/indian-express-malayalam/media/media_files/uploads/2017/07/mt-sudheer-fi.jpg)
കൊട്ടാരം റോഡിലെ "സിത്താര"യില്‍ വാതിലുകള്‍ തുറന്നു കിടക്കുന്നത് പുസ്തകങ്ങള്‍ക്ക് നിർബാധം അകത്തേയ്ക്ക് കടക്കാനാണ്. അകത്തു കടന്നു വലത്തോട്ടു തിരിഞ്ഞുള്ള ആ മുറിയിലെ ടീപോയിലിലാണ് ആദ്യം അവയുടെ സ്ഥാനം. യാതൊരു വേര്‍തിരിവുമില്ലാതെ അവിടെ അവര്‍ ഒത്തു കൂടും. പുതിയ എഴുത്തുകാരുടെ, ലോകം ആഘോഷിച്ച എഴുത്തുകാരുടെ, ഭാവിയിലെ കേമന്മാരുടെ, എഴുതാന്‍ അറിയാത്തവരുടെ ഒക്കെ പുസ്തകങ്ങള്‍ അവിടെ കുന്നുകൂടി കിടക്കും. ആ ടീപോയിക്ക് മുന്നിലെ കസേരയില്‍ എം. ടി എന്ന വലിയ വായനക്കാരന്‍ ചുണ്ടില്‍ തീ കെടാത്ത ബീഡിയുമായി ഇരിപ്പുണ്ട്. പൊതുവേയുള്ള ആ നിസ്സംഗഭാവം പുസ്തകം കയ്യില്‍ എടുക്കുമ്പോള്‍ മെല്ല ഇല്ലാതാവും. മുന്നിലെത്തുന്ന ഏതു പുസ്തകത്തിനും ആ ഭാഗ്യം നേടാം. കയ്യില്‍ എടുത്തു മറിച്ചു നോക്കി പിന്നെ ഒരു വായനയാണ്. മനസ്സില്‍ തട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ ആ പുസ്തകത്തെ പറ്റി വരുന്നവരോടൊക്കെ പറയും. അതിന്‍റെ ജാതകം മാറിമറിയും എന്നര്‍ത്ഥം. ഇന്നിപ്പോള്‍, വാര്‍ധക്യം ബാധിച്ച ആ കണ്ണിനു പഴയത് പോലെ വായിക്കാന്‍ കഴിയുന്നില്ല. എന്നാലും പുസ്തകങ്ങളോടുള്ള ആര്‍ത്തി ആ മനസ്സില്‍ ഇപ്പോഴും നിലകൊള്ളുന്നു. പ്രയാസങ്ങള്‍ സഹിച്ചും ആ വായന തുടര്‍ന്ന് കൊണ്ടിരിക്കുന്നു.. പഴയത് പോലെ കയ്യില്‍ കിട്ടിയത് എല്ലാം വായിക്കാറില്ല എന്ന് മാത്രം . ആദ്യം ഒന്ന് മറിച്ചു നോക്കും, ഇഷ്ടം തോന്നിയവ മാത്രം വായനക്കെടുക്കും. അതാണ് പുതിയ രീതി.
/indian-express-malayalam/media/media_files/uploads/2017/07/mt-vasu-and-sudheer-1.jpg)
കോഴിക്കോട്ടെ പുസ്തകക്കടകളില്‍ ശനിയാഴ്ച വൈകിട്ട് പുസ്തകങ്ങള്‍ തേടി നടന്ന ഒരു കാലമുണ്ടായിരുന്നു എം.ടിക്ക്. ശനിയാഴ്ച തിരഞ്ഞെടുത്തത്തിനു പിന്നിലും ഒരു കാരണവുമുണ്ടായിരുന്നു.അതൊരു സൂത്രമായിരുന്നു. ശനിയാഴ്ച വൈകിട്ട് പുസ്തക കടകളില്‍ ചെന്ന് ഇഷ്ടപെട്ട രണ്ടു പുസ്തകങ്ങള്‍ കണ്ടെത്തും . ഒന്ന് ഒരു വില കുറഞ്ഞതും, മറ്റൊന്ന് വലിയ വില കൂടിയതും. രണ്ടും കൂടി വില കൊടുത്തു വാങ്ങുബോള്‍ കടക്കാരനോട് പറയും. ഒരെണ്ണം മുന്‍പ് വാങ്ങിയതാണോ എന്ന് സംശയമുണ്ട്. ഉണ്ടെങ്കില്‍ തിങ്കളാഴ്ച മടക്കി കൊണ്ട് വരും. അങ്ങനെ വാങ്ങിയതില്‍ വില കൂടിയത് അന്ന് രാത്രി മുതല്‍ വായിച്ചു, ഞായറാഴ്ച കൊണ്ട് തീര്‍ക്കും. അത് തിങ്കളാഴ്ച കടയില്‍ തിരിച്ചു കൊടുക്കും.ഇത് കയ്യില്‍ ഉണ്ടായിരുന്നു എന്ന കള്ളം പറയും. അങ്ങനെയാണ് പണമില്ലായ്മ എന്ന പ്രശ്നം എം. ടി ആദ്യമൊക്കെ പരിഹരിച്ചത്. ഒരു പുസ്തകത്തിന്റെ വിലയ്ക്ക് രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ കണ്ടെത്തിയ സൂത്രം. കുറച്ചു കാലം അത് മുന്നോട്ടു പോയി. പിന്നെ മൂര്‍ മാര്‍ക്കറ്റിലെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളായി ആശ്രയം. ഇന്നും പഴയ പുസ്തകം വില്‍ക്കുന്ന തെരുവ് കടകളില്‍ എം. ടി ചെല്ലാറുണ്ട്. അവിടെ നിന്നുമാണ് പല രത്നങ്ങളും കണ്ടെത്തിയിട്ടുള്ളത്.
Read More : ആ കടവിൽ ഒറ്റയ്ക്കൊരാൾ
വായന സജീവമായത് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ച കാലത്താണ്. അന്ന് അവധിയ്ക്ക് വീട്ടിലേക്കു പോകുമ്പോള്‍ കയ്യില്‍ പത്തും ഇരുപതും ലൈബ്രറി പുസ്തകങ്ങള്‍ കാണും. അതിനും ഒരു സൂത്രം കണ്ടെത്തിയിരുന്നു. ഒരു കുട്ടിക്ക് ഒരു കാര്‍ഡ്, ഒരു കാര്‍ഡിന് രണ്ടു പുസ്തകം എന്നായിരുന്നു ലൈബ്രറി നിയമം. കാര്‍ഡ് ഉപയോഗിക്കാത്തവരില്‍ നിന്നും അവ വാങ്ങും. എന്നിട്ട് അതിനും പുസ്തകം എടുക്കും. കോളേജില്‍ അന്ന് വിശേഷ ദിവസങ്ങളില്‍ സദ്യ ഉണ്ടാകുമായിരുന്നു. സദ്യക്ക് സിഗരറ്റ് വിളമ്പും. ഓരോ ഇലയോടൊപ്പം ഓരോ സിഗരറ്റ് . മുന്തിയ സിഗരട്ടാണ്. വലിക്കാത്ത കുട്ടികളുടെ സിഗരറ്റ് മുതിര്‍ന്ന കുട്ടികള്‍ ബുക്ക് ചയ്തു വെക്കും. അതിനു പകരമായി എം. ടി. അവരോടു ചോദിച്ചിരുന്നത് അവരുടെ ലൈബ്രറി കാര്‍ഡുകള്‍ ആയിരുന്നു. പിന്നെ വഴി ചിലവിനു കിട്ടിയിരുന്ന പൈസയില്‍ വല്ലതും ബാക്കി വന്നാല്‍ ഷോര്‍ണ്ണൂരിലെ ഹിഗ്ഗിന്‍ബോതെംസ് ബുക്ക് സ്റ്റാളില്‍ നിന്നും ചിലതു പണം കൊടുത്ത് വാങ്ങും. അങ്ങനെയൊക്കെ പുസ്തകം വാങ്ങി വായിച്ചു വളര്‍ന്ന എം.ടി യെ ഇന്ന് പോറ്റുന്നത് പുസ്തകങ്ങളാണ് എന്ന് തന്നെ പറയാം. എഴുതിയ പുസ്തകങ്ങളുടെ റോയല്‍റ്റി മാത്രമാണ് ഇപ്പോഴത്തെ സ്ഥിര വരുമാനം.
വായനയില്‍ കമ്പം ഉണ്ടാക്കിയത് അലക്സാണ്ടര്‍ ഡ്യുമാസാണ്. ഹൈ സ്കൂളില്‍ വെച്ച് വാസുണ്ണി മാഷ് പറഞ്ഞു കേട്ട ഡ്യുമാസിന്‍റെ കഥ പിന്നെ ആ പുസ്തകം തപ്പി വായിക്കാന്‍ പ്രേരിപ്പിച്ചു. ചേട്ടന്‍ കൊണ്ട് വന്ന ആ നോവല്‍ രാവും പകലും നിറച്ചു വായിച്ചു. പിന്നെ ടോള്‍സ്റ്റോയി, ഹാര്‍ഡി,ഡിക്കനസ്, ദസ്ത്യോവിസ്കി ...അങ്ങനെ എല്ലാം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. ടോള്‍സ്റ്റോയിയുടെ പ്രിസണര്‍ ഓഫ് കോക്കസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പരിഭാഷപ്പെടുത്തുകയും ചെയ്തു. പിന്നെ ഹെമിംഗ് വേ, ഫോക്നര്‍ തുടങ്ങിയ പുതിയ കാലത്തെ എഴുത്തുകാരെ വായിച്ചു. കൂടെ യുറോപ്പിലെ മറ്റു സാഹിത്യം, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ കൃതികള്‍ ഒക്കെ വായനയില്‍ നിറഞ്ഞു. നോവലും, കഥകളും, കവിതയും, നാടകവും, യാത്രാ വിവരണങ്ങളും , ഇതിഹാസങ്ങളും ഒക്കെ വായിച്ചു. മനുഷ്യാവസ്ഥകളെ തൊട്ടറിയുവനുള്ള തീവ്രമായ ശ്രമം. അതിനു വിഘ്നം വന്നിട്ടേയില്ല.
വായനയില്‍ ഉള്‍പ്പെടുത്താത്ത ഒരു വിഭാഗം സയന്‍സ് ഫിക്ഷനുകളാണ്. എന്തുകൊണ്ടോ അതില്‍ ഒരു ആകര്‍ഷണം ഇത് വരെ തോന്നിയിട്ടില്ല എന്ന് എം ടി തുറന്നു പറയുന്നു. “ബഷീറൊക്കെ സയന്‍സ് ഫിക്ഷന്‍ നന്നായി വായിക്കുമായിരുന്നു. പലപ്പോഴും എന്നെ അദ്ദേഹം അതിലേക്കു പ്രേരിപ്പിച്ചിട്ടുമുണ്ട്. പക്ഷെ എനിക്ക് എന്തോ അതില്‍ കമ്പം തോന്നിയില്ല.” ക്ലാസ്സിക്കുകളും സാഹിത്യ നോവലുകളും കഴിഞ്ഞാല്‍ എം. ടി അധികം വായിച്ചിട്ടുള്ളത് ക്രൈം ഫിക്ഷനുകളാണ്. കുറച്ചൊന്നുമല്ല. എണ്‍പതുകള്‍ വരെ എഴുതപ്പെട്ട ഒട്ടു മിക്കവാറും ക്രൈം നോവലുകള്‍ അദ്ദേഹം വായിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഓരോ നോവലിലെയും കഥകള്‍ ആ മനസ്സില്‍ അങ്ങനെ നിറഞ്ഞു കിടപ്പുണ്ട്. അമ്പതുകളില്‍ വായിച്ച എഡ്ഗര്‍ വാല്ലസിന്‍റെ കഥയൊക്കെ ഇപ്പോഴും ഓര്‍ത്തു പറയും. ജോര്‍ജെസ് സിമനോണിന്റെ ഒക്കെ നൂറു കണക്കിന് നോവലുകള്‍ വായിച്ചു എന്ന് പറയുമ്പോള്‍ കേട്ടിരിക്കുന്നവര്‍ ഒന്ന് ഞെട്ടി പോകും. പാട്രിക് സുസ്കിന്ദ്, സ്റ്റീവ് ലാര്‍സന്‍ ഒക്കെ അവസാനം വായിച്ചവരില്‍ പ്രിയപ്പെട്ടവരാണ്. സ്വീഡിഷ് നോവലിസ്റ്റ് ഹെന്നിംഗ് മങ്കേല്‍ ഒക്കെ പണ്ടേ പ്രിയപ്പെട്ടവരുടെ ലിസ്റ്റില്‍ പെട്ടിരുന്നു. ഈയിടെ മരിച്ച മങ്കേലിന്റെ അടുത്തിറങ്ങിയ ആത്മകഥയും എം ടി യുടെ കയ്യിലുണ്ട്.
Read More : ജീവിതമെന്ന വലിയ നുണ മരണമെന്ന മഹാസത്യം
അമേരിക്കന്‍ യാത്രയില്‍ വെച്ച് പരിചയപെട്ട ഒരു ടൂറിസ്റ്റു ഗൈഡ് അന്ന് എംടിക്ക് മാര്‍ക്കേസിന്റെ “One Hundred Years of Solitude“ വായിക്കാന്‍ കൊടുത്തു. അതിന്‍റെ മാസ്മരിക അനുഭവം അടുത്തറിഞ്ഞ മലയാളി ആവാന്‍ അങ്ങനെ സാധിച്ചു. നാട്ടില്‍ വന്ന ഉടനെ അത് പ്രൊഫ. എം കൃഷ്ണന്‍ നായര്‍ക്കു വായിക്കാന്‍ കൊടുത്തു. അങ്ങനെയാണ് മാര്‍ക്കേസ് മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ ആവുന്നത്. ലോസയും, ഫുവന്തസ്സും പാമുക്കും ഒക്കെ വായിച്ചിട്ടുള്ള എം ടിക്ക് മാര്‍ക്കേസ് കഴിഞ്ഞാല്‍ ലോസയെ ആണ് ഇഷ്ടം. പാമുക്കിന്‍റെ രചനകളെ പറ്റി അതെ മതിപ്പില്ല. അമേരിക്കന്‍ സാഹിത്യത്തോട് നല്ല താല്പര്യം. അവിടെയുള്ള പലരെ പറ്റിയും ചെറിയ കൃതികള്‍ എഴുതണം എന്നും കരുതിയതാണ്. ഹെമിംഗ് വേ യെ ക്കുറിച്ച് മാത്രമാണ് എഴുതാന്‍ കഴിഞ്ഞത്. എന്തിനു എഴുതുന്നു എന്ന ചോദ്യത്തിനു ബാഷെവിസ് സിങ്ങറെ (Isaac Bashevis Singer) ഉദ്ധരിച്ചു കൊണ്ട് എം ടി പറയും : "To entertain and inform"
മലയാളത്തിലെ പുതിയ രചനകള്‍ പോലും ഇപ്പോഴും ശ്രദ്ധയോടെ തേടിപ്പിടിച്ചു വായിക്കും. ഒരുപാട് പുതിയ എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍ സിത്താരയിലേക്ക് അയച്ചു കൊടുക്കും. ഒന്നും കണ്ടില്ല എന്ന് നടിക്കാറില്ല. എതോ ഒരു നമ്പൂതിരി എഴുതിയ 600 പേജുള്ള ആത്മകഥ വായിക്കുകയായിരുന്നു ഈയിടെ കണ്ടപ്പോള്‍. അതും പദ്യത്തില്‍ ! അതിലെ തമാശ പങ്കിട്ടാണ് അന്ന് സംസാരം തുടങ്ങിയത്. മറ്റു ഇന്ത്യന്‍ ഭാഷകളിലെ പ്രധാന കൃതികളും വായിച്ചിട്ടുണ്ട്. പൊതുവേ ഫിക്ഷനോടാണ് ഇഷ്ടമെങ്കിലും പ്രധാനപെട്ട നോണ്‍ ഫിക്ഷന്‍ കൃതികള്‍ എല്ലാം വായിക്കാറുണ്ട്. അടുത്ത കാലത്ത് മനു പിള്ള രചിച്ച “The Ivory Throne" എന്ന കൃതി എം.ടി ക്ക് ഏറെ ഇഷ്ടപെട്ട ഒരു നോണ്‍ ഫിക്ഷനാണ്. ഇഷ്ടമായവയെ പ്രചരിപ്പിക്കാനും അദ്ദേഹത്തിനു മടിയില്ല.പുസ്തകങ്ങളുടെ ലോകം എം ടി യെ വല്ലാതെ അകർഷിക്കാറുണ്ട്. അതുമായി ബന്ധപെട്ട നോവലുകള്‍ ഇപ്പോഴും തേടിപ്പിടിച്ചു വായിക്കും.
/indian-express-malayalam/media/media_files/uploads/2017/07/Mt-vasudevan-nair-1.jpg)
പുസ്തക ലോകത്തെ ഈ അസാധാരണ തീര്‍ത്ഥാടകന്‍ കുഞ്ഞുന്നാളില്‍ തുടങ്ങിയ ആ സപര്യ ഇന്നും തുടരുന്നു. പുതിയ കഥകള്‍ കൊണ്ട് മനസ്സ് നിറയ്ക്കാന്‍ ഈ 84 വയസ്സിലും കൊതിയോടെ കാത്തിരിക്കുന്നു. സിത്താരയിലെ ടീപോയിയില്‍ ഇപ്പോഴും പുസ്തകങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. സിതാരയില്‍ സ്ഥലം തികയാത്തതു കൊണ്ട് അവ പിന്നെ അവിടെ നിന്നും അടുത്ത് തന്നെയുള്ള സ്വന്തം ഫ്ലാറ്റിലേക്ക് എം ടി കൊണ്ട് വെക്കുന്നു. ആ പുസ്തകങ്ങളെ പരിചരിക്കാനായി എന്നും വൈകുന്നേരം എം ടി ആ ഫ്ലാറ്റിലെക്ക് പോകുന്നു. അവിടെയുള്ള എഴുത്ത് മേശയില്‍ അവ പിന്നെ കുന്നുകൂടി കിടക്കും. മഹാനായ ഈ വായനക്കാരന്‍റെ സ്നേഹ വാത്സല്യങ്ങള്‍ കിട്ടാന്‍ കൊതിച്ചു കൊണ്ട്. ഇത്രയും വായനയെ ആസ്വദിക്കുന്ന മറ്റൊരു എഴുത്തുകാരന്‍; ഇല്ല അങ്ങനെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.