കോഴിക്കോടിനെ നന്മയുടെ തുറമുഖമാക്കിയതിൽ സാമൂതിരി രാജവംശത്തിനുള്ള പങ്ക് ഏറാൾപ്പാടിന്‍റെ ഭരണി കഥയിലൂടെ സ്ഥാപിക്കാവുന്നതേയുള്ളൂ. നൂറ്റാണ്ടുകൾക്ക് മുന്‍പ് ‘മസ്‌ക്കത്ത്തിയ’ എന്ന ഇന്നത്തെ മസ്‌കറ്റിലെ ഒരു പ്രമുഖ വ്യാപാരി തന്‍റെ സ്വത്ത് ഭാഗിച്ചതിനു ശേഷം തന്‍റെ മക്കളെ ലോകത്തിന്‍റെ രണ്ട് ദിക്കിലേയ്ക്ക് പറഞ്ഞയക്കുന്നു. അതിൽ ഒരു മകൻ മലബാറിലാണ് എത്തി ചേരുന്നത്. അദ്ദേഹം തന്‍റെ പക്കലുള്ള സ്വർണ്ണം നിറച്ച ഭരണികൾ വിവിധ നാടുവാഴികളുടെയും നാട്ടുരാജാക്കന്മാരുടെയും പക്കൽ ഏൽപ്പിച്ചു.

“ഇതിൽ കുറച്ച് അച്ചാറാണ്. കൊണ്ട് പോകാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഇതിവിടെ സൂക്ഷിച്ച് കൊള്ളൂ.  അടുത്ത വർഷം ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം” എന്നും പറഞ്ഞു പോകുന്നു. ഒരു വർഷത്തിന് ശേഷം തിരിച്ചു വന്ന വ്യാപാരിക്ക് എല്ലാ ഭരണികളിലും പല വിധത്തിലുമുള്ള അച്ചാറുകൾ ലഭിക്കുന്നു. ഒരു ഭരണിയൊഴികെ – കോഴിക്കോട്ടെ ഏറാൾപ്പാട് എന്ന സാമൂതിരി രാജാവിന്‍റെ ഭരണിയിൽ മാത്രം താൻ കൊടുത്തിട്ടു പോയ സ്വർണ്ണം അത് പോലെയിരിക്കുന്നു. കാരണം തിരക്കിയപ്പോൾ സാമൂതിരി പറയുന്നു “എന്‍റെ തുറമുഖം സത്യത്തിന്‍റെയാണ്. നന്മയുടെയും.” കോഴിക്കോട് എന്ന തുറമുഖത്തിന്‍റെ വിശ്വാസ്യത പിന്നീട് ഈ വ്യാപാരിയുടെയും അദ്ദേഹം പോകുന്ന രാജ്യങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും കച്ചവടത്തിലൂടെയും പരക്കുകയാണ്.

“യഥാ രാജാ തഥാ പ്രജാ” എന്നുള്ള ചൊല്ലിനെ പരിപൂർണ്ണമായി അർത്ഥവത്താക്കുന്ന വളരെ പരിമിതമായ നാടുവാഴികളും നാട്ടുരാജ്യങ്ങളുമേ ചരിത്രത്തിന് നൽകാനുള്ളൂ. അതിൽ സംശയഭേദമന്യേ കോഴിക്കോട് തലയുയർത്തി തന്നെയാണ് നിൽക്കുന്നത്. സാമൂതിരി എന്ന രാജകുടുംബം നടപ്പിലാക്കിയ, പാലിച്ചു പോന്ന മത-വർഗ്ഗ-പ്രാദേശിക മൈത്രീ (വ്യാപാരത്തിൽ പ്രത്യേകിച്ച്) നിയമങ്ങൾ ഇന്നും കോഴിക്കോടിന്‍റെ മുഖമുദ്രയായി തുടരുന്നു. മലബാറിനെ ഒരുമിച്ച് നിർത്തുന്ന വികാരങ്ങളിൽ മുന്നിട്ട് നിൽക്കുന്നതാണ് ഭക്ഷണം. മലബാറികളെ കുറിച്ച് പൊതുവായി പറയുന്ന ഒരു ചൊല്ലുണ്ട്. “നമ്മള് കഴിച്ച് കൊണ്ടിരിക്കുകയല്ലെങ്കിൽ, ഇനിയെന്ത് തിന്നണം എന്ന ആലോചനയിൽ ആയിരിക്കും”.

aysha mahmood, kozhikode,food,ofir fest

മസാല മണമുള്ള മലബാറിന്‍റെ തീരങ്ങൾ തേടി ലോകം വന്നു. നങ്കൂരമിട്ട നമ്മുടെ തുറമുഖം പോലെ മലബാറിലെ ബിരിയാണിയും പത്തിരിയും ഹലുവയും തേടി ഇന്നും ഭക്ഷണപ്രിയർ മലബാറിലെത്തുന്നുണ്ട്. പക്ഷെ കോഴിക്കോട്ടുകാരോട് ചോദിച്ചാൽ അവരുടെ ഭക്ഷണ കഥകളിലെ മെഹബിൽ മേശ നിറയുന്ന, നിറയ്ക്കുന്ന വിഭവങ്ങൾ വീടിന്‍റെ മതിലുകളുടെ മുകളിലൂടെ അയൽപക്കക്കാരും സുഹൃത്തുക്കളും കൊടുത്തയച്ച ചുണ്ടലും ബാഫഖി പോളിയും ദബേലിയും സന്നാസും ബോൾ കറിയും ഒക്കെയാണ്. ആ മതിലുകളിൽ ഇരുന്നു കഥ പറയുകയാണ് ഒഫീർ ചെയ്യുന്നത്.

ഒഫീർ എന്നാൽ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സ്വപ്നതുല്യമായ മലബാറിലെ ഒരു തുറമുഖമാണ്. സോളമൻ രാജാവിന്‍റെ രാജ്യത്തേക്ക് മയിലും ആനയും സുഗന്ധവ്യഞ്ജനങ്ങളും ആനക്കൊമ്പും പുളിയും തേക്കും ഒക്കെ കയറ്റിയയച്ച ഒഫീർ. ലോകം വന്നു കൂടി നിന്ന് വ്യവഹരിച്ച് കഥകളും ചരക്കും ആയി പലദിക്കിലേക്കും പിരിഞ്ഞ തുറമുഖം – ഒഫീർ.

അറബികൾ കൊണ്ട് തന്ന ഫതീരയും ഹരീസയും നമ്മളെ പത്തിരിയും അലീസയുമാക്കിയ നഗരം. യെമനിലെ സുലൈമാനിയ്യ ബോറമാരുടെ കൂടെ വന്ന സുലൈമാനി മലബാറിന്‍റെ അമൃതമാക്കി മാറ്റിയ നഗരം.  ഡച്ചുകാരുടെ റോസ് കുക്കി അച്ചപ്പം ആയും പോർച്ചുഗീസുകാരുടെ ഫിഷ് മോളിയും കപ്പയും സ്വന്തമാക്കിയ നഗരം.

aysha mahmood, kozhikode,food,ofir fest

ഒഫീർ എന്നത് ഒരു കൂട്ടം കോഴിക്കോട് പ്രേമികളുടെ സംരംഭമാണ്. ബുട്ടീക്ക് ഉടമയായ നാനാ മുഹമ്മദ്, ഇന്റീരിയർ ഡിസൈനർ നസീബ് മഹ്മൂദ്, ക്വന്റിറ്റി സർവേയർ വിക്രം ചന്ദ്രശേഖർ, ഹോട്ടലിയർ ശാഫീ അഹമ്മദ്, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കെ സജീവ് കുമാർ, ഇവന്റ് മാനേജർ അഫ്താബ് ഷൗക്കത്ത്, കോളമിസ്റ്റ് ആയിഷ മഹ്‌മൂദ് എന്നിങ്ങനെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വരുന്നവരാണ് ഇവർ, ഭക്ഷണത്തെ മാധ്യമമാക്കി.

കോഴിക്കോട് നൂറ്റാണ്ടുകളായി താമസിച്ച് വരുന്ന സമുദായങ്ങളെയും അവരുടെ തനതായ ഭക്ഷണ വിഭവങ്ങളെയും കഥകളും ശേഖരിച്ചു കോഴിക്കോടിന്‍റെ ചരിത്രലിഖിതങ്ങളിൽ ഇടം നൽകുക എന്ന ഉദ്ദേശ്യം ഇതിൽ മുന്നിട്ട് നിൽക്കുന്നു. പല നഷ്ട വിഭവങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ട കഥകളും പാരമ്പര്യ ചടങ്ങുകളും പൂർണ്ണമായും നഷ്ടപ്പെട്ട് പോകുന്നതിനു മുൻപായി അവയെ രേഖപ്പെടുത്തി വെക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുകന്നതോടെ ആയിരുന്നു ഒഫീർ പൂർണ്ണതയിൽ എത്തുന്നത്.

ഫെബ്രുവരി എട്ട് മുതൽ 11 വരെ നീണ്ടു നിൽക്കുന്ന ഒഫീർ ഫെസ്റ്റിൽ പതിനഞ്ചോളം സമുദായങ്ങൾ – ആംഗ്ലോ ഇന്ത്യൻ, ബോഹ്റ, ബട്ട്കലി, ഗുജറാത്തി, സാരസ്വത് ഗൗഡ കൊങ്കിണി, ഗോവൻ കൊങ്കിണി, സിന്ധി, മറാത്തി, പണിയ, തിയ്യ, മാപ്പിള, പത്താണി, സുറിയാനി, മാർവാഡി, അയ്യർ ബ്രാഹ്മിൻ എന്നിവർ ഭക്ഷണ സ്റ്റാളുകൾ നയിക്കും.  കൂടാതെ ബീച്ച് റോഡിലെ ആസ്പിൻ കോർട്ട് യാഡിൽ   പ്രൊഫ. എൻ പി ഹാഫിസ് മുഹമ്മദ്, രഞ്ജിനി മേനോൻ, ദലിത് ചിന്തകൻ സണ്ണി കപിക്കാട്, ഗായകനും കലാചരിത്ര ചിന്തകനും ആയ വി.ടി മുരളി എന്നിവരും സെമിനാറും ചർച്ചകളും നയിക്കുന്നു. എല്ലാ ദിവസവും രാത്രി വിവിധ കലാപരിപാടികളും നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook