എൻഡോസൾഫാൻ ദുരിതഗ്രാമങ്ങളിൽ നിന്ന് ആദ്യം ഉയർന്ന പ്രതിഷേധ ശബ്ദം ഒരു അമ്മയുടേതായിരുന്നു. എന്താണ് തങ്ങൾക്കു സംഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് അറിയാതെ കുഴങ്ങിയിരുന്ന ഒരു ജനതയുടെ മുന്നിൽ അത് വിളിച്ചു പറഞ്ഞ, അമ്മ. അതാണ് കാസർഗോടുകാരുടെ ലീലാകുമാരിയമ്മ. ആ പോരാട്ടം വെല്ലുവിളികൾക്കും ഭീഷണികൾക്കും മുൻപിൽ പതറാതെ മുന്നോട്ട് പോയപ്പോൾ ജയിച്ചത് ദുരിതം പേറി ജീവിച്ച ഒരു നാടാണ്. അവരുടെ ശബ്ദം നീതിപീഠങ്ങളും പൊതുസമൂഹവും ഒരേപോലെ ഏറ്റെടുത്തപ്പോൾ ലീലാകുമാരിയമ്മയെന്ന ആ മുന്നണിപ്പോരാളിയെ, കാസർഗോഡ് മാത്രമല്ല, കേരളത്തിലെ മനുഷ്യരെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഓരോരുത്തരും  നെഞ്ചോടു ചേർത്തുവച്ചു. ഇന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ ശബ്ദവും കരുത്തുമാണ് ഈ അമ്മ.

എൻഡോസൾഫാൻ, വിതറിയത് ജീവിത ദുരന്തമാണെന്ന്  ലോകത്തോട് വിളിച്ചുപറയാൻ മുന്നിൽ നിന്നതും ഇതിനെതിരെ നിയമപോരാട്ടം തുടങ്ങിവച്ചതും ലീലാകുമാരിയമ്മയാണ്. കാസർഗോട്ടെ ദുരന്ത ജീവിതങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു ആദ്യഘട്ടത്തിൽ ലീലാകുമാരിയമ്മയുടേത്. എന്നാൽ ലീലാകുമാരിയമ്മയുടെ ആ ഇടപെടലിന് ശേഷം എൻഡോസൾഫാൻ തളിച്ചില്ലയെന്നതാണ് യാഥാർത്ഥ്യം. 1998 ൽ കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ നിന്ന് നേടിയ ആ സ്റ്റേ ഉത്തരവിൽ വിഷമഴ പെയ്യുന്നത് നിന്നു.

കൃഷിവകുപ്പിലെ ഒരു ഉദ്യോഗസ്ഥയെന്നതിലുപരിയായി ഒരു സമരമുഖത്തും അതുവരെ ലീലാകുമാരിയമ്മ എന്ന് പേര് അടയാളപ്പെടുത്തിയിരുന്നില്ല. സ്കൂൾ പഠനത്തോടൊപ്പം കൃഷി  പഠനവും പൂർത്തിയാക്കിയാണ് ലീലാകുമാരിയമ്മ കാസർകോട് സർക്കാർ സർവ്വീസിൽ നിയമനം നേടുന്നത്. കോട്ടയം കിഴുത്തിരിയിലെ വീട്ടിൽ നിന്ന് കണ്ണൂരിന് കിഴക്ക് പയ്യാവൂരിലേക്ക് അച്ഛൻ കേശവൻ നായരും അമ്മ പപ്പിയമ്മയും താമസം മാറുകയായിരുന്നു. ഇവിടെ ക്രൈസ്തവ മിഷന്റെ സ്കൂളിൽ അദ്ധ്യാപകനായി അച്ഛനും ജ്യേഷ്ഠനും ജോലി നേടി. സ്കൂൾ പഠനത്തോടൊപ്പം കാർഷിക വൃത്തിയിലും പഠനം പൂർത്തിയാക്കിയ ലീലാകുമാരിയമ്മ 1975 ലാണ് സർക്കാർ സർവ്വീസിൽ കയറിയത്.

“1994ലാണ് ഞങ്ങൾ പെരിയയിൽ വീട് വച്ചത്. അന്ന് വരെ വാടക വീട്ടിലായിരുന്നു താമസം. ഞാൻ കൃഷി ഭവനിൽ ഫീൽഡ് ഓഫീസറായും ഭർത്താവ് വി.വി.കരുണാകരൻ കാസർകോട് കൃഷി ഓഫീസിൽ ക്ലർക്കുമായിരുന്നു. ഫീൽഡ് ഓഫീസറായി നടക്കുമ്പോൾ എല്ലാ വീടുകളിലും ഞാനീ കാഴ്ചകൾ കാണുമായിരുന്നു. രോഗം എന്നല്ലാതെ എന്താണെന്നോ എന്തുകൊണ്ടാണെന്നോ ആർക്കും അറിയുന്നുണ്ടായിരുന്നില്ല” ലീലാകുമാരിയമ്മ ഇന്നലെകളിലേയ്കു നടന്നു.

ലീലാകുമാരിയമ്മയുടെ ജ്യേഷ്ഠൻ ഗോവ സർവ്വകലാശാലയിലെ ജോലി അവസാനിപ്പിച്ച് പെരിയയിലേക്ക് താമസം മാറിയിരുന്നു. അദ്ദേഹം ഇവിടെ വച്ച് മരിച്ചു. “ജ്യേഷ്ഠൻ ഈ വിഷവായു ശ്വസിച്ചും വെള്ളം കുടിച്ചുമാണ് മരിച്ചത്. പിന്നീട് ഞങ്ങൾക്കെല്ലാവർക്കും ബുദ്ധിമുട്ടുകൾ കാണാൻ തുടങ്ങി. നന്നായി പാടുമായിരുന്നു മകൻ. അവന്റെ ശബ്ദത്തിൽ പ്രയാസം വരാൻ തുടങ്ങി. എൻഡോസൾഫാൻ കൊണ്ടുള്ള പ്രയാസമാണിതെന്ന് പിന്നീട് മനസിലായി. അന്ന് ഈ മരുന്നടിച്ചാൽ മൂന്നാഴ്ചയോളം ശൈത്യകാലത്തെ പോലെ മൂടലുണ്ടായിരുന്നു.” അവർ കൂട്ടിച്ചേർത്തു.

leelakumari amma, endosulfan, kasargod

ലീലാകുമാരിയമ്മ – ഫൊട്ടോ വേണുകളളാർ

“കൃഷിവകുപ്പാണ് ആദ്യം കീടനാശിനി തളിക്കാൻ പഠിപ്പിച്ചത്. അന്ന് അതിന് മരുന്നെന്നായിരുന്നു അവർ പറഞ്ഞത്. ഇത് വിഷമാണെന്ന് ഞാൻ പറഞ്ഞപ്പോൾ അത് അടിച്ചാൽ നമ്മൾക്ക് ഗുണമുണ്ടെന്നായിരുന്നു ഇവിടുത്തെ രാഷ്ട്രീയ നേതാക്കളൊക്കെ പറഞ്ഞത്” ലീലാകുമാരിയമ്മ പറഞ്ഞു.

കാഞ്ഞങ്ങാട് മുൻസിഫ് കോടതി ലീലാകുമാരിയമ്മയ്‌ക്ക് സ്റ്റേ അനുവദിച്ചപ്പോൾ പ്ലാന്റേഷൻ കോർപ്പറേഷൻ കേസുമായി കാഞ്ഞങ്ങാട് സബ് കോടതിയിലേക്ക് നീങ്ങി. അവിടെയും വിജയം ലീലാകുമാരിയമ്മയ്‌ക്കായിരുന്നു. അതോടെ നേരെ ഹൈക്കോടതിയിലേക്ക് കോർപ്പറേഷൻ നീങ്ങി. ഈ ഘട്ടത്തിലാണ്, പയ്യന്നൂരിൽ ടി.പി.പദ്‌മനാഭൻ മാഷിന്റെ നേതൃത്വത്തിൽ സീക്ക് (സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എഡുക്കേഷൻ കേരള) പിന്തുണയുമായി എത്തുന്നത്. പാരിസ്ഥിതിക വിഷയങ്ങളിൽ ഇടപെടുന്ന തിരുവനന്തപുരത്തെ തണൽ സന്നദ്ധ സംഘടനയും കൂടി സീക്കിനൊപ്പം ചേർന്നതോടെ വലിയ ദൗത്യത്തിന് ലീലാകുമാരിയമ്മയ്‌ക്ക് ആവശ്യമായ ശക്തി ലഭിച്ചു. അഡ്വ.ഡെയ്സി തമ്പിയിലൂടെ ഹൈക്കോടതിയിലും വിജയം കണ്ടു.

ഈ നിയമപോരാട്ടം തുടർന്ന് കൊണ്ടിരിക്കുന്നതിനിടെ 2002 ൽ ലീലാകുമാരിയമ്മ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ രാജസ്ഥാനിൽ നിന്ന് വന്ന ചരക്കുലോറി ഇടിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ അവരെ ദീർഘകാലം മംഗലാപുരത്ത് ചികിത്സിച്ചു. പിന്നീട് ജോലിക്ക് പോകാൻ പോലും സാധിക്കാത്ത നിലയിൽ കഴിഞ്ഞ ലീലാകുമാരിയമ്മയ്ക്ക് ഇന്നും പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല.

അപകടത്തിൽ പരുക്കേറ്റ് ലീലാകുമാരിയമ്മ മുന്നണിയിൽ നിന്ന് മാറിയെങ്കിലും, അവർ കൊളുത്തിവിട്ട സമരജ്വാല പിന്നീട് വലിയ പിന്തുണ ആർജിച്ചു.

“അന്ന് മാതൃഭൂമിയിലെ മധുരാജിനെ സീക്കിലെ പദ്‌മനാഭൻ മാഷാണ് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. മധുരാജ് മാഷിനൊപ്പം  ഈ പ്രദേശങ്ങൾ നടന്ന് കണ്ടു. അങ്ങിനെയാണ് ഇത് പൊതു ശ്രദ്ധയിൽ എത്തുന്നത്.” ലീലാകുമാരിയമ്മ പറഞ്ഞു.

പൊതുസമൂഹം വിഷയം ഏറ്റെടുത്തതോടെ ദുരിത കഥകളുടെ ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ഒന്നിന് പുറകേ ഒന്നായി പുറത്തുവന്നു. അതിൽ പിന്നെ ഇന്നേവരെ എൻഡോസൾഫാൻ ഈ സ്ഥലത്ത് തളിച്ചതുമില്ല. ലീലാകുമാരിയമ്മയുടെ പോരാട്ടത്തിന് അങ്ങിനെ ഫലവും കണ്ടു.

“പഴയ പോലല്ല, ഇപ്പോൾ ഇവിടെ തുമ്പികളും മയിലും കിളികളും എല്ലാം വന്നു തുടങ്ങിയിട്ടുണ്ട്. നേരത്തേ ഇതൊന്നും ഇല്ലായിരുന്നു. കുറേ കാലമായില്ലേ മരുന്ന് തളിച്ചിട്ട്. ഇടയ്ക്ക് 1999 ൽ അവർ തളിക്കാൻ നോക്കിയിരുന്നു. അതൊക്കെ മാറി. പിന്നെ രോഗികളായവരുടെ ജീവിതത്തിലും നല്ല മാറ്റം വന്നു.” അവർ പറഞ്ഞു.

മുൻപ് ഈ ദുരിതം താങ്ങാനാവാതെ ഒരുപാടധികം പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ലീലാകുമാരിയമ്മയുടെ ഇടപെടലിലൂടെ കൊടിയ വിപത്തിനെ അഭിമുഖീകരിച്ച നാട് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണ് ഇപ്പോൾ.

1978 മുതലാണ് 5000 ഹെക്ടറിലധികം വിസ്തൃതിയുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ സ്ഥലത്ത് എൻഡോസൾഫാൻ തളിച്ചിരുന്നത്. ഈ കാലത്താണ് ലീലാകുമാരിയമ്മ ഭർത്താവുമൊത്ത് കാസർകോട് ജില്ലയിലെ പെരിയയിൽ താമസമാക്കുന്നതും. ഇന്നും ഈ വീട്ടിൽ തന്നെയാണ് ഭർത്താവുമൊത്ത് താമസം. മകൾ തൊട്ടടുത്ത് തന്നെ വീട് വച്ച് താമസിക്കുന്നു. മകൻ തിരുവനന്തപുരത്തും. എന്റോസൾഫാന് മുൻപത്തെ നിലയിലേക്ക് പെരിയയുടെ ഗ്രാമക്കാഴ്‌ചകൾ മാറുന്നതും നോക്കി, ആധികളില്ലാതെ സമാധാന ജീവിതം നയിക്കുകയാണ് ലീലാകുമാരിയമ്മ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ