Latest News

ഒരിക്കലൊരിക്കൽ നിനക്ക് ഞാനൊരു കഥയാകും

നീയും ഈ തണലും താവളവും വിട്ട് പുതിയ ആകാശവും ഭൂമിയും തേടുമായിരിക്കും. ജീവിതം അങ്ങനെയാണല്ലോ. പ്രത്യേകിച്ച്, പെൺകുട്ടികളുടെ…

rahna thalib, memories, iemalayalam

മോൾ ഉറങ്ങി. ഇന്നും ഉറങ്ങാൻ വൈകി എന്നതാണ് നേര്. പെണ്ണ് വളർന്ന് വലുതായി ഒന്നാം ക്‌ളാസ്സിലായി. എന്നാലെന്താ, ഉറങ്ങാൻ കിടക്കണമെങ്കിൽ ഇപ്പോഴും ഞാൻ കൂടെ ചെല്ലണം. കെട്ടിപ്പിടിച്ച് കഥ പറഞ്ഞും കൊഞ്ചിച്ചും ഉറക്കണം. നേരത്തേ ഉറങ്ങിയില്ലെങ്കിൽ നേരം വെളുക്കുമ്പോൾ എണീപ്പിക്കാനുള്ള പാടോർത്ത് ഞാൻ എല്ലാം മാറ്റിവെച്ച് എങ്ങനെയെങ്കിലും അവളുടെ കൂടെത്തന്നെ കിടക്കും.

ഉറങ്ങാൻ കിടന്നാൽ അവൾക്ക് കഥ കേൾക്കണം. എന്റെ വലത്തെ കൈതണ്ടയാണ്‌ അവളുടെ തലയണ. ചെരിഞ്ഞ് കിടന്ന് എന്റെ ഇടത്തെ കൈമുട്ട് അവൾക്ക് എരടാൻ കൊടുക്കണം. രണ്ടു വയസ്സ് തികഞ്ഞ് പാല് കുടി നിർത്തിയതിന് ശേഷം കൈമുട്ട് എരടി കൊണ്ടിരിക്കലാണ് അവൾക്ക് ഉറക്കത്തിലേക്കുള്ള വഴി. ഒപ്പം, ഞാൻ കഥ പറയേം വേണം.

ഒന്നല്ല, ചിലപ്പോൾ രണ്ടും മൂന്നും കഥകൾ. എന്നും ഒരേ കഥകൾ. ചിന്നുപ്പൂച്ചേടെ കഥയാണ് ആദ്യം പറയേണ്ടത്. പിന്നെ കുറുക്കന്റെയും ഉറുമ്പിന്റെയും കഥ. അതും കഴിഞ്ഞ് ഉറങ്ങിയില്ലെങ്കിൽ മുയലിന്റെയും ആമയുടെയും കഥയാവാം.

ഒരേ കഥകൾ പറഞ്ഞ് എനിക്ക് മടുത്തതല്ലാതെ അവൾക്ക് മടുപ്പൊട്ടുമില്ല. മാത്രമല്ല, ഞാൻ വാചകം തുടങ്ങുമ്പോഴേക്കും അവൾ ബാക്കി ഇങ്ങോട്ട് പറയേം ചെയ്യും. ശരിക്ക് പറഞ്ഞാൽ, അവളാണിപ്പോ കഥ പറഞ്ഞ് എന്നെ ഉറക്കാൻ നോക്കുന്നത്. ഇടയ്ക്ക്, മനസ്സ് ശാന്തമായ ദിവസങ്ങളിൽ ഞാൻ അതേ കഥകൾ തന്നെ ഒന്ന് മാറ്റി പിടിക്കും. മനസ്സ് മെരുങ്ങാത്ത ദിവസമാണെങ്കിൽ നാലോ അഞ്ചോ വരിയിൽ കഥ ഒതുക്കാൻ ശ്രമിക്കും. പറ്റിക്കൽസ് പിടിക്കപ്പെട്ട് വാശി പിടിക്കുമ്പോൾ ‘ഉമ്മാക്ക് വയ്യാഞ്ഞിട്ടാണ് പൊന്നേന്ന്,’ അവളെ പാട്ടിലാക്കും. പിന്നെ ‘ഉം… ഉം… ഉം..ഉം’ന്ന് മൂളിക്കൊണ്ടിരിക്കും.

ഇതിൽ ചിന്നുപ്പൂച്ചേടെ കഥയിലെ ചിന്നുപ്പൂച്ച വീട്ടിലെ പൂച്ചയായിരുന്നു. മൂന്നു വർഷത്തോളം വീടിന്റെ പരിസരത്ത് തന്നെയായിരുന്നു അവളുടെ വാസം. അടുത്ത വീടുകളിൽ ഒന്നോ രണ്ടോ പ്രാവശ്യമുള്ള സർക്കീട്ട് കഴിഞ്ഞാൽ ബാക്കി നേരം മുഴുവൻ നന്ദ്യാർവട്ടപ്പടർപ്പിലോ, റംബുട്ടാൻ തണലിലോ, അടുക്കള മുറ്റത്തോ അവളെ കാണാം. ഇടയ്ക്ക് ചില സുഹൃത്തുക്കൾ അവളെ കാണാനെത്തും. ആദ്യം കുറച്ചുനേരം ഒളിച്ചു കളി. പിന്നെ കടിപിടി ബഹളം. അത് കഴിഞ്ഞാൽ മണ്ണിൽ കിടന്നുരുളൽ. പിന്നെ ദേഹം നല്ലോണം കുടഞ്ഞ്‌ മുളങ്കൂടിനടിയിൽ വിശ്രമം.

മുൻവശത്തെ തിണ്ണയിലും കസേരയിലും കേറികിടക്കും എന്നല്ലാതെ അകത്തേക്കുള്ള പ്രവേശനം തീരെയില്ല. രാത്രി പൂമുഖത്തെ കസേരയിൽ ന്യൂസ്പേപ്പർ ഇട്ടുകൊടുത്താൽ അവിടെ കിടന്നോളും, നേരം വെളുക്കുന്നത് വരെ. പുറത്തെ ലൈറ്റ് അണച്ച് കിടക്കാൻ വരുമ്പോൾ ഞാനും മോളും അവളോടിത്തിരി കിന്നാരം പറയും. അവൾ രാത്രി ഉറങ്ങുന്നുണ്ടാകുമോ എന്ന് ഉറപ്പില്ലെങ്കിലും, സുഖനിദ്ര നേർന്ന് വാതിൽ അടയ്ക്കും.rahna thalib, memories, iemalayalam

രാവിലെ അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടാൽ പാഞ്ഞു വന്ന് ചവിട്ടുപടിയിൽ കിടക്കും. ഞാൻ അവളോട്‌ വർത്തമാനം പറഞ്ഞോണ്ട് ജോലികൾ ചെയ്യും. മനുഷ്യരുടെ പ്രശ്നങ്ങളെ കുറിച്ച് നിനക്കെന്തറിയാം പെണ്ണേ എന്ന് ചോദിക്കും. എല്ലാം കേട്ട് അവൾ ആർദ്രമായ്‌ നോക്കും. ഞങ്ങളൊരുമിച്ച് അടുക്കളയിലെ സിഡി പ്ലെയറിൽ നിന്ന് ഒഴുകിയെത്തുന്ന ബാബുക്കാനെയോ ദേവരാജൻ മാഷിനെയോ കേൾക്കും. ഞാൻ ജോലികളെല്ലാം തീർത്ത് വാതിലടയ്ക്കുന്നത് വരെ അവൾ അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കും.

ഇതിനൊരപവാദം പ്രസവകാലമാണ്. ആ നാളുകളിൽ ആളെ പൊടിയിട്ട് തിരഞ്ഞാൽ കാണില്ല. പെറ്റു കിടക്കണ സ്ഥലം കണ്ടെത്തി എന്നവൾക്ക് ബോധ്യപ്പെട്ടാൽ പിന്നെ ഇല്ലം കടത്താൻ വൈകില്ല. ആപത്ത് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധിയിൽ ഞാനത് തിരഞ്ഞു പിടിക്കും. അവൾ വീണ്ടും ഇല്ലം കടത്തും. ഞങ്ങൾ തമ്മിൽ ഇത്രേം സ്നേഹം ഒക്കെ ആയിരുന്നെങ്കിലും അവളുടെ കുട്ടികളെ തൊടാൻ പോലും എന്നെ സമ്മതിക്കില്ലായിരുന്നു. ‘പൊന്നു പോലെ നോക്കാം പെണ്ണേ,’ എന്ന് ഞാൻ കെഞ്ചി നോക്കും. അവൾ പക്ഷേ കാണാൻ പോലും അനുവദിക്കാതെ കടിച്ചു പിടിച്ച് എവിടെയെങ്കിലും കൊണ്ടാക്കും. പിന്നെ ഒരു വിരുന്നുകാരിയെ പോലെ ദിവസത്തിൽ എപ്പോഴെങ്കിലുമൊരിക്കൽ ഒരു ഹ്രസ്വസന്ദർശനം നടത്തും.

കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഉമ്മറപ്പടിയിൽ സ്ഥാനം പിടിച്ചാൽ മനസ്സിലാക്കാം, കുട്ടികൾ നായയ്‌ക്കോ കീരിക്കോ ഭക്ഷണമായി എന്ന്. ‘പറഞ്ഞതല്ലേ നോക്കിക്കോളാം എന്ന്,’ ഞാൻ പരിഭവിക്കും. നെറ്റിയിൽ തടവിക്കൊണ്ടിരിക്കെ ഞാനോർക്കും, ജന്തുക്കൾക്കും മനുഷ്യരെ പോലെ സങ്കടവും നിരാശയും വിഷാദവും ഉണ്ടായിരിക്കുമോ എന്ന്!

അധികം വൈകാതെ അവളുടെ വയറ് വീർത്ത് വീർത്ത് വരും. “പെറ്റ് പെറ്റ് വയ്യാതായില്ലേ പെണ്ണേ,” എന്ന് ഞാൻ ചോദിക്കും. അവൾ അതീവഗൂഢമായ ഭാഷയിൽ അപ്പോൾ എന്നോടെന്തോ പറയും.

ഒരിക്കൽ എന്റെ വീട്ടിൽ കുറച്ചു ദിവസം നിൽക്കാൻ പോയി തിരിച്ചു വന്നപ്പോൾ ചിന്നുവിനെ കാണാതെയായി. എവിടെയെങ്കിലും പെറ്റ് കിടക്കുന്നുണ്ടാകും എന്നേ ആദ്യം കരുതിയുള്ളൂ. ആറേഴു ദിവസം കഴിഞ്ഞും വരാതായപ്പോൾ അവളിനി വരില്ല എന്ന് തീർച്ച തോന്നി. അയല്പക്കക്കാരോട് അന്വേഷിച്ചു. ആരും കണ്ടിട്ടില്ല. വല്ല അപകടത്തിലും പെട്ടുകാണുമോ അതോ പുതിയ ഏതെങ്കിലും തണൽ തേടിപ്പോയതായിരിക്കുമോ എന്ന് ശങ്കിച്ചു.

ദിവസങ്ങളോളം അവളെ വല്ലാതെ മിസ്സ്‌ ചെയ്തു. മീൻകാരനെ കാണുമ്പോഴുള്ള അവളുടെ പാഞ്ഞു വരവ്, ആണ്ടിൽ രണ്ടും മൂന്നും തവണയുള്ള പേറും കവചം തീർക്കലും, നെറുകയിൽ തലോടുമ്പോഴുള്ള അവളുടെ പമ്മിക്കിടപ്പ്, രാത്രിയിലെ ഞങ്ങളുടെ ഗൂഢ സംഭാഷണങ്ങൾ എല്ലാം ഇപ്പോഴും ഇടയ്ക്ക്‌ ഓർമ വരും.

എന്തായാലും ഇന്നിങ്ങനെയായിരുന്നു മോളോടുള്ള എന്റെ ആദ്യത്തെ കഥ.

‘ഒരിടത്തൊരിടത്തൊരു ചിന്നു പൂച്ചണ്ടാരുന്നു…’
‘നമ്മടെ പൂച്ചല്ലേ മ്മാ?’
‘ഉം.’
‘ചിന്നു പൂച്ചയ്ക്ക് രണ്ട് കുട്ട്യോളല്ലേമ്മാ?’
‘ഉം. അതെ.’
‘പുന്നാരീം, പഞ്ചാരീം ല്ലേ?’
‘ഉം. ചിന്നു പൂച്ചേടെ കെട്ട്യോനായിരുന്നു മാക്കു.’

rahna thalib, memories, iemalayalam

അവൾ ബാക്കി ഇങ്ങോട്ട് പറയുന്നതിന് മുന്നേ ഞാൻ ചാടിക്കേറി പറഞ്ഞു.
അവൾക്ക് സന്തോഷമായി. ചിരിച്ചു കൊണ്ടവൾ ചോദിച്ചു.

‘ചിന്നു പൂച്ച അപ്പൊ എന്നാമ്മാ കല്യാണം കഴിച്ച്?’
‘ആ, അതൊക്കെ കഴിച്ചുണ്ടാര്ന്നു…’
‘എന്നിട്ട്?’
‘മാക്കു മഹാമടിയനാരുന്നു. എപ്പഴും വെറകുപെരേടെ ചവിട്ടല്ലിമ്മേ കിടന്ന് ഉറക്കം തന്നെ ഉറക്കം…’
‘എന്നിട്ട്?’
‘ചിന്നു പൂച്ച പുന്നാരീനേം പഞ്ചാരീനേം അടുത്ത് വിളിച്ചിട്ട് പറഞ്ഞു…’
‘അമ്മ മീൻ വേടിച്ചിട്ട് വരാന്നല്ലേ പറഞ്ഞ്?’
‘അല്ല. അങ്ങനല്ലടാ സ്വത്തെ,’ചിന്നു പൂച്ച പറഞ്ഞു.
‘ഇന്ന് എന്ത് മാറ്റാ വരുത്തീക്ക്ണ്,’ എന്ന ആകാംഷയോടെ മോൾ ചുണ്ടുപൂട്ടിപിടിച്ച് കണ്ണ് വെട്ടാതെ എന്നെ നോക്കുന്നു.

ഞാൻ തുടർന്നു.
‘ചിന്നുപ്പൂച്ച പറഞ്ഞൂ…ഇന്ന് കുട്ട്യോള് സ്കൂളീ പോയേന് ശേഷം മീൻകാരൻ ചന്ദ്രൻ വന്നിണ്ടാര്ന്നു. നേനമ്മ അരകിലോ മത്തിയും അരകിലോ ചെമ്മീനും വേടിച്ചിണ്ട്. അത് നമ്മള് കട്ട് തിന്നാണ്ടിരിക്കാൻ അടുക്കളേല് കബോർഡിൽ വെച്ചിരിക്കാണ്. പേപ്പർ ഒന്നോടിച്ച് നോക്കികഴിഞ്ഞാൽ നേനമ്മ ഒരടുപ്പത്ത് രണ്ട് ദോശേം മറ്റേ അടുപ്പത്ത് സുലൈമാനിയും ഇണ്ടാക്കും.കഴിക്കാനിരിക്കുമ്പോ സെറ്റ് ഓൺ ആക്കി ദാസേട്ടന്റെ പാട്ട് വെക്കും.

‘നഷ്ടസ്വർഗ്ഗങ്ങളാണോമ്മാ?’
‘അല്ല. ഇന്നലെ മയങ്ങുമ്പോൾ എന്ന പാട്ട് തുടങ്ങുന്ന പാമരനാം പാട്ടുകാരൻ എന്ന ബാബുക്കാടെ സിഡിയാവും നേനമ്മ ഇന്ന് വെക്കാ.’
‘ന്നിട്ട്?’
‘ന്നിട്ട്, ദോശ തിന്നാനിരിക്കും.’
‘ചട്ണി കൂട്ടീട്ടാണോമ്മാ ദോശ തിന്നാ?’
‘അതേടാ.
‘ചുവപ്പോ വെളുപ്പോ?’
‘ചുവപ്പ്.’
‘ന്നിട്ട്?’
‘ദോശ തിന്ന് കഴിയുമ്പോഴേക്കും ദാസേട്ടൻ നിത്യസുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ എന്ന് പാടാവും. അത് കേട്ട് നേനമ്മ കുറച്ച് നേരം ദൂരേക്ക് നോക്കും. rahna thalib, memories, iemalayalam
‘അവിടെ ആരാമ്മാ?’
‘ആരൂല്ലടാ. വെറുതെ.’
‘ന്നിട്ട്?’
‘ദാസേട്ടൻ പാതിരാവായില്ല, പൗർണമിയായില്ല എന്ന് പാടി തുടങ്ങുമ്പോൾ നേനമ്മണീറ്റ് അടുക്കളേൽക്ക് പോകും. കൈ കഴുകി വന്ന് മീൻ നന്നാക്കാൻ നിക്കും. ഇങ്ങള് രണ്ടാളും മണം പിടിച്ച് ചെന്ന് ശല്യണ്ടാക്കരുത്.’

‘പുന്നാരീം പഞ്ചാരീം ചവിട്ടുപടീമേ വന്നിരിക്കും,ല്ലേമ്മാ?’
‘ഉം.’
‘ന്നിട്ട്?’
‘ചിന്നു പൂച്ച അവരോട് പറയും. നേനമ്മ മീൻ നന്നാക്കി കഴിഞ്ഞാല് വെള്ളം കൊണ്ടോയി വഴുതനേടെ ചോട്ടിലൊഴിക്കും. അല്ലെങ്കിൽ ചേമ്പിന്റെ കടയ്ക്കല്. ന്നിട്ട് പറയും. ചെമ്മീൻ തല ഇങ്ങക്ക് ഇഷ്ടല്ലല്ലോ. അത് തിന്നണ്ട. മത്തി തിന്നോളീട്ടാ പള്ള നെറച്ച്ന്ന്.’

‘രണ്ടാളും കൂടെ തല്ലു കൂടുംല്ലേ ഇമ്മാ?’
‘ഉം. ഇന്ന് പിന്നെ മാക്കൂം ഇന്ടല്ലോ.’
‘ഞാൻ പൊറത്തൊന്നു പോയിട്ട് വേഗം വരാ. ഗേറ്റ് ന്റെ അവിടേക്കൊന്നും പോകരുത്.’
‘ഗേറ്റ്ന്റെ അവിടെ പോയാല്, കണ്ടൻ നായ വരും ല്ലേമ്മാ?’
‘ഉം.’
‘അമ്മല്ലാത്തപ്പോ കണ്ടൻ നായേനെ ദൂരെ കണ്ടാല്, രണ്ടാളും കൂടെ തുളസിക്കാട്ടിലൊളിക്കണം. അല്ലേൽ ജാതിടെ ചോട്ടിലെ മൊന്തേല്.
അല്ലേൽ അവരെ കണ്ടൻ നായ പിടിച്ച് തിന്നോമ്മാ?’
‘ചെലപ്പോ. അമ്മ പറേണത് കേട്ട്, ഗേറ്റ്ന്റെ അവിടേക്ക് പോകാതിരുന്നാൽ മതീലോ.’
‘നല്ല കുട്ട്യോള് അമ്മ പറേണത് കേക്കും, ല്ലേമ്മാ?’
‘ഇക്ക് വയ്യാ ട്ടാ റയാ, ഇയ്യ്‌ ഒറങ്. എത്ര നേരായി ഉമ്മ കഥ പറേണ്‌.’
‘ബാക്കി പറയ്.’
‘ബാക്കി ഒന്നൂല്ല. അവരമ്മ പറേണത് കേട്ട് നല്ല കുട്ട്യോളായി. അത്രന്നെ…’
അവളുറക്കം പിടിച്ച് തുടങ്ങീരുന്നു. rahna thalib, memories, iemalayalam

ഇനി ഉമ്മ പാട്ട് പാടിത്തരാം.
‘ഹസ്ബീ റബ്ബീ സല്ലല്ലാഹ്‌,
മാഫീ ഖൽഫീ ഹൈറുല്ലാഹ്…’

‘ഇത് വേണ്ടമ്മാ. കോഴീടെ പാട്ട് മതി.’

‘കൊക്കര കൊക്കര കോഴിക്കുഞ്ഞേ,
ചക്കരമാവിലെ തത്തപ്പെണ്ണേ,
ഒച്ച വെയ്ക്കല്ലേ , ഒച്ച വെയ്ക്കല്ലേ
കുഞ്ഞിളം ബീവിക്ക് കാത് കുത്ത്
ഇന്നെൻ കുഞ്ഞിളം ബീവിക്ക് കാതുകുത്ത്…’

കൈമുട്ടിലെ എരടൽ നിന്ന് പോയിരുന്നു. മോളുറങ്ങിപ്പോയിരുന്നു. ഇന്നെത്ര ചീത്ത പറഞ്ഞു ഞാനവളെ. ഭക്ഷണം കഴിക്കാൻ മടി കാട്ടിയതിന് ദേഷ്യപ്പെട്ടു. കുളിപ്പിക്കാൻ വിളിച്ചപ്പോൾ വരാത്തതിന് ഒച്ച വെച്ചു.
പാവം. ഇപ്പോൾ കിടക്ക്‌ണ കിടപ്പ് കണ്ടില്ലേ. ഉറങ്ങി കിടക്കുമ്പോൾ അവൾ മാലാഖയാണ് എന്നെനിക്കു തോന്നും. എന്റെ സന്തോഷങ്ങളുടെ വെളിച്ചം. ചിരിയുടെ വിളക്ക്.

നേരം എത്രേം വേഗം പുലർന്നെങ്കിൽ! ഒപ്പം, മോളെയിങ്ങനെ ചേർത്തണച്ചു കിടക്കുമ്പോൾ എന്തോ ഓർത്തെന്റെ മനസ്സ് ഖിന്നമാവുന്നു. പുതിയ താവളങ്ങൾ തേടിപ്പോയ ചിന്നുവിനെ പോലെ ഒരിക്കൽ നീയും ഈ തണലും താവളവും വിട്ട് പുതിയ ആകാശവും ഭൂമിയും തേടുമായിരിക്കും. ജീവിതം അങ്ങനെയാണല്ലോ.
പ്രത്യേകിച്ച്, പെൺകുട്ടികളുടെ…

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Mother daughter bond

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express