മരിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് ശ്രീദേവിക്ക് ദേശീയ പുരസ്കാരം ലഭിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍ത്തത് മറ്റൊരു നടിയെയാണ്. ദേശീയ പുരസ്കാരം കൈനീട്ടി വാങ്ങി ഒരു മാസം തികയുന്നതിന് മുന്‍പ് മരിച്ചു പോയ ശോഭയെ. ഒരു മെയ് മാസം കൂടി പുലരുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ക്ക് 38 വയസ്സാവുകയാണ്. ജീവിച്ചിരുന്നെങ്കില്‍ ശോഭയ്ക്ക് ഇപ്പോള്‍ 55 വയസ്സാകുമായിരുന്നു, ഈ വര്‍ഷം ഫെബ്രുവരിയില്‍ മരിക്കുമ്പോള്‍ ശ്രീദേവിക്കും ഏതാണ്ട് അതേ പ്രായം.
Read More: ശ്രീദേവി, ഇന്ത്യയുടെ ആദ്യത്തെ വനിതാ സൂപ്പര്‍സ്റ്റാര്‍
പതിനേഴ് വയസ്സിനുള്ളില്‍ത്തന്നെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു ശോഭ. മികച്ച നടി, മികച്ച സഹനടി, മികച്ച ബാലതാരം എന്നിങ്ങനെ മൂന്ന് കേരള സംസ്ഥാന അവാര്‍ഡുകള്‍, മികച്ച നടിക്കുള്ള രണ്ട് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, രാജ്യത്തെ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് എന്നിവ നേടിയ പ്രതിഭ.

എന്നിട്ടും, അതിലൊന്നും അര്‍ത്ഥം കാണാതെ, സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും നടുവിലെ തന്റെ ഇടം കണ്ടെത്താവാതെ, ഒരു സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ച കവിത പോലുള്ള പെണ്‍കുട്ടി. അക്കാലത്ത് സിനിമാ നടികള്‍ക്ക് പൊതു ബോധം കല്‍പ്പിച്ചിരുന്ന നിറത്തിന്റെ തിളക്കമോ, അംഗലാവണ്യത്തിന്റെ വശ്യതയോ ഒന്നും ഇല്ല. എങ്കിലും ശോഭ വരുമ്പോള്‍ സ്ക്രീനില്‍ നിന്നും കണ്ണെടുത്തിരുന്നില്ല ആരും. അത്ര കണ്ടു പ്രണയിച്ചിരുന്നു ക്യാമറ അവരെ.
‘ഉള്‍ക്കടല്‍’ (സംവിധാനം. കെ ജി ജോര്‍ജ്, ഛായാഗ്രാഹണം. ബാലു മഹേന്ദ്ര) എന്ന ചിത്രത്തിലെ ‘ശരദിന്ദു മലര് ദീപ നാളം നീര്‍ത്തി’ എന്ന ഗാനം ഒന്ന് മതി ആ പറഞ്ഞത് സാധൂകരിക്കാന്‍.
ഒരു ക്യാമറയിലേയ്ക്ക് ഇത്ര മേല്‍ പ്രണയത്തോടെ ആര്‍ക്കെങ്കിലും നോക്കാന്‍ സാധിക്കുമോ? സാധിക്കുമായിരിക്കും. നമുക്ക് കാണേണ്ടയാള്, ലെന്‍സിന് പുറകിലിരുന്ന് കണ്ണ് കൊണ്ടും മനസ്സ് കൊണ്ടും നമ്മളേയും കാണുന്നു എന്ന തിരിച്ചറിവുണ്ടെങ്കില് ഒരുപക്ഷേ.
അങ്ങനെ ക്യാമറയുടെ പിന്നില്‍ നിന്ന് ബാലു മഹേന്ദ്രയുടേയും മുന്നില്‍ നിന്ന് ശോഭയുടെയും പ്രണയരശ്മികള് തട്ടി പ്രകാശിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍. അതിന്റെ പാരമ്യത്തില്‍ അവര്‍ വിവാഹിതരായി; 39 വയസ്സുകാരനും വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ബാലു മഹേന്ദ്രയും 15 വയസ്സുകാരി കുട്ടിത്തം വിടാത്ത ശോഭയും. ഛായാഗ്രാഹകനായിരുന്ന ബാലു മഹേന്ദ്ര പിന്നീട് സംവിധാനത്തിലേക്ക് കടന്നു. ‘കോകില’ എന്ന കന്നട ചിത്രമായിരുന്നു ആദ്യം സംവിധാനം ചെയ്തത്. പിന്നീട് തമിഴില്‍ ‘മൂടുപനി’, ‘അഴിയാത കോലങ്കള്‍’ എന്നീ ചിത്രങ്ങള്‍. മൂന്നിലും നായിക ശോഭ തന്നെ.
വിവാഹം കഴിച്ചു അവര്‍ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നും ബാലു മഹേന്ദ്ര (ശോഭയ്ക്ക് മുന്‍പുള്ള തന്റെ വിവാഹത്തിലുള്ള) മകനെക്കാണാന്‍ പോയി എന്നതാണ് ശോഭയുടെ ആത്മഹത്യയ്ക്ക് കാരണമായി പറയപ്പെടുന്നത്. ഇതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങളില്‍ ആത്മഹത്യയാണോ കൊലപ്പെടുത്തിയതാണോ എന്നൊക്കെ സംശയങ്ങള്‍ ഉണ്ടാവുകയും ബാലു മഹേന്ദ്ര ഉള്‍പ്പെടെയുള്ള ചിലര്‍ സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിരുന്നു.
1980ല്‍ ശോഭ മരിച്ചതിന് ശേഷം അതിന്റെ ആഘാതത്തില്പ്പെട്ടുഴറിയ ബാലു മഹേന്ദ്ര പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ‘മൂന്ട്രാം പിറൈയ്’. അവിചാരിതമായി തന്റെ ജീവിതത്തിലേക്ക് വന്ന് അവിചാരിതമായി തന്നെ മടങ്ങിപ്പോയ ശോഭയെക്കുറിച്ചുള്ള കഥയായിരുന്നു (ഹിന്ദിയില്‍ ‘സദ്മ’ എന്ന പേരില്‍ അദ്ദേഹം തന്നെ വീണ്ടും സംവിധാനം ചെയ്ത) ‘മൂന്ട്രാം പിറൈയ്’.
കമല്ഹാസന്, ശ്രീദേവി എന്നിവരായിരുന്നു അതിലെ അഭിനേതാക്കള്‍. ഒരു അപകടത്തില്‍ പെട്ട് കുട്ടിക്കാലത്തേക്ക് മനസ്സു കൊണ്ട് തിരിച്ചു പോയ ഒരു പെണ്‍കുട്ടി, മുതിര്‍ന്ന ഒരു പുരുഷന്റെ തണലില്‍ കുറച്ചു കാലം ജീവിക്കുകയും പെട്ടന്നൊരു ദിവസം ഓര്‍മ്മ തിരിച്ചു കിട്ടി, അയാളെ പാടേ മറന്നു സ്വജീവിതത്തിലേക്ക് മടങ്ങി പോവുകയും ചെയ്യുന്നതാണ് ‘മൂന്ട്രാം പിറൈ’യുടെ ഇതിവൃത്തം.
ഊട്ടിയിലും പരിസരത്തും ഷൂട്ട് ചെയ്യപ്പെട്ട ഈ ചിത്രം ബാലു മഹേന്ദ്ര തിരയില്‍ രചിച്ച മറ്റൊരു കവിതയായിരുന്നു. ബാലു മഹേന്ദ്ര സിനിമകളില്‍ നടീനടന്മാര് മേക്കപ്പ് ഉപയോഗിക്കാറില്ല എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചമയങ്ങളില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ ശ്രീദേവി എപ്പോഴെങ്കിലും എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്, ‘മൂന്ട്രാം പിറൈ’യില്‍ ഒഴികെ. ശ്രദ്ധിച്ചു നോക്കിയാല്‍ അതിലെ ക്ലോസ് അപ്പ് രംഗങ്ങളില്‍ അവരുടെ ‘സ്കിന്‍’ കാണാം. ‘Getting into the skin of the character’ എന്നത് ശ്രീദേവിയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ച സിനിമ കൂടിയായിരുന്നു ‘മൂന്ട്രാം പിറൈ’.
ചിത്രത്തിലെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ അവസാന രംഗത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ബാലു മഹേന്ദ്ര പറഞ്ഞത് ഇങ്ങനെയാണ്.
“ശോഭയെ നഷ്ടപ്പെട്ടപ്പോള്‍ എനിക്കുണ്ടായ ദുഖത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമേ ആ സീനില്‍ ഉള്ളൂ. അതില്‍ കണ്ടതിന്റെ എത്രയോ മടങ്ങ് എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്.”
ഉള്ളില്‍ ആ ദുഖവും പേറി, ബാലു മഹേന്ദ്ര എങ്ങനെയായിരിക്കും ആ ചിത്രം ഷൂട്ട് ചെയ്തത്? ലെന്‍സിലൂടെ കണ്ടത് ശ്രീദേവിയെയോ, അതോ ശോഭയെത്തന്നെയോ?
കലയിലൂടെയാണ് ഏറ്റവും വലിയ ‘കഥാര്‍സിസ്’ സംഭവിക്കുക എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയൊരു ‘കഥാര്‍സിസ്’ ആയിരുന്നിരിക്കണം അദ്ദേഹത്തിന് ആ സിനിമ.
‘മൂന്ട്രാം പിറൈ’യിലെ അഭിനയത്തിന് കമല്ഹാസന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായി. കമലിനേക്കാള്‍ കൂടുതല്‍ അതര്ഹിച്ചിരുന്നത് (ശോഭയ്ക്ക് തത്തുല്യമായി സംവിധായകന് ആവിഷ്കരിച്ച) ആ ‘ചൈല്‍ഡ്-വുമണ്‍’ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയായിരുന്നു എന്നതില്‍ ഇന്നും തര്‍ക്കമില്ല. ‘Between the cup and the lip’ ആണ് ശ്രീദേവിയ്ക്ക് ആ പുരസ്കാരം നഷ്ടപ്പെട്ടത് എന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വായിക്കാം: മഞ്ജു വാര്യര്‍, മെറില്‍ സ്ട്രീപ്, ശ്രീദേവി, ഒരു രാത്രി ബാക്കി വച്ച സ്വപ്നം
നഷ്ടപ്പെടാതെ തരമില്ലല്ലോ, കാലം കൂട്ടിയ കണക്കുകള്‍ മറ്റൊന്നാകുമ്പോള്‍. മരണത്തിന് ഏതാണ്ട് ഒരു മാസം മുന്‍പ് ശോഭ വാങ്ങി വീട്ടില്‍ കൊണ്ട് വച്ചതും, മരിച്ചു ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ശ്രീദേവിയ്ക്ക് വേണ്ടി നാളെ വീട്ടുകാര്‍ വാങ്ങാനിരിക്കുന്നതുമായ ആ പുരസ്കാരങ്ങള്‍ അവര്‍ക്കെന്തായിരുന്നു എന്ന് മറ്റൊരു ലോകത്തിരിന്ന് പരസ്പരം പറയുന്നുണ്ടാവാം ഇന്ത്യന്‍ സിനിമയുടെ ശ്രീയും ശോഭയുമായിരുന്ന ആ രണ്ടു നടികള്‍.
ദുരൈ സംവിധാനം ചെയ്ത ‘പശി’ എന്ന ചിത്രത്തിനാണ്
1979ലെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ശോഭയ്ക്ക് ലഭിക്കുന്നത്. 1980 ഏപ്രിലില്‍ ആ പുരസ്കാരം ഏറ്റുവാങ്ങിയ ശോഭ മെയ് 1ന് ആത്മഹത്യ ചെയ്തു.
രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയായത്. മെയ് 3ന് ദില്ലിയില്‍ നടക്കുന്ന
പുരസ്കാര ദാന ചടങ്ങില്‍ ഫെബ്രുവരി 24ന് അന്തരിച്ച ശ്രീദേവിയ്ക്ക് വേണ്ടി
ഭര്‍ത്താവ് ബോണി കപൂര്‍ അവാര്‍ഡ് സ്വീകരിക്കും.