മൃണാള്‍ സെന്നിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് വരുന്നത് നിത്യയൗവനം എന്ന വിശേഷണമാണ്. ഞാന്‍ കണ്ടിട്ടുള്ള പ്രായം ചെന്നവരില്‍ വച്ചേറ്റവും ചെറുപ്പമായ ആള്‍. പ്രായം ചെന്നയാള്‍ എന്ന് പറയുമ്പോള്‍ പടുവൃദ്ധനൊന്നും അല്ലായിരുന്നു. വാസ്തവത്തിൽ, കുട്ടിക്കാലത്ത് എന്റെ അച്ഛനമ്മമാരുടെ സുഹൃത്തായി ആദ്യം കാണുമ്പോള്‍ അദ്ദേഹം നല്ല ചെറുപ്പമായിരുന്നു. പക്ഷേ പ്രായം കുറവാണെങ്കില്‍ പോലും അച്ഛനമ്മമാരുടെ തലമുറയില്‍ പെട്ടവരെ മുതിര്‍ന്നവര്‍ എന്നല്ലേ കണക്കാക്കാന്‍ കഴിയൂ. എന്നാല്‍ അക്കൂട്ടത്തിലും തന്റെ സമകാലീനരെക്കാള്‍ ചെറുപ്പമാണ് എന്ന് തോന്നിപ്പിച്ചിരുന്നു അദ്ദേഹം. സദാ രസിപ്പിച്ചിരുന്ന, നര്‍മ്മബോധമുള്ള, അവനവനെ നോക്കി ചിരിക്കാനുള്ള അപൂര്‍വ്വമായ സിദ്ധിയുള്ള മൃണാള്‍ സെന്‍ യുവത്വത്തിന്റെ പ്രസിപ്പിന്റെയും ചൈതന്യത്തിന്റെയും മൂര്‍ത്തിഭാവമായിരുന്നു. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളും. രാജ്യത്തെ രാഷ്ട്രീയാസ്വാസ്ഥ്യങ്ങളില്‍പ്പെട്ടുഴറുന്ന യുവതയുടെ കഥകള്‍ മൃണാള്‍ സെന്നോളം ആര്‍ദ്രമായി വളരെച്ചുരുക്കം പേരേ പറഞ്ഞിട്ടുള്ളൂ. ‘ഇന്റെര്‍വ്യൂ’, ‘പാദാന്തിക്ക്’ തുടങ്ങിയ ചിത്രങ്ങളാണ് ഈയവസരത്തില്‍ പെട്ടന്ന് മനസ്സിലേക്ക് വരുന്നത്.
ചുറ്റിലുമുള്ള സാമൂഹ്യ യാഥാർത്ഥ്യങ്ങളെക്കുറിച്ച് നല്ല ബോധവും അവയുമായുള്ള നിരന്തരമായ ഇടപെടലും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ശക്തമായ ഇടതുചായ് വും, ആഴത്തിലുള്ള മാനുഷികതയും, കുട്ടികളെപ്പോലെയുള്ള ഔല്‍സുക്യവും ചേര്‍ന്നാണ് മൃണാള്‍ സെന്നിന്റെ സ്വത്വത്തെ രൂപീകരിച്ചതും, ലോകസിനിമയ്ക്ക് അവഗണിക്കാനാവാത്ത ശക്തിയായി വളര്‍ത്തിയതും. ഉള്ളിലുള്ള ശക്തിയും സൗമ്യതയും സാമൂഹിക ജാഗ്രതയും പുറം ലോകത്തെ സാമൂഹ്യ രാഷ്ട്രീയാവസ്ഥയിലെ തിന്മകളോടു മുഖം തിരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു കൊണ്ടേയിരുന്നു; ഉള്ളിലുള്ള ഔല്‍സുക്യമുള്ള കുട്ടിയാകട്ടെ, സിനിമാ എന്ന മാധ്യമത്തിലുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. അത് കൊണ്ടാവണം മൃണാള്‍ സെന്‍ സിനിമകളുടെ കാലത്തുള്ള മറ്റു ചില സിനിമകള്‍ കാലോചിതമല്ലാതായി തീരുമ്പോഴും അദ്ദേഹത്തിന്റെ സിനിമകള്‍ ആധുനികമായും പ്രസക്തമായും തുടരുന്നത്.
Read More: ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വ്വചിച്ച അരാജകവാദി

സ്വയം വിമര്‍ശിക്കാനും താന്‍ വന്ന സാമൂഹിക ചുറ്റുപാടുകളെ വിമര്‍ശന ബുദ്ധിയോടു കൂടി കാണാനുമുള്ള കഴിവാണ് സമകാലികരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്. മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും വന്ന അദ്ദേഹത്തിനു അതിന്റെ ബലഹീനതകളും ‘ഹിപ്പോക്രസി’യുമെല്ലാം നന്നായി അറിയാമായിരുന്നു. അത് കൊണ്ടാണ് ‘ഖരീജ്’, ‘ഏക് ദിന്‍ പ്രതിദിന്‍’ തുടങ്ങിയ, സ്ഥാപിത ബംഗാളി മദ്ധ്യവര്‍ഗ ‘മൊറാലിറ്റി’യിലൂന്നിയ കഥകള്‍ പറഞ്ഞ ചിത്രങ്ങളിലും അതേ മൂല്യങ്ങളെ അദ്ദേഹം ചോദ്യം ചെയ്തത് – അതും തീര്‍ത്തും ആസ്വദിച്ചു കൊണ്ട് തന്നെ. ‘ഏക് ദിന്‍ പ്രതിദിനി’ല്‍ വീട്ടിലെ മുതിര്‍ന്ന കുട്ടിയും (ഒരുപക്ഷേ കുടുംബത്തിലെ വരുമാനമുള്ള ഒരെയൊരാളുമായ) ചിനു ഒരു രാത്രി ജോലി കഴിഞ്ഞു മടങ്ങി എത്താതിരിക്കുമ്പോള്‍, കുടുംബവും അയല്‍ക്കാരും എല്ലാം അവളുടെ ഉദ്ദേശങ്ങളെ ചോദ്യം ചെയ്യുകയും ‘മൊറാലിറ്റി’യെ സംശയിക്കുകയും ചെയ്യുന്നു. ഒടുവില്‍ അവള്‍ മടങ്ങി എത്തുമ്പോള്‍, അവള്‍ ആ രാത്രി എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ഒരു വിശദീകരണവും നല്‍കുന്നുമില്ല സംവിധായകന്‍. ഒരിക്കല്‍ ചിത്രത്തിന്റെ സ്ക്രീനിംഗ് കഴിഞ്ഞുള്ള ചോദ്യോത്തരവേളയില്‍ ഞാനും ഉണ്ടായിരുന്നു. ചിനു ആ രാത്രി മുഴുവന്‍ എവിടെയായിരുന്നു എന്ന് ഒരാള്‍ മൃണാള്‍ സെന്നിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി തികഞ്ഞ ഹര്‍ഷത്തോടെ ഞാന്‍ ഓര്‍ത്തു പോവുകയാണ്. “ഞാന്‍ എങ്ങനെ അറിയും അവള്‍ എവിടെയായിരുന്നു എന്ന്?”, ചിരിയോടെ അദ്ദേഹം പറഞ്ഞു, “ചിത്രം അത്തരത്തില്‍ പ്രതീകാത്മകമായി എടുത്തതിന്റെ കാരണം തന്നെ ആ ചോദ്യം നിങ്ങളെ എക്കാലവും വേട്ടയാടണം എന്നുള്ളത് കൊണ്ടാണ്!”
1979ല്‍ നിര്‍മ്മിക്കപ്പെട്ട ആ ചിത്രത്തിന്റെയും സംവിധായകന്റെയും അനന്യസാധാരണമായ ആധുനിക വീക്ഷണം കണ്ടു അത്ഭുതപ്പെടാതെ തരമില്ലായിരുന്നു. പുരുഷാധിപത്യ മൂല്യങ്ങളില്‍ ഊന്നിയ ഒരു വ്യവസ്ഥയുടെ വിട്ടുവീഴ്ചയില്ലാത്ത ഒരു സൂക്ഷ്‌മവീക്ഷണമാണ് ചിത്രം പകര്‍ന്നത്.
അദ്ദേഹത്തിന്റെ മരണം അവശേഷിപ്പിക്കുന്ന ശൂന്യത വളരെ വലുതാണ് – സിനിമാ ലോകത്തും, എന്റെ സ്വകാര്യ ലോകത്തും.
Read More: ഒരു കാലഘട്ടം മറയുന്നു: ‘മൃണാള്‍ദാ’യെ ഓര്‍ത്ത് ഷാജി എന്‍ കരുണ്‍
ജീവിതത്തോട് അദ്ദേഹം കാണിച്ചിരുന്ന ആസക്തിയും സിനിമയോട് അദ്ദേഹം കാണിച്ചിരുന്ന മമതയുമാണ് അദ്ദേഹത്തില്‍ ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്നത്. ഒരു സൃഷ്ടാവിന്റെ സന്തോഷം ‘ഭുവന്‍ ഷോം’, ആകാശ് കുസും’ പോലെയുള്ള ചിത്രങ്ങളിലും, കുറെയും കൂടി ഗൗരവമേറിയ ചിത്രങ്ങളായ ‘ ഏക് ദിന്‍ പ്രതിദിന്‍’, ‘ഖാണ്‍ഡഹാര്‍’, ‘മഹാപൃത്ബി’ എന്നിവയില്‍ വ്യക്തമായി കാണാം. കാഴ്ചക്കാരി എന്ന നിലയില്‍, നിര്‍വ്വചിക്കാനാവില്ല എങ്കിലും, അത് എന്നെ നന്നായി ബാധിച്ചിട്ടുണ്ട്.
സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള മൃണാള്‍ സെന്നിന്റെ കഴിവും ആഗ്രഹവുമാണ് എന്നെ ഏറ്റവും അധികം ബാധിച്ചിട്ടുള്ളത്. അദ്ദേഹം ഒരു സീരിയസ് ഫിലിംമേക്കര്‍ ആയിരുന്നു – മഹാന്മാരില്‍ അവസാനത്തെയാളും – പക്ഷേ എല്ലാ മഹാന്മാരേയും പോലെ മൃണാള്‍ സെന്നും തന്നെ സീരിയസ് ആയി എടുത്തിരുന്നില്ല. ഊഷ്മളമായ നര്‍മ്മബോധത്താലും ലാഘവമുള്ള സ്പര്‍ശങ്ങളാലും അദ്ദേഹം തന്റെ സിനിമകളെ നിറച്ചു. പരീക്ഷണാത്മകവും തീര്‍ത്തും സിനിമാറ്റിക്കുമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഏറ്റവും പ്രധാനമായി, പരീക്ഷണ ചിത്രങ്ങളില്‍ പോലും സുവ്യക്തമാകുന്ന, ആഴത്തിലുള്ള മാനവികതയും ലോകസിനിമയിലെ മഹാന്മാര്‍ക്കൊപ്പം അദ്ദേഹത്തിനു സ്ഥാനമൊരുക്കി.
Read More: പി ജി വഴി ‘കയ്യൂരി’ല്‍ എത്തിയ മൃണാള്‍ സെന്‍
വിവരിക്കാനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. എന്നെ സംബന്ധിച്ച്, അച്ഛനമ്മമാരും സത്യജിത് റേയും കഴിഞ്ഞാല്‍, എല്ലാ പാടേ നശിച്ചിട്ടില്ല എന്നും, വാണിജ്യത്തിനും ഭോഗപരതയ്ക്കും അടിയറ വച്ചിട്ടില്ല എന്നും ആവര്‍ത്തിച്ചു സ്ഥിരീകരിച്ച ഒരാളാണ് മൃണാള്‍ കാക്കാ എന്ന് ഞാന്‍ വിളിക്കുന്ന മൃണാള്‍ സെന്‍. ജീവിതം മുന്നോട്ട് നീക്കാനുള്ള ധൈര്യം തരുന്ന മൂല്യങ്ങള്‍ പകര്‍ന്നു തന്നവര്‍. എന്റെ രീതിയ്ക്ക് സിനിമ എടുക്കാനും ആ ശ്രമം തുടരാനും ഉള്ള ഇച്ഛാശക്തി തന്നവര്‍. മൃണാള്‍ സെന്നിന്റെ മരണത്തില്‍ അനുശോചിക്കുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തേയും വരും തലമുറകള്‍ക്ക് ആസ്വദിക്കാനായി അദ്ദേഹം അവശേഷിപ്പിച്ചു പോയ സിനിമകളേയും ആഘോഷിക്കേണ്ടതുണ്ട്. അതാവട്ടെ അദ്ദേഹത്തിനു നല്‍കുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി.
വിട, മൃണാള്‍ കാക്കാ.
നടിയും സംവിധായികയുമാണ് അപര്‍ണ സെന്‍