കുട്ടികള്‍ പേപ്പറില്‍ കുത്തിവരയ്ക്കുന്ന പ്രായത്തില്‍തന്നെ ആ കുഞ്ഞു കൈവിരലുകള്‍ വര്‍ണങ്ങളെ കൈപ്പിടിയിലൊതുക്കി. വരകളും വര്‍ണങ്ങളും സമാസമം ചേര്‍ന്നപ്പോള്‍ നിളപോലെ അവളുടെ ചിത്രങ്ങള്‍ ശാന്തമായി ഒഴുകി. നിള സ്റ്റേസി ജോണ്‍സ് എന്ന ഏഴു വയസ്സുകാരിയുടെ ചിത്രങ്ങളെ വേറിട്ടു നിര്‍ത്തുന്നതും ചിത്രങ്ങളുടെ ആ പക്വതയാണ്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ മൂന്ന് പെയിന്റിങ് എക്സിബിഷന്‍ നടത്തിയാണ് നിള ശ്രദ്ധേയയായത്.
ആറാം വയസ്സില്‍ കൊച്ചിയില്‍ തന്റെ ആദ്യ ചിത്രപ്രദര്‍ശനം നടത്തിയ നിള 2016ല്‍ കോഴിക്കോട് തന്റെ ചിത്രങ്ങളുടെ രണ്ടാം പ്രദര്‍ശനവും നടത്തി. മറ്റു കുട്ടികള്‍ ക്രെയോണ്‍സ് ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്ന പ്രായത്തില്‍ നിള അക്രലിക് ഉപയോഗിച്ചാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് കടന്നത്. അന്ന് അവള്‍ക്കു പ്രായം വെറും മൂന്നു വയസ്സ്. നിറങ്ങളോടുള്ള നിളയുടെ പ്രണയത്തിനു കൂട്ടു നില്‍ക്കാന്‍ അച്ഛന്‍ പ്രിന്‍സ് ജോണിനും അമ്മ അനുപമയ്ക്കും കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. 2012ല്‍ നടന്ന ആദ്യ കൊച്ചി ബിനാലെ കാണാന്‍ ഇവരോടൊപ്പം പോയ നിളയ്ക്ക് അവിടെ കണ്ട കാഴ്ചകളില്‍ നിന്നും പ്രചോദനം കിട്ടിയാണ് ചിത്രകാരിയാകണമെന്ന മോഹം ഉദിച്ചത്. അതേ കൊച്ചി ബിനാലെയിൽ ഇത്തവണ നിള തന്റെ മൂന്നാം ചിത്ര പ്രദർശനം നടത്തിയെന്നതാണ് കൗതുകകരമായ വസ്‌തുത.
പ്രശസ്ത ചിത്രകാരന്‍ ഡെസ്മണ്ട് റെബെയ്‌റോയാണ് നിളയുടെ മാര്‍ഗദര്‍ശി. പ്രൊഫഷനലായി നിളയെ ചിത്രകല പഠിക്കാന്‍ അയച്ചിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ചുരുങ്ങിയ നാളുകള്‍കൊണ്ട് തന്റേതായ ഒരു ശൈലി ചിത്രങ്ങള്‍ക്ക് നല്‍കാന്‍ നിള പഠിച്ചുകഴിഞ്ഞു. അനുകരണങ്ങള്‍ ഒഴിവാക്കി സ്വന്തം ശൈലിയിലേക്ക് നിളയെ എത്തിക്കാനാണ് ചിത്രകല പഠിപ്പിക്കേണ്ടെന്നു തീരുമാനിച്ചതെന്ന് അമ്മ അനുപമ പറഞ്ഞു. അക്രലികിലും ഓയില്‍ പെയിന്റിലും വാട്ടര്‍ കളറിലും വര്‍ണങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിതുടങ്ങിയ നിളയിപ്പോള്‍ പേസ്റ്റല്‍സിലും വരകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
പല ആവര്‍ത്തി പരീക്ഷിച്ച് തനിക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നിറക്കൂട്ട് നിള ഉപയോഗിക്കുകയുള്ളൂ. ഒരു ഏഴുവയസ്സുകാരിയുടെ കാഴ്ചകള്‍ കാന്‍വാസിലേക്ക് മാറുമ്പോള്‍ അത് മികവാര്‍ന്നതാകുന്നതും ഈ വേറിട്ട ശൈലികൊണ്ടു കൂടിയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന നിള തന്റെ വഴികളില്‍ ചിത്രങ്ങള്‍ക്കുള്ള ആശയങ്ങള്‍ തേടുന്നു. ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് പോയിരുന്ന് സൂര്യാസ്തമയം കണ്ട് ആകാശത്തിന്റെ ചുവപ്പ് നേരെ കാന്‍വാസിലേക്ക് പകര്‍ത്തിയതാണ് തന്റെ ഇഷ്ട ചിത്രങ്ങളിലൊന്നെന്ന് നിള.
ബദല്‍ വിദ്യാഭ്യാസ രീതിയാണ് നിള പിന്തുടരുന്നത്. വീട്ടിലിരുന്നും യാത്രകളിലൂടെയും മറ്റുള്ളവരോട് ഇടപെട്ടുമാണ് നിളയുടെ പഠനം. മകളെ ഒന്നിനും നിര്‍ബന്ധിക്കാറില്ലെന്നു നിളയുടെ മാതാപിതാക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ അവളുടെ രീതികള്‍ക്ക് ബദല്‍ വിദ്യാഭ്യാസമാണ് നല്ലതെന്ന് മനസ്സിലാക്കിയാണ് ആ വഴി തിരഞ്ഞെടുത്തത്. എല്ലാ കുട്ടികള്‍ക്കും പക്ഷേ ഈ രീതി ശരിയാകണമെന്നില്ല, പ്രിന്‍സ് പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന നിള വായനയിലൂടെ പുതിയ അറിവുകള്‍ നേടുന്നു. ചിത്രകലയ്ക്ക് പുറമേ നിളയ്ക്ക് ഏറെ പ്രിയം സംഗീതമാണ്. ജാസ് ഡ്രംസില്‍ നിള പരീശീലനം നേടുന്നുണ്ട്. ക്രിക്കറ്റ് കളിയോടുള്ള താല്‍പര്യംകൊണ്ട് കുറച്ചുകൂടി മുതിര്‍ന്നാല്‍ ക്രിക്കറ്റില്‍ പരിശീലനം നേടണമെന്നാണു നിളയുടെ ആഗ്രഹം.
സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ നടന്നാണു നിറങ്ങളുടെ കൂട്ടുകാരിയായി ഈ കൊച്ചുമിടുക്കി മാറിയത്. ഇനിയങ്ങോട്ടും തന്റെ ജീവിതം താന്‍ വെട്ടിത്തെളിക്കുന്ന വഴിയിലൂടെ കൊണ്ടുപോകാനാണ് അവള്‍ ആഗ്രഹിക്കുന്നതും. ഈ വര്‍ഷം കൊച്ചിയിലും പിന്നീട് മുംബൈയിലും ചിത്രപ്രദര്‍ശനം നടത്താനിരിക്കുകയാണ് നിള. നിറങ്ങളുടെ ലോകത്ത് ഒരു ശലഭത്തെപ്പോലെ പറന്ന് ഉയരങ്ങള്‍ സ്വപ്നം കാണുകയാണ് വര്‍ണങ്ങളുടെ ഈ രാജകുമാരി.