scorecardresearch

പാതിരാ സൂര്യന്‍റെ നാട്ടിൽ നിന്നും ചില സന്തോഷ വർത്തമാനങ്ങൾ

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതാണെന്നറിയാമോ? ആ രാജ്യത്ത് നിന്നും ഒരു അനുഭവക്കുറിപ്പ്…

suresh c pillai

ഒരു ചോദ്യത്തിൽ​ തന്നെ തുടങ്ങാം, ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യം ഏതാണ് എന്നറിയാമോ? നോർവേ എന്നാണ് ഉത്തരം. നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോ (Oslo) യിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഔദ്യോഗികമായ ഒരു സന്ദർശനത്തിന് ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ ചെന്നതാണ്. അപ്പോഴാണ് നോർവേയെക്കുറിച്ചുള്ള ഈ പ്രധാന കാര്യം ശ്രദ്ധിച്ചത്. റോഡിൽ ഇറങ്ങി നോക്കിയപ്പോൾ കാര്യം ശരിതന്നെ. എല്ലാവരും ഹാപ്പി, എവിടെയും ചിരിയും,കളിയും. സഹായം ചെയ്യാൻ ഒരുമടിയും ഇല്ല. സ്നേഹത്തോടെ ചിരിച്ചുകൊണ്ടുള്ള സംഭാഷണം.

2017 മാർച്ചിൽ പ്രസിദ്ധീകരിച്ച  ‘World Happiness Report Rankings’ (published by the Sustainable Development Solutions Network to Coincide with World Happiness Day) പ്രകാരം 155 രാജ്യങ്ങളിൽ നടത്തിയ സർവ്വേ പ്രകാരം ആണ്  നോർവെയെ തിരഞ്ഞെടുത്തത്. ആളോഹരി പ്രതിശീർഷവരുമാനം, ശരാശരിആയുസ്സ് (life expectancy), മഹാമനസ്കത (generosity) ജീവിതചര്യകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ( freedom to make life choices) ഇവയെല്ലാമാണ്   ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യം എന്ന വിധി തീർപ്പാക്കാനായി ഉപയോഗിച്ച അളവുകോലുകൾ.

norway

ഈ റിപ്പോർട്ട്  പ്രസിദ്ധീകരിച്ചു കൊണ്ട്  Sustainable Development Solutions Network ഡയറക്ടർ ആയ  ജെഫ്രി സാക്സ്  (Jeffrey Sachs) പറഞ്ഞതിങ്ങനെയാണ് : “രാജ്യങ്ങൾ ശക്തമായ സാമൂഹിക അടിത്തറ ഉണ്ടാക്കുകയാണ്, അവിടുത്തെ ജനതയെ സന്തോഷിപ്പിക്കാൻ ചെയ്യേണ്ടത്. തോക്കുകളും, മതിലുകളും അല്ല ഇന്നത്തെ തലമുറയ്ക്ക് ആവശ്യം മറിച്ച് ഒരു സാമൂഹ്യ വിശ്വാസം കെട്ടിപ്പടുക്കുകയും, പൊതുജനത്തിന് ആരോഗ്യമുള്ള ഒരു ജീവിതരീതി സംഭാവന നൽകുകയും ചെയ്യുകയാണ് വേണ്ടത്.”

സന്തോഷ പട്ടികയിലെ ആദ്യത്തെ അഞ്ചു രാജ്യങ്ങൾ ഇവയാണ്. നോർവേ, ഡെന്മാർക്ക്, ഐസ്ലാൻഡ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്. ഇതിലൊരു കാര്യം ശ്രദ്ധിച്ചു കാണും. അഞ്ചിൽ മൂന്നും സ്കാന്ഡിനേവിയൻ രാജ്യങ്ങളായ നോർവേ, ഡെന്മാർക്ക്, ഫിൻലൻഡ്‌ ഇവയാണ്. മറ്റൊരു സ്കാന്ഡിനേവിയൻ രാജ്യമായ സ്വീഡൻ പത്താം സ്ഥാനത്താണ് ഈ​ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.  മറ്റു ഇരുപത് റാങ്ക് വരെയുള്ള രാജ്യങ്ങൾ ഇവയാണ്  ആറാം സ്ഥാനത്ത് നെതർലന്റ്സ് (Netherlands) ഏഴ് കാനഡ (Canada) എട്ട് ന്യൂസിലാന്റ് (New Zealand) ഒമ്പത്  ഓസ്ട്രേലിയ (Australia) 10. സ്വീഡൻ( Sweden ) 11. ഇസ്രായേൽ (Israel) 12. കോസ്റ്റാറിക്ക (Costa Rica) 13. ഓസ്ട്രിയ (Austria) 14. യുണൈറ്റഡ് സ്റ്റേറ്റ്സ് (United States) 15.​ അയർലണ്ട് (Ireland) 16. ജർമ്മനി (Germany) 17. ബെൽജിയം (Belgium) 18. ലക്സംബർഗ് (Luxembourg) 19.യുണൈറ്റഡ് കിങ്ങ്ഡം( United Kingdom) 20.ചിലി (Chile) എന്നിവരാണ്. അപ്രതീക്ഷിതമായിട്ടാണ് ഈ​പട്ടികയിൽ പല പേരുകളും നമ്മൾ കാണുക. നമ്മുടെ ധാരണകളെ അട്ടിമറിക്കുന്ന പേരുകൾ.

norway, happy index, world happy reportഇത്രയും ആയ സ്ഥിതിക്ക് നമ്മുക്ക് ഏറ്റവുംപുറകിലുള്ളരാജ്യങ്ങളെ കൂടി നോക്കാം.   സന്തോഷം മാത്രമല്ലോ ലോകം എന്ന് സമാധാനിച്ച് നമ്മുക്ക് ആ​ പട്ടികയിൽ​കൂടി കണ്ണോടിക്കാം. ബറൂണ്ടി (Burundi) സിറിയയുമാണ് (Syria) പട്ടികയിലെ അവസാനപ്പേരുകാർ. ആശ്വാസത്തിന് വകുപ്പുന്നുമൊണ്ടെന്നു തോന്നുന്നില്ല  നമുക്കും നമ്മുടെ അയൽവാസികൾക്കും. അയൽവാസികളെ സംബന്ധിച്ച് ക്രിക്കറ്റിലെയും ഫുട്ബോളിലെയും പന്ത്രണ്ടാനാകാത്തതിൽ നമ്മളെ നോക്കി സന്തോഷിക്കാം എന്നേയുളളൂ.  ചൈനയുടെസ്ഥാനം 79 ഉം, പാക്കിസ്ഥാൻ 80 ഉം ആണ്. ഇന്ത്യയുടെ സ്ഥാനം അവിടെ നിന്നൊക്കെ പിന്നെയും പോകണം താഴോട്ട്. 122- ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്.  അത്ര സന്തോഷമല്ല, കാര്യങ്ങളെന്ന് ചുരുക്കം.

അതൊക്കെ അവിടെ നിൽക്കട്ടെ ഒന്നാമനാണല്ലോ കാര്യം. നോർവേയെ കുറിച്ച് പറയാം.  ധാരാളം പ്രത്യേകതകൾ ഉള്ള രാജ്യമാണ് നോർവേ. വെറും അമ്പതുലക്ഷം മാത്രം ആൾക്കാരെ നോർവേയിൽ ഉള്ളൂ. ഇവിടെ ശമ്പളത്തോടുളള പ്രസവാവധി 42 ആഴ്ച്ചയാണ്. കൂടാതെ, ഉയർന്ന ആരോഗ്യവും, വിദ്യാഭ്യസ നിലവാരവും ഉണ്ട്. കുട്ടികൾ ഏഴു വയസ്സിലാണ്‌ സ്കൂളിൽ പോകാൻ തുടങ്ങുന്നത്. നോർത്തേൺ കടലിലിൽ (North Sea) പെട്രോളിയം ശേഖരവും  പ്രകൃതി സമ്പത്തു ധാരാളം ഉളളത് കൊണ്ടും പൈസയ്ക്ക് ഒരുബുദ്ധിമുട്ടും ഇല്ല. പ്രതിശീർഷ വരുമാനത്തിന്റെ അളവുകോലിൽ  ലോകത്തിലെ നാലാമത്തെ സമ്പന്ന രാജ്യമാണ്  നോർവേ (GDP Per capita $70,665). സ്കൂൾ കോളജ് വിദ്യാഭ്യാസം സമ്പൂർണ സൗജന്യമാണ്. 67 വയസ്സു മുതൽ എല്ലാവർക്കും പെൻഷൻ കിട്ടും. അതായത്  ക്ഷേമരാക്ഷ്ട്രം എന്ന  സങ്കൽപ്പം (concept) നോർവേയിൽ പ്രാവർത്തികമാക്കുന്നുണ്ട് എന്നതാണ് ആ രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത്.  അപ്രയോഗികം എന്ന് പറഞ്ഞ് ഇക്കാലത്ത് തളളിക്കളയുന്ന ഒരു സങ്കൽപ്പം ഒരു രാജ്യം നടപ്പാക്കുന്നു. അത് ആ രാജ്യത്ത് സൃഷ്ടിക്കുന്ന ഗുണമേന്മയുടെ സൂചകങ്ങൾ ​ആ രാജ്യത്തെ ലോകത്തിന്റെ മുൻ നിരയിൽ നിർത്തുന്നു.

norway

നോർവെയെ ‘പാതിരാസൂര്യന്റെനാട്എന്നാണ്  വിളിക്കുന്നത്’. കാരണം വേനൽക്കാലത്ത്  20 മണിക്കൂറിൽ കൂടുതൽ പകൽ ആയിരിക്കും. ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള നോർവേക്കാരുടെ മനക്കരുത്ത്  പ്രശസ്തമാണ്. വളരെ രസകരമായ ഒരുകഥയുണ്ട് ഒരിക്കൽ നോർവെയിലേക്ക് കുടിയേറിയ ഒരു അമേരിക്കൻ അമ്മ ഒരുദിവസം രാവിലെ ശക്തമായ മഞ്ഞുവീഴ്ച്ച എന്നുപറഞ്ഞു കൂട്ടിയെ സ്കൂളിൽ വിട്ടില്ല. പിറ്റേന്ന്  കാലാവസ്ഥ മോശമായതിനാലാണ്  കുട്ടിയെ  വിടാതിരുന്ന കാരണം എന്നു പറഞ്ഞു ടീച്ചർക്ക് എഴുത്തു കൊടുത്തു വിട്ടു. ടീച്ചർ തിരിച്ചെഴുതിയ ലെറ്റർ സോഷ്യൽ മീഡിയയിലും, പത്രങ്ങളിലും ഒക്കെ വന്നിരുന്നു. ‘Deterikkenoesomheterdårligvær, bare dårligklær,’ ഇതാണ്   ടീച്ചർ നോർവീജിയൻഭാഷയിൽ എഴുതിയ മറുപടി. എന്നുവച്ചാൽ , ‘There is no such thing as bad weather, only bad clothing.’” അതായത്“മോശം കാലാവസ്ഥ എന്നൊന്നില്ല, മോശം വസ്ത്രമേ ഉള്ളൂ”. എന്നു വച്ചാൽ  കാലാവസ്ഥയ്ക്ക് അനുസൃതമായ വസ്ത്രം ധരിച്ചു സ്കൂളിൽ വരണമായിരുന്നു എന്ന്. ഇപ്പോൾ മനസ്സിലായില്ലേ ആ രാജ്യം സന്തോഷിച്ചു നടക്കുന്നതിന്റെ കാര്യവും കാരണവും.

പാതിരാ സൂര്യന്റെ നാടെന്നൊക്കെ പറഞ്ഞല്ലോ അതിനെപറ്റിക്കൂടെ പറയാം.. ജൂൺ 20 ന് രാത്രി 11. 45 ആയി സമയം ഇപ്പോളും പൂർണ്ണമായും ഇരുട്ടിയിട്ടില്ല. ഇതെഴുതുന്നതേയുളളൂ. നമ്മുടെ നാട്ടിലെ ഒരു ആറര മണി പോലെ. ഉദയസമയം രാവിലെ 03.50 ആണെന്ന് കൂടി ഓർമ്മിക്കുക (ജൂൺ 21) ഏറ്റവും ദൈർഘ്യമുള്ള ദിവസം.

oslo, norway, suresh c pillai,
ഓസ്‌ലോയിൽ​നിന്നും ജൂൺ 20 ന് രാത്രി 11,45 ന് എടുത്ത ഫൊട്ടോ

എന്തു കൊണ്ടാണ് യൂറോപ്പിൽ വേനൽ  സമയത്തു കൂടുതൽ സമയം പകൽ വരുന്നത് (അല്ലെങ്കിൽ നോർവേയിൽ പാതിരാത്രിയിലും സൂര്യൻ കാണുന്നത്)? ലളിതമായി പറഞ്ഞാൽ, ഭൂമി അതിന്റെ സാങ്കൽപ്പിക അച്ചുതണ്ടിൽ (axis) ആണ് സ്വയം കറങ്ങുന്നത് എന്നൊക്കെ സ്കൂളിൽ പഠിച്ചത് ഓർമ്മ ഉണ്ടല്ലോ? ഈ അച്ചുതണ്ട് ഏകദേശം 23 ഡിഗ്രി ചരിഞ്ഞാണ് ഇരിക്കുന്നത്. ഗ്ലോബ് ഒക്കെ സ്കൂളിൽ കാണിച്ചത് ഓർമ്മയിൽ കൊണ്ടുവന്നാൽ മതി. ഇങ്ങനെ 23 ഡിഗ്രി ചരിഞ്ഞ് ഇരിക്കുന്നതു കാരണം, സമ്മർ സമയത്ത് സൂര്യന്റെ സ്ഥാനം  ഉത്തരാർദ്ധത്തിന് (നോർത്ത് പോളിന്) അഭിമുഖം ആയിരിക്കും, ദക്ഷിണാർദ്ധത്തിൽ (സൗത്ത് പോളിൽ) നിന്നും കൂടുതൽ അകലെയും ആയിരിക്കും.

കുറച്ചു കൂടി വിശദമായി പറഞ്ഞാൽ മാർച്ച് 21 നു സൂര്യന്റെ സ്ഥാനം ഭൂമധ്യ രേഖയോട് (equator) അടുത്തായിരിക്കും (Vernal Equinox). ഓരോ ദിവസം കഴിയും തോറും സൂര്യന്റെ സ്ഥാനം വടക്ക് അക്ഷാംശത്തോട് (north latitude) അടുത്തു കൊണ്ടിരിക്കും.

അതുകൊണ്ട് നോർത്ത് പോളിൽ ഉള്ള രാജ്യങ്ങളിൽ സമ്മറിൽ സൂര്യൻ കൂടുതൽ സമയം കാണും. വിന്റർ സമയങ്ങളിൽ പകലിന്റെ ദൈർഘ്യം കുറയുകയും ചെയ്യും (നോർത്ത് പോളിൽ ഒക്കെ കുറച്ചു ദിവസം സൂര്യൻ ഉദിക്കുകയെ ഇല്ല). അപ്പോൾ ഇന്ത്യയിലോ? എന്നാവും ഇപ്പോൾ ആലോചിക്കുക. കേരളത്തിൽ ഇതൊട്ടും പ്രകടം അല്ല. കാരണം നമ്മുടെ സ്ഥാനം ഭൂമധ്യ രേഖയോട് താരതമ്യേന അടുത്തുതാണ്. എന്നാൽ വടക്കോട്ട് പോകും തോറും ഉദയ അസ്തമന സമയങ്ങളിൽ പ്രകടമായ മാറ്റം കാണാം.

അയർലണ്ടിലെ ഡബ്ലിൻ  ട്രിനിറ്റികോളേജിൽ നിന്ന് PhD യും, അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്നോളജിയിൽ നിന്നും പോസ്റ്റ്ഡോക്ടറൽ ഗവേഷണവും പൂർത്തിയാക്കിയ ലേഖകൻ അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിസ്ലൈഗോയിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിങ്   വിഭാഗം  മേധാവി ആണ്. മലയാളത്തിൽ തന്മാത്രം എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ചമ്പക്കര സ്വദേശി

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Notes from norway the happiest place on earth suresh c pillai