കുറവിലങ്ങാട്: യേശു ക്രിസ്തുവിന്റെ ചിത്രം കാവൽ നിൽക്കുന്ന, മുകളില്‍ നിശബ്ദമായി ഫാനുകള്‍ കറങ്ങുന്ന കത്തോലിക്കാ മഠങ്ങളുടെ സ്വീകരണ മുറികളിലാണ് ഈ കഥകള്‍ പറയപ്പെടുന്നത്. പള്ളി മുറികളിലെ വെള്ളിവെളിച്ചത്തിന്റെ, മഠങ്ങളുടെ അടുക്കളയിലെ ഇന്‍സ്റ്റന്റ് കോഫികളുടെ സാന്നിദ്ധ്യത്തില്‍ പങ്കു വയ്ക്കപ്പെടുന്നവ. ഒതുക്കത്തില്‍, നിര്‍ത്തി നിര്‍ത്തിയാണു അവ പറയപ്പെടുന്നത്. മന്ത്രിക്കുന്നത് പോലെയാണ് ചിലപ്പോഴൊക്കെ കന്യാസ്ത്രീകള്‍ സംസാരിക്കുന്നത്.
തങ്ങളുടെ കിടപ്പുമുറികളിലേയ്ക്കു തള്ളിക്കയറി വരുകയും, അടുത്ത സൗഹൃദങ്ങളെ ലൈംഗിക ബന്ധങ്ങളാക്കി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന പുരോഹിതന്മാരെക്കുറിച്ച് ഇന്ത്യയിലെമ്പാടുമുള്ള കന്യാസ്ത്രീകള്‍ സംസാരിക്കുന്നു. യേശു ക്രിസ്തുവിന്റെ പ്രതിരൂപങ്ങളെന്ന് തങ്ങളെ വിശ്വസിക്കാന്‍ പഠിപ്പിച്ച പുരുഷന്മാരാല്‍ കടന്നു പിടിക്കപ്പെട്ടത്തിന്റെയും ചുംബിക്കപ്പെട്ടതിന്റെയും അവരുടെ ലൈംഗികചേഷ്ടകള്‍ നേരിടേണ്ടി വന്നതിന്റെയും കഥകള്‍ പങ്കു വയ്ക്കുന്നു.
”അയാള്‍ മദ്യപിച്ചിരുന്നു,” ഒരു കന്യാസ്ത്രീ തന്റെ കഥ പറഞ്ഞു തുടങ്ങി. ”അരുതെന്നു പറയേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു,” എന്ന് മറ്റൊരു കന്യാസ്ത്രീയും.
Read More: ‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ
നിരന്തരമായ ബലാത്സംഗങ്ങളെക്കുറിച്ചും തങ്ങളെ സംരക്ഷിക്കുവാനായി ഒന്നും ചെയ്യാത്ത കത്തോലിക്കാ ഭരണാധികാരവൃന്ദത്തെക്കുറിച്ചുമുള്ള അതിഭീകര കഥകള്‍ കന്യാസ്ത്രീകള്‍ വെളിപ്പെടുത്തുന്നു.
ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കന്യാസ്ത്രീകള്‍, ബിഷപ്പുമാരുടെയും മറ്റു പുരോഹിതന്മാരുടെയും ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നുണ്ടെന്ന വസ്തുത ഏറെക്കാലമായി വത്തിക്കാന് അറിവുള്ളതാണെന്നും, എന്നാല്‍ അതവസാനിപ്പിക്കാന്‍ അവരുടെ ഭാഗത്തു നിന്നും കാര്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും അസോസിയേറ്റഡ് പ്രസ്സ് (എ പി) കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍, ഇന്ത്യയിലെ സാഹചര്യങ്ങള്‍ മാത്രം അന്വേഷണവിധേയമാക്കുകയും സഭയുടെ സംവിധാനത്തിനുള്ളില്‍ നിന്നു കന്യാസ്ത്രീകള്‍ ദശകങ്ങളായി നേരിടുന്ന ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്തു കൊണ്ടു വരികയും ചെയ്തിരിക്കുകയാണ് എ പി. പുരോഹിതരില്‍ നിന്നും സഹിക്കേണ്ടി വന്നിട്ടുള്ള ലൈംഗികസമ്മര്‍ദ്ദത്തിന്റെ വിശദമായ കഥകള്‍ കന്യാസ്ത്രീകള്‍ വിവരിച്ചു. അതു പോലെ – കന്യാസ്ത്രീകള്‍, കന്യാസ്ത്രീകളും പുരോഹിതരുമായിരുന്നവര്‍, മറ്റുള്ളവര്‍ – എന്നിങ്ങനെ ഇരുപതില്‍ കൂടുതല്‍ പേര്‍ ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള നേരിട്ടറിയാമെന്നു സമ്മതിക്കുകയും ചെയ്തു.
എങ്കിലും ഇന്ത്യയിലെ ഈ പ്രശ്‌നങ്ങളുടെ തോത് എത്രയെന്ന് ഇപ്പോളും വ്യക്തമല്ല. ശക്തമായ നിശബ്ദതയുടെ സംസ്‌കാരത്തില്‍ ആവരണം ചെയ്യപ്പെട്ട് അത് അവ്യക്തമായി തുടരുന്നു. ലൈംഗിക ചൂഷണം സര്‍വ്വ സാധാരണയാണ് എന്ന് കന്യാസ്ത്രീകള്‍ വിശ്വസിക്കുന്നുണ്ട്. പുരോഹിതന്‍മാരുടെ ലൈംഗികാഭ്യര്‍ത്ഥകളില്‍ ഇന്നും ഒഴിഞ്ഞു മാറിയ കഥകളെങ്കിലും മിക്കവര്‍ക്കും പറയാനുണ്ടാകും എന്നും അവര്‍ക്കറിയാം. എങ്കിലും ആരും തന്നെ ഇതിനെപ്പറ്റി പൂര്‍ണ്ണമനസ്സോടെ, പെട്ടെന്ന് സംസാരിക്കാന്‍ സന്നദ്ധരായില്ല. മാത്രമല്ല, സംസാരിച്ചവരില്‍ പലരും തങ്ങളുടെ ‘ഐഡെൻറ്ററ്റി’ വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണു സംസാരിച്ചതും.
Read More: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീയുടെ ആരോപണങ്ങൾ ഗുരുതരം, കത്ത് പുറത്ത്
പക്ഷേ ഈ കഴിഞ്ഞ വേനല്‍ക്കാലത്ത്, ഒരു കന്യാസ്ത്രീ ഈ പ്രശ്‌നം പരസ്യമായി ലോകത്തിനു മുന്നില്‍ തുറന്നു വച്ചു.
സഭാധികാരികള്‍ക്കു നിരന്തരം നല്‍കിയ പരാതികള്‍ വിഫലമായതിനെത്തുടര്‍ന്ന്, 44കാരിയായ കന്യാസ്ത്രീ രണ്ടു വര്‍ഷത്തെ കാലയളവില്‍ സഭാപദവിയില്‍ തന്നെക്കാള്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന ബിഷപ്പ്, തന്നെ 13 പ്രാവശ്യം ബലാത്സംഗത്തിനു വിധേയയാക്കിയതായി പോലീസില്‍ പരാതി നല്‍കി. അതിനു തൊട്ടു പിന്നാലെ അവരുടെ സഹപ്രവര്‍ത്തകരായ ഒരു സംഘം കന്യാസ്ത്രീകള്‍, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യയുടെ കത്തോലിക്കാ ഹൃദയഭൂമിയായ ആയ കേരളത്തില്‍ പരസ്യ പ്രക്ഷോഭത്തിനിറങ്ങി.
ഇന്ത്യയിലെ കാത്തോലിക്കാ സമൂഹത്തെ തന്നെ രണ്ടായി വിഭജിക്കുന്ന ആ നടപടി, ഇതു വരെയുണ്ടാകാത്ത തരത്തില്‍പ്പെട്ടതായിരുന്നു. ഇതേത്തുടര്‍ന്ന് കേരളത്തിലെ മഠത്തില്‍, തുറന്നു പറച്ചിലിന് തയ്യാറായ കന്യാസ്ത്രീയ്ക്കും അവരെ പിന്തുണച്ച സഹപ്രവര്‍ത്തകര്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. ബിഷപ്പ് നിരപരാധിയാണെന്നു ഊന്നിപ്പറഞ്ഞ കൂട്ടം അവരെ ഒറ്റപ്പെടുത്തി. ബിഷപ്പിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകള്‍ക്ക് ‘ഹേറ്റ് മെയിലുകള്‍’ വന്നു തുടങ്ങി, അവര്‍ പുറത്തിറങ്ങാതെയായി.
“ഞങ്ങള്‍ പള്ളിയ്ക്കെതിരാണ് എന്നും പള്ളിയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നുമാണു ചിലര്‍ ആരോപിക്കുന്നത്, നിങ്ങള്‍ ചെകുത്താനെ ആരാധിക്കുന്നു എന്നും അവര്‍ ഞങ്ങളോടു പറയുന്നു,” പരാതിക്കാരിയെ പിന്തുണയ്ക്കുന്ന സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍ പറയുന്നു. ”പക്ഷേ ഞങ്ങള്‍ക്കു സത്യത്തിനായി നില കൊള്ളേണ്ടതുണ്ട്.”
കൗമാരപ്രായത്തില്‍ മഠത്തില്‍ ചേര്‍ന്ന ജോസഫൈന്‍ 23 വര്‍ഷമായി കന്യാസ്ത്രീയാണ്. താന്‍ പള്ളിയെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ അവര്‍ പുച്ഛത്തോടെ അവഗണിക്കുന്നു.
”ഞങ്ങള്‍ക്ക് കന്യാസ്ത്രീകളായി തന്നെ മരിക്കണം,” അവര്‍ പറഞ്ഞു.
ചില കന്യാസ്ത്രീകള്‍ ദശകങ്ങള്‍ക്കു മുന്‍പുള്ള കഥകളാണ് വിവരിക്കുന്നത് – 1990കളുടെ തുടക്കത്തില്‍ ഒരു കത്തോലിക്കാ സ്‌കൂളില്‍ അധ്യാപികയായിരുന്ന, കൗമാരം പിന്നിട്ട കന്യാസ്ത്രീയുടെ കഥ അവയിലൊന്നാണ്.
വളരെ തളര്‍ത്തുന്നൊരു ജോലിയായിരുന്നു അത്. അതിനിടയിലും അവര്‍ കാത്തിരുന്നത് കോണ്‍വെന്റ് ജീവിതത്തിലേക്ക് സന്തോഷത്തോടെ കാലെടുത്തു വയ്ക്കാന്‍ തുടങ്ങുന്ന തന്റെ ആത്മാന്വേഷണങ്ങളെ മുന്‍നിര്‍ത്തി നടക്കാന്‍ പോകുന്ന ധ്യാനത്തെക്കുറിച്ചാണ്.
”സഭാ അനുഷ്‌ഠാനങ്ങള്‍ തുടങ്ങുന്നതിനു മുന്പ്, ധ്യാനം പോലെയൊരു പരിപാടിയുണ്ടായിരുന്നു,” തിരക്കുള്ള വന്‍ നഗരത്തിലെ തന്‍റെ പുതിയ മഠത്തിന്റെ വേദനജനിപ്പിക്കും വിധം അലംകൃതമായ സ്വീകരണമുറിയിലിരുന്ന് അവര്‍ പറഞ്ഞു.”ഒരാഴ്ച അവധിയെടുത്ത് ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും മൗനവ്രതത്തിനുമായി പോകണം.”
ന്യൂഡല്‍ഹിയിലെ ഒരു ധ്യാനകേന്ദ്രത്തിലേയ്ക്കാണവര്‍ പോയത്. അവിടെ മറ്റു യുവ കന്യാസ്ത്രീകളോടൊപ്പം അവരും ചേര്‍ന്നു. ധ്യാനം നയിക്കുന്നതിനായി ഒരു വൈദികനും അവിടെയുണ്ടായിരുന്നു.
ഈ അന്വേഷണത്തില്‍ സംസാരിച്ച മറ്റുള്ളവരെപ്പോലെ തന്നെ, ഈ കന്യാസ്ത്രീയും തന്റെ പേരു വിവരങ്ങള്‍ വെളിപെടുത്തരുതെന്നുള്ള ഉപാധി വച്ചിരുന്നു. ഇന്ത്യയിലെ ദരിദ്രരും ആലംബഹീനരുമായവരുടെ ഇടയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന, വളരെ ശക്തയും പ്രബലയുമായ അവര്‍ പക്ഷേ ആ ‘റിട്രീറ്റി’നെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആളൊഴിഞ്ഞ ആ മുറിയിലും, താന്‍ പറയുന്നതു ആരെങ്കിലും കേള്‍ക്കുമെന്ന ഭയത്തിലെന്ന പോലെ അവരുടെ ശബ്ദം നേര്‍ത്തു വന്നു.
അറുപത് വയസിന് മുകളിലായിരുന്നു അയാളുടെ പ്രായം. അവര്‍ തന്റെ ഇരുപതുകളിലും. ഒരു രാത്രിയില്‍, അടുത്തൊരിടത്ത് വിരുന്നിനു പോയ വൈദികന്‍ വൈകിയാണു വന്നത്, രാത്രി 9.30 നു അയാള്‍ വന്നു വാതിലില്‍ മുട്ടി.
”എനിക്കു നിന്നെ കാണണം,” അവള്‍ കതകു തുറന്നപ്പോള്‍ അയാള്‍ പറഞ്ഞു. ആത്മീയ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണയാള്‍ ആവശ്യപ്പെട്ടത്. മദ്യത്തിന്റെ മണം അവര്‍ മനസ്സിലാക്കി.
”നിങ്ങള്‍ സമനിലയിലല്ല, ഇപ്പോള്‍ സംസാരിക്കാന്‍ താന്‍ തയാറല്ല,” അവള്‍ പറഞ്ഞു.
പക്ഷേ വൈദികന്‍ കതകു തള്ളിത്തുറന്നു, കടന്നു പിടിച്ച് ചുംബിക്കുവാന്‍ ശ്രമിച്ചു. അവളുടെ ശരീരത്തെ ആസകലമുഴിയുവാന്‍ ശ്രമിച്ചു.
കരഞ്ഞു കൊണ്ട് അയാളെ തള്ളിമാറ്റി അവള്‍ വാതിലടച്ചു.
അതൊരു ബലാത്സംഗമായിരുന്നില്ല. പക്ഷേ അതെത്രത്തോളം ഭീകരമാകാമെന്ന് അവര്‍ മനസ്സിലാക്കുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ഓര്‍മ്മ ശക്തയായ ആ സ്ത്രീയെ കൗമാരത്തിലേതെന്നെ പോലെ തന്നെ ഭയപ്പെടുത്തുന്നു, “അതത്രയ്ക്ക് ഭീകരമായ ഒരനുഭവമായിരുന്നു,” അവര്‍ പറയുന്നു.
അതിനു ശേഷമവള്‍ തന്റെ മദര്‍ സുപ്പീരിയറിനോട് കാര്യങ്ങള്‍ പറഞ്ഞു. വൈദികനുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുവാന്‍ അവര്‍ അനുവദിച്ചു. കൂടാതെ സഭാധികാരികള്‍ക്ക് പേരു വയ്ക്കാതെ ഒരു കത്തെഴുതുകയും ചെയ്തു. ഈ വൈദികന്റെ ചുമതലാമാറ്റത്തിനു അത് കാരണമായിരുന്നിരിക്കാം എന്നാണവര്‍ കരുതുന്നത്.
പക്ഷേ ഒന്നും പരസ്യമാക്കപ്പെട്ടില്ല. പരസ്യമായ താക്കീതുകളോ (പിന്നീട് നീണ്ടകാലത്തെ സഭാജീവിതത്തില്‍ ആ വൈദികന്‍ ഇടപെടാന്‍ സാധ്യതയുള്ള) കന്യാസ്ത്രീകള്‍ക്ക് മുന്നറിയിപ്പുകളോ ഒന്നുമുണ്ടായില്ല.
അയാളെ പരസ്യമായി വെല്ലുവിളിക്കുവാന്‍ അവര്‍ക്കു ഭയമായിരുന്നു.
”അതെനിക്കാലോചിക്കാന്‍ കൂടി കഴിഞ്ഞില്ല, അത്ര പേടിയായിരുന്നു എനിക്ക്,” അവര്‍ വെളിപ്പെടുത്തി. ”എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ കര്‍മ്മപഥത്തെ തന്നെ അപകടപ്പെടുത്തുന്നതായിരുന്നു.”
അതിനാല്‍ ശക്തയായ ആ കന്യാസ്ത്രീയും നിശബ്ദത പാലിച്ചു.
കാത്തോലിക്കാ ചരിത്രത്തിലാകെ സ്വന്തം വിശുദ്ധിയ്ക്കായി രക്തസാക്ഷികളായ സ്ത്രീകളുടെ കഥകളാണ്. വിവാഹം നിരസിച്ചതിനാല്‍ വിശുദ്ധ അഗതയുടെ സ്തനങ്ങള്‍ ഛേദിക്കപ്പെട്ടു. സ്വന്തം കന്യകാത്വം സംരക്ഷിക്കുവാന്‍ ശ്രമിച്ചതിനു സിസ്റ്റര്‍ ലൂസി കഴുത്തില്‍ കുത്തേല്‍ക്കപ്പെടുകയും ജീവനോടെ അഗ്‌നിയ്ക്കിരയാക്കപ്പെടുകയും ചെയ്തു. പതിനൊന്നാം വയസ്സിലാണു വിശുദ്ധ മരിയ ഗൊരോത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പുരുഷനാല്‍ വധിക്കപ്പെട്ടത്.
”അതൊരു പാപമാണ്, ദൈവം അതാഗ്രഹിക്കുന്നില്ല!” മരിയ ഇങ്ങനെ നിലവിളിച്ചതായി പറയപ്പെടുന്നു.
പക്ഷേ ഒരു കന്യാസ്ത്രീയ്ക്ക് വൈദികരുടെ ആക്രമണങ്ങളെ എതിര്‍ക്കുക എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള – ലൈംഗിക, വൈദിക പാരമ്പര്യങ്ങളെ ചെറുത്തു നില്‍ക്കുക എന്നതാണ്. കന്യാസ്ത്രീകള്‍ക്ക് ലൈംഗിക വിശുദ്ധി എന്നതു പോലെ ബ്രഹ്മചര്യമാണു കാത്തോലിക്കാ വൈദിക ജീവിതത്തിന്റെ ആണിക്കല്ല്. ബലപ്രയോഗത്തിലൂടെ ആണെങ്കിലും ലൈംഗികാനുഭവത്തിന് വിധേയയായ ഒരു കന്യാസ്ത്രീ തന്റെ സഭാക്രമങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തലിന്റെയോ ഒഴിവാക്കലിന്റെയോ അപകടങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് പല കന്യാസ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു.
‘അവരെ സഭയില്‍ വച്ചു പൊറുപ്പിക്കുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്, എന്തെന്നാല്‍, കന്യകാത്വമെന്നത് വളരെ പ്രധാന്യമുള്ള സംഗതിയാണ്,” ന്യൂഡല്‍ഹിയില്‍, ദൈവശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ശാലിനി മുളയ്ക്കല്‍ പറയുന്നു. ”അതിനാല്‍ ചെറുപ്പക്കാരായ കന്യാസ്ത്രീകള്‍ക്ക് അവര്‍ക്കു സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി പുറത്തു പറയുവാന്‍ ഭയമുണ്ട്.”
അതേ സമയം, യേശു ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിനിധികളായി തങ്ങള്‍ കാണുന്ന വൈദികരോടുള്ള അനുസരണയും കാത്തോലിക്കാ സഭയ്ക്ക് പ്രധാനമാണ്.
വീടു വിട്ടിറങ്ങി പുതിയ സാഹചര്യത്തില്‍ ജീവിതവഴി തേടുന്ന യുവതികളുടെ സഹനവും ദുരിതവും വളരെ കൂടുതലാണ്. ലൈംഗിക ചൂഷണത്തിന്റെയും സഭയുടെ അധികാരത്തിന്റെയും ഒറ്റപ്പെടലിന്റെയും ഇടയില്‍ പെടുന്ന കന്യാസ്ത്രീകള്‍ തങ്ങളുടെ വേട്ടക്കാരായ വൈദികരുടെ ദയയില്‍ ജീവിക്കുവാന്‍ വിധിക്കപ്പെടുന്നു.
“വൈകാരികമായ അടക്കിപ്പിടിക്കല്‍ കൂടുതലായ സാഹചര്യത്തില്‍ ആരെങ്കിലും അല്പം ആര്‍ദ്രത കാണിച്ചാല്‍, അതിരു കടക്കുക എന്നത് എളുപ്പമായിത്തീരുന്നു,” കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദരിദ്രരുടെ ഇടയില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള സിസ്റ്റര്‍ ഡോറൊത്തി ഫെര്‍ണാണ്ടസ് പറയുന്നു. ”എന്താണു സ്‌നേഹമെന്നും എന്താണു ചൂഷണമെന്നും പറയുക ദുഷ്‌കരമാകാം.”
ഇന്ത്യന്‍ കന്യാസ്ത്രീകളില്‍ ഭൂരിപക്ഷത്തിന്റെയും ജന്മനാടായ, തികച്ചും യാഥാസ്ഥിതിക മേഖലയായ കേരളത്തിലെ അവസ്ഥ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ദുഷ്‌കരമാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു നിര്‍ത്തുന്ന കേരളത്തിലെ ചെറുപട്ടണങ്ങളില്‍ ലൈംഗികതയുടെ പരാമര്‍ശം തന്നെ അപൂര്‍വ്വമാണ്. ബ്രായുടെ സ്ട്രാപ് പുറത്തു കാണുന്നതു പോലും ഒരു യുവതിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ‘ക്രൈസിസ്’ ആവുന്നു.
“വളര്‍ന്നു കഴിഞ്ഞാല്‍, അതായത് ആര്‍ത്തവാരംഭമായിക്കഴിഞ്ഞാല്‍ ഒരാണ്‍കുട്ടിയുമായി സംസാരിക്കുന്നത് പോലും ശരിയല്ലെന്നാണ് പറഞ്ഞു പഠിപ്പിക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെ,” തിളങ്ങുന്ന കണ്ണാടിക്കമ്മലുകള്‍ ധരിച്ച, പ്രസാദാത്മകമായ പുഞ്ചിരിയുള്ള, കേരളത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീ പറഞ്ഞു. കൗമാരപ്രായത്തില്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കു പോകുന്നതും, പെണ്‍കുട്ടികളെ കാണുന്നതിനായി ആണ്‍കുട്ടികള്‍ പള്ളിയ്ക്കു പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നതും അവരുടെ കണ്ണുകള്‍ തങ്ങളുടെ ശരീരങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്നതും അവരോര്‍ക്കുന്നുണ്ട്. “ലൈംഗികതയുടെ കാര്യത്തില്‍ അതിഭീകരമായ വിലക്കാണ് ഞങ്ങള്‍ക്ക്.”
ആ നിഷ്‌കളങ്കതയ്ക്ക് വലിയ വില കൊടുക്കേണ്ടി വരാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീ പരിശീലനത്തിന്റെ പ്രാരംഭ നാളുകളില്‍ ഗോവയില്‍ നിന്ന് ഒരു മുതിര്‍ന്ന വൈദികന്‍ അവര്‍ ജോലി ചെയ്തിരുന്ന മഠത്തില്‍ വന്നത് അവരോര്‍ക്കുന്നു. ”സന്ദര്‍ശകരുടെ ചുമതല എനിക്കായിരുന്നു, ആതിഥ്യമര്യാദയോടെ പെരുമാറുക എന്ന ഒരു ‘ചീത്തശീലവും’ ഞങ്ങള്‍ക്കുണ്ടായിരുന്നു.”
വൈദികന്റെ അലക്കിയ തുണികളുമായി അയാള്‍ ഇരിക്കുന്ന മുറിയില്‍ ചെന്ന് അവ അടുക്കി വയ്ക്കുകയായിരുന്ന അവളെ അയാള്‍ ചേര്‍ത്തു പിടിച്ച് ചുംബിക്കുവാന്‍ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് ആദ്യമവള്‍ക്ക് മനസ്സിലായില്ല.
”ചുംബനമെല്ലാം ഇവിടെയായിരുന്നു,” മാറിലേയ്ക്ക് ചൂണ്ടി അവര്‍ പറഞ്ഞു.
ആ ദിവസത്തിലെ സംഭ്രമം അപ്പോഴും അവരുടെ മുഖത്തു കാണാമായിരുന്നു. ”ഞാന്‍ വളരെ ചെറുപ്പമായിരുന്നു. അയാള്‍ ഗോവയില്‍ നിന്നാണ്. ഞാന്‍ കേരളത്തില്‍ നിന്നും. ഗോവയിലുള്ളവര്‍ ഇങ്ങനെയാണോ ചുംബിക്കുന്നതെന്ന് ഞാനാലോചിച്ചു.”
എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോഴേയ്ക്കും അയാളുടെ ശക്തമായ പിടിയില്‍ നിന്ന് കുതറി മാറാനായില്ല. ”എനിക്കലറി വിളിക്കുവാനാകില്ല, അയാളൊരു വൈദികനാണ്.”
”അയാളെ ‘ഒഫെൻഡ്’, ചെയ്യണം എന്നും ഖേദിപ്പിക്കണം എന്നും ഞാനാഗ്രഹിച്ചില്ല,” അവര്‍ പറഞ്ഞു.
അതിനാല്‍ വാതിലൂടെ പുറത്ത് കടക്കാന്‍ കഴിയുന്നത് വരെ അയാളെ തള്ളിമാറ്റിക്കൊണ്ടിരുന്നു.
പരിശീലനത്തിലുള്ള മറ്റു കന്യാസ്ത്രീകളെ ആ വൈദികന്റെ മുറിയിലേയ്ക്കയയ്ക്കരുതെന്ന് ഒരു മുതിര്‍ന്ന കന്യാസ്ത്രീയോട് അവര്‍ പറഞ്ഞു. പക്ഷേ മദ്യപിച്ചു വന്ന് ആധിപത്യം സ്ഥാപിക്കുവാന്‍ നോക്കിയ പാതിരിയോട് പൊരുതിയ കന്യാസ്ത്രീയുടെ കാര്യത്തിലെന്ന പോലെ ഇവരും ഔദ്യോഗിക പരാതികള്‍ നല്‍കാന്‍ തയ്യാറായില്ല.
വൈദികര്‍ക്കെതിരെ പരാതി നല്‍കുക എന്നാല്‍ സഭാ ‘ഹൈറാര്‍ക്കി’ പ്രകാരം തങ്ങള്‍ക്കു മുകളിലുള്ള ഒരാള്‍ക്കു നേരെ കുറ്റാരോപണം നടത്തുക എന്നതാണ്. അത് നിങ്ങളുടെ സഭയിലെ സേവനങ്ങളേയും പദവിളേയും അപകടത്തിലാക്കുന്നതിനും തീര്‍ത്തും മോശമായ അപവാദപ്രചരണങ്ങളില്‍ അകപ്പെടുന്നതിനും കാരണമാകാം.
കന്യാസ്ത്രീകള്‍ക്കെതിരെ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നു സംശയിക്കുന്നവര്‍, അവയെല്ലാം മൂടിവയ്ക്കപ്പെടുകയാണെന്നു അഭിപ്രായപ്പെടുന്നു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഭാനായകനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പറയുന്നത് ഇതെല്ലാം അവിടിവിടെ മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ്.
“പക്ഷേ പലരും പറയണമെന്നാഗ്രഹിക്കുന്നില്ല. അവര്‍ അവരുടെ ഒരു കൂട്ടത്തിനുള്ളില്‍ പറഞ്ഞേക്കാം, പക്ഷേ പരസ്യമാക്കുവാനോ കോടതിയിലെത്തിക്കുവാനോ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം തുടര്‍ന്നു.
പല സഭകളിലേയും കന്യാസ്ത്രീകള്‍ സാമ്പത്തികമായി വൈദികരെയും ബിഷപ്പുമാരെയും ആശ്രയിക്കുന്നവരായതിനാല്‍, ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറയുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരും.
സ്ത്രീകള്‍ വില കുറഞ്ഞവരാണെന്ന ആഴത്തില്‍ വേരൂന്നിയ വിശ്വാസവും, വര്‍ഗ്ഗീയവും രാഷ്ട്രീയവും ജനസംഖ്യാപരവുമായ എല്ലാ ഘടകങ്ങളും ചേര്‍ന്ന് ഇക്കാര്യങ്ങളിലെ ഇന്ത്യയിലെ നിശബ്ദത പല മടങ്ങാകുന്നു.
ഇന്ത്യയില്‍ ഏകദേശം 18 ദശലക്ഷം കത്തോലിക്കരുണ്ട്, പക്ഷേ 130 കോടി ജനസംഖ്യയുള്ള ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് അതൊരു ചെറിയ ന്യൂനപക്ഷമാണ്. തുറന്നു പറയുന്നത് തങ്ങളുടെ സഭയെ ബാധിച്ചേക്കാം എന്നു പല കന്യാസ്ത്രീകളും കരുതുന്നു. ഹിന്ദു വാദികള്‍ക്ക് തങ്ങളെ വിമര്‍ശിക്കാന്‍ അതൊരു കാരണവുമാകുമെന്നും.
“ഞങ്ങള്‍ പോലും നിശബ്ദത പാലിക്കുവാന്‍ ശ്രമിക്കുന്നു,” തിയോളജിസ്റ്റായ സിസ്റ്റര്‍ ശാലിനി മുളയ്ക്കല്‍ പറയുന്നു. “ഇത്തരം അനുഭവത്തിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീ, എല്ലാം മറച്ചു വയ്ക്കുവാനും പ്രശ്‌നങ്ങളില്ലെന്ന് നടിക്കുവാനും ശ്രമിക്കുന്നു.”
കേരളത്തിലെ ഒരു ഒറ്റവരിപ്പാതയുടെ അന്ത്യത്തിലുള്ള ഒരു ചെറിയ മഠത്തിന്റെ ഇരുപതാം നമ്പര്‍ മുറിയിലാണു ബലാത്സംഗങ്ങള്‍ നടന്നത്. കുറവിലങ്ങാട് എന്ന ചെറുപട്ടണത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ ആ കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥനയിലും വൃദ്ധരുടെ പരിചരണത്തിലും മുഴുകി കഴിയുകയാണ്.
അവര്‍ പറയുന്നു, പീഡകന്‍ ഈ ചെറിയ ലോകത്തെ ഏറ്റവും ശക്തനായ ആളാണ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന സമര്‍ത്ഥനായ ഫ്രാങ്കോ, വലിയയൊരു കത്തോലിക്കാ സമൂഹത്തിനു മേല്‍നോട്ടം വഹിക്കുന്ന വടക്കേ ഇന്ത്യയിലെ ഒരു ബിഷപ്പായി വളര്‍ന്നു വന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും 81 സിസ്റ്റര്‍മാരടങ്ങിയ ‘മിഷനറീസ് ഓഫ് ജീസസ്’ എന്ന സമൂഹത്തിന്റെയും രക്ഷാധികാരി കൂടിയായിരുന്നു അയാള്‍. അതിനാല്‍ തന്നെ അവരുടെ സേവനങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും കുറിച്ച് തീരുമാനിക്കുവാന്‍ അധികാരമുള്ളയാളും.

കറുത്ത മുടിയിഴകളുള്ള, മുഖത്തെപ്പോളും പ്രസന്ന ഭാവമുള്ള ആ കന്യാസ്ത്രീയാകട്ടെ, ആത്മവിശ്വാസത്തിനു പേരു കേട്ട വ്യക്തിയും. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ബിഷപ്പ് മുളയ്ക്കല്‍ സെന്റ് ഫ്രാന്‍സിസ് കോണ്‍വന്റ് സന്ദര്‍ശിക്കുകയും അവരെ മുറിയില്‍ വിളിക്കുകയും ചെയ്തു. ആ അവസരങ്ങളില്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണു പള്ളി അധികാരികള്‍ക്കെഴുതിയ കത്തില്‍ കന്യാസ്ത്രീ പറയുന്നത്.
ആദ്യത്തെ ബലാത്സംഗം നടന്നത് 2014 മെയ് അഞ്ചിനാണു എന്ന് കത്തില്‍ പറയുന്നു. അവസാനത്തേത് 2016 സെപ്റ്റംബര്‍ 23 നും. ഈ തീയതികള്‍ മഠത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുളയ്ക്കല്‍ ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നു. ഇവ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. മികച്ച ജോലിയ്ക്ക് വേണ്ടി കന്യാസ്ത്രീ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് എന്നും.
”ഞാനൊരു യാതനയിലൂടെ കടന്നു പോകുകയാണ്,” മൂന്നാഴ്ച ജയിലില്‍ കിടന്നതിനു ശേഷം ഒക്‌റ്റോബറില്‍ ജാമ്യത്തിലിറങ്ങിയ മുളയ്ക്കല്‍ പറയുന്നു, ”പ്രാര്‍ത്ഥിക്കുവാന്‍ ഞാനെല്ലാവരോടും പറയുന്നു. സത്യം നിലനില്‍ക്കണം.”
കാത്തോലിക്കാ സഭയ്ക്ക് ആധിപത്യമുള്ളയിടമാണ് കേരളത്തിന്റെ ഈ ഭാഗം. പള്ളിമേടകളും വഴിയോര പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും മഠങ്ങളും വ്യാപകമായി കാണപ്പെടുന്നു. റോഡിലെ ഗതാഗതത്തെ ഉറ്റുനോക്കുന്ന കന്യാമറിയത്തെയും പുണ്യാളന്മാരെയും പലയിടത്തും കാണാം. ഉടമസ്ഥരുടെ വിശ്വാസം വിളിച്ചു പറയുന്ന ‘ആവേ മരിയ ഇലക്ട്രോണിക്‌സ്’, ‘ജീസസ് ഓയില്‍ ഇന്‍ഡസ്ട്രീസ്’ എന്നിങ്ങനെയുള്ള വാണിജ്യ സംരഭങ്ങളുമുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ ഒരു രക്തസാക്ഷിയാണെന്നു കരുതുന്ന അനവധി പേര്‍ ഇവിടെയുണ്ട്.
പല അനുഭാവികളും ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. മടങ്ങി വന്നപ്പോള്‍ പൂക്കളും മാലയുമായി സ്വീകരിച്ചു. സ്വാഗതമോതിക്കൊണ്ട് ബാനറുകള്‍ ഉയര്‍ന്നു.
പക്ഷേ സെന്റ് ഫ്രാന്‍സിസ് മഠത്തിലെ ഒരു കൂട്ടം കന്യാസ്ത്രീകള്‍ അതെല്ലാം ദുഃഖത്തോടെയാണ് നോക്കിക്കണ്ടത്. പരാതിക്കാരിയായ കന്യാസ്ത്രീ പരസ്യമായി സംസാരിക്കുന്നില്ല, പകരം അവര്‍ക്ക് തുണയായി നില്‍ക്കുന്ന സഹപ്രവര്‍ത്തകരാണു സംസാരിക്കുന്നത്.
”ആരും സിസ്റ്ററിനെ കാണാന്‍ വന്നില്ല, പക്ഷേ ജയിലില്‍ കിടന്ന ബിഷപ്പിനെ കാണുവാന്‍ ആളുകള്‍ വരി നില്‍ക്കുകയായിരുന്നു.” ‘ഞങ്ങളുടെ അതിജീവിച്ച സിസ്റ്റര്‍’ എന്നവര്‍ വിശേഷിപ്പിച്ച കന്യാസ്ത്രീയ്കുള്ള പിന്തുണയുമായി കേരളത്തില്‍ തിരിച്ചെത്തിയ സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍ പറയുന്നു.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ അഞ്ചു കുട്ടികളില്‍ രണ്ടാമതായി ജനിച്ചതാണ് ഈ കന്യാസ്ത്രീ. അച്ഛന്‍ പട്ടാളത്തിലായിരുന്നു. ചെറുപ്പത്തില്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് വൈദികനായ ഒരു ബന്ധുവിന്റെ കൂടെ താമസിക്കുകയും അദ്ദേഹത്തില്‍ നിന്നും പ്രചോദമുള്‍ക്കൊണ്ട് 1996ല്‍ കന്യാസ്ത്രീയാകാന്‍ സഭയില്‍ ചേരുകയുമായിരുന്നു. ആദ്യകാലങ്ങളില്‍ അധ്യാപികയായി ജോലി ചെയ്തു.
അവര്‍ക്ക് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമായിരുന്നു, ‘മിഷനറീസ് ഓഫ് ജീസസിലെ’ എല്ലാവര്‍ക്കും ബിഷപ്പിനെ അറിയാം, പക്ഷേ അവര്‍ തമ്മില്‍ അടുപ്പമൊന്നുമൂണ്ടായിരുന്നില്ലെന്നും ഉഭയസമ്മതത്തോടെ ലൈംഗികവേഴ്ച നടന്നിട്ടില്ലെന്നും അവരുടെ സുഹൃത്തുക്കള്‍ പറയുന്നു.
ഭയമാണു പ്രശ്‌നം.
“ബിഷപ്പ് ശക്തനായ ഒരു വ്യക്തിയാണ്, അയാളെ എതിര്‍ത്തു കൊണ്ട് എവിടെപ്പോകും?” സിസ്റ്റര്‍ ജോസഫൈന്‍ ചോദിക്കുന്നു, “വീട്ടിലേയ്ക്ക് മടങ്ങിയാല്‍ എന്താകും സംഭവിക്കുക?”
”അയാളോട് പല തവണ അവര്‍ നിര്‍ത്താന്‍ പറഞ്ഞതാണ്, പക്ഷേ ഓരോ തവണയും അയാള്‍ ബലം പ്രയോഗിക്കുകയായിരുന്നു,” അവര്‍ തുടര്‍ന്നു.
ഒടുവില്‍ സംഭവങ്ങള്‍ അവര്‍ ചില സഹപ്രവര്‍ത്തകരോടു പറഞ്ഞു. പിന്നീട് സഭാധികാരികളോടു പരാതിപ്പെട്ടു. ഒരു നടപടിയുമുണ്ടാകാത്തതിനാല്‍ പോലീസിനെ സമീപിച്ചു.
കുമ്പസാരിക്കുകയും ചെയ്തു.
ബിഷപ്പിനെ എതിര്‍ക്കണം എന്നായിരുന്നു അവര്‍ അവിടെ നിന്ന് കേട്ടത്.
”മരിക്കേണ്ടി വന്നാലും, നിങ്ങള്‍ വിധേയയാകരുത്,” കുമ്പസാര വേളയില്‍ വൈദികന്‍ അവരോടു പറഞ്ഞു. ”ധീരയായിരിക്കണം,” ഇതായിരുന്നു ഉപദേശമെന്ന് സിസ്റ്റര്‍ ജോസഫൈന്‍ പറയുന്നു.
ഇക്കാര്യത്തില്‍ കത്തോലിക്കാ സഭാധികാരികള്‍ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിഗതമായി ബിഷപ്പുമാരുടെ മേല്‍ തങ്ങള്‍ക്ക് അധികാരങ്ങളില്ലെന്നും കേസ് കോടതിയിലായതിനാല്‍ അതിന്റേതായ വഴിയ്ക്ക് തീരുമാനിക്കപ്പെടുമെന്നുമാണു ഒക്ടോബറില്‍ കാത്തോലിക് ബിഷപ് കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചത്.
”മൗനം പാലിക്കുന്നു എന്നതു കൊണ്ട് ഏതെങ്കിലും ഭാഗത്തോട് പക്ഷപാതം കാണിക്കുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ല, ഈ ദുരിത സമയത്ത് പള്ളിയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു,” അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
തിരുവസ്ത്രം ഉപേക്ഷിക്കുന്ന കന്യാസ്ത്രീകളെ ‘മതിലു ചാടികള്‍’ എന്ന് വിളിക്കുന്ന രീതിയുണ്ട് കേരളത്തില്‍. ലൈംഗികമായി ‘ഫ്രസ്റ്റ്റേറ്റഡ്’ ആയിട്ടുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന ആ പേര് പലപ്പോഴും ആത്മീയ ജീവിതം ഉപേക്ഷിക്കുന്ന കന്യാസ്ത്രീകളേയും പുരോഹിതന്മാരെയും അവഹേളിക്കാനും ഉപയോഗിക്കുന്നു.
അവിടെ തുടരുന്നവര്‍ ആദരവു നേടുന്നു. അവരെ സമൂഹം അംഗീകരിക്കുന്നു. അവരുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥവും ദിശാബോധവുമുണ്ട്. മഠം വിട്ടിറങ്ങുന്നവര്‍ക്ക് ജീവിക്കാനായി നാടു വിടേണ്ടിയും വരാം. കുടുംബവും കൂട്ടുകാരും അവര്‍ക്ക് ഭ്രഷ്ടു കല്‍പ്പിക്കുന്നു. കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകള്‍ – വിവാഹം, മരണം, പുനസമാഗമങ്ങള്‍ – എന്നിവയില്‍ ഒന്നും അവരുണ്ടാവില്ല. കടുത്ത വൈകാരിക പരീക്ഷണങ്ങളാണ് ഇവരുടെ കാര്യത്തിലുണ്ടാകുക.
സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നത് മഠങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുവാനും കാരണമാകുമെന്നവര്‍ പറയുന്നു.
”സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുത്തുമോ എന്നതാണു ഭയം,” മദ്യപനായ വൈദികനെക്കുറിച്ചു പരാമര്‍ശിച്ച കന്യാസ്ത്രീ പറയുന്നു. ”തുറന്നു പറയണമെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം സമുദായത്തിനും മതമേലധികാരികള്‍ക്കും എതിരായി നില്‍ക്കേണ്ടി വരും.”
ഇതിന്റെ ഫലമെന്നത് മൗനമാണ്. തങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുവാന്‍ കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന രക്ഷാകവചമാണു മൗനം, അവരെ ഉപദ്രവിച്ചവരെ സംരക്ഷിക്കുക, ഭീതിദമായ ഓര്‍മ്മകളുമായി മല്ലിടുക എന്നതും കൂടിയാണത് അര്‍ത്ഥമാക്കുന്നതെങ്കിലും.
ഒടുവില്‍ ആരും ഒന്നും പറയാതാകുന്നു.
”ഞാനാരോടും പറഞ്ഞില്ല,” മാറില്‍ ചുംബിച്ച വൈദികനില്‍ നിന്ന് രക്ഷപെട്ട കന്യാസ്ത്രീ പറയുന്നു. തനിക്കു സംഭവിച്ച കാര്യങ്ങള്‍ പറയുവാന്‍ അവര്‍ ഇത്രയേറെ വര്‍ഷങ്ങള്‍ കാത്തിരുന്നു. “ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ, എങ്ങനെയാണു കാര്യങ്ങള്‍ മൂടിവയ്ക്കപ്പെടുന്നതെന്ന്?”
അസോഷിയേറ്റ് പ്രസ് ഏഷ്യാ പ്രതിനിധിയാണ് ടിം സള്ളിവന്‍