അടുപ്പം കൊണ്ടുമാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തരസാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്ച്ചോടുകള് പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.
കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…
മീരച്ചേച്ചിയും ഞാനും
ആദ്യം തന്നെ ഒരു കാര്യം പ്രസ്താവിക്കട്ടെ, പെരുന്തച്ചന്റെ കുളം പോലെ ചേച്ചി, ഫ്രണ്ട്, ഗുരു, അമ്മ, ശിഷ്യ, ബ്രോ എന്നിങ്ങനെ അനിതരസാധാരണമായ ഒരു അത്ഭുത സാഹോദര്യമാണ് ഞങ്ങളുടേത്.
ഏതു റോളിലായാലും മീരച്ചേച്ചി ഭയങ്കര രസമാണ്. എന്റെ ബാല്യകാലം മാത്രമല്ല ഇതു വരെയുള്ള ജീവിതം മുഴുവനും ഇത്ര ആസ്വാദ്യകരമാകാന്‍ കാരണം മീരച്ചേച്ചി ഇങ്ങനെ ഒരു സൃഷ്ടി ആയതാണ്.
എല്ലാവരും ആണ്‍കുട്ടിയെ പ്രതീക്ഷിച്ചിരുന്നപ്പോള്‍, എല്ലാവരുടെയും ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി കാലത്തിന്റെയും സമൂഹത്തിന്റെയും ആവശ്യം അതായതിനാലാവണം ഞാന്‍ പെണ്‍കുട്ടിയുടെ രൂപത്തില്‍ മീരച്ചേച്ചിയുടെ അനിയത്തിയായി അവതരിച്ചു.
ആദ്യ കുറേ ദിവസങ്ങള്‍ ഞാന്‍ അനങ്ങാന്‍ പോയില്ല. വെറുതേ ഇന്‍ക്യുബേറ്ററില്‍ കിടന്നു. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാതെ പെട്ടന്ന് ജീവിതത്തിലേക്ക് എടുത്തു ചാടാന്‍ മീരച്ചേച്ചിയെ പോലെ എനിക്കാകുകയില്ല.
പക്ഷെ വലിയ കണ്ണുകളുള്ള സുന്ദരിയും മിടുക്കിയുമായ ഒരു ചേച്ചി എനിക്കുണ്ടെന്നും ഞാന്‍ ഇടപെട്ടില്ലെങ്കില്‍ പാവത്തിന്റെ ജീവിതം മുരടിച്ചു പോകുമെന്നും നവജാത അവസ്ഥയില്‍ തന്നെ എനിക്കുണ്ടായ ഉള്‍വിളി എന്നെ ജീവിതത്തിലേക്ക് നയിച്ചു.
വായിക്കാം: ‘പൂർണിമ’യിലെ ആ ചാമ്പ മരം
വളരെ ചെറുപ്പത്തില്‍ തന്നെ നാട്ടുകാരേയും വീട്ടുകാരേയും പോലെ എനിക്കും മനസ്സിലായി, മീരച്ചേച്ചി ഒരു പ്രതിഭാസമാണെന്ന്. മീരച്ചേച്ചിയെ കണ്ടുപഠിക്കാന്‍ അച്ഛനും അമ്മയും ബന്ധുക്കളും അദ്ധ്യാപകരും നാട്ടുകാരും എന്നു വേണ്ട സകലമാന ജനങ്ങളും അവസരത്തിലും അനവസരത്തിലും എന്നെ ഉപദേശിച്ചു. ഇത്തരം മാതൃകകളെ സാധാരണക്കാര്‍ക്ക് അത്ര പിടിക്കില്ലല്ലോ, സ്വന്തം ചേച്ചിയായാല്പോലും. ഉപ്പിലിട്ടതിന് എങ്ങനെ ഉപ്പാകാന്‍ പറ്റും?
ഉദകപ്പോള പോലെ നശ്വരമായ ഈ ജീവിതം ഒരധ്വാനവും കൂടാതെ ജീവിക്കാനാഗ്രഹിച്ച എനിക്ക് മീരച്ചേച്ചി എട്ടിന്റെ പണി തന്നുകൊണ്ടേയിരുന്നു. അതായത് വെളുപ്പിനേ ഉണര്‍ന്ന് പഠിക്കുക, കൃത്യമായി പല്ലുതേക്കുക (രണ്ടു നേരം), കുളിക്കുക, വൃത്തിയായി വേഷം ധരിക്കുക, ന്യൂസ് പേപ്പര്‍ വായിക്കുക, വാര്‍ത്ത കേള്‍ക്കുക, ഇന്നത്തെ ചിന്ത വായിക്കുക ഇതൊന്നും പോരാഞ്ഞിട്ട് പ്രസംഗ മൽസരം, കഥാ രചന, കവിതാരചന, ഉപന്യാസ രചന, ചിത്ര രചന, പെയിന്റിങ്, തിരുവാതിര, നാടകം, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയില്‍ സമ്മാനങ്ങള്‍ നേടുക.
പരീക്ഷയില്‍ മീരച്ചേച്ചിക്ക് നഷ്ടപ്പെടുന്നത് രണ്ടു മാര്‍ക്കാണെങ്കില്‍ ചില വിഷയങ്ങളില്‍ എനിക്കാകെ ലഭിക്കുന്നത് അതായിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് അതിന്റെ ഒരഹങ്കാരവും ഇല്ലായിരുന്നു. പ്രത്യേകിച്ച് എനിക്ക്.
ഞാനാണേല് മീരച്ചേച്ചിയെപ്പോലെ അല്ല. ആളും തരവും അവസ്ഥയും ഒക്കെ നോക്കി മാത്രമേ പെരുമാറൂ. മീരച്ചേച്ചിക്ക് സ്നേഹം വന്നാലും സങ്കടം വന്നാലും ദേഷ്യം വന്നാലും ഒരുപോലെയാണ്. കണ്ണും മൂക്കുമില്ല. അതിലങ്ങ് ലയിക്കും. കെട്ടിറങ്ങുമ്പോള്‍ പരിഭവിക്കും, ”നീ ഒറ്റ ഒരുത്തിയാണിതിനെല്ലാം കാരണം”! “എപ്പോ, എങ്ങനെ, എന്തിന്, ആര്, ഞാനോ” തുടങ്ങിയ എല്ലാ ചോദ്യങ്ങളും എട്ടാക്കി മടക്കി ഞാന്‍ മനസ്സില്‍ തന്നെ വയ്ക്കുന്നതാണ് ശീലം.
മീരച്ചേച്ചി എന്നെ ‘വാവ’ എന്നു വിളിക്കും. “നിങ്ങള്‍ വിളിക്കാനുദ്ദേശിച്ച നമ്പര്‍ ഡയല് ചെയ്തതിനു ശേഷം ഹാഷ് കീ അമര്‍ത്തുക” എന്നതു പോലെ പലപ്പോഴും ഓരോ ഇംഗിതങ്ങള്‍ നടത്തിക്കൊടുക്കാന്‍ വേണ്ടിയായിരിക്കും അത്.
അനിയനില്ല എന്നൊരു ദുഃഖം മീരച്ചേച്ചിക്കുണ്ടാകാതിരിക്കാന് വേണ്ടി ഞാന്‍ പലപ്പോഴും പ്രൊട്ടക്ഷന്‍ മോഡില്‍ ആയിരുന്നു. മീരച്ചേച്ചി എവിടെ പോയാലും ഞാനും കൂടെ പോകും. സുന്ദരിയായ മീരച്ചേച്ചിയെ പ്രേമപൂര്‍വ്വം നോക്കുന്ന എല്ലാ സഹൃദയരായ യുവാക്കളേയും ഞാന്‍ ക്രുദ്ധിച്ചു നോക്കുകയും എറിയാന്‍ കല്ലെടുക്കുകയും ചെയ്യുമായിരുന്നു.
മീരച്ചേച്ചി നല്ല മൂഡിലാണെങ്കില്‍ കഥകള്‍ വായിച്ചു തരും. ഒരു 7 ഡി സിനിമ കാണുന്ന ഇഫക്ട് ആയിരിക്കും. മീരച്ചേച്ചിയുടെ ആദ്യത്തെ ഹൊറര്‍, ഡിറ്റക്ടീവ് സ്റ്റോറീസ് എല്ലാം തന്നെ എനിക്ക് വേണ്ടി മാത്രം എഴുതപ്പെട്ടവയായിരുന്നു.
തിരക്കഥ പോലെയാണ് മീരച്ചേച്ചി കഥ പറയുന്നത്. ഡിറ്റക്ടീവ് മിഥുന് ആയിരുന്നു എനിക്കായി മീരച്ചേച്ചി സൃഷ്ടിച്ച ജെയിംസ് ബോണ്ട്. ഡിറ്റക്ടീവ് മിഥുന് വിജനമായ, പ്രേതബാധയുള്ള കൂറ്റന്‍ ബംഗ്ലാവിലേക്ക് രാത്രിയുടെ മറവില്‍ അടിവച്ചടിവച്ച് നീങ്ങിയപ്പോള്‍ ഞാന്‍ ഉമിനീരിറക്കാന്‍ പോലും കഴിയാതെ മീരച്ചേച്ചിയെ അന്തംവിട്ട് നോക്കിയിരിക്കുമായിരുന്നു. പിന്നെ ഡിറ്റക്ടീവ് മിഥുന് സൗകര്യപൂര്‍വ്വം മുടിക്കുള്ളില്‍ നിന്നും തോക്കെടുത്തു വെടിവയ്ക്കുകയും പോക്കറ്റില്‍ നിന്നും ബൈക്കെടുത്ത് ശരവേഗത്തില്‍ ഓടിച്ചു പോകുകയും ചെയ്തു. “അങ്ങനെ പറ്റുമോടേയ് മീരച്ചേച്ചീ” എന്നു ചോദിച്ചാല്‍ “താരേ നിനക്ക് കഥ കേള്‍ക്കണോ വേണ്ടയോ, എനിക്ക് പഠിക്കാനുണ്ട്” എന്നു പറഞ്ഞ് ഒറ്റപ്പോക്കായിരുന്നു മീരച്ചേച്ചി.
മീരചേച്ചിയുണ്ടായിരുന്നതിനാല് എനിക്ക് കളിപ്പാട്ടങ്ങള്‍ വേറെ വേണ്ടിവന്നില്ല. അക്കയെ ശല്യപ്പെടുത്തുകയായിരുന്നു എന്റെ ഏറ്റവും രസകരമായ നേരമ്പോക്ക്. വളരെ സെന്‍സിറ്റീവായതിനാല്‍ അക്കയെ പ്രകോപിപ്പിക്കാന്‍ എളുപ്പമാണ്.
അച്ഛനെപ്പോഴും പറയുമായിരുന്നു, “ആത്മീയമായ അടിത്തറയുണ്ടെങ്കില്‍ മാത്രമേ ജീവിതം ആനന്ദകരമാകുകയുള്ളൂ” എന്ന്. ആ അടിത്തറ, സന്ധ്യക്ക് മുടങ്ങാതെയുള്ള അരമണിക്കൂര്‍ നാമജപം വഴിയാണ്, പണിയേണ്ടിയിരുന്നത്. മീരച്ചേച്ചിയെ ചാടേല്‍ കേറ്റാന്‍ എനിക്ക് കിട്ടുന്ന സുവര്‍ണ്ണാവസരമാണ് ആദ്ധ്യാത്മിക മൈക്കാടു പണി. മീരച്ചേച്ചി ഈണത്തില്‍ ഭക്തി സാന്ദ്രമായി ഗണപതി മന്ത്രത്തില്‍ തുടങ്ങും. ഞാന്‍ എട്ടരക്കട്ടയില്‍ അടുത്ത വരി ആദ്യമേ പാടും. ഭഗവാനറിയണമല്ലോ എന്റെ വ്യുല്‍പ്പത്തി. മീരച്ചേച്ചിക്കു ഭയങ്കര ദേഷ്യം വരും. ഒടുവില്‍ പിച്ച്, അടി, തുടങ്ങിയ ധര്‍മ്മയുദ്ധ മുറകളിലേക്കു നീങ്ങി ആത്മീയ അടിത്തറപ്പണി തുടരും. തോല്‍ക്കുമെന്നുറപ്പായാല്‍ മീരച്ചേച്ചി “അച്ഛാ താര എന്നെ നാമം ജപിക്കാന്‍ സമ്മതിക്കുന്നില്ല” എന്നുറക്കെ കൂവും. ഞാന്‍ “ഭഗവാനെ എന്നേ കാത്തോണീ” എന്നും പറഞ്ഞു അമ്മൂമ്മയുടെ അടുത്ത് അഭയം പ്രാപിക്കും.
ചിലപ്പോഴൊക്കെ മീരച്ചേച്ചി എന്നെ അടിച്ചു പപ്പടമാക്കും. പക്ഷെ ഫീനിക്സിനെപ്പോലെ ഞാന്‍ തിരിച്ചുവരും. എന്നിട്ട് മീരച്ചേച്ചിയുടെ റെക്കോഡ് ബുക്കുകളോ ഒരു ചെരുപ്പോ ഇഷ്ടപ്പെട്ട ഹീറോ പേനയോ ഒളിച്ചു വെയ്ക്കും. മീരച്ചേച്ചിയുടെ തിരച്ചില്‍ കണ്ട് ആനന്ദതുന്ദിലയാകും. മീരച്ചേച്ചിക്ക് ഭയങ്കര ബുദ്ധിയായിരുന്നു അന്നൊക്കെ. സാധനം കാണാനില്ല എന്ന് മനസ്സിലാകുമ്പോഴേ എന്നോട് സ്നേഹത്തില്‍ പറയും “വാവേ നിനക്കു മാത്രമേ കണ്ടുപിടിക്കാന്‍ പറ്റു”, ഒരല്‍പ്പം അംഗീകാരത്തിനായി ദാഹിക്കുന്ന പാവം ഞാന്‍ സംതൃപ്തയായി തൊണ്ടിമുതല്‍ കൈമാറും.
മീരച്ചേച്ചിയുടെ ആദ്യകാല കവിതകള്‍ ആണ് എന്റെ മറ്റൊരു ആയുധം. ;തെങ്ങോലകളില്‍’ എന്നു തുടങ്ങുന്ന കവിത, അല്ലെങ്കില്‍ ‘ചുവന്ന ബ്ലൗസും കുങ്കുമപ്പൊട്ടും’ എന്ന കവിത – ഇവയുടെ ഏതാനും വരികള്‍ ഞാന്‍ ഉറക്കെ ആലപിക്കുന്നതോടെ മീരച്ചേച്ചിയുടെ കൺട്രോള് പോകും.
മീരച്ചേച്ചി പുസ്തകങ്ങള്‍ വായിക്കുന്നതു കണ്ടാണ് ഞാനും വായിച്ചു തുടങ്ങിയത്. ഞാനും മീരച്ചേച്ചിയും കൂടി ഏറ്റവും കൂടുതല്‍ യാത്രകള്‍ നടത്തിയിരിക്കുന്നത് സിനിമകള്‍ കാണാനാണ്. എം. കൃഷ്ണന് നായര്‍ സാറിന്റെ സാഹിത്യ വാരഫലം അക്കാലത്ത് മീരച്ചേച്ചിയില് വലിയ സ്വാധീനം ചെലുത്തിയിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
ജീവിതത്തില്‍ ശിപായി ലഹളയും ജാലിയന്‍ വാലാ ബാഗും പാനിപ്പട്ട് യുദ്ധങ്ങളും നടന്നപ്പോള്‍ മീരച്ചേച്ചി നിസ്സഹകരണ പ്രസ്ഥാനവും ദണ്ഡിയാത്രയും നടത്തി. മീരച്ചേച്ചിയുടെ എല്ലാ സമരങ്ങള്‍ക്കും പിന്നാലെ ഞാന്‍ ‘ജയ് ജയ് മീരച്ചേച്ചി, ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്നു തൊണ്ടകീറി വിളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സത്യത്തില്‍ അന്നും ഇന്നും മീരച്ചേച്ചിയുടെ പല സമരങ്ങളും എന്തിനു വേണ്ടിയായിരുന്നു എന്ന് എനിക്കു പിടി കിട്ടിയിട്ടില്ല. എങ്കിലും ‘റാഡിക്കലായ ഒരു മാറ്റം ‘ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു.
ഡോക്ടറോ ജില്ലാ കലക്ടറോ ആകേണ്ട ആളാണ് മീരചേച്ചി എന്ന് അച്ഛന് പറഞ്ഞതും അങ്ങനെ ആവില്ല എന്ന് മീരച്ചേച്ചി തീരുമാനിച്ചതും ഒരേ ദിവസമാണ് എന്നെനിക്കുറപ്പുണ്ട്. മാനേജുമെന്റുകളുടെ തീരുമാനങ്ങള്‍ക്ക് ചുമ്മാ വഴങ്ങാതിരിക്കുന്നത് അന്നേ മീരച്ചേച്ചിയുടെ ഒരു ‘ഇദാ’ണ്. അടിച്ചേല്പ്പിക്കലുകളിലും അടിച്ചമര്‍ത്തലുകളിലും അസംതൃപ്തികളിലും മീരചേച്ചി ആകെ ഉലഞ്ഞിരിക്കുന്ന ആ കാലത്താണ് ഞങ്ങളുടെ വീടായ ‘മീരാ നിവാസി’ലേക്ക് ഒരു തനി നാടന്‍ പട്ടി കയറി വരുന്നത്. മക്കള്‍ക്ക് അപകടകരമെന്നു തോന്നുന്ന ഏതു പ്രണയത്തേയും എതിര്‍ക്കുക മാതാപിതാക്കളുടെ എക്കാലത്തേയും ഫാഷനായതിനാല്‍ ഈ പട്ടിക്കും അവര്‍ എതിരായി. ഇതറിയുന്ന മറ്റേതു മക്കളേയും പോലെ ഞങ്ങളാ പട്ടിയെ സര്‍വ്വാത്മനാ സ്വീകരിച്ചു. പ്രായം ഊഹിച്ചെടുക്കാന്‍ പറ്റാത്തത്ര സൗന്ദര്യമുണ്ടന്ന് എനിക്കും മീരച്ചേച്ചിക്കും തോന്നിയതിനാല്‍ അക്കാലത്തെ ഒരു യുവനായക നടന്റെ പേരിട്ട് അതിനെ ഞങ്ങള്‍ വളര്‍ത്താന്‍ തുടങ്ങി. ക്ലൈമാക്സില്‍ ആ പട്ടി കുപ്പിച്ചില്ല് പൊടി കലര്‍ന്ന ചോറു കഴിച്ചു മരിച്ചു പോവുകയാണ്. ഞാനതപ്പോഴേ വിട്ടു. ‘പുനരപി ജനനം പുനരപി മരണം’ എന്നാണല്ലോ. പക്ഷേ അതിനു ശേഷം മീരച്ചേച്ചി ചിന്താവിഷ്ടയായി. വിദൂരതയിലേക്കു നോക്കി കായല്‍ത്തീരത്തു മിണ്ടാതിരുന്നു. കായല്‍ത്തീരത്തുള്ള മാംസഭുക്കായ ഡ്രൊസീറാ ചെടി ഉറുമ്പിനെ തിന്നുന്നത് കാണാന്‍ പോലും താല്പ്പരൃമില്ലാത്ത അവസ്ഥ. മീരച്ചേച്ചിയിലെ ‘മീ’ വാല്മീകിയുടെ ‘മീ ‘ആണെന്ന് അന്ന് എനിക്ക് ആദ്യമായി തോന്നി.

മീരച്ചേച്ചിക്ക് കുറേ ഹോബികള്‍ ഉണ്ടായിരുന്നു. സ്റ്റാംപ് കളക്ഷന്‍, ഫെദര്‍ കളക്ഷന്‍, ഡ്രോയിങ്, ഡാന്‍സ്, കഥാരചന, കവിതാ രചന. എന്ത് എഴുതുമ്പോഴും ഞാന്‍ മീരച്ചേച്ചിയുടെ തോളില്‍ താടി വച്ചു കടലാസില്‍ എത്തി നോക്കി മീരച്ചേച്ചിയുടെ ചെവിയില്‍ വെടി പൊട്ടും വിധം വായിക്കും. ഇക്കാരണത്താല്‍ എനിക്ക് സ്വന്തമായി കാര്യമായ മറ്റു ഹോബികള്‍ ഒന്നും വളര്‍ത്തിയെടുക്കാന്‍ സമയം കിട്ടിയില്ല.
മീരച്ചേച്ചിക്ക് പാട്ടു പാടാന്‍ ഒരു കഴിവുമില്ല. പക്ഷേ, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നു കരുതി അച്ഛന് മീരച്ചേച്ചിയെ പഠിപ്പിക്കാന്‍ ഒരു പാട്ടു സാറിനെ വച്ചു. മീരച്ചേച്ചി പാട്ടു സാറിന്റെ മുമ്പില്‍ ബുക്കുമായി സുബ്ബലക്ഷ്മിയെപ്പോലെ ഇരിക്കുന്ന കാഴ്ച ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ചിരി വരും.
മീരച്ചേച്ചിയുടെയും മീരച്ചേച്ചിയുടെ സാധനങ്ങളുടെയും സമ്പൂര്‍ണ ഉടമസ്ഥാവകാശം എനിക്കാണെന്നു ഞാന്‍ കുട്ടിക്കാലം മുതല്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട്, മീരച്ചേച്ചിയുമായും മീരച്ചേച്ചിയുടെ മറ്റ് അവകാശികളെന്നു തോന്നിപ്പിക്കുന്നവരുമായും ഞാന്‍ വലിയ യുദ്ധങ്ങള്‍ നടത്തി.
അമ്മയുടെ ഏറ്റവും സ്തുത്യര്‍ഹമായ സൃഷ്ടിയാണ് മീരച്ചേച്ചി. അമ്മ അറിഞ്ഞു കൊണ്ട് മീരച്ചേച്ചിയെ അടിക്കുകേ ഇല്ല. എന്റെ ചെറിയ ബുദ്ധി ഇതിന് ഒരു പരിഹാരം കണ്ടെത്തി. അതായത് അമ്മയ്ക്ക് ആരു കുറ്റം ചെയ്തു എന്നതു പ്രശ്നമല്ല. അടി അമ്മയുടെ തൊട്ടുടുത്തിരിക്കുന്നത് ആരാണോ അവര്‍ക്കാണ്. മീരച്ചേച്ചി അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ഞാന്‍ അമ്മയെ കളിയാക്കുകയോ ദേഷൃം പിടിപ്പിക്കുകയോ ചെയ്യും. അങ്ങനെ രണ്ടു പിച്ചെങ്കിലും മീരച്ചേച്ചിക്കു ഞാന്‍ വാങ്ങി കൊടുക്കുമായിരുന്നു. അതൊക്കെ എന്തു രസമായിരുന്നു!
എന്റെ ബാല്യം, കൗമാരം എന്നൊക്കെ പറയുന്നതു മീരച്ചേച്ചിയില് മുഴുകി ജീവിച്ച കാലങ്ങളാണ്. റീഡേഴ്സ് ഡൈജസ്റ്റിലെ പടങ്ങള്‍ അച്ഛന്റെ ഷേവിങ് ബ്ലെയ്ഡ് കൊണ്ടു വെട്ടിയെടുത്തു മറ്റൊരു നോട്ട് ബുക്കില്‍ ഒട്ടിക്കുക, കായല്‍ത്തീരത്തു വളരുന്ന മാംസഭുക്കായ ഡ്രൊസീറ എന്ന ചെടിയെ കണ്ടുപിടിച്ച് അതിനു തിന്നാല്‍ ഉറുമ്പിനെ പിടിച്ചിട്ടു കൊടുക്കുക, പല്ലിയുടെ മുട്ട വിരിയാന്‍ പഞ്ഞിയില്‍ അട വയ്ക്കുക, വീട്ടില്‍ സഹായത്തിനുണ്ടായിരുന്ന മായയുടെ ‘ശാരദാകൊലക്കേസ്’ കാവ്യാവിഷ്കാരം കേട്ട് ആസ്വദിക്കുക , ഹൈസ്കൂളിലെത്തിയപ്പോള്‍ മീരച്ചേച്ചിക്കു വേണ്ടി മനോരാജ്യം സ്മഗിള്‍ ചെയ്തു കൊണ്ടുവരിക, അതിലെ ‘ശ്രീകൃഷ്ണപ്പരുന്ത്’ മാന്ത്രിക നോവല്‍ വായിച്ചു കോള്‍മയിര്‍ക്കൊള്ളുക അങ്ങനെയെന്തെല്ലാം ധീരപ്രവൃത്തികള്‍.
മാന്‍ഡ്രേക്, പൂമ്പാറ്റ, ബാലരമ, അമര്‍ച്ചിത്രകഥ എന്നു വേണ്ട, കിട്ടുന്നതെല്ലാം വായിച്ച് മീരച്ചേച്ചിയുടെ നിശിതമായ നിരൂപണങ്ങള്‍ അപ്പാടെ വിശ്വസിച്ചു ജീവിച്ച കാലം. മീരച്ചേച്ചിക്ക് അറിയാമെങ്കിലും അറിയില്ലെങ്കിലും എല്ലാക്കാര്യത്തിലും വലിയ ആത്മവിശ്വാസമാണ്. അതു കാരണമാണ് മീരച്ചേച്ചിയുണ്ടെങ്കില് പിന്നെ പേടിക്കാനില്ലെന്ന ധൈര്യം എനിക്കുണ്ടായത്.
മീരച്ചേച്ചിക്ക് ജോലി കിട്ടിയതോടെ ഞാന്‍ വികസിത രാജ്യമായി. സാമ്പത്തികമായ വളര്‍ച്ച കണ്സ്യൂമറിസത്തിനു വഴി തെളിച്ചു. പല തരം ഡ്രസുകളും ആഹാരസാധനങ്ങളും സൗന്ദര്യ വര്ധിനികളും എന്നു വേണ്ട എന്റെ എല്ലാ ആവശ്യങ്ങളും മീരച്ചേച്ചി സാധിച്ചു തന്നിരുന്നു. മീരച്ചേച്ചി സ്വന്തം ആവശ്യങ്ങള്‍ക്കു ചെലവാക്കാന്‍ ഭയങ്കര പിശുക്കുള്ള ആളാണ്. പക്ഷേ എനിക്ക് എല്ലാം വാങ്ങിച്ചു തരും. അമ്മ വാങ്ങിച്ചു തരുന്നില്ലെങ്കില്‍ മീരച്ചേച്ചിയെക്കൊണ്ടു വാങ്ങിപ്പിക്കാം എന്ന പ്ലാന്‍ ബി ആണ് എനിക്ക് കിട്ടിയ മറ്റൊരു ബ്ലെസിങ്.
പക്ഷേ, അമ്മ, മീരച്ചേച്ചി, പരിചയപ്പെട്ട കാലം മുതല്‍ പ്രദീപ്, പിന്നെ ദിലീപ് ചേട്ടന് ഇവരൊക്കെ എന്നെ നിരുപാധികം സ്വീകരിച്ചതു കൊണ്ട് എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കുന്ന ശീലം എനിക്കുണ്ടായി. അതിന് കുറേ തിക്തഫലങ്ങളും ഉണ്ടായി.
ഏതായാലും, നൂറുകണക്കിന് രസകരമായ സംഭവങ്ങള്‍ നിറഞ്ഞ അത്യപൂര്‍വ്വമായ ഒരു ബാല്യവും കൗമാരവും യൗവ്വനവുമായിരുന്നു ഞങ്ങളുടേത്. ഓരോ കഥയിലും ഓരോ സന്ദര്‍ഭത്തിലും മീരച്ചേച്ചി എന്റെ ചേച്ചിയും അമ്മയും അനിയത്തിയും മകളും ഒക്കെയായി മാറിമാറി വന്നു, ഞാനും.
അടുത്ത അവധിക്ക് വളരെ ദിവസം മീരച്ചേച്ചിയുടെ അടുത്ത് നില്‍ക്കണം എന്നാണ് ആഗ്രഹം. മീരച്ചേച്ചിയോടു മനസ്സു നിറയെ കളിച്ചു ചിരിക്കണം…
വായനക്കാർക്കും എഴുതാം
‘അടുപ്പത്തിന്റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം… മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്പക്കക്കാരന് /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയൈക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.