ലോകത്തെല്ലായിടത്തും മഴ ഒരു പോലെയാണ് എന്നു വിചാരിച്ചു ജീവിച്ച ഒരുനാട്ടിന്‍പുറക്കാലത്തിന്റെ നടവരമ്പിലൂടെ നിഷ്‌കളങ്കമായി പടര്‍ന്നു
വന്നവളാണ് ഞാന്‍. ഒരിക്കലും അനങ്ങാതിരിക്കാനാകാത്ത കുട്ടിയെപ്പോലെ ഇലക്ട്രിക് ട്രെയിന്‍വേഗത്തില്‍ ജീവിതം ഇരമ്പിപ്പായുന്നതു കണ്ട്, കല്യാണശേഷം ബോംബെയില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍, ബോംബെ മഴ വന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കു മേല്‍ വീണു പൊട്ടിച്ചിതറുന്ന മഴത്തുള്ളികളോട് ഞാന്‍ പെരുമ്പാവൂരെന്നും നാലുകെട്ടെന്നും നടുമുറ്റമെന്നും അരഭിത്തിയിലെ കാല്‍നീട്ടിയിരിപ്പെന്നും മഴയത്ത് കുളിക്കുന്ന മന്ദാരയിലകളെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞതൊന്നും അവര്‍ക്ക് മനസ്സിലായില്ല. ‘ബാരിഷ്,’ മഴയായി എനിക്കും തോന്നിയില്ല. വെള്ളത്തില്‍ക്കുളിച്ചു നൃത്തം ചെയ്യുന്ന ഇലകള്‍ കാണാതെ ഒരു നാട്ടിന്‍ പുറത്തുകാരിക്കെന്തു മഴ? കല്യാണം കഴിഞ്ഞു രണ്ടുമാസമായിരുന്നതേയുള്ളു .
മഴയും മഴ പോലെ തണുപ്പിക്കുന്ന സൗഹൃദങ്ങളും മണികിലുക്കമുള്ള  മലയാളവുമില്ലാതെ എനിക്ക് ശ്വാസം മുട്ടി. ചെമ്പൂരും ജൂഹുവും മുളന്‍ഡുമൊന്നും എന്നെ കൂടെ കൂട്ടിയില്ല. അതോ ഞാനവരുടെ കൂട്ടത്തില്‍ ചേരാതിരുന്നതോ?

ഫ്‌ളാറ്റിനു മുന്നിലെ ഇത്തിരി വട്ടത്തില്‍ പെയ്യുന്ന മഴയുടെ കലക്കവെള്ളത്തില്‍ ചിറകുകുടഞ്ഞുകുളിക്കാന്‍ കാക്കകള്‍പോലും വന്നില്ല. ഒരിക്കലും അനങ്ങാതെ നില്‍ക്കാന്‍ പറ്റില്ലെന്നു ഞാന്‍ കരുതിയ ബോംബെ പിന്നെ മഴരൂക്ഷതയുടെ ചൊല്‍പ്പടിക്കുതാഴെ അനങ്ങാതെ വിറങ്ങലിച്ചു നിന്നു. ജനജീവിതം സ്തംഭിച്ചെന്നു ബ്‌ളാക്ക് ആന്റ് വെറ്റ് റ്റിവി പറഞ്ഞു.

എനിക്ക്, മഹാരാജാസ് കോളേജിലേക്ക് തിരിച്ചോടാന്‍ തോന്നി. അവിടെ ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ മലയാളം എം എ പഠിച്ചത്. ഇടക്കിടെ ഒരു മനോഹര മഹാരാജാസ് ചിത്രം തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു. ചിത്രത്തില്‍ മഹാരാജാസ് കോളേജിലെ എം.എ ക്ലാസ്സിനു മുന്നില്‍ നിന്നു ഉഷ, സുനിത, ജെസ്സി , ഉണ്ണികൃഷ്ണൻ, വത്സലന്‍ വാതുശ്ശേരി, അശോകന്‍ എന്നിങ്ങനെ ഞങ്ങള്‍ ക്‌ളാസ്‌മേറ്റുകളെല്ലാം ചേര്‍ന്ന്,  കോളേജ് മുറ്റത്ത് പരന്നു പെയ്യുന്ന മഴ കാണുകയായിരുന്നു. മഴയത്തുകുതിര്‍ന്ന സാരിയില്‍ നനഞ്ഞു നടന്ന എറണാകുളം അലച്ചിലുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കു തണുക്കുകയും ഞാന്‍ സാരി തോളിലൂടെ വലിച്ചിട്ട് പുതക്കുകയും ചെയ്തു.

letha mohanchandran, rain, vishnu ram

പബ്‌ളിക് ലൈബ്രറിയിലേക്കുള്ള പോക്കുകള്‍ തന്ന പുസ്തകങ്ങള്‍ മഴയില്‍ കുതിരാതിരിക്കാന്‍ പാടുപെട്ട വൈകുന്നേരങ്ങള്‍ മഴയോര്‍മ്മകളായി തലമുടിയിഴകളിലൂടെ ഒലിച്ചിറങ്ങി ഒട്ടിപ്പിടിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ബോംബെ മഴ ഒരു അവ്യക്ത ചിത്രമായേ മനസ്സിലുള്ളു. ഇഷ്ടമല്ലാത്തത് മനസ്സ് വിട്ടുകളയുന്നതാവാം.

ബാല്‍ക്കണിയില്‍ നിന്നാല്‍ കാണാവുന്ന ബസ് സ്റ്റോപ്പില്‍ നനഞ്ഞും കുട പിടിച്ചും കുറെ ഗതികെട്ട യാത്രക്കാര്‍ ബസ്സു കാത്ത് റോഡിലെ ആഞ്ഞടിക്കുന്ന തിരമാലക്കടലില്‍ മുങ്ങിക്കുളിച്ചു നിന്നത് എങ്ങനെയാണ് ഓര്‍ക്കാനിഷ്ടമുള്ള ഒരു ചിത്രമാവുക? പോരാഞ്ഞ് ജുഹുക്കാലം ഗര്‍ഭകാലത്തിന്റെ ക്ഷീണവും ആയിരുന്നു. മഴത്തണുപ്പത്ത് ചൂടു പാനിപൂരി തന്ന് എന്റെ തണുപ്പുമാറ്റാന്‍ ജുഹുബീച്ചിന് അതു കൊണ്ടു തന്നെ ആയതുമില്ല.
ബോംബെയില്‍ നിന്നും പിന്നെ മസ്‌ക്കറ്റിലേക്ക് കുഞ്ഞുമായി പറന്നു. നാട്ടിലേക്കു പോകാൻ 36 മണിക്കൂർ വേണ്ട, വെറും മുന്ന് മണിക്കൂർ കൊണ്ട് നാട്ടിലെത്താം എന്ന പ്രലോഭനത്തിൽ പെട്ടാണ് ഞാൻ മസ്കറ്റിലേക്കു പറന്നത്. അന്ന് ഇ ശ്രീധരനെന്ന മാന്ത്രികനും കൂട്ടരും കൊങ്കൺ റെയിൽ പാതയുടെ നിർമാണം ആരംഭിച്ചിട്ടില്ല!

മഴത്തണുപ്പുള്ള മസ്‌ക്കറ്റോര്‍മ്മകള്‍. അപ്രതീക്ഷിതമായി പൊട്ടിവീഴുന്ന മസ്‌ക്കറ്റ് മഴ. മനസ്സും ശരീരവും തണുക്കും. ഒരു പാട്ടു മൂളാന്‍ തോന്നും. മഴയെത്തും വരെ ‘മഴയേ മഴയേ മഴക്കു ചക്കര പീര തരാം’ എന്ന് വാഴ്ത്തുപാട്ടു പാടുകയും മഴ വന്നാല്‍ ‘എന്തൊരു മഴ’ എന്ന് ഇകഴ്ത്തി മുഖം ചുളിക്കുകയും ചെയ്യുന്ന നമ്മള്‍ കേരളീയരെപ്പോലെയല്ല അവിടെയുള്ളവര്‍. പുതുമഴ വീഴുമ്പോള്‍ ഉല്ലസിച്ചാര്‍ത്ത് മഴയുടെ ആശ്ലേഷത്തിലേക്ക് മുന്‍പിന്‍നോക്കാതെ ചെന്നു കയറുന്ന ഒമാനികള്‍. കുളിരുന്ന ആശ്ലേഷങ്ങള്‍ അല്ലേ എല്ലാവരും ജീവിതവഴികളിലൂടെ തേടിനടക്കുന്നത് എന്ന്, അങ്ങനെയല്ലാത്തവര്‍ എങ്ങനെയാണ് മനുഷ്യരാവുക എന്ന് ചോദിച്ച് ഞാന്‍ എന്നോടുതന്നെ ചിരിച്ച കാലം. ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന കടലിലേക്ക് നിരന്തരം വീഴുന്ന വെള്ളിമഴത്തുള്ളികളാണ് എനിക്കെന്റെ അബുദാബി മഴകള്‍. ചുറ്റും ഒരു പാട വന്നു മൂടിയ പോലെ തോന്നി കണ്ണു തിരുമ്മിനോക്കുമ്പോള്‍ ദൂരെ ഏതോ കെട്ടിടങ്ങളുടെയും അവിടവിടെയായി കാണുന്ന ഈന്തപനകളും കണ്ടു. വ്യക്തതക്കും അവ്യക്തതക്കും നടുവിലെങ്ങോ നില്‍ക്കുന്ന ചിത്രങ്ങള്‍.

എപ്പോഴെങ്കിലും കിട്ടുന്ന മഴയെ മനം നിറഞ്ഞഘോഷിക്കുന്ന ആ നാട്ടുകാരെ കണ്ടിരിക്കുമ്പോള്‍ എനിക്ക് നാട്ടിലെ ചില ചലച്ചിത്രമഴകൾ ഓര്‍മ്മവന്നു. തൂവാനത്തുമ്പിമഴ, വൈശാലിമഴ, പെരുമഴക്കാലമഴ, പിറവി മഴ … പറഞ്ഞു പറഞ്ഞ് പതം വന്നതാണെങ്കിലും ആ ചലച്ചിത്ര മഴയോര്‍മ്മകളില്ലാതെ മലയാളിക്കെന്തു നിലനില്‍പ്പ്? അതിനിടെ തുളസിക്കതിരിന്റെ നൈര്‍മല്യവുമായി മനീഷാ കൊയ്‌രാളയും അനില്‍കപൂറും മഴയത്തു പാടി ആടി 1942 എ ലവ് സ്‌റ്റോറിയായി കളര്‍ റ്റിവിയില്‍ തെളിഞ്ഞപ്പോള്‍ ഒരു മഴ നനഞ്ഞ സുഖം. ഗുരുവിലെ ഐശ്വര്യറായിയുടെ മഴയും ഗള്‍ഫ്കാലത്തെന്റെ മേല്‍, മഴ കോരിച്ചൊരിഞ്ഞിട്ടു.

പിന്നെയും ജീവിതമഴയൊഴുക്കില്‍ കേരളത്തിലെത്തി. മക്കള്‍ വളരുന്നതിനു കാവലായി, അവര്‍ കൊള്ളുന്ന മഴയൊപ്പിക്കളഞ്ഞ്, തല നന്നായി തോര്‍ത്തിക്കൊടുത്ത് ഈ അടുത്തകാലം വരെ കഴിയുമ്പോള്‍ പുറത്തെ മഴയെ ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല. കുട്ടികളിപ്പോള്‍ താനേ തല തോര്‍ത്താറായവരായിരിക്കുന്നു. ഇപ്പോള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ തേടി, മഹാരാജാസിനെ ഒന്നു തിരിഞ്ഞു നോക്കി എറണാകുളം പബ്‌ളിക് ലൈബ്രറിയിലേക്ക് നടന്നുതുടങ്ങിയിരിക്കുന്നു ഞാന്‍.

rain, kerala, bombay, muscat

വീണ്ടുമെനിക്ക് മഴയും മണ്ണും സ്വന്തം
ദാഹാര്‍ത്തയായി നില്‍ക്കുന്ന വരണ്ടുണങ്ങിയ വേനല്‍മണ്ണില്‍, ആദ്യമായി പെയ്തിറങ്ങുന്ന വേനല്‍മഴ. അപ്പോഴുയരുന്ന മണ്ണിന്റെ മയക്കുന്ന ഗന്ധം. പുതുമഴ യില്‍ നനഞ്ഞുകാറ്റില്‍ ഇളകിയാടി സ്വയം രസിച്ചു നില്‍ക്കുന്ന എന്റെ ഒരുപിടി ചെടികളും പൂക്കളും. ഞങ്ങളുടെ നഗര വീടിന്റെ ജാലകത്തിനപ്പുറത്ത് മഴ പെയ്യുന്നത് ഈയിടെയായി ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ആകെ നനഞ്ഞ മരങ്ങള്‍ മുറ്റത്ത്… മാവിന്‍ കൊമ്പില്‍ തട്ടി പിന്നെ ഇലകളിലൂടെ പെയ്യുന്ന മഴത്തുളളികള്‍, വെയിലില്‍ ആകെ വാടി നിന്നിരുന്ന ചെടികളിലേക്ക് . പൂക്കള്‍ മഴയില്‍ നനഞ്ഞു് നാണിച്ച് കുമ്പി നില്‍ക്കുന്നു . മഴയുടെ പ്രണയം തേടിയെത്തുമ്പോള്‍, ആകെ വരണ്ടുനില്‍പ്പായിരുന്ന ഒരു ലോകം എത്ര പെട്ടെന്നാണ് തളിര്‍ക്കുന്നത്?

ഇന്നലെ മഴക്കാറ്റ് എനിക്കും കൊണ്ടുത്തന്നു ഒരു തളിരില. ഈ ഇത്തിരി വട്ടത്തില്‍ ഞാന്‍ നട്ടു വളര്‍ത്തുന്ന മാവ്, പ്‌ളാവ് ,തെങ്ങ് … മഴയത്ത് ഉലയുന്ന എന്റെ ചെറുമരങ്ങള്‍ നോക്കിനില്‍ക്കെ, മനസ്സില്‍ നാട്ടിന്‍ പുറത്തെ കുട്ടിക്കാല മഴ ചിത്രങ്ങള്‍ വന്നു നിറയുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മഴ നനഞ്ഞു് മഴയില്‍ കുളിച്ച് നടന്ന ഒരു കുഞ്ഞുലതയായിരുന്നു ഞാന്‍…മഴ നനയരുതെന്ന് , പനി വരുമെന്ന് ആരും പറഞ്ഞിരുന്നില്ല.
‘ നിറയെ മരങ്ങളും ചെടികളും ഉള്ള വലിയ തൊടിയിലെ ഞങ്ങളുടെ നാലുകെട്ട്. അതിനകത്തിരുന്നാല്‍ തന്നെ മഴ കാണാം. ഞങ്ങളുടെയാ നടുമുറ്റത്തിനു മുകളിലാണ് എല്ലാ ആകാശങ്ങളും എന്നു തോന്നിയിരുന്നു . ഓടില്‍ തട്ടി ചറുപിറുന്നനെ ഒച്ചയുണ്ടാക്കി മഴ തുള്ളിക്കളിക്കും. നാലു മൂലകളിലെ പാത്തിയില്‍ കൂടിയും തുമ്പിക്കൈവണ്ണത്തില്‍ ആര്‍ത്തലച്ച് ചുറ്റും ഒഴുകിപ്പരന്ന് മുറ്റമൊക്കെ മഴ, ഒരു പുഴയാക്കി മാറ്റും. വെള്ളത്തില്‍ കടലാസുകളിവഞ്ചികള്‍ ഒഴുകി നടക്കും, പിന്നെ ജലത്തിന്റെ ആലിംഗനത്തിലലിഞ്ഞില്ലാതെയാവും.

rain, latha mohanchandran, vishnu ram

മുറ്റത്തും തൊടിയിലും മലയിലും മഴ നൃത്തം തന്നെ മഴ നൃത്തം. വീടിന് മുകളിലെ മലയില്‍ നിന്നും കുത്തി ഒലിച്ചു വരുന്ന വെള്ളം നൃത്തത്തിന് അകമ്പടി പോലെ പശ്ചാത്തലത്തിലുയരും. വേനലില്‍ ഇത്തിരി വെള്ളവും ഒത്തിരിപ്പായലും ചേര്‍ന്ന് അനക്കമില്ലാത്ത പച്ചക്കുഴമ്പായി മാറ്റിയ കെട്ട വെള്ളമുള്ള കിണറുകള്‍ക്കും കുളങ്ങള്‍ക്കും മോക്ഷപ്രാപ്തിയാകും. മഴപ്പെയ്‌ത്തോടെ എല്ലാ കിണറും കുളവും നിറഞ്ഞു കവിയും. ഏതെല്ലാം രൂപങ്ങളില്‍ ആണ് മഴ വരിക! ഇടിയും മിന്നലോടും കൂടി സംഹാരരുദ്രയായി വന്ന മഴകളുണ്ട്… ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാറ്റല്‍ മഴകളുണ്ട് . വെയിലും മഴയും ഒരുമിച്ച് പെട്ടെന്ന് വന്ന് പേരിനൊന്നു പെയ്ത്, വന്ന അതേ വേഗതയില്‍ മഴമടക്കമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ പെട്ടെന്നാണ് മഴ പൊട്ടിവീഴുക: അകലെ നിന്നും ചെയ്തു വരുന്ന മഴ നനയാതിരിക്കാന്‍ ഓടും പക്ഷെ വേഗത്തില്‍ കൂടെ വന്നു നിന്നു പെയ്‌ത്തോടു പെയ്ത്തായിരിക്കും ആകെ കുളിപ്പിച്ചെടുക്കും.  കൊയ്തു കഴിഞ്ഞ സമയത്ത് ഇത്തരം അപ്രതീക്ഷിത മഴകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കും മുറ്റത്ത് ഉണങ്ങാനിട്ട നെല്ല് വാരിയെടുക്കാന്‍ ഞങ്ങളെയാരെയും സമ്മതിക്കാതെ മുഴുവന്‍ നനച്ചു കളയും. ഓണക്കാലത്ത് പെയ്യുന്ന മഴകള്‍ , ഞങ്ങള്‍ കുട്ടികള്‍ രാവിലെ സ്‌ക്കൂളില്‍പോകും മുമ്പേ ഇട്ട പൂക്കളങ്ങള്‍ മുറ്റത്തെ വെള്ളത്തിലൂടെ പുഴ പോലെ ചന്നം പിന്നം ഒഴുക്കിവിട്ടു സ്‌ക്കൂളില്‍ നിന്നു ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെ ദേഷ്യവും സങ്കടവും പിടിപ്പിച്ചു…പക്ഷേ ,പലപലരൂപങ്ങളില്‍ വന്നാലും അന്ന് മഴ കണ്ട് കൂട്ടിരിക്കാന്‍ നാലുകെട്ടിന്റെ പടികളും അതിലിരിക്കാന്‍ അച്ഛനുമമ്മയുമുണ്ടായിരുന്നു. സ്‌കൂള്‍ തുറപ്പു ദിവസം ഉറപ്പാണ് എന്തായാലും മഴ എത്തും, ഞങ്ങളുടെ തോളത്ത് കൈയിട്ട് നടക്കും …കൂട്ടുകാരുമൊത്ത് അവധികാല വിശേഷങ്ങളും പറഞ്ഞു മഴയ്‌ക്കൊപ്പം സ്‌ക്കൂളിലേക്കുള്ള വഴിയിലെത്തുമ്പോഴേ കാണാം -വിടര്‍ത്തിയ കുറേയധികം കറുത്ത കുടകള്‍ പുറമേ , അവയ്ക്കു താഴെ വെള്ളം തട്ടിത്തെറിപ്പിക്കുന്ന കുട്ടിക്കാലുകള്‍ താഴെ.  അവരുടെ കുടപ്പുറത്തു വീഴുന്ന മഴത്തുള്ളികള്‍, ഒഴുകി നീങ്ങുന്ന കറുത്ത പാറയില്‍ വീഴുന്ന മഴ പോലെയുണ്ടാവും. വഴിയിലെ പാടങ്ങളെല്ലാം വരമ്പ് മറഞ്ഞ് ആകെ വെള്ളത്തിനടിയിലായിട്ടുണ്ടാവും. കഷ്ടിച്ചു വീണ്ടെടുക്കാവുന്ന ചില ജീവിതയോര്‍മ്മകള്‍ പോലെ ആ വഴിവരമ്പുകളത്രയും വള്ളത്തില്‍ നിഴലിട്ടു കിടക്കും. എത്ര കുട പിടിച്ചാലും നനയും, കാറ്റിന്റെ കൂടെ വെള്ളം ഒളിച്ചു കടക്കും കുടക്കകത്തേക്ക്… പാടത്തെ വെള്ളവും മഴവെള്ളവും മത്സരിച്ചു നനച്ച ഉടുപ്പിനകത്ത് നനഞ്ഞു കുതിര്‍ന്നിരുന്നു ചുമ്മാ പരസ്പരം നോക്കിച്ചിരിക്കുമായിരുന്നു.  അന്ന് ആ സ്‌കൂൾക്കാലത്ത് ചിരിക്കാനത്രയൊക്കെയേ വേണ്ടിയിരുന്നുള്ളു. കോളേജ് കാലമായപ്പോള്‍ മഴ നനഞ്ഞ ബസ്സ് യാത്രകള്‍ കൂടി അധികമായുണ്ടായി മനസ്സില്‍ സൂക്ഷിക്കാന്‍.

ഇപ്പോള്‍ മെട്രോയ്ക്കും മേലെ ഞങ്ങൾ എറണാകുളത്തുകാര്‍ക്ക് ഞാറ്റുവേല ഇപ്പോഴും മഴ പെയ്തു കൊണ്ടിരിക്കുന്നു. നോക്കി നില്‍ക്കെ മഴ, ഒരു നില്‍പ്പുനില്‍ക്കും. അതാണ് ഞാറ്റുവേലരീതി. ഞാറ്റുവേലയുടെ സിംഫണി കേട്ട് അകത്ത് ഞാന്‍ വെറുതേ ഇരിക്കുന്നു.
ചില മനുഷ്യരും മഴ പോലെയാണ്. നമ്മില്‍ മഴവള്ളി പോലെ പടര്‍ന്ന് പെയ്തിറങ്ങി സങ്കടങ്ങളെയെല്ലാം മായ്ചു കളയും. അങ്ങനെ വിചാരിക്കാനാണ് നഗരത്തിലെത്തിയിട്ടും ഞാനെന്ന നാട്ടിൻപുറത്തുകാരിക്ക് ഇഷ്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ