ഒരു കാലത്ത് കോഴിക്കോട്ടെ വാച്ച് മെക്കാനിക്കുകളില്‍ പലരും ജ്യോതിഷം പാരമ്പര്യമായി കൈകാര്യം ചെയ്തിരുന്നവരാണ്. രാശി ചക്രത്തിലെ സമയരഥത്തെ തളയ്കാനാവാതെ, ജാതകം നോക്കി ഭാവി പ്രവചിക്കാനാവാതെ ചിലര്‍ താളം തെറ്റിയ സമയമാപിനിയെ ക്രമപ്പെടുത്തുന്ന വാച്ച് മെക്കാനിക്കുകളായി മാറി.

കോഴിക്കോട്ടെ പ്രമുഖമായ വാച്ച് റിപ്പയിങ് കടകളിലൊന്നിന്റെ ഉടമസ്ഥര്‍ ഗ്രഹചലനങ്ങളുടെ ചലനത്തെപ്പോലെ പ്രധാനമാണ് വാച്ചുകളുടേയും ക്ലോക്കുകളുടേയും ആന്തരിക ചലനങ്ങളെന്നും വിശ്വസിച്ചവരായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ബന്ധുക്കളില്‍ പലരും വാച്ച് മെക്കാനിക്കുകളായിമാറി. കാലചക്രത്തിന്റെ ചലനത്തില്‍ ആ ഭൂരിപക്ഷം ഇല്ലാതെയായി. ഏത് ഗ്രഹാപഹാരമാണ് പരമ്പരാഗത വാച്ച് മെക്കാനിക്കുകളെ ഇല്ലാതാക്കിയത് ? അവരൊക്കെ എവിടെപ്പോയി?കുട്ടിക്കാലത്ത് സമയം ഞങ്ങളുടെ കളിപ്പാട്ടമായിരുന്നു. സമയത്തെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും ഇഷ്ടമുള്ളപ്പോള്‍ എവിടെയെങ്കിലും അതിനെ തളച്ചിട്ടും ഞാനും അനിയനും കുട്ടിക്കാലം ചിലവിട്ടു. അവധിക്കാത്ത് അച്ഛനും അമ്മയും ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്‌റ്റോര്‍ റുമില്‍ അലക്ഷ്യമായി വച്ച ചാക്കുകളിലേതെങ്കിലും തുറന്ന് അതില്‍ നിന്ന് വാച്ചുകളോ ടൈംപീസുകളോ ക്ലോക്കുകളോ പുറത്തെടുക്കും. മിക്കപ്പോഴും ടൈംപീസുകളായിരുന്നു ഞങ്ങളുടെ ഇഷ്ട കളിപ്പാട്ടം. വാച്ചുകള്‍ നിശ്ശബ്ദമായി ചലിക്കുന്നവയാണ്. ക്ലോക്കുകള്‍ അരമണിക്കൂര്‍ ഇടവേളകളില്‍ മാത്രം ശബ്ദം പുറപ്പെടുവിക്കുന്നവയാണ്. എന്നാല്‍ ടൈംപീസുകള്‍ ഇഷ്ടമുള്ളപ്പോഴൊക്കെ മണിമുഴക്കുന്നവയാണ്. അതുകൊണ്ട് എപ്പോഴും ടൈംപീസുകളെ ഞങ്ങള്‍ ആക്രമിച്ചുകൊണ്ടിരുന്നു.

watch, astrologer, kozhikode

യഥാര്‍ത്ഥത്തില്‍ ഇവയൊന്നും കളിപ്പാട്ടങ്ങളേയല്ല. ഇവയൊന്നും കുട്ടികള്‍ തൊടാനും പാടില്ല. എങ്കിലും അവ ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങളായിരുന്നു. അവയെ കളിപ്പാട്ടങ്ങളാക്കിയതിന് അച്ഛനും അമ്മയും വഴക്ക് പറഞ്ഞതുമില്ല. മുപ്പത് വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞുവരുന്നത്. അന്ന് കൈകൊണ്ട് ചാവികൊടുക്കുന്ന വാച്ചുകളാണ് പ്രധാനമായും മാര്‍ക്കറ്റിലുണ്ടായിരുന്നത്. കൈകള്‍ ചലിപ്പിക്കുമ്പോള്‍ വൈന്‍ഡ് ചെയ്യപ്പെടുന്ന ഓട്ടോമാറ്റിക് വാച്ചുകളും വിപണിയിലുണ്ടായിരന്നു. എങ്കിലും അതിന്റെ സാന്നിധ്യം വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കളിപ്പാട്ട ശേഖരത്തില്‍ മിക്കതും വൈന്‍ഡ് ചെയ്യേണ്ട വാച്ചുകളായിരുന്നു. വൈന്‍ഡ് ചെയ്താല്‍ വര്‍ത്തുളാകൃതിയിലുള്ള ലോഹനാട മുറുകും. അത് അയയുന്നതിനെ നിയന്ത്രിച്ചുകൊണ്ടാണ് വാച്ചുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കേടായ വാച്ചുകളും ക്ലോക്കുകളും ടൈംപീസുകളും തുറന്നു നോക്കിക്കൊണ്ടാണ് ഞങ്ങള്‍ ആക്രമണം തുടങ്ങുക. ഇവ തുറക്കാനാവശ്യമായ ഉപകരണങ്ങള്‍ നിറച്ച മറ്റൊരു പെട്ടിയും ഞങ്ങളുടെ ശേഖരത്തിലുണ്ടായിരുന്നു. അവ തുറന്നുകഴിഞ്ഞാല്‍ പലവിധം ലോഹപ്പല്‍ച്ചക്രങ്ങള്‍ പുറത്തുവരും. ഒപ്പം മുറുക്കിവെച്ച സ്പ്രിങ് സീല്‍ക്കാരശബ്ദത്തോടെ പുറത്തേക്ക് തെറിച്ചുവരും. പുറത്തുവരുന്ന പല്‍ച്ചക്രങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കുകയാണ് ഞങ്ങളുടെ വിനോദം. പുറത്തേക്ക് വന്ന ലോഹനാട തിരിച്ച് വെക്കുമ്പോള്‍ പല്‍ച്ചക്രങ്ങള്‍ ആകെ സ്ഥാനം തെറ്റും. പിന്നെ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി വരും. ഈ ലോഹനാട ഒഴിവാക്കി വെച്ച് പൂര്‍വ്വസ്ഥിതിയിലാക്കിയാല്‍ സമയം നമുക്ക് നിയന്ത്രിക്കാം. അതിന് സ്ഥായിയായ നിശ്ചലതയാണ്. സമയം എപ്പോഴും എവിടെയെങ്കിലും തറച്ച് നില്കും. വേണമെങ്കില്‍ പല്‍ച്ചക്രങ്ങള്‍ തിരിച്ചുകൊണ്ട് അതിനെ മുന്നോട്ട് നീക്കാം. പിന്നോട്ട് നീക്കാം. എത്രവേഗത്തില്‍ വേണമെങ്കിലും എത്ര പതിയെ വേണമെങ്കിലും സമയത്തെ ചലിപ്പിക്കാം. സമയം കൊണ്ട് കളിക്കാം.

praveen, watch, vishnuram

അഴുക്കുപുരണ്ട മരച്ചട്ടക്കൂടുനുള്ളില്‍ ഗ്ലാസുവെച്ച് മൂന്നുഭാഗം മറച്ച ചില്ലുകൂട്ടിലായിരുന്നു വാച്ച് മെക്കാനിക്കുകള്‍ ഇരുന്നത്. പല്‍ച്ചക്രങ്ങളും മറ്റും തെറിച്ചുപോകാതിരിക്കാനും കാറ്റടിച്ച് അവ പറന്നുപോകാതിരിക്കാനുമാണ് അവര്‍ ആ കുട്ടിനുള്ളിലിരിക്കുന്നത്. ഒരു കണ്ണില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച ഐ-ഗ്ലാസ് വച്ച് തലകുനിച്ചിരിക്കുന്ന വാച്ച് മെക്കാനിക്കുമാരെ കടയിലെ മറ്റ് ജോലിക്കാര്‍ ബഹുമാനിച്ചിരുന്നു. അവര്‍ക്ക് കുറഞ്ഞ വേതനമേ കൊടുത്തിരുന്നുള്ളൂ എങ്കിലും കടയുടമകളും ബഹുമാനിച്ചിരുന്നു. കാരണം അയാളെ പലര്‍ക്കും ആവശ്യമുണ്ടായിരുന്നു. നാലാളുകള്‍ കൂടുന്നിടത്ത് വാച്ച് മെക്കാനിക്കുകളെ കണ്ടാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടാവും. കല്യാണവീട്ടിലും മറ്റും വച്ച് ആരെങ്കിലും കൈയ്യിലുള്ള വാച്ച് മെക്കാനിക്കിന്റെ കൈയ്യില്‍ ഊരിക്കൊടുത്തുകൊണ്ട് ചുറ്റിലും നോക്കി ഒരു ചോദ്യം ചോദിക്കും.

”ഈ വാച്ചെങ്ങനെ, കണ്ടീഷനാണോ?”

വാച്ച് മെക്കാനിക്ക് അത് തിരിച്ചു മറിച്ചും നോക്കി ഒന്ന് കുലുക്കി നോക്കിക്കൊക്കും. പിന്നെ ഒരല്പസമയം ചെവയോടടുപ്പിച്ച് വച്ച് പല്‍ച്ചക്രങ്ങളുടെ ശബ്ദത്തിന് കാതോര്‍ക്കും.
”കുഴപ്പമില്ല. സൂക്ഷിച്ച് ഉപയോഗിക്കണം. വെള്ളം നനയ്കരുത്.”
മെക്കാനിക്ക് തിരിച്ചുകൊടുക്കുന്നതിനിടയില്‍ പറയും.

”ഗള്‍ഫീന്ന് അളിയന്‍ കൊണ്ടോന്നതാ. ”
വാച്ച് തിരിച്ചു കെട്ടുന്നതിനിടയില്‍ അതിന്റെ ഉടമസ്ഥന്‍ ചുറ്റുമുള്ളവരെ നോക്കി ചിരിച്ചുകൊണ്ട് അഭിമാനത്തോടെ പറയും.

വാച്ച് ഒരു അഭിമാനമായിരുന്നു. വിലപിടിപ്പുള്ള വാച്ചുകള്‍ പലതുണ്ടായിട്ടും RADO പോലെ തടിച്ചുരുണ്ട് കൈത്തണ്ടപോലെ മുഴുത്തുനില്കുന്ന വാച്ചിന് ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ഏറെ കിട്ടുമായിരുന്നു. വാച്ചിന്റെ ബ്രാൻഡുകളപ്പറ്റിയും അതിന്റെ ഗുണമേന്മയെപ്പറ്റിയും ആളുകള്‍ വാച്ച് മെക്കാനിക്കുകളോട് ചോദിക്കും. മെക്കാനിക്ക് എവിടെയും അംഗീകരിക്കപ്പെട്ടിരുന്നു. വാച്ച് മെക്കാനിക്കുകളെ കാണുമ്പോഴൊക്കെ വാച്ച് കെട്ടുന്നവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

”എന്റെ വാച്ച് സ്ലോ ആണ്. ദിവസത്തില്‍ അഞ്ച് മിനുറ്റെങ്കിലും പിന്നോട്ടുപോകും. അതിനെന്താ ചെയ്യാ?”

”അഴിച്ച് നോക്കേണ്ടി വരും. ഈ പരിപാടിയൊക്കെ കഴിഞ്ഞ് കടയിലേക്ക് വാ. ”
മെക്കാനിക്ക് സ്ഥിരമായി ഐ-ഗ്ലാസ് വെക്കുന്നതുകൊണ്ട കാഴ്ചമങ്ങിത്തുടങ്ങിയ ഒരു കണ്ണ് ഒരല്പം ഇറുക്കിവച്ച് മറുകണ്ണുകൊണ്ട് സാധാരണപോലെ നോക്കി ആളുകളോട് മറുപടി പറയും. തല നരച്ച വാച്ച് മെക്കാനിക്കുകളെക്കൊണ്ടേ വിലകൂടിയ വാച്ചുകള്‍ തുറക്കാന്‍ സമ്മതിക്കൂ. അത്രക്ക് പരിചയം അതിന് വേണം. അതുകൊണ്ട് പ്രായം കൂടുന്തോറും അവരുടെ നിലയും വിലയും കൂടിക്കൊണ്ടിരുന്നു.

praveen chandran.vishnuram. watch

സ്വയം വൈന്‍ഡ് ചെയ്യുന്ന ഓട്ടോമാറ്റിക് വാച്ചുകള്‍ വിപണി കീഴടക്കുന്നതിന് മുമ്പേ ക്വാര്‍ട്‌സ് വാച്ചുകള്‍ മാര്‍ക്കറ്റിലെത്തിത്തുടങ്ങി. ക്വാര്‍ട്‌സ് വാച്ചുകള്‍ ലളിതമാണ്. ഇലക്ട്രിക് ചാര്‍ജ് ഉപയോഗിച്ച് പള്‍സ് പുറപ്പെടുവിക്കുന്ന ക്വാര്‍ട്‌സ് എന്ന പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ലളിതമായി നിര്‍മ്മിതി. ഒരു കമ്പിച്ചുരുളും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡും ബാറ്ററിയും ഏതാനും പ്ലാസ്റ്റിക് പല്‍ച്ചക്രങ്ങളുമുള്ള യന്ത്രം.അതില്‍ ഒന്നും നന്നാക്കാനില്ല. കേടുവന്നാല്‍ ഇവയിലേതെങ്കിലും മാറ്റേണ്ടി വരും. അത്ര തന്നെ. അതിന് പ്രായവും പരിചയവും വേണ്ട. സൂക്ഷമത വേണ്ട. വാച്ച് മെക്കാനിക്കിനെപോലും വേണ്ട.

വിലകുറഞ്ഞ, സ്ലോയോ ഫാസ്റ്റോ അല്ലാത്ത, കൃത്യതയുള്ള, കനം കുറഞ്ഞ, നിത്യവും വൈന്‍ഡ് ചെയ്യേണ്ടാത്ത, മനോഹരമായ ഇലക്ട്രോണിക് വാച്ചുകള്‍ അതിവേഗം വിപണിയെ കീഴടക്കി. ഒരു വെള്ളപ്പൊക്കം പോലെ ഇലക്ട്രോണിക് വാച്ചുകള്‍ മറ്റെല്ലാ മെക്കാനിക്കല്‍ വാച്ചുകളുടെയും “സമയം” തിരുത്തിക്കുറിച്ചു, കൈത്തണ്ടകളിലെ രക്തയോട്ടത്തിന്റെ ചൂട് നഷ്ടമായതോടെ അവ മിടിപ്പ് നിലച്ച് നിശ്ചലമായി. ആളുകള്‍ കടകളില്‍ നന്നാക്കാന്‍ ഏല്‍പ്പിച്ച വാച്ചുകളും ക്ലോക്കുകളും ടൈപീസുകളും തിരിച്ചെടുക്കാന്‍ വരാതായി. നന്നാക്കാന്‍ മുടക്കിയ ചെവലും അദ്ധ്വാനവും വെറുതെയായി വാച്ച് മെക്കാനിക്കുകള്‍ സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ ആളുകളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ആരും തിരിച്ചു വന്നില്ല. നന്നാക്കിയവും അല്ലാത്തതുമായി അനേകം വാച്ചുകളും മറ്റും ചാക്കുകെട്ടുകളിലേക്കും പിന്നെയത് സ്റ്റോര്‍മുറികളിലേക്കും മാറ്റി. എന്നെങ്കിലും ആരെങ്കിലും അവ തിരിച്ചു ചോദിച്ചു വന്നെങ്കിലോ എന്ന് കരുതി അവ എന്നെന്നോക്കുമായി സൂക്ഷിച്ചു വെച്ചു. പ്രായം ചെന്ന മെക്കാനിക്കുകള്‍ക്ക് പകരം ഇലക്ടോണിക് വാച്ചുകള്‍ നന്നാക്കാനറിയാവുന്ന ചെറുപ്പക്കാര്‍ വാച്ചുകടകളില്‍ ജോലിക്കാരായെത്തി. പഴയവ സാവധാനം ഞങ്ങള്‍, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളായി. ഞങ്ങളവ തുറന്നു നോക്കിയും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചും ഉപയോഗശൂന്യമാക്കിക്കൊണ്ടിരുന്നു. അവസാനം വര്‍ഷങ്ങള്‍ക്ക് ശേഷം അവ കളിക്കാന്‍ പോലും ആളില്ലാതായപ്പോള്‍ ചാക്കുകെട്ടുകള്‍ ലോഹവിലക്ക് തൂക്കിവിറ്റ് സ്ഥലമൊഴിവാക്കി.

watch, vishnuram, praveen

ഇലക്ട്രോണിക് യുഗത്തിലേക്ക് മാറാനാവാത്ത വാച്ച് മെക്കാനിക്കുകള്‍ ആര്‍ക്കും വേണ്ടാത്തവരായി. അവരുടെ ജീവിത പരിചയം ഭാരം മാത്രമായി. ഐ-ഗ്ലാസിനുള്ളിലൂടെയുള്ള നിരന്തരമായ നോട്ടം ഒരു കണ്ണിനെ ഉപയോഗശൂന്യമാക്കി. സമയം അവര്‍ക്ക് മുകളിലൂടെ ഒഴുകിയൊലിക്കുമ്പോള്‍ അവര്‍ മറ്റേതോ സമയത്തില്‍ നിലച്ചുപോയ ജീവിതങ്ങളായി മാറി.

കോഴിക്കോട് ബി.എസ്.എന്‍.എല്ലിൽ സബ് ഡിവിഷണല്‍ എഞ്ചിനീയറായ ലേഖകൻ കഥാകൃത്തും നോവലിസ്റ്റുമാണ്. മലയാളിക്ക് ​അധികം പരിചയമില്ലാത്ത വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി മലയാളത്തിലെ ആദ്യനോവലായ “അപൂർണതയുടെ ​ഒരുപുസ്തകം”  ശ്രദ്ധേയമായ രചന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook