Latest News

M T Vasudevan Nair ‘Sukrutham’: ജീവിതമെന്ന വലിയ നുണ, മരണമെന്ന മഹാസത്യം

സുകൃതം എന്ന തിരക്കഥ ആസ്പദമാക്കി ഒരു എം ടി വായന

mt vasudevan nair, mt vasudevan nair novels, mt vasudevan nair directed movies, mt vasudevan nair short stories, mt vasudevan nair vayalar award, mt vasudevan nair books, mt vasudevan nair nalukettu, mt vasudevan nair quotes, mt vasudevan nair malayalam, mt vasudevan nair profile, sukrutham, sukrutham songs, sukrutham malayalam movie, sukrutham sukrutham movie songs, sukrutham full movie, sukrutham awards, sukrutham cast, sukrutham malayalam fillm songs, sukrutham film songs, സുകൃതം, സുകൃതം സിനിമ, സുകൃതം സിനിമ പാട്ട്, സുകൃതം സിനിമ ഗാനങ്ങള്‍, എം. ടി. വാസുദേവൻ നായർ, ie malayalam, ഐഇ മലയാളം

M T Vasudevan Nair ‘Sukrutham’: ഒരു മരണത്തിന് നാം ആരോടോ കടപ്പെട്ടിരിക്കുന്നുവെന്ന ഹെമിങ്‌വെയുടെ വാക്കുകള്‍ എംടിയുടെ ‘പഞ്ചാഗ്നി’യിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. മരണം എന്നും എഴുത്തുകാരന്റെ Obsession ആണ്. മരണത്തെ കുറിച്ചെഴുതുന്നതെന്തും ദര്‍ശനമായിത്തീരുന്നു. കാരണം മരണം എന്നുമൊരു മിത്താണ്. കടങ്കഥ പോലെ ഉത്തരങ്ങളെ കുറിച്ച്   വ്യാമോഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്ന്. മരണത്തെ സ്‌നേഹിക്കുന്നവരും അതിനെ ഭയപ്പെടുന്നവരുമേയുള്ളു.

എംടിക്ക് വളരെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് ഹെമിങ്‌വെ. ഹെമിങ്‌വെ രചനകളിലെ ജീവിതരതിയായിരിക്കാം ഇതിനു കാരണം. എം ടിയുടെ രചനകളിലും ഈ ജീവിതരതിയുണ്ട്. ആസക്തിയോളം എത്തിനില്‍ക്കുന്ന ജീവിതരതിയിലൂടെ മുന്നേറുന്നവരാണ് എംടിയുടെ പ്രധാന കഥാപാത്രങ്ങള്‍. ജീവിച്ചു മതിവരാത്തവരും ജീവിതത്തെ വാരിപ്പുണരുന്നവരുമാണവര്‍. സ്വാര്‍ത്ഥത അവിടെ പാപമാകുന്നില്ല. പലായനങ്ങള്‍ ഒളിച്ചോട്ടങ്ങളും.

മരണം മുന്നിലെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും ജീവിക്കാന്‍ തുടങ്ങുന്നതെന്നു പറയാറുണ്ട്. അതു കൊണ്ടായിരിക്കാം മരണത്തെ കുറിച്ച് എഴുതുമ്പോള്‍ അത് ജീവിതത്തെ കുറിച്ചായിത്തീരുന്നത്. ഈ അര്‍ത്ഥത്തില്‍ ജീവിതകാമനകളില്‍ നിന്നും മരണത്തിലേക്കുള്ള അകലം അത്ര ദൂരമുള്ളതല്ല. മരണം ചിലര്‍ക്കൊരു മിഥ്യയാണ്. ശൂന്യതയോളമെത്തുന്ന മിഥ്യ. അങ്ങനെയൊരു മിഥ്യയിലേക്ക് നിങ്ങള്‍ക്കെങ്ങനെയാണ് ഭീതിയോ ആശങ്കയോ ഇല്ലാതെ ഇറങ്ങിച്ചെല്ലാനാവുക?

mt vasudevan nair, mammooty, malayalam cinema

On M T Vasudevan Nair ‘Sukrutham’: മരണത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന ഒരു എംടി രചനയാണ് (തിരക്കഥ) ‘സുകൃതം.’ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവിശങ്കറിനെയാണ് എംടി ഇവിടെ മരണവുമായി മുഖാമുഖം നിര്‍ത്തിയിരിക്കുന്നത്. ഇനി ചെയ്യാനൊന്നുമില്ലെന്ന് വിദഗ്ധഡോക്ടര്‍മാര്‍ വിധിയെഴുതിയ ആസന്നമരണനായ രവിശങ്കറെന്ന അര്‍ബുദരോഗിയുടെ മരണത്തിനായുള്ള കാത്തിരുപ്പോടെയാണ് സുകൃതം ആരംഭിക്കുന്നത്.

എംടിയുടെ മറ്റുസിനിമകളില്‍ നിന്നും വ്യത്യസ്തമായി ചെറിയൊരു ദാര്‍ശനിക സമീപനം ‘സൃകൃത’ത്തില്‍ കാണാം. മരണവും ജീവിതവും തമ്മില്‍ ആദ്യാവസാനം നടക്കുന്ന ഈ പകിടകളിയായിരിക്കാം ഇതിനു കാരണം. പെട്ടെന്നൊരു ദിവസം മരണം വന്നു മുന്നില്‍ നില്‍ക്കുമ്പോള്‍ ആരാണ്  ദാർശനികനാവാതിരിക്കുക! ദാര്‍ശനികനാവുകയെന്നാല്‍ ഒരുതരം രക്ഷപ്പെടലാണ്. ചില ചിന്തകളെ പരിണമിപ്പിച്ചു കൊണ്ട് പരിചിതമായ നമ്മുടെ സങ്കല്പങ്ങളെ പൊളിച്ചെഴുതലാണ് അത്. വേണമെങ്കില്‍ നമുക്കിതിനെയൊരു ആത്മീയവൃത്തിയെന്ന് സംക്ഷേപിക്കാം. ചുരുക്കത്തില്‍ മനസ്സിന്റെ ഒരു കണ്ടീഷനിങ് ആണ് ആത്മീയത. മരണം നിശ്ചയിക്കപ്പെട്ട് അത് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ നിസ്സഹായനായിപ്പോകുന്ന മനുഷ്യന്‍ എത്തിപ്പിടിക്കുന്ന ഒരു രക്ഷാസങ്കേതമാണ് ഈ ആത്മീയസ്വാന്തനമെന്നു സാരം.

നിങ്ങളിവിടെ നിരാലംബനും നിസ്സഹായനും സ്വന്തം വികാരങ്ങളുടെ തടവറയിലെ ഏകാകിയായ തടവുപുള്ളിയുമാണ്. മരിക്കുന്നവന്റെ ചുറ്റിലും ആളുകളുണ്ടെങ്കിലും അവനൊപ്പം ആരുമില്ല. എതു നിമിഷവും അവസാനിക്കാവുന്ന ഒരു കാത്തിരുപ്പ്. അങ്ങനെയൊരു കാത്തിരുപ്പിനു നടുവിലാണ് അര്‍ബുദം തളര്‍ത്തിയ രവിശങ്കര്‍ കിടക്കുന്നത്.

അയാള്‍ നഗരത്തിലെ അറിയപ്പെടുന്നൊരു പത്രപ്രവര്‍ത്തകനാണ്. അതിനു മുമ്പ് റിബല്‍ പരിവേഷത്തോടെ ജീവിതത്തോട് എതിരിട്ട ഒരു പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്നു. അതിസമ്പന്നതയുടെ നടുവില്‍ നിന്നും എല്ലാം വലിച്ചെറിഞ്ഞു വന്ന കോളേജ് അദ്ധ്യാപികയായ മാലിനിയാണ് ഭാര്യ. നഗരത്തില്‍ അവരുടെ ഏകസഹായം അയാളുടെ പഴയ സഹചാരി രാജേന്ദ്രനാണ്. പിന്നെ നാട്ടിലെ ചെറിയമ്മയും ഭര്‍ത്താവും മക്കളും മാത്രമേ അയാള്‍ക്കുള്ളു. അര്‍ബുദത്തിന്റെ പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ ഏത് ആദര്‍ശവാദിയും വീണു പോകും. മനുഷ്യനെ അത്ര മാത്രം നിസ്സഹായനാക്കുന്നൊരു രോഗമാണത്. അവസാന നിമിഷം വരെ ആക്രമിച്ചു തളര്‍ത്തുന്ന രോഗം. മരണം ഉറപ്പാകുന്നതോടെ ഗ്രാമത്തിലെ പഴയ തറവാട്ടു വീട്ടില്‍ കിടന്ന് മരിക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്.

 

Read More : ആ കടവിൽ ഒറ്റയ്ക്കൊരാൾ

On M T Vasudevan Nair ‘Sukrutham’: മരണത്തെ മുഖാമുഖം നേരിടുന്ന ഒരുവന്‍ ഉരുവിടുന്ന ഓരോ വാക്കും തത്ത്വശാസ്ത്രമാണ്. അതൊരു എഴുത്തുകാരനാകുമ്പോള്‍ മൂര്‍ച്ച കൂടും. രവിശങ്കര്‍ പറയുന്നത് ജീവിത വിരക്തിയില്‍ നിന്നുമുണ്ടായ വേദാന്തമല്ല, ജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അയാള്‍ കണ്ടെത്തിയ തിരിച്ചറിവുകള്‍ തന്നെയാണ്.

വളരെ കുറച്ചേ അയാള്‍ സംസാരിക്കുന്നുള്ളൂ. ജീവിതത്തെ ആടയലങ്കാരങ്ങളില്ലാതെ അതിന്റെ നഗ്നതയില്‍ കാണുന്നതും നേരിടുന്നതുമാണ് യഥാര്‍ത്ഥ ആത്മീയത. ആ കാഴ്ച വെറുമൊരു അനുഭവമാകുന്നില്ല. ആ അര്‍ത്ഥത്തില്‍ മരണത്തെ അഭിമുഖീകരിക്കുകയെന്നത് ആത്മീയമായൊരു കൃത്യമാണ്. മരണം രവിശങ്കറിനും വലിയൊരു തിരിച്ചറിവാണ്. നമുക്ക് ചുറ്റുമുള്ള ഓരോ മരണവും അത് നമ്മുടേതായിരിക്കാത്തിടത്തോളം കാലം നാം ആ തിരിച്ചറിവിലെത്തുന്നില്ല. അതൊരു സംഭവം മാത്രമായി കടന്നു പോകുന്നു.

ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള നിര്‍വചനങ്ങള്‍ കൂടിയാണ് ‘സുകൃതം.’ അതിനിടയില്‍ ജീവിതകാമനയുടെ പ്രതീകമെന്നോണം പ്രണയം കടന്നു വരുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും ദൃഢമെന്നു കരുതുന്ന പ്രണയം പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നാട്ടില്‍ തനിക്കു വേണ്ടി കാത്തിരുന്ന ദുര്‍ഗ്ഗയുടെ പ്രണയത്തെ അയാള്‍ക്ക് തിരിച്ചറിയാനായില്ല. കുട്ടിക്കളിയുടെ അധ്യായങ്ങളിലെ വാക്കിനും വരിക്കുമെല്ലാം അവള്‍ വലിയ അര്‍ത്ഥം കണ്ടിരുന്നുവെന്ന് ഒട്ടൊരു പശ്ചാത്താപത്തോടെ അവളോടു തന്നെ അയാള്‍ ഏറ്റുപറയുന്നുമുണ്ട്.

മാലിനിയെന്ന ശിഷ്യയിലാണ് രവിശങ്കര്‍ തന്റെ പ്രണയം സാക്ഷാത്കരിക്കുന്നത്. എന്നാല്‍ അത് ഇരുധ്രുവങ്ങളിലേക്കുള്ള യാത്രയായിത്തീരുന്നു. തങ്ങളുടെ ബന്ധം പരാജയമായിരുന്നുവെന്ന് അയാളാണ് ഏറ്റുപറയുന്നത്. അവളത് അംഗീകരിക്കുന്നില്ല. മനുഷ്യനില്‍ അന്തര്‍ലീനമായ ജീവിതകാമനകളുടെ സ്വാര്‍ത്ഥഭരിതമായ സ്വഭാവവിശേഷം മാത്രമായേ ഇതിനെ കണക്കാക്കാനാവൂ. പക്ഷേ രവി തിരിച്ചു വരുമ്പോഴേക്കും അവള്‍ അയാളുടെ വാക്കുകളിലെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിരുന്നു. ‘പ്രേമം ഒരു അഡ്വഞ്ചര്‍ മാത്രമാണെന്ന് മനസ്സിലായി. മലകയറ്റം പോലൊരു അഡ്വഞ്ചര്‍. മുകളിലെത്തുന്നതുവരെയാണ് ത്രില്‍. മുകളിലെത്തി സംഘത്തിന്റെ പേര് ഒരു പാറയിലോ മറ്റോ വരച്ചിട്ട് കഴിഞ്ഞ് ചുറ്റും നോക്കിയാല്‍ ശൂന്യത. എക്‌സര്‍സൈസ് ഇന്‍ ഫൂട്ടിലിറ്റി എന്ന് കയറിയവരൊക്കെ ഉള്ളില്‍ സ്വകാര്യമായി പറയും.’ മാലിനി തുറന്നു പറയുന്നുണ്ട്.

ദുര്‍ഗ്ഗയുടെ പ്രണയത്തിലും ഈ സ്വാര്‍ത്ഥയുടെ അംശം കാണാം. എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഒന്നായിരുന്നു അവളുടെ പ്രണയമെങ്കിലും രവിയുടെ മരണത്തോടെ തന്റെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നുണ്ട്. പിന്നീട് അയാള്‍ തിരിച്ചു വരുമ്പോള്‍ ഒരു രഹസ്യക്കാരിയായിരിക്കാന്‍ താനുദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് അവള്‍ ഒഴിഞ്ഞു മാറുകയാണ്. ജീവിതം സ്വാര്‍ത്ഥകാമനകളുടെ കറുപ്പും വെളുപ്പും നിറഞ്ഞ കള്ളികളിലൂടെയുള്ള പ്രയാണമാണ്. പ്രണയവും ഇവിടെ സ്വാര്‍ത്ഥമുക്തമാകുന്നില്ലെന്ന് എംടി വ്യക്തമാക്കുന്നു. ഇണയുടെ മരണം പോലും ആഗ്രഹിക്കുന്ന സ്വാര്‍ത്ഥത വന്യമായ കീഴടക്കലിന്റെതാണ്. പുരുഷനും സ്ത്രീയും വ്യത്യസ്തരല്ല.

 

Read More : കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എം.ടി

On M T Vasudevan Nair ‘Sukrutham’: എംടി രചനകളുടെ പൊതുസ്വഭാവമായ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം ‘സുകൃത’ത്തിലും ദൃശ്യമാണ്. ഒരു ഭാഗത്ത് മരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയും മറുവശത്ത് അയാള്‍ക്കു ചുറ്റുമുള്ളവരടങ്ങിയ സമൂഹവും. ഈ സംഘര്‍ഷത്തില്‍ വ്യക്തി ഇരയും സമൂഹം വേട്ടക്കാരനുമാണ്. രവിശങ്കര്‍ പറയുന്നുണ്ട് ‘സമൂഹത്തിന് ഒരു വേട്ടക്കാരന്റെ മനസ്സാണ്. ഇര വീഴുമ്പോഴേ അതിന് തൃപ്തിയാവുകയുള്ളു. വീഴ്ത്തുന്നത് വിനോദം മാത്രമല്ല, ആഘോഷം കൂടിയാണ്.’

സമൂഹത്തിന് എന്നും എപ്പോഴും ഇരകള്‍ ആവശ്യമാണ്. വീണു പോകുമ്പോള്‍ എല്ലാവര്‍ക്കും മടുക്കും. വേഗം തീര്‍ന്നു കിട്ടണേന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കാനും തുടങ്ങും. എഴുത്തുകാരന്‍ കൂടിയായ രവിശങ്കറിന് ഇത് നല്ലതുപോലെ തിരിച്ചറിയാനാവും.

എന്താണ് മരണമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കണമെങ്കില്‍ ജീവിതമെന്ന വലിയ നുണയെക്കുറിച്ച് അറിയേണ്ടതുണ്ട്. മരണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്നൊരാള്‍ വീണ്ടും മരണത്തെ ആഗ്രഹിക്കുന്നുവെങ്കില്‍ സമൂഹത്തില്‍ നിന്നും അയാള്‍ നേരിടുന്ന തിരസ്‌കൃതാവസ്ഥയുടെ മൂര്‍ദ്ധന്യമാണ് വെളിപ്പെടുന്നത്. ജീവിതം നിരര്‍ത്ഥകമായ ഹാസസന്താപങ്ങളുടെ അനുവര്‍ത്തനമാണെന്ന് രവിശങ്കര്‍ മനസ്സിലാക്കുന്നു. എല്ലാവരും അയാളുടെ മരണം ഉള്ളില്‍ പ്രതീക്ഷിച്ചിരുന്നു. ദുര്‍ഗ്ഗ മാത്രമല്ല, ചെറിയമ്മയും ചെറിയച്ഛനും രാജേന്ദ്രനും എല്ലാം. അയാള്‍ക്കു വേണ്ടി പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചിരുന്ന മാലിനി മാത്രമാണ് വ്യത്യസ്തമാകുന്നത്. ഇതാകട്ടെ രവിശങ്കര്‍ തിരിച്ചറിയുന്നുമില്ല. അത്രമാത്രം അകലം അവര്‍ക്കിടയിലുണ്ടായിരുന്നു.

mt vasudevan nair, malayalam cinema, vishnu ram

Read More : അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകൻ

On M T Vasudevan Nair ‘Sukrutham’: വേണമെങ്കില്‍ മരണത്തില്‍ നിന്നുള്ള തിരിച്ചു നടത്തത്തിന് ആത്മീയമായൊരു അന്തഃശുദ്ധിയുടെ പരികൽപ്പന നല്‍കാവുന്നതാണ്. ശരീരത്തിനൊരു മനസ്സുണ്ട്, ബുദ്ധിയും. അതിന്റെ ഇച്ഛകള്‍, ഇടര്‍ച്ചകള്‍, ഒടുവില്‍ ഭ്രഷ്ടരായ കോശങ്ങള്‍ നടത്തുന്ന പടയൊരുക്കം. ഇങ്ങനെയാണ് അര്‍ബുദത്തിന്റെ രൂപത്തില്‍ മരണമെത്തുന്നത്. ഒരിക്കല്‍ പിണങ്ങിപ്പിരിഞ്ഞ ആ കോശങ്ങളെ അനുനയിപ്പിച്ചുകൊണ്ടാണ് ഡോ.ഉണ്ണി, രവിശങ്കറിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരുന്നത്.

വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നേര്‍വിപരീതമായ ഒരു സംലയനമാണ് ഇവിടെ സംഭവിക്കുന്നത്. അത് ശരീരത്തിന്റെ രോഗത്തെ ഇല്ലായ്മ ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തിന്റെ ഭ്രഷ്ടില്‍ നിന്നും അയാള്‍ക്കു മോചനം സംഭവിക്കുന്നില്ല.

തീര്‍ച്ചയായും രോഗം ഒരു ഭ്രഷ്ടാണ്. മരണം അതിന്റെ പൂര്‍ണ്ണതയും.’ഇനി മരണം ഉറപ്പായവരെ രക്ഷിക്കരുത് ഡോക്ടര്‍. കഴിവും ഡോക്ടറുടെ കൈപ്പുണ്യവും ഉപയോഗിച്ച് അനായാസേനയുള്ള മരണം ഒരുക്കിക്കൊടുക്കണം. വിധിയെ തിരുത്തിയെഴുതാന്‍ ഡോക്ടറാര്, നമ്മളാര്’- രവിശങ്കര്‍ ചോദിക്കുന്നു. മരണം സമൂഹത്തിനൊരു അനുഷ്ഠാനമാണ്. ‘മരണം എന്നും പവിത്രം ഉദാത്തം. പാവം ജീവിതം ഇവിടെ നിന്ദ്യം നിഷിദ്ധം.’ രവിശങ്കറിന്റെ വാക്കുകള്‍ സമൂഹത്തിന്റെ വൈരുദ്ധ്യാത്മകമായ സമീപനത്തെയാണ് തൊടുന്നത്.

ജീവിതമെന്ന മഹാഘടികാരത്തില്‍ മരണത്തിന്റെ കറുത്തസൂചി എവിടെയാണ് വന്നു നില്‍ക്കുകയെന്ന് ആര്‍ക്കറിയാം. നമുക്ക് നമ്മുടെ മരണം ഒരു സങ്കല്പവും മറ്റുള്ളവരുടെ മരണങ്ങള്‍ യാഥാര്‍ത്ഥ്യവുമാണ്. ഈ സങ്കല്പത്തിലൂടെയാണ് ജീവിതമെന്ന വലിയ നുണ നാം മുന്നോട്ടു പോകുന്നത്. സ്വാര്‍ത്ഥഭരിതമായ ബന്ധങ്ങളും ക്ഷണികമായ കാമനകളും മരണമെന്ന സത്യത്തിനു മുന്നില്‍ കേവലം നിഷ്‌പ്രഭങ്ങളായിത്തീരുന്നു. ഓരോ മനുഷ്യനും മരണത്തിന്റെ ഉത്തരായനം കാത്തുകിടക്കുന്നവരാണെങ്കിലും ആരും ഈ സത്യത്തെ തിരിച്ചറിയുന്നില്ല.

ജ്ഞാനഭിക്ഷുവായ ബുദ്ധനെപ്പോലെ കഥാകാരന്‍ നമുക്കു മുന്നില്‍ ശൂന്യതയുടെ പ്രപഞ്ചസാരം ചൂണ്ടിക്കാട്ടുകയാണ് ഇവിടെ. ജീവിതത്തിന്റെ നേര്‍പ്പകര്‍ച്ചകളില്‍ നിന്നുമായിരിക്കണമല്ലോ ഏത് സത്യവും നിര്‍ദ്ധാരണം ചെയ്യേണ്ടത്. വിധിയുടെ ഇരുണ്ട ഗുഹാമുഖത്തിലേക്ക് ഓരോരുത്തര്‍ക്കും നടന്നു കയറേണ്ടതുണ്ട്. ‘സുകൃതം’ എംടിയുടെ രചനാജീവിതത്തിന്റെ ഒരു വ്യതിയാനമായിരുന്നു. പിന്നീട് ‘വാരാണസി’ എന്ന നോവലിലെത്തുമ്പോള്‍ എഴുത്തുകാരന്റെ ബോധപരിണാമം കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു.

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Mt vasudevan nairs sukrutham explores life and death harikumar mammootty

Next Story
അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകൻmt vasudevan nair, ne sudheer, vishnu ram
The moderation of comments is automated and not cleared manually by malayalam.indianexpress.com