Mother’s Day 2018: കാലം നമ്മെയോരോരുത്തരെയും പലതായും പലരായും പാകപ്പെടുത്തിയെടുക്കുന്ന കൂട്ടത്തിൽ ചില മനുഷ്യർ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്‌. ആ പട്ടികയിൽ എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ഒരാൾ എന്റെ അമ്മയാണ്.

പല ബന്ധങ്ങളും നമ്മളിൽ നിന്നും തുടരെ തുടരെ എന്തെങ്കിലും പ്രതീക്ഷിച്ചു മാത്രം കൂടെനിൽക്കുമ്പോൾ, അമ്മമാരെങ്ങിനെയാണ് നമ്മളെ ഇത്രകണ്ടങ്ങ്‌ വെറുതെ സ്നേഹിച്ച്‌ തോൽപ്പിച്ചു കളയുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

പത്തു മാസം ചുമന്നു പ്രസവിച്ച്‌ കഷ്ടപ്പെട്ട്‌ വളർത്തി വലുതാക്കിയ കഥയൊക്കെ ഞാൻ സിനിമയിലല്ലാതെ ഈ മിസിസ്‌ അന്നക്കുട്ടി ജോസഫിൽ നിന്നും ഒരിക്കലും കേട്ടിട്ടില്ല. കുമളിയുടെ പ്രാന്തപ്രദേശത്തു തന്നെ ജനിച്ച്‌ വളർന്ന് ഇന്നോളം കുമളിവിട്ട്‌ എവിടെയും പോയിട്ടില്ലാത്ത പുള്ളിക്കാരിയുടെ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ്‌ പരാജയമാണെങ്കിലും, ജീവിതത്തെയും അതിലെ ഓരോ സാഹചര്യത്തെയും ആൾ നേരിടുന്ന രീതി ഒരുപാട്‌ പേരിൽ ഞാൻ കണ്ടിട്ടില്ല.

Read More: കുനിയുമ്പോള്‍ മാറത്ത് കൈവച്ചില്ലെങ്കില്‍ കുലസ്ത്രീയല്ലെന്നു പറയുന്ന നാടാണ് നമ്മുടേത്: ജിലു ജോസഫ്‌

പലകയടിച്ച, പുല്ലു മേഞ്ഞതെങ്കിലും ഓരോ മഴയിലും നിറയെ ചോരുന്ന ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്‌. അവിടെ പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും പശുക്കളെയും കോഴികളെയും ഒക്കെ പരാതിയും പരിഭവവുമില്ലാതെ, ഒരു കുറവുമില്ലാതെ ചിറകിൻ ചൂടിൽ വളർത്തിക്കൊണ്ട്‌ വന്ന വഴിയാണ് ഞാൻ മമ്മിടെ വയറ്റിൽ വന്ന് കൂടിയത്‌.  ഞാൻ ജനിച്ചതിനു ശേഷവും ആറു വർഷങ്ങൾ കൂടെ ഞങ്ങൾ ആ വീട്ടിൽ ജീവിച്ചു. ആകെ പതിനാലു വർഷം. വീടാകെ ചെളിയായി നനഞ്ഞു കിടക്കുമ്പോഴും നിറയെ ചിരിയും സന്തോഷവും മാത്രമേ ഞാൻ ആ മുഖത്ത്‌ കണ്ടിട്ടുള്ളു. jilu joseph ,mothers day,memories

ആദ്യ സമയങ്ങളിലൊന്നും എനിക്ക്‌ മമ്മിയോട്‌ അത്രകണ്ട്‌ അടുപ്പമൊന്നും ഇല്ലായിരുന്നെങ്കിലും അതിൽ ആൾക്ക്‌ പരിഭവമൊന്നും ഉണ്ടായിരുന്നില്ല. ഹയർ സെക്കൻഡറി ക്ലാസിൽ പഠിക്കുന്ന സമയമൊക്കെ എനിക്ക്‌ ഇല്ലാത്ത ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു. എപ്പോഴും പുതിയ വേഷങ്ങൾ, വിപണിയിൽ പുതുതായി ഇറങ്ങുന്നതെല്ലാം എന്റെ ആഗ്രഹങ്ങളായിരുന്നു. ഇന്ന് ഓർക്കുമ്പോ അതൊക്കെ എന്നെ വേദനിപ്പിക്കുമെങ്കിലും പറ്റാവുന്നതെല്ലാം , മുട്ടയും പാലും വാഴക്കുലയുമൊക്കെ വിറ്റ്‌ എന്റെ മമ്മി വാങ്ങിത്തരുമായിരുന്നു. സാമ്പത്തികമായി കൈയ്യിൽ ഒന്നുമില്ലാതിരുന്നപ്പോഴും ഞങ്ങളത്‌ ഒരിക്കലും അറിഞ്ഞിരുന്നില്ല.

പാപ്പി കഴിഞ്ഞ വർഷം മരിച്ചു. പറക്കമുറ്റിയ നാൾ മുതൽ മമ്മി പാപ്പിയുടെ കൂടെയാണ്.‌ തനിച്ചൊരു സ്ഥലത്തേക്ക്‌ പോകാനോ, പോയാലും തനിച്ചെന്തെങ്കിലും ചെയ്യാനോ അറിയാത്ത ആളാണ്. പപ്പയുടെ മരണശേഷം ഞങ്ങൾ മൂന്നു പെൺമക്കക്കൾക്കും തിരിച്ച്‌ പോവേണ്ട സമയമായി. മമ്മിയെ ഒറ്റയ്ക്കാക്കി പോവേണ്ട അവസ്ഥ ഞങ്ങളെ ആകെ വിഷമിപ്പിച്ചു. എന്ത്‌ ചെയ്യണമെന്നറിയാതെ ഇരുന്ന ഞങ്ങളോട്‌ ഒരു ദിവസം മമ്മി വന്നു പറഞ്ഞു, “നിങ്ങളാരും എന്റെ കാര്യമോർത്ത്‌ വിഷമിക്കേണ്ട. ഞാൻ ഒറ്റക്കാണെന്നും കരുതേണ്ട. എനിക്കിവിടെ ഒരു ബുദ്ധിമുട്ടും ഇല്ല. എന്നെയും നോക്കി ഒന്നും ചെയ്യാതെ വെറുതെ നിങ്ങളിവിടെ ഇരുന്നാൽ ആണ് എനിക്ക്‌ സങ്കടം. ധൈര്യമായി പൊയ്ക്കോ. എന്ത്‌ ആവശ്യം വന്നാലും ഞാൻ വിളിച്ചോളാം. ദയവായി ഇവിടെ ചടഞ്ഞുകൂടി ഇരിക്കരുത്‌.” ഈ മമ്മിക്ക്‌‌ ഇത്രമാത്രം ധൈര്യവും തന്റേടവും ക്ഷമയും എവിടുന്നാണെന്ന് ഞങ്ങൾ മക്കൾ അത്ഭുതപ്പെട്ട അനേകം സന്ദർഭങ്ങളിൽ ഒന്നാണിത്‌.
jilu joseph ,mothers day,memories

ഒരുപാട്‌ പേർ തലങ്ങും വിലങ്ങും എതിർപ്പ്‌ പറഞ്ഞിട്ടും ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തത്‌, സ്വയം തോന്നുന്നത്‌ വരെ കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചത്‌, സ്വപ്നം പോലെ ലഭിച്ച പ്രിയപ്പെട്ട ജോലി വേണ്ടന്ന് വച്ചത്‌, സിനിമയിൽ അഭിനയിച്ചത്‌ അങ്ങനെ തുടങ്ങുന്ന നീണ്ട നിര ഗൃഹലക്ഷ്മിയിൽ എത്തി നിൽക്കുന്നു. എന്റെ കടുത്ത തീരുമാനങ്ങളുടെ പേരിൽ പലരും മമ്മിയെ ഒരുപാട്‌ ഉലച്ചിട്ടുണ്ടെങ്കിലും, എന്റെ ഓരോ തീരുമാനങ്ങൾക്കും ഒപ്പം ചങ്കു പറിച്ച്‌ കൂടെ നിൽക്കുന്ന ഈ അന്നക്കുട്ടിയെ എങ്ങനെ സ്നേഹിച്ച്‌ കൊതി തീർക്കാനാണ്.

Read More: അണഞ്ഞു കിടന്ന വഴി വിളക്കുകള്‍ തെളിച്ചവര്‍

ഗൃഹലക്ഷ്മിയിലെ ചിത്രം ഇറങ്ങിയപ്പോൾ എന്നെ ബാധിച്ച ഒരേയൊരു കാര്യം എന്റെ മമ്മി അനുഭവിക്കേണ്ടി വന്ന ക്രൂരമായ ആപഹാസങ്ങളും , അപവാദങ്ങളും മാത്രമാണ്. ആ ചിത്രത്തിന്റെ പേരിൽ തനിച്ച്‌ നിന്ന് യുദ്ധം ചെയ്യേണ്ടി വന്നത്‌ മമ്മിയാണ്.  മമ്മി മാത്രമാണ്. കാരണം ഞാൻ അത്തരമൊരു കൊടുങ്കാറ്റിന് മാനസികമായി സജ്ജയായിരുന്നു. പക്ഷേ ഒരു സാധാരണ വീട്ടമ്മയ്ക്ക്‌ ചിന്തിക്കാനും അംഗീകരിക്കാനും ആവുന്നതിലും ഒരുപാട്‌ അപ്പുറമായിരുന്നു എന്റെ ആ തീരുമാനം. അത്‌ അമ്മയെന്ന നിലയിൽ ഒരുപാട്‌ വേദനിപ്പിക്കുമെന്ന് എനിക്ക്‌ അറിയാമായിരുന്നെങ്കിലും എനിക്ക്‌ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്ന് വാശിയുണ്ടായിരുന്നു. jilu joseph ,mothers day,memories

ഇനിയൊരിക്കലും എന്റെ വീട്ടിൽ തിരിച്ച്‌ പോവാനോ എന്റെ മമ്മിയോട്‌ പഴയത്‌ പോലെ ഇടപെടാനോ എനിക്കൊരു സ്ഥാനമുണ്ടാവില്ലെന്ന് ഞാൻ ഭയന്നു. പക്ഷെ ഇന്ന് ഞാൻ ഇത്‌ എഴുതുന്നത്‌ എന്റെ പ്രിയപ്പെട്ട മമ്മിയുടെ മടിയിൽ തലവച്ച്, ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകളായിട്ടാണ്. പഴയതിലും പതിന്മടങ്ങ്‌ ആവേശത്തോടെ എന്നെ ചേർത്തു പിടിക്കുന്ന എന്റെ പ്രിയപ്പെട്ട മമ്മിയെക്കാളും ഉപരിയായി ഇന്നീ ലോകത്തിൽ മറ്റൊന്നും എനിക്കില്ല. അത്രത്തോളം ജീവനാണെനിക്ക്‌.

എന്നെ വയറ്റിൽ ചുമക്കുമ്പോൾ മുതൽ മറ്റേതൊരു അമ്മയെയും പോലെ മമ്മിക്ക്‌ എന്നെക്കുറിച്ച്‌ ഒരുപാട്‌ സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം. അതെല്ലാം തെറ്റിച്ച മകളായിരിക്കണം ഒരുപക്ഷെ ഞാൻ. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഷയിലെ അപഹാസ്യ. ഞാനൊരു നല്ല മകളായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നെനിക്കറിയാം, ഇതിലും നല്ലൊരമ്മയെ, അല്ലെങ്കിൽ കുടുംബത്തെ എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. Because she is my most perfect mother. ‌ഒരു മകളെക്കാളുപരി ഞാൻ എന്ന വ്യക്തിയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ അതായിരുന്നു മമ്മി തിരിച്ചറിഞ്ഞത്‌.

Read More:Mother’s Day 2018: അമ്മ എന്ന തായ്‌വേര്- പ്രിയ എ എസ് എഴുതുന്നു

മമ്മിയിൽ നിന്നും ഞാൻ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠമെന്താണെന്നോ? ഞാൻ ആഗ്രഹിക്കുന്നത്‌ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ ആവണമെന്ന് ആഗ്രഹിക്കുന്നത്‌ വെറും സ്വാർത്ഥതയാണ്. ആരുടെ ജീവിതത്തിനു മേലും നമുക്ക്‌ അങ്ങനൊരു അധികാരമില്ല. എന്ത്‌ ചെയ്താലും , എങ്ങിനെയായിരുന്നാലും ഞാൻ സ്നേഹിക്കുന്ന ആൾ സന്തോഷത്തോടെ ഇരിക്കണം എന്ന് വിചാരിക്കുന്നതും അതിനു പറ്റാവുന്ന രീതിയിൽ കൂടെ നിൽക്കുന്നതുമാണ് യഥാർത്ഥ സ്നേഹം. അങ്ങനെ നിസ്വാർത്ഥമായി സ്നേഹിക്കുന്നവർക്ക്‌ വേണ്ടി നമ്മൾ എന്തും ചെയ്യും.

ഞാൻ മരിക്കുന്നത്‌ വരെ എനിക്ക്‌ എല്ലാ ദിവസവും മാതൃദിനം തന്നെയാണ്. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട അന്നക്കുട്ടിയെ സ്നേഹിക്കാൻ ഈ ‌മുഴുവൻ ജന്മം എനിക്ക്‌ പോരാതെ വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ