scorecardresearch
Latest News

ഗന്ധ ദ്വീപുകളുടെ പാറാവുകാരി

“ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോൾ, അവർക്ക് മരുന്നു മാത്രം പോര. അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്” മലയാളിയുടെ പ്രവാസജീവിതത്തിൽ രേഖപ്പെടുത്താത്ത ഒരേട്

ഗന്ധ ദ്വീപുകളുടെ പാറാവുകാരി

ഈ മുറിയിൽ മരുന്നുകളുണ്ട്. എന്റെ മാത്രം സ്വപ്നങ്ങളും. മനസ്സിന്റേയും ശരീരത്തിന്റേയും രോഗാതുരതയ്ക്ക് മരുന്നു തേടി നിരവധിയാളുകൾ ഇവിടെയെത്താറുണ്ട്. ജൈവസത്തകൾ ഒന്നാണെങ്കിലും, ജീവിതതൃഷ്ണകൾ വ്യത്യസ്തരായവർ. കാൽപനീക മനസ്സിന്റെ സൂക്ഷ്മജാലകത്തിലൂടെ ഞാനവരെ തൊട്ടറിയാറുണ്ട്, മണത്തറിയാറുണ്ട്. അങ്ങനെയാണ്‌, കാറ്റ് കുടഞ്ഞിടുന്ന ഓരോ ഗന്ധത്തിനൊപ്പവും ഈ മരുന്നുമുറി ഓരോ ഗന്ധദ്വീപുകളായ് പരിണമിക്കുന്നത്. എനിക്കിവിടം ഷേഖ് നഫ്സാവിയുടെ സുഗന്ധോദ്യാനമല്ല, മറിച്ച് ഗുലിസ്ഥാൻ എന്ന സുഗന്ധാരാമമാണ്‌. പലവർണത്തിലുള്ള പനിനീർപ്പുക്കളുടെ സമക്ഷത്തിൽ നിന്നിലേക്ക് മടങ്ങാൻ കൊതിക്കുന്ന എന്നെ ഗന്ധങ്ങളാൽ അടയാളപ്പെടുത്തുന്നിടം. ജീവിതത്തിന്റെ ഒട്ടുമിക്ക ഗന്ധങ്ങളും ഇവിടെ സമന്വയിക്കുന്നു. കണ്ണീരായും വിയർപ്പായും, ചിരിയായും ചിന്തയായും ഞാനെന്റെ വെണ്ണക്കൽഭരണിയിൽ നിറച്ചു വച്ചിരിക്കുന്ന സുഗന്ധ തൈലങ്ങൾ. ചില സമയരാശികളിൽ, അവ വാരിയണിഞ്ഞ്, എനിക്കു മാത്രമറിയാവുന്ന ഉന്മാദത്തിന്റെ ദിവ്യജലത്താൽ സ്നാനം ചെയ്ത്, കവിയും കാമുകിയും ഭ്രാന്തിയുമായി നിഗൂഢപ്പെടാറുണ്ട്. വിചിത്രഭാവനകൾ മുഴുവൻ ഉന്മാദത്തിന്റെ തീനാമ്പുകളാൽ ദഹിച്ച് തീരുമ്പോഴാണ്‌ കടലാസിൽ വാക്കുകൾ പിറവിയെടുക്കുന്നത്. അപ്പോൾ, പ്രപഞ്ചത്തിലെ കോടാനുകോടി ഗന്ധരൂപങ്ങളിൽ നിന്ന് ഞാൻ മൂക്കു വിടർത്തിയിട്ടുള്ള ചില ഗന്ധങ്ങൾ എനിക്ക് ചുറ്റും ഭാവനാനിർമ്മിതികൾ പടുത്തുയർത്തിയിട്ടുണ്ടാവും.
sabeena sali, vishnuram, memory, saudi,

ഓരോ മരുന്നിനും ഓരോ ഗന്ധമാണ്‌. ആതുരതകളുടെ ശമനഗന്ധം. അവയ്ക്കിടയിലേയ്ക്ക്, അതിരാവിലെ ഡറ്റോളും ഫിനോളും കുടഞ്ഞു വരുന്ന തൂപ്പുകാരികൾ, തുടപ്പുകാരികൾ. ബംഗ്ലാദേശികൾ, ശ്രീലങ്കക്കാരികൾ. അങ്ങുദൂരെ, കാത്തിരിക്കുന്നവരുടെ വറ്റുപാത്രങ്ങൾ നിറയ്ക്കാൻ കുറഞ്ഞ വേതനത്തിൽ എല്ലുമുറിയെ പണിയുന്നവർ. കണ്ണീരിനേക്കാൾ ഉപ്പാണ്‌ അവരുടെ ഓരോ വിയർപ്പുതുള്ളിക്കും. നീലക്കൺപീലികളിൽ മസ്കാരയണിഞ്ഞ അറബിപ്പെൺകൊടികൾ മബ്ഖറയെന്ന ധൂപക്കുറ്റിയുമായി ഇതുവഴി വരാറുണ്ട്. ബുഖൂറിന്റെ ആ പുകച്ചുരുളുകൾക്ക് അകിൽക്കൂട്ടിന്റെ ഗന്ധമാണ്‌. ഊദ്, ചന്ദനം കർപ്പൂരം ഏലം തേൻ എന്നിവ കുഴച്ച് കത്തിക്കുമ്പോഴുണ്ടാകുന്ന ഗന്ധം മരണവീട്ടിലെ ഉലുവാൻ പുതയോളമാകുമ്പോൾ മനസ്സ് അതിനെ മരണത്തിന്റെ വരണ്ട ഗന്ധമായി മാത്രം രേഖപ്പെടുത്തും. മരണം കൊള്ളയടിക്കപ്പെട്ടവരുടെ ആത്മാവിനെയോർത്ത് തേങ്ങിക്കരയുന്നവർ, പള്ളിക്കാട്ടിലേക്കുള്ള മയ്യിത്ത് യാത്രയിൽ ഉയരുന്ന ദിക്ർനാദം.മനുഷ്യന്റെ ദുർബലതകൾക്ക് മേൽ മരണത്തിന്റെ പ്രബലത.

തലേദിവസം കൊടുത്തുതീർത്ത മരുന്നുകളുടെ പട്ടിക തടിച്ചുവീർത്ത രജിസ്റ്ററിലേക്ക് പകർത്തിക്കൊണ്ടാണ്‌ മരുന്നുമുറിയിലെ ദിനസരി തുടങ്ങുന്നത്. രജിസ്റ്റർ താളുകളിൽ തങ്ങി നിൽക്കുന്ന കടലാസു ഗന്ധം അക്ഷരസൗഹൃദങ്ങളെയൊക്കെ ഓർമ്മയിലേയ്ക്ക് ക്ഷണിച്ച് പ്രജ്ഞയെ ഉന്മിഷമാക്കും. മേശവലിപ്പ് നിറയെ പുസ്തകങ്ങളാണ്‌. ജീവിതത്തിന്റെ അറിയാപ്പുറങ്ങൾ കാണിച്ച്, എന്നെ വായിക്കൂ എന്നെ വായിക്കൂ എന്ന് നിരന്തരം തെര്യപ്പെടുത്തുന്നവർ. ജോലിക്കിടയിലെ വായനയെന്നത്, വേനലിൽ വിരുന്നെത്തുന്ന കുളിരുകളുടെ ചെറുതേൻ നുണച്ചിലുകളാണ്‌. എട്ട് മണിക്കൂർ പകൽ ജോലിക്കിടയിൽ പല രൂപത്തിൽ കാറ്റ് ജനൽ വാതിൽ മുട്ടും. അതെ, മരുഭൂമിയിലെ ഒരോ മനുഷ്യർക്കും ഓരോ ഗന്ധമാണ്‌. രോഗാതുരരായ് എത്തുന്നവരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്‌. വെയിൽകാഞ്ഞ്, സ്വപ്നങ്ങൾ വറ്റി, മുഷിഞ്ഞ വസ്ത്രങ്ങളുമായി, കുരച്ചു കിതച്ചും വരുന്നവർ. വിയർത്ത് വേദനിക്കുന്ന അവരുടെ മുറിവുകളിൽ ഈച്ചയുടെ ചിറകടിയുണ്ട്. നെഞ്ചിൽ നിന്ന് ഇളകി വരുന്ന മഞ്ഞ കലർന്ന കൊഴുത്ത ദ്രാവകം പുറത്തേയ്ക്ക് തുപ്പി ദൈന്യത നിറഞ്ഞ കണ്ണുമായ് നിൽക്കുന്നവർ. ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോൾ, അവർക്ക് മരുന്നു മാത്രം പോര. അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്.

ഒൻപതു മണി നേരങ്ങൾ ചായയ്ക്ക് മാത്രമുള്ളതാണ്‌. ചായ തന്നെ പല രൂപത്തിലും ഭാവത്തിലുമുണ്ട്. ഏതോ ദേശത്തെ മഴയിൽ തഴച്ച് വളർന്ന്, പേരറിയാത്ത സുന്ദരികളാൽ നുള്ളിയുണക്കപ്പെട്ട തേയിലക്കൊളുന്തിന്റെ ഉന്മേഷഗന്ധം. നാട്ടു പ്രദേശത്തെ ചായമക്കാനിയുടെ പരിസരത്ത്, സമോവറിൽ നിന്നുയരുന്ന വെന്ത തേയിലയുടെ അതേ ഗന്ധം. മരുഭൂമിയിലെ നിറമില്ലാത്ത വെയിലിൽ കിളിർത്ത പുതിനയും സഞ്ചബീലും ചായ രൂപത്തിലെത്തുമ്പോൾ നിറം പോലെ തന്നെ ഗന്ധവും ഹൃദയഹാരിയാകുന്നു. ആവി പറക്കുന്ന ഖഹ്‌വയാണ്‌ മുന്നിലെത്തുന്നതെങ്കിൽ, തിങ്ങി വിളയുന്ന കാപ്പിത്തോട്ടത്തിൽ,ചില്ലകളിലൂടെ ഊർന്നിറങ്ങുന്ന സൂര്യവെളിച്ചത്തിൽ നിഴലുകൾ ഇണചേരും, ഏലക്കായും ഗ്രാമ്പുവും ഇലമർമ്മരം പൊഴിക്കും. കാശ്മീരകണികകൾക്കൊപ്പം കുങ്കുമപ്പൂക്കൾ പൂത്തുകൊഴിയും.

പ്രമേഹത്തിന്‌ മരുന്നു വാങ്ങാനെത്തുന്ന ബൂഫിയക്കാരൻ അഫ്ഗാനിയുടെ നിഴൽ കണ്ടാൽമതി, തന്തൂരി അടുപ്പിലെ കനലിൽനിന്ന് റൊട്ടിയുടെ വേവുഗന്ധം പരക്കും. ഗോതമ്പും മൈദയും, തമീസും കുർസാനുമൊക്കെയായി വെന്ത് വിടരും. ചില നേരങ്ങളിൽ വിശപ്പിനെ കെടുത്താനുള്ള മാന്ത്രികതയുണ്ട് ഉമി കളയാത്ത ഗോതമ്പിന്റെ മൊരിഞ്ഞ ഗന്ധത്തിന്‌ . ചില മദ്ധ്യാഹ്നങ്ങളിൽ, വെയിൽ തിളയ്ക്കുന്ന പകൽ മരുഭൂമിയിൽ നിന്ന്, പനമ്പൂക്കളുടെ മദഗന്ധം, പച്ച യൂണിഫോമണിഞ്ഞ പനകയറ്റത്തൊഴിലാളിയുടെ കഴുത്തു വേദനയുടെ രൂപത്തിൽ ജനവാതിലിൽ മുട്ടാറുണ്ട്. ഒന്നു വീതം രണ്ടു നേരം കഴിക്കാനും പുരട്ടാനും മരുന്നു വാങ്ങി അയാൾ പൊയ്ക്കഴിയുമ്പോൾ മരുന്നുമുറി ഒരു ഈത്തപ്പനത്തോട്ടമായി പരിണമിക്കും. ഓലക്കീറുകൾക്കിടയിൽ ഞാന്നു കിടക്കുന്ന പഴക്കുലകളുടെ മധുരം നുകരാൻ മീവൽക്കിളികൾ പാറിപ്പറക്കും. ഗ്രീഷ്മവെയിലിനു തീ പിടിച്ചെങ്കിൽ മാത്രമേ പഴങ്ങളിൽ തേൻ കിനിയൂ. മരുഭൂമിയിലെ അതിജീവനത്തിന്റെ മാതൃകകളായ ഈത്തപ്പനയേയും ഒട്ടകത്തേയും മെരുക്കി കൃഷിയിടങ്ങളിൽ പ്രകൃതിയോട് ഒറ്റയാൾ സമരം നടത്തുന്ന അവർ തന്നെയാണ്‌ മരുഭൂമിയുടെ അവകാശികൾ.

റാസ്ബെറി,nമുന്തിരി, മധുരനാരങ്ങ, പൈനാപ്പിൾ, വാട്ടർ മെലൺ എന്നിങ്ങനെ ചില പഴഗന്ധങ്ങൾ, ചായംതേച്ച പെണ്ണുങ്ങളുടെ രൂപത്തിലാണ്‌ പ്രത്യക്ഷപ്പെടാറ്‌. പൂക്കളേക്കാൾ പഴഗന്ധങ്ങളോടാണ്‌ മാൻ മിഴികളായ അറേബ്യൻ സുന്ദരികൾക്ക് പ്രിയം. ലിപ്സ്റ്റിക്കും റൂഷും മസ്കാരയുമൊക്കെയായി അവർ കാറ്റിന്‌ സുഗന്ധം കടം കൊടുക്കും. തരിശു നിലത്ത്, തൂളി വീണ ജലബിന്ദുക്കളെ ആഗിരണം ചെയ്ത് വളർന്നുമുറ്റിയ മരുഭൂമിയിലെ പഴത്തോട്ടം. അവിടെ ഏദൻ തോട്ടത്തിലെ ആപ്പിൾമണം. പ്രലോഭനങ്ങളുടെ വിഷം നിറച്ച കോപ്പകളില്ലാതെ, ഒലിവില കൊണ്ട് ഓശാന പാടുന്ന മാലാഖമാർ. വെയിലിനെ ചുമന്നു നിൽക്കുന്ന അത്തിമരത്തിന്റെ ചോട്ടിൽ ഉറങ്ങുന്ന മാലാഖമാരുടെ നിശ്വാസത്തിന്റെ വശ്യമുഗ്ദഗന്ധം. അവർക്കരികിലിരുന്നു വേണം എനിക്ക് ഖലീൽ ജിബ്രാന്റെ “താഴ്‌വരയിലെ അപ്സരസ്സുകൾ” എന്ന പുസ്തകം വായിച്ച് തീർക്കാൻ.

sabeena m sali, vishnu ram, feature,

ഉഷ്ണത്തിന്റെ പകൽച്ചൂര്‌ ഉള്ളു നിറയെ കോരിയൊഴിച്ച് വരാറുണ്ട് ചിലർ. മാസത്തിലൊരിക്കലോ മറ്റോ വിജനതയിൽ നിന്ന് പുറപ്പെട്ടു വരുന്ന, അവരാണ്‌ മരുഭൂമിയുടെ യഥാർത്ഥ പ്രതിനിധികൾ. വരണ്ട ചുണ്ടും, എണ്ണ കാണാത്ത മുടിയും, വിണ്ടുകീറിയ പാദങ്ങളുമായി, ഒട്ടകത്തേയും ആടിനേയും മേച്ച് കഴുതപ്പുറത്ത് സഞ്ചരിക്കുന്നവർ. വേവു നോക്കി വേവു നോക്കി, ഒടുവിൽ കരിഞ്ഞുപോയ സ്വപ്നങ്ങളുമായി നടക്കുന്നവർ. അവരുടെ ചുളിഞ്ഞ കൺതടങ്ങൾക്ക് നഷ്ടപ്പെടലുകളുടെ കറുപ്പാണ്‌. അവർ അടുത്തു വരുമ്പോൾ മണൽക്കാറ്റ് മണക്കും. പകലിനെ രാത്രിയാക്കുന്ന മരുഭൂമിയുടെ മാത്രം രാസവിദ്യയായ പൊടിക്കാറ്റ് ആഞ്ഞു വീശും. ആർത്തിരമ്പി വരുന്ന പൊടിപടലങ്ങൾ, പൗരാണികതയുടെ ജീർണഗന്ധവുമായി, ഒരു ചിരിദൂരം അകലെ നിൽക്കുന്ന അവരെ കാഴ്ചയിൽ നിന്ന് മറയ്ക്കും. കൈകാൽ കടച്ചിലിന്‌ ശമനം ചോദിച്ച് വരുന്ന അവരുടെ കണ്ണുകൾ, “പനിക്ക് കൂടി തന്നേക്കൂ” എന്ന് യാചിക്കുമ്പോൾ, എന്റെയുള്ളിൽ ചില വിങ്ങലുകൾ കൂടി വീർപ്പുമുട്ടാറുണ്ട്.

sabeena m sali, vishnu ram, saudi,

വിധി വിതറിയ മുള്ളാണിയിൽ ചവിട്ടി, ചോരയൊഴുക്കാൻ വിധിക്കപ്പെട്ട ചില പെൺജീവിതങ്ങളുമുണ്ട് ഈ മരുഭൂമിയിൽ. ഏതു വിധേനയും ജീവിതപ്പാറ ഉരുട്ടിക്കയറ്റാൻ, കടലിനിപ്പുറത്തെത്തി എച്ചിലു കോരിയും വിരുന്നു മേശകളൊരുക്കിയും കവിൾച്ചുഴികളിൽ കണ്ണീർപ്പൂക്കൾ പൂത്തു കൊഴിയുന്നവർ. വിധേയത്വം കടം കൊണ്ട ഗദ്ദാമമാർ. അവർക്കെപ്പോഴും അടുക്കളയുടെ വേവുഗന്ധമാണ്‌. ആടിനേയും ഒട്ടകത്തേയുമൊക്കെ പാകം ചെയ്ത് കബ്സയും മജ്ബൂസുമൊക്കെ തീൻ മേശകളിൽ വിളമ്പി, അത്താഴമുറിയിൽ അരവയറുമായി ചടഞ്ഞിരിക്കുന്ന അവരുടെ കാത്തിരിപ്പുകളെ വിവർത്തനം ചെയ്യാൻ പരിശ്രമിച്ച് ഞാൻ പലപ്പോഴും പരാജയപ്പെട്ടിട്ടേയുള്ളു.

സ്വന്തം നാട്ടിൽ ഒരു കീറ് ആകാശമോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായിട്ടില്ലാത്ത സിറിയക്കാരും ഫലസ്തീനികളുമുണ്ടിവിടെ. അവരുടെ കണ്ണുകളിൽ തളയ്ക്കപ്പെട്ട കൊറ്റുങ്കാറ്റിന്റെ ക്രോധമുണ്ട്. അടിച്ചമർത്തലുകൾക്ക് മാത്രം വിധേയപ്പെട്ട അവർക്ക് തോക്കിൻ കുഴലിന്റേയും വെടിയുണ്ടയുടേയും യുദ്ധഗന്ധമാണ്‌. ചെകിളയും ചെതുമ്പലും നീക്കി അറുത്തു മുറിച്ച മീൻ മണവും പേറി വരുന്ന ഈജിപ്തുകാരൻ കപ്പൽ മേടയിലിരുന്ന് ഞാൻ കാണാറുള്ള കടൽക്കാഴ്ചകൾക്ക് നീല നിറം പകരും. കൂറ്റൻ യന്ത്രങ്ങളോട് മല്ലിട്ട് വരുന്ന പാക്കിസ്ഥാനിയുടെ ചെടിപ്പിക്കുന്ന വിയർപ്പുമണം, വളം വിൽപ്പനക്കാരൻ യമനിയുടെ ശ്വാസത്തിലെ രൂക്ഷഗന്ധകച്ചൂര്‌. മോർച്ചറി സൂക്ഷിപ്പുകാരൻ തമിഴന്റെ ഫോർമലിൻ ഗന്ധം, സ്വദേശി മദ്ധ്യവയസ്കരുടെ ഹുക്കയുടേയും സിഗററ്റിന്റേയും പുകമണം, ബദവികളുടെ ശരീരത്തിലെ ഒട്ടകത്തിന്റേയും ആടിന്റേയും ഉഷ്ണച്ചൂര്‌, വേനലറുതിയിൽ മഴപെയ്തുണ്ടാകുന്ന പുതുമണ്ണിന്റെ ഗന്ധം എന്നിങ്ങനെ കാറ്റ് പലവിധത്തിൽ പ്രച്ഛന്നവേഷക്കാരനാകാറുണ്ട്.

sabeena sali, vishnu ram, memory,

പൂക്കളുടെ നിശ്വാസവും പേറിയെത്തുന്ന ചിലരുണ്ട്. സ്വദേശികളായ ചില ചെറുപ്പക്കാർ. ശരീരഭാഷ പോലെ തന്നെ വസ്ത്രധാരണത്തിലും ആഢ്യത്വം പുലർത്തുന്ന അവരുടെ കൈത്തലങ്ങൾ വെളുത്ത റോസാ പുഷ്പദളങ്ങൾ പോലെയാണ്‌. വാനിലയോ വനമുല്ലയോ, ലില്ലിയോ ചെമ്പകമോ, പനിനീർപ്പൂവോ, കാറ്റ് കൊണ്ടുവരുന്നത് ഏത് ഗന്ധവുമാകട്ടെ, അപ്പോഴേയ്ക്ക്, പൂക്കളെ തിരഞ്ഞ്, മരുന്നു മുറിക്കുള്ളിൽ മരങ്ങൾ ഓരോന്നായ് വന്നു നിരക്കും. ശലഭച്ചിറകടിയുമായി വസന്തം വരും, ആത്മാവ് എരിയാൻ തുടങ്ങും. ഹൃദയം ചുവക്കും.ആകാശം ഭൂമിയെ ഉമ്മ വയ്ക്കും. പ്രണയത്തിന്റെ ഉറവകളെല്ലാം ഭൂമിയിലേക്ക് മടങ്ങിപ്പോയവരും, പ്രണയത്തിൽ മുങ്ങി മരിച്ച്, ഒടുവിൽ പ്രണയം നഷ്ടപ്പെട്ടവരായ് പുനർജനിക്കുന്നവരും അവരുടെ കളഞ്ഞു പോയ കമ്പളങ്ങൾ തിരഞ്ഞ് എന്റെ മരുന്നുമുറിയിലെത്തും. സുഗന്ധഹാരിയായ ഒരു തരി കവിതയുടെ കനൽ അവരൊന്നിച്ച് ഊതിപ്പെരുപ്പിക്കും ഒരു മഴ പോലും കടന്നു വരാൻ ധൈര്യപ്പെടാത്ത വേനലിന്റെ മേച്ചിൽപ്പുറങ്ങളിൽ മഴവെട്ടം തെളിയും. വിഷാദം പൊള്ളുന്ന നട്ടുച്ച നേരങ്ങളിൽ ഗന്ധദ്വീപീന്റെ പാറാവുകാരി നാസാരന്ധ്രങ്ങൾ വിടർത്തി ആരിലേക്കൊക്കെയോ മത്ത് പിടിച്ച് ഇറങ്ങി നടക്കും.

സൗദിയിലെ ആരോഗ്യമന്ത്രാലയത്തിൽ ഫാർമസിസ്റ്റാണ് ലേഖിക ബാഗ്ദാദിലെ പനിനീർപ്പൂക്കൾ, വാക്കിനുള്ളിലെ ദൈവം(കവിതാസമാഹരങ്ങൾ), കന്യാവിനോദം (കഥകൾ), എന്നിവയാണ്‌ കൃതികൾ. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Myriad fragrances sabeena sali