scorecardresearch
Latest News

ഓർമ്മകൾക്ക് കീ കൊടുക്കുന്ന വാച്ച്

സർഗാത്മകതയുടെയും വാച്ച് പ്രേമത്തിന്റെയും ചിറകളിലേറി കാലചക്രത്തിന്റെ മറുകര തേടി യാത്ര ചെയ്തവർ പുതിയൊരു സമയമാപിനി നമുക്ക് മുന്നിൽ വച്ചു. ഇന്നിന്റെ മുന്നിലേക്ക്, പൊടിപിടച്ച് കിടന്ന ഇന്നലയെ തേച്ച് മിനുക്കിയെടുത്ത് കൈയ്യിൽ കെട്ടുകയാണ് അവർ

Nazhika, Watch, iemalayalam

സാങ്കേതികവിദ്യകളുടെ സമയരഥത്തിൽ കയറി സമയ സൂചികൾ ചലിച്ചു തുടങ്ങിയപ്പോൾ, നിലച്ചുപോയ കാലത്തെ കൈത്തണ്ടയിലേക്ക് ചേർത്തുകെട്ടുകയാണ് ‘നാഴിക.’ അനേകം നാഴികകളുടെ ദൂരത്തേക്ക് സഞ്ചരിച്ച കാലത്തെയാണ് കൈവിരൽ കൊണ്ട് തിരിച്ച് പുതിയ കാലത്തേക്ക് നാൽവർ സംഘം തിരിച്ചു വച്ചത്.

സർഗാത്മകതയുടെയും വാച്ച് പ്രേമത്തിന്റെയും ചിറകളിലേറി കാലചക്രത്തിന്റെ മറുകര തേടി യാത്ര ചെയ്തവർ പുതിയൊരു സമയമാപിനി നമുക്ക് മുന്നിൽ വച്ചു. ഇന്നിന്റെ മുന്നിലേക്ക്, പൊടിപിടിച്ച് കിടന്ന ഇന്നലയെ തേച്ച് മിനുക്കിയെടുത്ത് കൈയ്യിൽ കെട്ടുകയാണ് അവർ.

നാഴികയക്ക് നാൽപ്പത് വട്ടം എന്ന് പറയാത്ത മലയാളി ഉണ്ടാകില്ല. ആ നാഴിക കൈകയിൽ കെട്ടിയാലോ? സമയത്തെ കൈയിൽ കെട്ടുകയോ എന്ന് ചോദ്യം ഉയരുമ്പോൾ ഉത്തരമുണ്ട്. അതെ, അങ്ങനെ നാഴികയെ കൈയിൽ കെട്ടാൻ പറ്റുന്ന നാൽപത് പേരിപ്പോഴുണ്ട്. നാലുപേരുടെ സ്വപ്നങ്ങളിൽ നിന്നും ആ സമയ സൂചികൾക്ക് നാൽപ്പത് പേർ കീ കൊടുക്കുന്നു.

മലയാളം സംഖ്യകളും കേരളത്തിലെ പഴയ സമയ ക്രമം ഉൾപ്പെടുത്തി ഒരു വാച്ച് പുറത്തിറക്കിയിരിക്കുകയാണ് വാച്ച് പ്രേമികളായ കുറച്ച് പേർ ചേർന്ന്. നാല് ചെറുപ്പക്കാരുടെ അധ്വാനവും സർഗ്ഗാത്മകതയുമാണ് അതിന് പിന്നിൽ ചലിച്ചത്. അതിനെ പിന്തുണച്ച് അതിലേറെ വാച്ച് പ്രേമികളും എത്തി. അങ്ങനെ മലയാളത്തിലെ സമയവും സംഖ്യയും ഉൾപ്പെടുത്തി ഒരു വാച്ച് ആദ്യമായി നിർമ്മിച്ചു. ‘നാഴിക’ എന്ന പേരിൽ ആ വാച്ചിൽ മലയാള സംഖ്യപ്രകാരമാണ് സമയം എഴുതിയിട്ടുള്ളത്. അതിനൊപ്പം നാഴിക അടയാളപ്പെടുത്തിയ മറ്റൊരു സമയ അളവ് കൂടെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതിന് പിന്നിൽ പ്രവർത്തിച്ച സോഹൻ ബാലചന്ദ്രനും എസ് എൻ നിഷാദും പറഞ്ഞു.

Nazhika, Watch, iemalayalam

Also read: സമയരഥത്തിൽ നിലച്ചുപോയ ജീവിതങ്ങള്‍

ഇത് മാത്രമല്ല, ഈ വാച്ചിന്റെ പ്രത്യേകത, ഓട്ടോമാറ്റിക് വാച്ചുകൾ വന്നതോടെ അപ്രത്യക്ഷമായതാണ് കീ കൊടുത്ത് ഓടുന്ന പഴയ യന്ത്രവാച്ചുകൾ അഥവാ മെക്കാനിക്കൽ വാച്ചുകൾ. അങ്ങനെയുള്ള മെക്കാനിക്കൽ വാച്ചായാണ് ‘നാഴിക’ ഡിസൈൻ ചെയ്ത് നിർമ്മിച്ച് പുറത്തിറക്കിയത്. ബാറ്ററി കൊണ്ടോടുന്ന വാച്ചുകളുടെ കാലത്താണ് പഴയ കാലത്തെ ഓർമ്മകൾക്ക് കീ കൊടുത്ത പുതിയ മെക്കാനിക്കൽ വാച്ച് വരുന്നത്.

തിരുവനന്തപുരത്തെ മജീഷ്യനും ഇക്കോഫ്രണ്ട്‌ലി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൺസൾട്ടന്റും മെന്റലിസ്റ്റുമൊക്കെയായ സോഹൻ ബാലചന്ദ്രൻ എന്ന യുവാവിന്റെ സമയം പോക്കാനല്ലാത്ത കൗതുകമാണ് ഈ നാഴികക്കല്ലായി മാറിയ സംരംഭത്തിന് തുടക്കമിട്ടത്.

വാച്ച് പ്രേമിയായ സോഹൻ 2019 അവസാനത്തോടെ ടൈംഗ്രാഫേഴ്സ് എന്നൊരു ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങി. ഇന്ത്യയിൽ വാച്ച് പ്രേമികളുടെ എഫ് ബിഗ്രൂപ്പും മറ്റുമുണ്ടാക്കിയിരുന്നുവെങ്കിലും കേരളത്തിൽ അവരുടെ കൂട്ടായ്മ ഉണ്ടായിരുന്നില്ല. ആളുകൾ ഉണ്ടെന്ന് തോന്നിയിരുന്നു അവരുടെ ഒരു കൂട്ടായ്മ വേണമെന്ന തോന്നലാണ് ഈ ഗ്രൂപ്പ് രൂപീകരിക്കാൻ കാരണം സോഹൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ വാച്ച് പ്രേമികളുടെ ആദ്യ എഫ് ബി ഗ്രൂപ്പാകാം ഇത്. എഫ് ബിക്ക് പുറമെ ഇൻസ്റ്റാഗ്രാമിലും ഇപ്പോൾ ടൈംഗ്രാഫേഴ്സ് സജീവമാണ്.

Nazhika, Watch, iemalayalam

മെക്കാനിക്കൽ വാച്ചുകളുടെ യന്ത്രഭാഗങ്ങളുടെ പ്രവർത്തനങ്ങളിലെ കൃത്യത പരിശോധിക്കുന്ന ഉപകരണമാണ് ടൈം ഗ്രാഫ് എന്ന് പറയുന്നത്. മെക്കാനിക്കൽ വാച്ചുകളോട് കൂടുതൽ പ്രിയമുള്ളതിനാലാണ് ഗ്രൂപ്പിന് ടൈംഗ്രാഫ് എന്ന് പേര് സ്വീകരിക്കാൻ തീരുമാനിച്ചത്. ബഹുസ്വരമായ ഒരു ഗ്രൂപ്പാണിത്. പല പ്രായമുള്ളവർ ഇതിലെ അംഗങ്ങളാണ്. ഈ ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന അംഗത്തിന് എഴുപത് വയസിൽ കൂടുതൽ പ്രായമുണ്ട്. ഏറ്റവും പ്രായം കുറഞ്ഞയാൾ ഇപ്പോൾ പ്ലസ് ടു വിദ്യാർത്ഥിയാണ് സോഹൻ പറഞ്ഞു.

എഫ്ബി ഗ്രൂപ്പിൽ ആദ്യം പതുക്കെയാണ് അംഗങ്ങൾ എത്തിതുടങ്ങിയത്. കഴിഞ്ഞ വർഷത്തെ ആദ്യത്തെ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഇതിൽ കൂടുതൽ ആളുകൾ അംഗങ്ങളായെത്തി. അവിടെ സജീവ ചർച്ചകളും നടക്കുമായിരുന്നു. അക്കാലത്തെ ചർച്ചകൾക്കിടയൊണ് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന് ആലോചന അവിടെ ഉയർന്ന് വന്നത്.

കേരളാ തീമുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അതേകുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മലയാളം അധ്യാപകനും കവിയുമായ ദേശമംഗലം രാമകൃഷ്ണനിൽ നിന്നും മലയാളത്തിൽ സംഖ്യകൾ (മലയാളം ന്യൂമറിക്കൽസ്) എഴുതുന്നതിനെ കുറിച്ചുള്ള അറിവ് ലഭിക്കുന്നത്. അതോടെ അതുപയോഗിച്ചുള്ള സാധ്യതകളെ കുറിച്ച് സോഹൻ ചില ചിന്തകൾ മുന്നോട്ട് വച്ചുവെന്ന് ടൈംഗ്രാഫേഴ്സ് അംഗവും ബിസിനസുകാരനുമായ നിഷാദ് പറയുന്നു.

വാച്ച് നിർമ്മിക്കുമ്പോൾ അത് കഴിയുന്നത്ര പരിസ്ഥിതി സൗഹാർദ്ദമായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് സോഹൻ പറയുന്നു.

Also read: സമയത്തിന്റെ ജലസമാധി

വാച്ച് പ്രേമിയും വാച്ച് നിർമ്മിക്കുന്നതിനുള്ള സംവിധാനങ്ങളുമുള്ള ബോംബെ വാച്ച് സ്ഥാപകനും സി ഇ ഒുമായ അലി ബഗ്സർവാലയാണ് നാഴികയുടെ പിന്നിലെ നാൽവർ സംഘത്തിലെ മൂന്നാമൻ. ഡിസൈനറും കൊച്ചിസ്വദേശിയുമായ ദിലീപ് മണിയപ്പനാണ് സംഘത്തിലെ നാലാമൻ. തങ്ങൾ താമസിക്കുന്ന ഇടങ്ങളും സാധനങ്ങൾ ലഭിക്കാനുള്ള ഇടങ്ങളുമൊക്കെയുള്ള നാഴികകൾ നീളുന്ന അകലം പുതിയ വാച്ച് നിർമ്മാണത്തിന് ഒരിക്കലും തടസമായില്ലെന്ന് അവർ പറയുന്നു.

Nazhika, Watch, iemalayalam
ദിലീപ്, സോഹന്‍, നിഷാദ്, അലി

അങ്ങനെ പഴയ എച്ച് എം ടി വാച്ചുകളുടെ മെഷീൻ സർവീസ് ചെയ്ത് റീ പെയിന്റ് ചെയ്ത് അപ് സൈക്കിള്‍ (ഉപയോഗശൂന്യമെന്ന് കരുതുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ച്, ആ വസ്തുവിന് ഉണ്ടായിരുന്നതിനേക്കാൾ മൂല്യമുള്ള, പുതിയ, വസ്തു നിർമ്മിക്കുന്ന പ്രവൃത്തി) ചെയ്ത് പുതിയ വാച്ച് നിർമ്മിക്കാൻ തീരുമാനിച്ചു. അലി ബഗ്സർവാലയുമായി സംസാരിച്ചപ്പോൾ അദ്ദേഹം അതിന് തയ്യാറായി. അങ്ങനെ ലക്‌നൗ, രാജസ്ഥാൻ, ഡൽഹി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി അലിയുടെ പരിചയം ഉപയോഗിച്ച് പഴയ യന്ത്രഭാഗങ്ങൾ വാങ്ങി. അവ പുതുക്കി പെയിന്റ് ചെയ്താണ് വാച്ച് നിർമ്മിച്ചതെന്ന് സോഹനും നിഷാദും പറഞ്ഞു. അതിനൊപ്പം സിന്തറ്റിക് ലെതർ (സാധാരണ മൃഗങ്ങളുടെ തോൽ ഉപയോഗിച്ചുള്ള സ്ട്രാപ്പിന് പകരം നിർമ്മിതവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ലെതർ) ഉപയോഗിച്ച് സ്ട്രാപ്പും നിർമ്മിച്ചു.

വാച്ചിലെ ഫോണ്ട് ഡിസൈൻ ചെയ്തത് ദിലീപ് മണിയപ്പനാണ്. ദിലീപ് രൂപകൽപ്പന ചെയ്ത മലയാളം സംഖ്യകളുടെ ഫോണ്ട് ഉപയോഗിച്ചാണ് ഡയൽ നിർമ്മിച്ചത്. നാഴിക എന്ന് പേര് നിർദേശിച്ചത് നിഷാദ് ആയിരുന്നുവെന്ന് സോഹൻ പറഞ്ഞു. നിലവിലെ 12 മണിക്കൂർ സമയക്രമത്തിനെ മലയാളം സംഖ്യ ഉപയോഗിച്ച് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ ഡയലിനുള്ളിൽതന്നെ 24 മിനിട്ട് വീതം നാഴികയെ രേഖപ്പെടുത്തുന്ന പ്രത്യേക അടയാളമുള്ള മറ്റൊരു സമയരേഖ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് നിഷാദും സോഹനും പറഞ്ഞു.

മലയാളികൾ നാഴികയും വിനാഴികയും ഉപയോഗിക്കുന്നില്ലെങ്കിലും ഇപ്പോഴും ആ വാക്കുകൾ ഉപയോഗിക്കുന്നവരാണ്. 24 മിനിട്ടാണ് ഒരു നാഴിക, രണ്ടര നാഴികയാണ് ഒരു മണിക്കൂർ, 24 സെക്കൻഡാണ് ഒരു വിനാഴിക, രണ്ടര വിനാഴികയാണ് ഒരു മിനിട്ട്, അറുപത് വിനാഴിക ഒരു നാഴികയും 60 നാഴിക 24 മണിക്കൂറും (ഒരു ദിവസവും എന്നാണ് കണക്ക്). രണ്ട് നാഴികയെ ഒരു മുഹൂർത്തമെന്നും ഏഴര നാഴികയെ ഒരു യാമം എന്നുമാണ് പഴയകാലത്തെ സമയകണക്ക്.

Also read: സമയമാപിനി- പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

Nazhika, Watch, iemalayalam

നാഴികയ്ക്ക് നാൽപ്പത് വട്ടം എന്നത് മലയാളത്തിലെ പ്രയോഗമാണല്ലോ അതുകൊണ്ട് തന്നെ ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന് നാൽപ്പത് എണ്ണം മതി എന്ന് തീരുമാനിച്ചതെന്ന് നിഷാദ് വ്യക്തമാക്കി.
ടൈംഗ്രാഫേഴ്സ് ലാഭത്തിനായി പ്രവർത്തിക്കുന്നതല്ല, അതിനാൽ തന്നെ സീറോ പ്രോഫിറ്റ് അഥവാ ലാഭമില്ലാത്ത നിലയിലാണ് വാച്ച് വിൽപ്പന നടത്തിയത്. നാൽപ്പത് വാച്ചിനും ഉൽപ്പാദന ചെലവാണ് വിൽപ്പനയ്കും ഈടാക്കയിത്. ഇതിൽ ആദ്യം തന്നെ പ്രമോട്ടർമാരായി വന്നവർക്കാണ് വാച്ച് നൽകിയത്. പിന്നീടും ആവശ്യക്കാർ വന്നു. ഇത് അങ്ങനെ ആവശ്യക്കാർ ഉണ്ടാകും എന്ന് കരുതിയതുമില്ല എന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ദേശമംഗലം രാമകൃഷ്ണന് പുറമെ, ആതിരാ മുഖർജി, പ്രശാന്ത് പാണ്ഡ്യേ, അനിജ് ജനാർദ്ദനൻ എന്നിവരുടെ പങ്കാളിത്തവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരന്നുവെന്ന് അവർ പറഞ്ഞു.
നാഴികയക്ക് കീ കൊടുക്കുമ്പോൾ യന്ത്ര വാച്ചിന്റെ വീണ്ടെടുക്കൽ മാത്രമല്ല, പലതരം പഴയകാല ഓർമ്മകളുടെയും അറിവുകളുടെയും സമയം കൂടെ തെളിയിക്കുകയാണവർ.

Read More: എസ് ജോണ്‍ എഴുതിയ മറ്റു കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Naazhika watches transport you back in time