മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് കൈപിടിച്ച് നയിക്കുന്നത് ഇവിടത്തെ പരിഭാഷകരാണ്. മലയാള സാഹിത്യത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും വായനക്കാരെ സൃഷ്ടിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ എം മുകുന്ദന്റെ ‘ദൽഹി ഗാഥകൾ’ ലോകത്തിനു പരിചയപ്പെടുത്തിയ പരിഭാഷകരിൽ ഒരാളാണ് നന്ദകുമാർ കെ. ‘ഡൽഹി എ സോളിലോക്വി’ എന്ന ദൽഹി ഗാഥകളുടെ പരിഭാഷയ്ക്ക് 2021ലെ ജെ സി ബി സാഹിത്യ പുരസ്കാരം ലഭിക്കുകയും ചെയ്തു. പ്രൊഫ. ടി ജെ ജോസഫിന്റെയും സിസ്റ്റർ ലൂസി കളപ്പുരയുടെയും ആത്മകഥകൾ പരിഭാഷപ്പെടുത്തി വായനക്കാർക്ക് പരിചിതനായി. ഏറ്റവും ഒടുവിലായി വിനോയ് തോമസിന്റെ നോവൽ ‘പുറ്റ്’ അദ്ദേഹം പരിഭാഷപ്പെടുത്തി. പരിഭാഷയിൽ രചയിതാവിന്റെ പ്രാധാന്യത്തെപ്പറ്റിയും, പ്രാദേശിക ഭാഷയിലെ പരിഭാഷകർ നേരിടുന്ന വിവേചനത്തെക്കുറിച്ചും നന്ദകുമാർ ഐ ഇ മലയാളത്തിനോട് സംസാരിക്കുന്നു.
പരിഭാഷ ചെയ്യുക എന്നത് ബോധപൂർവമായ തീരുമാനം ആയിരുന്നോ, അതോ സ്വാഭാവികമായി എത്തിപ്പെട്ടതാണോ? ആ പ്രക്രിയയെ കുറിച്ച് വിശദീകരിക്കാമോ?
രണ്ട് ഭാഗങ്ങളായി ഞാൻ ഈ ചോദ്യത്തിന് ഉത്തരം പറയാം. പരിഭാഷ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിൽ ‘കഥാ സരിത് സാഗരം’ വായിച്ച നിമിഷം മുതൽ (ഇംഗ്ലീഷുകാരും പിന്നീട് ഇന്ത്യക്കാരും ചെയ്ത പരിഭാഷകൾ നിലനിൽക്കുന്നുണ്ടെന്ന തിരിച്ചറിവ് അന്നില്ല) അത് മുഴുവനായും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതൊരു പരിഭാഷയുടെ പരിഭാഷയാകുമെന്ന് അന്നറിയില്ലായിരുന്നു. കൂടാതെ അന്ന് ഞാൻ വായിച്ച ഏതാനും ചില മലയാളം നോവലുകളുടെ ഇംഗ്ലീഷ് പരിഭാഷയുടെ (ഒരുപാട് വായിച്ചിട്ടുള്ളതായി ഞാൻ അവകാശപ്പെടുന്നില്ല) നിലവാരം എന്നെ അലോസരപ്പെടുത്തിയിരുന്നു. ആ പരിഭാഷകളേക്കാൾ നന്നായി എനിക്ക് ചെയ്യാൻ സാധിക്കുമെന്ന തോന്നൽ എനിക്കെപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
അത് സംഭവിച്ചത് ഡോ. ഇ വി ഫാത്തിമയെ അവരുടെ ചില ജോലികളുമായി ബന്ധപ്പെട്ട് സഹായിക്കുമ്പോഴാണ്. ഒന്ന് മറ്റൊന്നില്ലേക്ക് വഴി തെളിച്ചു. മുകുന്ദേട്ടൻ ‘ദൽഹി ഗാഥകൾ’ പരിഭാഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഫാത്തിമ എന്റെ പേര് നിർദേശിച്ചു. തുടർന്ന് ഞങ്ങൾ രണ്ടുപേരും ചേർന്നത് ചെയ്തു. അവിടെ നിന്നാണ് പരിഭാഷാരംഗത്തെ എന്റെ ഈ ചെറിയ കരിയർ തുടങ്ങുന്നത്. ‘ദൽഹി ഗാഥകൾ’ പൂർത്തിയാക്കുന്നതിനു മുൻപ് ഞാൻ ഇന്ദു മേനോന്റെ ചെറുകഥകൾ പരിഭാഷപ്പെടുത്തിയിരുന്നു, പക്ഷേ ആ പുസ്തകം ‘ഡൽഹി ഗാഥകൾ’ക്ക് ശേഷമാണ് പ്രകാശനം ചെയ്തത്.

പരിഭാഷ ചെയ്ത പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്? ഒരു രചയിതാവിനെ അല്ലെങ്കിൽ പുസ്തകത്തിനെ നിങ്ങൾക്ക് ശ്രദ്ധേയമാക്കിയ ഘടകം എന്താണ്?
ഞാൻ ഒരു പുസ്തകം വായിച്ച് അതിനോട് ഒരുപാട് ഇഷ്ടം തോന്നി അത് പരിഭാഷപ്പെടുത്താറില്ല. മറ്റു ചില പരിഭാഷകരെപ്പോലെ (അതും ഗ്രിഗറി റെബാസ്സയെപ്പോലെ അന്താരഷ്ട്ര അംഗീകാരം ലഭിച്ചവർ) ഞാൻ പുസ്തകം വായിക്കുന്നതിനൊപ്പം തന്നെ അത് പരിഭാഷ ചെയ്യാറാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതിലെ യുക്തി എന്തെന്നാൽ: നല്ല രചയിതാക്കൾ അവരുടെ കഥ പല ഘട്ടങ്ങളിലായിരിക്കും വെളിപ്പെടുത്തുന്നത്, ഏത് ഘട്ടത്തിലാണെങ്കിലും വായനക്കാർ അറിയാൻ അവർ ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങൾ കാണും, അതിനപ്പുറമില്ല. ഞാൻ ഒരു പുസ്തകം മുഴുവൻ വായിച്ചിട്ടാണ് പരിഭാഷപ്പെടുത്തുന്നതെങ്കിൽ, ഞാന്‍ അറിഞ്ഞോ അറിയാതെയോ, നേരത്തെ ലഭിച്ച അറിവ് അതിൽ പ്രതിഫലിക്കും. ഇത് കാരണം വായനക്കാർ അറിയേണ്ടുന്നതിനേക്കാൾ കൂടുതൽ ഞാൻ ചിലപ്പോൾ പുസ്തകത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ വെളിപ്പെടുത്തിയെന്നു വരാം. അതിനാൽ എന്റെ അഭിപ്രായത്തിൽ മറ്റ് ഏത് വായനക്കാരെയും പോലെ മാത്രമേ പരിഭാഷകരും പുസ്തകം വായിക്കാൻ പാടുള്ളുവെന്നാണ്.
പരിഭാഷ എന്ന പ്രക്രിയയിൽ പുസ്തകത്തിന്റെ രചയിതാവിന് സ്ഥാനം ഉണ്ടോ? രചയിതാവിനോടോ പുസ്തകത്തിനോടോ ഉള്ള വിശ്വസ്തത (Fidelity to Text/Author) എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാമോ?
പരിഭാഷകൻ ഒരു എഴുത്തുകാരന്റെ വാക്കുകളെ വഹിക്കുന്നൊരു വാഹനം മാത്രമേ ആകാൻ പാടുള്ളുവെന്ന് അഭിപ്രായമുള്ളൊരാളാണ് ഞാൻ. പുസ്തകം പരിപൂർണമായും രചയിതാവിന്റേതാണ്, അതവരുടെ മാത്രം കുഞ്ഞാണ്. അതുകൊണ്ട് ഞാൻ ഉപയോഗിക്കുന്ന ഓരോ വാക്കും രചയിതാവിനു സ്വീകാര്യമായിരിക്കണം. ഇംഗ്ലീഷ് ഭാഷയുടെ വാക് സമ്പ്രദായത്തിന്റെ, നിശ്ചയിച്ച പരിധിക്കുള്ളിൽ നിന്നുകൊണ്ട്. (മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് മുൻപ് വന്നിട്ടുള്ള പരിഭാഷകളെപ്പോലെ ‘ഡൽഹി എ സൊളിലൊക്വി’ “clunky” അല്ലായെന്ന് ശശി തരൂർ അഭിപ്രായപ്പെടാൻ കാരണമായതും ഇതുതന്നെയാണ് ഞാൻ വിശ്വസിക്കുന്നു. ഈ പുസ്തകത്തിന് സാഹിത്യ അലങ്കാരങ്ങൾ ഇല്ലായെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ കുറച്ച് നിരാശപ്പെടുത്തിയിരിക്കാം.
‘ദൽഹി ഗാഥകളി’ൽ അത്തരം ആഡംബരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പരിഭാഷയിലും അത് കാണാത്തത്. പരിഭാഷകർ എന്ന നിലയിൽ ഞങ്ങൾ കൂടുതലായി ഒന്നും ചേർത്തിട്ടില്ല, കാരണം ഞങ്ങൾ രചയിതാവിന്റെ ശൈലിയെ പിന്തുടർന്നാണ് പരിഭാഷപ്പെടുത്തിയത്). ഞാൻ കഴിവിന്റെ പരമാവധി എഴുത്തുകാരന്റെ അഥവ എഴുത്തുകാരിയുടെ വാക്കുകളുടെ തിരഞ്ഞെടുപ്പിനോടും ശൈലിയോടും ചേർന്നു പോകാൻ ശ്രമിക്കാറുണ്ട്. അതിനാൽ, ഇതുവരെയും ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ രചനകൾ പരിഭാഷപ്പെടുത്താൻ എനിക്ക് ഭാഗ്യം ലഭിച്ചതുകൊണ്ട്, ഞാൻ പരിഭാഷപ്പെടുത്തുന്ന ഭാഗങ്ങൾ അവർക്ക് അയച്ചുകൊടുക്കുകയും, എഴുത്തുകാർ അത് വായിച്ച് അംഗീകരിക്കുകയും, എന്തെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ എന്നോട് നിർദേശിക്കുകയും ചെയ്യും. അതിനാൽ വിവക്ഷിക്കുന്നത് ഇന്നതാണെന്നു അനുമാനിക്കാനോ രണ്ടാമതൊന്ന് ഊഹിക്കാനോ അലങ്കാരങ്ങൾ ചേർക്കാനോ ശ്രമിക്കാറില്ല. അതുകൊണ്ട് എന്റെ പരിഭാഷയുടെ ‘സ്റ്റൈൽ ബുക്കിൽ’ മൂലഗ്രന്ഥത്തിനോടുള്ള വിശ്വസ്തത ഏറ്റവും മുകളിൽ തന്നെയാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ പരിഭാഷകർക്ക് കൂടുതൽ സർഗാത്മകമായ സ്വാതന്ത്ര്യമുള്ളതായി അനുഭവപ്പെടുന്നുണ്ടോ? translation എന്നതിൽ നിന്നും transcreation എന്നൊരു അവസ്ഥയിലേക്ക് പരിഭാഷ രൂപപ്പെടുന്നുണ്ടോ?
ഈ പറഞ്ഞിരിക്കുന്ന വാചകം ശരിയാണോ എന്നെനിക്ക് സംശയമുണ്ട്. കാരണം ആരെങ്കിലും മുൻകാലങ്ങളിലെ പരിഭാഷകരോട്, അതെത്ര വിരസമായ വായനയായി തോന്നിച്ചാലും, ഓരോ വാക്കും എടുത്ത് പരിഭാഷപ്പെടുത്തുകയേ ചെയ്യാവു എന്നുപറഞ്ഞ് നിയന്ത്രിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പരിഭാഷ എത്രത്തോളം നല്ലതാകുമെന്നുള്ളത് പരിഭാഷകര്‍ക്ക് ടാർഗറ്റ് ഭാഷയിലുള്ള അവരുടെ പ്രാവീണ്യം പോലെയിരിക്കും. ട്രാൻസ്ക്രിയേഷൻ എന്ന സങ്കൽപ്പം എന്റെ അഭിപ്രായത്തിൽ ഒരു ഹൈപ്പ് (hype) ആണ്. നിങ്ങൾക്ക് ട്രാൻസ്ക്രിയേറ്റ് ചെയ്യണമെങ്കിൽ സ്വന്തമായി ബുക്ക് എഴുതു. അല്ല പരിഭാഷപ്പെടുത്തണം എന്നാണെങ്കിൽ രചയിതാവ് ടാർഗറ്റ് ഭാഷയിൽ എങ്ങനെയാണോ സ്വയം ആ പുസ്തകം എഴുതാൻ ആഗ്രഹിക്കുന്നത് അങ്ങനെ തന്നെ തർജ്ജമ്മ ചെയ്യുക.
ഒരു രചയിതാവിന് ഒരുപക്ഷേ ഏകാന്തമായി എഴുതുവാൻ സാധിക്കുമായിരിക്കും, പരിഭാഷകയ്ക്ക്/പരിഭാഷകന് അത്തരമൊരു ഏകാന്തമായ നിലനിൽപ്പ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?
പരിഭാഷകർ “transcreator” കുടെയാണെന്നുള്ള വാദം മുന്നോട്ട് കൊണ്ടുപോയാൽ ഒരുപക്ഷേ ഉണ്ടാകാം. അല്ലെങ്കിൽ അത്തരമൊരു നിലനിൽപ്പ് ഇല്ല. പരിഭാഷകരുടെ മുൻപിൽ ഒരു പുസ്തകമുണ്ട്. ഒരു മൂലകൃതിയിൽ ഇടപെടാനുള്ള അവകാശം അവർ ഉപയോഗിക്കാൻ (ദുരുപയോഗിക്കാൻ?) ആഗ്രഹിക്കാത്ത പക്ഷം, ആ പുസ്തകത്തിന്റെ പരിമാണത്തിനുള്ളിൽ നിന്നുകൊണ്ടാണ് അവർ പ്രവർത്തിക്കേണ്ടത്. രചയിതാവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഭാഷകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാം. ഉദാഹരണത്തിന്, ഇന്ദുവിന്റെ ഒരു കഥയിൽ അവരുടെ അനുവാദത്തോടെ ചില സംഭാഷണങ്ങളിൽ ഞാൻ അശ്ലീല വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇരുപത് വർഷത്തിൽ കൂടുതലായി ഡൽഹിയിൽ ജീവിച്ചിട്ടുള്ളതുകൊണ്ട്, ഇന്ദു എഴുതിയിരിക്കുന്നത് പോലെ അവിടെ ആരും തന്നെ, പ്രത്യേകിച്ച്, ഗുണ്ടകൾ, സംസാരിക്കില്ല എന്നെനിക്ക് അറിയാം. അത് വിശ്വസനീയതയ്ക്കു വേണ്ടി മാത്രം ചെയ്തതാണ്, മറ്റൊന്നിനുമല്ല. അതല്ലാതെ ഒരു എഴുത്തുകാരന്റെ ഇടത്തിനെ ലംഘിക്കുന്ന തരത്തിൽ യാതൊന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടായതായി ഞാൻ ഓർക്കുന്നില്ല.

പിന്നെ മലയാളത്തിൽ കോപ്പി എഡിറ്റിങ് എന്നുപറയുന്നത് പ്രൂഫ് റീഡിങ് മാത്രമായി തീരുമ്പോൾ, വസ്തുത പരിശോധനയിലൂടെയും, കാലത്തിനനുരൂപമല്ലാത്ത പ്രയോഗങ്ങൾ (Anachronisms) എന്നിവ ഒഴിവാക്കിയും പരിഭാഷകൻ തന്നെ ടെക്സ്റ്റിനെ മെച്ചപ്പെടുത്താൻ ശ്രമിക്കും. പക്ഷേ അത് Transcreation ആയി കണക്കാക്കാൻ കഴിയില്ല.
ഒരു രചയിതാവിന്റെ സർഗാത്മക ലോകത്തിലൂടെയുള്ള സഞ്ചാരത്തെപ്പറ്റി പറയാമോ? പരിഭാഷകരും എഴുത്തുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ് അതിൽ നടക്കുന്നത്?
ഈ ചോദ്യം ലക്ഷ്യം വയ്ക്കുന്നത് ഫിക്ഷനെയാണെന്ന് ഞാൻ കരുതുന്നു. പരിഭാഷ ചെയ്യുമ്പോൾ, രചയിതാവിന്റെ ശൈലിയിലും ആഖ്യാനത്തിലും കഴിയുന്നത്ര മാറ്റങ്ങൾ വരുത്താതെതന്നെ ടാർഗറ്റ് ഭാഷയിലേക്ക് മാറ്റാനാണ് കൂടുതലും ശ്രദ്ധിക്കുന്നത്. എല്ലാ വായനക്കാരെയും പോലെ, ആ പുസ്തകത്തെ പരിപൂർണമായി എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നത് അത് വായിച്ചു കഴിയുമ്പോഴാണ്, അപ്പോൾ തന്നെയാകും ഞാനത് പരിഭാഷപ്പെടുത്തി കഴിയുന്നതും. എന്റെ പരിഭാഷകളെ സംബന്ധിച്ചിടത്തോളം എന്റെ മാനദണ്ഡം എന്നുപറയുന്നത് രചയിതാവ് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്. എല്ലാ കാര്യങ്ങളും പരിപൂർണമായി പരിഭാഷപ്പെടുത്താൻ പറ്റില്ല എന്ന തിരിച്ചറിവോടെ, ഇതുവരെയും എന്റെ രചയിതാക്കളെല്ലാം പരിഭാഷയിൽ തൃപ്തരാണ്. രചയിതാവിനെ പോലെ മറ്റാർക്കും അവരുടെ സ്വന്തം പുസ്തകത്തെ അറിയുമെന്നു എനിക്ക് തോന്നുന്നില്ല, അതിനാൽ തന്നെ ഏറ്റവും ആദ്യം പരിഭാഷയിൽ തൃപ്തരാകേണ്ടതും അവർ തന്നെയാണ്. പലപ്പോഴും ഒരിടത്ത് നഷ്ടമാകുന്നത് മറ്റൊരിടത്തു നേട്ടമായി തീരുമെന്നും അവരും തിരിച്ചറിയുന്നുണ്ട്.
പരിഭാഷ മുന്നോട്ട് പോകുന്നതിനനുസരിച്ച് ഞാൻ രചയിതാവുമായി അത് പങ്കുവയ്ക്കാറുണ്ട്, വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് അവർ ടെക്സ്റ്റിൽ തിരുത്തലോ അല്ലെങ്കിൽ എന്റെ വായനയിൽ മാറ്റം വരുത്താനോ പറയുമ്പോൾ അതങ്ങനെ തന്നെ തുടരട്ടെയെന്ന് ഞാൻ പറയാറുള്ളത്. മിക്ക സന്ദർഭങ്ങളിലും ഞാൻ അവരുടെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകും. എത്രമാത്രം സൂക്ഷ്മതയോടെയാണോ അവർ അവരുടെ പുസ്തകം എഴുതിയത് അത്രമാത്രം സൂക്ഷ്മതയോടെ അവർ എന്റെ പരിഭാഷ വായിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.

ഒരു പുസ്തകത്തിനെ ടാർഗറ്റ് ഭാഷയിലെ വായനക്കാർക്ക് അനായാസം വായിച്ചെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിഭാഷയോടാണോ താൽപ്പര്യം അതോ ടാർഗറ്റ് ഭാഷയിലെ വായനക്കാരെ പുസ്തകത്തിന്റെ ഭാഷയിലേക്കും സംസ്കാരത്തിലേക്കും കൂട്ടിക്കൊണ്ടുവരുന്ന അത്ര അനായാസം അല്ലാത്ത പരിഭാഷയാണോ ഇഷ്ടം?
രണ്ടുമല്ല എന്നായിരിക്കും ഉത്തരം. രചയിതാവിന്റെ ശൈലിയോട് ചേർന്നു നിൽക്കുന്നതരം പരിഭാഷയാണ് എന്റെ രീതിയെന്ന് ഞാൻ പറഞ്ഞല്ലോ. രചയിതാവിന്റെ ശൈലിയുടെ സരളതയ്ക്കോ സങ്കീർണതയ്ക്കോ ഒരു കുറവും വന്നിട്ടില്ലായെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ‘ദൽഹി: എ സോളിലോകി’ അല്ലെങ്കിൽ ‘ദി ലെസ്ബിയൻ കൗ ആൻഡ് അദർ സ്റ്റോറീസ്’ പരിശോധിച്ചാൽ ഇത് വ്യക്തമാകും. രചയിതാവിന്റെ ശബ്ദം വായനക്കാരിലേക്ക് എത്തിക്കുന്ന മീഡിയം മാത്രമാണ് ഞാനെന്ന് എനിക്ക് ബോധ്യമുണ്ട്. ഒരു രാസപ്രവർത്തനത്തിൽ കാറ്റലിസ്റ്റ് മാറ്റത്തിനു വിധേയമാകാത്തതുപോലെ, തന്റെ ഒന്നും തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടോ നേടിക്കൊണ്ടോ പരിഭാഷകരും മാറ്റത്തിനു വിധേയരാകേണ്ടതില്ല.
പരിഭാഷകർക്ക് പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?
പരിഭാഷകർ അജ്ഞാതരായിരിക്കുകയോ കുറച്ച് മാത്രം അംഗീകാരം കിട്ടുകയോ ചെയ്തൊരു കാലമുണ്ടായിരുന്നു. എനിക്ക് മുൻപേ വന്നവർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നത്തെ സ്ഥിതി അങ്ങനെയല്ലാതായി. ഇന്ന് പരിഭാഷപ്പെടുത്തിയ പുസ്തകത്തിന് അവാർഡ് ലഭിച്ചാൽ പരിഭാഷകർക്ക് അർഹമായ അംഗീകാരം ലഭിക്കുമെന്ന് മാത്രമല്ല ക്യാഷ് അവാർഡും ലഭിക്കുമെന്നുള്ളത് ഈ മാറ്റത്തെ ചൂണ്ടികാണിക്കുന്നു.
പരിഭാഷകർ ഇല്ലായിരുന്നെങ്കിൽ ആ പുസ്തകം പരിഗണനയിൽ പോലും വരില്ലായിരുന്നു എന്നുള്ളത് മറ്റൊരു അംഗീകാരം. ഇത് ഇംഗ്ലീഷ് പരിഭാഷകരെ (മറ്റ് യൂറോപ്യൻ ഭാഷകളെയും) സംബന്ധിച്ചിടത്തോളം മാത്രമാണ് ശരി. എന്നാൽ പ്രാദേശിക ഭാഷയിലെ വിവർത്തകരെ കുറിച്ച് ചിന്തിച്ചുനോക്കൂ, ഇവരിൽ എത്രപേർ ശരിക്കും അംഗീകരിക്കപ്പെടുന്നു അല്ലെങ്കിൽ അവരുടെ അധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കുന്നു എന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. അപ്പോൾ നമ്മളിതിന്റെ ഒരു വശം മാത്രമാണ് കാണുന്നത്. അതുകൊണ്ട് മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നവരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മാത്രമേ ഞാൻ പറയൂ.

മുകുന്ദൻ, ടി ജെ ജോസഫ്, സിസ്റ്റർ ലൂസി കളപ്പുര, വിനോയ് തോമസ്. വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ കാണിക്കുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയ അനുഭവം പങ്കുവയ്ക്കാമോ?
മുകുന്ദേട്ടന്റെ പുസ്തകം ഒരു പരിധിവരെ ആത്മകഥാപരമാണ്, എന്നാൽ മറ്റ് പുസ്തകങ്ങളെ വെച്ചുനോക്കിയാൽ അതൊരു വലിയ ക്യാൻവാസിലാണ് നിലകൊള്ളുന്നത്. അതിൽ എത്രത്തോളം യാഥാർഥ്യമുണ്ടോ അത്രത്തോളം തന്നെ ഭാവനയുമുണ്ട്. അതിന്റെ ശൈലി വളരെ ലളിതവും, ഋജുവായ വിവരണവുമാണ്. അതുകൊണ്ട് തന്നെ പരിഭാഷപ്പെടുത്താൻ വളരെ എളുപ്പമായിരുന്നു.
എന്നെ ഒരുപാട് സ്വാധീനിച്ച കഥയാണ് പ്രൊഫസർ ജോസഫിന്റേത്. സ്വയപരിഹാസ (self-deprecating) നർമം കൊണ്ടു നിറഞ്ഞതും, ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഒരു അധ്യാപകന് കൊണ്ടുവരാവുന്ന എല്ലാ അച്ചടക്കങ്ങളോടെയും എഴുതപ്പെട്ടൊരു പുസ്തകമാണത്.
സിസ്റ്റർ ലൂസിയുടെ പുസ്തകം അവർക്ക് വേണ്ടി മറ്റൊരാൾ എഴുതിയതാണ് – അതൊരു പാസ്ടീഷ് (Pastiche)ആയി പരിണമിച്ചു. കെട്ടുറുപ്പ് കുറവും ആഖ്യാനത്തിൽ വിടർച്ചകളും ധാരാളമായി ഉണ്ട്. ഇത് പരിഭാഷയെയും ബാധിച്ചിട്ടുണ്ട്, കാരണമത് പരസ്പരബന്ധമില്ലാത്ത വായന പോലെ തോന്നും. എന്റെ തെറ്റ് അല്ലാതിരുന്നിട്ടും ഞാൻ വിമർശിക്കപ്പെട്ടപ്പോൾ, വളരെ അൺക്രിസ്ത്യൻ ആയ പ്രതികാരബുദ്ധിയുള്ള സഭയ്ക്കെതിരെ നിലകൊണ്ട ഒരു കന്യാസ്ത്രീയുടെ അസാധാരണമായ കഥയാണു അത് എന്നതു അവഗണിക്കപ്പെട്ടു. ആ പുസ്തകത്തിൽ നിന്നും നമ്മൾ ഓർത്തിരിക്കേണ്ടത് അവരുടെ ദൃഢചിത്തതയും, അചഞ്ചലമായ മനസ്സും, അവരുടെ ബോധ്യത്തിൽ നിന്നുണ്ടായ ധൈര്യത്തെയുമാണ്.
ഇവരിൽനിന്നെല്ലാം വ്യത്യസ്തനായ എഴുത്തുകാരനാണ് വിനോയ് തോമസ്. അനാദരവ് കലർന്ന (irreverent) നർമ്മബോധവും, മറ്റാരിലും ഇല്ലാത്ത ഒരു പുതുമയും വിനോയുടെ കൃതികളിൽ കാണാം. ഞാൻ ഇതുവരെ വിനോയിയുടെ മൂന്ന് പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്, ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തം. അതിലൊന്ന് ബാലസാഹിത്യത്തിൽ പെടുന്നതാണ്. “ചുരുളി”യിലൂടെ “കുപ്രസിദ്ധി”യാർജ്ജിച്ച ഒരാളെ സംബന്ധിച്ച് ഇത് വളരെ കൗതുകകരമാണ്.
ഭാഷ മേൽക്കോയ്മയെ പറ്റി സജീവമായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിൽ പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആകേണ്ടതില്ലേ?
ആളുകൾ വായിച്ചരുന്നെങ്കിൽ, (അതൊരു വലിയ ചോദ്യമായി മുന്നില് കിടക്കുന്നു) ഞാനത് അംഗീകരിക്കുമായിരുന്നു. നൂറ്റിമുപ്പതു കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന (അതിൽ ചിക്ക്-ലിറ്റ്, ഡിറ്റക്റ്റീവ്/മർഡർ മിസ്റ്ററികളാണെന്നും അവകാശപ്പെടുന്ന ആഴമില്ലാത്ത കഥകളെ ഞാൻ ഉൾപ്പെടുത്തുന്നില്ല) പുസ്തകങ്ങൾ ആയിരത്തിൽ താഴെ കോപ്പികളാണ് വിറ്റ് പോകുന്നത്. ഇതേ പുസ്തകങ്ങൾ തന്നെ മലയാളത്തിൽ ഒന്നിലധികം പതിപ്പുകളിലേക്ക് പോകുകയും പതിനായിരത്തിൽപ്പരം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ ഈ പരിഭാഷകൾ മൊത്തത്തിൽ എടുത്താൽ തന്നെ കടലിൽ കായം കലക്കിയ പോലെ ഉള്ളു. പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നൊക്കെ നമുക്ക് വേണമെങ്കിൽ വീറിനുവേണ്ടി പറയാം, പക്ഷെ നമ്മുടേത് പോലെയൊരു പ്രതിലോമഗതിയിലായ രാജ്യത്ത് അത് ആശയങ്ങളുടെ തടാകത്തിൽ ഒരു ഓളം പോലും സൃഷ്ടിക്കുന്നില്ല.
- ലോകം മലയാളത്തെ വായിക്കുമ്പോൾ സംഭാഷണപരമ്പരയിൽ നാളെ മിനിസ്തി
