ഈ വര്‍ഷമാദ്യം സുഹൃത്ത് പാര്‍വ്വതിയുടെ അച്ഛന് പോയപ്പോള്‍ അടുപ്പമുള്ള പലരും ചോദിച്ചിരുന്നു, അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും എഴുതാത്തതെന്ത് എന്ന്. മനസ്സ് ശൂന്യമായിരുന്ന അന്ന് ഒന്നും എഴുതാന്‍ തോന്നിയില്ല. എന്നാല്‍ ഇപ്പോള്‍ പാര്‍വ്വതിയുടെ അമ്മ പോകുമ്പോള്‍ അങ്ങനെയല്ല. ‘വിരല്‍ തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍ നിറയുന്നു വിപിനമായ് അന്തരംഗം’ എന്ന അവസ്ഥയാണ്.
ഡോ. ലളിത അവരുടെ 85 വര്‍ഷത്തെ ജീവിതത്തിന്റെ അവസാന പാദത്തില്‍ കണ്ടുമുട്ടിയ, അത്രയൊന്നും ‘significant’ അല്ലാത്ത ഒരു ബന്ധം പുലര്‍ത്തിയിരുന്ന ഒരാള്‍ക്ക് അവരെക്കുറിച്ച് വിശേഷിച്ച് എന്താണ് പറയാനുണ്ടാവുക? വിയോഗവേളയില്‍ കണ്ട കുറിപ്പുകള്‍ എല്ലാം തന്നെ അവരിലെ മികച്ച ഡോക്ടറെയും അധ്യാപികയേയും ഓര്ത്തുള്ളവയായിരുന്നു. ഈ രണ്ടു പേരെയും എനിക്കൊട്ടറിയില്ല താനും. ഞാനറിഞ്ഞിരുന്നത് സിനിമ-സീരിയല്‍ വിശേഷങ്ങള്‍ കേട്ടറിഞ്ഞിരുന്ന, വലിയ ഫിലിംഫെയര്‍ ശേഖരമുണ്ടായിരുന്ന, ആശുപത്രിയില്‍ നിന്നും പോകും വഴി ബാസ്കിന്‍ റോബിന്‍സ് ഐസ്ക്രീം കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളെയായിരുന്നു.
ചില ദിവസങ്ങളില്‍ അമ്മയെ അവര്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ എസ് യു റ്റി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് വരാന്‍ പോകുമായിരുന്നു. പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആ ചെറിയ ഡ്രൈവിനിടയില്‍ രൂപപ്പെട്ടതാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. ഇടയ്ക്ക് ഒരു കാപ്പി അല്ലെങ്കില്‍ ഐസ്ക്രീം കഴിക്കാന്‍ നിര്‍ത്തും. അല്ലെങ്കില്‍ എന്തെങ്കിലും ഗ്രോസറി വാങ്ങും. അത്രേയുള്ളൂ. നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടുള്ള ആ ഡ്രൈവില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ സ്വകാര്യ ജീവിതങ്ങള്‍ സംസാരിച്ചിരുന്നില്ല. ഞങ്ങള്‍ക്കിടയിലെ ‘common element’ ആയി പാര്‍വ്വതി ഉള്ളപ്പോഴും അമ്മയ്ക്കും എനിക്കുമിടയില്‍ പാലം തീര്‍ത്തത് ‘Small Things in Life’ ആയിരുന്നു.
‘All Good Things in Life’ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഡോക്ടര്‍ ലളിത. വീട് അലങ്കരിക്കല്‍, ഗാര്‍ഡനിംഗ്, ഒക്കെ വലിയ ഇഷ്ടമായിരുന്നു. Ikea തുടങ്ങി Byzantine Architecture വരെ സംസാരിക്കുമായിരുന്നു. ഇംഗ്ലണ്ടിലെ ഏതോ വീട്ടില്‍, നാട്ടില്‍ നിന്നും കൊണ്ട് പോയ ബ്രാസ് ശില്പങ്ങള് മനോഹരമായി തേച്ചു മിനുക്കി സൂക്ഷിച്ചിരിക്കുന്നത് കണ്ടു അസൂയ തോന്നി എന്ന് പറഞ്ഞു. ആശുപത്രിയില്‍ നിന്നും മടങ്ങി വരുമ്പോള്‍ വീട്ടില്‍ സ്ഥാനം തെറ്റിക്കിടക്കുന്ന സോഫ കുഷനുകള്‍ മാറ്റിയിടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനോടൊക്കെ ഇത്രമേല്‍ പാഷന് ഉണ്ടായിരുന്നത് അറിഞ്ഞില്ലല്ലോ, ഒരാള്‍ക്കുള്ളില്‍ എത്രയനേകം ആളുകള്‍ എന്ന് അത്ഭുതപ്പെട്ടു ഞാനന്ന്.
നല്ല സാരികള്‍, അതിനു ചേര്‍ന്ന ആക്സസറീസ് ഒക്കെ അമ്മയുടെ കളക്ഷനില്‍ ധാരാളം. അത് അണിയാനും സന്തോഷം. രാവിലെ 8 മണി എന്നൊരു സമയമുണ്ടെങ്കില്‍ ‘ഭാനുമതി’യുടെ ഒന്നാം നിലയിലെ പടവുകള്‍ ഇറങ്ങി വരുന്നത് കാണാം – ഒരു എയര്‍ ഹോസ്റ്റെസിന്റെ ഗ്രേസോടെ. അത് കാണുമ്പോള്‍ ഞാന്‍ കളിയായി പറയും ‘Indian Airlines announces the arrival of…’ എട്ടു മണി വരവിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല, അവസാനത്തെ ഒരു മാസം ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത സമയത്തൊഴിച്ചാല്.
മുൻകാല ബോളിവുഡ് താരങ്ങളെക്കുറിച്ച് സംസാരിക്കലായിരുന്നു ഞങ്ങളുടെ ലാത്തിയടിയിലെ മറ്റൊരു പ്രധാന ഐറ്റം. ദേവികാ റാണിയും ലീലാ നായിഡുവുമായിരുന്നു പ്രിയപ്പെട്ടവര്‍. ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഫിലിംഫെയർ ശേഖരമായിരുന്നു അമ്മയുടെ ഡാറ്റാബേസ്. അന്നത്തെ ബോളിവുഡ് പ്രമുഖരുടെയെല്ലാം വിവരങ്ങള്‍ കൃത്യമായി പറഞ്ഞു തരും. നടി കാജോളിന്റെ ഫാമിലി ട്രീ ഒക്കെ വരച്ചു കാണിച്ച് വിവരിച്ചു തന്നത് ഓര്‍ക്കുന്നു. കാജോള്‍ അഭിനയിച്ച, മൂന്നു തലമുറകളുടെ കഥ പറയുന്ന, ‘ത്രിഭംഗ’ എന്ന നെറ്റ്ഫ്ലിക്സ് ചിത്രമുണ്ട്. അവരുടെ കുടുംബത്തിന്റെ കഥയുമായി സാമ്യമുള്ളത് കൊണ്ടാവാം കാജോള്‍ അത് ചെയ്തത് എന്ന് ഞാന്‍ പറഞ്ഞു. അമ്മ അത് കാണണം എന്നും.
എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ ചര്‍ച്ച മുന്‍പോട്ടു പോയില്ല. അമ്മയും മകളും തമ്മിലുള്ള ബന്ധമായിരുന്നു പ്രധാനമായും ആ ചിത്രം പറഞ്ഞത്. അത് കൊണ്ട് തന്നെയാണ് അമ്മയോട് അതിനെക്കുറിച്ച് സംസാരിക്കണം എന്ന് തോന്നിയതും.
വിദഗ്ദയായ ഗൈനക്കോളജിസ്റ്റ്, അനേകം കുഞ്ഞുങ്ങളെ ലോകത്തിലേക്ക് കൊണ്ട് വന്ന ആള്, അമ്മയാകുന്ന പ്രോസസ്സില്‍ പലരുടെയും ദൈവമായിരുന്നയാള്… എന്നിട്ടും ‘അമ്മത്തരം’ ഒട്ടുമില്ലാത്ത ആളായിരുന്നു ഡോക്ടര്‍ ലളിത. സ്നേഹക്കുറവുണ്ട് എന്നല്ല, സ്നേഹവാത്സല്യങ്ങള്‍ പ്രകടമാക്കി കണ്ടിട്ടില്ല. പാര്‍വ്വതി ഇടയ്ക്ക് പറയും, അമ്മയുടെ സ്നേഹം പൂര്‍ണ്ണമായും മാനിഫെസ്റ്റ് ചെയ്യുന്നത് പേഷ്യന്റ്സിന്റെ അടുത്താണ് എന്ന്. അത് ശരിയായിരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിലായി. ‘Obituary’കളില്‍ എല്ലാം നിറഞ്ഞത് ഞങ്ങളാരും കാണാത്തത്ര സ്നേഹവും ആര്‍ദ്രതയും.
ജോലിയോടുള്ള അമ്മയുടെ ‘commitment’ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്ങനെ സാധിക്കുന്നു ഇതെന്ന് ചോദിച്ചിട്ടുണ്ട്. ഇങ്ങനെയല്ലാതെ എങ്ങനെയാണ് ജോലി ചെയ്യേണ്ടത് എന്നായിരുന്നു മറുചോദ്യം. Hospital was home for her. കാന്‍സറിന്റെ രണ്ടാം വരവില്‍ വയ്യായ്ക തുടങ്ങിയപ്പോള്‍ അമ്മ സങ്കടപ്പെട്ടത് ആശുപത്രിയില്‍ പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്താണ്. ഇപ്പോഴും ദൂരെയെവിടെയോ ഇരുന്ന് അതാഗ്രഹിക്കുന്നുണ്ടാവും. അമ്മയുടെ വേര്‍പാട് കഴിഞ്ഞ അടുത്ത നിമിഷങ്ങളില്‍ ചുറ്റും കൂടിയിരുന്ന ഡോക്ടര്‍മാരില്‍ ആരോ പറഞ്ഞു, ‘പേഷ്യന്റ്സിനെ നോക്കി മതിയായിരുന്നില്ല മാഡത്തിന്…’
‘ഭീഷ്മ പര്‍വ്വം’ കാണാന്‍ ‘മാള്‍ ഓഫ് ട്രാവന്കൂറി’ല്‍ പോയതായിരുന്നു ഞങ്ങളുടെ ഒടുവിലത്തെ ഔട്ടിംഗ്. പിന്നീട് ഒന്നോ രണ്ടോ തവണ എസ് യു ടിയില്‍ നിന്നും വീട്ടിലേക്കും ഡ്രൈവ് ചെയ്തിട്ടുണ്ട്. അതില്‍ ഒരു തവണ ‘ഇന്നിവിടെ കാപ്പി കുടിക്കാം’ എന്ന് പറഞ്ഞപ്പോള്‍ ‘ഇവിടെയോ?’ എന്ന് ചോദിച്ചു ഞാന്‍ ഒഴിവാക്കി. എസ് യു ടിയുടെ മുന്നിലെ ചെറിയ കോഫീ കൗണ്ടര്‍ എന്റെ ‘evolved coffee taste’നു പറ്റിയതാവില്ല എന്ന് ഞാന്‍ അഹങ്കാരം പറഞ്ഞു; ‘ഇവിടത്തെ കാപ്പി നല്ലതാ’ എന്ന് പതിഞ്ഞ ശബ്ദത്തില്‍ അമ്മയും. അന്ന് കാപ്പി കുടി നടന്നില്ല.
ഇന്നലെ എസ് യു ടിയില്‍ പൊതുദര്‍ശനത്തിനു വച്ച് കാത്തിരുന്നപ്പോള്‍ ആ കോഫീ കൗണ്ടറില്‍ നിന്നും എത്ര കാപ്പി കുടിച്ചു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. ആംബുലന്‍സില്‍ അമ്മ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഞാനും പാര്‍വ്വതിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. എന്നെ കാപ്പി മണക്കുന്നുണ്ടായിരുന്നു അപ്പോള്‍.
ജീവിതത്തില്‍ വഴിവിളക്കാവുന്ന ചിലരുണ്ട്. ഒന്നും അവര്‍ ഉറക്കെപ്പറഞ്ഞു എന്ന് വരില്ല, പക്ഷേ ആ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അറിയാന്‍ സാധിക്കും- നമ്മള് കണ്ടിട്ട് മനസ്സിലാവാത്തതും കണ്ടു മനസ്സിലാക്കേണ്ടതുമായ പലതും. അമ്മയെക്കുറിച്ചുള്ള എന്റെ ഏറ്റവും വലിയ പരാതി അവര്‍ എല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണുന്നു എന്നതായിരുന്നു. ജീവിതം അങ്ങനെയല്ലല്ലോ മനസ്സിലാക്കേണ്ടത് എന്നൊക്കെ ഞാന്‍ കരുതിയിരുന്നു.
ഇന്നലെ അമ്മയുടെ സഹപ്രവര്‍ത്തക ഡോ. ശ്രീകലയോട് ഇത് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ‘മെഡിസിന് പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് അതാണ്. കൃത്യമായ ഒരു വിശകലനവും തീരുമാനവും. ഇതോ അതോ എന്ന ചാഞ്ചാട്ടം പറ്റില്ല. പക്ഷേ എല്ലാവര്ക്കും അങ്ങനെ സുവ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കണം എന്നില്ല. ചില സംശയങ്ങള്‍, ഗ്രേ ഏരിയാസ് ഒക്കെയുണ്ടാവും. എന്റെ ജീവിതത്തിലെ ഗ്രേ മാറ്റിത്തരുന്ന ആളാണ് അവിടെ കിടക്കുന്നത്.’
സംസാരിച്ചത് സഹപ്രവര്‍ത്തകയോ, ഡോക്ടറോ, മകളോ… നിശ്ചയമില്ല.