ഓണസദ്യയ്ക്കും പൂക്കളത്തിനും അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് മലയാളികള്‍ക്ക് ഒരോണക്കാലം കൂടി. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കി അരിക്കും പൂവിനും തുടങ്ങി സര്‍വ്വതിനും അയല്‍സംസ്ഥാനങ്ങളിലെ അധ്വാനമാണ് ഈ ഓണക്കാലത്തും കേരളീയന്റെ ആശ്രയം
കര്‍ണാടകയും തമിഴ്‌നാടും പിന്നിട്ട് ആന്ധ്രയിലും തെലുങ്കാനയിലും നിന്ന് അരി കണ്ടെത്തുന്ന സംസ്ഥാനം. നെല്‍വയലുകള്‍ നികത്തി ഫ്‌ളാറ്റുകളും വൻ കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ വഴിയൊരുക്കുന്ന തിരക്കിലാണ് ഈ ഓണക്കാലം കടന്നു പോവുന്നത്. വയല്‍നാടെന്നു പേരുകേട്ട വയനാട്ടിലെ പാടങ്ങളിലും നെല്ല് അപൂര്‍വ്വമായി മാത്രം കാണുന്ന വിളകളിലൊന്നായി. എല്ലാ കുറ്റവും കാലാവസ്ഥ വ്യതിയാനത്തിനുമേല്‍ ചാര്‍ത്തി അവശേഷിക്കുന്ന വയലുകള്‍ കൂടി തരിശ്ശിടുകയാണിവിടെ. നഴ്‌സറി മുതല്‍ സര്‍വ്വകലാശാലകളില്‍ വരെ വിളവിറക്കലും കൊയ്ത്തും ആര്‍ഭാട ആഘോഷങ്ങളായി അരങ്ങേറുമ്പോഴാണ് പാടവും കര്‍ഷകരും കരയ്ക്കു കയറി അന്തിച്ചു നില്‍ക്കുന്നത്.

നെല്ലുപേക്ഷിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പച്ചക്കറികളുടെ കാര്യം അതിലും കഷ്ടം. അതിര്‍ത്തി കടന്ന് പച്ചക്കറികളെത്തിയില്ലെങ്കില്‍ അടുപ്പു പുകയില്ലെന്ന് ചുരുക്കം. അതിര്‍ത്തിയെങ്ങാനും അടയ്ക്കേണ്ടി വന്നാല്‍ തീന്‍മേശയ്ക്കു മുന്നില്‍ വയറുകാഞ്ഞിരിക്കേണ്ടി വരുന്നും മലയാളികളെന്ന് പാചക വിദഗ്‌ദ്ധനായ ദിനേശന്‍ കളിയാക്കി പറഞ്ഞു.
നാട്ടിലും നഗരങ്ങളിലും കൂണുപോലെ മുളച്ചു പൊങ്ങിയ കാറ്ററിങ് കേന്ദ്രങ്ങള്‍ വരുന്നതിനു മുമ്പേ ഓരോ നാട്ടിലെയും പാചക വിദഗദ്ധരാണ് നാട്ടുകാരുടെ രുചി നിര്‍ണയിച്ചിരുന്നത്. സദ്യക്കാവശ്യമായ പച്ചക്കറികളുടെ അളവും ഗുണവും നിര്‍ദ്ദേശിച്ചിരിക്കുന്നത് ദിനേശനെപ്പോലുള്ളവരാണ്.
പത്തിരുപതു കൊല്ലം മുമ്പുവരെ ഓരോ തൊടിയിലും വീടിനോട് ചേര്‍ന്ന് കറിയ്ക്കുവേണ്ടതെല്ലാം ഉണ്ടാകും. ജനനം മുതല്‍ കല്യാണം, മരണം വരെയുള്ള വിശേഷാവസരങ്ങളില്‍ വീടുകളില്‍ തികയാത്ത ചേരുവകള്‍ അയല്‍ക്കാരുടെ പറമ്പില്‍ നിന്നാണെടുക്കുക. പാചകത്തിനാവശ്യമായ പാത്രങ്ങളും എന്തിന് ഇരിപ്പിടങ്ങള്‍ വരെ അങ്ങനെ ശേഖരിക്കും. അവിയല്‍ എന്നാല്‍ ഏതാണ്ട് എല്ലാ പച്ചക്കറികളുടെയും മിശ്രിതമാണല്ലോ. ഒരുപക്ഷേ വെണ്ടക്കയും ബീറ്റ്‌റൂട്ടും മാത്രമാണ് ഇതില്‍ ഉപയോഗിക്കാതെ വരിക. ചേന, കുമ്പളം, വെള്ളരി, പച്ചക്കായ, മുരങ്ങക്കായ, പയറുകള്‍, പാവക്ക, വഴുതിന, പച്ചമുളക് എന്നിവയൊക്കെ വീട്ടിനോടു ചേര്‍ന്ന തോട്ടത്തിലുണ്ടാവും. വയനാട്ടിലാണെങ്കില്‍ തേങ്ങ ചുരം കയറി വരണമെന്നു മാത്രം. രണ്ടുതവണ പുഴുങ്ങി ഉണക്കി കുത്തിയെടുത്ത നാടന്‍ കുത്തരി യഥേഷ്ടമുണ്ടാവും. ഗന്ധകശാല, ജീരകശാല പോലുള്ള സുഗന്ധ അരി വേണമെങ്കില്‍ അതും ധാരാളം. ഇപ്പോൾ നോക്കൂ. ഓണസദ്യയ്ക്കു വേണ്ടതെല്ലാം മുഴുവനായും കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവരുന്നത്. പത്തോ ഇരുപതോ ഇനങ്ങളില്‍ ഒന്നോ രണ്ടോ മാത്രം ഇവിടെ നിന്നു കിട്ടും. കറിവേപ്പില പോലും പുറത്തു നിന്നാണു വരുന്നത്. ജീരകം, ഉള്ളികള്‍, കടുക്, കാരറ്റ്, പടവലം, കോവയ്ക്ക, വഴുതന, കിഴങ്ങ് തുടങ്ങിയവയെല്ലാം വരത്തനാണ്. ചിലപ്പോഴൊക്കെ തേങ്ങയും അങ്ങിനെ തന്നെ. സദ്യയുണ്ണാനുള്ള ഇല വണ്ടികയറിയാണെത്തുന്നത്. അരി എത്തുന്നത് ആന്ധ്രയില്‍ നിന്നാണെന്ന് കേള്‍ക്കുന്നു. എന്തായാലും ഇവിടുന്നല്ല. രാസവളവും കീടനാശിനിയുമൊക്കെ തളിച്ചിട്ടാണോയെന്നറിയില്ല കറികള്‍ക്കൊന്നും പഴയ രുചിയൊന്നും കിട്ടുന്നില്ല’. ദിനേശൻ പറഞ്ഞതില്‍ കാര്യകാരണങ്ങളുണ്ട്.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വയനാട് പിന്നിട്ടാല്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലാണെത്തുക. അല്പം ദൈര്‍ഘ്യമേറിയ വനയാത്രക്കഴിഞ്ഞെത്തുന്ന ഇപ്രദേശം ദൃശ്യമനോഹരമാണ്. കൃഷിരീതിയൊക്കെ പാടെ മാറ്റം. ദീര്‍ഘകാല വാണിജ്യവിളകളൊന്നുമില്ല. കൊല്ലത്തില്‍ മൂന്നോ നാലോ കൃഷിയിറക്കും പച്ചക്കറി തന്നെയാണ് പ്രധാനം. ചോളവും മൂത്താറിയും വേറെ തണ്ണിമത്തന്‍ കൃഷിയാണ് മറ്റൊന്ന്. കാലാവസ്ഥയ്ക്കനുസരിച്ചാണ് കൃഷി. കര്‍ഷകര്‍ പകലന്തിയോളം പണിയെടുക്കും. മൃഗങ്ങളെയും യന്ത്രവുമുപയോഗിച്ച് നിലമൊരുക്കും. ദിവസക്കൂലി കുറവാണ്. കന്നുകാലി വളര്‍ത്തുന്നതുകൊണ്ട് ചാണകം യഥേഷ്ടം. മാംസത്തിനും പാലിനും വേണ്ടി മാത്രമല്ലാതെ കന്നുകാലികളെ പരിപാലിക്കുന്ന ഒരു ദേശം കൂടിയാണ് ചാമരാജ് നങ്കൂര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട താലൂക്ക്.
നാട്ടിലെ കൃഷിയൊക്കെ ഇല്ലാതായതോടെ കേരളത്തിലെ ചിലര്‍ കര്‍ണാടകയിലേയ്ക്കു ചേക്കേറിയിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്താണിവരുടെ കൃഷി. ലക്ഷങ്ങള്‍ മുതല്‍ മുടക്കേണ്ട ഇഞ്ചിയാണ് ഇവര്‍ തെരഞ്ഞെടുക്കുക. മുട്ടിനു മുട്ടിന് കുഴല്‍ കിണര്‍ കുഴിച്ചാണ് വെള്ളം കണ്ടെത്തുന്നത്.
വഴിയരികില്‍ നിറയെ പൂപ്പാടങ്ങളാണ്. മലയാളികളുടെ ഓണത്തിന് പൂക്കളമൊരുക്കിനായല്ല ഇവിടെ കര്‍ഷകര്‍ പൂ കൃഷി ചെയ്യുന്നത്. തുണികള്‍ക്കു നിറം നല്‍കാനുള്ള പ്രധാന വസ്തുക്കളിലൊന്നാണ് വിവിധ നിറങ്ങളിലുള്ളതുമായ ചെണ്ടുമല്ലിപ്പൂക്കള്‍. ‘വന്‍കിട കമ്പനികള്‍ ഞങ്ങള്‍ക്ക് വിത്തും വളവും നല്‍കും. ജൂണിലാണ് കൃഷിയാരംഭം. മൂന്നു മാസം കൊണ്ട് പൂവ് പറിക്കാനാവും. കമ്പനികള്‍ നേരിട്ടെത്തി പൂക്കൾ കൊണ്ടുപോകുംയ കിലോയ്ക്കു അഞ്ചര-ആറു രൂപ കിട്ടും. കുറച്ചു പൂവൊക്കെ ഓണത്തിനു പൂവ് വില്‍ക്കുന്നവര്‍ക്ക് ഞങ്ങള്‍ കൊടുക്കും. കിലോയ്ക്കു ഇരുപതും ഇരുപത്തിയഞ്ചുമൊക്കെ ചിലപ്പോള്‍ കിട്ടും. കമ്പനികളുമായി ബന്ധമില്ലാതെ ചില കര്‍ഷകര്‍ ഓണാവശ്യത്തിനുമാത്രമായി പൂക്കൃഷി നടത്തും. ജമന്തി പൂവ് ദസറാഘോഷത്തിന് മാലകെട്ടാനും വില്‍ക്കാന്‍ കഴിയും’. കര്‍ഷകനായ നാഗരാജു പറഞ്ഞു.
കേരളത്തിലെ ഓരോ കുടുംബത്തിനും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’യെന്ന മുദ്രാവാക്യവുമായി സംസ്ഥാന കൃഷി വകുപ്പ് തയ്യാറാക്കിയ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ ഈ കര്‍ണാടക ഗ്രാമത്തിലെത്തുന്ന പച്ചക്കറി കച്ചവടക്കാരുടെ വര്‍ദ്ധനവ് വിരൽ ചൂണ്ടുന്നത് ആ പദ്ധതി ലക്ഷ്യത്തിലെത്തിയില്ലെന്നാണ്. എറണാകുളം മുതല്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഗുണ്ടല്‍പേട്ടയിലെത്തുകയാണ്. ഗുണ്ടല്‍പേട്ടയിലെ ചന്തയില്‍ നിന്നും മാത്രമല്ല കൃഷിയിടങ്ങളില്‍ നിന്നും ഇവര്‍ വില്പന വിഭവങ്ങള്‍ ശേഖരിക്കുന്നു. മൈസൂര്, തൃക്കണാമ്പി, തമിഴ് നാട്ടിലെ മേട്ടുപാളയം തുടങ്ങിയ ചന്തകളില്‍ നിന്നും ദിവസേന നൂറുകണക്കിന് ലോറികളില്‍ കേരളത്തിലേക്കു പച്ചക്കറികളെത്തുന്നു.
തക്കാളി, പച്ചമുളക്, കാബേജ്, വിവിധയിനം പയറുകള്‍, കോവയ്ക്ക, ബീറ്റ്റ്റൂട്ട് തുടങ്ങി നിരവധിയിനം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നു. മലയാളിക്കു മുമ്പേ ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍ ഓണത്തിനൊരുങ്ങന്നുവെന്നു ചുരുക്കം. മഴയുടെ അഭാവം ചില വിളകളെ ബാധിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലതിന് നല്ല വില കിട്ടുന്നതുകൊണ്ട് കര്‍ഷകര്‍ക്കു സന്തോഷം.
ദിവസവും രാവിലെ ഒമ്പതു മണിക്ക് ഗുണ്ടല്‍പേട്ടയിലെ പച്ചക്കറി ചന്ത ഉണരും. കേരളത്തില്‍ നിന്നുള്ള നൂറു കണക്കിനു ചരക്കു വാഹനങ്ങള്‍ ഈ സമയത്തിനകം ഇവിടെയെത്തിയിട്ടുണ്ടാകും. രാവിലെ ഒമ്പതിനു മുമ്പും തലേന്ന് രാത്രിയിലുമായി ഉല്പന്നങ്ങള്‍ കര്‍ഷകര്‍ ചന്തയിലെത്തിക്കും. ചെറിയ മോട്ടോര്‍ വാഹനങ്ങളിലും കാളവണ്ടിയിലും തലച്ചുമടായുമാണ് ഉല്പന്നങ്ങള്‍ കൊണ്ടുവരിക. പരസ്യലേലം വിളിയിലൂടെയാണ് കച്ചവടക്കാര്‍ ഉല്പന്നങ്ങള്‍ കരസ്ഥമാക്കുക. ഉച്ചയോടെ മാര്‍ക്കറ്റ് ശൂന്യം. തുടര്‍ന്ന് പച്ചക്കറി കയറ്റിയ വാഹനങ്ങള്‍ കേരളത്തിലേക്ക് കുതിച്ചു പാഞ്ഞ് പോവും. ഒപ്പം പൂക്കള്‍ നിറച്ച വണ്ടികള്‍ കൂടിയാവുമ്പോള്‍ നിരത്തുകള്‍ ബഹളമയം.

ചാനലകളിലൂടെയും ദിനപത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട വിഷപ്പേടിയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി ജൈവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാരണം. ഇത്തരത്തിലുള്ള നിരവധി പദ്ധതികളില്‍ ഒന്നു മാത്രമായിരുന്നു ഒരു മുറം പച്ചക്കറി. അന്യ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ രാസവളവും മാരക വിഷാംശവുമുള്ള കീടനാശിനികളും അമിതമായി പ്രയോഗിക്കുന്നു എന്നതായിരുന്നു മലയാളികളുടെ ബോധത്തിൽ കുത്തിവെയ്ക്കപ്പെട്ട ഉത്കണ്ഠകളിലൊന്ന്. അയല്‍നാടുകളില്‍ നിന്ന് മാരകരോഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. പരിഹാരം സ്വാശ്രയത്വം തന്നെയെന്ന തിരിച്ചറിവാണ് വിവിധ പദ്ധതികള്‍ തയ്യാറാക്കാന്‍ കാരണമായ്. ഏതാണ്ട് ഇരുപത്തിയേഴ് പദ്ധതികള്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാന്‍ മാത്രമായി കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ലൗലി അഗസ്റ്റ്യന്‍ പറഞ്ഞു. ‘വീടികളിലെല്ലാം പച്ചക്കറി വിത്തുകള്‍ നേരത്തെതന്നെയെത്തിച്ചു. വിവിധ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകര്‍ക്കു കൈമാറി. സ്‌കൂളുകളില്‍ പച്ചക്കറി വിളയിക്കാന്‍ സംവിധാനമുണ്ടാക്കി. കൃഷി പ്രോത്സാഹിപ്പിക്കാനായി വിവിധ തലങ്ങളില്‍ പണമായി സബ്‌സിഡി നല്‍കി. ഉല്പന്നങ്ങളെല്ലാം വാങ്ങി ഉപയോഗിക്കുക എന്ന ശൈലി അല്പമെങ്കിലും മാറിത്തുടങ്ങിയിട്ടുണ്ട്’. ലൗലി പറഞ്ഞു.
‘വയനാട്ടിലെ പ്രധാന പച്ചക്കറി ഉല്പാദനകേന്ദ്രങ്ങളിലൊന്നാണ് നീര്‍വാരം. ഇവിടെയുണ്ടാക്കുന്ന പച്ചക്കറികളെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. രാസവളവും മാരക വിഷാംശങ്ങളുള്ള രാസകീടനാശിനികളും അമിതമായി ഉപയോഗിക്കുന്നു എന്നതായിരുന്നു ആരോപണം. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദ്ധരുടെ സംഘം നടത്തിയ പഠനത്തില്‍ ഇതു വാസ്തവമല്ലെന്നു ബോദ്ധ്യപ്പെട്ടു. ഉല്പന്നങ്ങളിലൊന്നും വിഷാംശം കണ്ടെത്താനേ കഴിഞ്ഞില്ല. കീടനാശികളുടെ വില വര്‍ദ്ധനവാണ് കര്‍ഷകര്‍ കീടനാശിനി പ്രയോഗങ്ങളില്‍ നിന്നു പിന്മാറാനുള്ള കാരണങ്ങളിലൊന്ന്. വയനാട്ടിലെ കൃഷിയിടങ്ങളില്‍ കീടബാധ വളരെ കുറഞ്ഞിട്ടുണ്ട്. കീടങ്ങളെ ജൈവകീടങ്ങള്‍ പ്രതിരോധിക്കുന്ന സാഹചര്യം ഉണ്ടായി. ശാസ്ത്രീയ കൃഷിയെന്ന സമീപനം കര്‍ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു’. ലൗലി പറഞ്ഞു.
കൃഷി വകുപ്പധികാരികളുടെ അവകാശവാദം ഇങ്ങിനയൊക്കെയാ ണെങ്കിലും കേരളത്തിലെ നിരത്തുകളിലോടുന്ന പച്ചക്കറി നിറച്ച വാഹനങ്ങള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്ന് വ്യക്തമാക്കുന്നു. അന്യസംസ്ഥാന പച്ചക്കറിപ്പേടിയെ തുടര്‍ന്ന് ചെക്ക് പോസ്റ്റുകളില്‍ കീടനാശിനിയുടെ അളവ് പരിശോധനയ്ക്കായി ഏര്‍പ്പെടുത്തിയ സംവിധാനം ഇപ്പോഴേതായാലും പ്രവര്‍ത്തനസജ്ജമല്ല. വാഹനങ്ങളിലെത്തുന്ന പച്ചക്കറികളില്‍ നിന്നു ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് വിഷാംശം കണ്ടെത്തുകയെന്നായിരുന്നു ലക്ഷ്യം. എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധനാ സംവിധാനം ഒരുക്കുമെന്ന് അധികൃതരുടെ പ്രഖ്യാപനം മാത്രമേ വന്നുള്ളു.
അമിത കീടനാശിനി പ്രയോഗത്തിലൂടെയാണ് പച്ചക്കരികള്‍ ഉത്പാദിപ്പിക്കുന്നതെന്ന ആരോപണം പോലും ഗുണ്ടല്‍പേട്ടയിലെ കര്‍ഷകര്‍ക്കിടയില്‍ ഇതുവരെയത്തിയിട്ടില്ല. തക്കാളി ചെടികള്‍ക്കിടയിലെ പുല്ല് ഉണക്കി കളയാന്‍ കര്‍ഷകര്‍ കീടനാശിനി തളിക്കുന്നത് രഹസ്യമായൊന്നുമല്ല. ഒരാഴ്ചയിടവിട്ട് കീടനാശിനി തളിക്കുമെന്ന് കാബേജ് കര്‍ഷകനായ മാതേവന്‍ പറഞ്ഞു.
പച്ചക്കറികളിലെ കീടനാശി പ്രയോഗത്തെ ചോദ്യത്തിന് ഗുണ്ടല്‍പേട്ട ചന്തയില്‍ കണ്ടെത്തിയ കേരളത്തില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാരനായ സജിയുടെ മറുപടി സത്യസന്ധമായിരുന്നു. ‘എവിടെയാണ് കീടനാശിനി ഉപയോഗിക്കാത്തത്? നമ്മുടെ നാട്ടില്‍ പച്ചക്കറി നടാന്‍ ഇടമുണ്ടോ. എല്ലായിടത്തും കെട്ടിടങ്ങളല്ലേ? മണ്ണ് എല്ലാം നശിച്ചില്ലേ? രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ വിളവുണ്ടാക്കാനുമോ? പാചകത്തിന് മുമ്പ് ചൂടുവെള്ളത്തില്‍ മുക്കിയിടുകയോ ഉപ്പുവെള്ളത്തില്‍ കഴുകുകയോ ചെയ്യാം. അതല്ലാതെ എന്ത് പരിഹാരം? സജി ചോദിക്കുന്നു.