എഴുപതുകളുടെ അവസാനം ബോംബെയില്‍ ജോലി ചെയ്യുന്ന കാലം.  ദേശീയ സിനിമ നയം (National Film Policy,1980) ഉണ്ടാക്കുന്നതിന്റെ ഭാഗമായി അവിടെ എത്തിയ മൃണാള്‍ സെന്നിനെ കാണാനും ചില സായാഹ്നങ്ങളില്‍ സമയം ചെലവിടാനും സാധിച്ചിട്ടുണ്ട്.  നല്ല സിനിമകള്‍ നിര്‍മ്മിക്കാനും നല്ല സിനിമകൾ കാണിയ്ക്കാൻ തീയറ്റർ ഉണ്ടാക്കുന്നതിനും, ഫിലിം ഫെസ്റ്റികളിൽ കാണിക്കുന്ന ചിത്രങ്ങൾക്ക് സബ് ടൈറ്റിൽ ചെയ്യാനും, ഫിലിം മേളകളെയും, ഫിലിം സൊസൈറ്റികളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി വീറോടെ വാദിച്ചു നയമാക്കി എടുക്കാനുള്ള ചര്‍ച്ചകൾക്കായി ബോംബയിൽ വരുമ്പോഴെല്ലാം മൃണാൾദായുമായി സിനിമകളെക്കുറിച്ചും, കേരളത്തിലെ [പ്രിയപ്പെട്ടവരെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്.

ഡോക്ടർ ശിവരാമ കാരന്ത് അധ്യക്ഷനായുള്ള ദേശീയ സിനിമ നയ കമ്മറ്റിയിൽ മൃണാൾ സെന്നിനെ കൂടാതെ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനെഗല്‍, ജി പി സിപ്പി, ബസു ഭട്ടാചാര്യ, ഋഷികേശ് മുഖർജി, ജി വി അയ്യർ തുടങ്ങിവരായിരുന്നു അംഗങ്ങൾ. മാസങ്ങളോളം നടന്ന ചർച്ചകളിൽ സെൻസറിങ് വിഷയം വന്നപ്പോൾ അതിനു വേണ്ടി ശക്തമായി അകത്തും പുറത്തും അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനെഗല്‍, ജി പി സിപ്പിയുമൊക്കെ വാദിച്ചു. അത് പോലെ തന്നെ പ്രാദേശിക സിനിമയ്ക്കു വേണ്ടി പ്രത്യേക സഹായം നൽകണമെന്നും അതിനു വേണ്ടി രൂപവൽക്കരിക്കുന്ന സ്ഥാപനങ്ങൾ തിരുവനന്തപുരത്തും ബാംഗ്ലൂരിലും കൊൽക്കത്തയിലും വരണമെന്നും നിർദേശിച്ചിരുന്നു.

ഇതിന്റെ ഒക്കെ ഫലമായാണ് കേരള ചലച്ചിത്ര വികസന കോര്‍പറേഷന് (കെ എസ് എഫ് ഡി)  തിയേറ്ററുകൾ ഉണ്ടായത്. എൻ എഫ് ഡി സി, ഫിലിം ആര്‍ക്കൈവ്സ്, സെൻസർ ബോർഡ് തുടങ്ങിവയുടെ ഓഫീസ് തിരുവനന്തപുരത്തു കലാഭവനിൽ വന്നതും. ശിവരാമ കാരന്ത് റിപ്പോര്‍ട്ട്‌ നടപ്പാക്കിയപ്പോൾ ഫിലിം ഫിനാൻസ് കോര്പറേഷന്‍ എന്നത് നാഷണൽ ഫിലിം വികസന കോർപ്പറേഷൻ (എന്‍ എഫ് ഡി സി) ആയി മാറുകയും മലയാളത്തിലെ പല നവാഗതർക്കും സിനിമ ഉണ്ടാക്കാൻ അവസരമുണ്ടാകുകയും ചെയ്തു.

ഇക്കാലത്തു അരവിന്ദൻ എൻ എഫ് ഡി സി ബോർഡ് മെമ്പറായിരുന്നു. ദേശീയ സിനിമ നയമുണ്ടാക്കുന്ന കാലയളവിലായിരുന്നു ചാത്തുണ്ണി മാഷും ജയപാല മേനോനും ഒക്കെ ചേർന്ന് ജനശക്തി ഫിലിം സംഘം ഉണ്ടാക്കിയതും, ആക്കാലത്തുണ്ടായ പല നല്ല സിനിമകളുടെ കേരളത്തിലെ വിതരണ അവകാശം വാങ്ങിയതും, പ്രാദേശിക സിനിമകൾ കേരളത്തിലും ബോംബെ, ഡൽഹി, കൽക്കത്ത എന്നിവിടങ്ങളിലും കാണിച്ചതും. അന്നു മുതൽ മൃണാൾദായ്ക്ക് കേരളത്തോട് വലിയ അടുപ്പമായിരുന്നു.

പി ഗോവിന്ദ പിള്ളയോടുള്ള അടുപ്പമാണ് മൃണാൾദായെ ‘കയ്യൂര്‍’ സിനിമയിലേക്ക് ആകർഷിച്ചത്. ആ പദ്ധതി എന്തു കൊണ്ട് ഉപേക്ഷിച്ചെന്ന് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോൾ എന്റെ തോളത്തു തട്ടി കൊണ്ട് മൃണാള്‍ദാ പറഞ്ഞു, “You ask our friend John Abraham also why he left.” കയ്യൂരിനെ പറ്റി ഇവര്‍ രണ്ടു പേരും പറഞ്ഞത് ഒന്നു തന്നെ. ജോൺ പറഞ്ഞത് ‘കയ്യൂർ കൺഫ്യൂഷൻ’ എന്നായിരുന്നു.

മൃണാൾദാ അടൂരിനെ ഒരു ഇളയ അനുജനെപ്പോലെ ആണ് കൊണ്ടു നടന്നത്; അരവിന്ദനെ സന്യാസതുല്യനായ കവിയും ചിത്രകാരനുമായും. ജോണിനെപ്പറ്റി പറയാറുള്ളത് “Very talented genius, most political” എന്നും.

ഒരിക്കല്‍, ഒരു രാത്രിയിൽ സിഗരറ്റു കട തേടി മൃണാൾദായോടൊപ്പം ബാന്ദ്രാ സ്റ്റേഷനടുത്തു കൂടി ലിങ്ക് റോഡിലൂടെ നടക്കുമ്പോൾ ഞാൻ ചോദിച്ചു “പശയിട്ട് തേച്ച് വടിവൊത്ത അഴുക്കു പുരളാത്ത വസ്ത്രത്തിലല്ലാതെ മൃണാൾദായെ ഞാൻ കണ്ടിട്ടില്ലല്ലോ?”

എന്റെ തോളത്തു കൈയിട്ടു നടന്നു കൊണ്ട് മൃണാൾദാ പറഞ്ഞു, “We from Calcutta are more influenced by the British aristocracy in dress and food, than in thoughts.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook