ഉദയംപേരൂരുകാര്‍ക്കു നേരം പുലരും മുന്‍പ് ഏഴു കിലോ മീറ്റര്‍ അകലെ തൃപ്പൂണിത്തുറയിലെ ജിമ്മിലേക്കു ഫിറ്റ്‌നസ് പരിശീലനത്തിനായി പോയിരുന്ന ഒരു കാലമുണ്ട് അജീഷിന്. സഹതാപവാക്കുകൾ ഭയന്ന്, നാട്ടുകാര്‍ പുറത്തിറങ്ങും മുന്‍പ് വീട്ടില്‍ തിരിച്ചെത്തിയ കാലം. കാഴ്ചക്കാരാകേണ്ടി വന്നവരുടെയൊക്കെ ഹൃദയം നിലച്ചുപോയ ഗുണ്ടാ ആക്രമണത്തിൽ ശരീരമാസകലം വെട്ടേറ്റിട്ടും മനസുകൊണ്ട് തെല്ലിടപോലും തളർന്നില്ല ഈ യുവാവ്. ഫിറ്റ്നസ് പരിശീലകനായും ജിം ഉടമയായും സർക്കാർ ജീവനക്കാരനായും അജീഷ് മുന്നേറുമ്പോള്‍ മുറിവുകള്‍ മായ്ച് കാലവും ഒപ്പം സഞ്ചരിക്കുന്നു. എന്നാൽ അതിനു പിന്നിൽ, അസാധ്യമായതിനെ സാധ്യമാക്കിയ വർഷങ്ങൾ നീണ്ട നിരന്തര പരിശ്രമത്തിന്റെ കഥയുണ്ട്.
വീഡിയോ കസെറ്റ് സിഡിക്കു വഴിമാറിക്കൊണ്ടിരിക്കുന്ന 16 വര്‍ഷം മുന്‍പത്തെ കാലം. കൃത്യം തീയതി പറഞ്ഞാല്‍ 2006 മാര്‍ച്ച് ആറ്. ഉദയംപേരൂര്‍ കൊച്ചുപള്ളിയിലെ വീടിനു സമീപത്തെ കസെറ്റ് കട പതിവിലും വൈകി, രാവിലെ പത്തരയോടെയാണ് അന്ന് അജീഷ് തുറന്നത്. സിംഗപ്പൂരില്‍നിന്നു വന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയിരുന്നതിനാല്‍ തലേദിവസം രാത്രി വളരെ വൈകിയാണു വീട്ടിലെത്തിയത്. അതുകൊണ്ടു തന്നെ പിറ്റേദിവസം എഴുന്നേൽക്കാനും വൈകി. നാട്ടിൽ സാമൂഹ്യപ്രവർത്തനത്തിൽ കൂടി പങ്കാളിയായ അജീഷ് കട തുറന്നതിനു പിന്നാലെ രണ്ടു സുഹൃത്തുക്കള്‍ സംസാരിക്കാനെത്തി. ഇതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. അതിനുള്ള കാരണം വഴിയേ പറയാം.
ഒന്നും രണ്ടുമല്ല, 46 വെട്ട്
വാളുമായി കടയിലേക്കു പൊടുന്നനെയെത്തിയ അക്രമി ആദ്യം വെട്ടിയതു തല ലക്ഷ്യമിട്ട്. കൈകൊണ്ടു തടുക്കാനായി അജീഷിന്റെ ശ്രമം. വീണ്ടും വെട്ട് വന്നതോടെ കടയിലെ കൗണ്ടറിലുണ്ടായിരുന്ന സ്റ്റൂള്‍ പരിചയാക്കി. നാലഞ്ച് വെട്ടേറ്റതോടെ സ്റ്റൂള്‍ ചിതറിപ്പോയി. ചാടി കൗണ്ടറിനു പുറത്തിറങ്ങിയ അജീഷ് അക്രമിയെ കയറിപ്പിടിച്ചു. അപ്പോഴേക്കും അപ്രതീക്ഷിതമായി പുറകില്‍നിന്ന് മറ്റൊരാള്‍ കുത്തി.സുഷുമ്‌നാ നാഡിക്കു തൊട്ടടുത്ത് കുത്തേറ്റതോടെ കൈയും കാലും തളര്‍ന്നതുപോലെയായി. ഇതിനിടെ ആദ്യത്തെയാള്‍ വീണ്ടും വെട്ടി.
രക്ഷപ്പെടാനായി കടയ്ക്കു പുറത്തേക്കു ചാടിയിറങ്ങിയപ്പോഴാണ് അക്രമികള്‍ ഒന്നും രണ്ടുമല്ല എട്ടു പേരുണ്ടെന്നു തിരിച്ചറിഞ്ഞത്. ആറു പേര്‍ ചുറ്റുംനിന്ന് വെട്ടി. തലയ്ക്കുനേരയുള്ള വെട്ട് ഇടതുകൈ കൊണ്ട് തടുത്തു. ഓടടാ എന്നു പറഞ്ഞപ്പോള്‍ ഓടാന്‍ ശ്രമിച്ചു. അപ്പോള്‍ പുറകെ വന്നു വെട്ടി. ഇടതുകാല്‍ പാദത്തിനു മുകളിലായി വേര്‍പെട്ടുപോയി. അതറിഞ്ഞത്, വീണ്ടും മുന്നോട്ടുനീങ്ങുന്നതിനിടെ വേര്‍പെട്ട ഭാഗം മണ്ണില്‍ കുത്തി മറിഞ്ഞുവീണപ്പോൾ മാത്രം. കിടന്ന കിടപ്പില്‍ പിന്നെയും വെട്ടുകിട്ടി. ഇതിനിടെ അക്രമികള്‍ ബോംബെറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തി ഓടിച്ചു.

എല്ലാം കഴിഞ്ഞ് അക്രമികള്‍ മടങ്ങുമ്പോള്‍ ഇരുപത്തിയഞ്ചുകാരന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായിരുന്നത് 46 വെട്ടും പുറകില്‍ ഒരു കുത്തും. രണ്ടു കൈ, രണ്ടു കാൽ, പുറം എന്നിവിടങ്ങളിലൊക്കെ വെട്ടേറ്റു. വലതുഭാഗത്തുനിന്നായിരുന്നു ആക്രമണമെന്നതിനാല്‍ അജീഷിന്റെ ഇടതുവശത്തായിരുന്നു കൂടുതല്‍ വെട്ടും. 23 വെട്ടേറ്റ ഇടതുകാല്‍ വേര്‍പെട്ടു. രണ്ടു കയ്യും അറ്റുതൂങ്ങി. അവ ആശുപത്രിയില്‍വച്ച് തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ഇടതുകൈയുടെ കുഴയില്‍ മാത്രം ആറ് വെട്ടേറ്റു. ഇവിടെനിന്ന് എല്ലടക്കം ഒരിഞ്ച് ഭാഗം തെറിച്ചുപോയി.
ബഹളം കേട്ട് അച്ഛനും അമ്മയും ഓടിയെത്തുമ്പോള്‍ കസെറ്റ് കടയോട് ചേര്‍ന്നുള്ള വീടിന്റെ മുറ്റത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു അജീഷ്. ഈ വീടിന്റെ മുറ്റത്തുകൂടി സമീപത്തെ സ്വന്തം വീട്ടിലേക്കു രക്ഷപ്പെടാനായിരുന്നു ശ്രമം. അജീഷിനു നേര്‍ക്കുള്ള ആക്രമണത്തിനു പിന്നാലെ കസെറ്റ് കടയിലും വീടിന്റെ ഭാഗമായ പലചരക്ക് കടയിലും അക്രമികള്‍ ബോംബെറിഞ്ഞിരുന്നു.
അമ്മ അജീഷിനെ വാരിയെടുത്ത് മടിയിലേക്കു കിടത്തി. അച്ഛനും സുഹൃത്തും ചേര്‍ന്നു മുറിവുകളില്‍ തുണിവച്ച് കെട്ടി. രക്തത്തില്‍ കുളിച്ചുകിടക്കുന്നതിനാല്‍ ആരും വണ്ടിയില്‍ കയറ്റിയില്ല. ഒടുവില്‍ അതുവഴി വന്ന ഒരു ഓട്ടോയിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആറ് കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ പെട്രോള്‍ തീര്‍ന്ന് വണ്ടി നിന്നു. പുറത്തിറങ്ങിയ ഡ്രൈവര്‍ വണ്ടിയില്‍ നിറയെ രക്തം കണ്ടതോടെ ബോധംകെട്ട് വീണു. ഇതോടെ ആള്‍ക്കാര്‍ കൂടി. അക്കൂട്ടത്തില്‍ അജീഷിന്റെ ഒരു സൃഹൃത്തുമുണ്ടായിരുന്നു. തുടര്‍ന്ന് അയാളുടെ ഒമ്‌നി വാനിലാണ് ആശുപത്രിയിലെത്തിച്ചത്.
തീ കോരി ഒഴിച്ചതുപോലെ വേദന
രക്തത്തിലും മണ്ണിലും കുളിച്ച് എറണാകുളത്തെ ആശുപത്രിയിലെത്തുമ്പോള്‍ അജീഷിന്റെ ശരീരത്തിലെ ഞരമ്പുകളില്‍ മിക്കതും മുറിഞ്ഞുപോയിരുന്നു. ഫ്‌ളൂയിഡ് നല്‍കാനായി ഒരു ഞരമ്പ് കിട്ടാന്‍ ഡോക്ടര്‍മാര്‍ പാടുപെട്ടു. ഒടുവില്‍, ഹൃദയത്തില്‍നിന്നു തലച്ചോറിലേക്കുള്ള ഒരു ഞരമ്പ് കഴുത്തില്‍ കിട്ടി. അവിടെനിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ആംബുലന്‍സില്‍ മറ്റൊരു ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. അവിടെ അത്യാഹിത വിഭാഗത്തില്‍വച്ച്, മുറിവില്‍ പറ്റിപ്പിടിച്ചരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ കഴുകിയപ്പോള്‍ അജീഷിന്റെ പ്രാണൻ പോയി. ജീവിതത്തില്‍ ഒരു മനുഷ്യന് അനുഭവിക്കാന്‍ കഴിയുന്നതിന്റെ പരമാവധിയുള്ള ആ വേദനയെ തീ കോരി ഒഴിക്കുന്ന അനുഭവമെന്നാണ് അജീഷ് വിശേഷിപ്പിക്കുന്നത്. അതുവരെ സധൈര്യം പിടിച്ചുനിന്ന അജീഷ് അപ്പോള്‍ മാത്രമാണു കരഞ്ഞുപോയത്.
തുടര്‍ച്ചയായ അഞ്ച് ശസ്ത്രക്രിയ. മുറിഞ്ഞുപോയ ഇടതുകാലും അതിലെ വിരലുകളിൽ ഒന്നൊഴികെയും തുന്നിപ്പിടിപ്പിച്ചു. ഇടതു കൈ പൂര്‍ണമായി തളര്‍ന്നുപോയിരുന്നു. വലതു കൈയുടെ തള്ളവിരലിനു മാത്രമേ ചെറിയ അനക്കമുണ്ടായിരുന്നുള്ളൂ. ഇരുകാലുകളും വലതു കൈയും ഫെയ്രിം ചെയ്ത കമ്പിയില്‍ തൂക്കിയിട്ടിരിക്കുന്നതിനാല്‍ 54 ദിവസം ആശുപത്രിയില്‍ ഒരു വശത്തേക്കു മാത്രം നോക്കിയുള്ള കിടപ്പ്. ഡിസ്ചാര്‍ജിനുശേഷം കുറച്ചുകാലം കഴിഞ്ഞ്, കമ്പിയിട്ട കാലിന്റെ മുട്ട് മടക്കുന്നതു ശരിയാക്കാന്‍ വീണ്ടുമൊരു ശസ്ത്രക്രിയ. അതുവരെയുള്ള ചികിത്സ നല്‍കിയത് ആറുലക്ഷം രൂപയുടെ കടബാധ്യത. മുട്ടിന്റെ ചലനം ശരിയാക്കാന്‍ സ്റ്റീല്‍ പ്ലേറ്റിടണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. കാശിനു ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ പ്ലാസ്റ്ററിലൊതുക്കേണ്ടിവന്നു. ഇതമൂലം ഇപ്പോഴും മുട്ടിനു ചെറിയ വളവുണ്ട്.
അതിജീവനം അമ്മയ്ക്കുവേണ്ടി
അജീഷ് ഒരിക്കലും കിടക്കപ്പായില്‍നിന്ന് എണീക്കില്ലെന്നായിരുന്നു ബന്ധുക്കള്‍ ഉള്‍പ്പെടെ മിക്കവരും കരുതിയത്. അജീഷിന്റെ ദുരവസ്ഥ കാണാന്‍ അമ്മ ഒരിക്കലും ആശുപത്രിയിലേക്കു പോയേയില്ല. താന്‍ പഴയതുപോലെ ജീവിതത്തിലേക്കെത്തിയില്ലെങ്കില്‍ അമ്മയുടെ ചിരി ഇനി കാണാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് അജീഷിനെ അതിജീവനമെന്ന ചിന്തയിലേക്കു നയിച്ചത്.
എങ്ങനെയെങ്കിലും എണീറ്റു നടക്കണമെന്നതായിരുന്നു ലക്ഷ്യം. ആദ്യം എണീറ്റിരിക്കാന്‍ തുടങ്ങി. 2007 നവംബറോടെയാണു പതുക്കെ നടക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും കാലിന്റെ മുട്ട് മടങ്ങില്ലായിരുന്നു. ഇടതുകൈക്കു ചലനമില്ലാത്തതിനാല്‍ വാക്കിങ് സ്റ്റിക്ക് പിടിക്കുകയെന്നത് അസാധ്യമായിരുന്നു. ഇതിനു പരിഹാരമായി കണ്ടെത്തിയ മാര്‍ഗം സ്റ്റിക്ക് കെട്ടിവയ്ക്കുകയെന്നതായിരുന്നു. കുപ്പിവെള്ളം കെട്ടിവച്ച് ചെറിയ എക്‌സര്‍സൈസും ഫിസിയോ തെറപ്പിയും ചെയ്തതോടെയാണ് ഈ കൈ അനങ്ങിത്തുടങ്ങിയത്. ഇപ്പോഴും 40 ശതമാനമേ ചലനശേഷിയുള്ളൂ.

ശരീരം അല്‍പ്പം കൂടി വഴങ്ങണമെങ്കില്‍ കുറച്ചുകൂടി വ്യയാമം ചെയ്‌തേ മതിയാകൂയെന്ന സ്ഥിതിയിലാണു ജിമ്മില്‍ പോകാനുള്ള തീരുമാനം 2008ൽ എടുത്തത്. നാട്ടില്‍ സഹതാപം കലര്‍ന്ന സംസാരമുണ്ടാകുമെന്നു കരുതിയാണു മറ്റൊരു സ്ഥലത്തെ ജിം തിരഞ്ഞെടുത്തത്. രാവിലെ 4.55നുള്ള ബസില്‍ തൃപ്പൂണിത്തുറയിലെ ജിമ്മില്‍ വന്ന് ചെറിയ രീതിയിലുള്ള എക്‌സര്‍സൈസ് കഴിഞ്ഞ് നാട്ടില്‍ ആളുകള്‍ പുറത്തിറങ്ങിനു മുന്‍പ് വീട്ടില്‍ കയറും.
2010 ആയതോടെ ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള ശാരീരിക ക്ഷമത കൈവരിക്കാന്‍ കഴിഞ്ഞു. ഫിറ്റ്‌നസ് ആധികാരിമായി പഠിക്കണമെന്നായി പിന്നീടുള്ള തോന്നൽ. കോട്ടയത്തുപോയി ട്രെയിനിങ് കോഴ്‌സ് പൂർത്തിയാക്കിയ അജീഷ്, തൃപ്പൂണിത്തുറ ജിമ്മിലെ ട്രെയിനര്‍ പോയപ്പോള്‍ പകരമായി ആ വേഷം സ്വീകരിച്ചു. ഒടുവില്‍ ജിം സ്വന്തമാക്കുകയും ചെയ്തു.
ശരിയായോ? ഇതെങ്ങനെയെന്ന് ഡോക്ടര്‍മാര്‍
എല്ലാം ശരിയാകുമെന്നാണ് ഓരോ തവണയും ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍മാര്‍ ആശ്വസിപ്പിച്ചിച്ചുകൊണ്ടിരുന്നത്. ഇതാണ് അജീഷിന് അതീജീവനത്തിനു പ്രേരകമായത്. എന്നാല്‍ അക്കാര്യത്തില്‍ അവര്‍ക്കു വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്ന് അജീഷിനു പിന്നീട് ബോധ്യപ്പെട്ടു. ശാരീരികക്ഷമത വീണ്ടെടുത്ത് നടന്നു ചെന്നപ്പോള്‍ ‘ശരിയായോ’ എന്നായിരുന്നു ഡോക്ടറുടെ അതിശയത്തോടെയുള്ള ചോദ്യം.
”പടികളിറങ്ങുമ്പോള്‍ ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കണം. ഒരു കാല് വച്ചശേഷം അടുത്ത കാല് പതുക്കെ വയ്ക്കണം. അല്ലെങ്കില്‍ പുറകില്‍നിന്നു തട്ടുകിട്ടിയാല്‍ കാലൊടിഞ്ഞുപോകും. കൈക്കുമുകളില്‍ 10 കിലോയില്‍ കൂടുതല്‍ പൊക്കരുത്,” എന്നായിരുന്നു ഡോക്ടര്‍മാര്‍ അജീഷിനു നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ കൈക്കു മുകളില്‍ 100 കിലോ വരെ അജീഷ് ജിമ്മില്‍ പൊക്കും. 300 കിലോ ലെഗ് പ്രസ് അടിക്കും.

നാല്‍പ്പത്തി രണ്ടുകാരനായ അജീഷിനെ ഇപ്പോള്‍ കണ്ടാല്‍ ഫിറ്റ്‌നസിന്റെ തികഞ്ഞൊരു രൂപമാണ്. നേരിട്ടു കാണുമ്പോള്‍ പലരും പറയും ‘നിനക്കിപ്പോള്‍ ഒരു കുഴപ്പവുമില്ലല്ലോ’ എന്ന്. ഫൊട്ടോ കണ്ടാല്‍, മരിച്ചുജീവിച്ചയാളാണെന്ന് ഒട്ടും പറയില്ല.
”ആള്‍ക്കാര് നോക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. എനിക്കുള്ള കുഴപ്പം മറ്റൊരാള്‍ അറിയാത്ത വിധം ഞാന്‍ ശരീരം സൂക്ഷിക്കുന്നുവെന്നതാണു വിജയം. പരിമിതികളുണ്ടെന്നതു യാഥാര്‍ഥ്യമാണ്. അതില്‍ ഏറ്റവും മികച്ച അവസ്ഥയിലാണ് ഇപ്പോള്‍ ജീവിതം മുന്നോട്ടുപോകുന്നത്. 40 ശതമാനം മാത്രമാണു ശരിയായത്. ശേഷിക്കുന്നതു ഇനി ശരിയാകുകയുമില്ല. ഇടതുകൈയുടെ പല ഭാഗത്തും തൊട്ടാലൊന്നും അറിയില്ല. കൈക്കുഴ പ്രവര്‍ത്തിക്കില്ല. വിരലുകള്‍ ഒരുമിച്ച് മാത്രമേ ചലിക്കൂ,” അജീഷ് പറയുന്നു.
”എന്നും രാത്രിയാവുമ്പോഴേക്കും ഇടതുകാലില്‍ കാല് നീരുവയ്ക്കും. കാലുയര്‍ത്തി തലയണയ്ക്കു മുകളിൽ വയ്ക്കും. രാവിലെയാകുന്നതോടെ നീര് പോകും. സന്ധികൾ അനങ്ങാതെയാകും. രാവിലെ എണീറ്റ് കെറ്റിലില്‍ വെള്ളം ചൂടാക്കി കൈ കുറേ നേരം മുക്കുന്നതോടെ അതു മാറും. തുടര്‍ന്നു കുറേ നേരം പിടിച്ചുപിടിച്ച് ചലനമുണ്ടാക്കിയശേഷമാണു വ്യായാമം തുടങ്ങുന്നത്. തണുപ്പുകാലത്ത് ഈ ബുദ്ധിമുട്ടുകളൊക്കെ കൂടും. ഇടയ്ക്കു കാല് നടക്കാന്‍ പറ്റാതെ ലോക്ക് വീണ അവസ്ഥയിലാകും. എവിടെയെങ്കിലും ഇരുന്ന് കാല് പതുക്കെ ശരിയാക്കിയെടുത്തു പിന്നെയും നടക്കും. അങ്ങനെയൊക്കെ ബുദ്ധിമുട്ടിയും അതിജീവിച്ചും തന്നെയാണു ഇപ്പോഴത്തെ ജീവിതം,” അജീഷ് പറഞ്ഞു.
അന്നും ഇന്നും ഫിറ്റ്‌നസ് മുഖ്യം
ആക്രമണം നടക്കുന്നതിനു മുന്‍പ് തന്നെ അജീഷ് ജിമ്മില്‍ പോകാറുണ്ടായിരുന്നു. അതുവഴിയുള്ള ഫിറ്റ്‌നസ് ആയിരിക്കാം ഇത്രയും പരുക്ക് പറ്റിയിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സഹായിച്ചതെന്നാണ് അജീഷ് കരുതുന്നത്. ശരീരം ഇങ്ങനെയായ സാഹചര്യത്തില്‍ എന്തെങ്കിലും ജോലി ചെയ്തു ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഫിറ്റ്‌നസ് കൂടിയേ തീരുവെന്ന ബോധ്യമാണു വീണ്ടും ജിമ്മിലെത്തിച്ചത്.
”ഫിറ്റ്‌നസ് അത്രയും ഇഷ്ടമാണെന്നതുപോലെ ആ വഴിയില്‍ സഞ്ചരിച്ചാല്‍ മാത്രമേ ആരോഗ്യ പരിമിതിയെ മറികടക്കാനാവൂയെന്നും മനസിലായി. അതതുകൊണ്ടു തന്നെ ഇതു മരിക്കുന്നതുവരെ നിര്‍ത്താന്‍ പറ്റില്ല,” അജീഷ് പറഞ്ഞു.

അടുത്ത തലമുറ നന്നായാല്‍ മാത്രമേ ഒരു നാട് നന്നാകുകയുള്ളൂവെന്ന ചിന്തയാണു ഫിറ്റ്‌നസ് മേഖലയില്‍ നില്‍ക്കാന്‍ അജീഷിനെ പ്രേരിപ്പിക്കുന്നത്. അപകടങ്ങളില്‍പെട്ടൊക്കെ ശാരീരികവും മാനസികവുമായി തകര്‍ന്ന നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അജീഷിന്റെ അതിജീവനം അറിഞ്ഞ് വിളിക്കുന്നുണ്ട്. നേരിട്ടുവന്നു കണ്ടവരുമുണ്ട്. അവര്‍ക്കൊക്കെ വര്‍ക്കൗട്ടും ഡയറ്റും പറഞ്ഞുകൊടുക്കുന്നു. അത്തരം ആളുകള്‍ക്കു പ്രചോദനമാവുന്നതില്‍ സന്തോഷമനുഭവിക്കുന്ന അജീഷ് ഈ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നു.
ഫിറ്റ്‌നസിലെന്നപോലെ വാഹനങ്ങളോടും വലിയ കമ്പമുണ്ട് അജീഷിന്. അതിജീവനത്തിലേക്കുള്ള യാത്രയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് വരെ സ്വന്തമാക്കി.സ്വന്തമായി ബുള്ളറ്റ് വാങ്ങി ഗോവ, ബംഗളുരു എന്നിവിടങ്ങളിലൊക്കെ റൈഡ് പോയിത്തുടങ്ങി. നിലവില്‍ ഹാര്‍ലി ഡേവിസണ്‍ ബൈക്കിലാണു റൈഡുകൾ.
നിയമപോരാട്ടം കൂട്ടുകാരനുവേണ്ടി
താന്‍ ആക്രമണത്തെ അതിജീവിച്ചെങ്കിലും കൂട്ടുകാരന്‍ നഷ്ടപ്പെട്ടത് അജീഷിനു തീരാവേദനയാണ്. അജീഷിനെ ഗുണ്ടകള്‍ ആക്രമിക്കുന്നതു കണ്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസിയായ കപില്‍. ‘ഒന്നും ചെയ്യല്ലേ’ എന്നു പറഞ്ഞ കപിലിനെ ഗുണ്ടകളിലൊരാള്‍ കുത്തി. രക്ഷപ്പെടാനായി ഓടിയ യുവാവ് വീടിന്റെ അടുക്കളയ്ക്കു പുറകില്‍ പോയി കമിഴ്ന്നു വീണ് മരിക്കുകയായിരുന്നു. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കായപ്പോൾ കപിലിന്റെ കാര്യം ആരും അറിഞ്ഞില്ലെന്നു സങ്കടത്തോടെ അജീഷ് പറയുന്നു.
”അവന്റെ അച്ഛന്‍ മരിച്ചിട്ട് അഞ്ച് ദിവസമേ ആയിരുന്നുള്ളൂ. കട തുറന്നപ്പോള്‍ എന്റെടുത്ത് സംസാരിക്കാന്‍ വന്നതായിരുന്നു. ഒരു നിപരാധിയെ കൊലപ്പെടുത്തിയവരെ അങ്ങനെ വെറുതെ വിടാന്‍ കഴിയില്ലായിരുന്നു. പ്രതികളെയെല്ലാവരെയും ശിക്ഷിക്കണമെന്നതു വാശിയായിരുന്നു. കടംവാങ്ങിയാണു കേസിന്റെ പുറകെ സഞ്ചരിച്ചത്. ഇങ്ങനെയുള്ളവര്‍ എളുപ്പത്തില്‍ ഊരിപ്പോന്നാല്‍ സാധാരണക്കാര്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ലല്ലോ. പ്രതികളില്‍ രണ്ടു പേരൊഴിക്കെ ഇരട്ട ജീവപര്യന്തത്തിനും മൂന്നു ജീവപര്യന്തത്തിനും ശിക്ഷിക്കപ്പെട്ടു.” അജീഷ് പറയുന്നു.
അജീഷ് ആക്രമിക്കപ്പെടുന്നതിനു മൂന്നു വര്‍ഷം മുന്‍പ് 2003 സെപ്റ്റംബര്‍ 13നു ഉദയം പേരൂരില്‍ എം ആര്‍ വിദ്യാധരനെന്ന സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ ഒന്നാം പ്രതിയായിരുന്നു അജീഷിനെ ആക്രമിച്ച കേസിലെയും ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെട്ട കഞ്ചാവ് സംഘത്തിനെതിരെ പ്രതികരിച്ചതാണു വിദ്യാധരന്റെ കൊലയിലേക്കു നയിച്ചത്. വിദ്യാധരനെ തട്ടിക്കൊണ്ടുപോയശേഷം അതിക്രൂരമായാണു കൊലപ്പെടുത്തിയത്.

കല്യാണവീട്ടില്‍ പോയാല്‍ പോലും കാമറയില്‍നിന്നു ബോധപൂര്‍വം ഒഴിഞ്ഞുനില്‍ക്കുമായിരുന്ന പ്രതിയുടെ ഫൊട്ടോ ഒരിടത്തും ലഭ്യമായിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു കല്യാണത്തിന്റെ വീഡിയോ കാസറ്റില്‍നിന്നു സിഡിയിലേക്കു തന്റെ കസെറ്റ് കടയില്‍വച്ച് കണ്‍വര്‍ട്ട് ചെയ്യുന്നതിനിടെ പ്രതി ഭക്ഷണം കഴിക്കുന്നത് അതില്‍ അജീഷ് കണ്ടു. ഈ ദൃശ്യത്തിന്റെ ക്ലിപ്പെടുത്ത് പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍കി. ഇതേത്തുടർന്നാണ് വിദ്യാധരൻ വധക്കേസിൽ പ്രതി അറസ്റ്റിലായത്. അതിന്റെ വൈരാഗ്യത്തിലാണു വിദ്യാധരന്‍ വധക്കേസ് വിചാരണയ്ക്കടുത്ത സമയത്ത് തനിക്കുനേരെ ആക്രമണം നടന്നതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചതാണിതെന്നും അജീഷ് പറഞ്ഞു. വിദ്യാധരന്‍ വധക്കേസില്‍ അജീഷിന്റെ പിതാവ് സാക്ഷിയായിരുന്നു.
അതിജീവനത്തിന്റ വഴിയില്‍ സര്‍ക്കാര്‍ ജോലിയും
അതിജീവനത്തിന്റ പാതയില്‍ സര്‍ക്കാര്‍ ജോലിയെന്ന നേട്ടം കൂടി സ്വന്തമാക്കി അജീഷ്. വീട്ടില്‍ കഴിഞ്ഞിരുന്ന സമയത്ത് കൂട്ടുകാരന്റെ പ്രേരണയിലാണു പി എസ് സി പരീക്ഷയ്ക്കുവേണ്ടി തയാറെടുത്തത്. വീടിന്റെ ടെറസിലിരുന്ന് രാത്രി എട്ടു മുതൽ പുലര്‍ച്ചെ നാലു വരെയായിരുന്നു പഠനം.
2016ല്‍ ജോലയിൽ പ്രവേശിച്ച അജീഷ് നിലവിൽ എറണാകുളം ജില്ലാ ട്രഷറി ഓഫിസിൽ ക്ലാര്‍ക്കാണെങ്കിലും അവധിയിലാണ്. ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം കാരണം ജോലിയില്‍ നിന്നു ദീര്‍ഘ അവധി എടുക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ. ദിവ്യയാണ് അജീഷിന്റെ ഭാര്യ. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗരിപാര്‍വതി മകളും.