ബ്ലൈസ് പാസ്കൽ ഒരേസമയം ഗണിത ഭൗതികശാസ്‌ത്രജ്ഞനും ദൈവശാസ്‌ത്രജ്ഞനും ആയിരുന്നു. സംഘടിത മതങ്ങളെ അല്ലെങ്കിൽ സംഘടിക്കാൻ ശ്രമിക്കുന്ന മതങ്ങളെ എതിർക്കുന്ന ഇന്റർനെറ്റ് വേദികളിൽ പലതവണ ഉയർന്നു വരുന്ന, പാസ്കലിന്റെയായുള്ള ഒരു ഉദ്ധരണിയുണ്ട്.

“മത വിശ്വാസത്തിനു വേണ്ടി ചെയ്യുമ്പോഴുള്ള പൂർണ്ണതയോടെയും സന്തോഷത്തോടെയും മനുഷ്യൻ മറ്റൊരിയ്ക്കലും തിന്മ ചെയ്യുന്നില്ല.”

കത്തോലിക്ക മതത്തിന്റെ ന്യായീകരണ സൈദ്ധാന്തികൻ ഇത് പറയാൻ സാധ്യത കുറവാണ്. തർജ്ജമയിൽ വന്ന തെറ്റാണെന്നും, വ്യാഖ്യാന പിഴവാണെന്നുമൊക്കെ ഇന്റർനെറ്റ് ചർച്ചകളിൽ കണ്ടു. കൂടാതെ ദൈവം ഉണ്ടോ ഇല്ലയോ എന്ന പന്തയത്തിൽ ഉണ്ട് എന്ന് പന്തയം വച്ചാൽ നഷ്ടപ്പെടാൻ വളരെ കുറച്ചും എന്നാൽ നേടാൻ സ്വർഗ്ഗ രാജ്യം മുഴുവനും എന്ന് സ്ഥാപിക്കാൻ ശ്രമിച്ച പ്രശസ്തമായ പാസ്കൽസ് വേജർ എന്ന തത്വചിന്ത ഇദ്ദേഹത്തിന്റേതാണ്.

ആരു തന്നെ പറഞ്ഞാലും സംഗതി സത്യം തന്നെ. ചരിത്രം നിരവധി ഉദാഹരണങ്ങൾ നിരത്തിയിട്ടുണ്ട്. മതവികാരത്തോടു അടുത്ത് നിൽക്കുന്ന ദേശീയതയും ഇതിൽ പെടും. ഇനി സംഗതി സത്യമല്ല എന്ന് കരുതുന്നവർ തീർച്ചയായും നാദിയ മുറാദിന്റെ അനുഭവക്കുറിപ്പുകൾ വായിക്കണം.

2018 ലെ നോബൽ സമ്മാനം നാദിയയെ ലോകത്തിനു പരിചയപ്പെടുത്തിയിരിക്കണം. അതിനു മുൻപ് പലരും കേട്ടിരിക്കാൻ ഇടയില്ല. കാരണം ഇന്നത്തെ കാലത്തു മനഃസമാധാനത്തോടെ ജീവിക്കാൻ പലരും കണ്ടെത്തിയിരിക്കുന്ന മാർഗം ഒട്ടക പക്ഷിയുടേതാണ്. തല മണ്ണിൽ പൂഴ്ത്തി ചുറ്റും നടക്കുന്ന പലതും അറിയാതിരിക്കാൻ. എന്നാലും കുറച്ചൊക്കെ നമ്മളെല്ലാം കേട്ടിരിക്കണം. മലാലയെ വെടിവച്ചു വീഴ്ത്തിയ വാർത്ത പോലെ, അഫ്‌ഗാനിസ്ഥാനിൽ തകർക്കപ്പെട്ട ബുദ്ധന്മാരെ കുറിച്ച് കേട്ടപോലെ, ബോകു ഹറാം തട്ടിക്കൊണ്ടുപോയി മണവാട്ടികളാക്കിയ സ്കൂൾ വിദ്യാർത്ഥിനികളെ കുറിച്ചുള്ള വാർത്ത പോലെ. മ്യാൻമറിലെ റോഹിൻഗ്യ പ്രശ്നം പോലെ. പടിഞ്ഞാറൻ ഏഷ്യയിൽ നടക്കുന്ന സംഭവങ്ങൾ പതിറ്റാണ്ടുകളായി കണ്ടും കേട്ടും വളർന്ന; വയസ്സായ തലമുറകൾക്കു പലതും വാർത്തയല്ലാതായിട്ടു കാലം കുറെയായി. ഇറാഖിൽ കുടുങ്ങിയ നഴ്‌സുമാരാകണം ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഭീകരത നമ്മുടെ കൂടി പ്രശ്നമാണ് എന്ന് തോന്നിച്ചത്. പിന്നെയും കുറെ പേർക്ക് ‘ടേക്ക് ഓഫ്’ കാണേണ്ടി വന്നിരിക്കും. പിന്നെ കേരളത്തിലെ ജാതിമത രാഷ്ട്രീയ പരിസരത്തു കേൾക്കുന്ന കണക്കുകൾ. ഈ നാട്ടിൽ നിന്ന് പോകുന്ന പുതിയതരം പ്രവാസികളും – എണ്ണപ്പണത്തിന് പകരം സ്വർഗത്തിൽ ഹൂറികളെ കിട്ടുന്ന പുതിയ പ്രവാസം.

2017 ന്റെ അവസാനം പ്രസിദ്ധികരിച്ച പുസ്തകമാണ് ‘അവസാനത്തെ പെൺകുട്ടി: എന്റെ തടവിന്റെ കഥ, ഇസ്‌ലാമിക സ്റ്റേറ്റിനെതിരെയുള്ള എന്റെ പോരാട്ടത്തിന്റെയും’ (The Last Girl: My Story of Captivity, and My Fight Against the Islamic State).  നാദിയയുടെ നോബൽ സമ്മാന പ്രഖ്യാപനത്തോടെ ബുക്സ്റ്റോളുകളിൽ വീണ്ടു നിറഞ്ഞിരിക്കുന്നു ഈ പുസ്തകം. നാദിയയുടെ അനുഭവങ്ങൾ എഴുത്തു രൂപത്തിലാക്കാൻ ജെന്ന ക്രായെസ്‌കി കൂട്ടിനുണ്ട്. യാത്ര ചാനൽ കാണുന്ന പോലെയാണ് പുസ്തകം വായിച്ചു തുടങ്ങുമ്പോൾ തോന്നുന്നത്. എല്ലാവരും എല്ലാവരെയും അറിയുന്ന ഒരർത്ഥത്തിൽ ഒരു വലിയ കൂട്ടുകുടുംബം പോലെയുള്ള ഒരു കൊച്ചു ഗ്രാമം: കൊച്ചൊ. പടർന്നു പന്തലിക്കുന്ന പേരാൽ വൃക്ഷം പോലെയാണ് ഗ്രാമം വളരുന്നത്. എന്നാൽ വീടുകൾക്കിടയിലൂടെയുള്ള പാതകൾ കൊച്ചു കുട്ടികൾക്ക് കളിസ്ഥലികൾ ആണ്. കനിവില്ലാത്ത കാലാവസ്ഥ. കഠിനമായ ജീവിത സാഹചര്യങ്ങൾ. ചെറിയ ജീവിത മോഹങ്ങൾ. സങ്കീർണമായ കുടുംബ ബന്ധങ്ങൾ. സഹോദരങ്ങളും അർധ സഹോദരങ്ങളും തന്റെ അത്ര പ്രായമുള്ള സഹോദരപുത്രികളും. വരണ്ട മണ്ണിനോട് മല്ലിട്ടു അയൽ നഗരങ്ങളിൽ പ്രവാസ ജോലികൾ ചെയ്തു സ്വരുക്കൂട്ടുന്ന വരുമാനം കൊണ്ട് പതുക്കെ പതുക്കെ മെച്ചപ്പെടുത്തുന്ന ജീവിത സാഹചര്യങ്ങൾ. കൊച്ചൊയിൽ സമയം പതുക്കെയാണ് നീങ്ങുന്നത്.nadia murad , premal kelat

എന്നാൽ ഇതിനിടയിൽ ജീവിതം സന്തുഷ്ടമാണ്. സ്കൂളിൽ പോകാൻ പറ്റുന്നത്. വ്യാജ നിർമ്മിതിയാണെങ്കിലും കഥയെന്നപോലെ ചരിത്രം പഠിക്കാൻ പറ്റുന്നത്. ടിവിയിൽ കാണുന്ന വിദൂര ദേശങ്ങൾ. ഭാവിയിൽ തുറക്കാൻ പോകുന്ന ബ്യൂട്ടി പാർലറിനെ കുറിച്ചുള്ള സ്വപ്നങ്ങൾ. സഹോദരങ്ങളുടെ സ്നേഹം, അമ്മയുടെ മടിത്തട്ട്. നാദിയയുടെ ജീവിതം ശാന്തവും സന്തുഷ്ടവുമായിരുന്നു. ഇറാഖിൽ യുദ്ധം നടക്കുന്നുണ്ട്. അയൽ ഗ്രാമങ്ങളിലെ ഇസ്‌ലാം മതസ്ഥർ പലപ്പോഴും തികച്ചും തുറന്ന ശത്രുത തന്നെ കാട്ടുന്നുണ്ട്. എന്നാൽ യസീദികൾക്ക് അതൊരു പുതുമയല്ല. നൂറ്റാണ്ടുകളായി വംശീയ വേട്ടയുടെ ഇരകളാണവർ.

കുർദിഷ് ഭാഷ സംസാരിക്കുന്ന ഇറാഖികൾ ആണ് നാദിയ ഉൾപ്പെടുന്ന യസീദികൾ (Yazidis). യസീദിസം ഒരു മതമാണെങ്കിലും പലപ്പോഴും പലയിടത്തും യസീദികളെ ഒരു വംശമായാണ് കണക്കാക്കുന്നത്. ഇറാഖിൽ പ്രത്യേകിച്ചും. അയൽവാസികളായ കുർദുകളും (ഭൂരിപക്ഷവും ഇസ്‌ലാം മതം പിന്തുടരുന്ന അവർ പക്ഷെ അവരുടെ കുർദ് ദേശീയതക്കാണ് മതത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നത്) അവരെ അന്യരായി തന്നെ കണ്ടു. എന്നിരുന്നാലും തങ്ങളുടെ ചെറിയ ലോകത്തു കൊച്ചൊയിലെ ഗ്രാമീണർ സന്തുഷ്ടരായി കഴിഞ്ഞു. അയൽ ഗ്രാമങ്ങളിലെ സുന്നി മുസ്‌ലിം സമൂഹത്തിൽ അവരുടെ കുഞ്ഞുങ്ങളുടെ തലതൊട്ടപ്പന്മാരുണ്ട്. ദാഇശ് (Daesh) എങ്ങാനും തങ്ങളെ തേടി വന്നാലും ഈ ബന്ധുക്കൾ തങ്ങളെ കൈവെടിയില്ല എന്ന് ഉള്ളിന്റെ ഉള്ളിൽ അവർ വിശ്വസിച്ചു. എന്നാൽ കുർദ് സൈന്യം കാവൽ ഉപേക്ഷിച്ചു പോയ ഗ്രാമത്തിലേക്ക് ഒരു നാൾ ഇസ്‌ലാമിക സ്റ്റേറ്റിന്റെ വാഹനങ്ങൾ പൊടി പറത്തി കടന്നു വന്നു.

ദിവസങ്ങൾ നീണ്ട നിശബ്ദ അടിച്ചമർത്തലിനും അനിശ്ചിതത്വത്തിനും കുർദ് സേന അല്ലെങ്കിൽ അമേരിക്കൻ സേന തന്നെയും സഹായിച്ചേക്കും എന്ന പ്രതീക്ഷകൾക്കും ശേഷം ഒരു ദിവസം ആട്ടിൻ കൂട്ടത്തെ പോലെ തെളിച്ചു യസീദികളെ ദാഇശ്, സ്കൂൾ കെട്ടിടത്തിൽ അടച്ചു. മതം മാറാൻ മടിച്ച പുരുഷന്മാരെ കൂട്ടമായി കുരുതി ചെയ്തു. സ്ത്രീകളെ അടിമകളെ പോലെ ചന്തകളിലേക്കും കടത്തി. കണ്ണടച്ച് തുറക്കുന്നതിനു മുൻപ് സംഭവിക്കുന്ന ഈ മഹാവിപത്തുകൾ നാദിയ വിവരിക്കുന്നത് വായിച്ചാൽ ഒരു ദുഃസ്വപ്നം കാണുകയാണെന്നു തോന്നും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാംസ്‌കാരിക വളർച്ചയുടെ മൂർധന്യത്തിൽ നിൽക്കുന്ന ഒരു ജീവ വർഗം സ്വന്തം സഹജീവികളോട് ചെയ്യുന്ന പ്രവർത്തിയല്ലല്ലോ ഇതെല്ലം. ജൂതന്മാരെ നാസികൾ കൂട്ടക്കൊല ചെയ്തിട്ട് ഒരു നൂറ്റാണ്ട് പോലും ആയിട്ടില്ല. എന്നിരുന്നാലും ആ പൈശാചികതയിൽ നിന്നും മനുഷ്യ വർഗം കുറെ മുന്നോട്ടു പോയി എന്ന് തന്നെയാണ് നമ്മളിൽ കൂടുതൽ പേരും കരുതുന്നത്.nadia murad , premal kelat

പിന്നീടുള്ളതു ആ ദുഃസ്വപ്നങ്ങൾ കൂടുതൽ ഭീകരമാവുന്നതാണ്. ഒരു രണ്ടാമൻ വിവരിക്കുന്നതിനേക്കാൾ എത്രയോ ശക്തമായി നാദിയ തന്നെ സ്വാനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. ഇസ്‌ലാമിക സ്റ്റേറ്റ് മനുഷ്യക്കടത്തിനും, വംശീയ ഉന്മൂലനത്തിനും ഒരുക്കിയിരിക്കുന്ന നിയമ സംവിധാനങ്ങളും, അടിസ്ഥാനസൗകര്യങ്ങളും, മതപരമായ ന്യായീകരണങ്ങളും അതീവ ഭീതിതരമാണ്. അതിലുമേറെ ഭീകരമാണ് ഇത്തരത്തിലൊരു പ്രതിലോമ പ്രസ്ഥാനത്തിനു ലഭിച്ച സ്വീകാര്യത, അതിന്റെ വളർച്ചക്ക് എടുത്ത ചുരുങ്ങിയ സമയം എന്നിവ. രണ്ടാം ലോക മഹായുദ്ധകാലത്തു ജപ്പാൻ സൈന്യം നടത്തിയ ഒരു ഭീകരതയായിരുന്നു ആശ്വാസ വനിതകൾ. ഇസ്‌ലാമിക സ്റ്റേറ്റ് മറയില്ലാത്ത തന്നെ തട്ടിക്കൊണ്ടു വന്ന സ്ത്രീകളെ വിളിച്ചു: ലൈംഗിക അടിമകൾ. അതിനു നിരത്താൻ ആയിരം നിയമസംഹിതകളും അവർ എളുപ്പത്തിൽ കണ്ടെത്തി. യസീദി സ്ത്രീകളെ അടിമകളാക്കാം, വിൽക്കാം എന്ത് വേണമെങ്കിലും ചെയ്യാം, കാരണം ദാഇശ്ശിനു അവർ മനുഷ്യരെ അല്ല. നാദിയ നേരിടേണ്ടി വന്ന പീഡനങ്ങൾ ശാരീരികം മാത്രമല്ലായിരുന്നു. സ്വാഭിമാനത്തെ നശിപ്പിക്കാൻ; പ്രതീക്ഷകളെ തല്ലി കെടുത്താൻ പോന്നതരമായിരുന്നു പലതും. തടവിനിടയിൽ തന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ നാദിയ കാണുന്നുണ്ട്; ആദ്യ ഉടമയുടെ(?) സഹചാരിയുടെ അമ്മയെ. അവർ അവളുടെ അവസ്ഥയിൽ സഹാനൂഭൂതി കാണിക്കുന്നില്ല. മറിച്ചു അതാണ് ശരി എന്ന് വിശ്വസിക്കുന്നു പോലുമുണ്ട്. ആ ഒരു സമീപനം അല്ലെങ്കിൽ സാഹചര്യത്തോടുള്ള പൊരുത്തപ്പെടൽ ആണ് ശരിയായ ഭീകരത.

ലഭിച്ച അവസരത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച നാദിയക്കു നൽകപ്പെട്ട ശിക്ഷ സാഹിത്യത്തിൽ വായിച്ചാൽ നമ്മൾ കുറച്ചു അതിശയോക്തിയുണ്ടെന്നു കരുതും. എന്നാൽ സത്യം കഥകളേക്കാൾ വിചിത്രം തന്നെ. കഥകൾ യുക്തിമത്തായിരിക്കണം. സത്യത്തിനു അതിന്റെ ആവശ്യമില്ല. ഇര പൂർണമായി അടിമപ്പെട്ടു, ജീവിക്കാനുള്ള ത്വര നശിച്ചു എന്ന് തോന്നിയ നേരംവരെ ആ അടിച്ചമർത്തൽ സജീവമായി നടത്തിക്കൊണ്ടിരിക്കും. ചാരി വച്ച ഒരു കോലുകൊണ്ട് ബലവാനായ ആനയെ ഒരിടത്തു നിർത്തുന്ന അതേ രീതി. കൈമാറി എത്തപ്പെട്ട ഒരുവന്റെ അമിത ആത്മവിശ്വാസം നാദിയക്കു രക്ഷപ്പെടാൻ അവസരമൊരുക്കി. വഴിയിൽ കണ്ട ഓരോരുത്തരും ശത്രുക്കളാണെന്നു കരുതേണ്ട അവസ്ഥയിൽ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം എന്ന ഭീതിയിൽ നിൽക്കാതെ പലവഴി അലഞ്ഞു പലദിക്കു തിരിഞ്ഞു തളർന്നു വീഴുമെന്നു തോന്നും വരെ അവർ അലഞ്ഞു. സാധാരണക്കാരുടെ വാസസ്ഥലമായ ഒരു തെരുവിൽ ഇരുട്ട് വീണു കഴിഞ്ഞു എത്തിയ അവർ സഹായം തേടാൻ ഉറച്ചു.

രക്ഷപെടാൻ ശ്രമിച്ച പല യസീദി പെൺകുട്ടികളെയും സഹായിച്ച നാട്ടുകാരുണ്ട്. അതിലുമേറെ ഉള്ളത് പ്രതിഫലം ലഭിക്കുമെന്ന മോഹത്തിലോ, അല്ലെങ്കിൽ ഇസ്‌ലാമിക സ്റ്റേറ്റിനോടുള്ള അനുഭാവം കൊണ്ടോ പിടിച്ചു തിരിച്ചേൽപ്പിച്ചവരാണ്. എന്നാൽ ബഹുഭൂരിപക്ഷവും ഭയം കാരണം കണ്ണടച്ചവരാണ്. തനിക്കും തന്റെ കുടുംബത്തിനും ഉണ്ടാവുന്ന ആപത്ത് ഓർത്താൽ അങ്ങനെ ചെയ്യാനേ സാധാരണക്കാർക്കു പറ്റൂ. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന കുറ്റബോധമാവാം അതിന്റെ ശിക്ഷയെങ്കിലും. എല്ലാവരും ദിവസത്തിന്റെ അന്ത്യത്തിൽ ഒത്തു ചേർന്ന ഒരു വീടിന്റെ വാതിലാണ് നാദിയ മുട്ടിയത്. സഹാനുഭൂതി നശിക്കാത്ത മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു കുടുബംത്തിന്റെ വാതിലായിരുന്നു അത് എന്നതു കൊണ്ട് മാത്രമാണ് ഇന്ന് നമുക്ക് ഈ പുസ്തകത്തെ പറ്റി സംസാരിക്കാൻ പറ്റുന്നത്. യസീദികളുടെയും തന്റെയും അവസ്ഥക്ക് ഇസ്‌ലാമിക സ്റ്റേറ്റിനെ പോലെ തന്നെ നാദിയ നിശബ്ദ ജനക്കൂട്ടത്തെയും കുറ്റപ്പെടുത്തിയിരുന്നു. അവരും ഇരകൾ മാത്രമാണ് എന്ന് കരുതാവുന്നതിലും അപ്പുറം അവർ ദുരന്തങ്ങൾ സഹിച്ചു കഴിഞ്ഞിരുന്നു. ഈ മാനസികാവസ്ഥയിൽ തനിക്കു അഭയം തന്ന കുടുംബത്തെയും ഒരു ചെറു സംശയത്തോടെ മാത്രമേ അവർക്കു നോക്കാൻ കഴിഞ്ഞുള്ളു. നിശബ്ദതയും അകൽച്ചയും വച്ചു മാത്രം പെരുമാറാനും. എന്നാൽ അവരുടെ അവസ്ഥയെ ശരിക്കും തിരിച്ചറിഞ്ഞു പെരുമാറാൻ ആ കുടുംബത്തിന് സാധിച്ചു. മാത്രമല്ല അവരുടെ നിലനില്പിനും ജീവനുമുള്ള അപകടത്തെ മറന്നു സഹജീവിയെ അവർ സഹായിച്ചു. ആ കുടുംബത്തിലെ ഇളയ മകൻ; നാസർ ഭാര്യയുടെ കൃത്രിമ തിരിച്ചറിയൽ രേഖ ഉപയോഗിച്ചു സ്വന്തം സുരക്ഷ മറന്നു കുർദിസ്താനിലേക്കുള്ള അപകട നിറഞ്ഞ യാത്രയിൽ നാദിയക്ക് കൂട്ടായി. അവരെ സ്വന്തം കുടുംബത്തിന്റെ (ബാക്കിയായ) കൈകളിൽ ഏൽപ്പിക്കും വരെ ഒരു സഹോദരനെ പോലെ കാവലായി.nadia murad , premal kelat

പിന്നീട് ഇസ്‌ലാമിക സ്റ്റേറ്റ് നാസറിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. കുർദുകൾക്കിടയിലുള്ള രാഷ്ട്രീയം നാസറിനും കുടുംബത്തിന് ഭീഷണിയായി എന്ന് വേണം കരുതാൻ. രണ്ടു മൂന്ന് വിഭാഗങ്ങളുണ്ട് കുർദ് ദേശീയ പ്രസ്ഥാനത്തിൽ. കൊച്ചൊ ഗ്രാമത്തിനു മുൻപ് കാവൽ നിന്നിരുന്ന, എന്നാൽ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഭീകരർ എത്തുന്നതിനു മുൻപായി അവിടം വിട്ടുപോയ വിഭാഗത്തെ രാഷ്ട്രീയമായി കുറച്ചു കാണിക്കാൻ മറു വിഭാഗം നാദിയയുടെയും നാസറിന്റെയും വീഡിയോ മൊഴികൾ പുറത്തു വിടുകയുണ്ടായി. ഇതിനു ശേഷം നാസറുടെ കുടുംബത്തിന് എന്തു സംഭവിച്ചു എന്ന് നാദിയക്കു അറിയില്ല. നാസർ എന്നത് കള്ള പേരാണെന്നും ആ യുവാവ് ഇന്ന് ജർമ്മനിയിൽ അഭയാർഥിയായി കഴിയുന്നുണ്ടെന്നും പിന്നീട് വേറൊരിടത്തു വായിച്ചു. അയാൾ ഒറ്റക്കാണ് പ്രവർത്തിച്ചത് എന്ന് പറഞ്ഞാണ് കുടുംബാംഗങ്ങൾ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും.

തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ സ്ത്രീകളെ തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്നവരുടെ പ്രതിനിധിയായി നാദിയയുടെ സഹോദരനുണ്ട്. അമ്മയും ഭാര്യയും സഹോദരിമാരും അടക്കമുള്ള തങ്ങളുടെ പ്രിയപ്പെട്ടവർ എവിടാണെന്ന് അറിയാതെ, അവരുടെ ഭീകരാവസ്ഥയോർത്തു നിസ്സഹായരായി നിൽക്കുന്ന യസീദി പുരുഷന്മാർ. കൊല്ലപ്പെടാതെ രക്ഷപ്പെട്ടവർക്കു ഏതു പീഡനത്തെക്കാളും ഭീകരമാണ് ഈ നിസ്സഹായത. മോചനദ്രവ്യം നൽകിയും പ്രതിഫലം നൽകിയും (രക്ഷിക്കാൻ തയ്യാറായ ചിലർക്ക്) തങ്ങളുടെ സ്ത്രീകളെ തിരിച്ചെത്തിക്കാൻ ലോകം മുഴുവനുള്ള യസീദി വംശജർ ഒത്തു ചേർന്നു. ആയുധം കൊണ്ടും, പേനകൊണ്ടും, പണംകൊണ്ടും രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തും അവർ വീട്ടിലേക്കുള്ള വഴികൾ തീർത്തു. അതിന്നും തുടരുന്നുണ്ട്. വീട് എന്നത് ഒരു സങ്കൽപം മാത്രമെന്നും അവർ തിരിച്ചറിഞ്ഞിരിക്കണം. വീടുകൾ എന്ന കെട്ടിടങ്ങൾ നിലം പൊത്തിയിരുന്നു. വീടുകൾ നിന്ന നാടുകൾ ശവക്കോട്ടകളായി മാറിയിരിക്കുന്നു. വീടുകൾ എന്ന പ്രിയപ്പെട്ടവർ കൊല്ലപ്പെടുകയോ പലയിടത്തായി ചിതറിപ്പോവുകയോ ചെയ്തിരുന്നു. ട്രെയിലർ കൊണ്ട് നിർമ്മിച്ച അഭയാർത്ഥി ക്യാമ്പുകളായി വീടുകൾ. അവിടേക്കു ഒറ്റയ്ക്കും തെറ്റയ്ക്കും എപ്പോഴെങ്കിലും പ്രിയപ്പെട്ടവർ ആരൊക്കെയോ വന്നു ചേർന്ന്.nadia murad

നാദിയക്കു ഒരാൾക്ക് മാത്രം നഷപ്പെട്ടതു ഒരേ ദിവസം ആറു സഹോദരന്മാരെയാണ്. പിന്നീട് അമ്മയെ സഹോദരി തുല്യയായ അനന്തിരവളെ സഹോദര ഭാര്യമാരെ ഏറ്റവും അടുത്ത കൂട്ടുകാരികളെ. കൂടാതെ തീവ്രവാദി കൂടാരത്തിൽ ചേർന്ന പറക്കമുറ്റാത്ത ഒരു അനന്തിരവനെ. അഭയാർത്ഥി ക്യാമ്പുകളിൽ ഒന്നിലാണ് നാദിയ തന്റെ ശബ്ദം വീണ്ടെടുത്ത്. തനിക്കു നേരിട്ട അക്രമങ്ങളെ അപമാനങ്ങളെ തന്റെ കുറ്റമല്ല എന്ന് തിരിച്ചറിഞ്ഞു ശബ്ദമുയർത്തി എതിർക്കാൻ തുടങ്ങിയത്. ഈ അക്രമങ്ങൾ നേരിട്ട അവസാനത്തെ പെൺകുട്ടിയാകണം താൻ എന്നാഗ്രഹിച്ചത്. ആ യാത്രയിൽ ഇന്ന് നാദിയ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ജർമനിയിൽ അഭയാർഥിയായി കുടിയേറിയ അവരുടെ ശബ്‍ദം ഇന്നു ലോകം കേൾക്കുന്നുണ്ട്. അവരോട് കുറ്റം ചെയ്തവർ ശിക്ഷിപ്പെടുമോ എന്നതു കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. എന്നാലും അവർ ഒരു മാതൃകയായി ലോകത്തിനു മുൻപിലുണ്ട്. പുരസ്‌കാരങ്ങൾ നോബൽ സമ്മാനത്തിൽ എത്തി നിൽക്കുന്നു. അതിലെല്ലാം അപ്പുറം ഇരകൾ എന്ന പേരിൽ അറിയപ്പെടുന്നവരുടെ അഭിമാനത്തിനായി നിലക്കാത്ത ശബ്ദമായി അവരുണ്ട്.

ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകളുടെ പ്രയോജനമില്ലായ്മ ഇത്തരം യുദ്ധങ്ങളും, വംശീയ കൂട്ടക്കൊലകളും കാണിച്ചു തരുന്നുണ്ട്. അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ഇത്തരം രാജ്യാന്തര സംഘടനകളിൽ നിന്നും പിരിഞ്ഞു പോകുന്നത് സാധാരണമായിരിക്കുന്നു. കൂടാതെ സാമ്പത്തിക ലാഭമില്ലാത്ത യുദ്ധങ്ങൾ ലോക ശക്തികൾക്കും താല്പര്യമില്ല എന്ന സത്യവും. സാഹിത്യപരമായി അവകാശവാദങ്ങൾ ഒന്നുമില്ലാത്ത ഈ പുസ്തകം എല്ലാവരും നിർബന്ധിതമായി വായിക്കണം. കുട്ടികളടക്കം. കുട്ടികൾ വായിക്കേണ്ട പുസ്തകമാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ പറയണം, ആയിരത്തൊന്നു രാവുകൾ (ബാലസാഹിത്യം) വായിക്കുന്നതിനേക്കാൾ അത്യാവശ്യമായി. സാസ്കാരിക മനുഷ്യന്റെ നാഗരിക മനുഷ്യന്റ ഈറ്റില്ലങ്ങളിൽ ഒന്നായ പ്രദേശത്തു സംഭവിച്ച സംസ്ക്കാര നാശത്തെ കുറിച്ച്, വിശ്വാസം പ്രാകൃതമാക്കുന്ന മാനുഷിക മൂല്യങ്ങളെ കുറിച്ച്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook