മണ്ണും വെളളവും നഷ്ടമായ പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് പ്രാചീന ഗോത്രവിഭാഗങ്ങളിലൊന്നായ അടിയരുടെ മാവേലിക്കഥ. വനസ്ഥലകളില്‍ സ്വസ്ഥ ജീവിതം നയിച്ചിരുന്ന പൂര്‍വ്വ പിതാക്കളെ ചതിച്ചും വഞ്ചിച്ചും അനാഥരാക്കിയതിന്റെ രോഷവും നോവുമാണ് ഇവരുടെ മാവേലിക്കഥയുടെ മുഖ്യ ഇതിവൃത്തം. ദൈവത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പും പുനരവതാരവുമൊന്നും അടിയരുടെ കഥകളിലില്ല. കളളവും ചതിയുമില്ലാത്ത പോയകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകള്‍ മാത്രം.
‘ഇപ്പോഴും ഞങ്ങളത് അനുഭവിക്കുകയാണ്. മണ്ണ് ഞങ്ങള്‍ക്ക് തിരികെ കിട്ടിയിട്ടില്ല. കാറ്റും മഴയും വെയിലും ഞങ്ങളെ കനിയുന്നില്ല. പൂര്‍വികരനുഭവിച്ച അതേ വ്യഥ തന്നെ ഞങ്ങളിലേക്കും ഒഴുകിയെത്തി. അടിയ സമുദായത്തില്‍ നിന്നുള്ള സുകുമാരന്‍ ചാലിഗദ്ദ പറയുന്നു. ഇവിടെയും കര്‍ണാടകയിലുമായാണ് ഞങ്ങളുടെ ഗോത്രം ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കന്നഡയാണ് മാതൃഭാഷ. ഇപ്പോള്‍ മലയാളവുമൊക്കെയായി ചേര്‍ന്ന് ഒരു പരുവത്തിലായെന്നു മാത്രം.’ അടിയരെക്കുറിച്ചു പഠിക്കുകയും ഗോത്രകലാരൂപമായ ഗദ്ദികയെ അടുത്തറിയുകയും ചെയ്യുന്ന സുകുമാരന്‍ ചാലിഗദ്ദ പറയുന്നു.
“ദേശീയോത്സവമെന്നൊക്കെ അലമുറയിട്ട് നാടിളക്കുന്ന ആഘോഷകാലത്താണ് വയനാട്ടിലെ ആദിവാസികളുടെ ഓണ സങ്കല്പത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരുമ്പെടുന്നത്. പാരമ്പര്യവും പൈതൃകവുമൊക്കെ ചേര്‍ന്നതാണ് ഓണത്തിന്റെ ഐതീഹ്യമെന്നാണിന്നത്തെ പരിഷ്‌കൃത അവകാശവാദങ്ങളിലൊന്ന്. അതില്‍ കഴമ്പില്ലെന്ന ഒറ്റ നോട്ടത്തില്‍ ബോദ്ധ്യമായി. വയനാട്ടിലെ പ്രധാന ആദിവാസി ഗോത്രങ്ങളായ പണിയര്‍, ഊരാളിമാര്‍, കാട്ടുനായ്ക്കര്‍ എന്നിവര്‍ക്കിടയില്‍ ഓണസങ്കല്പങ്ങളൊന്നുമില്ല. തങ്ങളുടെ പൂര്‍വികര്‍ സുന്ദരലോകത്ത് ജീവിച്ചിരുന്നതായി ഇവരെല്ലാം കരുതുന്നുമുണ്ട്. കൊല്ലത്തിന്റെ മുക്കാല്‍പങ്കും മഴയില്‍ കുതിര്‍ന്നിരുന്ന വയനാട്ടില്‍ ചിങ്ങമാസത്തിലെ ഓണനാളുകളില്‍ പുറത്തിറങ്ങാന്‍ കഴിയാറില്ല. അതിനര്‍ത്ഥം പട്ടിണിയെന്നുതന്നെ. ഒന്നും വിളവെടുക്കാനില്ലാത്ത കാലമാണിത്. കുടിയേറ്റക്കാരുടെ വരവോടെയാവണം ഓണത്തെക്കുറിച്ചിവര്‍ കേള്‍ക്കുന്നതു തന്നെ. പിന്നെ അവര്‍ക്കൊപ്പം ആഘോഷവും തുടങ്ങിക്കാണണം,” ആരോഗ്യ പ്രവര്‍ത്തകനായ ടി.പി. ബാബു പറഞ്ഞു.
ഗദ്ദിക ഇവിടെ കാണാം
ഓണഗദ്ദികയെന്ന് കേട്ടതോടെയാണ് ചേകാടിയിലെ കട്ടക്കണ്ടി അടിയക്കോളനിയിലെത്തിയത്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലാണ് അടിയരിലേറെയും കഴിയുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടിയിലുമുണ്ട് കുറച്ചുപേര്‍. കര്‍ണാടകയിലെ മൈസൂര്‍, കുടക് പ്രദേശങ്ങളിലുമുണ്ടിവര്‍. കാടിനെയും നാടിനെയും ആശ്രയിച്ചു കഴിയുന്ന ഇവര്‍ക്കിഷ്ടം മണ്ണിലുളള അധ്വാനമാണ്. കാടും നാടും വേര്‍പെടാത്ത കാലത്ത് സ്വാതന്ത്ര്യം ആസ്വദിച്ചു പൂര്‍വികരെയോര്‍ത്ത് പാരതന്ത്ര്യത്തിന്റെ ദുരിതപര്‍വം ജീവിച്ചു തീര്‍ക്കുകയാണ് അടിയരിന്ന്.
പ്രാണവായുവിനോളം പ്രാധാന്യമുണ്ട് അടിയര്‍ക്ക് ഗദ്ദികയോട്. ദൈവവുമായുള്ള സംവാദമെന്നാണ് ഗദ്ദികയെന്ന കന്നട വാക്കിനര്‍ത്ഥമെന്ന് കട്ടക്കണ്ടി കോളനിയിലെ കന്നലാടി ബാലനും, തങ്കപ്പനും ചാലിഗദ്ദയിലെ സുകുമാരനും വിശദീകരിച്ചു. അടിയരുടെ മുഴുവന്‍ ജീവിതവും ഗദ്ദികയില്‍ അടങ്ങിയിട്ടുണ്ട്. ജനനവും മരണവും രോഗങ്ങളും സന്തോഷവുമെല്ലാം പാട്ടിലൂടെയും പറച്ചിലൂടെയുമാണ് ദൈവത്തോടുള്ള ആശയവിനിമയം. വെളിച്ചപ്പാടാണ് ഇടനിലക്കാരന്‍. മലക്കാരിയും കാളിമലയമ്മയുമാണ് ദൈവങ്ങള്‍. ദൈവം വെളിച്ചപ്പാടിലൂടെ കോളനി മൂപ്പനിലേക്ക് സന്ദേശമെത്തിക്കും. അനുയായികളായ സഹജിവികള്‍ക്ക് ദൈവഹിതം അറിയിക്കുന്ന ഉത്തരവാദിത്വം കന്നലാടി, നാട്ടുകാറെ എന്നിവർക്കാണ് . ഇവര്‍ രണ്ടുപേരുമാണ് കോളനി പ്രമുഖന്മാര്‍.
ഗദ്ദിക മൂന്നു തരമാണ്. പൂജ ഗദ്ദിക, പേയ് ഗദ്ദിക, നാടുഗദ്ദിക എന്നിവയാണവ. പൂജഗദ്ദികയാണൊന്ന്. ക്ഷേമ ഐശ്വര്യങ്ങള്‍ക്കുവേണ്ടി ഊരുകൂട്ടങ്ങള്‍ക്കോ ഊരുകള്‍ക്കോ പൂജ ഗദ്ദിക സമര്‍പ്പിക്കാം. പേയ് ഗദ്ദികയാണ് മറ്റൊന്ന്. രോഗം വന്നാലോ പിശാച് ബാധയേറ്റാലോ പേയ് ഗദ്ദിക നടത്തി പരിഹാരം കണ്ടെത്തുന്നു. ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായും ഗദ്ദിക ഒരുക്കും. ഭാങ്കില്ലു അല്ലെങ്കില്‍ നീറ്റല്ലുരെന്നൊക്കെയാണ് ഈ ഗദ്ദികയെ വിളിക്കുക. പ്രസവത്തിനു തൊട്ടുദിവസം മുമ്പെയാവും ചിലപ്പോഴീ ചടങ്ങ്. വേദനയകറ്റാനും സുഖപ്രസവത്തിനും ലക്ഷ്യമിട്ടുള്ള ഗദ്ദിക രാത്രി പുലരുവോളം നീളും. കളത്തിനു നടുവില്‍ ഗര്‍ഭിണികളെ ഇരുത്തിയാവും ഇവിടെ ഗദ്ദിക. പാട്ടിനൊത്ത് ഗര്‍ഭിണിയായ സ്ത്രീ കാല്‍ക്കൊണ്ട് കളം വരക്കുന്ന ചടങ്ങും ഗദ്ദികയിലുണ്ട്. മരണാനന്തര ചടങ്ങിനും ഗദ്ദികയുണ്ടാവും. ചാത്തിരവും പതിമൂന്‌റും കുട്ടറെയുമെല്ലാം ഗദ്ദിക തന്നെയാണ്.
ഒരു ദേശത്തിന്റെ ആഘോഷമാണ് നാടുഗദ്ദിക. പുരുഷന്മാര്‍ സ്ത്രീവേഷം ധരിച്ച് അടിയക്കുടിലുകളിലെല്ലാം കയറി നാടുഗദ്ദിക അറിയിക്കും. തുടിയും തൊറുവാളിയും (കുഴല്‍) ഇവര്‍ക്കൊപ്പമുണ്ടാകും. മാരിയുടെ പ്രതിനിധിയാണ് സ്ത്രീവേഷധാരികളായ പുരുഷന്മാര്‍. ഊരുകളില്‍ നിന്നു ശേഖരിക്കുന്ന ഭക്ഷണ സാധനങ്ങളുപയോഗിച്ച് എല്ലാവരുമൊന്നു ചേര്‍ന്ന് നാട്ടുഗദ്ദിക ആഘോഷിക്കുന്നു.
ഓണഗദ്ദികയൊക്കെ ഇപ്പോഴാരംഭിച്ച പരിപാടിയാണ്. കോളനിയിലെ എല്ലാവരും ഒന്നുചേര്‍ന്നുള്ള ഓരാഘോഷം. പുതുതലമുറക്ക് ഇതിലൊന്നും വലിയ താല്പര്യമൊന്നുമില്ല. എന്നാലും ദൈവത്തെ ഉപേക്ഷിക്കാനാവുമോ കട്ടക്കണ്ടികോളനിയിലെ കന്നലാടി ബാലന്‍ പറഞ്ഞു. “സങ്കടവും സന്തോഷവുമെല്ലാം ദൈവത്തോടു പറയേണ്ടേ? വേറെയെന്താ വഴി? ഓണത്തിന്റെയന്ന് കോളനിയിലെ എല്ലാ വീട്ടിലും കയറിയിറങ്ങും. വൈകുന്നേരത്തോടെ ഇവിടെയെത്തി ഗദ്ദിക തുടങ്ങും. പിന്നെ പിറ്റേദിവസം പുലരും,” ബാലന്‍ പറഞ്ഞു.