scorecardresearch
Latest News

ന്യൂസ്‌പേപ്പര്‍ബോയിസം

നല്ല വിധത്തില്‍ മുന്നോട്ട് പോയാല്‍ പത്രവിതരണം വല്ലാത്ത ത്രില്ലിങ്ങ് ആണ്. പല്ലു തേക്കാതെയും ചായ കൈയ്യില്‍ പിടിച്ചും കണ്ണുകള്‍ തിരുമ്മിയും നമ്മളെ കാത്തു നില്‍ക്കുന്നവര്‍. പത്രം കിട്ടുമ്പോഴുള്ള സംതൃപ്തി, വൈകുമ്പോഴുള്ള അമര്‍ഷം…

ajijesh pachat, memories, iemalayalam

രാവിലെത്തന്നെ അമ്മയുടെ പിറുപിറുക്കല്‍ കേട്ടാണ് എഴുന്നേല്‍ക്കുന്നത്. സംഗതി മറ്റൊന്നുമല്ല പത്രക്കാരന്‍ പത്രം മഴയത്തിട്ട് പോയിരിക്കുന്നു. മുഴുവന്‍ നനഞ്ഞ് പുതര്‍ന്നു! ഓരോ ഷീറ്റും വേറെവേറെയാക്കി വീതനപ്പുറത്തിട്ട് ഉണക്കുകയാണ് അമ്മ. കാര്യം അന്വേഷിച്ച എനിക്കും കിട്ടി കണക്കിന്.

“ഇന്നത്തെ പത്രവും നിന്റെ താടിയും ഒരുപോലെയാണ്.”

“എന്റെ താടിയോ? ഇതെന്ത് പറച്ചിലാണ്.” കിടക്കപ്പായ വിട്ട് വരുന്ന സമയമാണ്.

“വൃത്തികേടിന്റെ കാര്യമാണ് പറഞ്ഞത്. കണ്ടില്ലേ പത്രത്തില്‍ ചളിയൊക്കെ പരന്ന് കോലത്തിലായി.”
“അതിനെന്തിനാണ് എന്റെ താടിയെ കുറ്റം പറയുന്നത്? എന്റെ താടിക്കെന്താ കുഴപ്പം?”
“കാണാന്‍ എന്തോരു വൃത്തികേടാണ് നിന്റെ താടി. താടിയൊക്കെയാവുമ്പോ കാണാന്‍ ഒരു ചൊറുക്ക് വേണം. എത്ര ദിവസമായി പറയണ്, പോയി വടിച്ചൂടേ അത്.  ഇതൊരുമാതിരി കൂറ്റനാടിനെപ്പോലെ…”

കണ്ണാടിയില്‍ പോയി നോക്കി. പറഞ്ഞതില്‍ അല്‍പ്പം ശരി ഇല്ലാതില്ല. ഏറെക്കുറെ ചിരട്ടയില്‍ ഉറുമ്പരിച്ച പോലെത്തന്നെയാണ്.

“പൈസയില്ലേല്‍ ഞാന്‍ തരാം.”

മൂര്‍ച്ചയുള്ള ആയുധമാണ് അത്. അതില്‍ ഞാന്‍ വീഴുമെന്ന് അമ്മയ്ക്കറിയാം.
“വോ.. വേണ്ട. മറ്റുള്ളവരോട് മുടിവെട്ടാന്‍ പൈസ വാങ്ങുന്നതൊക്കെ എട്ടാം ക്ലാസ്സിന്ന് നിര്‍ത്തിയതാ. പുതിയ കീഴ് വഴക്കങ്ങള്‍ വേണ്ട!”

സംഗതി സത്യമാണ്. മുടി വെട്ടാനുള്ള പണം അച്ഛന്‍ അവസാനമായി തന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്നാണ് ഓര്‍മ്മ. അന്ന് പൈസ തരുമ്പോൾ അച്ഛൻ പറഞ്ഞത് ‘നിന്റെയൊക്കെ പ്രായത്തിൽ ഞാൻ കല്ലുകടത്തിയ പൈസ കൊണ്ട് സ്വന്തമായൊരു പുരയും പറമ്പും വാങ്ങിയിട്ടുണ്ട്’ എന്നായിരുന്നു

മയമുള്ള ആളല്ല അച്ഛന്‍. അതുകൊണ്ടുതന്നെ ഒട്ടും മയമുണ്ടായിരുന്നില്ല പറച്ചിലിനും. പെട്ടെന്ന് വട്ടപ്പൂജ്യമായതുപോലെ തോന്നി. സ്വന്തമായ വരുമാനം അത്യാവശ്യമാണെന്ന് പെട്ടെന്നൊരു തോന്നലുണ്ടായത് ആ പറച്ചിലിലാണ്. അന്ന് അച്ഛന്‍ തന്ന പൈസയിലേക്കും നോക്കി ബാര്‍ബര്‍ഷോപ്പിലേക്ക് പോണോ പോണ്ടേ എന്ന ചിന്തയില്‍ ആരും കാണാതെ കുറേ നേരം ഇരുന്നിട്ടുണ്ട്. പിന്നെ നിവൃത്തിക്കേടുകൊണ്ട് മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തിതിനാല്‍ പോയി മുടി വെട്ടി. അച്ഛന്‍ തന്ന പൈസ കൊണ്ടുള്ള അവസാന മുടിവെട്ടായിരുന്നു അത്. പിന്നെ ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല.

ajijesh pachat, memories, iemalayalam

ചെറുപ്പം മുതലേ അച്ഛന്‍ കൂടെ പണിക്ക് കൊണ്ടുപോകാറുണ്ട്. പക്ഷേ പൈസയൊന്നും അങ്ങനെ കൈയ്യില്‍ തരില്ല. ഈ സംഭവത്തിനു ശേഷം ഒഴിവുള്ള ദിവസങ്ങളില്‍ പണിക്ക് പോകുമ്പോള്‍ എനിക്ക് കൂലി കൈയ്യില്‍ തരണം എന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞു. അച്ഛനോട് നേര്‍ക്കുനേര്‍ നിന്ന് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ട് അമ്മ വഴിയാണ് റെക്കമെന്റ്. അമ്മ എങ്ങനെയെങ്കിലും സംഗതി പാസ്സാക്കി.

അങ്ങനെ ഒരു ശനിയാഴ്ച പണിക്ക് പോയി വന്ന എനിക്ക് നേരെ അച്ഛന്‍ ആദ്യമായി പൈസ നീട്ടി. പത്തിന്റെ ഒരു നോട്ട്. സാധാരണ കൂലിപ്പണിക്കാരന്റെ മുഴുവന്‍ കൂലിയുടെ വളരെ ചെറിയൊരു വിഹിതമേ അന്നത് ഉണ്ടായിരുന്നുള്ളൂ. എന്നാലും വല്ലാത്ത സന്തോഷമായിരുന്നു. എന്റെ ആദ്യ കൂലി. പത്താം ക്ലാസ്സിന് ശേഷം ഞാന്‍ പഠിച്ചതെല്ലാം കൂലിപ്പണിയെടുത്ത് കിട്ടിയ പൈസ കൊണ്ടായിരുന്നു. പഠിത്തത്തിനിടയില്‍ പണിക്ക് പോകുന്നത് ഇന്നത്തെ അത്ര ജനകീയമായിട്ടില്ല അന്ന്.

ഇന്നത്തെ തലമുറ കിടു ആണ്. അവര്‍ പാര്‍ട്ട് ടൈം ആയിട്ട് പല ജോലിക്കും പോകുന്നുണ്ട്. അന്ന് ലീവുള്ളപ്പോള്‍ അച്ഛന്റെ കൂടെ പണിക്ക് പോകുകയാണ് ചെയ്യുക. കൂടെ പഠിക്കുന്ന കുട്ടികളുടെ വീട്ടിലോ അതല്ലെങ്കില്‍ മാഷുമാരുടെ വീട്ടിലോ ഒക്കെ ഉണ്ടാവും ചിലപ്പോള്‍ പണി. അച്ഛന്റെ കൂടെ പോയാല്‍ കിട്ടുന്നതിന്റെ എത്രയോ ഇരട്ടി പൈസ, അതായത് മുഴുവന്‍ കൂലിയും കൈയ്യോടെ കിട്ടുമെന്നുള്ളതുകൊണ്ട് പുറത്തുള്ള പണിക്കും പോവും. പണി ഇന്നത് എന്നൊന്നുമില്ല. പൂഴി കടത്തല്‍, കല്ല് കടത്തല്‍, സെന്‍ട്രിങ്ങ്, വണ്ടി കഴുകല്‍, കിണറുപണി… അങ്ങനെ എടുക്കാന്‍ പറ്റുന്നത് എന്തും എടുക്കും.

കോളേജിലൊക്കെ പോകാന്‍ തുടങ്ങിയപ്പോള്‍ ചിലവ് കൂടി. മാത്രവുമല്ല എല്ലാ ദിവസവും പണിക്ക് പോകാന്‍ കഴിയുകയുമില്ലല്ലോ… അങ്ങനെയാണ് ന്യൂസ്‌പേപ്പര്‍ബോയി എന്ന ഐഡിയയില്‍ എത്തുന്നത്. അച്ഛന്‍ എംഎയ്റ്റി വാങ്ങിയപ്പോള്‍ എനിക്ക് തന്ന സൈക്കിളാണ് പത്രവിതരണത്തിനുള്ള ആയുധം.

തണുപ്പാണെങ്കിലും മഴയാണെങ്കിലും ശരി, പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നേല്‍ക്കണം. വീട്ടില്‍ നിന്നും ഏകദേശം ഒന്നരകിലോമീറ്ററോളം ചവിട്ടിയാല്‍ കാക്കാഞ്ചേരിയിലെത്തും. അവിടെയുള്ള ബസ്സ് സ്റ്റോപ്പിലാണ് പത്രത്തിന്റെ കെട്ടുകള്‍ വരിക. ആ കെട്ടുകള്‍ തൊട്ടപ്പുറത്തെ
കടത്തിണ്ണിയിലിട്ട് പൊട്ടിച്ച് വീതം വെച്ചാണ് അവരവരുടെ ഓഹരികളുമായി വിതരണത്തിന് പോവുക. ഞങ്ങള്‍ അഞ്ചാറ് കുട്ടികളുണ്ടാകും. ഓരോരുത്തര്‍ക്കും ഓരോ ഏരിയിലേക്കാണ് ഡ്യൂട്ടിയുണ്ടാകുക.

ഞാന്‍ ചെല്ലുമ്പോള്‍ എനിക്ക് അന്ന് 62 പേപ്പറുകളാണുണ്ടായിരുന്നത്. അതില്‍ എല്ലാം പെടും. എണ്ണത്തില്‍ കുറവാണെങ്കിലും വിതരണം ചെയ്യേണ്ട ദൂരം കുറച്ച് കൂടുതലാണ്. കാക്കാഞ്ചേരിയില്‍ നിന്നു തുടങ്ങി ചെട്ട്യാര്‍മാട്ടിലൂടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം റോഡ് വഴി സി.എച്ച് ലൈബ്രറി എത്തണം. അവിടെ നിന്നും വില്ലൂന്നിയാലിലൂടെ കോഹിനൂരിലേക്ക് കടക്കണം.
അതുകഴിഞ്ഞ് കോഹിനൂരില്‍ നിന്നും ഇപ്പോഴുള്ള എന്‍ജിനീയറിങ്ങ് കോളേജിനരികിലൂടെ ദേവതിയാല്‍ വഴി പുത്തൂര്‍ പള്ളിക്കലിലേക്ക് എത്തും. അവിടെ നിന്ന് കുമ്മിണിപ്പറമ്പ് റോഡിലേക്ക് തിരിഞ്ഞ് കുറച്ച് വീടുകളില്‍ ഇടാനുണ്ട്. പിന്നെ തിരിച്ച് ആല്‍പ്പറമ്പ്, പരുത്തിക്കോട് വഴി പള്ളിക്കലിലേക്ക്.

ഞാനിട്ടിരുന്ന വീടുകളിലെ പേപ്പറുകള്‍ ഏതൊക്കെയാണെന്ന് എനിക്കിപ്പോഴും കാണാപാഠമാണ്. ഇപ്പോഴും പണ്ട് പേപ്പറിട്ട വീട് കാണുമ്പോള്‍ മനസ്സിലേക്ക് ലിസ്റ്റ് തെളിഞ്ഞുവരും. ആ വീട്ടില്‍ മാധ്യമമാണ് തൊട്ടപ്പുറത്ത് ദേശാഭിമാനിയാണ്, അവിടെ ചന്ദ്രികയാണ്, ഹിന്ദുവാണ്… അങ്ങനെയങ്ങനെ.. എന്ത് രസമാണ് ഓര്‍ക്കാന്‍.. ഇന്നത്തെപ്പോലെ ഗേറ്റില്‍ പേപ്പര്‍ബോക്‌സൊന്നും അന്ന് പതിവില്ല. ഗേറ്റ് തുറക്കാത്ത വീടിന്റെ മുറ്റത്തേക്ക് പേപ്പറുംകെട്ടിന്റെ പ്ലാസ്റ്റിക്ക് കവര്‍ മുറിച്ച് അതിനുള്ളില്‍ പൊതിഞ്ഞാണ് എറിയുക. അങ്ങനെയാകുമ്പോള്‍ മഞ്ഞും മഴയും ഒന്നും പത്രത്തിനെ ബാധിക്കില്ല. അത്തരത്തിലുള്ള പൊതികള്‍ ആ പീടികത്തിണ്ണയില്‍ വച്ച് തന്നെ തയ്യാറാക്കിയാണ് യാത്ര.

ajijesh pachat, memories, iemalayalam

എന്റെ പത്രമിടല്‍ പരിപാടി പൂര്‍ത്തിയാവണമെങ്കില്‍ ദിവസവും കിലോമീറ്ററുകളോളം ചവിട്ടണം. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും മാസത്തില്‍
അസീസ്സാക്ക (പത്രത്തിന്റെ ഏജന്റ്, കുറച്ച് കാലം മുമ്പ് കണ്ടപ്പോഴും തമ്മില്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. അന്നും പഴയപോലെ കുറച്ച് പത്രക്കെട്ട് മൂപ്പരുടെ ബൈക്കിന്റെ ടാങ്കിന് മുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഏജന്‍സി ഉണ്ടോ എന്നറിയില്ല) തരുന്ന ശമ്പളസംഖ്യ വലിയ സഹായമായിരുന്നു പഠനത്തിന്.

ആദ്യമൊന്നും വിചാരിച്ചത്ര എളുപ്പമായിരുന്നില്ല വിതരണം. കാരണം, എല്ലാവര്‍ക്കും ഏഴരയ്ക്ക് മുമ്പ് പത്രം കിട്ടണം. ദൂരം കൂടുതലായതിനാല്‍ അവസാന സ്‌പോട്ടിലെത്തുമ്പോഴേക്കും ചിലപ്പോള്‍ അവര്‍ വിചാരിച്ച സമയത്തില്‍ നിന്നും വൈകും. പൂരത്തെറിയാണ് പിന്നെ. നേരം
വെളിച്ചാവുമ്പോഴാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, നിന്ന് കേട്ടോണം.  ഒന്നും തിരിച്ച് പറയാന്‍ പറ്റില്ല.

പത്രം നേരം വൈകി കിട്ടുന്നവര്‍ വല്ലതും പറഞ്ഞാല്‍ അത് കേട്ടുകൊണ്ട് പോന്നാല്‍ മതി എന്നാണ് അസീസ്സാക്കയുടെ ഓര്‍ഡര്‍. മറുത്തൊന്നും പറയരുത്. പറഞ്ഞാല്‍ അവര്‍ പേപ്പര്‍ നിര്‍ത്തും. നിര്‍ത്തിയാല്‍ നഷ്ടം അസീസ്സാക്കക്ക് മാത്രമല്ല, എനിക്കും കൂടിയാണ്. ഒരു പത്രത്തിന് ഇത്ര എന്ന കണക്കിലാണ് മാസശമ്പളം. ഞാന്‍ എങ്ങനെ ചവിട്ടിയിട്ടും കുറേ ദിവസം നേരം വൈകുകയും ഒന്നുരണ്ടുപേര്‍ പത്രം നിര്‍ത്തുകയുമൊക്കെ ചെയ്തു. നീ പത്രം ഇടാനാണോ അതോ പത്രം നിര്‍ത്താനാണോ പോകുന്നതെന്ന് അസീസ്സാക്ക ചോദിച്ചതോടെ എഴുന്നേല്‍പ്പ് നാലര എന്നുള്ളത് നാലാക്കി ചുരുക്കി.

ചെറുപ്പത്തില്‍ കുറച്ച് പേടിയുള്ള കൂട്ടത്തിലായിരുന്നു ഞാന്‍. രാത്രിയൊന്നും അങ്ങനെ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങില്ല. ചോറ് തിന്ന് കൈ കഴുകാന്‍ അമ്മയോ അനിയത്തിയോ അനിയനോ ഒക്കെ പേടിക്ക് നിന്ന് തരേണ്ട ഗതികേടായിരുന്നു. അന്നൊക്കെ കുഞ്ഞോള് വേഗം പേടിക്ക് നിന്നുതരും. മേശുട്ടന്‍ നിന്നു തരണമെങ്കില്‍ തിന്നാന്‍ തരുന്ന മീനിന്റെ പകുതിയോ കാല്‍ ഭാഗമോ ഒക്കെ കൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ പത്രമിടാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അമ്മ ആദ്യം ചോദിച്ചത് ‘പേടിത്തൂറിയായ നീയാണോ നട്ടാപ്പാതിരാക്ക് പേപ്പറിടാന്‍ പോകുന്ന’തെന്നായിരുന്നു. അപ്പോള്‍ സൈക്കിളിലേക്കായി എന്റെ നോട്ടം. അവനാണ് താരം. ഇരുന്ന് ചവിട്ടുമ്പോള്‍ എന്തിനാണ് രാത്രിയെ പേടിക്കുന്നത്. സഞ്ചാരത്തില്‍ ഒന്നിനേം പേടിക്കേണ്ടതില്ലല്ലോ…

തൊട്ടടുത്ത ഒന്നാം തീയ്യതി മുതല്‍ പത്രമിടല്‍ തുടങ്ങി. തൊപ്പിയും തോര്‍ത്തും ചെറിയൊരു പെന്‍ടോര്‍ച്ചുമൊക്കെയാണ് പണിയായുധങ്ങള്‍. സ്വന്തമായി ഇരുട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങുകയാണ്. ഉള്ളത് പറയാമല്ലോ, ഇരുട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെയാണ് പേടിയുള്ളവന് നിശ്ചലാവസ്ഥയില്‍ മാത്രമല്ല
ചലനാവസ്ഥയിലും പേടിയുണ്ടാകുമെന്ന സത്യം എനിക്ക് മനസ്സിലാവുന്നത്.

ചെറിയൊരനക്കം നമ്മളെ നടുക്കി കളയും. അപ്പോള്‍ സൈക്കിളില്‍ നിന്നുകൊണ്ട് ആഴത്തില്‍ ആഞ്ഞുചവിട്ടും. പിന്നില്‍ നിന്ന് എന്ത് അമ്മി കുമ്മായം മറിഞ്ഞാലും തിരിഞ്ഞുനോക്കരുത്, അതായിരുന്നു പേടിക്കെതിരെ ഞാന്‍ കണ്ടുപിടിച്ച ഏക പ്രതിരോധം. നായ്ക്കളുടെ ശല്യമുണ്ടായാലും പ്രതികരണം തഥൈവ. ചവിട്ടല് മാത്രമേയുള്ളൂ, നോക്കല്‍ എന്ന സംഗതിയേ ഇല്ല. അങ്ങനെയങ്ങനെ കുറേ പോയപ്പോള്‍ പേടി ഒരുവിധമൊക്കെ ശരിയായി എന്നു പറയാം. അപ്പോഴായിരുന്നു അടുത്ത ഗുണ്ട്. കോഴിപ്പുറം പള്ളിയ്ക്കരികിലെത്തിയപ്പോഴാണ് സംഭവം. പള്ളി നില്‍ക്കുന്ന സ്ഥലത്തെ റോഡിന് ആദ്യം ഒരിറക്കവും പിന്നെ അത് നിവര്‍ന്ന് കയറ്റവുമാണ്. പേടിയുള്ള
സ്ഥലങ്ങളില്‍ ഒന്നാണ് ആ ഏരിയ. റോഡിനോട് ചേര്‍ന്നാണ് പള്ളിക്കാട്. മുമ്പേ ആഞ്ഞുചവിട്ടി ആ ഭാഗത്തെ ഇറക്കത്തിലെത്തുമ്പോഴേക്കും സൈക്കിള്‍ ഫുള്‍ സ്പീഡില്‍ ആക്കും. അതാണ് പതിവ്. അന്ന് പള്ളിക്കാട് കഴിഞ്ഞ് ഇറക്കത്തിലെത്തുമ്പോഴാണ് ഒരു നിലവിളി കേട്ടത്. ഉള്ളില്‍ നിന്നൊരു ആളലായിരുന്നു. കൈയ്യും കാലും കുഴഞ്ഞുപോയി. സൈക്കിള്‍ ഇറക്കത്തില്‍ കിടന്ന് വിറയ്ക്കാന്‍ തുടങ്ങി. ഞാന്‍ ഇറക്കമാണെന്ന ബോധമില്ലാതെ ആഞ്ഞുചവിട്ടി. പിറകില്‍ ആരോ ഓടിവരുന്ന ശബ്ദം. തിരിഞ്ഞുനോക്കിയില്ല. ഇറക്കം കഴിഞ്ഞുള്ള കയറ്റമൊക്കെ എത്ര വേഗത്തിലാണ് ഞാന്‍ ചവിട്ടിക്കയറ്റിയത്. (ഇപ്പോള്‍, ബൈക്ക് പോലും അന്നത്തെ സൈക്കിളിന്റെ സ്പീഡില്‍ എനിക്ക് ഓടിക്കാന്‍ കഴിയാറില്ല. പേടിയുടെ ഊക്ക് എന്ത് മാരകമാണ് ലേ?) കാക്കഞ്ചേരിയിലെ കടത്തിണ്ണയില്‍ ചിതറിക്കിടക്കുന്ന പത്രക്കെട്ടിലേക്ക് ഞാന്‍ ഒരു വിധത്തില്‍ ചെന്ന് വീഴുകയായിരുന്നു. വിയര്‍ത്ത്
കുളിച്ചുപോയിരുന്നു.

അന്ന് ചെയ്തതൊന്നും ശരിയായില്ല. ദേശാഭിമാനി ഇടേണ്ട സ്ഥലത്ത് ചന്ദ്രിക ഇട്ടു. മാധ്യമം ഇടേണ്ട വീട്ടില്‍ മനോരമയും ഇംഗ്ലീഷ് പേപ്പര്‍ വേണ്ടിടത്ത് മാതൃഭൂമിയും എന്റെ കൈയ്യില്‍ നിന്നും പറന്നു. മലയാളം അറ്റപറ്റെ വായിക്കുന്ന ഒരു വല്യമ്മയ്ക്കും വല്യച്ഛനും കിട്ടിയത് ഹിന്ദു പത്രമായിരുന്നു. മാത്രവുമല്ല പിറ്റേന്നും അതിന്റെ പിറ്റേന്നും പത്രമിടാന്‍ പോയതുമില്ല. രണ്ടു ദിവസം മുഴുവന്‍ പുലര്‍ച്ചെ കേട്ട നിലവിളിയായിരുന്നു ചെവി നിറയെ.

ഇട്ടതൊക്കെ മാറിപ്പോയത് അറിയുന്നത് പിറ്റേന്ന് അസീസ്സാക്ക എന്നെ തിരഞ്ഞുവന്ന സമയത്താണ്. മൂപ്പര് ചൂടാവാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ ഉണ്ടായ സംഭവം പറഞ്ഞു. അസീസ്സാക്ക ചിരിച്ചു.

“ഡാ പൊട്ടാ അപ്പോള്‍ നീയൊന്നും അറിഞ്ഞില്ലേ… അത് പള്ളിയില്‍ കള്ളന്‍ കയറിയെന്നും പറഞ്ഞ് പഠിക്കുന്ന മൊയില്യാര് കുട്ടി നിലവിളിച്ചതാണ്. അല്ലാതെ പ്രേതവും ജിന്നുമൊന്നുമല്ല. അവര്‍ക്ക് കള്ളനെ പിടിക്കാന്‍ കഴിഞ്ഞില്ല. കളിക്കാണ്ട് നാളെ മുതല്‍ പേപ്പറിടാന്‍ പോന്നോണ്ടി… അല്ല പിന്നെ.”

സംഗതി അങ്ങനെയൊക്കെയാണെങ്കിലും ആ ഭാഗത്തെത്തുമ്പോള്‍ പ്രത്യേകിച്ച് രാത്രിയില്‍ ഒറ്റയ്ക്കാണെങ്കില്‍ ഇപ്പോഴും വല്ലാത്തൊരു ചങ്കിടിപ്പാണ്.ajijesh pachat, memories, iemalayalam

നല്ല മധുരമുള്ള ഓര്‍മ്മകളും ആ ന്യൂസ്‌പേപ്പര്‍ബോയി കാലത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഒന്ന് കാക്കാഞ്ചേരി കഴിഞ്ഞുള്ള ചെട്ട്യാര്‍മാട്ടുള്ള ഒരു വീട്ടിലേതായിരുന്നു. അവിടെ എത്തുമ്പോള്‍ നേരത്തെയാവും. ഏകദേശം അഞ്ചുമണിയാണ്. നേരത്തെ പറഞ്ഞതുപ്രകാരം വീട് കുറച്ചകലെ ആയതിനാല്‍ പൊതിഞ്ഞ പേപ്പര്‍ ഇടുന്ന വീടായിരുന്നു അത്.

ഹാന്റലില്‍ തിരുകിവെച്ച പൊതി എറിയാന്‍ നോക്കുന്ന നേരത്താണ് ‘എടോ’ എന്നുള്ള ഒരു പെണ്‍ശബ്ദം. ഞെട്ടിപ്പോയി! ഗേറ്റിനപ്പുറത്ത് മുഖത്തേക്ക് വെളിച്ചമടിച്ച് ഒരു തട്ടമിട്ട പെണ്‍കുട്ടി. മെയിന്‍ റോഡായതിനാല്‍ പേടിച്ചില്ല എന്നു പറയാം. തൊട്ടപ്പുറത്ത് വാഹനങ്ങള്‍ ലൈറ്റിട്ട് തലങ്ങും വിലങ്ങും പോയിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അവരെ നോക്കി.

“യ്യ് നാളെ വരുമ്പോള്‍ ഈ പ്രാവശ്യത്തെ തൊഴില്‍ വാര്‍ത്ത കൂടി കൊണ്ടുവര്വോ. അത്യാവശ്യമാണ്…”

അവരത് എന്നെ ഏല്‍പ്പിക്കാന്‍ വേണ്ടി കാത്തുനിന്നതാണ്. ഏജന്റിനെ വിളിച്ചു പറയാന്‍ മോബെലൊന്നും സജീവമായിട്ടില്ല. സംഗതി ഞാന്‍ ഏറ്റു. അന്ന് കോളേജ് വിട്ട് വരുമ്പോള്‍ ഒരു തൊഴില്‍ വാര്‍ത്ത വാങ്ങി. പിറ്റേന്ന് തൊഴില്‍ വാര്‍ത്തയുമായി ചെല്ലുമ്പോള്‍ തലേന്നാളത്തെ പോലെ അവര് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

തൊഴില്‍ വാര്‍ത്ത കൊടുത്തപ്പോള്‍ ചിരിച്ചുകൊണ്ട് അതിന്റെ പൈസ തന്നു. പിന്നെ ചെറിയൊരു പൊതിയും. എന്താണിത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പേപ്പറും തൊഴില്‍ വാര്‍ത്തയും പിടിച്ച് ഇരുട്ടിലേക്ക് നടന്നുപോവുകയും ചെയ്തു. നല്ല ചൂടുള്ള പൊതി. മൂക്കിനോട് അടുപ്പിച്ച് നോക്കി, നെയ്യപ്പത്തിന്റെ മണം. അന്ന് ആ തണുപ്പത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ട് നെയ്യപ്പം തിന്നതിന്റെ ടേസ്റ്റ് വേറൊരു നെയ്യപ്പത്തിനും ജീവിതത്തില്‍ കിട്ടിയിട്ടില്ല. പിന്നെ അവരെ ജീവിതത്തില്‍ കണ്ടിട്ടുമില്ല.

ന്യൂസ്‌പേപ്പര്‍ ബോയിയായിട്ട് പോയപ്പോഴുണ്ടായ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളായിരുന്നു രണ്ടും. നല്ല വിധത്തില്‍ മുന്നോട്ട് പോയാല്‍ പത്രവിതരണം വല്ലാത്ത ത്രില്ലിങ്ങ് ആണ്. പല്ലു തേക്കാതെയും ചായ കൈയ്യില്‍ പിടിച്ചും കണ്ണുകള്‍ തിരുമ്മിയും നമ്മളെ കാത്തു നില്‍ക്കുന്നവര്‍. പത്രം കിട്ടുമ്പോഴുള്ള സംതൃപ്തി, വൈകുമ്പോഴുള്ള അമര്‍ഷം. അത്തരത്തിലുള്ള ഭാവങ്ങളെല്ലാം കാണേണ്ട കാഴ്ചകളാണ്.

ന്യൂസ്‌പേപ്പര്‍ബോയിസം വിട്ട് പല്ലു തേച്ച് വന്നപ്പോഴേക്കും ചായ തയ്യാറായിക്കഴിഞ്ഞിരുന്നു.

“പത്രമേതായാലും വായിക്കാന്‍ പറ്റുന്ന കോലത്തിലായി…”  ദോശയ്ക്കുള്ള ചട്ണി നീക്കിവെച്ചുകൊണ്ട് വീതനപ്പുറത്തുള്ള പത്രമെടുത്ത് അമ്മ വായിക്കാനായി സിറ്റൗട്ടിലേക്ക് നടന്നു. എന്റെ മുഖത്തെ താടിക്കിട്ട് ചുളുവിലുള്ള ഒരു തട്ടാണ് ആ പറച്ചില്‍.

“നിങ്ങളെന്റെ താടിയെ വല്ലാതെ കുറ്റം പറയണ്ടട്ടാ. ഇതിഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അല്ല പിന്നെ.”

“ഓഹോ, അതില്‍ പെണ്‍ക്കുട്ടികളുണ്ടോ?”

“ആ ഉണ്ട്. എന്തേ,” ഞാന്‍ വാശി തീര്‍ക്കും പോലെ ചോദിച്ചു.

“എന്നാല്‍ അതില്‍ ഏതെങ്കിലും ഒരു കുട്ടിയോട് ജീവിതത്തില്‍ കൂടെ കൂട്ടാമോ എന്ന് ചോദിക്ക്. ഈ താടി കൊണ്ട് അങ്ങനെയെങ്കിലും ഒരുപകാരം കിട്ടട്ടെ.”

“അമ്മ വെറുതെ നാട്ടിലെ പെണ്‍കുട്ടികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യരുത് ട്ടാ…” എനിക്ക് ദേഷ്യം വന്നു.

“ഒന്ന് പോടാവിടന്ന്. നിന്നോട് കൂട്ടാനല്ല പറഞ്ഞത്, അവരോട് കൂടെ കൂട്ടാമോ എന്ന് ചോദിക്കാനാണ് പറഞ്ഞത്. നിന്റെ അസ്തിത്ത്വോം മണ്ണാങ്കട്ടയും. നിന്റെയൊക്കെ പ്രായത്തില് ഞാന്‍ മൂന്നെണ്ണത്തിന്റെ പെറലും പോറ്റലും കഴിച്ചിട്ടുണ്ട്. അല്ല പിന്നെ…”

ഇതൊരു തരം സൈക്കോളജിക്കല്‍ മൂവാണ് ആണ്. പണ്ട് അച്ഛന്‍ പ്രയോഗിച്ച അതേ തന്ത്രം. ഞാന്‍ ദോശ കുഴച്ചുകൊണ്ട് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. ബാര്‍ബര്‍ഷോപ്പില്‍ പോണോ അതോ പോണ്ടേ…?

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Newspaper boy memories ajijesh pachat