scorecardresearch
Latest News

വയലറ്റ് നിറമുള്ള ഓർമ്മകൾ

ജീവിതത്തിൽ പാതി വെന്തായിരുന്നു അമ്മ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാക്കി പാതി അവിടെ വെന്തു തീർത്തു

വയലറ്റ് നിറമുള്ള ഓർമ്മകൾ

കണ്ണടച്ചു തല കുടഞ്ഞെറിഞ്ഞാലും മാഞ്ഞു പോവാത്ത ഓർമകളുണ്ട്. അതിലൊന്ന് ദേഹം മുഴുവൻ ചുവന്ന പാടുകളുമായി മുടിയഴിഞ്ഞു വീണ് പിടഞ്ഞോടുന്ന നഗ്നയായ സ്ത്രീയുടേതാണ്, എന്റെ അമ്മയായിരുന്നു അത്. ഇന്നും ഊതിയൂതി ഉള്ളിൽ ചുട്ടുപഴുപ്പിച്ച് മുറിവു പടർത്തുന്ന അമ്മയോർമ്മ.

ഞായറാഴ്ച പള്ളി കഴിഞ്ഞു പോരുന്ന വഴിക്ക് അമ്മാമ്മയുടെ അടുത്ത് കയറണമെന്ന് നിർബന്ധമാണ് അമ്മയ്ക്ക്. മൂത്ത മരുമകളെ അമ്മാമയും കാത്തിരിക്കും. ചില്ലറ സങ്കടങ്ങളും പരദൂഷണവും പെരുന്നാളിന്നുണ്ടാക്കുന്ന പലഹാര വിശേഷങ്ങളും ഒക്കെ പെടും ആ അര മണിക്കൂർ പഞ്ചായത്തിൽ. പിന്നെ വീട്ടിലേക്കു പോരും. അതാണ് പതിവ്.

Read More: Father’s Day 2019: മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്

അതു പോലൊരു ഞായറാഴ്ചയായിരുന്നു അന്നും. ഞാൻ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുകയാണെന്നു തോന്നുന്നു. ഇടയിലൊരു തോടു മുറിച്ചു കടക്കാൻ നീളൻ പാവാടയൊതുക്കി പിടിച്ച് അമ്മയുടെ കൈ പിടിക്കുന്നൊരു കാഴ്ച മങ്ങിക്കത്തുന്നുണ്ട്. അപ്പൻ ഗൾഫിലെ ജോലിയവസാനിപ്പിച്ച് നാട്ടിൽ വന്നിരിക്കുന്ന സമയമാണ്. വീട്ടിലേക്ക് നടന്നു കയറുമ്പോൾ മുൻവശത്തു തന്നെ പത്രത്തിൽ തല പൂഴ്ത്തി ആളിരുപ്പുണ്ട്. മുഖമുയർത്തി നോക്കിയില്ലെങ്കിലും ഉള്ളിലൊരു വിറയലു പടർത്താൻ കഴിവുണ്ട് അയാൾക്ക്.

Mother’s Day 2019: മമ്മിയുടെ റെസിപ്പി ബുക്ക്‌

അടുക്കളയിൽ കയറി വെള്ളം കുടിച്ച് വെറുതേ പിൻ വരാന്തയിലേക്കിറങ്ങിയപ്പോൾ മുൻവശത്തിരുന്ന് പത്രം വായിച്ചിരുന്ന ആൾ വേലിക്കരുകിൽ നിന്ന് ശീമക്കൊന്നയുടെ കമ്പ് വെട്ടുന്നു. പെട്ടെന്നൊരു നടുക്കം വന്നു. അപകടമാണോ?

ഒരു നീളൻ വടി അറ്റം ചെത്തി ചെത്തി അകത്തു കയറുന്നതു കണ്ടു. എപ്പോൾ വേണമെങ്കിലും വരാൻ സാധ്യതയുള്ള പാമ്പിനെ തല്ലിക്കൊല്ലാൻ വടി സൂക്ഷിക്കുന്ന പതിവുണ്ട്. അതിനായിരിക്കുമോ ?

പെട്ടെന്നാണ് അമ്മയുടെ നിലവിളി കേട്ടത്. ഒരു നിമിഷം കഴിഞ്ഞാണ് തലയിലേക്കു കയറിയത്. അമ്മയെയാണ് അടിക്കുന്നത്. പള്ളി കഴിഞ്ഞ് വരാൻ നേരം വൈകിയതിനാണ്. സാധാരണ അടികൾക്കൊന്നും കരയാത്തവളാണ്. ദേഹത്തു വീഴുന്ന ഓരോ അടിക്കും ‘അടിക്കല്ലേ അപ്പച്ചാ’ എന്നു പറഞ്ഞ് കൊച്ചു കുട്ടികളുടെ പോലെ കരയുന്നുണ്ട്.

ഞാൻ പേടിച്ചു നിലവിളിച്ചു. അയാൾ എന്നെ നോക്കിയ നിമിഷം അമ്മ കരഞ്ഞു കൊണ്ട് പുറത്തേക്കോടി. ആദ്യമായിട്ടായിരുന്നു അമ്മ അടി കിട്ടി പുറത്തേക്കോടുന്നത്. അതു വരെ കരച്ചിൽ വീടിനുള്ളിലൊതുക്കുകയായിരുന്നു പതിവ്. അത്രയ്ക്കു നൊന്തിട്ടുണ്ടാവണം.

ഞങ്ങളുടെ നിലവിളി കേട്ടാവണം അയൽവക്കത്തുനിന്നെല്ലാം ആളുകൾ വന്നു. അപ്പോഴും അയാൾ പാമ്പിനെ തല്ലിക്കൊല്ലാൻ അടിക്കുന്ന പോലെ അടിക്കുന്നുണ്ട്. വെളുത്തതായിരുന്നു അമ്മ. ഓരോ അടികളും ദേഹത്ത് ചുവന്ന പാടുകളായി തിണർക്കുന്നുണ്ട്.

ആളുകൾ ബഹളം വെച്ചതോടെ അടി നിറുത്തി. അപ്പോഴേക്കും അമ്മ സ്ഥായിയായ ശാന്ത ഭാവം വെടിഞ്ഞു കഴിഞ്ഞിരുന്നു. കരച്ചിലുകളൊടുങ്ങി ഉച്ചത്തിലെന്തൊക്കെയോ വിളിച്ചു പറഞ്ഞു തുടങ്ങി.

അടുത്ത വീട്ടിലെ മിനിയുടെ അപ്പൻ വന്ന് ഉടുത്തിരുന്ന മുണ്ടഴിച്ച് അമ്മയുടെ മേലിട്ടു കൊടുത്തപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് അമ്മ നഗ്നയാണെന്ന്. ആരോ മുണ്ടു കൊണ്ട് പുതപ്പിച്ച് അമ്മയെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. അപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ അമ്മ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ദേഹത്തെ ആ ചുവന്ന പാടുകൾ പിറ്റേന്ന് വയലറ്റ് നിറമായി ഞങ്ങളുടെ മനസ്സിലും തിണർത്തു കിടന്നു. അത് മായാൻ മാസങ്ങളെടുത്തു. ഇന്ന് അമ്മയില്ല. എങ്കിലും അമ്മയെ ഓർക്കുമ്പോൾ ആദ്യം വരുന്ന ഓർമ്മ ഇതാണ്. വയലറ്റ് നിറത്തിലുള്ള അടികളുടെ.theresa,memories,mothers day

അമ്മയുടെ ജീവിതം ഒരു കനലായിരുന്നു. എങ്കിലും അതിനുള്ളിൽ മിന്നുന്ന തീപ്പൊട്ടുകളിൽ സന്തോഷം കണ്ടെത്തി. അമ്മയുടെ അമ്മ, അമ്മ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു പോയിരുന്നു. പിന്നെ അപ്പനും അമ്മാമ്മയും നാലു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ മൂന്നു കൊല്ലക്കാലം കൊണ്ടുപോയിരുന്നത് പന്ത്രണ്ടു വയസ്സുള്ള ആ പെൺകുട്ടിയാണ്.

വീട്ടുപണികൾ ചെയ്തും പാടത്തെ കായ്കറികൾ നട്ടുനനച്ചും ആ കുട്ടി തളർന്നു പോയിട്ടുണ്ടാവണം, അപ്പൻ രണ്ടാമതു കെട്ടിയെങ്കിലും മൂത്ത സഹോദരനടക്കം നാലു പേർക്ക് പിന്നെ അമ്മയായത് ഈ പെങ്ങളായിരുന്നു. അപ്പന്റെ രണ്ടാം ഭാര്യയും താനുമായി നാലഞ്ചു വയസ്സ് മൂപ്പേയുള്ളുവെന്നറിഞ്ഞ മൂത്ത മകൻ കല്യാണ പിറ്റേന്നു വരെ തട്ടും മുകളിൽ വാതിലടച്ചിരുന്നു. പിന്നെ നാടുവിട്ടു പോയി.

അതിഷ്ടപെടാത്ത അപ്പന് പിന്നെ ആദ്യ കെട്ടിലെ മക്കൾ ചതുർത്ഥിയായി. രണ്ടാനമ്മ വീണ്ടും അഞ്ചു മക്കളെ പ്രസവിച്ചു. അവരൊരു പാവം സ്ത്രീയായിരുന്നു. പ്രസവിച്ചെണീറ്റുടനെ കൃഷി പണിക്ക് പാടത്തിറങ്ങുമ്പോൾ കുട്ടികളും വീട്ടുജോലിയും അമ്മയുടെ ചുമലിലായി.

പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് തിരക്കിന്നിടയിൽ ശ്രദ്ധിക്കാൻ പറ്റാതെ പോയൊരു പനി ടിബിയായി മാറിയത്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെന്ന് കേട്ടിട്ടുണ്ട്. ടീച്ചറാവാനായിരുന്നു മോഹം. പക്ഷേ, സുഖപ്പെടാൻ തൃശൂരിലെ സാനിറ്റോറിയത്തിൽ ഒരു വർഷത്തോളം കിടക്കേണ്ടി വന്നു.

അപ്പോഴേക്കും ആരും കണ്ടാൽ കൊതിക്കുന്ന റോസപൂവായി തീർന്നിരുന്നു റോസിപ്പെണ്ണ് . ഇനിയും ഈയസുഖം തിരിച്ചു വരും, മരിച്ചു പോയേക്കും എന്നുള്ള ചിന്തയിൽ കല്യാണം വേണ്ടെന്നു പറഞ്ഞു. അപ്പനൊട്ടു നിർബന്ധിച്ചുമില്ല. പിന്നീട് അപ്പന്റെ മരണ ശേഷം മൂത്ത ആങ്ങളയുടെ ‘ഇങ്ങനെ നിന്നാൽ പറ്റില്ലെന്ന’ ശാഠ്യമാണ് മുപ്പത്തിയെട്ടാം വയസ്സിൽ കല്യാണം കഴിപ്പിച്ചത്.

ജീവിതത്തിൽ പാതി വെന്തായിരുന്നു അമ്മ വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാക്കി പാതി അവിടെ വെന്തു തീർത്തു.

എന്റെ അമ്മയുടെ നാല്പത്തിന്നാലാം വയസ്സിലുണ്ടായ മോളാണ് ഞാൻ. വയസ്സാം കാലത്തുണ്ടായതു കൊണ്ടുള്ള പരിഗണനയിൽ എന്നെയിത്തിരി കൊഞ്ചിക്കൽ കൂടുതലായിരുന്നു.

പറമ്പിൽ പണിയുണ്ടാവും എപ്പോഴും. ഓല വെട്ടിക്കീറലോ, ഓലത്തുഞ്ച് കെട്ടിവെക്കലോ,  നാളികേരം പെറുക്കി കൂട്ടലോ എല്ലാമായി ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. എങ്കിലും സാരിത്തുമ്പിൽ തൂങ്ങി നടക്കുന്ന എനിക്കു വേണ്ടി അതിന്നിടയിലും കഥയുടെ സഞ്ചി തുറക്കും.

കഥ കേട്ടുകേട്ടെനിക്ക് മതിയാവില്ല. പിന്നേം പിന്നേം പറയിക്കും. ഒരു മടുപ്പുമില്ലാതെ പറഞ്ഞു കൊണ്ടേയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയുടെ വയറ്റത്ത് കാലെടുത്തു വെച്ച് കിടന്നു വീണ്ടും പറയും – ‘ഒരു കഥ പറയ് അമ്മൂ.’ ക

ഥകളിലൊഴുകിയായിരുന്നു ഞാനുറങ്ങാൻ കിടക്കുന്നത്. സ്നേഹം വരുമ്പോൾ ‘തത്തമ്മക്കുട്ടീ, കുഞ്ഞുമോളെ’ എന്നെല്ലാം പുന്നാരിക്കും. ഉച്ചയ്ക്കൊരു അര മണിക്കൂർ മയക്കമുണ്ട്. ആ സമയത്ത് കെട്ടിപ്പിടിക്കുമ്പോൾ വിയർപ്പു മണക്കും. എന്നാലും എനിക്കിഷ്ടമായിരുന്നു.

ഇടയ്ക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികളെയും കൊണ്ട് സിനിമക്കു പോകും. അങ്ങനെയൊരു സിനിമ കഴിഞ്ഞു വരുമ്പോഴാണ് വരാന്തയിൽ അയാളിരിക്കുന്നത് കണ്ടത്. ഒരു കുപ്പിയിൽ നിന്ന് കുടിച്ചു കൊണ്ടിരിക്കുകയാണ്. പിറ്റേന്നറിഞ്ഞു ഇനി ഗൾഫിലേക്ക് പോകുന്നില്ല.

ഭർത്താവുണ്ടെങ്കിലും ആ ഭർത്താവ് ഗൾഫിലായിരുന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല അമ്മയ്ക്ക്. ലീവിനു വരുമ്പോൾ കുടിക്കാൻ വന്നു കൂടുന്നവർക്കു ഭക്ഷണമുണ്ടാക്കി തളരും. പോവുമ്പോൾ ഏതെങ്കിലും പറമ്പിൻ കഷണം വേറെയാർക്കെങ്കിലും തീറായി പോയിട്ടുണ്ടാവും. ജോലി വിട്ടു പോന്നപ്പോൾ പൂർത്തിയായി.

അസാമാന്യ ദേഷ്യവും ആ ദേഷ്യം നിയന്ത്രിക്കാനും ഒട്ടും കഴിയാത്ത ഒരാൾ. അയാൾ ഒരു മുഴു മദ്യപാനിയും സിഗററ്റ് വലിക്കാരനും കൂടിയാണെങ്കിലോ. ജീവിതം തീക്കനലായിരുന്നു പിന്നീട്. ദേഷ്യം വരുമ്പോൾ കിട്ടിയതെടുത്ത് അടിക്കുക, ഉണ്ടാക്കി വെച്ച ഭക്ഷണം വലിച്ചെറിയുക, മുറിയിൽ പൂട്ടിയിടുക, രാത്രി വീടിന് പുറത്താക്കി വാതിലടക്കുക, മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ഓടിക്കുക, മുഖത്ത് തുപ്പുക തുടങ്ങി എല്ലാ പീഢകളും ഞങ്ങളേറ്റുവാങ്ങി. ചേച്ചിയപ്പോഴേക്കും പഠിക്കാനായി പുറത്തു പോയിരുന്നു.theresa ,memories, mothers day,iemalayalam

കീറി മുറിച്ചു കടന്നു പോയ സങ്കട കടലുകളെത്ര, ഒഴുക്കിയ കണ്ണീരെത്ര… ഒരു കടലോളം തന്നെയുണ്ടാവും അതിന്റെ അളവ്. അമ്മ ഒരു സഹനമായിരുന്നു. ഇവിടെ സഹിക്കുന്നതിനെല്ലാം ദൈവം പ്രതിഫലം തരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു ഭക്ത. എപ്പോഴും ‘നാഥാ’ എന്ന വിളി കേൾക്കാം. നെടുവീർപ്പുകളുയർന്നു കൊണ്ടേയിരിക്കും.

‘അമ്മ, നമുക്ക് ഈ ജീവിതം വിട്ടോടി പോകാം’ എന്നു നിർബന്ധിച്ചിട്ടും ‘ഇല്ല, ഇതു ദൈവം നിശ്ചയിച്ചതാണ്’ എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സ്ത്രീ. പക്ഷേ, ഞങ്ങൾ രണ്ടു പെൺമക്കളുടെ കാര്യത്തിൽ അവർ സാധ്യതയ്ക്ക് കാത്തുനിന്നില്ല. കല്യാണ ആലോചനകളിൽ ചെറുക്കന്മാരുടെ തറവാടും സമ്പത്തും ഭംഗിയുമൊന്നും കണക്കിലെടുത്തില്ല. പഠിപ്പും സ്വഭാവവും മാത്രം പരിഗണിച്ചു. അവിടെ ആരുടെ അഭിപ്രായങ്ങൾക്കും വില കൊടുത്തതുമില്ല. അതു ശരികളായി വരികയും ചെയ്തു.

അമ്മ എല്ലാവർക്കും നന്മ ചെയ്തു. അതു കൊണ്ടു തന്നെ എല്ലാവരും അവരെ ഇഷ്ടപ്പെട്ടു.
അപ്പൻ മരിക്കുന്നതിന്റെ തലേന്നു വരെ അമ്മയെ അടിച്ചിരുന്നു. വെള്ളം എടുത്തു കൊടുക്കാൻ വൈകിയെന്നു പറഞ്ഞ് ചെരുപ്പു കൊണ്ട് കിട്ടിയ അടിയുടെ പാട് അപ്പന്റെ ശവമഞ്ചത്തിനരികെയിരിക്കുമ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.

പിന്നീടായിരുന്നു ഞങ്ങൾ മക്കളുടെ ഭരണം. എന്റെ വിവാഹ ജീവിതത്തിലെ ഓരോ പ്രശ്നങ്ങൾക്കും ഞാനവരോട് വഴക്കിട്ടു, ഒച്ച വെച്ചു. അവരൊന്നും തിരിച്ചു പറഞ്ഞില്ല. ഞാൻ തനിച്ചാവുമ്പോൾ എന്റെയടുത്തു വന്ന് എന്നെ കെട്ടിപിടിച്ചു കിടന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ എന്റെ മക്കളോട് തല്ലിട്ടു വാങ്ങി സൂക്ഷിച്ചു വെച്ച എനിക്കിഷ്ടമുള്ള മധുര പലഹാരങ്ങൾ കാണാതെ തന്നു. അസമയത്ത് കിടക്കുമ്പോൾ പനിയാണോയെന്ന് നെറ്റിയിൽ കൈവെച്ചു. സീരിയലുകളുടെ കഥ പിന്നാലെ നടന്നു പറഞ്ഞു തന്നു. ഒടുവിൽ അവർ പോയി.

പുലർച്ചെ രണ്ടു മണിക്കാണ് അന്നു ഞാൻ ജോലി കഴിഞ്ഞെത്തിയത്. മുറിയിലേക്കു പോകുമ്പോൾ കണ്ടു, ഞാൻ വരുന്നതും കാത്ത് അമ്മയെഴുന്നേറ്റിരിക്കുകയാണ്. ചെറുങ്ങനെ പനിയും ശ്വാസം മുട്ടലുമുണ്ട്. അപ്പച്ചൻ വീടിനുള്ളിൽ വലിച്ചുകൂട്ടിയ സിഗററ്റുകളുടെ ദുരിതം മുഴുവൻ ഏറ്റു വാങ്ങേണ്ടി വന്നത് അമ്മയായിരുന്നു. അങ്ങനെ കിട്ടിയതായിരുന്നു ആ അസുഖം.

പിറ്റേന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായി. നേരമെപ്പോഴും വേദനയിൽ മയങ്ങിക്കിടന്നു. തിരിച്ചു വരില്ലെന്നുറപ്പായി. പക്ഷേ, ഓരോ തവണ കാണുമ്പോഴും എനിക്കു തിരിച്ചു വേണമെന്നു പറഞ്ഞു കരഞ്ഞു. എല്ലാവരേയും മറന്നു പോയിട്ടും എന്നെ മാത്രം ഓർമിച്ചു. വിളിക്കുമ്പോൾ ഇമകളനങ്ങും. മരണത്തിലേക്ക് വിട്ടുകൊടുക്കാതെ ഞാൻ പിന്നാക്കം വലിച്ചു കൊണ്ടിരുന്നു.

വിട്ടു കൊടുക്കാതെ പറ്റില്ല എന്നു വന്നപ്പോഴാണ് റൂമിലേക്ക് മാറ്റിയത്. അന്നു വൈകുന്നേരമായപ്പോൾ എന്നോട് അടുത്തു കിടക്കാൻ കൈ തട്ടി കാണിച്ചു. ഞങ്ങൾ പണ്ട് കിടക്കാറുണ്ടായിരുന്നതു പോലെ കിടന്നു. അതു വരെ തനിയെ ചെരിയാൻ കഴിയാത്തയാൾ എന്റെയടുത്തേക്ക് ചെരിഞ്ഞ് ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. അങ്ങനെ കിടന്ന് കിടന്ന് മരിച്ചു പോയി ഞങ്ങൾ രണ്ടാളും. നിശബ്ദമായി…

Read More Mother’s Day Articles Here

തെരേസ എഴുതിയ ലേഖനങ്ങൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Mothers day 2019 memories amma