/indian-express-malayalam/media/media_files/uploads/2017/10/kavitha-lankesh3.jpg)
ഗൗരി ലങ്കേഷിന്‍റെ കൊലയാളികളെ മാത്രം പിടിച്ചാൽ പോരാ, അതിന് പിന്നിലെ പ്രേരകശക്തികളെയും പിടികൂടണമെന്ന് ഗൗരി ലങ്കേഷിന്‍റെ സഹോദരിയും പ്രശസ്ത സംവിധായികയുമായ കവിത ലങ്കേഷ്. ഇത്തരം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് അക്രമങ്ങൾ തടയുന്നതിന് അതിന് പിന്നിലെ പ്രേരക ശക്തികളെയാണ് പ്രതിരോധിക്കേണ്ടത്. ഗൗരി കൊല്ലപ്പെടുന്നതിന് മുമ്പ് ദാബോൽക്കർ പൻസാരെ, കൽബുർഗി എന്നിവർ കൊലപ്പെട്ടു. കൊലയാളികളെ മാത്രം പിടികൂടിയത് കൊണ്ട് അവസാനിക്കുന്നില്ലെന്ന് കവിത അഭിപ്രായപ്പെട്ടു.
ഗൗരിയെ കൊലപ്പെടുത്തി എന്നതു മാത്രമല്ല, എന്തിനാണ് കൊലപ്പെടുത്തിയത്, എന്തുകൊണ്ട് കൊലപ്പെടുത്തി എന്നതും കണ്ടെത്തേണ്ടതുണ്ട്. എന്നെയും എന്‍റെ കുടുംബത്തെയും സംബന്ധിച്ച് ഗൗരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ അസഹിഷ്ണുതയുടെ നിന്ദ്യമായ രാഷ്ട്രീയമാണ് ഉളളത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ കവിത ലങ്കേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴും ഗൗരിയുടെ ഓർമ്മകൾ കടന്നുവന്നപ്പോഴെല്ലാം കവിതയുടെ മുഖത്തിന് മുന്നിൽ മിഴിനീരുകൊണ്ടുളള തിരശീല രൂപം കൊളളുന്നു. കേരളത്തെയും മലയാളത്തെയും സ്നേഹിച്ച ഗൗരിയെ പോലെ തന്നെയാണ് കവിതയും. ഗൗരിയെ പോലെ താനും ദുൽഖറിന്‍റെയും നിവിൻ പോളിയുടെയും ആരാധകയാണെന്ന് പറയുന്ന കവിത. കവിതയുടെ ആദ്യ സിനിമയ്ക്ക് കിട്ടിയ പ്രമുഖ അവാർഡുകളിലൊന്ന് മലയാളത്തിന്‍റെ അഭിമാനമായ അരവിന്ദന്‍റെ പേരിലുളളതാണെന്നതും ശ്രദ്ധേയം. ഇന്നും മലയാളത്തെയും മലയാളികളെയും മലയാള സിനിമയെയും സ്നേഹിക്കുന്ന കവിതയുമായി ഇന്ത്യൻ എക്‌സ്‌പ്രസ്സ് മലയാളം (ഐഇ മലയാളം) നടത്തിയ സംഭാഷണം
ലങ്കേഷ് പത്രികെയുടെ ഭാവി ഇനി എന്താകും? താങ്കള്‍ പത്രത്തിന്‍റെ ചുമതല ഏറ്റെടുക്കുമോ
ലങ്കേഷ് പത്രികെയുടെ ചുമതലകള്‍ ഞാന്‍ ഏറ്റെടുക്കില്ല. അതെന്‍റെ ജോലിയല്ലല്ലോ. എന്‍റെ മേഖല സിനിമയാണ്. എന്‍റെ ശ്രദ്ധയും സിനിമയിലാണ്. എന്‍റെ എല്ലാ പിന്തുണയും ആ പത്രത്തിനുണ്ട്. തീര്‍ച്ചയായും ഞാനും ആ പത്രത്തിന്‍റെയും അതിന്‍റെ പാരമ്പര്യത്തിന്‍റെയും ഒരു ഭാഗമായിരിക്കും. ഇപ്പോള്‍ താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തിയിരിക്കുകയാണ്. തീര്‍ച്ചയായും അത് പുനരാരംഭിക്കും.
/indian-express-malayalam/media/media_files/uploads/2017/10/lankesh-sisters.jpg)
അച്ഛനു ശേഷം ഗൗരി പത്രത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി. ഗൗരിയുടെ അഭാവത്തില്‍ പത്രം ഇനി ആരു നടത്തും
അത് ആരുടെ നേതൃത്വത്തില്‍ നടക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകളിലാണിപ്പോള്‍ ഞങ്ങള്‍. അച്ഛന്‍ ഒരിക്കലും ഈ പത്രം ഒരു കുടുംബ നിയന്ത്രണത്തിലുള്ള സ്ഥാപനമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചിട്ടില്ല. ഗൗരിയും അതാഗ്രഹിച്ചിട്ടില്ല. അച്ഛന്‍റെ മരണ ശേഷം ഗൗരി അത് ഏറ്റെടുത്തു ഭംഗിയായി നടത്തി. എന്നെക്കാളേറെ ഗൗരിക്കാണ് അതിനുള്ള കഴിവ്. ഒരു കാര്യം തീര്‍ച്ചയാണ്. പത്രം ഇതുവരെ തുടര്‍ന്നു പോന്ന എഡിറ്റോറിയല്‍ നയം തന്നെ പിന്തുടരും. അത്തരം രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ തന്നെയായിരിക്കും പത്രത്തിന്‍റെ നേതൃത്തില്‍ വരിക.
ഗൗരിയുടെ മരണ ശേഷം ഒരു പൊതുചടങ്ങില്‍ അമ്മയുടെ പ്രസംഗം കേട്ടിരുന്നു. വളരെ ശക്തമായ വാക്കുകള്‍. അമ്മ ഞെട്ടലിനെ മറികടന്നോ
ആ ഞെട്ടലില്‍ നിന്ന് അമ്മയ്ക്ക് ഇപ്പോഴും കരകയറാനായിട്ടില്ല. ഒരു അമ്മയ്ക്കും ഉള്‍ക്കൊള്ളാനാവാത്ത ഒരു പ്രതിസന്ധിയിലൂടെയാണല്ലോ അവര്‍ കടന്നു പോയത്. പ്രായമായെങ്കിലും ആരോഗ്യവതിയാണ്. ഗൗരിയുടെ മരണം അമ്മയെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. പ്രഭാത സവാരിക്കുപോലും ഇപ്പോള്‍ പുറത്തിറങ്ങാറില്ല.
സഹോദരിമാര്‍ എന്ന നിലയില്‍ ഗൗരിയും കവിതയും തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നല്ലോ. ഗൗരിക്കു ശേഷമുള്ള ജിവിതം എങ്ങനെ
ആ സംഭവത്തിന് ശേഷം എന്‍റെ ജീവിതത്തിൽ വല്ലാത്തൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്. ഗൗരി എന്നോടും എന്‍റെ പതിമൂന്നുകാരി മകളോടും വല്ലാത്ത അടുപ്പം കാണിച്ചിരുന്നു. സുഹൃത്തുക്കളെ പോലെയായിരുന്നു ഞങ്ങൾ. എന്‍റെ മകളുടെ രണ്ടാമത്തെ അമ്മയായിരുന്നു ഗൗരി (നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നു). എന്‍റെ സിനിമാകാര്യങ്ങളും സ്‌ക്രിപ്റ്റുകളുമെല്ലാം പരസ്പരം ചര്‍ച്ച ചെയ്യുമായിരുന്നു. ഞങ്ങള്‍ക്കിരുവര്‍ക്കും കോമണായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞങ്ങളെല്ലാം പലപ്പോഴും ഒരുമിച്ചുകൂടുമായിരുന്നു. ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെ വെട്ടിമാറ്റിയ പോലെയാണ് ഗൗരിയുടെ അഭാവം. ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. എങ്കിലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടു പോകുന്നു.
സഹോദരി എന്നതിനപ്പുറം സുഹൃത്തും മാർഗദർശിയുമൊക്കെയായിരുന്ന ഒരാളെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്. എനിക്ക് ഗൗരിയെ തിരിച്ചറിയാൻ കഴിഞ്ഞത് അവർ കൊല്ലപ്പെട്ട ശേഷമായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഗൗരിക്ക് അന്തിമോപചാരം അർപ്പിക്കാനായി അവിടെ എത്തിയത്. സമൂഹത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുളളവരും എത്തിയിരുന്നു. അവിടെയെത്തിയവരിൽ പ്രായത്തിന്‍റെയോ മറ്റെന്തിന്തിന്‍റെയെങ്കിലുമോ അതിരുകളില്ലായിരുന്നു. മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, ഹിന്ദുക്കൾ, മുസ്‌ലിംങ്ങൾ, ദലിതർ, ക്രിസ്ത്യാനികൾ, സ്ത്രീകൾ, ട്രാൻസ് ജെൻഡേഴ്സ്, വിദ്യാർത്ഥികൾ, വിവിധ തൊഴിലാളികൾ അങ്ങനെ അങ്ങനെ സമൂഹത്തിന്രെ ബഹുസ്വരത മുഴവുനുണ്ടായിരുന്നു.
സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നതു കാരണം എന്നെയായിരിക്കും കൂടുതല്‍ ആളുകള്‍ അറിയുക എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ഗൗരിക്കുണ്ടായ ദുരന്തത്തെ തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ പ്രതികരണത്തില്‍ നിന്നാണ് ശരിക്കും ഗൗരിയുടെ ഔന്നത്യം ഞാന്‍ മനസ്സിലാക്കിയത്.
ഗൗരിയുടെ കൊലപാതകത്തെ കുറിച്ചുള്ള കര്‍ണാടക പോലീസിന്‍റെ അന്വേഷണ പുരോഗതി എങ്ങനെ വിലയിരുത്തുന്നു
കേസന്വേഷണം അറിഞ്ഞിടത്തോളം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. അന്വേഷണ സംഘം തലവന്‍ വി കെ സിംഗും മുഖ്യമന്ത്രി സിദ്ധരാമയ്യയും വലിയ പിന്തുണയാണ് നല്‍കിയത്. അവര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഇരുവരും നിരന്തരം ബന്ധപ്പെടാറുമുണ്ട്.
ഇതിനിടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നും അന്വേഷണം ഏതാണ്ട് നിലച്ച മട്ടിലായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്തു തോന്നുന്നു
അത് ശരിയാണെന്ന് തോന്നുന്നില്ല. തുടക്കത്തില്‍ തെളിവു ശേഖരണത്തിനും മറ്റുമായി കുറെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്വേഷണത്തിലെ ആദ്യം ഘട്ടം പൂര്‍ത്തിയായപ്പോള്‍ അവരെയെല്ലാം അവരുടെ ജോലികളിലേക്കു തന്നെ തിരിച്ചയച്ചു എന്നാണ് ഞാനറിഞ്ഞത്. ഇനി അവരുടെ ആവശ്യം അന്വേഷണ സംഘത്തിനില്ല. തുടര്‍ന്നുള്ള നടപടികള്‍ മുറപോലെ തന്നെ മുന്നോട്ടു പോകുന്നുണ്ട് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സര്‍ക്കാരിന്‍റെ പ്രതികരണവും ആ രീതിയിലുള്ളതാണ്. വലിയ പന്തുണയാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നത്.
ഗൗരി കൊലപാതകത്തിനെതിരെ കേരളത്തില്‍ നിന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ച്
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എല്ലാ പ്രതികരണങ്ങളും. കേരളത്തിലെ എല്ലായിടത്തും വ്യാപകമായി ഗൗരിക്കുവേണ്ടി ജനങ്ങള്‍ ഒത്തുകൂടി എന്നത് എന്നെ അത്ഭുതപ്പെടുത്തി. കേരള സര്‍ക്കാരിന്‍റെ പ്രതികരണവും വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. പ്രത്യേകിച്ചു ഗൗരിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് പറയപ്പെടുന്നവരോടുള്ള കേരളത്തിന്റേയും കേരള സര്‍ക്കാരിന്‍റെയും പൊതുവായ സമീപനം തന്നെ വലിയ പ്രതീക്ഷയാണ്.
നേരത്തെ കേരളത്തില്‍ പലതവണ വന്നുപോയിട്ടുണ്ട്. ഗൗരിയുടെ മരണ ശേഷം മാത്രം പത്തോളം തവണ പലയിടത്തു നിന്നും ക്ഷണം ലഭിച്ചു . തിരക്കുകള്‍ കാരണം എത്താന്‍ കഴിഞ്ഞില്ല. അവസാനം, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിന് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
സിനിമാ രംഗത്തെ തിരക്കുകള്‍
ഗൗരി കൂടി അഭിനയിച്ച 'സമ്മര്‍ ഹോളിഡേയ്‌സ്' ആണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഒരു മാസത്തിനകം റിലീസ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തില്‍ ഗൗരി അവളുടെ ജീവിതം തന്നെയാണ് അഭിനയിക്കുന്നത്. ഒരു ആക്ടിവിസ്റ്റായിട്ടാണ് കുറഞ്ഞ രംഗങ്ങളിലാണെങ്കിലും ഗൗരി പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലൂടെ ഗൗരി ജീവിക്കുന്നത് ഒരിക്കല്‍ കൂടി നമുക്ക് കാണാം.
മലയാള സിനിമയെ കുറിച്ച്
മലയാള സിനിമാ രംഗവുമായി നല്ല ബന്ധമാണ്. പ്രമുഖരായ പലരുമായും സൗഹൃദവും പരിചയവുമുണ്ട്. ദുല്‍ഖറിന്‍റെയും നിവിന്‍ പോളിയുടേയും ഫാനാണു ഞാന്‍. ഗൗരിക്കും ഇവരെ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് നിവിനെ. 'ബാംഗ്ലൂര്‍ ഡെയ്‌സ്', 'ചാര്‍ളി'. എന്നിവ ഇഷ്ടമായ സിനിമകളാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.