Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കിണറിനടിയിലെ വത്തക്കകൾ

“യോവാനായ്ക്ക് കന്യാമറിയം വെളിപ്പെടുന്നു. പരിശുദ്ധമാതാവ് കുപിതയാണെന്ന് അവർ വെളിപ്പെടുത്തുന്നു. ആണുങ്ങൾ തോക്കുകൾ ഒളിപ്പിച്ചു കൊണ്ട് നടക്കുന്നു. ഓരോരുത്തരും അവരവരുടെ അയൽക്കാരോട് ചെയ്ത ചെയ്തികൾ യോവാന്നെ വെളിപാടുന്നോണം എണ്ണിപ്പറയുന്നു” വെയർ ഡു വി ഗോ നൗ” എന്ന നദിൻ ലബാക്കിയുടെ ചിത്രത്തെ കുറിച്ച് “സ്ക്രീനിനപ്പുറമുളള സ്ത്രീകളിൽ”

Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k

Nothing mattered much. Nothing much mattered. And the less it mattered the less it mattered. It was never important enough. Because worse things had happened. In the country that she came from poised forever between the terror of war and the horror of peace worse things kept happening.”
– Arundhati Roy, The God of Small Things

യുദ്ധം പോലെ ഭീകരമായ സമാധാനം നിലനിൽക്കുന്ന ലബനനിൽ നിന്നും ലബാക്കി അവളവളോടും അവളുടെ പെണ്ണുങ്ങളോടും ഈ ലോകത്തോട് തന്നെയും ഉറക്കെ വിളിച്ചു ചോദിക്കുന്നത് അതു തന്നെയാണ്, ഇനിയെങ്ങോട്ടാണ് ഞങ്ങൾ പോകേണ്ടത്?

അങ്ങ് മുകളിലിരുന്ന് താഴേയ്ക്ക് നോക്കുന്ന പാശ്ചാത്യന്റെ കണ്ണുകൾക്ക് ലബാക്കിയുടെ സിനിമ ഉപരിപ്ലവമായി തോന്നുന്നതിൽ അത്ഭുതമൊ ന്നുമില്ല. യുദ്ധവും ഭീകരതയും ആഭ്യന്തര കലാപങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന ഭൂമികകളിലെ പെണ്ണുങ്ങളെല്ലാം ഒരേ അച്ചുകളിൽ വാർക്കപ്പെട്ടവരല്ല. നെഞ്ചത്തടിച്ച് നിലവിളിക്കാൻ മാത്രമാകുന്ന, ഒരേ ശവക്കുഴിയിൽ ഒടുങ്ങിത്തീരുന്ന അമ്മമാരെ മാത്രം, കലുഷിതമായ പൗരസ്ത്യദേശങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നവർക്ക് ലബാക്കിയും അവളുടെ പെണ്ണുങ്ങളും പ്രതീക്ഷകൾക്കുമപ്പുറമാണ്. യുദ്ധങ്ങൾ മാത്രം സ്വപ്നം കാണാൻ കഴിയുന്ന ആൺ തലച്ചോറുകൾക്കുമപ്പുറമാണ് നമ്മുടെയൊക്കെ നാട്ടിലെ പെണ്ണുങ്ങൾ എന്നറിയുന്നത് ഞെട്ടലല്ലാതെ മറ്റെന്തുണ്ടാക്കാനാണ്?എല്ലു നുറുങ്ങുന്ന വേദനയിലും സത്യസന്ധമായി ചിരിക്കാൻ/ചിരിപ്പിക്കാൻ കഴിയുന്ന പെണ്ണുങ്ങളെ കാണിച്ചു തന്നിട്ടുള്ളവരൊക്കെയും വരുന്നത് കലാപഭൂമികളിൽ നിന്നാണെന്നുള്ളത് യാദൃശ്ചികതയൊന്നുമല്ല.

വർഗീയ കലാപത്തിൽ കൊല്ലപ്പെട്ട കുഞ്ഞുമകന്റെ ശവശരീരം, കുളിപ്പിച്ച്, രക്തം തുടച്ച്, ഇരുന്പ് തൊട്ടിയിലിരുത്തി കിണറ്റിലേക്കിറക്കി മറ്റൊരു കലാപം തടഞ്ഞ ആ അമ്മയുടെ രാഷ്ട്രീയമാണ് ലബാക്കിയുടേത്. അതേ ഇരുന്പ് തൊട്ടികളിലാണ് അവർ ആ മകനൊപ്പം കിണറ്റിന്റെ അടിവയറ്റിൽ കിടന്നു തണുപ്പേറ്റ വത്തക്കകൾ പണ്ട് കണ്ടെടുത്തിട്ടുള്ളത്! അവർ കരയുകയും ദുഃഖിക്കുകയും മാത്രമല്ല, ആടുകയും പാടുകയും, ആളുകളെ മയക്കുകയും, കലാപങ്ങൾ തടയുകവരെയും ചെയ്യും. ആയുധക്കച്ചവടവും യുദ്ധവും കലാപങ്ങളും വിഭാവനം ചെയ്യുന്നവരുടെ പ്രൊപ്പഗാണ്ടയ്ക്കപ്പുറം വീര്യമുള്ള തലച്ചോറും ശരീരവും കറുപ്പും കൊണ്ട്, അവർ ദുർബലരായ ആണുങ്ങളെ മയക്കി കിടത്തിയെന്നു വരും.

മറ്റുള്ളവരുണ്ടാക്കുന്ന, വിനിമയം ചെയ്യുന്ന തോക്കുകൾ കണ്ടെടുത്തത് കൂട്ടം കൂട്ടമായി കുഴിച്ചു മൂടിയെന്നുമിരിക്കും. അവരെ വിധിക്കാൻ ശ്രമിക്കുന്നവരോട് ആടിയും പാടിയും കറുപ്പ് ചേർത്ത പലഹാരങ്ങ ളുണ്ടാക്കിയും അവർ പറയാൻ ശ്രമിക്കുന്നത് ഇതായിരിക്കണം; “നിങ്ങൾ വിറ്റഴിക്കുന്ന ആയുധങ്ങളോടും നിങ്ങൾ സ്പോൺസർ ചെയ്യുന്ന യുദ്ധങ്ങളോടും നിങ്ങളുദ്ദേശിക്കും വിധം പ്രതികരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല!”Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k

ലബനൻ പോലൊരു രാജ്യത്ത് നിന്നും വ്യവസ്ഥാപിത നിരൂപകർക്ക് രുചിക്കും വിധമൊരു സിനിമയുണ്ടാക്കി ലോകത്തെ കാണിച്ച് മുൻനിരക്കാരിൽ ലബാക്കി സ്ഥാനം പിടിക്കാത്തത് അവരൊരു സ്ത്രീയായതു കൊണ്ടും, ലബനൻ ശക്തമായ മുസ്‌ലിം പ്രാതിനിധ്യമുള്ള പൗരസ്ത്യ ദേശമായതു കൊണ്ടും കൂടിയാണ്. അത്തരം ഇടങ്ങളെല്ലാം ഭീകരവാദ കേന്ദ്രങ്ങളാണെന്ന് വരുത്തിത്തീർക്കുന്നവർ തന്നെയാണ് ലബാക്കിയുടെയും ഈ പെണ്ണുങ്ങളുടേയും ചോദ്യത്തിന് ഉത്തരം പറയേണ്ടത്.

“The story I tell here is for all who want to hear. A tale of those who fast, a tale of those who pray. A tale of a lonely town, mines scattered all around. Caught up in a war, split to it’s very core. Two clans with broken hearts under a burning Sun. Their hands stained with blood in the name of a cross or a crescent. From this lonely place which has chosen peace, whose history is spun of barbed wire and guns. It’s a long tale of women dressed in black. No glittering stars, no dazzling flowers. Their ash blackened eyes. Women driven by destiny to demonstrate their bravery!”

കറുപ്പുടുപ്പിട്ട പെണ്ണുങ്ങൾ, സമ്മാനപ്പൊതികളും കയ്യിലേന്തി, താളത്തിൽ ചുവടുവച്ച്, വിഭജിക്കപ്പെട്ട ശ്മാശാനഭൂമിയിൽ ഒരുമിച്ചെത്തി, പ്രിയപ്പെട്ടവരെ കണ്ടു മടങ്ങുന്ന ആ നാട്ടിൽ നിന്നും സമയത്ത് നിന്നും ലബാക്കി അവളുടെ സിനിമ തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്. എന്തൊരു ഭാഷയാണവളുടേത്? എന്തൊരു സംഗീതമാണത്! അവളുടെ വിരലിന്റെ തുന്പിലെങ്കിലും തൊടാനുള്ളൊരു മനസ്സുണ്ടായാൽ മതി, പകൽ ഉഷ്ണം കനക്കുന്ന, പാതിരായ്ക്ക് നിലാവുദിക്കുന്ന ആ കുന്നിൻ ചരിവ് വരെയൊന്ന് പോയി വരാൻ. മൈനുകൾ കുഴിച്ചിട്ട കുന്നും പുറത്തുകൂടെ ട്രാൻസ്മിറ്ററും ആന്റിനയുമായി കയറിയിറങ്ങി സിഗ്നൽ പിടിക്കുന്ന കുട്ടികളേയും കടന്ന്, മൈൻ കുഴികൾക്ക് മുകളിൽ മേഞ്ഞ നടന്ന് അനിവാര്യമായ വിധിയിലേക്ക് നേരത്തെ ചെന്ന് ചേരുന്ന ആട്ടിൻപറ്റങ്ങൾ ക്കിടയിലൂടെ വേണം നമുക്ക് അന്നാട്ടിൽ ചെന്നെത്താൻ! അവരുടെ കിണറ്റിന്റെ അടിത്തട്ടുകളിൽ വത്തക്കകൾ ഇപ്പോഴും തണുപ്പേറ്റ് കിടപ്പുണ്ടാകണം.

അമാലയുടെ കഫേയുടെ പെയിന്റടി അവളോടുള്ള അഗാധമായ പ്രേമം കാരണം റാബിയെ ഇപ്പോഴും അനന്തമായി നീട്ടുന്നുണ്ടാകണം. പള്ളിയിൽ നിന്നും പാതിരി കൊടുത്തു വിട്ട കസേരകളിൽ ഇരുന്ന്, മേയറുടെ കട്ടപ്പെട്ടി ടിവിയിൽ, നിലാവുദിക്കുന്ന രാത്രികളിൽ അന്നാട്ടുകാർ ഇപ്പോഴും സിഗ്നൽ പിടിച്ച് എന്തെങ്കിലുമൊക്കെ കാണുന്നുണ്ടാവണം. കലാപ വാർത്തകൾ വരുന്പോൾ, ഒന്നിച്ചെണീറ്റു നിന്ന് പരസ്പരം പോരടിച്ചും പുലഭ്യം പറഞ്ഞും അന്നാട്ടിലെ വിരുതകളായ പെണ്ണുങ്ങൾ, തമ്മിലടിക്കാൻ കാരണം നോക്കി നിൽക്കുന്ന ആണുങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നുണ്ടാവണം. അത്തരം രാത്രികളിലൊക്കെ തന്നെയും അമാലയും ആ പെണ്ണുങ്ങളും ഡിഷിന്റെ കേബിളുകളെല്ലാം ഉറപ്പിച്ചിടത്തു നിന്ന് പിഴുതു മാറ്റുന്നുണ്ടാവണം. ഒട്ടും വിധിക്കാതെ അവരെ കാണാൻ എനിക്കൊപ്പം വരാൻ താൽപ്പര്യമുള്ള വർക്കെല്ലാം കൂടെ നടക്കാവുന്നതാണ്.Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k

സമാധാനം ഒരു തോന്നൽ മാത്രമായ ഒരിടത്തു നിന്നും കാലത്തു നിന്നുമാണ് ഇവരീ കഥ പറഞ്ഞു തുടങ്ങുന്നത്. ദുരന്തങ്ങൾ സർവ്വ സാധാരണമായ, ഏതു നിമിഷവും അങ്ങനെയൊന്നുണ്ടായേക്കാമെന്ന് പ്രതീക്ഷിക്കുന്ന, ജീവിക്കുന്നവരേക്കാൾ മരിച്ചവരുള്ളൊരു നാട്ടിൽ മനുഷ്യർ എങ്ങനെ സാധാരണ ജീവിതം നയിക്കുന്നുവെന്ന തോന്നൽ ഞെട്ടലുണ്ടാക്കിയേക്കാം. കശ്മീരും ഗസയുമൊന്നും കെട്ടുകഥകളല്ലെന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഉത്തരം. ചെവി വട്ടം പിടിച്ച്, ഏതു ദിക്കിലാണ്, എത്രയൊക്കെ ദൂരത്താണ് ഇന്ന് ബോംബ് വീണിട്ടുള്ളതെന്ന് സാധാരണ മട്ടിൽ പറയുന്ന അമ്മമ്മമാരുള്ള, പണ്ട് മരണക്കണക്കിന് സ്‌കോർ ബോർഡ് വച്ചൊരു നാട്ടിൽ നിന്നുമാണ് ഞാനും വരുന്നത്; ഗസയുടെയോ കാശ്മീരിന്റേയോ അതിജീവനത്തിനു മുൻപിൽ അതൊന്നും ഒന്നുമല്ലെങ്കിൽ പോലും! പറഞ്ഞു വന്നത് വയലൻസ് നോർമലൈസ് ചെയ്യപ്പെടുന്നതിന്നെക്കുറിച്ചാണ്. അത്തരമിടങ്ങളിൽ ബാക്കിയാകുന്ന ഓരോ ദിവസവും ഓരോ ജീവനും ജീവിതവും, പ്രതിരോധവും അതിജീവനവുമാണ്.

സ്വയം മൈനുകൾക്കിരയായി മനുഷ്യജീവനുകൾ രക്ഷിച്ച ബ്രിഗിറ്റ എന്ന ആട് ഭാഗ്യവതിയത്രെ! അവളുടെ ഉടമസ്ഥനായ അബു അലിയും അതുകൊണ്ട് ഭാഗ്യവാൻ തന്നെ. അന്നാട്ടുകാരുടെ പുറം ലോകവുമായുള്ള ബന്ധം പരിമിതമാണ്. മേയറുടെ അരക്കിറുക്കിയായ ഭാര്യ കൊടുത്തുവിട്ട കട്ടപ്പെട്ടി ടിവി, അമാലയുടെ കഫെയുടെ ചുമരിൽ തൂക്കിയിട്ട ട്രാൻസിസ്റ്റർ, പിന്നെ, പാലത്തിനപ്പുറമുള്ള പട്ടണത്തിൽ ചെന്ന് സാധനങ്ങൾ വിറ്റു വരുന്ന രണ്ടു കൗമാരക്കാർ കൊണ്ടുവരാറുള്ള പത്രങ്ങൾ എന്നിവയാണ് അവരെ പുറം ലോകത്തിന്റെ വാർത്തകളുമായി ബന്ധിപ്പിച്ചു നിർത്തുന്നത്. അവ വിനിമയം ചെയ്യുന്നതാവട്ടെ വെറുപ്പിന്റെ വാർത്തകൾ. ഇവയോടുള്ള ഈ പെണ്ണുങ്ങളുടെ പ്രതിരോധമാണ് കാണേണ്ടത്. കലാപ വാർത്ത സംപ്രക്ഷേപണം ചെയ്യുന്ന ടിവിക്ക് മുന്നിൽ, ഈ പെണ്ണുങ്ങൾ സ്വതസിദ്ധമായ രീതിയിൽ വഴക്കടിക്കുന്നു. അവരുടെ “നിസ്സാരമായ” വഴക്കുകൾ, ആ ആണുങ്ങളുടെ ശ്രദ്ധതിരിക്കുന്പോൾ വാർത്തചാനലിൽ അപ്പോഴും തുടരുന്ന വെടിയൊച്ചകളെക്കുറിച്ചാണ് സംസാരം. ഡിഷ് ടിവിയുടെയും ട്രാന്സിസ്റ്ററിന്റെയും കേബിളുകൾ അവർ ആരുമറിയാതെ വലിച്ച് പൊട്ടിക്കുന്നു. സ്‌കൂട്ടറിൽ പട്ടണത്തിൽ പോയി വന്ന പിള്ളേർ കൊണ്ടുവന്ന പത്രം വായിച്ച ശേഷം അവർ അമലയുടെ ബേക്കറിയുടെ അടുപ്പിലേക്കിടുന്നു. പെണ്ണുങ്ങളെങ്ങനെ ബുദ്ധിശൂന്യരും നിസ്സാരക്കാരുമായതു കൊണ്ടല്ല, മറിച്ച് വാർത്തകളെ ഒബ്ജക്റ്റീവായി വിശകലനം ചെയ്യാനും അങ്ങനെ പ്രതികരിക്കാനും കഴിയുന്ന ആണുങ്ങൾ അവർക്കില്ലാത്തത് കൊണ്ടാണ് അവരീ കടും കൈക്ക് മുതിരുന്നത്. ലബാക്കിയെ എങ്ങനെ വായിക്കുന്നു എന്നതിനനുസരി ച്ചിരിക്കും ഈ വിശകലനം. വാർത്തകളെ അവർ നിഷേധിക്കുകയോ സെൻസർഷിപ്പിനെ അനുകൂലിക്കുകയോ ചെയ്യുന്നു എന്ന് വായിക്കപ്പെടു ന്നെങ്കിൽ അതൊരു വല്ലാത്ത പൊതു വായനയായിപ്പോകും!

അവരോരുത്തരുടെ ജീവിതവും നിത്യേന ഒരു പ്രതിരോധമാണ്, മേയറുടെ മകൻ, അമാലയുടെ കുഞ്ഞിന്റെ അച്ഛൻ തുടങ്ങിയവരൊക്കെ കലാപ ത്തിന്റെ ഇരകളാണ്, ഒരിക്കൽ പോലും അവർ അത് എടുത്ത് പറയു കയോ വിലപിക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും. ചെറുപ്പക്കാരിയായ അമ്മയും വിധവയുമായ അമാലയുടെ റാബിയുമായുള്ള പ്രേമം എല്ലാവർക്കും അറിയാം. യാതൊരു വിധ മോറൽ ജഡ്ജ്‌മെന്റുമില്ലാ തെയാണ് ആ ചെറിയ സമൂഹം അത് ഉൾക്കൊള്ളുന്നത്. അവരങ്ങനെ മോശം മനുഷ്യരൊന്നുമല്ല. വെറുപ്പിന്റെ പ്രൊപ്പഗാണ്ടകളെയും ആൺ വിനിമയങ്ങളെയും പ്രതിരോധിക്കാൻ അക്കൂട്ടത്തിൽ ആകെ കെൽപ്പുള്ളത് അവിടുത്തെ പെണ്ണുങ്ങൾക്കാണെന്ന് മാത്രം.Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k

അവസ്ഥ വീണ്ടും മോശമാവുകയാണ്. കലാപ വാർത്തകൾ ആളുകളിൽ ചേരിതിരിവുണ്ടാക്കിയപ്പോഴാണ് പള്ളിയിലെ തകർന്ന കുരിശിനെ ചൊല്ലി സംശയം ഉടലെടുക്കുന്നത്. പള്ളിയിലെ കേടായ സ്പീക്കർ നന്നാക്കാനും, കുന്നും പുറത്ത് ടിവി സെറ്റ് ചെയ്യുന്നതിന് സാധനങ്ങളെടുക്കാനും വന്ന പിള്ളേർക്ക് ഒരു അബദ്ധം പറ്റിയതാണത്. മറിഞ്ഞു വീണത് കുരിശിന്റെ പുറത്തോട്ടാണ്. എന്നാൽ അന്യമതസ്ഥരിൽ കുറ്റമാരോപിക്കപ്പെടു ന്നതാണല്ലോ നമുക്കൊക്കെ ശീലമുള്ള സ്വാഭാവികത! പഴയ പള്ളിയാണ്, പുതുക്കി പണിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. സമാധാനം പാലിക്കാനാണ് പാതിരി വിശ്വാസികളോട് പറയുന്നത്. കാറ്റടിച്ച് കുരിശു തകർന്നതാണെ ന്നാണ് പുള്ളിക്കാരന്റെ ഭാഷ്യം. തുടർച്ചയെന്നോണം ആട്ടിൻപറ്റം മോസ്കിൽ കയറി പ്രാർത്ഥനാമുറിയും നിസ്കാരപ്പായകളുമെല്ലാം അലങ്കോലപ്പെടുത്തുന്നു. തുടർന്ന് വിശ്വാസികൾ അക്രമാസക്തരാ കുകയും കന്യാ മറിയത്തിന്റെ പ്രതിമ അടിച്ചു തകർക്കുകയും ചെയ്യുന്നു. ആണുങ്ങൾ കലാപത്തിന് കോപ്പു കൂട്ടുന്പോൾ പെണ്ണുങ്ങൾ എല്ലാം ചേർന്ന് പ്രാർത്ഥനാമുറി വൃത്തിയാക്കുന്നു. അടുത്തതായി പകൽ കുർബാനയിലെ തിരുവോസ്തിയിൽ രക്തം കലരുന്നു. നെറ്റിയിൽ വരച്ച കുരിശുകൾ രക്തത്തിന്റെ അടയാളം ബാക്കിയാകുന്പോൾ, ഒരു വിശ്വാസി പുറത്തു കളിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായൊരു ഒരു മുസ്‌ലിം പയ്യനെ മർദ്ധിക്കുന്നു. ഉമ്മയായ ഫാത്തിമ ഓടി വന്നു മകനെ രക്ഷിക്കുന്നു. നിങ്ങളാണോ ആണുങ്ങളെന്ന് അവൾ തന്റെ കുഞ്ഞിനെ മർദ്ദിച്ച ബൗട്രോയോട് ചോദിക്കുന്നു. ബൗട്രോയുടെ അമ്മ ഓടിവന്നു ഇക്കാര്യം കുഞ്ഞിന്റെ അച്ഛനായ അബു അഹമ്മദിനോട് പറയരുതെന്ന് യാചിക്കുന്നു. അവിടെയും പെണ്ണുങ്ങൾ തമ്മിലുള്ള അഭേദ്യമായ ഐക്യദാർഢ്യം തുടർദുരന്തങ്ങൾ തടയുന്നു. ആണുങ്ങളെ ചൊല്ലിയുള്ള ക്യാറ്റിഫൈറ്റുകളിൽ പെണ്ണുങ്ങളെ ഒതുക്കുന്ന സിനിമാക്കാർ ലാബാക്കി യെ കണ്ടിരിക്കുന്നത് നന്നായിരിക്കും.

ആ രക്തം എങ്ങാണ്ടോ നിന്നും പരിക്ക് പറ്റി പറന്ന ഏതോ പക്ഷിയുടേതാ യിരുന്നെന്നു പെണ്ണുങ്ങൾ കണ്ടു പിടിക്കുന്നു. പെണ്ണുങ്ങളുടെ കൂടിച്ചുചേരലുകളുടെ സ്ഥിരം വേദിയാണ് അമലയുടെ കഫേ. അവിടെ അവർ ഗൂഢാലോചന നടത്തുന്നു. അങ്ങനെയാണ് “വെളിപാടാ”ണ് മികച്ച ഒരു മാർഗ്ഗം എന്നവർക്ക് വെളിപാടുണ്ടാവുന്നത്. മേയറുടെ ഭാര്യ യോവാനായ്ക്ക് കന്യാമറിയം വെളിപ്പെടുന്നു. പരിശുദ്ധമാതാവ് കുപിതയാ ണെന്ന് അവർ വെളിപ്പെടുത്തുന്നു. ആണുങ്ങൾ തോക്കുകൾ ഒളിപ്പിച്ചു കൊണ്ട് നടക്കുന്നു. ഓരോരുത്തരും അവരവരുടെ അയൽക്കാരോട് ചെയ്ത ചെയ്തികൾ യോവാന്നെ വെളിപാടുന്നോണം എണ്ണിപ്പറയുന്നു. കൂട്ടത്തിൽ അല്പം തെറിയും പറയുന്നു. അമാലേ അവരെ രഹസ്യമായി താക്കീത് ചെയ്യുന്നുണ്ട് അപ്പോൾ. ആണുങ്ങൾ രോഷവും അമ്പരപ്പും കൊണ്ട് സ്ഥലം വിടുന്നു. യോവാന്നെ പദ്ധതി പ്രകാരം ബോധം കേട്ട് വീഴുന്നു.

പെണ്ണുങ്ങൾ വീണ്ടും ഒത്തു ചേരുകയാണ്. അവർ മറിയത്തിന്റെ പ്രതിമയെ പശതേച്ച് ഒട്ടിച്ച് ശരിയാക്കുന്നതിനിടെയാണ് അടുത്ത വെളിപാടുണ്ടാകുന്നത്. ഉക്രയിനിൽ നിന്നുള്ള അർദ്ധനഗ്നകളായ നർത്തകിമാരെ നാട്ടിലേക്കെത്തിച്ച് ആണുങ്ങളുടെ ശ്രദ്ധ തിരിക്കു കയാണ് അടുത്ത പദ്ധതി. ഒരല്പം ആശങ്ക പലർക്കുമുണ്ട്. എന്നാൽ ലക്ഷ്യമാണ് പരമ പ്രധാനം. തർക്കിച്ചാലും ചർച്ച ചെയ്താലും ഒടുക്കം ഒരേ തീരുമാനത്തിലെത്തുന്ന തരം പങ്കാളിത്ത ജനാധിപത്യമാണ് ഈ പെൺകൂട്ടത്തിന്റെ മുതൽക്കൂട്ട്. എല്ലാവരും പണം പിരിവിടുന്നു. നസീമിന്റെയും കൂട്ടുകാരന്റെയും സ്‌കൂട്ടറിന്റെ പിറകിലിരുന്ന് രണ്ട് പെണ്ണുങ്ങൾ കാര്യം നടത്തിയെടുക്കാൻ പുറപ്പെടുന്നു. പിന്നീടൊരു പകലിൽ “കേടായ” ഒരു ബസ്സിൽ ഉക്രയിനിയൻ നർത്തകർ അവരുടെ ഗ്രാമത്തിൽ എത്തിപ്പെടുന്നു. മൈനുകൾ കുഴിച്ചിട്ട പാലം കടന്നു അവർ വരുന്നത് പെണ്ണുങ്ങൾ ബൈനോക്കുലറിലൂടെ നോക്കിക്കാണുന്നു. പ്രതീക്ഷിച്ചതു പോലെ ആൺകൂട്ടം വന്നു ചേരുന്നു. പെണ്ണുങ്ങളെ ഓരോരുത്തരെയും വീട്ടിൽ പാർപ്പിക്കാൻ അവർ മത്സരബുദ്ധി കാണിക്കുന്നു.Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k

നർത്തകരെ അവർ ഉപയോഗിക്കുകയൊന്നുമല്ല. പരസ്പരം ഉണ്ടാക്കുന്ന ഒരു കരാറാണിത്. എടുക്കുന്ന തൊഴിലിനു കൂലി കൊടുക്കാനാണ് നേരത്തെ നാട്ടിലെ പെണ്ണുങ്ങളെല്ലാം തന്റെ വിഹിതം ഇട്ടത്. നർത്തകർക്കും നല്ല സമയമാണ്. നാട്ടിലെ തടാകത്തിൽ അവർ വെയിൽ കായുന്നു. ആണുങ്ങൾ അവർക്ക് വേണ്ടി വെള്ളം കോരുന്നു. പിന്നീട് ശ്മാശാനത്തിലേക്കുള്ള യാത്രയിൽ എന്തിനായിയിരിക്കും ഈ പെണ്ണുങ്ങൾ തങ്ങളെ വിളിച്ചുവരുത്തിയതെന്ന് അവർ ഏറെക്കുറെ മനസ്സിലാക്കുന്നു.

തുടർന്നുള്ള സമാധാനത്തിന്റെ ദിവസങ്ങൾ താൽക്കാലികം മാത്രമാണെ ന്ന് ഉടനെ തെളിയുന്നു. ഇരു മതസ്ഥരും അമാലയുടെ കഫെയിൽ തമ്മിൽ തല്ലുന്നു. “You think we’re here to just mourn you? To wear black forever?” എന്ന് ചോദിച്ച് അമാലേ അവരെ ഇറക്കി വിടുന്നു. തന്റെ കുഞ്ഞുമകനെ നെഞ്ചോട് ചേർക്കുന്നു. അവളോടൊട്ടി, ആ കഴുത്തിലൂടെ കയ്യിട്ട് , അവൻ ചിരിക്കുന്ന ആ ചിരി! അവൾ വലിച്ചടച്ച വാതിൽ പൂട്ടിയെന്ന് ഒന്നുകൂടി ഉറപ്പിച്ച് അവൻ വീണ്ടും വന്ന് അവളോടൊട്ടുന്നു. വിമർശിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്ക് മനസ്സിലാകാത്തത് വികാരങ്ങൾക്കിടയിലുള്ള ഈ മിന്നൽപ്പിണർ ദൂരമാണ്. തോക്കുകൾ കൈവശം വയ്ക്കാനും കൊണ്ട് നടക്കാനും നിയമപരമായ അനുമതിയുള്ള ഇടങ്ങളിലിരുന്ന്, സോഫിസ്റ്റിക്കേറ്റഡ് ആയി, വികാരങ്ങളെ അളക്കുന്നതിൽ പരമൊരു ധാർഷ്ട്യം വേറെ ഉണ്ടെന്നു തോന്നുന്നില്ല എന്ന് മാത്രമാണ് എനിക്ക് ചിന്തിക്കാൻ കഴിയുന്ന മറുപടി.

കനത്ത വേനലിൽ നർത്തകർക്ക് സൂര്യതാപമേൽക്കുന്നു. റീട്ടയുടെ ജനാലയ്ക്കൽ കല്ലെറിഞ്ഞു അമാലയും കൂട്ടുകാരും അവളെ വിളിച്ചുണർത്തുന്നു. നർത്തകിമാരിൽ ഒരുവളെ റാബിയുടെ വീട്ടിൽ പാർപ്പിച്ച് വിവരം ചോർത്തുന്നതാണ് അടുത്ത പരിപാടി. അമാലയ്ക്കു ഉള്ളിൽ പൊള്ളുന്നുണ്ട്. എന്നാലും മറ്റ് മാർഗ്ഗമൊന്നുമില്ല. എന്തായാലും ആ നർത്തകി ചാരപ്രവൃത്തി ഭംഗിയായി ചെയ്യുന്നു. അവൾ ആണുങ്ങളുടെ വർത്തമാനം റെക്കോഡ് ചെയ്യുന്നു. അടുത്ത പട്ടണത്തിൽ നിന്നും പുലർച്ചെ തിരിച്ചു വരുന്ന റുക്കൂസിന്റെ ഇരുചക്രവാഹനത്തിൽ ഇത്തവണ പുറകിലിരുന്നെത്തുന്നത് നസീമിന്റെ ചേതനയറ്റ ശരീരമാണ്. അയൽ ഗ്രാമത്തിലെ കലാപത്തിൽ അവൻ കൊല്ലപ്പെട്ടതാണ്. ചേട്ടനായ ഐസ്സാമിനോട് വിവരം പറയാനൊരുങ്ങുന്ന റുക്കൂസിനെ ആ അമ്മ തടയുന്നു. നെഞ്ചത്തടിച്ചു നിലവിളിക്കുന്ന അമ്മയും റീട്ടയും നസീമിനെ കുളിപ്പിച്ചു രക്തം തുടച്ച്, റുക്കൂസിന്റെ സഹായത്തോടെ, ആ ശരീരം തൊട്ടിയിലാക്കി കിണറ്റിലേയ്ക്കിറക്കുന്നു. പള്ളിയിൽ ചെന്ന് അവർ അതുവരെ ആരാധിച്ചിരുന്ന മറിയത്തിന്റെ പ്രതിമയ്ക്ക് നേരെ മണ്ണ് വാരിയെറിയുന്നു. അടുത്ത ദിവസം അവർ ഒന്നും സംഭവിക്കാത്ത മട്ടിൽ ജീവിതം പുനരാരംഭിക്കുന്നു. വിങ്ങിക്കരയുന്ന റീട്ടയെ ആ അമ്മ താക്കീത് ചെയ്യുന്നു. നസ്സീമിന്റെ ഉടുപ്പുകൾ അവർ കഴുകിയെടുക്കുന്നു. ഷൂസ് വെയിലത്തുണക്കാൻ വയ്ക്കുന്നു. കിണറ്റിന്റെ മൂടിയിൽ ചിക്കി ചികയുന്ന കോഴികളെ അവർ ആട്ടിപ്പായിക്കുന്നു. നസ്സീമിന്റെ തൊപ്പി തട്ടിയെടുത്ത ഹമൗദിയുമായി റുക്കൂസ് ഇടയുന്നു. ഹമൗദിയുടെ ഉമ്മ ഹഫാഫ് മകനെയും കൊണ്ട് നസ്സീമിന്റെ വീട്ടിൽ മാപ്പു പറയാനെത്തുന്നു. നസീമിന് വയ്യാത്തത് കൊണ്ട് മുറിയിൽ അടച്ചിരിക്കുകയാണെന്നാണ് അമ്മ പറയുന്നത്. മാപ്പ് ചോദിച്ച് തൊപ്പി വിടവിലൂടെ മുറിയിലേക്കിട്ടു ഹഫാഫ് മകനെയും കൊണ്ട് തിരിച്ചു പോകുന്നു. അവർ തിരിച്ച് വരുന്നത് അമാലയെയും മറ്റ് പെണ്ണുങ്ങളെയും കൂട്ടിയാണ്. തോക്കുകൾ ഒളിപ്പിച്ച പെട്ടി കാണാഞ് മൂത്തമകൻ ഐസാമ് ഭാര്യ ഐഡയെ തിരക്കി അവിടെയെത്തുന്നു. നസ്സീമിന്റെ മരണം മനസ്സിലാക്കി കലാപത്തിനൊരുങ്ങുന്ന ആ മകനെ അമ്മ തടയുന്നത് കാലിൽ വെടിവെച്ചു വീഴ്ത്തിയാണ്.

Cinema, nadine labaki,Nadine Labaki is a Lebanese actress and director,Where Do We Go Now?, nadin labaki, shini j k
നദിൻ ലബാക്കി

പാതിരിയും ഇമാമും പെണ്ണുങ്ങളും നർത്തകരും ചേർന്ന് അടുത്ത പദ്ധതി ഒരുക്കുകയാണ്. ഒരു അറ്റ കൈ പ്രയോഗം. ആയിരം സ്വർഗങ്ങൾ തങ്ങൾക്കായി കാത്തിരിക്കുന്നുവെന്നാണ് പുരോഹിത ഭാഷ്യം. പെണ്ണുങ്ങൾ ആടിയും പാടിയും ചരസ്സും ഉറക്ക ഗുളികളും ചേർത്ത ബ്രൗണികളും കേക്കുകളും പേസ്ട്രികളും സർബത്തും വൈനുമുണ്ടാക്കുന്നു. ഗ്രാമത്തിലെ ജനത മുഴുവൻ ഒരു സമാധാന യോഗത്തിനായി അമലയുടെ കഫേയിലേക്ക് വിളിക്കപ്പെടുന്നു. പുരോഹിതർ വിശ്വാസികളോട് ചെയ്ത ആഹ്വാനമായതിനാൽ എല്ലാവരും എത്തിച്ചേരുന്നു. അവർ കുടിക്കുകയും തിന്നു മദിക്കുകയും ആർത്തു ചിരിക്കുകയും ചെയ്യവേ നർത്തകർ നൃത്തം ചെയ്യുന്നു. ആണുങ്ങളുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ആഘോഷങ്ങളിലാണ്. അന്നേരം നമ്മുടെ പെണ്ണുങ്ങളിൽ ചിലർ മൈനുകൾ കുഴിച്ചിട്ട ഭൂമിയിലൂടെ നടന്ന് തോക്കുകൾ കണ്ടെടുത്തത് കുഴിച്ച് മൂടുന്നു. അടുത്ത പകലിൽ പള്ളി മണിയടിക്കവേ ഗ്രാമത്തിലെ പെണ്ണുങ്ങളെ മുഴുവൻ മതം മാറിയവരായി കണ്ടു കൊണ്ടാണ് ആണുങ്ങൾ ഉണർന്നെണീക്കുന്നത്.

പെണ്ണുങ്ങളുടെ ഈ അതിരു കടന്ന പ്രവൃത്തി കണ്ട് ആണുങ്ങളുടെ തലപെരുക്കുന്നു. തർക്കങ്ങളെല്ലാം വെറുതെയാകുന്നു. ഇമാമും പാതിരിയും ഉക്രേനിയൻ നർത്തകരുടെ ബസ്സിൽ കയറി അവർക്കൊപ്പം നാട് വിടുകയാണ്. ചിലപ്പോൾ അതാവും അവരെ കാത്തിരിക്കുന്ന സ്വർഗം. തുടർന്ന് ആണുങ്ങൾ കറുപ്പുടുത്ത് പെണ്ണുങ്ങൾക്കൊപ്പം നിസ്സമിന്റെ ശവമഞ്ചമേന്തി ശ്‌മശാനത്തിലേക്കു തിരിക്കുന്നു. ഏത് മതക്കാരുടെ ശ്‌മശാനത്തിൽ അടക്കണമെന്നറിയാതെ ശവമഞ്ചവുമായി വന്നവർ പെണ്ണുങ്ങളുടെ നേർക്ക് തിരിയുന്നിടത്താണ് Where Do We Go Now അവസാനിക്കുന്നത്! ആ ചോദ്യമാണ് ശവമഞ്ചമേന്തിയ ആണുങ്ങൾ എല്ലാവരോടുമായി ചോദിച്ചതും!

“My story ends here for all those who were listening.
Of a town where peace was found,
while fighting continued all around.
Of men who slept so deep
and woke to find a new peace
Of women still in black
who fought with flowers and prayers
instead of guns and flares
and to protect their children.
Destiny then drove them to find a new way.” എന്ന് പറഞ്ഞു കൊണ്ട് ലബാക്കിയും നിർത്തുന്നു.

എങ്ങോട്ടാണ് പോകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനാണ്, എങ്ങു നിന്നാണ് ഇറങ്ങിപ്പുറപ്പെടുന്നത് എന്ന് ലബാക്കി നമ്മളോട് ഇതുവരെ പറഞ്ഞത്. നർമ്മം ഒന്നിനെയും നിസ്സാരവൽക്കരിക്കാനല്ല. അത് മാത്രമാവണം അവർക്കു മുൻപിൽ ബാക്കിയുള്ള ഏക മാർഗം.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Nadine labaki where do we go now lebanon

Next Story
പായൽ മൂടിയ തടാകത്തിലെ നീലാകാശംsavitha n. memories
The moderation of comments is automated and not cleared manually by malayalam.indianexpress.com