അപ്പോഴേക്കും ‘അണക്ക് ഞാന്‍..’ എന്നും പറഞ്ഞ് കൈയ്യോങ്ങും അച്ഛമ്മ.

പൂവട്ടി കെട്ടാന്‍ പക്ഷേ അച്ഛമ്മ കൈതോലയെടുക്കാറില്ല. അതിന് കുരുത്തോലയാണ് എടുക്കുക. അതുപോലെ തന്നെ കേടുവന്ന പായ നന്നാക്കാനും കുരുത്തോലയാണ് എടുക്കുക. അച്ഛച്ഛന്‍ കാണാതെ തേങ്ങവലിക്കാരോട് പറഞ്ഞ് കുരുത്തോലത്തുമ്പ് തഞ്ചത്തില്‍
എടുപ്പിക്കുന്നതും തൊട്ടപ്പുറത്തെ കാട്ടിലേക്ക് അച്ഛച്ഛന്‍ കാണാതെ വലിക്കാരന്‍
എറിയുന്നതും അതെടുത്ത് കൊണ്ടുവരുന്നതുമെല്ലാം അന്നത്തെ കാഴ്ചകളാണ്.
പൂവട്ടിയുടെ കയറും ഉണങ്ങിയ കുരുത്തോല കൊണ്ടാണ് പിരിയ്ക്കുക. അത്
കഴുത്തിലൂടെ ഇട്ടാണ് ഓണക്കാലത്തെ പൂവ് പറിക്കല്‍.

പോവുന്നതിന് മുമ്പ് ‘പൂവേ പൊലി പൂവേ പൊലി പൂവേ’ എന്ന് ഈണത്തില്‍ പറഞ്ഞുതന്നിട്ട് അങ്ങനെ വേണം പൂ പറിക്കാനെന്നൊക്കെ കട്ടായം പറയും. പക്ഷേ പൂവിളിയോടെ പൂവ് പറിക്കാന്‍ ഞങ്ങള്‍ക്ക് മടിയായതുകാരണം ഒന്നും മിണ്ടില്ല. അച്ഛമ്മയുടെ കാലത്ത് പൂവിളി ഉണ്ടായിരുന്നു. അന്ന് വലിയ പെണ്ണുങ്ങളും പൂ പറിക്കാന്‍ പോകാറുണ്ടെന്ന് അച്ഛമ്മ പറയും. ഞങ്ങളുടെ
തലമുറയിലേക്കെത്തിയപ്പോള്‍ അത് നിന്നു. ഇനി അടുത്ത തലമുറയിലെത്തുമ്പോള്‍ പൂവട്ടിയും പൂവും ഉണ്ടാകില്ല എന്ന് അന്നേ ഉറപ്പായിരുന്നു.

കാലം മാറുകയാണല്ലോ. അന്നൊക്കെ തുമ്പയും അരിപ്പൂവും ഒടിച്ചുകുത്തിയും ഇഷ്ടം പോലെ ഉണ്ടാകാറുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഞങ്ങള്‍ പണ്ട് പൂവ് പറിച്ചുനടന്ന സ്ഥലങ്ങളിലൂടെയെല്ലാം വെറുതെ നടന്നു നോക്കി. പക്ഷേ പേരിന് ഒരു തുമ്പ പോലും ഉണ്ടായിരുന്നില്ല അവിടെയെങ്ങും. ഇന്നിപ്പോള്‍ പൂപറിച്ച് ഇടുക എന്ന ഒരു സംഭവം തന്നെ ഇല്ലാതായി. ഒരിക്കലും അത് മോശം പ്രവണതയാണെന്ന ഒരു അഭിപ്രായവുമില്ല. കാലത്തിന്റെ മാറ്റം അടയാളപ്പെട്ടത് സൂചിപ്പിച്ചുവെന്ന് മാത്രം.

ഇത്തവണയാണെങ്കില്‍ കോവിഡ് കാരണം ഓണത്തിന്റെ തിയ്യതി വരെ ആരും നോക്കിയിട്ടുണ്ടാകാന്‍ സാധ്യതയില്ല. എല്ലാ ഓണത്തിനും ഞങ്ങള്‍ ഇറച്ചി വാങ്ങും. മിക്കപ്പോഴും ആട്ടിറച്ചിയാണ് വാങ്ങിക്കുക. ഓണമായതുകൊണ്ട് പച്ചക്കറി മാത്രമേ പാടുള്ളൂ എന്ന ഒരു നിയമവും വീട്ടില്‍ ഉണ്ടായിരുന്നില്ല. അച്ഛന്‍ പറയാറ്- ആണ്ടര്‍ദി എന്നൊക്കെ പറഞ്ഞാല്‍ മനസ്സറിഞ്ഞ് ഭക്ഷണം
കഴിക്കാനും സന്തോഷിക്കാനും ഉള്ള ദിവസമാണെന്നാണ്. അതുകൊണ്ടുതന്നെ
ഭക്ഷണകാര്യത്തില്‍ വീട്ടില്‍ യാതൊരു നിയമങ്ങളും ഇന്നേ വരെ ഉണ്ടായിട്ടില്ല. അന്ന് എന്റെ പല ചങ്ങാതിമാരുടെ വീട്ടിലും ഇറച്ചി വാങ്ങാറില്ല. ആ ദിവസം ഇറച്ചി തിന്നാന്‍ പാടില്ല എന്നു പറയും. അതിന്റെ ലോജിക് അന്നും ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഓണദിവസം ഞങ്ങള്‍ക്ക് വലിയൊരു ടാസ്‌ക് അച്ഛന്‍ തരും. വെട്ടിക്കൊണ്ടുവന്ന ഇറച്ചി മുറിക്കാന്‍ നേരം ഒരു തല പിടിക്കണം. അച്ഛന്‍ മുറിച്ചിടുമ്പോള്‍ ഞങ്ങളുടെ കൈയ്യിലുള്ള കഷ്ണം നിലത്തെങ്ങാനും മുട്ടിയാല്‍ അന്ന് തല്ല് ഉറപ്പാണ്. ആ കാരണം പറഞ്ഞ് എത്രയോ തവണ ഓണത്തിന് വീട്ടില്‍ നിന്നും തെറ്റിപ്പോയിട്ടുണ്ട്.

ചെറുപ്രായമല്ലേ, ഓണം വിഷു എന്നൊന്നും അപ്പോള്‍ നോക്കില്ല. ജയിക്കാന്‍ വേണ്ടി അങ്ങ് പോകും. തെറ്റിപ്പോവുക എന്നാല്‍ മൂന്നാല് കിലോമീറ്റര്‍ ദൂരെയുള്ള അമ്മായിയുടെ വീട് പിടിക്കുക എന്നാണര്‍ത്ഥം. അവിടെ വരെയേ പോകൂ. അമ്മായി എന്നെ കാണുമ്പോഴേക്കും ‘ഇന്ന് ഒരാണ്ടര്‍ദിയാണല്ലോ പടച്ചോനേ.. കുട്ട്യാട്ടന്റെടുത്ത്ന്ന് നല്ലോണ്ണം കിട്ടുമല്ലോ’ എന്നും പറഞ്ഞ് തലയില്‍ കൈവെയ്ക്കും. പിന്നെ മഞ്ച തുറന്ന് എന്തെങ്കിലും പലഹാരങ്ങള്‍
വാരിക്കൊണ്ടുവന്ന് വേഗം വന്ന വഴിയേ തിരിച്ചയക്കും. അങ്ങനെ വീട്ടിലെത്തി കനപ്പിച്ച മുഖവുമായി പലകയിട്ട് ചോറുണ്ണാനിരിക്കും. ഓണമൊക്കെയായതുകൊണ്ട് തല്ലില്‍ നിന്നും ചുളുവില്‍ ഒഴിവാകുകയും ചെയ്യും.

ajijesh pachat ,onam memories, iemalayalam
ഓണത്തിനും വിഷുവിനും പെരുന്നാളിനുമൊക്കെ ആകെ കിട്ടുന്ന ഓഫര്‍ എന്നു പറയുന്നത് ഇരുട്ടും വരെ കളിക്കാം എന്നുള്ളതാണ്. സാധാരണ ദിവസങ്ങളില്‍ ആറുമണിയാണ് കൂടണയേണ്ട സമയം. ആറേ പത്തിന് വീട്ടിലെത്തിയാല്‍ ചോറുണ്ടാവൂല. എത്ര സമയം വരെ കളിക്കുമെന്ന് ഞങ്ങള്‍ക്ക് തന്നെ ഒരു നിശ്ചയവുമുണ്ടാകാറില്ല. മതി മറന്നിട്ടങ്ങട്ട് ആര്‍മാദിക്കും. അത്രതന്നെ. വല്ലാത്ത രസമായിരുന്നു..സത്യത്തില്‍ വലുതാകുന്നതിനനുസരിച്ച് ഓണത്തിന്റെ ഹരം കുറഞ്ഞു കുറഞ്ഞു വരുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഒരു കാര്യത്തില്‍ മാത്രം മാറ്റം ഉണ്ടായിട്ടുണ്ട്. സ്വന്തം അദ്ധ്വാനിക്കാനായതുകൊണ്ട് നമുക്ക് എന്തു വേണേലും വാങ്ങാം. ചെറുപ്പത്തില്‍ ഓണക്കോടി എന്നൊന്നും പറഞ്ഞ് അച്ഛന്റെ ഏഴയലത്തേക്ക് അടുക്കാന്‍ പറ്റില്ലായിരുന്നു.

സ്‌ക്കൂളില്‍ പഠിക്കുമ്പോഴുള്ള ഒരു ഓണക്കാലമായിരുന്നു ഏറ്റവും രസകരം. അതൊരു ഒന്നൊന്നര ഓണമായിരുന്നു എന്നു വേണം പറയാന്‍. എനിക്കൊരു ചങ്ങാതിയുണ്ട്. അവന് ആ ഓണക്കാലത്ത് ആരോ ഒരാള്‍ ‘മുത്തുച്ചിപ്പി’ വായിക്കാന്‍ കൊടുത്തു. ഇന്നത്തെ പോലെ മൊബെല്‍ ഫോണൊന്നും പ്രചാരത്തിലുള്ള കാലമല്ല. വല്ല ‘മുത്തുച്ചിപ്പി’യോ അതല്ലെങ്കില്‍ ‘ഫയറോ’
വായിച്ച് ആനന്ദം കണ്ടെത്തുന്ന കാലമാണ്. ഓണത്തലേന്ന് അവനത് വായിച്ച് ആര്‍മാദിച്ച ശേഷം രാത്രിക്ക് രാത്രിതന്നെ അലമാരയുടെ ഗ്യാപ്പിലേക്ക് ഒന്നുമറിയാത്തവനെപ്പോലെ തിരുകിക്കയറ്റി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് ഒന്നാമത്തെ ഓണമാണ്. രാവിലെ തന്നെ അവനെന്നെ കാണാന്‍ വന്നപ്പോള്‍ കളിക്കാന്‍ വിളിക്കാനായിരിക്കുമെന്നാണ് കരുതിയത്. വിറകുപുരയിലാണ് നമ്മടെ ഒറ്റത്തടിയില്‍ തീര്‍ത്ത എംആര്‍എഫ് ബാറ്റും അനുബന്ധ ആയുധങ്ങളും. അത് എടുക്കാനായി നീങ്ങിയതും അവന്‍ വന്ന് എന്നെ ആധിയില്‍ പിടിച്ചുവെച്ചു. ഞാനവനെ നോക്കി. എന്തോ
പ്രശ്‌നമുണ്ട്.

”ഡാ അതല്ല, ചെറിയൊരു പ്രശ്‌നമുണ്ട്.” അവന്‍ നിന്നു വിറച്ചു.

എനിക്ക് കാര്യം മനസ്സിലായില്ല. ”എന്താണ്?”

”എന്റടുത്ത് ഒരു മറ്റേ പുസ്തകമുണ്ടാര്‍ന്നു. അത് അച്ഛന്‍ പിടിച്ചെന്നാണ് തോന്നണത്.”

നെഞ്ചിലേക്കൊരു ഏകെ-ഫോര്‍ട്ടിസെവന്റെ ട്രിഗറ് വലിച്ചതുപോലെയാണ് ആദ്യം തോന്നിയത്. ഞാനവനെ പല്ലു ഞെരിച്ചുകൊണ്ട് തുറിച്ചുനോക്കി. അവന് കാര്യം മനസ്സിലായി.

”സത്യായിട്ടും വായിച്ചിട്ട് അണക്ക് തരാന്ന് കരുതീതാ. അപ്പോഴാണ്…”

”അങ്ങനെത്തന്നെ വേണം. അനുഭവിച്ചോ…” ഞാന്‍ ക്രൂരമായി ചിരിച്ചു.”കിട്ടുന്നത്
വാങ്ങിക്കൂം ചെയ്‌തോ..”

ajijesh pachat ,onam memories, iemalayalam
എന്തുണ്ടേലും പപ്പാതിയാക്കുന്ന ടീമാ.. ചതി ആര് ചെയ്താലും നല്ലതല്ലല്ലോ.

”ഡാ രക്ഷപ്പെടാന്‍ എന്തേലും ഒരൈഡിയ പറയ് യ്യ്…” അവന്‍ കരയുന്ന പോലെ പറഞ്ഞു.

അതു കണ്ടപ്പോള്‍ എനിക്ക് രസം തോന്നി. ”എന്തയിഡിയ.. എന്നോട് ചോദിച്ചിട്ടല്ലല്ലോ പുസ്തകം വാങ്ങിയത്. കിട്ടിയിട്ട് എന്നോട് പറഞ്ഞിട്ടുമില്ല. അതോണ്ട് ഐഡിയയും തന്നെത്താനങ്ങുണ്ടാക്കിയാ മതി.”

”എന്നാ പിന്നെ അന്റെടുത്തുന്നാണ് വാങ്ങിയതെന്ന് പറയും ഞാന്‍.”

കൈയ്യും കാലും വിറച്ചുപോയി.

”എന്റെടുത്തൂന്നോ? ഒരുമാതിരി കളി കളിക്കല്ലേ…” ഞാനവനെ തുറിച്ചു നോക്കി. മാനവും പോവും ഇപ്രാവശ്യത്തെ ഓണവും പോവും.

”അതാവുമ്പോ തല്ലു കിട്ടുന്നത് കുറച്ച് കുറയും.” അവന്‍ മുറുമുറുത്തു.

”എന്റെടുത്ത്ന്ന് വാങ്ങിയതാന്ന് പറഞ്ഞാലൊന്നും കൈയ്യിലുള്ളത് വേദപുസ്തകം ആവൂല. ‘മുത്തുച്ചിപ്പി’ ‘മുത്തുച്ചിപ്പി’ തന്നെയാണ്. ഓരോന്ന് ഉണ്ടാക്കി വന്നിട്ട് കണകണാന്ന് പറയണ്ട.”

ഓണം കല്ലത്താവാന്‍ പോവുന്നതിന്റെ സങ്കടമായിരുന്നു എനിക്ക്. എല്ലാ ഓണത്തിനും തിയേറ്ററില്‍ പോയി ഒരു സിനിമ കാണാനുള്ള അനുമതിയുള്ളതാണ് വീട്ടില്‍. അതും ഏറെക്കുറെ സീനായ മട്ടാണ്. അച്ഛന്റെ കുരുമുളക് വള്ളി കൊണ്ടുള്ള അടി ഓര്‍ത്തപ്പോഴേ തല കറങ്ങി.

”യ്യത് എവിടേനി ഒളിപ്പിച്ച് വെച്ചത്?” ഞാന്‍ ചോദിച്ചപ്പോഴേക്കും അവന്‍ ഏറെക്കുറെ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു.

കരഞ്ഞാ തീര്‍ന്ന്. അതുകൊണ്ട് കരച്ചിലില്‍ നിന്നും അവനെ വലിച്ച് പുറത്തെത്തിക്കേണ്ടത് എന്‍റെ ബാധ്യതയായി മാറി.

”ഇന്നലെ രാത്രി വായിച്ച് അലമാരയുടേയും ചുമരിന്റേയും ഗ്യാപ്പിലേക്ക് കാണാത്ത കോലത്തില്‍ തിരുകിയതാണ്. ഇന്ന് രാവിലെ നോക്കുമ്പോള്‍ സാധനമില്ല.”

”അത് താഴ് വീണ് കിടക്കണ്ടാവും.” ഞാന്‍ അവനെ സമാധാനിപ്പിക്കാനല്ല, സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയായിരുന്നു സത്യത്തില്‍.

”ഇല്ലെടാ ഞാന്‍ ഫുള്‍ തിരഞ്ഞു. അതാരോ എടുത്ത് കൊണ്ടുപോയതാ…”

എടുത്തുകൊണ്ടുപോവുകയോ..? ആര്? ആരായിരിക്കും അതെടുത്ത് കൊണ്ടുപോയിട്ടുണ്ടാകുക? അവന്റെ കണ്ണുകള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങി. അതോടെ ഞാനവനേയും കൊണ്ട് നൈസായി വീട്ടില്‍ നിന്നും തൊട്ടപ്പുറത്ത് കളിക്കുന്ന പറമ്പിലേക്ക് സ്‌കൂട്ടായി.

”പണ്ടാരം അത് തരുമ്പോള്‍ തന്നെ ഓന്‍ പറഞ്ഞതാ വീട്ടുകാര് പിടിക്കണത് നോക്കണംന്ന്.” അവന്‍ തേങ്ങാന്‍ തുടങ്ങി.

”യ്യൊന്നടങ്ങ്. നല്ലൊരു ദിവസമായിട്ട് വെറുതെ കിടന്ന് അലമ്പാവല്ലേ. അതെന്തായാലും അച്ഛന്‍ പിടിച്ചതാകാന്‍ വഴിയില്ല.”

”അതെന്താ?”

”അച്ഛന്‍ പിടിച്ചതാണെങ്കില്‍ അണക്ക് അടി പൊട്ടേണ്ട സമയം കഴിഞ്ഞു.”

അവന് അല്‍പ്പം സമാധാനമായി എന്നു തോന്നി. ”പിന്നെ അതെവിടെപ്പോയി?”

”വേറെയാരേലും എടുത്തിട്ടുണ്ടായിരിക്കാനാണ് സാധ്യത. വീട്ടിലുള്ള മറ്റാരെങ്കിലും.”

”എന്തിന്?”

”പുഴുങ്ങിത്തിന്നാന്‍. അല്ല പിന്നെ…” ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ അവന് പിന്നേം സങ്കടം കൂടി. അത് കണ്ടപ്പോള്‍ എനിക്ക് പാവം തോന്നി.

ajijesh pachat ,onam memories, iemalayalam
”എടാ, യ്യ് ബേജാറാകാണ്ടിരി. അറിഞ്ഞിടത്തോളം ഇതത്ര അപകടകരമായ
കാര്യമായി തോന്നുന്നില്ല. കാരണം അച്ഛനാണ് സാധനം കിട്ടിയതെങ്കില്‍ ചോദിക്കേണ്ട സമയം കഴിഞ്ഞു. യെനി അമ്മയ്ക്കാണെങ്കില്‍ ഒന്നുകില്‍ അമ്മമാര് ഇത്തരം സാഹചര്യം വരുമ്പോള്‍ കണ്ടില്ലാന്ന് നടിക്കും. അതല്ലെങ്കില്‍ വിളിച്ച് സ്‌നേഹത്തില്‍ നാല് ചീത്തപറയും. രണ്ടാണെങ്കിലും യ്യ് സെയ്ഫാണ്. അത് രണ്ടും ഉണ്ടാവാത്ത സ്ഥിതിക്ക് മറ്റാരോ ആണ് ഇതിന് പിന്നില്‍.”

”അതിപ്പോ ആരാ?” അവന്‍ ചിന്താഗ്നനായി. ”ഏട്ടനാവുമോ? ഏയ്… ഏട്ടത്തിയമ്മ? ഛെയ്. ഇനി അനിയനെങ്ങാനും.. ഓന്‍ രാവിലെ കണ്ടപ്പോള്‍ ഒരു ചിരിയെങ്ങാനും ചിരിച്ചിരുന്നോ?”

”എന്തായാലും അന്റെ അച്ഛന്റെ കൈയ്യില്‍ കിട്ടണതിനേക്കാള്‍ എത്രയോ ഭേദമാണ് മറ്റുള്ളവരുടെ കൈയ്യില്‍ കിട്ടണ്‍ത്.”

അത്രയും പറഞ്ഞപ്പോള്‍ അവന് ഇത്തിരി സമാധാനമായി.

”അല്ല ഇനി അച്ഛന് കിട്ടിയിട്ട് ഓണം കഴിയാനോ മറ്റോ നില്‍ക്ക്വാണോ പൊട്ടിക്കാന്‍…” അവന് പിന്നെയും സംശയം ബാക്കി.

”എന്തായാലും യ്യൊന്ന് ക്ഷമി. മ്പക്ക് നോക്കാം.”

അവനെ സമാധാനിപ്പിച്ച് വിട്ടെങ്കിലും എനിക്കും നല്ല പേടിയുണ്ടായിരുന്നു. ഇനി
മൂപ്പര് ഓണം കഴിയാന്‍ കാത്തു നില്‍ക്ക്വാണോ പൊട്ടിക്കാന്‍ എന്ന് എനിക്കും
സംശയമുണ്ടായിരുന്നു.

Read More: അജിജേഷ് പച്ചാട്ടിന്റെ മറ്റുളള കുറിപ്പുകള്‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ ആ ഓണം, ഞങ്ങളെ സംബന്ധിച്ച് വലിയൊരു ബാങ്ക് റോബറി ചെയ്ത് റിസല്‍റ്റ് കാത്തിരിക്കുന്ന മോഷ്ടാക്കളെപ്പോലെയായി. പിടിക്കുമോ എന്ന് ചോദിച്ചാല്‍ പിടിക്കും, ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല. രാത്രിയായതോടെ ബേജാറ് എനിക്കും കലശലായി. അവനെ പൊക്കിയാല്‍ അവന് ഉള്ളത്ര പ്രശ്‌നങ്ങളോ അല്ലെങ്കില്‍ അതില്‍ കൂടുതലോ എനിക്കും ഉണ്ടാകും.

പിറ്റേന്ന് തിരുവോണമാണ്. അമ്മയ്ക്ക് പൂവ് തലേന്ന് നന്നാക്കി വെയ്ക്കുന്ന
സ്വഭാവമുള്ളതാണ്. അതിന് മിക്ക സമയത്തും ചുക്കാന്‍ പിടിക്കുന്നത് ഞാനായിരിക്കും. പക്ഷേ അന്ന് എന്തുകൊണ്ടോ അവരുടെ മുന്നിലേക്ക് പോകാനുള്ള ഒരു മൂഡ് എനിക്ക് തോന്നിയില്ല. രാത്രികളില്‍ പലവട്ടം എഴുന്നേറ്റ് അവന്റെ വീടിന് നേരെ നോക്കി. ഇല്ല വെളിച്ചമൊന്നുമില്ല. അവന്റെ ആര്‍പ്പും നിലവിളികളും ഒന്നുമില്ല. പിറ്റേന്ന് നേരം വെളുക്കാനായപ്പോഴാണ് ഒന്നുറങ്ങാന്‍ കഴിഞ്ഞത്.

വാതിലില്‍ ശക്തിയില്‍ ഇടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. പടച്ചോനേ അവനെ പിടിച്ചോ. ഞാന്‍ നെഞ്ചത്ത് കൈ വെച്ചു.

”ഒന്ന് വേഗം ണീറ്റേ.. എനിക്ക് അടുക്കളേല് പണിണ്ട്. ആ പൂവങ്ങട്ട് ഇട്ടൂട്. ഒരാണ്ടര്‍ദിയായാലെങ്കിലും ഒന്ന് നേരത്തെ എഴുന്നേറ്റൂടേ…”

അമ്മയുടെ ഒച്ച കേട്ടപ്പോ പകുതി സമാധാനമായി. വേഗം എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് പൂവിടുന്ന സമയത്താണ് അവന്റെ വരവ്. ഒരു ഞെട്ടലോടെ നോക്കി. മുഖത്ത് പ്രശ്‌നങ്ങളൊന്നുമില്ല. മാത്രമല്ല, ഓണത്തിന് ബോണസ്
കിട്ടിയ പോലെ ഒരു ചിരി ചുണ്ടിലുണ്ടുതാനും. അവന്‍ എന്നേം കൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നു.

”എടാ സാധനം കിട്ടി.” അവന്‍ ആഹ്ലാദത്തോടെ പറഞ്ഞു.

”എവിടന്ന്?”

”അവിടന്ന് തന്നെ. ഞാന്‍ കണ്ടത് സ്വപ്നമാണോന്ന് തോന്നിപ്പോയി. ശരിക്ക് ഞാന്‍ ഇന്നലെ അന്നെ കാണാന്‍ വന്ന്‌ന്യോ?” സംഭവിച്ചതൊന്നും അവന് വിശ്വാസമില്ലായിരുന്നു.

”ഞാന്‍ പറഞ്ഞില്ലേ…അത് കിട്ടുമെന്ന്. എന്നിട്ട് യ്യെന്ത് ചെയ്തു അത്?”

”ഞാനത് കവറിലാക്കി കല്ലട്ടിക്കുഴിയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. നാളെത്തന്നെ
കൊടുത്ത് ഒഴിവാക്കണം പണ്ടാരം.”

എനിക്ക് പെട്ടെന്ന് സങ്കടം വേന്നു. ”ഞാനും കൂടി വായിച്ചിട്ട്…”

”അണക്ക് ഈ കിട്ട്യേതൊന്നും പോരാ ല്ലേ? ഒരു നൂല്ക്ക് കയിച്ചിലായതാണ്
ഇപ്പോത്തന്നെ…” അവന്‍ കണ്ണുരുട്ടി.

ശരിയാണ്. അതോടെ ഞാന്‍ പിന്നെ കൂടുതല്‍ ചോദിച്ചില്ല. ശരിക്കും ആ പുസ്തകം ആരായിരിക്കും എടുത്തിട്ടുണ്ടായിരിക്കുക? ഞാനവനെ നോക്കി.

”എടാ ആരാടാ ആ പുസ്തകം എടുത്തത് അപ്പോള്‍?”

പെട്ടെന്ന് അവന്‍ എന്നെ തുറിച്ചു നോക്കി. ‘പറഞ്ഞപോലെ, ആരായിരിക്കും അത്
എടുത്തത്,’ അവനും ചോദിച്ചു.

ഞങ്ങളുടെ മനസ്സില്‍ അപ്പോള്‍ ആ വീട്ടിനുള്ളിലെ സകല മനുഷ്യരുടേയും മുഖം ഒരു നിമിഷം മിന്നിമറിഞ്ഞു. പിന്നെ അവന്‍ എന്നെ നോക്കി കണ്ണിറുക്കി.

”ഇനിയിപ്പോ ആരെടുത്താലെന്താ? നമ്മള് കയിച്ചിലായല്ലോ! അത് തന്നെ വലിയ കാര്യം.”

അവന്‍ പറഞ്ഞപ്പോള്‍ എനിക്കും അങ്ങനെത്തന്നെ തോന്നി. ആരായാലും എടുത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ സാധനം അവിടെത്തന്നെ വെച്ചല്ലോ.. എന്തൊരു സ്‌നേഹം.

ഞങ്ങള്‍ വീണ്ടും പൂക്കളത്തിനരികിലെത്തി. അപ്പോഴേക്കും അമ്മ പൂക്കളം ഇടാന്‍ തുടങ്ങിയിരുന്നു.

”എന്താ രണ്ടുംകൂടി ഒരു തിരിഞ്ഞുകളി?”

”ഏയ് ഒന്നൂല്ല…”ഞങ്ങള് ഒരുമിച്ച് തോള് കുലുക്കി.

അത്രയും ആകാംക്ഷ നിറഞ്ഞ ഓണക്കാലം പിന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴും ഓണക്കാലത്ത് ഒരുമിക്കുമ്പോള്‍ അവന്‍ എന്നെ നോക്കും ഞാന്‍ അവനേയും. ആരെങ്കിലും ഒരാള്‍ പൊടുന്നനെ ചോദിക്കും.

‘ഡാ, എന്നാലും അന്നത്തെയാ പുസ്തകം ആരായിരിക്കും എടുത്തിട്ടുണ്ടാവ്വാ…’

അവനാണ് ചോദിക്കുന്നതെങ്കില്‍ ഞാന്‍ കൈ മലര്‍ത്തും, ഞാനാണ് ചോദിക്കുന്നതെങ്കില്‍ അവനും. ആര് ചോദിച്ചാലും, കൈ മലര്‍ത്തിയാലും അതിനുശേഷം ഇരുവരും ചേര്‍ന്നുള്ള ഒരു പൊട്ടിച്ചിരി ഉറപ്പാണ്. ഓണത്തിന് ഞങ്ങളിരുവരിലും മാത്രം പൂവിടുന്ന ഒരു ഒന്നൊന്നര ഓണച്ചിരി.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Onam memories ajijesh pachat