ഏതാണ്ട് ഒരു മാസം മുമ്പാവണം ഞാൻ എഴുതിത്തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ‘മലയാള ബാലസാഹിത്യ ചരിത്രം’ എന്ന പുസ്തകത്തെക്കുറിച്ച് കഥാകാരിയും പ്രിയ സുഹൃത്തുമായ പ്രിയ എഎസിനോട് സംസാരിച്ചപ്പോൾ ‘മുമ്പ് ഒരുപാട് നല്ല ബാലകഥകളെഴുതിയ മുഹമ്മ രമണൻ കുറച്ചുകാലമായി രോഗശയ്യയിലാണെ’ന്ന് പ്രിയ പറഞ്ഞു. ആ അനുഗ്രഹീത എഴുത്തുകാരനുമായി വളരെക്കാലം യാതൊരു ബന്ധവുമില്ലല്ലോ എന്ന് ഞാൻ കുറ്റബോധത്തോടെ ഓർത്തു. മുഹമ്മയോളം ചെന്ന് അദ്ദേഹത്തെ ഒരു നോക്കു കാണണമെന്നും ആഗ്രഹിച്ചു. എന്തായാലും പലവിധ തിരക്കുകൾക്കിടയിൽ അതു നടന്നില്ല. കുറച്ചു മുമ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സങ്കടകരമായ ആ വാർത്തയും വന്നു – മുഹമ്മ രമണൻ എഴുത്തും ജീവിതവും പാതിയിൽ നിർത്തി കടന്നു പോയിരിക്കുന്നു.
രണ്ടു പതിറ്റാണ്ടുകൾക്കെങ്കിലും മുമ്പാണ്, അക്ഷരങ്ങളിലൂടെ ഏറെ പരിചിതനായിരുന്ന മുഹമ്മ രമണനെ ഞാനാദ്യമായി കാണുന്നത്. ഒട്ടൊരു ആരാധനയോടെയായിരുന്ന ആ പരിചയപ്പെടൽ. സി. ജി ശാന്തകുമാർ ഡയറക്ടറായിരിക്കെ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ച ബാലസാഹിത്യ ശിൽപശാലയിലാണത്. ‘കള്ളൻ കുഞ്ഞപ്പനും,’ കണ്ണൻ കാക്ക’യുമൊക്കെ എഴുതിയ കഥാകാരനോട് കഴിയുന്നത്ര നേരം സംസാരിക്കാനും, എഴുത്തിന്റെ വഴികളിൽ ചില ഉപദേശങ്ങൾ തേടാനും അന്ന് രണ്ടോ മൂന്നോ ബഹാലസാഹിത്യ കൃതികൾ മാത്രം എഴുതിയ ഞാൻ ശ്രമിച്ചു. കഥയും നോവലുമൊക്കെ എഴുതിയാണ് തുടക്കമെങ്കിലും തന്റെ തട്ടകം ബാലസാഹിത്യമാണെന്ന് വേഗത്തിൽ തിരിച്ചറിയാനും ആ രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകാനും അദ്ദേഹത്തിനായി. ശിൽപശാലയുടെ രണ്ടാംഘട്ടം കൂടി പിന്നിട്ടപ്പോഴേക്ക് വല്ലാത്തൊരു ആത്മബന്ധവും ഞങ്ങൾ തമ്മിലുണ്ടായി.
പിന്നീടദ്ദേഹത്തെ നേരിൽ കണ്ടിട്ടേയില്ല. ഇടയ്ക്കൊക്കെ അദ്ദേഹമെന്നെ വിളിച്ചിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് പറയാനോ, എനിക്ക് ലഭിച്ച അവാർഡുകളിൽ അഭിനന്ദിക്കാനോ ഒക്കെ. ‘പൂർണ’ പ്രസിദ്ധീകരിച്ച ‘ഗുലുമാലു കുട്ടപ്പൻ’, ‘മർമ്മാണി മൂസ’ എന്നിവയുടെ റീപ്രിന്റുകളെക്കുറിച്ചാവണം ഞങ്ങൾ അവസാനമായി സംസാരിച്ചത്. പതിവിലേറെ ക്ഷീണിതമായിരുന്നു അന്ന് ആ ശബ്ദം. എന്‍റെ അനവധാനതയെ പഴിക്കുകയേ നിവൃത്തിയുള്ളൂ, രോഗം അദ്ദേഹത്തെ കീഴ്പെടുത്തിയതും ശയ്യാവലംബിയായതുമൊക്കെ ഞാനറിയാൻ ഒരുപാട് വൈകി.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനാ പുരസ്കാരത്തിനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരത്തിനും പ്രാഥമിക പട്ടിക ചോദിച്ച ഒന്നിലേറെ അവസരങ്ങളിൽ ഞാൻ മുഹമ്മ രമണന്റെ പേരും നിർദ്ദേശിച്ചെങ്കിലും ദൗർഭാഗ്യവശാൽ നാളിതുവരെ അതു പരിഗണിക്കപ്പെട്ടില്ല. ‘അതിനു മാത്രമുണ്ടോ’ എന്ന ഒരു സ്ഥാപനമേധാവിയുടെ ചോദ്യത്തിനും മുന്നിൽ ഞാൻ മനഃപ്പൂർവ്വം മൗനം ഭജിക്കുകയായിരുന്നു. 1961ലെ മാതൃഭൂമി ബാലപംക്തി പുരസ്കാരം, 1968ലെ സമ്മാനപ്പൊതി പുരസ്കാരം, 1989ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1990ലെ ഉറൂബ് അവാർഡ്, 1993ലെ ബീം- നരേന്ദ്രനാഥ് അവാർഡ്, 1996ലെ ഭീമ അവാർഡ്… തീർന്നു നാം അദ്ദേഹത്തിന് നൽകിയ അംഗീകാരങ്ങൾ. അല്ലെങ്കിൽ തന്നെ ഒരെഴുത്തുകാരൻ ജീവിക്കുന്നത് വായനക്കാരുടെ മനസ്സിലാണല്ലോ.
കള്ളൻ കുഞ്ഞപ്പൻ, മണിയൻ പൂച്ചയ്ക്ക് മണികെട്ടി, ചൂണ്ട, അനുവും കുട്ടിച്ചാത്തനും, പുസ്തകം വളർത്തിയ കുട്ടി, കണ്ണൻ കാക്കയുടെ കൗശലങ്ങൾ (3 ഭാഗം), അഭിയുടെ കുറ്റാന്വേഷണം- കളവു പോയ പേന, കളവു പോയ മോതിരം, അഞ്ചുരൂപാ നോട്ട് ( 3 പുസ്തകങ്ങൾ) അഷ്ടാവക്രൻ, മണ്ടൻ മൈതീൻ, പുസ്തകം വളർത്തിയ കുട്ടി, ഉണ്ണിമോനും കുരുവികളും, കോമുണ്ണിയുടെ ദുഃഖം, മരം സഞ്ചരിക്കുന്ന മന്ത്രം, കിളിയുടെ സ്വപ്നം, സ്വാതന്ത്ര്യം ജന്മാവകാശം, മുത്തശ്ശനെ മറക്കരുത്, കണ്ണൻ കാക്ക, മണിയൻ പൂച്ചയും ചുണ്ടെലിയും, കള്ളനും പോലീസും, ഏഴാം കടലിനക്കരെ, കുട്ടികളുടെ സഖാവ്, ത്യാഗം നൽകിയ സ്വർഗ്ഗം, കുസൃതിക്കാക്ക, ഹൃദയാലുവായ ഭൂതം, കൊമ്പനാനയും കട്ടുറുമ്പും, ഗുലുമാലു കുട്ടപ്പൻ, മർമാണി മൂസ, ഏഴാം കടലിനക്കരെ, എ ബോയ്സ് ഹെവൻ ( ഇംഗ്ലിഷ്), കുട്ടികളെ എങ്ങനെ സത്സ്വാഭാവികളായി വളർത്താം?… ഈ പട്ടികയും പൂർണമാവണമെന്നില്ല.
പതിരേറുന്ന മലയാള ബാലസാഹിത്യ രംഗത്ത് സരളവും ലളിതവുമായ ഭാഷയിൽ, ബാലമനസ്സുകളെ അനായാസമായി വശീകരിച്ച ബാലസാഹിത്യകാരനാണ് മുഹമ്മ രമണൻ. അക്ഷരത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുട്ടികളിൽ ആഴത്തിൽ വേരൂന്നാൻ ‘പുസ്തകം വളർത്തിയ കുട്ടി’ എന്ന ഒറ്റ രചന തന്നെ ധാരാളം.
‘കള്ളനും പോലീസി’ലെ കളളൻ ഖാദറും പോക്കർ പോലീസും ഏതു കുട്ടികളെയും എത്രതന്നെ സ്വാധീനിക്കാതിരിക്കില്ല. ‘മണിയൻ പൂച്ചയ്ക്ക് മണികെട്ടി’യിലെ ചാക്കപ്പൻ ചുണ്ടെലിയും മണിയൻ പൂച്ചയും അഭിക്കുട്ടിയും മികച്ച കഥാപാത്രങ്ങളാണ്. പഞ്ചവർണക്കിളിയും അനുമോളും പ്ലാവും അണ്ണാറക്കണ്ണനും ജീവനുള്ള കഥാപാത്രങ്ങളാവുന്നു. ‘കിളിയുടെ സ്വപ്ന’ത്തിൽ. എന്തും കണ്ടും തൊട്ടും രുചിച്ചും അറിയാനുള്ള പിഞ്ചുമനസ്സിന്റെ വെമ്പലാണ് ‘ചിഞ്ചുവിന്റെ കഥ’യിലുള്ളത്. മഹാഭാരതത്തിലെ അഷ്ടാവക്രമുനിയുടെ ബാല്യകാല കഥയുടെ സമർത്ഥമായ പുനരാവിഷ്കാരമാണ് ‘അഷ്ടാവക്രൻ.’
‘കോമുണ്ണിയുടെ ദുഃഖം’ വായിക്കുന്ന ഓരോ കുട്ടിയുടെ മനസ്സിലേക്കും അവന്റെ ദുഃഖം പടർന്നൊഴുകാതിരിക്കില്ല. കയർ ഫാക്ടറിയിൽ പടക്കം പൊട്ടിച്ച്, ഫാക്ടറി അഗ്നിക്കിരയാവുന്നതോടെ അവനു നേരിടേണ്ടി വരുന്നത് കഠിന ദുഃഖങ്ങളുടെ പരമ്പര തന്നെയാണ്. കൊച്ചു കൊമ്പന്റെയും കട്ടുറുമ്പിന്റെയും കഥ സാരോപദേശ രീതിയിൽ, നർമ്മരസത്തോടെ അവതരിപ്പിക്കുന്ന ബാലനോവലാണ് ‘കൊമ്പനാനയും കട്ടുറമ്പും’. പരിസ്ഥിതി അവബോധം കുട്ടികളിൽ സൃഷ്ടിക്കുകയെന്ന അവബോധത്തോടെയാണ് മരം സഞ്ചരിച്ച മന്ത്രം രചിച്ചത്. മരങ്ങൾ സംരക്ഷിക്കുന്നതിലൂടെ നമ്മളെത്തന്നെ സംരക്ഷിക്കാനാവുന്നത് എങ്ങനെയെന്ന് തെളിമയുള്ള ഭാഷയിൽ വിശദീകരിക്കുന്നു ഈ പുസ്തകം.
കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാവം മുക്കുവന്റെയും ശാപമോക്ഷത്തിനായി ചെമ്പുകുടത്തിൽ നിന്നിറക്കിയ ഭൂതത്തിന്രെയും കഥയാണ് ‘ഹൃദയാലുവായ ഭൂതം’. കർഷകത്തൊഴിലാളിയായ അന്തോണിയുടെ മകൻ കുട്ടപ്പൻ തൊടുന്നതെല്ലാം ഗുലുമാലാവും. അവന്റെ രസകരമായ ഗുലുമാലുകളുടെ കഥയാണ് ‘ഗുലുമാലു കുട്ടപ്പൻ.’ നാട്ടുതനിമയാർന്ന ഭാഷയിൽ ലളിതമായി പറഞ്ഞു പോകുന്ന കഠിനാധ്വാനിയും സത്യസന്ധനുമായ ഒരു പാനം മുക്കുവന്റെയും ശാപമോക്ഷത്തിനായി ചെമ്പുകുടത്തിൽ നിന്നിറക്കിയ ഭൂതത്തിന്‍റെയും കഥയാണ് ‘ഹൃദയാലുവായ ഭൂതം.’ നാട്ടുതനിമയാർന്ന ഭാഷയിൽ ലളിതമായി പറഞ്ഞു പോകുന്നു ‘മർമാണി മൂസയുടെ’ കഥ.
ബാലസാഹിത്യത്തിൽ നമുക്ക് പരമ്പരകൾ കുറവാണ്. കെവി രാമനാഥന്റെ അപ്പുക്കുട്ടനും ഗോപിയും, തേക്കിൻകാട് ജോസഫിന്റെ സൂപ്പർ ബോയ് രാമു എന്നിവപോലെ ചുരുക്കം ചിലത് ചൂണ്ടിക്കാട്ടാമെന്ന് മാത്രം. അഭിയെ മുഖ്യകഥാപാത്രമാക്കിക്കൊണ്ട് മുഹമ്മ രമണൻ രചിച്ച മൂന്നു പുസ്തകങ്ങളും കണ്ണൻ കാക്കയുടെ കൗശലങ്ങളുടെ മൂന്നു ഭാഗവും കൊണ്ട് ഈ കുറവിനെ സമർത്ഥമായി പൂരിപ്പിക്കുന്നു മുഹമ്മ രമണൻ എന്ന കഥാകാരൻ.
2014ൽ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വച്ച് മുൻ വർഷങ്ങളിൽ ഭീമ അവാർഡ് നേടിയ എഴുത്തുകാരുടെയൊരു സംഗമം നടത്തുകയുണ്ടായി. ഒരു വർഷത്തെ അവാർഡ് ജേതാവെന്ന നിലയിൽ ഞാനും അതിൽ സംബന്ധിച്ചു. ‘പുസ്തകം വളർത്തിയ കുട്ടി’ക്ക് 1996ൽ ലഭിച്ച അവാർഡിന്റെ പേരിൽ മുഹമ്മ രമണനെ അവിടെ പ്രതീക്ഷിച്ചു. എന്തോ കാരണം കൊണ്ട് അദ്ദേഹത്തിനു വരാനായില്ല. ആ നിരാശയോടെയാണ് ഞാനന്ന് മടങ്ങിയത്.
മലയാള ബാലസാഹിത്യ ചരിത്രത്തിന്റെ കരടു കൈയെഴുത്തു പ്രതിയിൽ ‘മുഹമ്മ രമണൻ’ (1942-) എന്ന് എഴുതി, അദ്ദേഹത്തിന്റെ രചനകളുടെ വിശദാംശങ്ങൾ കുറിച്ചുവച്ചിരുന്നു ഞാൻ. ബ്രാക്കറ്റിൽ 2020 എന്നുകൂടി ചേർക്കുന്നതിലെ വ്യസനം ഞാനിപ്പോൾ അറിയുന്നു. മരണം മറുമരുന്നില്ലാത്ത ഒരനിവാര്യതയാണല്ലോ. ഭൗതികമായ മരണമേ അദ്ദേഹത്തിനുള്ളൂ. ഉൾക്കാമ്പുള്ള രചനകളിലൂടെ ആ സർഗ്ഗപ്രതിഭ വരും തലമുറകളിലെ കുട്ടികളിലൂടെ ജീവിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.