/indian-express-malayalam/media/media_files/uploads/2018/06/noufal-1.jpg)
Eid ul Fitr: മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന പത്രവാർത്ത കണ്ടപ്പോൾ മുതൽ പെരുന്നാളിന്റെ മധുര ഓർമ്മകളാണ് മനസ്സ് നിറയെ. ഭക്ഷണം, വസ്ത്രം, വിനോദങ്ങൾ, യാത്രകൾ ഒന്നിനും ഒരു പഞ്ഞമില്ലാത്ത കാലമാണിത്. അതുകൊണ്ട് തന്നെ എന്നും പെരുന്നാളാണ്.എന്നാൽ പത്തിരുപത് വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി.
ഇന്ന് ഗൾഫ് തുറന്നു തന്ന അവസരങ്ങളിലൂടെ ഗ്രാമങ്ങളെ നഗരങ്ങൾ വിഴുങ്ങി. ഏത് ഉൾപ്രദേശത്ത് പോയാലും ആധുനിക നാഗരികതയുടെ പളപളപ്പ്. തീൻമേശ മുതൽ പീടിക തിണ്ണയിൽ വരെ ആ മാറ്റം ദൃശ്യമാണ്. അമേരിക്കൻ നിർമ്മിത ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിളിൽ ലോകം കറങ്ങുന്ന പുതു തലമുറയോട് സൈക്കിൾ വാടകക്കെടുത്ത് പെരുന്നാൾ ആഘോഷിച്ച കഥ പറഞ്ഞാൽ അത് എത്രത്തോളം വിശ്വസനീയമാകുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്. പക്ഷെ ആ വാടക സൈക്കിളിൽ വട്ടത്തിൽ ചവിട്ടി നീങ്ങിയ കാലം അന്നത്തെ പോലെ ഇന്നും മനസ്സിനുളളിൽ ബെല്ലടിക്കുന്നുണ്ട്.
റമദാൻ ഇരുപത് കഴിഞ്ഞാൽ വാടകയ്‌ക്ക് സൈക്കിളെടുക്കാൻ പണം സ്വരൂപിക്കാൻ തുടങ്ങും. പറമ്പിലെ കശുവണ്ടി അറുക്കുമ്പോൾ അരയിലൊളിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കവറിൽ സൈക്കിൾ വാടകയ്‌ക്കുള്ള ഫണ്ട് സമാഹരണം തുടങ്ങും. വല്ലിമ്മയുടെ സകാത്ത് പാത്രത്തിൽ നിന്നും മിന്നുന്ന പുത്തൻ നാണയങ്ങൾ ആ ഫണ്ടിലേക്ക് ആരുമറിയാതെയെത്തും. റമദാൻ 28 ആകുമ്പോഴേക്കും സൈക്കിൾ അഡ്വാൻസ് നൽകി ബുക്ക് ചെയ്യണം. മണിക്കൂറിന് 25 പൈസയയാണ് കാവണ്ടിക്ക് (ഏറ്റവും ചെറിയ സൈക്കിൾ) വാടക. അരവണ്ടിക്ക് (മീഡിയം വലിപ്പം) മുപ്പത് പൈസയും. ചില്ലറ അഡ്വാൻസും കൊടുക്കണം. ചില്ലറ കേടുപാടുകൾ പറഞ്ഞു ആ അഡ്വാൻസ് പിന്നെ മടക്കി കിട്ടില്ല.
പല നിറത്തിലുള്ള ബലൂൺ കെട്ടി അലങ്കരിച്ച സൈക്കിളിൽ അങ്ങാടിയിലും സുഹൃത്തുക്കൾക്കിടയിലും നാല് റൗണ്ട് ചുറ്റിയാൽ കിട്ടുന്ന ഒരു ആത്മ സംതൃപ്‌തിയുണ്ട് വിലമതിക്കാനാവാത്ത ഒരനുഭൂതിയാണത്. അത് മാത്രമല്ല അക്കാലത്തെ പെരുന്നാളിന്റെ ഓരോ നിമിഷങ്ങളും ഇന്നും അനൽപമായ ആഹ്ലാദത്തിന്റേതാണ്. അതുകൊണ്ട് തന്നെ ആ ഓർമകൾക്കൊന്നും മരണമില്ല താനും.
റമദാൻ 29 ന് മാസപ്പിറവി കണ്ടാൽ വിവരം സ്ഥിരീകരിച്ചു പള്ളിയിൽ നിന്ന് അനൗൺസ് ചെയ്യുമ്പോഴേക്കും സമയം വൈകും. ഇന്നത്തെ പോലെ സോഷ്യൽ മീഡിയയും മൊബൈലും സജീവമല്ല. മാസം കണ്ടാൽ പള്ളിയിൽ നിന്ന് തക്ബീർ ധ്വനികളുയരും. അതാണ് അടയാളം. പലപ്പോഴും നാളെ പെരുന്നാളാണെന്ന് അത്താഴ സമയത്ത് അറിഞ്ഞതും ഓർക്കുന്നു. പെരുന്നാളായാൽ രാവിലെ എണ്ണ തേച്ച് കുളിയുണ്ട്. അതു കഴിഞ്ഞു പുത്തൻ വസ്ത്രവുമണിഞ്ഞു പള്ളിയിലേക്ക്. പെരുന്നാൾ നമസ്കാരത്തിന് പള്ളിയിൽ കൂട്ടുകാരെല്ലാവരും ഒത്തു കൂടുന്ന ഒരു മൂലയുണ്ട്. പ്രധാന ചർച്ച ഓരോരുത്തരുടെയും വസ്ത്രത്തിന്റെ നിലവാരവും ഭംഗിയും. തുടർന്ന് ഭാവി പരിപാടികളുടെ ചർച്ച.
രണ്ടാം പെരുന്നാളിന് ചെറിയ ടൂർ സംഘടിപ്പിക്കുന്നത് ഒരു പതിവാണ്. ആ ടൂറിന്റെ ചർച്ച മാസങ്ങൾക്ക് മുമ്പ് തുടങ്ങും. വരാമെന്ന് വാക്ക് തന്ന പലരും ആ സമയത്ത് എന്തെങ്കിലും പ്രശനങ്ങൾ കാരണം മുങ്ങുന്നതും പതിവാണ്. ടൂറിന് വേണ്ട തുക കണ്ടെത്തുന്നത് കുടുംബക്കാർ നൽകുന്ന പെരുന്നാൾ പൈസയിൽ നിന്നാണ്. അതാണ് രണ്ടാം പെരുന്നാളിലേക്ക് മാറ്റുന്നതിന്റെ പ്രധാന കാരണം. അടുത്ത സ്ഥലത്തേക്കായിരിക്കും പ്രധാനമായും ടൂർ പ്ലാൻ ചെയ്യുന്നത്, രാവിലെ പോയി രാത്രി മടങ്ങും വിധം. എന്നാലും പലയിടത്ത് നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. പുതിയ കാലത്ത് തലേന്ന് രാത്രി രാവിലെ അമേരിക്കയിൽ പോകണമെന്ന് പറഞ്ഞാൽ ഒരു നടുക്കവുമില്ല. ഒരുക്കങ്ങൾക്ക് വേണ്ട കൗതുകമില്ല. പലർക്കും പണം പ്രശ്‌നമേ അല്ല. പക്ഷെ മലമ്പുഴ ഡാമിൽ പോയാൽ കിട്ടിയിരുന്ന ആ ആത്മസംതൃപ്‌തി ഇന്ന് ആംസ്റ്റർഡാമിൽ പോയാൽ കിട്ടുന്നില്ല എന്നതാണ് കൗതുകവും ഖേദവും.
പെരുന്നാൾ ദിവസം തലേദിവസത്തെ ഉറക്കിന്റെ ഒരാലസ്യവും മുഖത്തുണ്ടാവില്ല. രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞു വീട്ടിലെത്തിയാൽ സ്‌നേഹ ചേരുവുകൾ ചേർത്ത പ്രഭാത ഭക്ഷണം. ആ ദിവസത്തിന്റേതാണോ അതോ പ്രത്യേക വല്ല ചേരുവകൾ ചേർക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. ആ പുട്ടിന്റെയും ബീഫിന്റെയും രുചി വിവരണങ്ങൾക്ക് അതീതമാണ്. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ ഉപ്പയുടെ മുറിയിലേയ്‌ക്ക്. നേരത്തെ ബാങ്കിൽ നിന്ന് എടുത്തു വച്ച പുത്തൻ മണമുള്ള ഒന്നോ-രണ്ടോ രൂപയുടെ രണ്ട് പിടയ്‌ക്കുന്ന നോട്ട്. കൂടെ പുറത്ത് പോകാനുള്ള അനുമതിയും. ഇന്നത്തെ പോലെയല്ല സ്വാതന്ത്ര്യവും ഒരു പ്രധാന ആഘോഷമാണന്ന്. പെരുന്നാൾ അല്ലാത്ത ദിവസങ്ങളിൽ അനാവശ്യമായി വീട് വിട്ടിറങ്ങാൻ അനുമതിയില്ല. എവിടെങ്കിലും പോയാൽ കാരണം ബോധിപ്പിക്കണം. അതുകൊണ്ട് പെരുന്നാളിന് ലഭിക്കുന്ന സ്വാതന്ത്ര്യവും ഒരു സമ്മാനമായിരുന്നു അന്ന്.
ഇന്ന് ആ സ്വാതന്ത്ര്യമൊക്കെ ആവോളം കിട്ടുന്നുണ്ടെങ്കിലും നഷ്‌ടമായത് അക്കാലത്തെ വേലിക്കെട്ടുകളില്ലാത്ത ഇഴയടുപ്പമാണ്. സോഷ്യൽ മീഡിയയിൽ ഒഴുകിയെത്തുന്ന ആശംസകളുടെ പെരുമഴപ്പാച്ചിലിലും കരുതലും സ്‌നേഹവും കൈതൊടുന്നില്ലെന്ന തോന്നലിൽ മനസ്സ് ആ കുട്ടിക്കാലത്തിലേയ്‌ക്ക് സൈക്കിൾ ചവിട്ടി പോകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.