scorecardresearch

ദുര്‍ഗാപുജയുടെ തിരി തെളിയുമ്പോള്‍ കൊൽക്കത്ത

മനുഷ്യ മനസ്സുകളില്‍ മാത്രമല്ല പ്രകൃതിയിലും സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ദുര്‍ഗാ പൂജ നിറങ്ങള്‍ വാരിയെറിയുന്നുണ്ട്. എല്ലാ മേഖലയിലും ഒരു വാര്‍ഷിക വിളവെടുപ്പ് നടക്കുന്നതും ഇക്കാലത്ത് തന്നെ. ബംഗാളികളെ ഏറ്റവുമധികം ആഹ്ളാദചിത്തരാക്കുന്നതും ധൂര്‍ത്തരാക്കുന്നതും മറ്റാരുമല്ല അവരുടെ സ്വന്തം മാ-ദുര്‍ഗയാണ്

navaratri, നവരാത്രി, ie malayalam

ബംഗാളും ബംഗാളികളും അങ്ങനെയാണ്. ജീവിതം ആഘോഷിക്കാന്‍ സദാ ഒരു കാരണം തേടുന്ന നാടും നാട്ടുകാരുമാണ് അവര്‍. നൂറ് നിരാശകള്‍ക്കിടയിലും നിസ്സംഗരായി നില്‍ക്കാതെ പലതരം ആഘോഷാവസരങ്ങള്‍ക്കായി അവര്‍ കാത്തിരിക്കും. മടിയന്മാരാണ് എന്ന പഴി പതിവായി കേള്‍ക്കേണ്ടിവരുമ്പോഴും എന്തുതരം ആഘോഷങ്ങളിലേക്കും എത്തിച്ചേരാനുള്ള വഴികള്‍ തിരയും. അതിനായുള്ള പഴുതുകള്‍ പരതുകയും അതിലേക്ക് എത്തിപ്പെട്ടാല്‍പ്പിന്നെ എല്ലാ പഴുതുകളും അടച്ച് തിമിര്‍ത്തമരുകയും ചെയ്യും.

രാഷ്ട്രീയത്തിലും കളിക്കളത്തിലും മാത്രമല്ല ബംഗാളിന്‍റെയും ബംഗാളിയുടെയും പൊതുസാമൂഹ്യവബോധത്തിലും മനോവ്യാപാരങ്ങളിലും ജീവിതക്രമങ്ങളിലും ഈ വൈകാരികത നിറഞ്ഞ ഇഴപാകലുകള്‍ കാണാം. പല അനുപാതങ്ങളില്‍ തെളിഞ്ഞും അമര്‍ന്നും കിടക്കുന്ന ആ ഇഴപാകലിന്‍റെ ഏറ്റവും ഉജ്വലമായ വര്‍ണരാജികള്‍ ബംഗാളിന്‍റെ മാനത്തും ബംഗാളിയുടെ മനസ്സിലും ഉദിച്ചുയരുന്ന മാസമാണ് ആശ്വിനം. ഒരു വര്‍ഷം മുഴുവന്‍ ആഘോഷാസക്തിയില്‍ മയങ്ങുന്ന കണ്ണുകളും തുറന്നു പിടിച്ച മനസ്സുമായി അവര്‍ കാത്തിരിക്കുന്ന ദുര്‍ഗാ പൂജയുടെ മാസം. ഒരോ ആശ്വിനവും പിന്നിട്ട് കാര്‍ത്തികത്തിലേക്ക് കാലം പ്രവേശിച്ചാല്‍ അവര്‍ കാത്തിരിക്കുന്നത് അടുത്ത ആശ്വിനത്തിലെ ആഘോഷ ദിനരാത്രങ്ങള്‍ക്കായാണ്. മിടിപ്പോടെ വരവേല്‍ക്കാന്‍ നില്‍ക്കുന്നത് സ്വന്തം മാ-യെയാണ്. മാ ദുര്‍ഗയെ…

navaratri, നവരാത്രി, ie malayalam
ഫൊട്ടോ:  ശശി ഘോഷ്

ബംഗാളികളുടെ ബോധാബോധമനസ്സില്‍ ആഴത്തില്‍ വേരോടിയ മാതൃസങ്കല്പത്തിന്‍റെ ഉറവ തന്നെ മാ-ദുര്‍ഗയും മാ-കാളിയുമായിരിക്കണം. സ്വന്തം മകളെയും പുത്രവധുവിനെയുമൊക്കെ അവരുടെ പേരിനോടൊപ്പം ‘മാ’ എന്ന വിശേഷണം ചേര്‍ത്ത് സംബോധന ചെയ്യുന്നതാണ്‌ ബംഗാളിലെ രീതി. സ്നേഹ വാത്സല്യം മാത്രമല്ല ആരാധനാഭാവവും അതില്‍ അടങ്ങിയിട്ടുണ്ട് എന്നു വേണം കരുതാന്‍.

ആശ്വിനമാസാരംഭം തന്നെ ആഘോഷത്തോടെയാണ് തുടങ്ങുക. അന്നാണ് വിശ്വകര്‍മ്മപ്പൂജ അഥവാ ആയുധപ്പൂജ. ബംഗാളില്‍ അങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ തൊഴില്‍ശാലകളില്‍ തൊഴിലാളികള്‍ കുടുംബസമേതം ആഘോഷിച്ചുല്ലസിക്കുന്ന ദിനമാണത്. തൊഴില്‍ദാതാവ് തന്നെയാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ആട്ടിറച്ചി കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയും (ബംഗാളികള്‍ അതിനെ മാംസോ-ഭാത് എന്നാണ് സ്നേഹമധുരമായി വിളിക്കുക) ആവോളം കഴിക്കാന്‍ മധുരപലഹാരങ്ങളും വൈകിട്ട് കലാപരിപാടികളും കഴിഞ്ഞാലാണ് ആഘോഷങ്ങള്‍ക്ക് അറുതി വരുക.

അങ്ങനെയൊരു സന്ധ്യയ്ക്കാണ് ഞാന്‍ കുറച്ചുകാലം സജീവമായിരുന്ന ‘പദധ്വനി’ എന്ന നാടകസംഘം ‘ജെസ്റ്റന്‍’ എന്നു പേരുള്ള ഒരു ഫാക്ടറിയില്‍ നാടകം കളിച്ചത്. സഫ്‌ദര്‍ ഹാഷ്മിയുടെ ‘ഹല്ലാ ബോല്‍’ ആയിരുന്നു നാടകം. രാഘവന്‍ എന്നായിരുന്നു ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്.

ആശ്വിനമാസത്തിലെ അമാവാസിദിനമെത്തിയാല്‍ ആഘോഷിക്കുന്ന മഹാലയയോടെയാണ് ദുര്‍ഗാപുജയുടെ തിരി തെളിയുക. പുലര്‍കാലത്തെ വര്‍ണിക്കുന്ന പങ്കജ് മല്ലിക് ചിട്ടപ്പെടുത്തിയ ബീരേന്ദ്ര കൃഷ്ണ ഭദ്രയുടെ വിഖ്യാതമായ ശബ്ദത്തില്‍ ‘ആശ്വിനേര്‍ ശാരദ്പ്രാതെ ബേജെ ഉടെച്ചേ ആലോക് മോന്ജിര്‍…’ എന്ന് തുടങ്ങുന്ന മഹിഷാസുരമര്‍ദ്ദനത്തിന്‍റെ വര്‍ണന റേഡിയോയില്‍ പ്രക്ഷേപണം ചെയ്തു തുടങ്ങുന്നതോടെ ദുര്‍ഗാ പൂജയുടെ വിളംബരം നടക്കുന്നു.

ഫൊട്ടോ:  ശശി ഘോഷ്

നാടൊട്ടുക്കുള്ള ബംഗാളി ഗൃഹങ്ങള്‍ ആ ശബ്ദത്തിനായി വര്‍ഷം തോറും കാതോര്‍ക്കുന്നു. ഒരു മാറ്റം വേണമെന്നാഗ്രഹിച്ച് ഒരിക്കല്‍ മഹാനായക് ഉത്തംകുമാറിന്‍റെ ശബ്ദത്തില്‍ മഹാലയ വര്‍ണ്ണന പ്രക്ഷേപണം ചെയ്തെങ്കിലും ജനങ്ങള്‍ എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചു കൊണ്ട് അത് സ്വീകരിച്ചില്ല. ബംഗാളിന്‍റെ കലാലോകത്ത് എക്കാലത്തെയും പ്രതാപിയായ ഉത്തംകുമാറിനെയും പിന്തള്ളുന്നത്ര വശ്യതയാണ് ബീരന്ദ്ര കൃഷ്ണ ഭദ്രയുടെ ശബ്ദവീചികള്‍ക്ക് ഉണ്ടായിരുന്നത്.

ദേവിയുടെ വരവറിയിക്കുന്ന മഹാലയയുടെ ആറാം നാള്‍ മുതല്‍ക്കാണ് ദുര്‍ഗാ പൂജയുടെ ആരവമുണരുക. പിന്നീട് ഷഷ്ടി മുതല്‍ ദശമി വരെ അഞ്ചുനാള്‍ എല്ലാം മറക്കുന്ന, എല്ലാം മായ്ച്ചുകളയുന്ന മതിമറന്ന ആഘോഷാതിരേകത്തിന്‍റെ ശരത്കാലസന്ധ്യകള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിക്കുക. അതിനെ രാജ്യം ദുര്‍ഗാപ്പൂജ എന്ന് വിളിക്കുന്നു. ലോകം വീര്‍പ്പടക്കി, അതിശയത്തോടെ നോക്കിക്കാണുന്നു…

ചെറുപ്പത്തില്‍ പുതിയ കുപ്പായവും കൈയ്യില്‍ കളിത്തോക്കും പൊട്ടാസുമായി ഓടിക്കളിക്കുകയും ബംഗാളികളായ കളിക്കൂട്ടുകാരുടെ ഫ്ലാറ്റുകളില്‍ കൂട്ടുകൂടി മടികൂടാതെ കയറിയിറങ്ങി പായസവും പലതരം മിഷ്‌ഠിയും (പാല്‍ക്കട്ടി കൊണ്ടു ണ്ടാക്കുന്ന മധുരപലഹാരം) വയറുനിറയെ കഴിക്കുന്നത് പതിവായിരുന്നു. പിന്നീട് കൂട്ടുകൂടി ദൂരെയുള്ള പൂജാപന്തലുകളിലേയ്ക്ക് പോകുന്നതായിരുന്നു കൗമാരകാലത്തെ രീതി. മുതിര്‍ന്നതോടെ അത്തരം സമീപനങ്ങളില്‍ മാറ്റം വന്നു. ബംഗാള്‍ റാഷണലിസ്റ്റ് അസോസിയേഷന്‍റെ സ്ഥാപകാധ്യക്ഷന്‍ ആയിരുന്ന അച്ഛന്‍റെ പ്രഖ്യാപിത നിലപാടും ആസ്തികകാര്യങ്ങളോട് സ്വതവേ എനിക്ക് ഉണ്ടായിരുന്ന വിമുഖതയും മൂലം യൗവ്വനകാലത്ത് കളിക്കൂട്ടുകാരായിരുന്ന പ്രകാശും പദമും വിനോദുമൊക്കെ പൂജയുടെ സംഘാടനത്തിലും മറ്റും സജീവമായപ്പോള്‍ ഞാന്‍ ഇടം കണ്ടെത്തിയത് പൂജയോട് അനുബന്ധിച്ച് പതിവായി ബംഗാളികളും മലയാളികളും സംയുക്തമായി ഇട്ടിരുന്ന ബുക്ക്‌ സ്റ്റാളിലായിരുന്നു. റഷ്യന്‍ പുസ്തകങ്ങളൊക്കെ ലഭിച്ചിരുന്നത് അവിടെ നിന്നായിരുന്നു.

വിശ്വകര്‍മ്മപ്പൂജയില്‍ നിന്ന് തുടങ്ങി ദുര്‍ഗാ പുജയും ലക്ഷ്മി പൂജയും കാളി പൂജയും ജഗദാത്രി പൂജയും സരസ്വതി പൂജയും കഴിഞ്ഞാലാണ് ബംഗാളിലെ ഉത്സവനാളുകള്‍ക്ക് കൊടിയിറങ്ങുക.  ഇക്കാലമത്രയും നിശബ്ദരായി പരസ്പരം കൈകോര്‍ത്ത് കൊല്‍ക്കത്തയിലെ കുമാര്‍ത്തുളിയില്‍ അഹോരാത്രം ശില്‍പ്പങ്ങള്‍ മെനയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ട്. അവരാണ് കൊല്‍ക്കത്തയിലെ ഏറിയ കൂറും ദേവീ-ദേവ ശില്പ്പങ്ങള്‍ തയ്യാറാക്കുന്നത്. ഹൂഗ്ലി നദിയോരത്തുള്ള പണിശാലകളില്‍ ദുര്‍ഗാ പൂജയുടെ അഞ്ചാറു മാസങ്ങള്‍ക്ക് മുന്‍പേ തന്നെ രാപകലില്ലാതെ അധ്വാനിച്ചാലാണ് അവര്‍ക്ക് ഏറ്റെടുത്ത വിഗ്രഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവൂ.

navaratri, നവരാത്രി, ie malayalam
ഫൊട്ടോ:  ശശി ഘോഷ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കവി കുരീപ്പുഴ ശ്രീകുമാറിനെയും കൂട്ടിയാണ് കുമാര്‍ത്തുളിയില്‍ ആദ്യമായി പോയത്. വളരെ യാദൃശ്ചികമായി അന്നെടുത്ത ശിരസ്സ് ച്ഛേദിക്കപ്പെട്ട ഒരു പണി തീരാത്ത ദേവിവിഗ്രഹത്തിന്‍റെ ചിത്രം പിന്നീട് കുരീപ്പുഴയുടെ ഒരു കവിതാ സാമാഹാരത്തിന്‍റെ കവര്‍ ചിത്രമായി മാറി. വിഗ്രഹങ്ങള്‍ കൈമാറുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ശില്പ നിര്‍മാണത്തിന്‍റെ ഏറ്റവും മൂല്യവത്തായ കര്‍മ്മം നിര്‍വഹിക്കപ്പെടുക. ദേവിയുടെ നേത്രങ്ങള്‍ വരയ്ക്കുന്ന ആ ശുഭകര്‍മ്മത്തെ ഭക്ത്യാദരവോടെ അവര്‍ ‘ചോഖേര്‍ ആലോയ്’ എന്ന് വിളിക്കുന്നു. ആ ചടങ്ങോടെയാണ് കളിമണ്‍ ശില്പ്പങ്ങളില്‍ ജീവന്‍ തുടിക്കുക.

വൈക്കോല്‍ രൂപങ്ങളില്‍ കളിമണ്ണ് തേച്ചുപിടിപ്പിച്ച് മിനുക്കിയ പണിശാലകളില്‍ വസ്ത്രാഭരണഭൂഷിതരല്ലാതെ നിരന്നിരിക്കുന്ന ശില്‍പ്പങ്ങള്‍ കണ്ടാല്‍ ആരുടേയും കണ്ണുടക്കും. പെണ്ണുടല്‍ ലാവണ്യത്തിന്‍റെ അവസാനവാക്കായി അനുഭവിപ്പിക്കുന്ന ആ ശില്‍പ്പങ്ങള്‍ ഏതൊരു കാണിയുടെയും മനസ്സില്‍ കനവുകളുടെയും കാമനകളുടെയും എണ്ണമറ്റ ഞൊറികള്‍ നെയ്തുതീര്‍ക്കും. അവ കാണുമ്പോഴൊക്കെ ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍, ത്രിനേത്രങ്ങള്‍ വരയ്ക്കുന്ന ചടങ്ങോടെ അവയത്രയും ആരാധനാമൂര്‍ത്തികളായ വിഗ്രഹങ്ങളായി മാറുമെന്ന ചിന്ത എന്നെ കൈവിടും.

navaratri, നവരാത്രി, ie malayalam
ഫൊട്ടോ:  ശശി ഘോഷ്

1790ല്‍ പന്ത്രണ്ട് കൂട്ടുകാര്‍ ചേര്‍ന്നാണ് ആദ്യമായി ഒരു ദുര്‍ഗാ പൂജ സംഘടിപ്പിച്ചതെന്ന് ചരിത്ര താളുകള്‍ പറയുന്നു. പിന്നീട് സാമൂഹ്യപരമായും സാംസ്കാരികപരമായും നിരവധി കാലാനുസൃത മാനങ്ങളും മാറ്റങ്ങളും ദുര്‍ഗാ പൂജ കൈവരിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ദുര്‍ഗാ പൂജയുടെ മതേതര-മാനവിക മുഖമാണ്. ശരത്കാല ഉത്സവമെന്ന നിലയ്ക്ക് ‘ശാരദീയോത്സവ്’ എന്നാണ് സംബോധന ചെയ്യപ്പെടുന്നതെങ്കിലും പരക്കെ അറിയപ്പെടുന്നത് ‘സാര്‍ബജനീന്‍ ദുര്‍ഗോത്സവ്’ എന്നാണ്.

എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും തെല്ലും ഉച്ചനീചത്വങ്ങളില്ലാതെ ദുര്‍ഗാ പൂജയുടെ ഭാഗമാവുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയതും മനോഹരവുമായ ദുര്‍ഗാ പുജകളിലൊന്നായ മുഹമ്മദാലി പാര്‍ക്കിലെ പൂജയുടെ മുഖ്യ സംഘാടകര്‍ മാര്‍വാടികളാണ്. പഞ്ചാബികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ അവരും മലയാളികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ അവരും ദുര്‍ഗാ പൂജയുടെ പങ്കാളികള്‍ ആവുന്നത് പതിവാണവിടെ. അങ്ങനെയാണ് ദുര്‍ഗാ പൂജ ‘സാര്‍ബജനീന’മാകുന്നത്. എല്ലാവരുടെയുമാകുന്നത്.

navaratri, നവരാത്രി, ie malayalam
ഫൊട്ടോ: പാര്‍ത്ഥ പോള്‍

എല്ലാമെല്ലാം കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുന്ന ഒരു കാലത്ത് ദുര്‍ഗാ പൂജയും അതില്‍നിന്നും ഒഴിവാക്കപ്പെടുന്നില്ല. ഇന്ന് ദുര്‍ഗാ പൂജ പലര്‍ക്കും ഒരു ബ്രാന്‍ഡിംഗ് വെഹിക്കിള്‍ ആയി മാറിക്കഴിഞ്ഞു. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതും നിലവില്‍ ഉള്ളവ അവയുടെ ആധിപത്യം പൂര്‍വാധികം ഊട്ടിയുറപ്പിക്കുന്ന സീസണും പൂജാക്കാലമാണ്.

മനുഷ്യ മനസ്സുകളില്‍ മാത്രമല്ല പ്രകൃതിയിലും സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ദുര്‍ഗാ പൂജ നിറങ്ങള്‍ വാരിയെറിയുന്നുണ്ട്. എല്ലാ മേഖലയിലും ഒരു വാര്‍ഷിക വിളവെടുപ്പ് നടക്കുന്നതും ഇക്കാലത്ത് തന്നെ. ബംഗാളികളെ ഏറ്റവുമധികം ആഹ്ളാദചിത്തരാക്കുന്നതും ധൂര്‍ത്തരാക്കുന്നതും മറ്റാരുമല്ല അവരുടെ സ്വന്തം മാ-ദുര്‍ഗയാണ്.

ഷഷ്ഠിയിൽ (Oct 04) തുടങ്ങി സപ്തമിയിലും (Oct 05) അഷ്ടമിയിലും (Oct 06), നവമിയിലും (Oct 07) ആഘോഷങ്ങള്‍ അതിന്‍റെ പരമ കാഷ്ടയിലേക്ക് കൊട്ടിക്കയറും. ഒടുവില്‍ ദശമിയുടെയന്ന് (Oct 08) മാ-ദുര്‍ഗയ്ക്കും മക്കളായ ഗണപതിക്കും, സരസ്വതിക്കും ലക്ഷ്മിക്കും കാര്‍ത്തിക്കിനും മധുരമൂട്ടിയശേഷം ഗംഗയിലെ അനിവാര്യമായ ജലനിമന്ജനത്തിനായി കൊട്ടും കുരവയുമായി സ്നേഹവായ്പ്പില്‍ പറഞ്ഞയക്കുമ്പോള്‍ കണ്ണീരണിഞ്ഞ ചിരിയോടെ കുതിര്‍ന്ന ശബ്ദത്തില്‍ അവര്‍ ഒരോ തവണയും ആര്‍പ്പുവിളിയോടെ പറയും – “ആശ്ച്ചേ ബോച്ചോര്‍ അബാര്‍ ഹോബെ!” (വരുംവര്‍ഷം വീണ്ടും കാണാം).

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Navaratri 2019 memories of puja festival in kolkata