വിശക്കുന്ന നേരത്ത് ഇനി കയ്യില്‍ കാശില്ലെന്നു പറഞ്ഞു പട്ടിണി കിടക്കേണ്ട. അഞ്ചപ്പം ഭക്ഷണശാലയിലേക്കു ധൈര്യമായി കടന്നുചെല്ലാം. അവിടെ നിങ്ങളോടാരും കാശ് ചോദിക്കില്ല. വയറു നിറയെ ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ മടങ്ങാം. പണം കയ്യിലുണ്ടെങ്കില്‍ അതു കൊടുത്താല്‍ സ്വീകരിക്കുകയും ചെയ്യും. പത്തനംതിട്ട കോഴഞ്ചേരിയിലെ ടിബി ജംങ്ഷനില്‍ അഞ്ചപ്പം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയാണ് വിശക്കുന്നവന്റെ അത്താണിയായി മാറിയിരിക്കുന്നത്.

ഫാ. ബോബി ജോസ് കട്ടിക്കാട്ടിന്റെ ചിന്തയില്‍ രൂപം കൊണ്ടതാണ് അഞ്ചപ്പം ട്രസ്റ്റും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും. ചെലവു കുറഞ്ഞ ഭക്ഷണശാല എന്നതാണു ഈ ആശയത്തിനു പിന്നിലുള്ളത്. ഉച്ചഭക്ഷണം മാത്രമാണ് ഇവിടെ ലഭിക്കുക. ഊണിനു 25 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം കഴിച്ച് ഇറങ്ങുന്നവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പണം കൗണ്ടറില്‍ ഏല്‍പ്പിക്കാം. ഇല്ലെങ്കില്‍ ഇറങ്ങി പോകാം. ചിലര്‍ കഴിച്ച ഭക്ഷണത്തിന്റെ തുകയ്ക്ക് അധികമായി പണം നല്‍കാറുണ്ട്. ഇതു ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിനായിട്ടാണ് വിനിയോഗിക്കുക.

anjappam-restauarant-pathanamthitta

ഉദാരമതികളുടെ കൂട്ടായ്മയിലാണ് ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത്. മൂന്നായിട്ടാണു കൂട്ടായ്മയെ വേര്‍തിരിച്ചിരിക്കുന്നത്. അപ്പക്കൂട്ട് എന്നാണ് ഒരു കൂട്ടായ്മയുടെ പേര്. സാമ്പത്തികമായി സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൂട്ടായ്മയില്‍ പങ്കാളികളാകാം. ആറു മാസത്തേക്കാണ് അംഗത്വം നല്‍കുക. ഒരാള്‍ ഒരു മാസം 1000 രൂപ വീതം നല്‍കണം. അര്‍ച്ചന എന്നാണു രണ്ടാമത്തെ കൂട്ടായ്മയുടെ പേര്. വോളന്റിയറായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അര്‍ച്ചനയില്‍ പങ്കുചേരാം. ഭക്ഷണം വിളമ്പുക, പാത്രം വൃത്തിയാക്കുക, ഭക്ഷണശാല വൃത്തിയാക്കുക തുടങ്ങിയവയൊക്കെ അര്‍ച്ചനയിലെ അംഗങ്ങളാണ് ചെയ്യുക. അവല്‍ എന്നാണു മൂന്നാമത്തെ കൂട്ടായ്മയുടെ പേര്. അരി, പച്ചക്കറികള്‍, പലവ്യജ്ഞനങ്ങള്‍ തുടങ്ങി ഭക്ഷണം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങളെന്തും ഈ കൂട്ടായ്മയിലുള്ളവര്‍ക്കു നല്‍കാം.

anjappam-restauarant-pathanamthitta

അന്നവും അക്ഷരവും ആദരവോടെ എന്നതാണു അഞ്ചപ്പം ഭക്ഷണശാലയുടെ പരസ്യവാചകം. വാചകത്തെ അര്‍ഥവാക്കുന്നവിധം ഭക്ഷണശാലയില്‍ ചെറിയൊരു ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. പുസ്തകപ്രേമികള്‍ക്ക് വൈകുന്നേരം ഇവിടെയെത്തി ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുത്തു വായിക്കാം. ഒപ്പം പുസ്തകങ്ങള്‍ സംഭാവനയായും നല്‍കാം. സായാഹ്നങ്ങളില്‍ പലവിധ സാംസ്‌കാരിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook