താവഴിക്ക് തൃശ്ശൂര്‍ക്കാരിയും പത്തുവര്‍ഷത്തോളം തൃശ്ശൂരില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന എന്റെ ഓര്‍മ്മയില്‍ അമ്മൂമ്മയുടെ കാലം മുതല്‍ ഇന്നുവരെയും പൂരം അറിഞ്ഞാസ്വദിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. തൃശ്ശൂരില്‍ ഉളളപ്പോഴൊക്കെയും പൂരം കാണുന്ന പതിവ് മുടക്കിയിട്ടില്ല. കുട്ടിക്കാലത്ത് കസിന്‍സിനൊപ്പമായിരുന്നെങ്കില്‍ മുതിര്‍ന്നപ്പോള്‍ അത് കൂട്ടുകാര്‍ക്കൊപ്പമായെന്നു മാത്രം. കെട്ടിടത്തിനു മുകളില്‍ നിന്നല്ല, ആള്‍ക്കൂട്ടത്തിലൊരാളായിത്തന്നെയാണ് ഞാനിതുവരെയും പൂരമാസ്വദിച്ചിട്ടുളളത്. ഇന്നോളം ഉളളിലുളളതെല്ലാം നിറമാർന്ന ഓർമ്മകൾ മാത്രം. പൂരനാളില്‍ വെളുപ്പിനേ എഴുന്നേറ്റ് കണിമംഗലം ശാസ്താവ് എത്തും മുമ്പേ തെക്കേനടയില്‍ സ്വയം പ്രതിഷ്ഠിച്ചാല്‍ പിന്നെ ചെറുപൂരങ്ങളെല്ലാം കഴിഞ്ഞ് വെയില്‍ ഉച്ചിയിലടിക്കുമ്പോഴാണ് വീട്ടിലേക്കുളള മടക്കം. അതും പൂരപ്പറമ്പിലെ പലഹാരങ്ങളും തിന്ന്, ഇളനീര്‍ കുടിച്ച് കുപ്പിവളയും മുല്ലപ്പൂവും വീട്ടിലെ കുട്ടിപ്പട്ടാളങ്ങള്‍ക്ക് ബലൂണും വാങ്ങി നടന്ന്. ഹര്‍ത്താലിനല്ലാതെ തൃശ്ശൂര്‍ റൗണ്ട് വാഹനങ്ങളെ അകറ്റി നിര്‍ത്തുന്നത് കൊല്ലത്തിലൊരിക്കല്‍ ഈ പൂരദിനങ്ങളില്‍ മാത്രമാണ്. അത് ഞങ്ങള്‍ നടന്നാഘോഷിക്കുകയും ചെയ്യും!

thrissur pooram,poora chamayam,mary samual, vishnu ram

കുട്ടിക്കാലം വയനാട്ടിലായിരുന്ന എനിക്ക് വേനലവധി എന്നുകേട്ടാല്‍ത്തന്നെ പൂരപ്പറമ്പാണോര്‍മ്മ വരിക. പൂരത്തിനല്ലാതെ വര്‍ഷത്തില്‍ പിന്നൊരിക്കലും തേക്കിന്‍കാട് അത്രയുംമാത്രം ആളും ആരവങ്ങളും കൊണ്ടുനിറയാറില്ല. തൃശ്ശൂര്‍ത്തെ അമ്മവീട്ടില്‍ ഒത്തുകൂടാന്‍ മെയ്‌മാസമാവാൻ കാത്തിരിക്കുന്ന എന്നെ പോലെ പത്തുപതിനഞ്ചു കസിന്‍സ് വേറെയുമുണ്ടായിരുന്നു. കേരളത്തിന്റെ പലഭാഗത്തുനിന്നും പുറത്തുനിന്നും ഞങ്ങളെല്ലാവരുംമെത്തുന്നത് പൂരമാഘോഷിക്കാന്‍ കൂടിയാണ്. പുതിയ കലണ്ടര്‍ കിട്ടിയാല്‍ ആദ്യം നോക്കുക പൂരമെന്നാണെന്നാണ്. എന്നിട്ടുവേണമല്ലോ അവധി പ്ലാന്‍ ചെയ്യാന്‍. അതാത് വര്‍ഷം കല്യാണം കഴിഞ്ഞവര്‍, ജോലി കിട്ടിയവര്‍ തുടങ്ങിയവര്‍ക്കാണ് ബാക്കിയുളളവരെ വഹിക്കേണ്ട ഉത്തരവാദിത്തം. സ്‌പോണ്‍സര്‍മാരായി കുടുംബത്തിലെ തലമൂത്ത അമ്മാവന്മാര്‍ വേറെയും കാണും. അതൊന്നും പോരാഞ്ഞിട്ട് സ്വന്തം നിലയില്‍ പൊടിക്കാന്‍ പോക്കറ്റ്മണിയില്‍ നിന്ന് ഒരു വീതം പൂരബജറ്റിലേക്ക് മാറ്റി വെയ്ക്കുന്ന വമ്പത്തികളുമുണ്ടായിരുന്നു കൂട്ടത്തില്‍. എല്ലാവരുമെത്തിക്കഴിഞ്ഞാല്‍ അടുത്ത ദിവസത്തെ പ്രധാന പരിപാടി എക്‌സിബിഷന്‍ കാണാന്‍ പോവലാണ്. എല്ലാവര്‍ഷവും ഉണ്ടാവാറുളള രാജസ്ഥാന്‍ ബെഡ്ഷീറ്റ്, ഉര്‍വശ്ശി വളക്കടകള്‍, സോപ്പുചീപ്പ് കുപ്പിവള, കരിമ്പിന്‍ ജ്യൂസ്, മുളകുബജി സ്റ്റാളുകള്‍തന്നെയായിരിക്കും എല്ലാത്തവണയും എന്നറിയാമെങ്കിലും ഒരുതവണയെങ്കിലും ഒന്നുകയറി വലംവെച്ചുപോകുക എന്നതൊരു നേര്‍ച്ചയാണ്. എത്രതവണപോയാലും മുടങ്ങാതെ വാങ്ങുന്ന സാധനം കരിമ്പിന്‍ ജ്യൂസും! വേനലെത്തുമ്പോള്‍ത്തന്നെ റോഡരികില്‍ സ്ഥാനം പിടിക്കുന്ന കരിമ്പിന്‍ ജ്യൂസിനോട് പൂരമെത്തുംവരെ പുച്ഛവും എക്‌സിബിഷന്‍ നഗരിയിലെത്തിയാല്‍ അതുവരെ ഇല്ലാത്ത പ്രിയവുമാണ്. ഒഴിവാക്കാത്ത മറ്റൊരു ഐറ്റമാണ് നടുവിലാലിലും നായിക്കനാലിലും ഉയരുന്ന പൂരപ്പന്തല്‍ കാഴ്ച്ച. പന്തല്‍പണിക്കായി കാലുനാട്ടിക്കഴിഞ്ഞാല്‍ അതുവഴി പോകുമ്പോള്‍ അറിയാതെ കണ്ണുകള്‍ പുറത്തേക്കുപായും, ഏതുവരെയായി പന്തല്‍പ്പണിയെന്നറിയാന്‍. തറവാട്ടുമുറ്റത്ത് കല്യാണപന്തലുയരുമ്പോല്‍പ്പോലും ഇത്ര ആകാംക്ഷ ഉണ്ടാവാറില്ലെന്നതാണ് വാസ്തവം.

പൂരം കൊടിയേറിയെന്ന് തൃശ്ശൂര്‍ക്കാര്‍ അറിയുക കൊടിയേറ്റത്തോടെ നടക്കുന്ന കതിനയ്‌ക്കൊപ്പമാണ്. അതു കഴിഞ്ഞാല്‍ പിന്നെ ആനച്ചമയം കാണാനുളള കാത്തിരിപ്പാണ്. ഇക്കുറി കുടമാറ്റത്തില്‍ ഉയരാന്‍ പോകുന്ന സ്‌പെഷ്യല്‍ കുടകള്‍ വല്ലതും പ്രദര്‍ശിപ്പിച്ചിരിക്കുമോ എന്നറിയാനുളള ആകാംക്ഷയുമുണ്ടാവും. ഞങ്ങളെപ്പോലുളള ആകാംക്ഷാഭരിതരെ ആശ്വസിപ്പിക്കാനായി പതിവുകുടകളുടെ കൂട്ടത്തില്‍ രണ്ടോ മൂന്നോ സ്‌പെഷ്യലുകളും കാണും.

കൊടിയേറ്റത്തോടെത്തന്നെ വീടുകളില്‍ മുറുനാട്ടില്‍നിന്നുളള അതിഥികളുടെ എണ്ണവും കൂടും. ടൗണ്‍പരിസരത്താണ് വീടെങ്കില്‍ പറയുകയും വേണ്ട. വീടിന് ഉള്‍ക്കൊളളാവുന്നതിലധികം അതിഥികള്‍ ഉണ്ടായിട്ടുളള വര്‍ഷങ്ങളും വിരളമല്ല ഓര്‍മ്മയില്‍. എത്രപേരു വന്നാലും അവരോട്മ്മടെ പൂരക്കഥകള്‍ വര്‍ണ്ണിക്കാനും കൊണ്ടുനടന്ന് വിശദമായി പൂരം കാണിക്കാനും ആവേശമാണ് തൃശ്ശൂര്‍ക്കാര്‍ക്ക്. അങ്ങനെ വന്നവരെല്ലാം മനം നിറഞ്ഞാണ് മടങ്ങിയിട്ടുളളതും. പുറത്തുനിന്ന് പൂരം കാണാനെത്തുന്നവരോട്, സാമ്പിളിനു മുമ്പെങ്കിലും വരണേ എന്നാണ് ഓര്‍മ്മപ്പെടുത്തല്‍. സാമ്പിളെന്നാല്‍ പൂരമിങ്ങെത്തിയെന്ന വരവറിയിച്ചുകൊണ്ടുന്ന വെടിക്കെട്ടാണ്. അത് സ്വരാജ് റൗണ്ടില്‍ത്തന്നെയിരുന്ന് കാണണമെന്നതില്‍ കൂട്ടത്തിലെ ഏറ്റവും ജൂനിയറിനു പോലും എതിരഭിപ്രായമുണ്ടാവില്ല. സാമ്പിള് വെടിപ്പായി കാണാന്‍ മണിക്കൂറുകള്‍ മുമ്പേത്തന്നെ വന്ന് സ്ഥലം പിടിച്ചിരിക്കും. പ്രധാനവെടിക്കെട്ട് വെളുപ്പാന്‍കാലത്തായിരിക്കുമെന്നതിനാല്‍ ആ സമയത്ത് എഴുന്നേറ്റ് വരാനുളള മടികൊണ്ട് വീട്ടിലുളള ആബാലവൃദ്ധം ജനങ്ങളും സാമ്പിള്‍ കാണാന്‍ ഒരുങ്ങിയെത്തും. ആദ്യവെടി പൊട്ടും മുമ്പേ തന്നെ സംഘം പാറമേക്കാവ്- തിരുവമ്പാടി എന്നിങ്ങനെ ചേരിതിരിഞ്ഞിരിക്കും. നിലയമിട്ടുകള്‍കള്‍ക്കൊപ്പം കത്തിക്കയറുന്ന ആവേശം മിക്കവാറും അവിടെ കൂട്ടപ്പൊരിച്ചില്‍, ഇവിടെ ‘കൂട്ടയടി’ എന്ന മട്ടിലാണ് കലാശിക്കുക. വെടിക്കെട്ട് തീരുന്നതോടെ ‘അടി’യും തീരും. പിന്നെ പ്രധാനവെടിക്കെട്ടിന് അവതരിപ്പിക്കുന്ന പുതുമകള്‍ എന്തായിരിക്കും, അന്നു മഴ പെയ്യുമോ തുടങ്ങിയ വിഷയങ്ങള്‍ കപ്പലണ്ടി, കോണ്‍ ഐസ്‌ക്രീം മേമ്പൊടിചേര്‍ത്ത് ചര്‍ച്ച ചെയ്ത് കാല്‍നടയായി മടക്കയാത്ര.
മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് എഴുന്നെള്ളിയെത്തുന്നതോടെയാണ് ചെറുപൂരങ്ങളുടെ തുടക്കം. ആനയും മേളവും അതാതു ദേശക്കാരുടെ അകമ്പടിയുമായാണ് ഭഗവതിമാര്‍ എഴുന്നളളുക. അതില്‍ പ്രധാനം കാരമുക്ക് ഭഗവതിയുടെ എഴുന്നളളത്തുതന്നെ. വര്‍ഷങ്ങളായി ഇലഞ്ഞിത്തറ മേളപ്രമാണിയായ കുട്ടന്‍മാരാരുടെ നേതൃത്വത്തിലാണ് കാരമുക്ക് ഭഗവതിയുടെ മേളം എന്നതാണ് കാരണം. കുട്ടന്‍മാരാരുടെ പ്രകടനം തൊട്ടടുത്ത് നിന്ന് കണ്ടാസ്വദിക്കാനുളള അവസരം കൂടിയാണത്. ചെറുപൂരങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നെയ്തലക്കാവ് ഭഗവതി കൂടി വന്നുപൊയിക്കഴിഞ്ഞാല്‍ ഞങ്ങളും മടങ്ങും. കിട്ടിയതു തിന്ന് നല്ലോണ്ണം ഉറങ്ങി രാത്രി വീണ്ടും പൂരപ്പമ്പിലേക്ക്.

thrissur pooram, summer vacation,

കത്തുന്ന മേടച്ചൂടില്‍ ആനകളെ ചങ്ങലക്കെട്ടില്‍ എഴുന്നള്ളിച്ചുനിര്‍ത്തുന്നത് മഹാപാതകം തന്നെയാണ്. പകല്‍പ്പൂരത്തിനൊഴിവാക്കിയാല്‍ പോലും കരിയും ഇരുളും ഏതേതെന്ന് വേര്‍തിരിക്കാനാവാത്ത രാത്രിപ്പൂരത്തിന് തീവെട്ടിവെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങള്‍ പകരുന്ന ചന്തം ഒഴിവാക്കിയൊരു പൂരം ചിന്തിക്കാനാവുമോ? സംശയമാണ്. രാപ്പൂരമെടുങ്ങുമ്പോഴാണ് അടുത്ത ആകാശപ്പൂരത്തിന്റെ തുടക്കം. ശക്തന്‍ നഗറില്‍ ഇന്നുകാണുന്ന കെട്ടിടങ്ങളുയരുന്നതിനു മുമ്പ് നിലയമിട്ടുകള്‍ വിരിഞ്ഞിറങ്ങുന്നത് മുണ്ടുപാലം വരെയും കാണാമായിരുന്നു. മൂന്നാം നാള്‍ പകലുണരുന്നത് ഏതൊരു പൂരപ്രേമിയുടെയും ചങ്കുതകര്‍ക്കുന്ന ഭഗവതിമാരുടെ ഉപചാരം ചൊല്ലലിലേക്കാണ്. വടക്കുന്നാഥന്റെ പ്രധാനഗോപുരനടയില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിനിര്‍ത്തി പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വരുകൊല്ലം മേടമാസത്തിലെ പൂരംനാളില്‍ ഇനിയും കാണാമെന്ന നല്ലവാക്ക് ചൊല്ലി ഇരുവഴിക്ക് പിരിഞ്ഞുപോവും. ഒരാണ്ടത്തെ കാത്തിരിപ്പിനൊടുവിലെ ആഘോഷത്തിന് മനസിലും കൊടിയിറങ്ങിക്കഴിഞ്ഞിരിക്കും. വരും ദിവസങ്ങളില്‍ വിരുന്നുകാര്‍ ഓരോരുത്തരായി തങ്ങളുടെ വഴിയേ പിരിയും. ഒരു വേനലവധികൂടി തീരുകയാണെന്ന ബോധം അപ്പോഴാണ് തലയിലുദിക്കുക. ഈ പൂരം തീരാതിരുന്നെങ്കില്‍ നമുക്കും പോകണ്ടായിരുന്നുവല്ലേ എന്ന് തമ്മില്‍ തമ്മില്‍ സങ്കടം പറഞ്ഞാണ് കുട്ടിക്കാലത്തൊക്കെ വീട്ടിലേക്ക് മടങ്ങുക തന്നെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ