‘മഴയെ പുകഴ്ത്തട്ടെ മണ്ഡൂകം
മാവിന് ചുനമണക്കും മേടത്തിന്റെ
മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍ പക്ഷിയോടൊപ്പമേ വാഴ്ത്തിപ്പാടും
മുദ്ഗളം മലനാടു വേനലിന്നപദാനം‘
വായിച്ചതില്‍ വൈലോപ്പിള്ളിയാണ് പ്രിയ കവി. വിഷുക്കണി വായിക്കുമ്പോള്‍ വെയില് കൊണ്ട് വിയര്‍ത്തു നില്ക്കുന്ന കവിയെ സങ്കല്‍പ്പിക്കാറുണ്ട്. സഹ്യന്റെ മകനിലെ ചുവടെയുള്ള നാല് വരികള്‍ ആവേശം കൊള്ളിക്കാറുണ്ട്.
‘കണ്ണുകള്‍ നിണസ്വപ്നം
കാണ്കാം, തുമ്പിക്കരം
മണ്ണു തോണ്ടുന്നൂ’-പാവം
വിറപ്പൂ ശാന്തിക്കാരന്‘
വേനലാണെനിക്കിഷ്ടം. മഴയേക്കാളും. മഴ വന്ന് ചെരിയുന്ന ദിവസങ്ങളില്‍ സ്കൂളിനും കോളേജിനും കലക്ടര്‍ക്ക് മുമ്പേ ഞാന്‍ അവധി പ്രഖ്യാപിച്ചിരുന്നു .
ഫ്രോസ്റ്റിന്റെ ‘Road Not Taken’ മരണം വരെ മറക്കില്ലെന്ന വിശ്വാസത്തിലാണ് ജീവിതത്തിന്റെ സ്റ്റിയറിങ് പിടിച്ചിരിക്കുന്നത്. അതുകൊണ്ട് ആവര്‍ത്തിക്കപ്പെടുന്ന സത്യങ്ങളാണെങ്കിലും അറിഞ്ഞു കൊണ്ട് ക്ളീഷകള്ക്ക് പിറകെ പോയിട്ടില്ല. കണ്ട സിനിമകളിലൂടെ ഓടിയിറങ്ങി ‘തൂവാനത്തുമ്പി’യിലെ ക്ളാരയെ വകവെക്കാതെ ‘കന്മദ’ത്തിലെ ഭാനുവിനെ തേടി പിടിച്ചത് മനപ്പൂര്‍വ്വമാണ്. അതിനു പിറകിലൊരു വേനലിഷ്ടമുണ്ട്.
വിയര്‍ത്തൊട്ടി, വഴിയിലേക്ക് നെറ്റി കൂര്‍പ്പിച്ച ചന്തകള്‍ നീളുന്ന തെയ്യപ്പറമ്പ്. തൊണ്ടവറ്റിക്കുന്ന ഉച്ചവെയിലില്‍ കൂകി കുതിക്കുന്ന തീവണ്ടി യാത്ര. പൊടിപടര്പ്പില് ഗട്ടറില്‍ വീണ് കുലയുന്ന ‘കെസാര്ട്ടീസി’യുടെ ജാലകസീറ്റ്. ‘അപരാഹ്ന’ത്തിലെ കടല്‍. അമല്‍ നീരദിന്റെ ഫ്രെയിമുകള്‍. ഒരുവിധം ഇഷ്ടങ്ങളൊക്ക വേനലില്‍ ചാലിച്ചതാണ്. മഴയില്‍ കാക്കാപ്പൂവ് ചിതറി പച്ചപടര്ന്നതിനെക്കാളും വേനല്‍ക്കാറ്റില്‍ സ്വര്ണതിരമാല തീര്‍ക്കുന്ന മുളിപ്പുല്ല് കുലയുന്ന ചെങ്കല്പ്പാറയാണെനിക്കിഷ്ടം. വെയിലു ചാഞ്ഞ സന്ധ്യയില്‍ മണ്ഡലി പാമ്പ് വായ തുറക്കാറുണ്ട്. മരച്ചീനി പുഴുങ്ങിയ മണമാണ് മണ്ഡലികളുടെ വായനാറ്റം. വേനലിനൊരു മണമുണ്ടെങ്കില്‍ അണലിയുടെ വായനാറ്റമെന്ന് പറയും ഞാന്‍.
മഴ- വലിച്ചു കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകളില്‍ നിന്നെടുത്ത് ചാടുന്നത്.
മഴ- നിരന്നു കിടക്കുന്ന ഓടുകളുടെ അറ്റം വഴുക്കി ചന്തികുത്തി വീഴുമ്പോള്‍ ഇറയത്ത് ചിന്നല് തെറിപ്പിക്കുന്നത്് (ഇടയ്ക്ക്, തമ്മില്‍ പിടിവിട്ടു പോയ ‘മേട് ഇന്‍ പാപ്പിനിശ്ശേരി ഓടുകള്‍’ക്കിടയിലൂടെ കള്ളനായി അകത്തേക്ക് ചോര്ന്നുറ്റുന്നതും)
മഴ- ടെറസ്സില്‍ തിരുകിയ പി വി സി പൈപ്പ് വഴി വെള്ളച്ചാട്ടമാവുന്നത്.
മഴകാണുമ്പോള് എനിക്കു പ്രണയിക്കാന്‍ തോന്നിയിട്ടില്ല. ഗര്‍ഭപാത്രത്തിലേ മരിച്ചതും മരിക്കാത്തതും കൂട്ടി എത്രമാത്രം ചേര്‍ത്തു പിടിച്ചാലും സുന്ദരമായി വിട്ടു കൊടുക്കേണ്ടി വരുന്ന എന്റെ പ്രണയങ്ങളൊന്നും മഴക്കാലം കണ്ടിട്ടില്ലെന്ന് പൊള്ളിയ ഒരു പാട് മറവിയുടെ ലോഷന്‍ പുരട്ടി മായിച്ചെടുക്കുന്ന ഈ വേളയിലും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്.. അല്ലെങ്കിലും കരഞ്ഞു കൊണ്ടല്ലാതെ മഴയോട് കൂട്ടുകൂടുന്ന ടെക്നിക്കെന്തായിരിക്കുമെന്ന് എനിക്ക് പിടികിട്ടിയിട്ടില്ല.
കൊല്ലം തോറും മേയില്‍ നിന്ന് ജൂണിലേയ്ക്ക് മടി നനഞ്ഞാണിറങ്ങുക. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്രദിനത്തില്‍ സര്‍ക്കാർ സ്കൂളിലെ അസംബ്ലിക്ക് തൊട്ട് മുമ്പാണ് കാലവര്‍ഷം റ്റാറ്റ പറയാറുള്ളതെന്ന് പണ്ടേ കണ്ടെത്തിയതാണ്. അത് കഴിഞ്ഞ് വേനലൊന്ന് പ്രലോഭിക്കുമ്പോഴേക്കും പിന്നാലെ തുലാവര്‍ഷം വില്ലനാവും. ഇടിമുട്ടലിന്റെ തുപ്പല്പാട് പോലെ കൂണുകളപ്പോള് തലപൊക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി കാലം തെറ്റിയാണ് മഴ വന്നതും പോയതും. ഇത്തവണ നേരത്തെ വന്നു. വൈകി പോവുമ്പോള്‍ മഴ പ്രളയമായി. വേദനയായി. ദുരിതമായി.
കുറച്ച് ദിവസം മുമ്പ് ഉച്ചനേരത്ത് മാടായിപ്പാറയില്‍ പോയിരുന്നു. വെയിലിനു കലികേറി കയ്യിലാകെ കരിവാളിപ്പിച്ചു. ഉള്ളിലൊരു പൊട്ടനും പൊട്ടനൊരു തെയ്യവുമുള്ളത് കൊണ്ട് ഞാന്‍ കാര്യമാക്കിയതേയില്ല. പൊട്ടനെത്ര മേലേരി കണ്ടിരിക്കുന്നു…
ഒരു പക്ഷെ നിപ്പ വൈറസുകള്‍ അടങ്ങിയേക്കുമെന്ന് കേട്ട് മഴയ്ക്കു വേണ്ടി നെടുവീര്‍പ്പിട്ടിരുന്നു. പ്രളയം വന്നപ്പോള്‍ വെയിലിനും.
പക്ഷേ, പ്രളയാന്തര വേനല്‍ ഉള്ളുകൊണ്ടറിഞ്ഞത് ഞെട്ടിപ്പിക്കുന്നൊരു കാഴ്ച്ച കണ്ടിട്ടാണ്. കുറേ ദിവസമായി ഒരു തവള വീടിന്റെ വരാന്തയില്‍ തന്നെ കിടക്കുന്നു. പായിച്ചിട്ടും മടങ്ങി വന്നതാണ്. മാര്ബണൈറ്റിന്റെ തണുപ്പില്‍ വയറൊട്ടി കിടക്കുന്ന തവള വരള്ച്ചയെപ്പറ്റിയൊരു കഥ ആവര്‍ത്തിച്ചു പറഞ്ഞു തന്നു. പറഞ്ഞ് പറഞ്ഞു തൊണ്ട ഇടറിയപ്പോള്‍ അതിന്റെ മുതുകിലേക്ക് ഞാന്‍ തണുത്ത വെള്ളമൊഴിച്ചു കൊടുത്തു(അന്നേരം മാഞ്ചോട്ടില്‍ നിവര്‍ത്തിയിട്ട ചാരുക്കസേരയിലിരുന്ന് ഒരു മനുഷ്യന് അത് പ്രാര്‍ത്ഥനയാണെന്ന് പറഞ്ഞു തന്നിരുന്നു). തവളയെ നനവുള്ളൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം ധ്യാനസന്നദ്ധയായ പുഴുവും വരാന്തയില്‍ ഇഴഞ്ഞെത്തി. അവളെ ചെമ്പരത്തിയില്‍ കൊണ്ടു വിട്ടിട്ടുണ്ട്. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവും വാര്‍ത്തയില്‍ വന്നതാണ്. ആ വേദനിപ്പിക്കുന്ന കാഴ്ച്ച ഞാന്‍ കണ്ടതുമാണ്.
രണ്ട് ഓര്‍മ്മകളുണ്ട്. പക്ഷികള്‍ക്ക് കുടിക്കാന്‍ പാത്രത്തില്‍ വെള്ളമൊഴിച്ചു കൊടുക്കുന്ന ശീലമുണ്ട് അമ്മയ്ക്ക്. സദാസമയം അമ്മയുടെ പിറകെ രണ്ട് അരിപ്രാവുകള്‍ സ്നേഹം പറഞ്ഞ് നടപ്പുണ്ടാവും. ഒരു വൈകുന്നേരം വീട്ടിലേക്കുള്ള വഴിയില്‍ ഒരാള്‍ ജീവനറ്റ ഒരു അരിപ്രാവിനെ തൂക്കി പിടിച്ചു പോകുന്നത് കണ്ടു. ചോദിച്ചപ്പോള്‍ ആവേശത്തില്‍ എറിഞ്ഞിട്ടതാണെന്ന് പറഞ്ഞു. വീട്ടിലെത്തുമ്പോള്‍ അമ്മ ഒന്നിനെ കാണാനില്ലെന്ന് പറഞ്ഞ് തനിച്ചായ അരിപ്രാവിനെ കാണിച്ചു തന്നു. ഉള്ളിലിപ്പോഴും ആ അരിപ്രാവ് കുറുകുന്നുണ്ട്. മറ്റൊരിക്കല്‍ മാലയിട്ട് മലയ്ക്കു പോകുന്നതിന്റെ തലേ ദിവസം മുറിയുടെ ജനലടച്ചപ്പോള് വിജാഗിരിക്കിടയില്‍ പെട്ട് ഒരു പല്ലി ചതഞ്ഞരഞ്ഞു. അന്നേരം ഞാന്‍ എന്നെ കണ്ടു. എത്രയോ നേരം ഏങ്ങലടിച്ചു കരഞ്ഞു.
പുഴകള്‍ വറ്റിതുടങ്ങിയിട്ടുണ്ട്. ഇനി കിണറും കുളവും നമ്മളും എന്നൊക്കെ ആലോചിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വേനലിനെ ഇഷ്ടപ്പെടുമ്പോള്‍ ഉള്ളിലൊരു നടുക്കം തോന്നുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയെ പ്രണയിച്ചവര്ക്കുണ്ടായ നടുക്കം എനിക്ക് ഊഹിക്കാനും പറ്റുന്നുണ്ട്. ഉള്ളിലിപ്പോഴും മഴയും വെയിലും തന്നെയാണ്. ഒരുപക്ഷെ ഉള്ളിലെ മഴ പുറത്തേക്ക് പെയ്യുന്നത് വരെ. അല്ലെങ്കില്‍ പുറത്തെ വെയില് ഉള്ള് പൊള്ളിക്കുന്നത് വരെ…