ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി മുതല്‍ സെപ്തംബര്‍ രണ്ട് ശ്രീനാരായണ ഗുരു ജയന്തി വരെ നീണ്ട അവധികള്‍. രണ്ടു ദിവസം കൂടി ലീവ് എടുത്താല്‍ പത്തുദിവസം ഓണം പൊടിപൊടിക്കാം. ഈ കൊറോണക്കാലത്ത് അതിന് ആരും മുതിരില്ലായിരിക്കും. എങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്ന അവധികള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ആഘോഷ അവസരങ്ങളില്‍ ‘ലീവ്’ കിട്ടാ കനിയാകുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളെ ഓര്‍ത്തു പോകുന്നു.
ആ തിരക്കുകളില്‍ വിയര്‍പ്പ് മീശകനപ്പിക്കുന്ന മടുപ്പില്‍ ചിന്തിച്ചു പോയിട്ടുണ്ട്: ‘കുറേ ആളുകള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടി എല്ലാ സന്തോഷങ്ങളും മാറ്റിവച്ച് പണിയെടുക്കേണ്ടി വരുന്ന വേറെ കുറേപ്പേര്‍.’ അങ്ങനെ ദീര്‍ഘനിശ്വാസം വിട്ട് വീണ്ടും പണി തുടരുകയല്ലാതെ വേറെ വഴിയില്ല.
ആഘോഷത്തെക്കാള്‍ വലുതാണല്ലോ അതിജീവനം. മുതലാളിമാര്‍ക്ക്
അതറിയാം. ‘പറ്റില്ലേ പൊയ്‌ക്കോ…’ അതാണ് അവരുടെ നിലപാട്. തൊഴിലില്ലാത്ത ഒരുപാട് പേർ അവസരം ചോദിച്ച് പുറത്ത് നില്‍ക്കുന്നുണ്ട്. തിരക്കുള്ള സമയത്ത് ഓണത്തിനും വിഷുവിനും ലീവ് ചോദിക്കുമ്പോള്‍ ‘ആത്മാര്‍ത്ഥത ഇല്ലാത്തവന്‍…’ ആണെന്ന് പഴി കേട്ടിട്ടുണ്ട്. തെറ്റോ ശരിയോ… അറിയില്ല, പക്ഷേ ജോലി ചെയ്തിട്ട് സമ്പാദ്യമോ മിച്ചമോ ഒന്നുമില്ല. പിന്നെ വല്ലപ്പോഴും കിട്ടുന്ന ഈ സന്തോഷം കൂടി വേണ്ടെന്നു വച്ചിട്ട് എന്ത് കാര്യമെന്ന് ജീവിതത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താനാണ് എനിക്ക് തോന്നിയത്.
അങ്ങനെ ഒരു തൊഴിലാളി ആയിരുന്ന കാലത്ത് ഓണക്കാലത്ത് ലീവ് കിട്ടാന്‍ വേണ്ടി പതിനെട്ടാമത്തെ അടവ് പയറ്റിയ കഥയാണിത്.
ആ വലിയ സ്ഥാപനത്തില്‍ ജോലി ആരംഭിച്ചിട്ട് ഒരു മാസം ആകുന്നതേയുള്ളൂ. അപ്പോഴാണ് ഓണം വരുന്നത്. ഇവിടെ എത്തുന്നതിന് മുന്‍പ് ജോലി ചെയ്തിരുന്നയിടത്തെ മുതലാളിയോട് ഗദ്ഗദകണ്ഠനായി ഞാന്‍ പറഞ്ഞ ഒരു ഡയലോഗ് ഇങ്ങനെ ആയിരുന്നു: ”സാറേ ഞങ്ങളുടെയൊക്കെ ജീവിതത്തിലെ ഒരേയൊരു ആഘോഷമാണ് ഈ ഓണം ഒക്കെ… അതിന് പോലും ലീവ് കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് ജീവിതമാണ്.”
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് വീണതു പോലെയാണ് ഇപ്പോഴത്തെ കാര്യം. പുതിയ സ്റ്റാഫിന് ഒന്നും ഓണത്തിന് ലീവ് കൊടുക്കുന്നില്ലെന്ന നടുക്കുന്ന ആ വാര്‍ത്ത കേട്ട ദിവസം ഞാന്‍ ഒരു പോംവഴിയെ കുറിച്ച് കൂലങ്കഷമായി ആലോചിച്ചു. ‘മനുഷ്യമൃഗം’ എന്ന ഓമനപ്പേരുള്ള മാനേജരോടൊക്കെ എങ്ങനെ അവതരിപ്പിക്കാനാണ്. ആദ്യം കാച്ചിയ സെന്റി ഒന്നും വിലപ്പോകില്ല.
തിരക്കുകളൊതുങ്ങി അങ്ങേര് സ്വസ്ഥമാകുന്ന ആ നിമിഷത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു. ഓണത്തിന് ഇനി ഒന്നോ രണ്ടോ ദിവസമേ ബാക്കിയുള്ളൂ. വൈകിക്കൂടാ… മനസ് ബലപ്പെടുത്തി ഞാന്‍ മെല്ലെ മുഖത്ത് ക്ഷീണഭാവത്തില്‍ മാനേജരെ സമീപിച്ചു.
“ജോസപ്പേട്ടാ…” ഇവിടെ മേലധികാരികളെ ഒന്നും സാര്‍ എന്നൊന്നും വിളിക്കാന്‍ പാടില്ലെന്നാണ് നിയമം. കാരണം വലുപ്പച്ചെറുപ്പമില്ലാതെ എല്ലാരും തുല്യരാണെ ന്ന ഫീല്‍ കിട്ടാനാണത്രേ. മനുഷ്യപ്പറ്റില്ലെങ്കില്‍ എന്ത് വിളിച്ചിട്ട് എന്ത് കാര്യം.
അങ്ങേര്‍ എപ്പോഴും എന്ന പോലെ ക്രുദ്ധഭാവത്തില്‍ എന്നെ നോക്കി.
“ഉം… എന്താ?”
“എനിക്ക് ഭയങ്കര തലവേദന… തീരെ വയ്യ… ലീവ് വേണമായിരുന്നു…” വിനയാന്വിതന്‍ പറഞ്ഞു.
“എന്തോ… എടാ നിന്നെയൊക്കെ പോലെ പല പല അടവ് പഠിച്ചവന്മാരെയും മേച്ചിട്ടാണ് ഞാനിവിടെ ഈ പോസ്റ്റില്‍ ഇരിക്കുന്നത്… അതുകൊണ്ട് മോന്‍ പോയി മുഖമൊക്കെ കഴുകി ഒന്ന് റെസ്റ്റ് എടുക്ക്.. എല്ലാം ശരിയാകും. ലീവിനെ ക്കുറിച്ച് ആലോചിക്കുകയേ വേണ്ട…”
മാര്‍ബിള്‍ തറയില്‍ അങ്ങേരുടെ ഷൂവിന്റെ ശബ്ദം അകന്നകന്നു പോയി. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു നിന്നവര്‍ എന്നെ നോക്കി ചിരിക്കുന്നു. ബ്ലഡി ഫൂള്‍സ്… ഞാന്‍ നേരെ ചായ കുടിക്കാന്‍ പോയി.
ആകെ തകർന്ന് അവിടെയിരുന്നു ചായ കുടിക്കുമ്പോഴാണ് നല്ല മഞ്ഞ നിറത്തില്‍ ഒരു തളികയില്‍ നിരന്നിരിക്കുന്ന അന്നത്തെ കടി കണ്ടത്. കപ്പ് കേക്ക്. ഒരു നാലെണ്ണം അകത്താക്കികഴിഞ്ഞപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി.
ചായ കുടിച്ചുകൊണ്ടിരുന്ന നാലഞ്ച് പേര്‍ പോയപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി ചീകി മിനുക്കിവച്ചിരുന്ന മുടിയൊക്കെ അലങ്കോലമാക്കി. യെസ്… മുഖത്ത് ഒരു രോഗലക്ഷണം ഒക്കെയുണ്ട്. അടുത്ത പടിയായി ഒരു കപ്പ് കേക്ക് തോലുരിച്ചു വായിലിട്ടു ചവച്ച് കുറച്ചു വെള്ളം കൂടി കൂട്ടി കുലുക്കുഴിഞ്ഞു പരുവപ്പെടുത്തി വായില്‍ നിറച്ചുവച്ചു. ഗ്ലാസ് ഡോറിലെ കര്‍ട്ടന്‍ നീക്കി ആരെങ്കിലും വരുവാന്‍ വേണ്ടി കാത്തിരുന്നു.
റിസപ്ഷനിസ്റ്റ് സാനിയ സ്റ്റൈലില്‍ നടന്നു വരുന്നുണ്ട്. ഞാന്‍ വാഷ്ബേസിനില്‍ കുനിഞ്ഞു നിന്നു. ഡോര്‍ തുറന്നാല്‍ ഉടന്‍ ആക്ഷന്‍ വണ്‍… ടൂ… ത്രീ…
ഡോര്‍ ഞരങ്ങിയതും വായില്‍ നിറച്ചിരുന്ന മഞ്ഞ വെള്ളം ഒരു ഒച്ചയോടെ ഞാന്‍ ഛർദ്ദിച്ചു. പക്ഷേ പണി പാളി. വെപ്രാളത്തിനിടയില്‍ ഈ വെള്ളമെല്ലാം നിറുകയില്‍ കേറി എന്‍റെ മൂക്കിലൂടെയും വായിലൂടെയും ഒക്കെ പൊട്ടിയൊഴുകി. മൂക്കെരിഞ്ഞു കണ്ണീന്നും ഒക്കെ വെള്ളം വരാന്‍ തുടങ്ങി. ഞാന്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായി അഭിനയം കൈവിട്ടു പോയി.
‘വിഷ്ണു വോമിറ്റ് ചെയ്യുന്നു…’ എന്നും പറഞ്ഞ് റിസപ്ഷനിസ്റ്റ് തിരിഞ്ഞോടി. എന്‍റെ പൊന്നേ, ഇതെന്നാ ഈ പറയുന്നേ. ഞങ്ങള്‍ സാധാരണക്കാരൊക്കെ ഛർദ്ദിച്ചൂന്നാ പറയുന്നേ, ഇതേതാണ്ട് കുറ്റം ചെയ്ത പോലെ.
മഞ്ഞ വെള്ളത്തില്‍ കുളിച്ചു അവശനായി നില്‍ക്കുമ്പോള്‍ ഭീകരദൃശ്യം കണ്ടത് പോലെ വാതില്‍ തുറന്ന് മാനേജരും പരിവാരങ്ങളും.
‘മോനെ… നിനക്ക് വയ്യെങ്കില്‍ കാര്യമായിട്ട് പറയേണ്ടായിരുന്നോ,’ മനുഷ്യമൃഗം, വാത്സല്യത്തിലെ മമ്മൂട്ടിയെപ്പോലെ എന്നെ കടത്തി വെട്ടുന്നു.
‘എടോ… തന്നോട് ഞാന്‍ ലീവ് ചോദിച്ചപ്പോ എന്നാ പറഞ്ഞത്… എന്നിട്ടിപ്പോ ഇവരുടെയൊക്കെ മുന്നില്‍ അഭിനയിക്കുന്നോ,’ എരിഞ്ഞു തുളുമ്പിയ മൂക്ക് ചീറ്റി ഞാന്‍, മനസ്സില്‍ നാല് വര്‍ത്തമാനം പറഞ്ഞു.
‘ഡാ സന്ദീപേ… കാറെടുക്ക്… ഹോസ്പിറ്റലീ പോണം…’ മാനേജര്‍ അടുത്ത നടപടിയിലേക്ക് നീങ്ങി.
“അയ്യോ… ആശൂത്രീല്‍ ഒന്നും പോകണ്ട… എനിക്ക് റെസ്റ്റ് എടുത്താ ആശ്വാസം ആകും… എന്നിട്ട് വീട്ടില്‍ പോണം. എനിക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ളതാണ് ജോസപ്പേട്ടാ…”
‘നീ വണ്ടി തിരിച്ചിട്… ഈ അവസ്ഥയില്‍ ഹോസ്പിറ്റലില്‍ പോകാതെ എങ്ങനാ…’ എന്ത് വേണം എന്നറിയാതെ നിക്കുന്ന സന്ദീപിനോട് നീ ഇതുവരെ പോയില്ലേ എന്ന മട്ടില്‍ മനുഷ്യമൃഗം മുരണ്ടു.
മൂന്നാല് പേര്‍ ചേര്‍ന്ന് എന്നെ പുറത്തേക്ക് നടത്തി. പണി പാളുന്നത് ഓര്‍ത്ത് ശരീരം കുഴഞ്ഞു തുടങ്ങി. മുതിര്‍ന്ന ഒരു സ്റ്റാഫ് കൂടെക്കേറി. വണ്ടി ആശുപത്രിയിലേക്ക്. സന്ദീപ് ഇടയ്ക്കിടെ തിരിഞ്ഞ്, ‘ഡാ… ശര്‍ദ്ദിക്കണേ പറയണേ… നിര്‍ത്തിത്തരാം…’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ കാറില്‍ വാള് വയ്ക്കും എന്നോര്‍ത്തിട്ടല്ലേ ഈ സ്നേഹം. എനിക്കെല്ലാം മനസിലാകുന്നുണ്ട്. അവശത കൈവിടാതെ ഞാന്‍ ‘അയ്യോ വേണ്ട…’ എന്ന് മെല്ലെ പറഞ്ഞു. വണ്ടി പകുതി ദൂരം ആയിട്ടും വാളില്ലാതെ ഇരിക്കുന്ന എന്നെ കണ്ട് കൂടെ കേറിയ തൃശൂര്‍ക്കാരന്‍ “ഡാ ചെക്കാ… നിനക്ക് കൊഴപ്പോന്നും ഇല്ലേ പറഡാ… നമുക്ക് ഒന്ന് കറങ്ങീട്ട് പോകാം. ഞങ്ങള് ജോസപ്പേട്ടനോട് പറയുന്നും ഇല്യാ… നീ ലീവെടുക്കാനുള്ള അടവല്ലേ…”
ഒരു നിമിഷം ഞാനൊന്നു ആലോചിച്ചു. തൃശൂര്‍ക്കാരന്റെ മുഖത്തെ നിഗൂഡത കണ്ട് പിന്മാറില്ലെന്ന് ഉറപ്പിച്ചു. ഇവന്‍ മനുഷ്യമൃഗത്തിന്റെ ആളാണ്. ഇന്നലെ വന്ന എന്നോട് ഇത്രേം സ്നേഹം കാണിക്കണ്ട കാര്യം ഒന്നും ഇല്ലല്ലോ. ചതിയന്‍.
“എന്‍റെ പൊന്നു ചേട്ടാ… അസുഖം വരുന്നതൊക്കെ അഭിനയം ആണോ… എന്‍റെ പാട് എനിക്ക് അറിയാം…”
തൃശൂര്‍കാരന്‍ ചിരിക്കുന്നു. ഞാന്‍ പെര്‍ഫോമന്‍സ് ഒരു പൊടിക്ക് കൂട്ടി.
ഒരു വലിയ പ്രൈവറ്റ് ഹോസ്പിറ്റലില്‍ കാര്‍ എത്തി. കമ്പനിക്ക് പ്രത്യേക പരിഗണന ഉള്ളതിനാല്‍ നേരെ ഡോക്ടറുടെ മുന്നിലേക്ക്. ലേഡി ഡോക്ടര്‍ എന്നെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് ഊരി കഴുത്തില്‍ ഇട്ടുകൊണ്ട് അവരും സംശയദൃഷ്ടിയോടെ എന്നെ നോക്കി.
“കുഴപ്പമൊന്നും കാണുന്നില്ലല്ലോ… ഇപ്പൊ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?”
“ഉണ്ട്… ഉമിനീരിങ്ങനെ വായില്‍ നിറയുന്നു… നല്ല ക്ഷീണം ഉണ്ട് ഡോക്ടര്‍…”
“എത്ര വട്ടം ശര്‍ദിച്ചു?”
“മൂന്ന് വട്ടം…” ഒന്ന് പറഞ്ഞാല്‍ ഒരു ഗുമ്മു കിട്ടില്ല.
ഡോക്ടര്‍ എന്‍റെ പൊക്കിളിന്‍റെ ഭാഗത്ത് ഒന്നുരണ്ടു വട്ടം അമര്‍ത്തി വീണ്ടും സംശയത്തോടെ എന്നെ നോക്കി. ഡോക്ടര്‍മാരോടും വക്കീലന്മാരോടും കള്ളം പറയാന്‍ പാടില്ല എന്ന മഹത് വചനം ഓര്‍ത്തു കൊണ്ടിരിക്കെ ഒരു തീരുമാനത്തില്‍ എത്തിയ പോലെ ഡോക്ടര്‍ എഴുന്നേറ്റു.
“ഓക്കേ… എന്തായാലും ഒരു ഇന്‍ജെക്ഷന്‍ എടുക്കാം…”
“ഗുളിക പോരെ…”
ഡ്രൈവറും മറ്റേ മറുതയും ഇല്ലാരുന്നേ ഉള്ള സത്യം വിളിച്ചു പറഞ്ഞു ‘ഗുളിക വല്ലോം തന്നാ മതി’ എന്ന് പറയാരുന്നു. രണ്ടും ഇടവും വലതും നിക്കുവല്ലേ. ‘പതുക്കെ എടുക്കണേ…’ ഞാന്‍ ഷര്‍ട്ട് പൊന്തിച്ചു, കുത്ത് കൊള്ളാന്‍ റെഡിയായി. ഒരു ആമാശയത്തിന്റെ പടമുള്ള വലിയൊരു കുപ്പി മരുന്നില്‍ സൂചി കേറ്റുന്ന കാഴ്ച കണ്ട് ഞാന്‍ കണ്ണടച്ചു .
“ആ……… ”
ഒരലര്‍ച്ചയില്‍ കൂടെ വന്നവര്‍ ചിരിച്ചു നമ്രശിരസ്കരായി.
പിറ്റേന്ന് ബാഗൊക്കെ എടുത്ത് രാവിലെ പുറപ്പെട്ടു. ഓണം ആഘോഷിക്കാന്‍.
‘മോനെ… നീ കുറച്ചു ദിവസം റെസ്റ്റ് ഒക്കെ എടുത്ത് വന്നാല്‍ മതി…’ മനുഷ്യമൃഗം യാത്രാമംഗളങ്ങള്‍ നേര്‍ന്നു കൈവീശി.
‘ശരി ജോസപ്പേട്ടാ … ഹാപ്പി ഓണം…’ ഞാനും അവശഭാവത്തില്‍ കൈവീശി.