Neelakurinji Blooming Season 2018: പാലക്കാടുള്ള ഇമേജ് ഫൊട്ടോഗ്രാഫിക് സൊസൈറ്റിയ്ക്ക് 2019ൽ അമ്പത് വയസ്സ് തികയും. ഇത്രയും കാലമായി കേരളത്തിൽ സജീവമായി പിടിച്ച് നിന്ന മറ്റൊരു “ഫൊട്ടോഗ്രാഫി ക്ലബ് ” എന്ന് മലയാളി ഓമനപ്പേരിട്ട് വിളിക്കുന്ന ഫൊട്ടോഗ്രാഫി സംഘടന ഉണ്ടോ എന്ന് സംശയമാണ്.
സുവർണ്ണജൂബിലോയോടനുബന്ധിച്ച് ഒരു വർഷത്തേയ്ക്ക് ഇമേജ് ഫൊട്ടോഗ്രാഫിക് സൊസൈറ്റി ഏറെ പരിപാടികൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ പതിനൊന്നാം തിയതി (ചൊവ്വാഴ്ച) നീലഗിരിയിലേയ്ക്ക് പോയത്. പ്രകൃതിദൃശ്യ ഫോട്ടോഗ്രാഫിയുടെ ഒരു ക്യാമ്പും നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ ഡോക്യുമെന്റേഷനും ആയിരുന്നു ഉദ്ദേശം.
നീലഗിരിയുടെ രഹസ്യങ്ങളെയും ചരിത്രത്തെയുംക്കുറിച്ച് അഗാധമായ അറിവുള്ള ഒരു ഗൈഡ് കൂനൂരിലുണ്ട് . വിചിത്രസ്വഭാവക്കാരനായ ജൂലിയസ് കിംഗ്സ്ലി ആണയാൾ. ആളുകളുടെ തരംനോക്കിമാത്രം ഗൈഡ് ആയിയൊക്കെ പോകുന്ന ഒരാളെ ചുരുക്കമായെ ഇക്കാലത്തത്തൊക്കെ കാണാനാവൂ. അതും ഊട്ടി പോലെ ആളുകളെ വഴിതെറ്റിച്ച് പണം പിടുങ്ങാവുന്ന ഒരു സ്ഥലത്ത്.

ഇമേജിന്റെ പ്രസിഡന്റായ ബാബു ജയനെ പരിചയമുള്ള ജൂലിയസ് കൂനൂരിൽ ഞങ്ങളോടൊപ്പം കൂടി. സാധാരണ ഗൈഡുകളെ പോലെ ഡാവടിക്കാതെ നീലഗിരിയിൽ യൂക്കാലിമരങ്ങൾ വന്നതിന്റെ ചരിത്ര കാരണങ്ങളെക്കുറിച്ചും ആ കാരണങ്ങൾ ഇല്ലാതായ ഒരു കാലത്തും നാം യൂക്കാലി വച്ചുപിടിപ്പിക്കുന്നതിന്റെ ബുദ്ധിരാഹിത്യത്തെകുറിച്ചുമൊക്കെയാണ് ജൂലിയസ് ഞങ്ങളോട് സംസാരിച്ചത്. ടിപ്പു സുൽത്താനും ബ്രിട്ടിഷ് അധിനിവേശത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പടയോട്ടം നീലഗിരിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമെല്ലാം അയാൾ പറഞ്ഞുതന്നു. ദോഡാബേട്ട, ബന്നിമേട് തുടങ്ങിയ പേരുകളിലെ കന്നഡയുടെ സ്വാധീനം, ശ്രീരംഗപട്ടണത്തുനിന്നും ആളുകളെയും സാധനങ്ങളെയും അയാൾ നീലഗിരിയിൽ എത്തിച്ച രീതികളും വഴികളും ഒക്കെ അയാൾക്ക് വിഷയമായി.

അയാളായിരുന്നു ഊട്ടിയിൽനിന്നും പതിനഞ്ച് കിലോമീറ്ററകലെയുള്ള ആ മലഞ്ചെരുവിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. സ്ഥലവിവരം അധികമാളുകൾ അറിയാത്തതുകൊണ്ടും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കൊണ്ടാകണം അവിടെ തീരെ തിരക്കില്ലാതെ പോയത്. മലയുടെ മദ്ധ്യഭാഗത്തിനും മുകളിലായിട്ടായിരുന്നു കുറിഞ്ഞി പൂത്തതിന്റെ നീല മനോഹാരിത കാണാനായത്.
കുത്തനെയുള്ള കയറ്റം കയറി മലയുടെ മുകളിൽ കുറിഞ്ഞി കാണാനെത്തിയിട്ടുള്ള ഒരു ചെറിയ സംഘം ആളുകൾ ചരുവിന്റെയോരത്ത് നിന്ന് സെൽഫിയെടുക്കുന്നതും ഫോറസ്ററ് ഗാർഡുകൾ അവരെ വിലക്കുന്നതും കാണാമായിരുന്നു. ഇങ്ങനെയുള്ള ആപൽക്കരമായ പെരുമാറ്റരീതികൾ കൊണ്ടാകാം ഒരു പക്ഷെ നീലഗിരിയിലേയ്ക്ക് “അടിച്ചു പൊളിക്കാൻ” വരുന്ന സാധാരണ വിനോദസഞ്ചാരികളെ തമിഴ്‌നാട് വനം വകുപ്പ് ഇവിടെ വരാൻ പ്രോത്സാഹിപ്പിക്കാത്തത്. കൂടുതൽ ഉയരത്തിലേയ്ക്ക് പോകുന്നതിൽ നിന്നും വിലക്കപ്പെട്ട ഒരു ഉത്തരേന്ത്യൻ സംഘത്തിലെ അംഗങ്ങൾ വളരെ മോശവും കടുത്തതുമായ ഭാഷയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരോട് കയർക്കുന്നത് കാണാമായിരുന്നു.

ഇത് പോലെയുള്ള ചിലയിടങ്ങളിൽ മാത്രമെ ഈ വർഷം കുറിഞ്ഞി പൂത്തിട്ടുള്ളുവെന്നും വിനോദയാത്രികരുടെ പ്രവാഹത്തെ അവ താങ്ങുകയില്ലെന്നും ജൂലിയസ് മടക്കയാത്രയിൽ എന്നോട് പറഞ്ഞു. എത്ര പറഞ്ഞാലും വനം വകുപ്പുദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പൂക്കളും ചെടികളും പറിക്കാൻ തുനിയുന്നവരാണ് കുറെയേറെ പേരെന്നും അതുകൊണ്ട് ഈ സ്ഥലത്തിന്റെ പേര് ആളുകളുടെ ഗുണം നോക്കി പറയുന്നതാവും ഉചിതമെന്നും അയാൾ പറഞ്ഞതിന്റെ പൊരുൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥലപ്പേരുകൾ ഖേദത്തോടെ ഇവിടെ നിന്നും ഒഴിവാക്കുന്നു.
Read More: ഹരിഹരൻ സുബ്രഹ്മണ്യന്റെ ലേഖനങ്ങളും ഫൊട്ടോകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക