Mother’s Day: എരമല്ലൂരിലെ വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി താമസിക്കുമ്പോള്‍, രാവിലെ എഴുന്നേറ്റ് വാതില്‍ തുറക്കാറ് അച്ഛനാണ്. മുറ്റത്തേക്കൊന്നെത്തി നോക്കി ഒരു ചെറുചിരിയോടെ അച്ഛന് ഇടക്കൊക്കെ പറയാറുള്ള ഒരു വാചകമുണ്ട്, ‘ഒരു ദിവസം വാതില്‍ തുറക്കുമ്പോള്‍ വി കെ ശ്രീരാമനും ടീമും ക്യാമറയൊക്കെ ശരിയാക്കി നില്ക്കുന്നുണ്ടാവും ‘വേറിട്ട വഴി’കളിലേക്ക് നമ്മളെ പകര്‍ത്താന്‍’
ഒരക്ഷരം പോലും മറുത്തു പറയാതെ ഞങ്ങളെല്ലാവരും ചിരിക്കും.
ഞങ്ങളുടെ വീടിനെ വേറിട്ട വീടാക്കുന്നത് വേറെയാരുമല്ല അമ്മയാണ് . ഇനി അഥവാ അച്ഛനുള്‍പ്പടെ ഞങ്ങളെങ്ങാന്‍ വേറിട്ട വഴിക്കാരാകുന്നുണ്ടെങ്കില് അതിനു കാരണവും അമ്മ തന്നെയാണ്.
രംഗം ഒന്ന്
അടുക്കള ജനലിനപ്പുറത്തെ മഞ്ഞമന്ദാരത്തിലേക്കും നെല്ലിപ്പുളിയിലേക്കും അതിലെ കിളിബഹളത്തിലേക്കും കണ്ണുനട്ട് അടുപ്പത്തെന്തോ വച്ച് മയങ്ങി നില്ക്കുന്ന അമ്മ എന്റെ കാലൊച്ച കേട്ട് ഒരു ചമ്മല്ച്ചിരിയോടെ പറയുന്നു.
“ഞാനേ ഈ പാട്ടു കേട്ട് അറിയാതെ കൈയൊക്കെ നീട്ടി മുദ്ര കാണിച്ചങ്ങനെ നില്‍ക്കുകയായിരുന്നു. നിങ്ങളാരെങ്കിലും കണ്ടാല്‍ വട്ടായിപ്പോയി എന്നു വിചാരിക്കും എന്ന് വിചാരിച്ചതേയുള്ളു .”
പശ്ചാത്തലത്തിലെ റേഡിയോയില്‍ നിന്ന് ഒഴുകി വരുന്ന കോട്ടയ്ക്കല്‍ മധുവിന്റെ ‘ശ്രീപദങ്ങള്‍’ ആണ് നൃത്തം പഠിക്കുകയേ ചെയ്യാത്ത എഴുപത്തിനാലു വയസ്സുകാരിയുടെ വിരല്‍ത്തുമ്പില്‍ നൃത്തചലനമാകുന്നത്. ഞാന്‍ ഒന്നും മിണ്ടാതെ ഒരു ചിരി തിരിച്ചു കൊടുത്തു കൊണ്ട് പാട്ടിലെ ബാക്കി വരി ശ്രദ്ധിച്ചു.
‘മലിനമീ നടുമുറ്റം മനസ്സാകും ശംഖിലൂറും ശുഭതീര്ത്ഥക്കണങ്ങളാല് തളിച്ചാലും നീ.’

രംഗം രണ്ട്
കഴിഞ്ഞ ക്രിസ്തുമസ് കാലം. അലമാരയില്‍ മുണ്ടും നേര്യതുമൊക്കെ അടുക്കിപ്പെറുക്കുന്നതിനിടയില്‍, പണ്ടെങ്ങോ എടുത്തു ഭദ്രമായി സൂക്ഷിച്ചു വച്ച് പിന്നെ എവിടെ വച്ചു എന്ന് അതികലശലായി മറന്നു പോയ പഴയകാല പ്രഭാത് ബുക്ക് ഹൗസിന്റെ ‘കുട്ടിക്കഥകളും ചിത്രങ്ങളും ‘എന്ന പുസ്തകം കിട്ടുന്നു അമ്മയ്ക്ക്. അതുമായി വന്ന് അമ്മ, എന്റെ മകന് കുഞ്ഞുണ്ണിയെ അടുത്തുവിളിക്കുന്നു.
‘കുഞ്ഞുണ്ണിയിത് സൂക്ഷിച്ചു വയ്ക്കണം. അമ്മൂമ്മയ്ക്കിതേ തരാനുള്ളു’ എന്നവനോട് പറയുമ്പോള്‍ അമ്മയുടെ ശബ്ദം ഇടറുന്നു, കണ്ണൊന്ന് നനയുന്നു. അമ്മ തുടരുന്നു-‘അമ്മൂമ്മയുടെ പ്രായമുള്ളവര്‍ വിഷമം വരുമ്പോള്‍ ഭാഗവതവും രാമായണവും ഒക്കെയാണ് വായിക്കുക. പക്ഷേ അമ്മൂമ്മ ഇതാണപ്പോഴൊക്കെ എടുത്തു വായിച്ചു നോക്കാറ്. ഇതിലെ ചിത്രങ്ങളും വരികളും വായിക്കുമ്പോ എന്തൊരു സമാധാനമാണ്. നിന്റെ അമ്മയും അമ്മാവനുമൊക്കെ വായിച്ചു വളര്‍ന്ന പുസ്തകമാണിത്.’
1976 ല്‍ പ്രിയ, സുദീപ് എന്ന അസ്സലുടമസ്ഥന്മാരുടെ പേരെഴുതിയ അതേ അമ്മ, കുഞ്ഞുണ്ണിയ്ക്ക് അമ്മൂമ്മ എന്ന് അതേ മുത്തുമുത്തക്ഷരത്തില് എഴുതി അവന്റെ വിടര്‍ത്തിയ കൈയില്‍ ആ റഷ്യന്‍ പുസ്തകം വച്ചു കൊടുക്കുന്നു.
രംഗം മൂന്ന്
എന്റെ സുഹൃത്ത് വീട്ടില്‍ വരുന്നു. അമ്മ വര്‍ത്തമാനത്തിനു ശേഷം ‘നാരങ്ങാ വെള്ളമെടുക്കാം’ എന്നു പറഞ്ഞ് പോകുന്നു. ഏറെ നേരം കഴിഞ്ഞും അമ്മയുടെ പൊടി പോലും കാണാതെയാകുമ്പോള്‍ അമ്മയുടെ ‘മന്ദാക്രാന്താഭാവം’ നന്നായറിയുന്ന സുഹൃത്ത് ചോദിക്കുന്നു,’നിന്റെയമ്മ നാരങ്ങാ, ചെടിയില്‍ നിന്ന് പറിക്കാന്‍ പോയിട്ടേയൊള്ളോ?
അവസാനം അമ്മ വരുന്നു, എന്നിട്ട് ഒരു കുഞ്ഞു ചിരിയില്‍ മുക്കിയ ക്ഷമാപണത്തോടെ പറയുന്നു, ‘ചൂടുനാരങ്ങാവെള്ളമാണ്. ആറിയ വെള്ളം തീര്‍ന്നു. ആറ്റിയെടുക്കാന് നോക്കുവായിരുന്നു.’ മകളുടെ അനാരോഗ്യത്തെ സൂക്ഷിച്ചു സൂക്ഷിച്ച് ശീലമായതിനാല്‍, ഐസ് കട്ടകള്‍ പോലും തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടുണ്ടാക്കണമെന്ന് പേരക്കുട്ടിയോട് നിര്‍ബന്ധം പിടിക്കുന്ന ആള്, വിരുന്നുകാരുടെ ആരോഗ്യസ്ഥിതി നോക്കിയും കണ്ടും മാത്രമേ ദാഹജലം പോലും നീട്ടൂ. അതിനിനി ഈ ജീവിതകാലത്ത് മാറ്റമുണ്ടാകാന്‍ പോകുന്നില്ല.
രംഗം നാല്
ഞാന്‍ ഓഫീസില്‍ നിന്നു വരുന്ന വൈകുന്നേരം. അമ്മ ചിന്താവിഷ്ട. വിഷണ്ണ. കൊച്ചി എഫ് എമ്മിലെ ‘പാദമുദ്ര’യാണ് വിഷയം.’അതില്‍ സന്തോഷ് ഏച്ചിക്കാനം സംസാരിച്ചതു മുതല്‍ എനിക്കു ഭയങ്കര വിഷമം.’ അതെന്താണാവോ എന്നു ഞാന്‍ ചിന്താവിഷ്ടയാകുന്നേരം അമ്മ വിശദമാക്കുന്നു.
‘സന്തോഷ് ഒന്നും വായിക്കാറൊന്നുമുണ്ടായിരുന്നില്ല കുട്ടിക്കാലത്ത്. പക്ഷേ നോട്ബുക്ക് നിറച്ചും കഥ എഴുതുമായിരുന്നു. ഒരു കൂട്ടുകാരന് സ്കൂളിലേയ്ക്കുള്ള വഴിയില്‍ വച്ച് അതൊക്കെ പറഞ്ഞു കൊടുത്തു കൊടുത്താണ് സന്തോഷ് കഥാകൃത്തായത്. സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു അങ്ങനെയൊരു കുട്ടി. അവന് നിറയെ ഓരോന്ന് എഴുതി കാണിക്കാന്‍ കൊണ്ടു വരും. ഞാനവനെ വല്ലാതെ ദേഷ്യപ്പെട്ടു. ആദ്യം വല്ലതും വായിക്കാന്‍ നോക്ക്, വായിക്കാതെ എഴുത്തു വരില്ല. ഞാനങ്ങനെ ചെയ്യരുതായിരുന്നു എന്നു തോന്നുവാ ഇപ്പോ സന്തോഷ് പറയുന്നത് കേട്ടപ്പോള്‍.’
മനോജ് എന്ന് ആ കുട്ടിയുടെ പേര് അമ്മയ്ക്കോര്‍മ്മയുണ്ട്. ആ മനോജ്കുമാര്‍ എന്റെ എഫ് ബി സുഹൃത്തായി എരമല്ലൂരെ വീട്ടില്‍ വന്ന് എന്നോടും അനിയനോടും കാര്യവിവരത്തോടെ ഒരുപാട് സംസാരിച്ച് പോയിട്ടും എഴുത്തില്ത്തന്നെയാണിപ്പോഴും കക്ഷി എന്നറിഞ്ഞിട്ടും അമ്മയുടെ ഉള്ള് തെളിഞ്ഞിട്ടില്ല ഇതു വരെയും. അതു പോലെ നാട്ടിലെ തോട്ടപ്പള്ളി അമ്പലത്തിലേയ്ക്ക് പോകുമ്പോള്‍, ആ കായലോരവും വെള്ളക്കെട്ടും നോക്കി അമ്മ നെടുവീര്‍പ്പിടും. വൈകി ക്ളാസില്‍ വരുന്നതിന് അമ്മ പഴയൊരു സ്കൂൾക്കുട്ടിയെ എന്നും തോരാതെ വഴക്ക് പറയുമായിരുന്നു. അവള് ഇത്ര ദൂരനിന്ന്, അതും വീട്ടിലെ പണികളെല്ലാം ചെയ്ത ശേഷമാണ് ഓടി വിയര്‍ത്ത് സ്ക്കൂളില്‍ വരാറുണ്ടായിരുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായത്, അമ്മയുടെ റിട്ടയര്‍മെന്റും കഴിഞ്ഞ് ഒരിയ്ക്കല്‍ അവളോടി വന്ന് അമ്പലവഴിയില്‍ വച്ച് അമ്മയുടെ കൈ പിടിച്ചപ്പോഴാണ്. അമ്പലത്തിലേക്കുള്ള ആ വഴിയില്‍ അമ്മ, ദൈവത്തയല്ല അവളെയാണ് ഓര്‍ക്കാറ്.
രംഗ് അഞ്ച്
പി എഫ് മാത്യൂസിന്റെ വീട്. ഞാനമ്മയുടെ ‘ഒന്നാംക്ളാസ് മണ്ടത്തരങ്ങള്‍’ പറഞ്ഞ് ചിരിക്കുകയാണ് പി എഫിനോട് ‘അമ്മ , ദേ അങ്ങോട്ട് പോയി എന്നു പറഞ്ഞ് ഒരു ദിശയിലേയ്ക്ക് കൈ ചൂണ്ടിയാല്‍ ഊഹിച്ചോളണം നേരെ എതിര്‍ദിശയിലേക്കാണ് പോയതെന്ന്. പിന്നെ ചില കാര്യങ്ങള്‍ എനിക്കു മനസ്സിലാകാതെ വരുമ്പോള്‍ അമ്മ പറയുന്ന ഒരു ക്ളാസിക് ഡയലോഗുണ്ട്, നീയെന്തൊരു മണ്ടിയാണ്, ഈ എനിക്കു പോലും മനസ്സിലായല്ലോ.’ അമ്മ പണ്ട്, മടിച്ചു മടിച്ച് പക്ഷേ സംശയം മാറണമെങ്കില്‍ ചോദിക്കുകയല്ലാതെ വേറൊരു വഴിയുമില്ലെന്നത്ര ഗതികേടില്‍ പെട്ടതിന്റെ നിസ്സഹായതയോടെ ഞങ്ങള്‍ മക്കളോട് ചോദിച്ച ഒരു സിനിമാച്ചിന്താക്കുഴപ്പമുണ്ട്. ‘അതേയ് മലയാളത്തില്‍ ‘WMO’ എന്നു പറഞ്ഞൊരു സിനിമയുണ്ടോ ? ‘ഞാനും അനിയനും അന്തം വിട്ടിരിപ്പാണ്. അമ്മ മെല്ലെ പോയി പത്രമെടുത്തു കൊണ്ടുവന്നു സിനിമാപ്പരസ്യം എടുത്തു കാണിച്ചതും ഞങ്ങള്‍ തലകുത്തിനിന്നു ചിരിയായി. ‘ധനം’ എന്നാണ് സിനിമയുടെ പേര്. കാലിഗ്രഫി അതീവ സ്റ്റൈലിഷ് ആയപ്പോള്‍ പാവം എന്റെയമ്മ കുഴങ്ങിപ്പോയതാണ്. അമ്മ-മണ്ടത്തരങ്ങള്‍ കേട്ട് ഞരമ്പുകളൊക്കെ അയഞ്ഞ പി എഫ്, ‘ഇതൊക്കെ എന്ത്’ എന്ന മട്ടില്‍ ചിരിച്ച് പറയാന്‍ തുടങ്ങി. ‘കുട്ടിസ്രാങ്കിന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഞാനും മക്കളും ഭാര്യയും നില്‍ക്കുന്നയിടത്തു കൂടി കുറേ ഫോട്ടോഗ്രഫര്‍മാര്‍ വരുന്നു, മാറി നില്ക്ക്, ഏതോ വി ഐ പി യെ ഫ്രെയിമിലാക്കാനാണ് എന്നു പറഞ്ഞ് ഞങ്ങള്‍ വഴി ഒഴിഞ്ഞുകൊടുത്തു, അപ്പോഴല്ലേ മനസ്സിലാകുന്നത് അവര്‍ ഞങ്ങളെ നോക്കിയാണ് വരുന്നതെന്ന്.’ അമ്മ, കൂട്ടുപ്രതിമണ്ടന്മാരെ കിട്ടിയ സന്തോഷത്തില്‍ അന്നു ചിരിച്ച ചിരി കാണാന്‍ നല്ല രസമായിരുന്നു. അവിടുന്നിറങ്ങും മുമ്പ് പക്ഷേ അമ്മ ഗോളടിച്ചു. ‘പക്ഷേ പി എഫ് ഇക്കൊല്ലം പെന്ഷനാവില്ലേ? നേരത്തേ പണിയായിരുന്നില്ലേ രണ്ടാം നില ? ഇനി ഇപ്പോ എങ്ങനെ അടച്ചു തീര്‍ക്കും ലോണ്‍?’ ‘അതു ശരിയാണ്, വൈകി വന്ന ബുദ്ധി’ എന്നു പറഞ്ഞ് പി എഫ് അന്നു കുലുങ്ങിച്ചിരിച്ചത് കാണാന്‍ അമ്മയുടെ ചിരിയേക്കാള്‍ രസമായിരുന്നു.
രംഗം ആറ്
പോസ്റ്റ്മാന് അജയന് വീട്ടിലെ ഒരംഗംപോലെയാണ്. എന്റെ, ‘അമ്മേങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ’ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍, അജയന് അമ്മ കോപ്പികൊടുത്തു. ‘കുഞ്ഞുണ്ണിക്കുട്ടന് എന്തു സ്വീറ്റ്സാ ഞാന്‍ കൊണ്ടുവരണ്ടത്’ എന്ന് അജയന് ചോദിച്ചപ്പോള്‍ മകന്,’ഒന്നും വേണ്ട’ എന്ന് വിനയകുനിയനായി.’അങ്ങനെ പറഞ്ഞാലെങ്ങനാ’ എന്ന് ചോദിച്ച് അജയന് നിന്നപ്പോള്‍ അമ്മ പറഞ്ഞു ,’അജയന്റെ പാടത്തുനിന്ന് ഒരു കിലോ ഉണക്കലരി കൊണ്ടുത്തന്നാല്‍ മതി. ‘ഓഫീസില്‍ നിന്നുവന്ന ഞാന്‍ ഇതു കേട്ട് ,എഴുതിയ പുസ്തകം കൊടുത്തിട്ട് ഉണക്കലരി വാങ്ങിയ ആദ്യത്തെ കഥാകൃത്താവും ഈ ഞാന്‍ എന്നുപറഞ്ഞ് കുത്തിയിരുന്നു ചിരിച്ചു പിറ്റേന്ന് കിലോക്കണക്കിന് ഉണക്കലരി വന്ന് പായസമായി.
രംഗം ഏഴ്
ഞാന്‍, അമ്മയോട് ശ്യാം പുഷ്ക്കരന്റെ ഇന്റര്‍വ്യൂ മാതൃഭൂമിയില്‍ വന്നതിനെക്കറിച്ച് പറയുന്നു. ശ്യാമിന്റെ നാടും എന്റെ നാടും അടുത്തടുത്താണ്. ശ്യാമിന്റെ അമ്മയുടെയും അച്ഛന്റെയും മിശ്ര വിവാഹത്തെക്കുറിച്ച് കേട്ടിരിക്കെ അമ്മ പെട്ടെന്ന് ഉള്വിളിവന്നതുപോലെ പറയുന്നു.’അവര്‍ നമ്മടെ പോത്രാട്ടെ സുമതിച്ചേച്ചീടെയൊക്കെ ആള്‍ക്കാരാണ്. .ഞാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ കോഴ്സിനു പോയപ്പോള്‍ ഒരു പത്താം ക്ളാസുകാരന് കുട്ടിയുണ്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പില്‍, അവന് എന്നോട് ഒരു പാട് വിഷമിച്ച് പറഞ്ഞിട്ടുണ്ട് അവന്റെ വീട്ടുകാരുടെ മിശ്രവിവാഹപ്രശ്നങ്ങളില്പ്പെട്ടവരെല്ലാം ഇപ്പോഴും നട്ടം തിരിയുന്നതിനെക്കുറിച്ച്, ഞാനവനെ നമ്മുടെ വീട്ടിലേക്കൊക്കെ വിളിച്ചതാണ്. പക്ഷേ അതിനെടയിലാണ് ഞങ്ങള്‍ എരമല്ലൂര്‍ വിട്ട് നിന്റടുത്തേക്ക് ഏറ്റുമാനൂര്‍ക്ക് വന്നത്. വിഷ്ണു എന്നായിരുന്നു പേര്. ഇതുവായിച്ചുകേട്ടിട്ട് ശ്യാമിന്റെ അനിയനാണ് ആ കുട്ടി എന്നു തോന്നുന്നു.’ ശ്യാമിന് അനിയനില്ല എന്നു ഞാന്‍. ചിന്താക്കുഴപ്പം കലശലായപ്പോള്‍ ഞാന്‍, ശ്യാമിനെ ആദ്യമായി വിളിച്ചു. അമ്മയ്ക്ക് ഫോണ്‍ കൊടുത്തു. ശ്യാം തന്നെയാണ് അമ്മ പറയുന്ന ആര്‍ട്ട് ഓഫ് ലിവിങ് കക്ഷി എന്നുറപ്പായി. ‘എന്നാലും എനിക്കെങ്ങനെ പേര് വിഷ്ണു എന്ന് തലയില്‍ക്കയറി’ എന്നത്ഭുതപ്പെട്ടുകൊണ്ട് അമ്മ അടുത്ത ചോദ്യം ശ്യാമിനോട് ചോദിച്ചു .’ഒരു കറുത്ത ചരട് കെട്ടിയിരുന്നില്ലേ കഴുത്തില്‍.’ അതുകേട്ട് അടുത്തുനിന്ന് ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ഉവ്വ് എന്നു ശ്യാം മറുപടി പറഞ്ഞു. അകലെ നിന്ന് ശ്യാമും ചിരിച്ചുകാണണം, ഒരു പക്ഷേ ഉള്ളില്‍.
രംഗം എട്ട്
അനിയന് ദിപു വക്കീലായ കാലം.അതിരുകളും വിസ്താരവും ഒക്കെ തര്‍ക്കവിഷയമായ ചില പുരയിടങ്ങള്‍ സന്ദര്‍ശിച്ച് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ എഴുതേണ്ടിവരും. അപ്പോഴവിടുത്തെ മരങ്ങളും പേരുസഹിതം അടയാളപ്പെടുത്തണം എഴുത്തില്‍. അവന്, അച്ഛന്റെ കവിത ചൊല്ലലും രാഷ്ട്രീയവിശകലനങ്ങളും കേട്ട് വളര്‍ന്ന കുട്ടിയാണ്. ഞാനാണ് അമ്മയുടെ ബോട്ടണി വഴിയേ നടന്നത്. അവന് ആരും കാണാതെ ചില ഇലകള്‍ പോക്കറ്റിലാക്കി കൊണ്ടുവന്ന് അമ്മയോട് ചോദിക്കും, ‘ഇതെന്താ ?’ അവന്റെ ചമ്മലിനെ ചിരി കൊണ്ട് നേരിട്ട് അമ്മ വിസ്തരിക്കും. ഒറ്റ വാക്കില്‍ കൊടുക്കാവുന്ന ഉത്തരം, അമ്മയുടെ നാവില്‍ കാടായി അലതല്ലും. അമ്മയ്ക്കറിയാത്ത പച്ചപ്പുകളില്ല. അമ്മ തന്നെയാണ് ഞങ്ങള്‍ കണ്ടിരിക്കുന്ന ഏറ്റവും വലിയ പച്ചപ്പ്. ‘പ്രിയയേക്കാള്‍ നന്നായി ദിപൂ നിനക്കെഴുതാന്‍ പറ്റും’ എന്നമ്മ പറഞ്ഞുനടന്നപ്പോഴൊക്കെ, പരീക്ഷാപേപ്പറിലെ എഴുത്തിനല്ലാതെ പേന കൈകൊണ്ടുതൊടാത്ത ഇവനെക്കുറിച്ച് ഈ അമ്മ എന്താ ഇങ്ങനെ പറയുന്നത് എന്നത്ഭുതപ്പെട്ടിരുന്നു ഞാന്‍. അവന് ഒരു കാലത്ത് കലാകൗമുദിയില്‍ സ്ഥിരമായി എഴുതാന്‍ തുടങ്ങിയപ്പോള്‍, അമ്മയെച്ചൊല്ലിയുള്ള ആ അത്ഭുതവും തീര്‍ന്നുകിട്ടി.
രംഗം ഒന്‍പത്
രാവിലെ ഞാനെണീറ്റുവന്നതും അമ്മ തലേന്നു കണ്ട സ്വപ്നവിശേഷക്കെട്ടഴിക്കും പലപ്പോഴും. എന്നിട്ട് തന്നത്താന്‍ പറയും,’ജീവിതത്തിലും കിറുക്ക്, സ്വപ്നത്തിലും കിറുക്കുതന്നെ. ഞാനേ, പായിപ്ര രാധാകൃഷ്ണനെയാണ് സ്വപ്നത്തില്‍ കണ്ടത്. ഞനടുത്തുചെന്നു പറഞ്ഞു, ഞാന്‍ പ്രിയ എ എസിന്റെ അമ്മയാണ് എന്ന്. പായിപ്ര ഒരു ഭാവഭേദവും കാണിച്ചില്ല. അപ്പോ ഞാന്‍ പറഞ്ഞു മരിച്ചുപോയ നിരൂപകന് വി ആര് രമേഷ്ചന്ദ്രൻ, എന്‍ എസ് എസി ലെ മലയാളം ലക്ചററായിരുന്നയാള്, എസ് പി സി എസിനൊക്കെ വേണ്ടി നടന്നയാള്‍ – എന്റെ അനിയത്തിയുടെ ഭര്‍ത്താവായിരുന്നു എന്ന്. അപ്പോ പെട്ടെന്ന്, അതെയോന്നു ചോദിച്ച് പായിപ്ര ചിരിച്ചു, പിന്നെ എന്നോട് സംസാരിക്കാന്‍ തുടങ്ങി. ‘അമ്മ ആ സ്വപ്നരംഗങ്ങള്‍ കണ്മുന്നില് വീണ്ടും കണ്ടാവും പിന്നെയും പിന്നെയും ചിരിയിലേക്ക് കയറിപ്പോയി. ‘എന്തിനാണ് ഞാന്‍ പായിപ്രയെ സ്വപ്നം കണ്ടത്, ആര്‍ക്കറിയാം ‘ എന്ന് അമ്മ പിന്നെ സംശയാകുല.
രംഗം പത്ത്
അനിയന് ദിപുവിന്റെ മകള്‍ സുദീപ്ത ചോദിക്കുന്നു- അച്ഛാ , നമ്മുടെ ആന്നാമ്മ (അമ്മയെ, ദിപു വിളിച്ചിരുന്നതങ്ങനെയാണ്. ദിപുവിന്റെ മകള്‍ അമ്മയെ വിളിയ്ക്കുന്നതും അങ്ങനെ തന്നെ) വാതില്‍ തുറക്കുന്നതും എന്റെയമ്മ വാതില്‍ തുറക്കുന്നതും ഞാന്‍ കാണിച്ചു തരട്ടെ? അവള്, അവളുടെ അമ്മയായി വെടിപടക്കം പോലെ പാഞ്ഞുവന്ന്, ശടോന്ന് വാതില്‍ തുറന്ന് തിരിഞ്ഞുനടക്കുന്നു. പിന്നെ ആന്നാമ്മയായി അലസഗമനമായി പൂവിതള്‍ വിരലാല്‍ വിടര്‍ത്തും പോലെ വാതില്‍ തുറന്ന് ഒരു നിറചിരിയുമായി വാതിലിലങ്ങനെ പതിഞ്ഞു നില്ക്കുന്നു .അനിയന് അതു വിസ്തരിച്ചുപറയുമ്പോള് അമ്മ, ഒരിത്തിരി നാണത്തോടെ അതെല്ലാം ആസ്വദിച്ച് ഊറിച്ചിരിച്ചിരിക്കുന്നു.

രംഗം പതിനൊന്ന്
ഞാന്‍ ആരെയെങ്കിലും ഫോണ്‍ ചെയ്യാനൊരുങ്ങുമ്പോള്‍ അമ്മ ഇടപെടുന്നു,’അവര്‍ ഓഫീസിലേക്ക് പോകാന്‍ തുടങ്ങകയാവും. ‘ ഉച്ചയ്ക്ക് ഫോണെടുക്കുമ്പോള്‍ അമ്മ, ‘അവര്‍ ഉണ്ണുകയാണോ’ എന്ന് സംശയിക്കുന്നു. രാത്രി പത്തുമണിയ്ക്ക് ഫോണ്‍ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അമ്മ , എനിയ്ക്ക് ദേഷ്യം വരുമോ എന്ന് പരുങ്ങിച്ചോദിക്കുന്നു, ‘അവരുറങ്ങിക്കാണില്ലേ?’ ഇങ്ങനെ സദാ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ആരെങ്കിലും ചിന്തിക്കുമോ, തോറ്റു ഞാന്‍ എന്ന് എനിയ്ക്ക് ദേഷ്യം വരികയും ‘അസൗകര്യമുണ്ടെങ്കില്‍ അവര്‍ ഫോണെടുത്തിട്ട് അത് പറയും ,അതല്ലെങ്കില്‍ ഫോണ്‍ എടുക്കാതിരിക്കും’ എന്ന് ഞാന്‍ കണ്ണുരുട്ടുകയും ചെയ്യുന്നു. എന്റെ അസംഖ്യം കലിപിടിക്കലുകളുടെ നേരത്ത് മിണ്ടാതിരിക്കാറുള്ള അമ്മ, വല്ലപ്പോഴും ഇടറുന്ന ശബ്ദത്തില്‍ പറയും. ‘കുഞ്ഞുടുപ്പിട്ട് ദൂരേക്കുനോക്കി വാതില്‍പ്പടിയില്‍ ഒറ്റയ്ക്കുനില്ക്കുന്ന, എന്നിട്ട് അവസാനം ബാലന്‍സ് തെറ്റി താഴെ വീണ് കരയുന്ന പണ്ടത്തെ നിന്നെ ഓര്‍മ്മ വരുന്നു.’ അതോടെ ഞാന്‍ നിശബ്ദ.
രംഗം പന്ത്രണ്ട്
അമ്മ, അമ്മ പഠിക്കുകയും പിന്നെ പഠിപ്പിക്കുകയും ചെയ്ത സ്ക്കൂളില്‍ നീലം സഞ്ജീവറെഡ്ഡിയും ഇന്ദിരാഗാന്ധിയും ഒക്കെ വന്നുപോയത് ഓര്‍ത്തുപറയും. അമ്മ ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. ബോലോ ഭാരത് മാതാ കീ ജയ് എന്ന് ഇന്ദിരാഗാന്ധി അന്തരീക്ഷത്തിലേക്ക് കൈയുയര്ത്തിപ്പറഞ്ഞതും സമ്മേളനത്തിലെ സ്ത്രീകളാരും അതേറ്റുപറയാന്‍ തക്ക മിടുക്കില്ലാതെ ഇരുന്നതും ഒക്കെ നടന്നത് അമ്മ സ്ക്കൂളില്‍ ചേരുന്നതിനും മുമ്പുള്ള കുഞ്ഞിപ്രായത്തിലാണ്. ആ കൊടും ഓര്മ്മക്കാരി,’ ഓര്‍മ്മ കുറയുന്നു’ എന്ന് പരാതി പറയും ചിലപ്പോഴൊക്കെ. അപ്പോള്‍ ദിപു പറയും ഗൗരവത്തില്‍, അമ്മ ഇനി പബ്ളിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷയൊന്നുമെഴുതാന് പോകുന്നില്ലല്ലോ, ഇത്രയൊക്കെ ഓര്‍മ്മ മതി. അതേ അമ്മ,ദിപുവിന്റെ മകളുടെ പിറന്നാളിന് അവന്റെ കോളേജ് കൂട്ടുകാരും ഇപ്പോള്‍ അവനൊപ്പം കൂട്ടുജഡ്ജുമാരായവരും എല്ലാം അവരുടെ കുടുംബസമേതം ഒത്തുചേര്‍ന്നപ്പോള്‍, പണ്ട് ലോ കോളേജ് കാലത്ത് അവര്‍ക്കുണ്ടായിരുന്ന ഇരട്ടപ്പേരുകള്‍ വരെ ഓര്‍ത്തുപറഞ്ഞ് അവരെ വിസ്മയിപ്പിച്ചു.
രംഗം പതിമൂന്ന്
ഇരിക്കാനും കിടക്കാനും നില്‍ക്കാനും പറ്റാതെ വേദന ,കൈയിലോ തോളിലോ നടുവിലോ എന്നറിയാതെ ദൈവങ്ങളോ പിശാചുക്കളോ ഒന്നും കൂട്ടിനില്ലാതെ രാത്രിമുഴുവന്‍ ഞാന്‍ ഞരങ്ങിക്കരയുന്ന രണ്ടുകൊല്ലംമുമ്പൊരു നേരം, ഉപ്പുകല്ലു കിഴിയില്‍ കെട്ടി ചൂടുപിടിച്ച്, ജീരകം വറുത്തു തന്ന്, ഹോട്ട് വാട്ടര്‍ ബാഗ് പിടിച്ചുതന്ന് അമ്മ മാത്രം എനിക്ക് കൂട്ടിരിക്കുന്നു .ഞാന്‍ ‘അമ്മേ’ എന്നു ഞരങ്ങുമ്പോള്‍,’ചേച്ചി വിളിക്കുന്നു’ എന്ന് അനിയന് അമ്മയോട് പറയുന്നു. അമ്മ ദോശ ചുടുന്നതില് നിന്നു തിരിയാതെ പറയുന്നു, ‘അവളെന്നെ വിളിച്ചതല്ല, വേദന സഹിക്കാതെ അമ്മേ എന്നു വിളിച്ചതാണ്.’ എത്ര പെട്ടെന്നാണ്, ഇതെത്രാമത്തെ തവണയാണ് എന്റെ കളിചിരിഅമ്മ, ജീവിതത്തെ അഭിമുഖീകരിക്കാന്‍ തക്കവണ്ണം പ്രായോഗികതയിലേക്ക് ജീവിതത്തിന്റെ എല്ലാ മെലിച്ചിലുകളെയും നിസ്സാരമാക്കിയെടുത്ത് നടന്നുകയറുന്നത് എന്ന് വേദനയ്ക്കിടയിലും ഞാനോര്‍ത്തെടുത്തു. ഇങ്ങനെ പോയാല്‍,വേദന തിന്നുന്ന ഞാനും എന്റെ വേദനയ്ക്ക് കൂട്ടിരിക്കുന്ന അമ്മയും ഒരേസമയം കിടന്നുപോകും എന്നു തോന്നിയപ്പോഴാണ് ഞാന്‍ ഒടുക്കം ആശുപത്രിയില്‍ പോയത്. എന്റെ നട്ടെല്ലിനെ ടി ബി കാര്‍ന്നുതിന്നുന്നതാണ് എന്റെ പുതിയ അസുഖം എന്ന തിരിച്ചറിവില്‍ അമ്മ വീണ്ടും കരയാത്ത അമ്മയായി. എന്റെ വ്യക്തി ജീവിതത്തിലെ താളപ്പിഴകളില്‍ ഉരുകിക്കരയാനും ഉലയാനും തുടങ്ങിയിരുന്ന അമ്മ പെട്ടെന്ന് നിന്നനില്‍പ്പില്‍ അപ്രത്യക്ഷയായി. അമ്മയ്ക്ക് ,എന്റെ മകനെ നേരാംവണ്ണം വളര്‍ത്തിയെടുക്കണമായിരുന്നു.
Read More: Mother’s Day 2018: ഞങ്ങളുടെ പ്രിയപ്പെട്ട അന്നക്കുട്ടി- ജിലു ജോസഫ് അമ്മയെ കുറിച്ച് എഴുതുന്നു
രംഗം പതിനാല്
ഹോംനേഴ്സുകള് വന്നുപോയതിന്റെ ഇടയ്ക്കുള്ള സമയങ്ങളില്‍, എഴുപത്തിനാലുകാരി അമ്മ എന്നെ കുളിപ്പിച്ചു. അമ്മ കിടന്നുപോയാല്‍, അമ്മയെ നോക്കാന്‍ നിര്‍ത്തേണ്ടിവരുന്ന ഹോം നേഴ്സിനെ ഞാനെങ്ങനെ മേച്ചുകൊണ്ടുനടക്കും എന്നു ചിന്തിച്ചാകുലപ്പെടാറുള്ള ഞാന്‍, നിന്ന നില്പ്പില് ആവിയായിപ്പോകുന്നതു നോക്കി എന്തു ചെയ്യണനെന്നറിയാതെ കുളിമുറിവെള്ളത്തുള്ളികളില് കണ്ണുനട്ടു ഞാന്‍.
രംഗം പതിനഞ്ച്
എനിയ്ക്കസുഖമായ കാലത്ത് അമ്മയെ ശക്തമായി തിമിരം ബാധിച്ചു. ഓപ്പറേഷനായി മാറ്റി വയ്ക്കാന്‍ നേരമില്ലാതെ അമ്മ എന്റെ പുറകെ നടന്നു. അമ്മയുടെ വായനയും കത്തെഴുത്തും നിന്നു.അച്ഛന് വായിച്ചതെല്ലാം അച്ഛന് അമ്മയ്ക്ക് പറഞ്ഞുകൊടുത്ത് അമ്മയുടെ പുറകെ നടന്നു. കഷ്ടപ്പെട്ട് കത്തെഴുതാന്‍ നോക്കിയപ്പോഴൊക്കെ ശരിയ്ക്ക് കാണാനാകാത്തിനാല്, എഴുതിയ വരിയുടെ മേലെ കൂടി മറ്റൊരു വരി കയറിപ്പോയി. അമ്മ കത്തെഴുത്ത് വിദഗ്ധയാണ്. എം ടി, ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, ജോയ് ആലുക്കാസിന്റെ പാട്ടുപ്രോഗ്രാം, അങ്ങനെ ലോകത്തുള്ള ആര്‍ക്കൊക്കെയോ. എം ടി അമ്മയ്ക്കെഴുതി, “പ്രിയയുടെ അമ്മയുടെ കത്ത് വായിക്കുമ്പോള്‍ ഒരു പാടു പരിചയമുള്ള ഒരാളെഴുതുകയാണെന്നു തോന്നും”. എം ടിയുടെ കത്തുകളും എന്തിന് മകള്‍ സിതാരയുടെ കല്യാണക്കുറിപോലും അമ്മയുടെ ഭാഗവതത്തിലുണ്ട്. ഒരു കണ്ണിന്റെ ഓപ്പറേഷന് കഴിഞ്ഞതോടെ അമ്മ വീണ്ടും കത്തെഴുതാനിരിക്കുന്നു. ശ്രീദേവി കക്കാടിനെ ഫോണ്‍ ചെയ്തു, അവര്‍ക്ക് കേള്‍ക്കാന്‍ വിഷമമുണ്ട്, കത്തെഴുതണം എന്നു പറയുന്നതു കേട്ടു.
രംഗം പതിനാറ്
മാര്‍ച്ച് എട്ട്.ഞാന്‍ നിങ്ങളോടാരോടും ആലോചിക്കാതെ ഒരു മണ്ടത്തരം ചെയ്തു എന്ന് അമ്മ ഉച്ചയ്ക്ക് ഓഫീസിൽ നിന്നും ഊണിന് വന്ന എന്നോട്. ദാനധര്മ്മമാവും എന്നപ്പഴേ പിടികിട്ടി, ഇനി മണ്ടത്തരം ഏത് വകുപ്പിൽപ്പെടുന്നതാണെന്നറിയുകയേ വേണ്ടൂ… അസുഖം വന്ന് എഴുന്നേല്ക്കാന് വയ്യാതെ, കൈയൊക്കെ ശോഷിച്ച കിടക്കുന്ന കവിതയെഴുതുന്ന മായാ ബാലകൃഷ്ണനുമായി ഫോൺ നമ്പര്‍ എവിടുന്നോ സംഘടിപ്പിച്ച് അമ്മ സംസാരിച്ചു. കിടന്നുകൊണ്ടാണ് മായയുടെ വായന. ” കിടന്നുകൊണ്ട് കൈയിൽപിടിച്ച് വായിക്കാൻ പറ്റുന്നതരം കനം കുറഞ്ഞ പുസ്കങ്ങൾ ദീപുവിനോട് പറഞ്ഞ് എത്തിച്ചുകൊടുക്കാമെന്ന് ഞാൻ പറഞ്ഞു” എന്ന് അമ്മ. ഞാൻ കടന്നുവന്ന വായനാ വഴികൾ ഞാൻ മറന്നാലും അമ്മയ്ക്ക് മറന്നുകളയാൻ പറ്റില്ലല്ലോ. അതിനെന്താ അവനത് സന്തോഷത്തോടെ ചെയ്യും എന്ന് പറഞ്ഞ് ഞാൻ മാർച്ച് എട്ടിലെ എന്റെ സ്ത്രീയെ ഒന്നുകൂടി നോക്കി.
രംഗം പതിനേഴ്:
ഞാന്‍ ഫാദര്‍ ബോബിയെക്കുറിച്ചെന്തോ പറഞ്ഞുവരവേ അമ്മ ഇടയ്ക്കുകയറിപ്പറയുന്നു.ഫാദര്‍ വല്ലാതായിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. കടപ്പുറത്തെ മനുഷ്യാത്മാക്കളെ തട്ടിത്തൂവിപ്പറത്തിമായ്ച്ച് കടലുംകാറ്റും ആടിയ താണ്ഡവം ഫാദറിന്റെ ഉള്ളില്‍ ഉണ്ടാക്കുന്ന കടല്ക്ഷോഭങ്ങളെക്കുറിച്ചാണമ്മ പറഞ്ഞത്. ഉള്ളുവായിക്കുന്ന ഫാദറിന്റെ പോലും ഉള്ളുവായിക്കുന്ന ഈ അമ്മയുടെ മുന്നില്‍ മനുഷ്യരെച്ചൊല്ലിയുള്ള എന്റെ വായനകള്‍ എത്ര ശുഷ്ക്കമാണെന്നറിഞ്ഞ് എന്റെ തൊണ്ട ഉപ്പുകാറ്റിലെന്നപോലെ വറ്റിവരണ്ടു .
രംഗം പതിനെട്ട്:
അമ്മയുടെ പ്രതികരണങ്ങളും സംസാരവും നേര്‍ത്തുനേര്‍ത്തില്ലാതെയാവുന്ന വല്ലാത്ത ദിവസങ്ങളിലൂടെ കഴിഞ്ഞ മാസം. ചോദിക്കുന്നതിന് കഷ്ടി ഉത്തരം. പതിവല്ലാത്ത നിസ്സംഗത. ഒന്നിലും ഉത്ക്കണ്ഠയോ ആകാംക്ഷയോ ആധിയോ ഇല്ലാതെ ചിരിക്കാത്ത, ഒരപരിചിത അമ്മ. പ്രശ്നം ഉണ്ടെന്ന് നന്നായി മനസ്സിലായിട്ടും അനിയന് പറഞ്ഞു, തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയെ നോക്കിനോക്കിയിരുന്ന് മമ്മൂട്ടിക്ക് ഇല്ലാത്ത പ്രശ്നം വരുത്തിത്തീര്ക്കുന്നതുപോലെയാണിത്. എല്ലാം പഴയതുപോലെ എന്നുവരുത്തിത്തീര്‍ത്ത് ഞങ്ങളെല്ലാം അപ്പോഴും ചിരിച്ചു. സി ടി സ്കാനിന് കാത്തിരിക്കുമ്പോള്‍, വര്‍ത്തമാനമൊക്കെ ഏതാണ്ട് നിലച്ച മട്ടിലിരിക്കുന്ന അമ്മ, എന്റെ മകനെ വിളിച്ച് ഞങ്ങളുടെ മുന്പിലിരുന്ന പെണ്‍കുട്ടിയുടെ ചുരുണ്ടതലമുടിയിലേക്ക് ചൂണ്ടിപ്പറഞ്ഞു.’നിന്റെ അമ്മയുടെ തലമുടി പണ്ട് ഇതുപോലെയായിരുന്നു. അറ്റം മാത്രം കുട പോലെ ചുരുണ്ട്.ഒരുപാട് മരുന്നുകഴിച്ചിട്ടാവും അതൊക്കെ മാറിപ്പോയത്’. അന്നു രാവിലെ എന്റെ ഉടുപ്പു നോക്കി അമ്മ പറഞ്ഞിരുന്നു, ‘ഇതേ നിറമുള്ള, ഞാന്‍ പാറ്റേണ്‍ പറഞ്ഞുകൊടുത്ത് തയ്പിച്ച ഉടുപ്പിട്ടാണ് നീ, ഞാന്‍ ദിപുവിനെ പ്രസവിച്ചു കിടക്കുമ്പോള്‍ കാണാന്‍ വന്നത്.’ അമ്മ ഒറ്റവാക്കുത്തരങ്ങളില്നിന്നുമാറി അത്രയും വാചകങ്ങള്‍ സംസാരിച്ചതില്‍ ഒരുപാട് സന്തോഷം തോന്നിയെങ്കിലും, ‘ഇപ്പോള്‍’ എന്ന കാലം വിട്ട് പഴയതിലേക്ക് പോകുന്നുവോ അമ്മ എന്ന് ഞാനാകെയൊന്നുലഞ്ഞു.
രംഗം പത്തൊമ്പത്:
അമ്മയുടെ റേഡിയോ, അച്ഛന്റെ കൈ തട്ടി വീഴുന്നു, അച്ഛന് അടിമുടി ഞെട്ടുന്നു. ആ റേഡിയോയിലാണ് അമ്മയുടെ ജീവന്.അതിനെന്തെങ്കിലും പറ്റിയാല്‍ അമ്മയുടെ ഹൃദയമാണ് നിന്നുപോവുക എന്നച്ഛനറിയാം. അമ്മ, കൊച്ചി എഫ് എമ്മിന്റെ ആരാധികയാണ്. അവിടെയുള്ള ഓരോരുത്തരെയും അമ്മയ്ക്ക് ശബ്ദം കൊണ്ടറിയാം, ചിലപ്പോള്‍ പറയും, ഇന്നയാള് ഇത്രനാളായി വന്നിട്ട് കൊച്ചിയില്‍, ട്രാന്സ്ഫറാകാറായിക്കാണും. അതു ശരിയുമായിരിക്കും.അവിടെയുള്ള പ്രോഗ്രം എക്സിക്ക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തലയെ അമ്മ, കത്തെഴുതി സ്നേഹം കൊണ്ടുമൂടാറുണ്ട്. കെ വി ശരത്ചന്ദ്രന് കണ്ണൂരിലേക്ക് മാറ്റമായിപ്പോയപ്പോള്, അമ്മ ശരത്തിന്റെ നാടകങ്ങളെക്കുറിച്ച് പറഞ്ഞു നൊസ്റ്റാള്‍ജിക് ആയി. എവിടെപ്പോയാലും അമ്മ മടിയില്‍ കുഞ്ഞിനെയെന്നപോലെ റേഡിയോ എടുത്തുവയ്ക്കും. കാറിലെ റേഡിയോ പോര അമ്മയ്ക്ക്. ജോയ് ആലൂക്കാസിന്റെ ‘ആശാലത-ബാലേട്ടന് പ്രോഗ്രാം’കേള്‍ക്കുകയാവും അമ്മ ഞാനോഫീസില്‍ പോകാന്‍ നേരം. തന്നെനിന്ന് ഉറക്കെയുറക്കെ ചിരിക്കുന്നത് കേള്‍ക്കാം അവരുടെ തമാശകള്‍ക്കൊപ്പം. ആ പരിപാടി കേള്‍ക്കാന്‍ വേണ്ടിയാണ് അമ്മ രാവിലെ എട്ടരയ്ക്കുമുമ്പ് കുളിച്ചുറെഡിയാകുന്നത്. ഒരിയ്ക്കല്‍ ആശാലതയെ നേരിട്ടു കണ്ടപ്പോഴുള്ള അമ്മയുടെ സന്തോഷം കണ്ടുനില്ക്കവേ, ആശയെ ദത്തെടുത്തിട്ടുണ്ടോ അമ്മ എന്നെനിക്ക് ചെറിയ അസൂയയും വന്നു. അസുഖനേരത്ത്, അമ്മയെ ഒന്ന് പഴയതുപോലെ സംസാരിപ്പിച്ചെടുക്കാന്‍ വേണ്ടി അമ്മയുടെ അടുത്തിരുന്ന് ഞാന്‍ തുരുതുരാസംസാരിക്കുന്നതിനിടെ അമ്മ ചോദിച്ചു,’ ആശാലത തനിയെ എഴുതി തന്നെ ട്യൂണ്‍ ചെയ്ത് പാടിയ ഒരു പാട്ടുണ്ട്, എന്നെ ഒന്ന് കേള്പ്പിച്ചുതരാമോ? ‘അമ്മ അതു കേട്ടും കണ്ടുമിരിക്കുമ്പോള്‍ ഞാനോര്‍ത്തു, അമ്മ എത്രനാളായി കൊതിക്കുന്നുണ്ടായിരിക്കണം ഇതൊന്ന് കേള്‍ക്കാന്‍, അമ്മയ്ക്കതെന്നോട് ആവശ്യപ്പെട്ടടുത്തിരിക്കാന് പോലും നേരം അമ്മയ്ക്ക് കൊടുക്കാതെ ഞാനെങ്ങോട്ടോടുകയായിരുന്നു?
രംഗം ഇരുപത്:
പഴയ ചിരിയും മണ്ടത്തരങ്ങളും അപരന്നുവേണ്ടിയുള്ള ഉള്ളുരുക്കങ്ങളുമായി തിരിച്ചെത്തുമ്പോള്‍, എന്റെ മകന് അമ്മൂമ്മയുടെ കാലിലെ നഖം വെട്ടിക്കൊടുത്തുകൊണ്ട് പറയുന്നു. ‘ഞാനേ, അമ്മൂമ്മ അസുഖമായി കിടക്കുമ്പോള്‍ പത്രത്തിലെ വാര്‍ത്തകളൊക്കെ പഞ്ഞുതന്നിരുന്നില്ലേ? മൂന്നു കുട്ടികള്‍ പുഴയില്‍ മുങ്ങിപ്പോയിട്ടും രക്ഷപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞില്ലേ ? അവര്‍ ശരിയ്ക്കും മരിച്ചുപോയി അമ്മുമ്മേ, സന്തോഷമുള്ള കാര്യങ്ങള്‍ അമ്മൂമ്മയോട് പറയണം എന്ന് ഡോക്റ്റര്‍ പറഞ്ഞിരുന്നല്ലോ, അതുകൊണ്ട് ഞാന്‍ ഒരു കഥയുണ്ടാക്കി അവരെ ജീവിപ്പിച്ചതാ’. ‘അതെങ്ങനെ രക്ഷപ്പെട്ടു, അത്ഭുതമായിരിക്കുന്നല്ലോ എന്ന് ഞാന്‍ പലതവണ ചോദിച്ചില്ലേ’ എന്ന് അമ്മ. പിന്നെ അവന്റെ ചിരിയിലേക്കു നോക്കി, അവനെത്തൊട്ട് അമ്മചിരിക്കുന്നു.
അമ്മയുടെ ഈ ചിരിയാണ് എന്റെ ജീവിതത്തിന്റെ താളം. എന്റെ തായ് വേര് അമ്മയാണ്.
അമ്മയില്ലാതെ വരും ഒരിക്കല്‍. ഞാനന്ന് കടപുഴകി വീഴുകയും ചെയ്യും. പക്ഷേ അമ്മ ഈയിടെയായി പറയാറുണ്ട്. ‘നിനക്ക് ആരും ഉണ്ടാകില്ല എന്നൊരു പേടിയൊന്നും എനിക്കില്ല ഇപ്പോ. ആരെങ്കിലുമൊക്കെ കടന്നു വരും പ്രിയാ. ചിലപ്പോള്‍ വഴിപോക്കര്‍, അല്ലെങ്കില്‍ എഫ് ബി യില്‍ നിന്നെങ്കിലും ആരെങ്കിലും’. അമ്മ പറയുന്നത് ഒരിയ്ക്കലും ഒരുകാലത്തും വെറുതെയായിട്ടില്ല, അതാണനുഭവം.
ആര്‍ദ്രമായി ചിരിച്ച് ലളിതമായി സംസാരിച്ച് എല്ലാം കേട്ട് ഉള്‍ക്കൊണ്ട് ഒന്നിനോടും പരിഭവമില്ലാതെ, ഒരു വളഞ്ഞവഴിയും പഠിക്കാതെയും ഒരുപാട് മണ്ടത്തരങ്ങളോടെയും ഈ ലോകത്ത് നിലനില്‍ക്കാമെന്ന് ജീവിച്ചു കാണിക്കുന്ന അമ്മ മുന്നിലുള്ളതു കൊണ്ടാണ് ഞാനിപ്പോഴും ലോകത്തിന്റേതായിത്തുടരുന്നത്. അമ്മ എന്ന ശംഖില്‍ നിന്നൂറുന്ന തീര്ത്ഥകണങ്ങളാണ് എന്റെ മനസ്സിന്റെ നടുമുറ്റത്തെ ശുദ്ധമാക്കുന്നത്.
ഓരോ അമ്മയും എഴുതിയാല്‍ തീരാത്ത പുസ്തകങ്ങളാണ്. എന്റെ അമ്മ പ്രത്യേകിച്ചും. കൂടുതലെന്തെങ്കിലും പറയേണ്ടതുണ്ടെന്ന് എന്തോ തോന്നുന്നില്ല.