മഹാബലിയും യേശുക്രിസ്തുവും തമ്മില്‍ മൂന്ന് സാമ്യങ്ങളുണ്ട്.

ഒന്ന്- രണ്ടു പേരും അറിഞ്ഞുകൊണ്ട് കുരിശുവരിച്ചവരാണ്.

രണ്ട്- മഹാബലി അരിയിട്ടു വാഴിക്കപ്പെട്ട രാജാവായിരുന്നു; ക്രിസ്തു അംഗീകരിക്കപ്പെടാത്ത രാജാവും.

മൂന്ന്- രണ്ടു പേരും ആത്യന്തികമായി ഉയിര്‍ത്തെഴുന്നേറ്റു.

പിടിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുമെന്ന് അറിയാമായിരുന്ന ക്രിസ്തു, ഗദ്‌സെമേന്‍ തോട്ടത്തില്‍ വെച്ച് അവസാനമായി പ്രാര്‍ഥിച്ച രാത്രിയില്‍ കടന്നുപോയ അതേ മാനസികാവസ്ഥയിലൂടെയായിരിക്കണം, വാമനന്റെ മൂന്നാമത്തെ ചുവടിനു മുന്‍പ് മഹാബലിയും കടന്നുപോയിട്ടുണ്ടാവുക. മരണം ഉറപ്പിച്ചു കഴിഞ്ഞാല്‍ അതിലേക്കെത്തുന്നതുവരെയുള്ള ദിവസങ്ങളില്‍ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരുപോലെയായിരിക്കും ചിന്തിക്കുക. തീരുമാനിക്കപ്പെട്ട, അനിവാര്യമായ വിധിയിലേക്കുള്ള യാത്രയില്‍ അക്കാലമത്രയും കടന്നുപോയ മുഹൂര്‍ത്തങ്ങളിലൂടെ, കണ്ടറിഞ്ഞ മനുഷ്യരിലൂടെ, നേരിട്ട അപമാനങ്ങളിലൂടെ, മരണാനന്തരവും ഓര്‍ത്തിരിക്കുന്ന അപൂര്‍വ്വം അനര്‍ഘനിമിഷങ്ങളിലൂടെ ഹൃദയരേഖകള്‍ വളഞ്ഞുപുളഞ്ഞ് പോയേക്കാം. മരണത്തിന് മുന്‍പുള്ള ദിവസങ്ങള്‍ എത്ര ഭയാനകമായിരിക്കും.

മൂന്നാം നാള്‍ ഉയിര്‍പ്പിക്കപ്പെടുമെന്ന് യേശുക്രിസ്തുവിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം, വലതുവശത്തെ കുരിശില്‍ക്കിടന്ന കള്ളനോട്, ഈ നിമിഷം നീയെന്നോടുകൂടി സ്വര്‍ഗത്തിലായിരിക്കുമെന്ന് പറഞ്ഞത്. മഹാബലിയും അക്കാര്യം ഉറപ്പിക്കുന്നുണ്ട്. മൂന്നാമത്തെ ചുവടില്‍ അവസാനിക്കുന്നതിനു മുന്‍പ് തിരിച്ചുവരവിനുള്ള സാധ്യത ബാക്കിയാക്കുന്നുണ്ട്. രണ്ടുപേരും ഐഡിയലായ ഒരു രാജ്യം സ്വപ്നം കണ്ടിരുന്നു. മഹാബലി അത് ഭൂമിയില്‍ നടപ്പാക്കി. ക്രിസ്തുവിന്‍റെ രാജ്യം പക്ഷേ ഇപ്പോഴും നടന്നിട്ടില്ലാത്ത സങ്കല്‍പ്പമായി നില്‍ക്കുന്നു.

abin joseph, onam, writer,

സമത്വം നിറഞ്ഞൊരു ‘സോഷ്യലിസ്‌റ്റ്‌’ രാജ്യമായി മഹാബലി കേരളത്തെ മാറ്റിയെടുത്തു. ക്രിസ്‌തുവിന്റേത് പക്ഷേ, ക്ഷോഭിക്കുന്ന സാമൂഹ്യ ബോധമായിരുന്നു. ക്രിസ്തു പറഞ്ഞതിലും ചെയ്‌തതിലും വിപ്ലവത്തിന്റെ തീപ്പൊരികള്‍ വീണിരുന്നു. അതുകൊണ്ടാണ്‌ ക്രിസ്‌തുവിന്‌ ഒരിക്കലും ഈ ലോകത്തിന്റെ ചെങ്കോല്‍ കിട്ടാതിരുന്നതും മുള്‍ക്കിരീടം ലഭിച്ചതും.
മനുഷ്യര്‍ എന്ന നിലയില്‍ ഇരുവരുടെയും ചെയ്‌തികളിലെ ശരിതെറ്റുകള്‍ അളന്നാല്‍ കുറ്റങ്ങളുടെ തട്ട്‌ ശൂന്യമായിരിക്കും. എന്നിട്ടും എന്തുകൊണ്ടാണ്‌ ഇവര്‍ ക്രൂശിക്കപ്പെട്ടത്‌. ക്രിസ്‌തുവിന്റേത്‌ സ്വയം തിരഞ്ഞെടുത്ത വഴിയായിരുന്നെങ്കില്‍ മഹാബലിയെ ഇല്ലാതാക്കിയത്‌ കണിശമായ ഗൂഢാലചനയിലൂടെയായിരുന്നു. എന്തായിരുന്നു മഹാബലി ചെയ്‌ത തെറ്റ്‌.

അസുരവംശത്തില്‍ പിറന്നൊരാളെ രാജാവായി വാഴിക്കില്ല എന്ന വരേണ്യ വില്ലന്‍മാരുടെ ചിന്തയും അതിനെത്തുടര്‍ന്നുണ്ടായ നീക്കങ്ങളും പുതിയ കാലത്തും അവസാനിച്ചിട്ടില്ല. വാമനരൂപം പൂണ്ട സീരിയല്‍ കില്ലര്‍മാര്‍ നമുക്കിടയില്‍ നിര്‍ഭയം വിലസുന്ന കാലത്ത്‌ പ്രത്യേകിച്ചും. മഹാബലി വധത്തിന്റെ സമകാലീന വിചാരണയില്‍ അങ്ങനെയാണ്‌ തോന്നുന്നത്‌.

abin joseph, writer, onam,

ക്രിസ്‌തുവും മഹാബലിയും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസമുണ്ട്‌. മഹാബലി ഇപ്പോഴും രാജാവായിത്തന്നെയാണ്‌ പ്രജകളെ കാണാന്‍ വരുന്നത്‌. ക്രിസ്‌തു തന്റെ ഐഡന്റിറ്റി പിന്‍ഗാമികള്‍ക്ക്‌ നല്‍കി. അതിന്റെ അനന്തരഫലം ലളിതമാണ്‌. ക്രിസ്‌തുവിനെ നമ്മള്‍ എന്നുമോര്‍മിക്കുന്നു. മഹാബലിയെ ഓണം വരുമ്പോള്‍ മാത്രവും!. പ്രസ്ഥാനങ്ങളാല്‍ വാഴ്‌ത്തപ്പെട്ടില്ലെങ്കില്‍ ലോകത്തിന്റെ ഓര്‍മയില്‍നിന്ന്‌ മനുഷ്യന്‍ നിഷ്‌കാസനം ചെയ്യപ്പെടാതെങ്ങനെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ