Latest News

അബ്ദുൾ റസാഖ് ഗുർനയും അനാഥത്വത്തിന്റെ വിഷാദലോകങ്ങളും

“ഡോട്ടിയുടെ മുഴുവൻ പേര് ഡോട്ടി ബദൗറ ഫാത്ത്മ ബൽഫൂർ എന്നാണ്. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പിഴുതെടുക്കപ്പെട്ടവയാണ് അവളുടെ വേരുകൾ.” സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അബ്ദുൾ റസാഖ് ഗുർനയുടെ എഴുത്തിനെ കുറിച്ച് ചിത്രകാരനും എഴുത്തുകാരനുമായ ജയകൃഷ്ണൻ

abdulrazak gurnah, jayakrishnan, iemalayalam
ചിത്രീകരണം : ജയകൃഷ്ണന്‍

ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബെൽ പുരസ്കാരം നേടിയ സാൻസിബാറി നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർനയുടെ എഴുത്തിലെ പ്രധാന ഘടകം പ്രവാസ ജീവിതത്തിന്റെ കാഠിന്യവും അസ്തിത്വ വിനിമയങ്ങളുമാണ്. വെളുത്തവന്റെ ആധിപത്യമുള്ള നാട്ടിൽ കറുത്തവൻ അനുഭവിക്കുന്ന ഭയാനകമായ ശൂന്യത മിക്കവാറും എല്ലാ പുസ്തകങ്ങളിലും കടന്നു വരുന്നുണ്ട്.

കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ ‘ഡോട്ടി’ എന്ന നോവൽ ഗുർനയുടെ കൃതികളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ്. കറുത്തവന്റെ ഭീതിയേക്കാൾ ഇരുണ്ടതാണ് കറുത്തവളുടേതെന്ന് ഈ കൃതിയിൽ ഗുർന അടിവരയിടുന്നു.

ഡോട്ടിയുടെ മുഴുവൻ പേര് ഡോട്ടി ബദൗറ ഫാത്ത്മ ബൽഫൂർ എന്നാണ്. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പിഴുതെടുക്കപ്പെട്ടവയാണ് അവളുടെ വേരുകൾ.

ഇംഗ്ലണ്ടിൽ തന്റെ ആ വേരുകളാഴ്ത്താനുള്ള അവളുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണ്. ഫാക്ടറി ജോലിക്കാരിയായിരുന്ന അവൾ ലൈംഗികത്തൊഴിലാളിയും മദ്യപയുമായി മാറുന്നു. ഒടുവിൽ ലൈംഗികരോഗം പിടിപെട്ട് മരിക്കുകയും ചെയ്യുന്നു. അനാഥത്വത്തിന്റെ എത്രയെത്ര വിഷാദ ലോകങ്ങളിലൂടെയാണ് അതിനിടയിൽ അവൾ കടന്നു പോകുന്നത്.

ഡിക്കൻസിന്റെയും മറ്റും നോവലുകളിലെ പേരും മുഖവും നഷ്ടപ്പെട്ട പല സ്ത്രീ കഥാപാത്രങ്ങളോടും ഡോട്ടിക്ക് സമാനതകളുണ്ട്. പക്ഷേ ദാരിദ്ര്യം മാത്രമല്ല അവൾ നേരിടേണ്ടി വരുന്നത്. അനേകം രാജ്യങ്ങളിലേക്ക് നീണ്ടു കിടക്കുന്ന എന്നാൽ ഒരിക്കലും ഒരു നീരുറവയിലും എത്തിച്ചേരാത്ത തന്റെ വേരുകൾ അവളെ ഭയപ്പെടുത്തുക മാത്രമല്ല തിരിച്ചറിയപ്പെടാത്തതും അടയാളപ്പെടുത്താത്തതുമായ ഏകാന്തതയിലേക്ക് എപ്പോഴും വഴി തെറ്റിക്കുക കൂടി ചെയ്യുന്നുണ്ട്.

തന്റെ അമ്മയുടെ അച്ഛനെക്കുറിച്ച് വിവരിക്കുന്നിടത്ത് ഡോട്ടിയുടെ ചിന്തകൾ കവിതയാകുന്നു. ഒരു പക്ഷേ അതായിരിക്കാം അവൾക്കുള്ള ഒരേയൊരു നല്ല ഓർമ.

അവളുടെ അമ്മയുടെ അച്ഛൻ തൈമൂർ എന്നു പേരുള്ള ഒരു പത്താൻനായിരുന്നു. നന്നെ ചെറുപ്പത്തിൽ തന്നെ തൈമൂറിനെ അവന്റെ അർദ്ധസഹോദരൻ വിദൂരമായ പർവതപ്രദേശങ്ങളിലേക്ക് ആടുമേയ്ക്കാൻ കൊണ്ടുപോയി. അമ്മയെ കാണാതെ തൈമൂർ കരഞ്ഞപ്പോൾ അയാളവനെ അടിക്കുകയും ജീവിതത്തിന്റെ പാരുഷ്യങ്ങൾ മുറുമുറുപ്പില്ലാതെ സഹിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ അവനവിടെ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചതാണ്. പക്ഷേ അർദ്ധസഹോദരൻ അവനെ അനായാസം പിടികൂടി ആട്ടിൻ കൂട്ടത്തിലേക്ക് തിരികെയെത്തിച്ചു.

പർവതങ്ങളിൽ ജീവിക്കുന്ന പിശാചിന്റെ കഥകൾ പറഞ്ഞ് അയാളവനെ ഭയപ്പെടുത്താൻ ശ്രമിച്ചു. വീണ്ടും അവൻ ഓടിപ്പോകാതിരിക്കാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു അത്. പിശാചിന് അനേകം രൂപങ്ങൾ ധരിക്കാനാവും: ചിലപ്പോൾ ചുറ്റിപ്പറക്കുന്ന ഒരു പരുന്തിന്റെ രൂപമായിരിക്കും അവന്. മറ്റു ചിലപ്പോഴാകട്ടെ വെള്ളി നിറമുള്ള ഒരു മലമാനിന്റെ രൂപവും. പക്ഷേ കറുത്ത മുടിയും പവിഴച്ചുണ്ടുകളുള്ള ഒരു പെണ്ണിന്റെ രൂപം ധരിക്കാനാണ് അവന് ഏറെയിഷ്ടം. ആ രൂപത്തിൽ, ഒരുവളെപ്പോലെ പിശാച് അലഞ്ഞു നടക്കും. മുള്ളുകൾ പിണഞ്ഞ, അലങ്കോലമായ തലമുടി പറത്തിക്കൊണ്ട് അവൾ കരയും: തന്റെ ഏകാന്തതയെക്കുറിച്ചും ഗൃഹാതുരത്വത്തെക്കുറിച്ചും വിലപിക്കും. അതിൽ വീണുപോകുന്ന യാത്രക്കാരനെ അവൾ അടിമയാക്കി മാറ്റുകയും ചെയ്യും.

ഭയപ്പെടുന്നതിനു പകരം ആ പവിഴച്ചുണ്ടുകാരിയെ ഒന്നു കാണാൻ കൊതിക്കുകയാണ് തൈമൂർ ചെയ്തത്. ദൂരെദൂരെയുള്ള മേച്ചിൽസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ അവളെ കാണുന്നുണ്ടോയെന്ന് അവൻ ചുറ്റും നോക്കുമായിരുന്നു.

അടുത്ത തവണ ഓടിപ്പോകുന്നതിന് മുമ്പ് അർദ്ധ സഹോദരൻ വീണ്ടും തന്നെ പിടികൂടാതിരിക്കാൻ തൈമൂർ ആവശ്യമായ മുൻകരുതലെടുത്തു. കൂർത്ത ഒരു കല്ലുകൊണ്ട് അവനയാളുടെ തലയ്ക്കടിച്ചു വീഴ്ത്തി.

തൈമൂറിന്റെ യക്ഷിക്കഥപോലുള്ള ജീവിതത്തിന്റെ വികലമായ ഹാസ്യാനുകരണമാണ് പേരക്കുട്ടിയായ ഡോട്ടിയുടേത്. അവളും ചെകുത്താന്റെ പ്രലോഭനങ്ങളിൽ വീണുപോകുന്നുണ്ട്. പക്ഷേ അത് വെറും ദൈനംദിന നിലനിൽപ്പിനു വേണ്ടി മാത്രമാണ്. ഒളിച്ചോടുന്നതിനു മുമ്പ് അവൾ തലയ്ക്കടിച്ചു വീഴ്ത്തുന്നതാകട്ടെ തന്റെ തന്നെ ആത്മസത്തയെയും.

ഡെസേർഷൻ (Desertion) എന്ന നോവലിലൊരിടത്ത് കോൾറിഡ്ജിന്റെ “കുബ്ലാഖാൻ” എന്ന കവിതയിലെ സ്വപ്ന സമാനമായ വരികൾ ഗുർന ഉദ്ധരിക്കുന്നത് എന്തിനായിരിക്കാം?
സ്വപ്നങ്ങൾ നഷ്ടപ്പെട്ട് അന്യനാടുകളിൽ ചേക്കേറുന്നവർക്ക് സ്വപ്നങ്ങളെ ചിത്രീകരിക്കുന്ന വാക്കുകൾ അർത്ഥം നഷ്ടപ്പെട്ട വെറും പദസഞ്ചയങ്ങൾ മാത്രമാണെന്ന് കാണിക്കാൻ വേണ്ടിയാകുമോ?

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Nobel winner abdulrazak gurnah writings highlight dislocation estrangement and alienation

The moderation of comments is automated and not cleared manually by malayalam.indianexpress.com