scorecardresearch

കവര്‍ച്ചക്കാരുടെ പിന്നാലെ ഓടുമ്പോള്‍…

കൊടുവള്ളിയിൽ നടന്ന മൊബൈൽഫോൺ കവർച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചില സമാന ഡൽഹി സംഭവങ്ങൾ ഓർത്തെടുക്കുന്നു ലേഖകൻ. ജീവനുണ്ടെങ്കിലേ എല്ലാത്തിനും അര്‍ത്ഥമുള്ളു, ജീവനാണ് സാരം, ബാക്കിയെല്ലാം നിസ്സാരമാണ് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു

കവര്‍ച്ചക്കാരുടെ പിന്നാലെ ഓടുമ്പോള്‍…
ചിത്രീകരണം: വിഷ്ണുറാം

മോട്ടര്‍ സൈക്കിളില്‍ വന്ന രണ്ടു പേര്‍, കൊടുവള്ളിയില്‍ ഒരു തൊഴിലാളിയെ ഓടുന്ന ബൈക്കിനൊപ്പം വലിച്ചിഴയ്ക്കുന്ന സി സി ടിവി ദൃശ്യങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയ ഒന്നായിരുന്നു. ബൈക്കിലെത്തിയവർ ഫോണ്‍ ചെയ്യാനായി അലി അക്ബറിന്റെ മൊബൈല്‍ ചോദിച്ചതായും കൈയ്യിൽ കിട്ടിയ ഫോണുമായി കടന്നു കളയാന്‍ ശ്രമിച്ചതുമായാണ് റിപ്പോര്‍ട്ട്.

ബൈക്കിന്റെ പുറകില്‍ പിടുത്തം കിട്ടിയ അലി, ആ ബൈക്കുകാരെ കടന്നു കളയാന്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന് ബൈക്കിനൊപ്പം ഏതാണ്ട് നൂറു മീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ടു. ദൃഢനിശ്ചയത്തോടെ ബൈക്കില്‍ തൂങ്ങിക്കിടക്കുന്ന അയാളെ എങ്ങനെയെങ്കിലും കുടഞ്ഞു കളയാനായി, ബൈക്ക് വല്ലാതെ വളച്ചും പുളച്ചും അവരോടിയ്ക്കുന്നതായി വീഡിയോയില്‍ കാണാം. പരുക്കേറ്റ ബീഹാര്‍ സ്വദേശി അലി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇതൊരൊറ്റപ്പെട്ട സംഭവം മാത്രമായി കാണാനാവുമോ? ഈയിടെയായി ഇത്തരം വാര്‍ത്തകള്‍ പലപ്പോഴായി നമ്മള്‍ കേള്‍ക്കാനും അറിയാനും ഇടവരുന്നില്ലേ? ഒരുപക്ഷേ, അത്തരം കേസുകളിലൊന്നും നമ്മുടെ മനസ്സിനെ മഥിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ക്ളിപ്പ് ഇല്ലാത്താത് കൊണ്ടാവുമോ അലിയുടെ സംഭവത്തിലുണ്ടായതു പോലുള്ള ധാര്‍മ്മികരോഷം നമുക്ക് ഉണ്ടാവാത്തത്?

അലിയുടെ വീഡിയോ കണ്ടപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നെ സെന്‍ട്രല്‍ ദല്‍ഹിയിലെ കസ്തൂര്‍ബ ഗാന്ധി മാര്‍ഗില്‍, ഹിന്ദുസ്ഥാന്‍ ടൈംസ് ബില്‍ഡിങ്ങിന്റെ മുന്നിലുടെ വലിച്ചിഴയക്കപ്പെട്ട ഒരു ചെറുപ്പക്കാരന്‍ വളരെ അത്ഭുതകരമായ വിധത്തില്‍ രക്ഷപ്പെട്ട സംഭവം ഓര്‍മ്മ വന്നു. രണ്ടു പേര്‍ ബൈക്കില്‍ അപകടകരമാം വിധം അടുത്തെത്തുമ്പോള്‍, അയാള്‍ മൊബൈല്‍ ഫോണ്‍ സംസാരത്തില്‍ മുഴുകി നടക്കുകയായിരുന്നു. അവര്‍ അയാളുടെ പക്കല്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ച ഫോണ്‍ വിട്ടു കൊടുക്കാത്തിനെത്തുടര്‍ന്ന്, കുറച്ചു ദൂരം അലിയെപ്പോലെ തന്നെ അയാളും വലിച്ചിഴയ്ക്കപ്പെട്ടു. തുടര്‍ന്നു ആശുപത്രിയിലുമായി എന്നും വായിച്ചിരുന്നു.

ദല്‍ഹിയില്‍ വെച്ചു തന്നെ കേള്‍ക്കാനിടയായ മറ്റൊരു കാര്യം കൂടി ഈയവസരത്തില്‍ ഓര്‍മ്മ വരുന്നു.

ഒരു സുഹൃത്തിന്റെ വീട്ടില്‍ വാരാന്ത്യ ലഞ്ച് കഴിഞ്ഞിരിക്കുന്ന നേരം. അവിടെ സന്ദര്‍ശകയായുണ്ടായിരുന്ന ഒരു ബന്ധുവിനെ ആ വീട്ടുകാര്‍ പരിചയപ്പെടുത്തി. പ്രായമായ, നടപ്പില്‍ ഒരല്പം വല്ലായ്ക ഉള്ള ആ സ്ത്രീ ബുദ്ധിമുട്ടോടെ സോഫയില്‍ വന്നിരുന്നു. ഞങ്ങളുടെ സംസാരം പുരോഗമിക്കെ, അവരൊരു വിചിത്രമായ കഥ പറഞ്ഞു.

സ്വദേശമായ തൂശൂരിൽ ഒരു കല്യാണം കൂടിയിട്ട് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു അവര്‍. നാട്ടില്‍ നിന്നുള്ള മടക്ക യാത്രയിലെ ഒഴിച്ചു കൂടാനാവാത്ത പതിവിന്റെ ഭാഗമായി കുറച്ചു മാങ്ങയും തേങ്ങയും അവരുടെ ബെര്‍ത്തിനടിയില്‍ ഇടം പിടിച്ചിരുന്നു. കോച്ച് ഏതാണ്ട് ശുന്യമായിരുന്നു, അവര്‍ ബര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടന്നു. റെയില്‍വേയില്‍ മുന്‍ ഉദ്യോഗസ്ഥ കൂടിയയായിരുന്നു അവര്‍ തീവണ്ടിയാത്ര തുടങ്ങും മുന്നെ, വിവാഹത്തിന് അണിഞ്ഞ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഊരി ഹാന്‍ഡ് ബാഗില്‍ വെച്ചിരുന്നു.

എറണാകുളം സ്റ്റേഷനെത്തിയപ്പോള്‍, ഒരു പയ്യന്‍ വന്ന് അവരുടെ എതിര്‍വശത്തെ ബര്‍ത്തിലിരുന്നു. അവന്റെ കൈയില്‍ ബാഗൊന്നും ഉണ്ടായിരുന്നില്ല എന്നു കണ്ട് എവിടെ വരെയുണ്ട് യാത്ര എന്നവര്‍ തിരക്കിയപ്പോള്‍ തിരികെ അവനവരോടും അതേ ചോദ്യം ചോദിച്ചു.

അവര്‍ ഇടക്കിടെ മയങ്ങാന്‍ തുടങ്ങി. കണ്ണു തുറക്കുമ്പോഴൊക്കെ അവരെത്തന്നെ നോക്കിയിരിക്കുന്ന അവനെ അവര്‍ കണ്ടു. പെട്ടെന്ന് ആ പയ്യന്‍ അവരുടെ ഹാന്‍ഡ് ബാഗും തട്ടിപ്പറിച്ചു കൊണ്ട് ഓടി. പിന്നാലെ അവരും. വിടാതെ പിന്തുടര്‍ന്ന് ഓരോ കോച്ചും അവര്‍ പരിശോധിച്ചു, പക്ഷേ അവനവിടെങ്ങും ഉണ്ടായിരുന്നില്ല. തിരച്ചിലവസാനിപ്പിച്ച് പോരാന്‍ തുടങ്ങവേ, ഒരു കോച്ചിന്റെ വാതിലനിരികില്‍ അവന്‍ നില്‍ക്കുന്നത് കണ്ടു. തുടര്‍ന്നുണ്ടായ ഉന്തിനും തള്ളിനുമവസാനം അവനവരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു.

Sanjay Mohan, Memories , iemalayalam

പുറകിലത്തെ അണ്‍റിസര്‍വ്ഡ് കോച്ചിന്റെ വാതില്‍ക്കലിരുന്ന യാത്രക്കാര്‍ തീവണ്ടിയില്‍ നിന്ന് ഒരു യാത്രക്കാരി വീഴുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട തിരച്ചില്‍ സംഘം, ട്രാക്കിനരികെ ആകെ നുറുങ്ങിത്തകര്‍ന്ന് ചോരയൊലിച്ച നിലയില്‍ അവരെ കണ്ടെത്തി.

ആശുപത്രിയില്‍ മാസങ്ങള്‍ ചെലവഴിച്ച ശേഷമാണ് അവര്‍ ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടത്. വീട്ടിലെത്തിയ ശേഷവും മരുന്നുകളും ഫിസിയോതെറാപ്പിയും വളരെക്കാലം അവര്‍ക്ക് തുടരേണ്ടിവന്നു. ഞങ്ങളെല്ലാം ശ്രദ്ധിച്ച അവരുടെ ‘നടപ്പുരീതി’ കാരണം ആ ട്രെയിനപകടമായിരുന്നു.

ഇതെഴുതുന്ന ആള്‍ക്കുണ്ടായ ഒരനുഭവവും കൂടി പറഞ്ഞു നിര്‍ത്താം.

2007 ലോ മറ്റോ ആണെന്നു തോന്നുന്നു. സൗത്ത് ദല്‍ഹിയിലെ സാകേതില്‍ നിന്ന് ഓഫീസിലേക്ക് പോകാനായി ഡി ടി സി ബസില്‍ കയറിയതാണ്. ബസില്‍ ഒരുവിധം തിരക്കായിരുന്നു ഫുട്ബോര്‍ഡില്‍ നിന്ന് ബസിന്റെ ഉള്ളിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ദൃഢഗാത്രര്‍, ഹാന്‍ഡ് റെയിലിലില്‍ എന്റെ കൈയുടെ മേല്‍ അവരുടെ കൈ വച്ച്, അനങ്ങാന്‍ പറ്റാത്ത വിധം പൂട്ടികളഞ്ഞു.

സാകേത് മോഡ് സിഗ്‌നലില്‍ ബസ് നിന്നു. കുറച്ചു പേര്‍ അവിടെ ഇറങ്ങിയതു കൊണ്ട് ശ്വാസം വിടാനുള്ള ഒരു ഷോര്‍ട്ട് ബ്രേക്ക് കിട്ടിയപ്പോള്‍ ബസിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങി. ആ രണ്ട് മല്ലന്മാര്‍ ബസില്‍ നിന്നിറങ്ങി നടന്നു നീങ്ങുന്നത് വിന്‍ഡ്ഷീല്‍ഡിലൂടെ കാണാമായിരുന്നു. അടുത്ത സ്റ്റോപ്പില്‍ത്തന്നെ അവരിറങ്ങിയെന്നതും അവര്‍ വന്ന അതേ ദിശയിലേയ്ക്ക് വീണ്ടും പോകാനെന്നോണം റോഡ് ക്രോസ് ചെയ്തുവെന്നതും വിചിത്രമായിത്തോന്നി.

പെട്ടെന്ന് ഒരുള്‍വിളി വന്ന് പോക്കറ്റ് പരതി നോക്കി. പേഴ്സ്, പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്ന പതിവില്ല. പക്ഷേ ഉടന്‍ മനസ്സിലായി, നഷ്ടമായത് മൊബൈലാണ്.

‘മേരെ മൊബൈല്‍ ചോരി ഹോ ഗയാ. ലഗ്താ ഹെ ഉന്‍ ലോഗോംനെ പോക്കറ്റ് മാറാ…’ എന്നോടു തന്നെ പറഞ്ഞതായിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ സഹയാത്രികര്‍ കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിപ്പോയി ആ ആത്മഗതം.

സാധാരണ ആത്മഗതങ്ങള്‍, പിറുപിറുക്കലുകള്‍, ചീത്ത വിളികള്‍ എല്ലാം മാതൃഭാഷയിലാണ്. എന്തോ, കഷ്ടകാലത്തിനത് രാഷ്ട്രഭാഷയിലായിപ്പോയി.

‘ഉസ്‌കോ പകഡോ,’ പെട്ടെന്നൊരു കോറസ് രൂപപ്പെട്ടു ബസിനുള്ളില്‍. അവരുടെ ‘കട്ട സപ്പോര്‍ട്ടി’ന്റെ ബലത്തില്‍, ബസില്‍ നിന്നിറങ്ങി. പുറകെ ഉണ്ടാവും എന്നു ധരിച്ച ‘ലച്ചം ലച്ചം’ ഒന്നുമില്ലാതെ ഞാന്‍ അവിടെ തികച്ചും ഒറ്റയ്ക്കു നില്‍പ്പായി.

ഏതായാലും ഇറങ്ങി, ഇനി പിന്തിരിയലില്ല. ഫോണ്‍ നഹി ഹെ തോ കുഛ് നഹി… ഫോണ്‍ ഇല്ലായ്മ സമം പൂജ്യം എന്നതാണ് ഡല്‍ഹിയിലെ അവസ്ഥ. പ്രത്യേകിച്ച് പരദേശിയ്ക്ക്. മൊബൈല്‍ ഫോണ്‍ വന്നതില്‍പ്പിന്നെ, ഫോണ്‍ നമ്പറുകള്‍ എഴുതിയ ബുക്കും വിസിറ്റിങ് കാര്‍ഡ് ഹോള്‍ഡറും ഒക്കെ എവിടേക്കോ മാഞ്ഞു പോയല്ലോ. ഏത് പാതിരാത്രി വിളിച്ചാലും പുഞ്ചിരിച്ചു കൊണ്ടു ഗ്യാസ് സിലിണ്ടര്‍ കൊണ്ടുത്തരുന്ന ഫ്രണ്ട്‌ലി നെയിബര്‍ഹൂഡ് ബ്ളാക് മാര്‍ക്കറ്റിയര്‍, ഡല്‍ഹിയുടെ മുക്കിലും മൂലയിലുമുള്ള പരശ്ശതം വീടു ബ്രോക്കര്‍മാര്‍, ഗീസര്‍ നന്നാക്കല്‍വാലാ എന്നിങ്ങനെ പല ‘വൈരമുത്തു’കളുടെയും നമ്പര്‍ അതിലാണുള്ളത്.

‘വിടരുത്, അവരെ പിടിക്കണം,’ ആരോ തലയിലിരുന്നു മന്ത്രിച്ചു.

പൊതുവെ തീരുമാനമെടുക്കാന്‍ വൈകിക്കുന്നയാള്‍ സ്‌പൈഡര്‍മാനെ വെല്ലുന്ന വേഗത്തില്‍ റോഡ് ക്രോസ് ചെയ്ത്, അവര്‍ രണ്ടാളും നില്‍ക്കുന്ന ബസ് സ്റ്റോപ്പിനടുത്തേക്കു ചെന്നു. അവര്‍ക്ക് ഒരു ഭാവവത്യാസവും ഇല്ല. എന്തു ചെയ്യണമെന്നൊരു ധാരണയും ഇല്ലാതെ കുറച്ചു നേരം നിന്നതിനു ശേഷം ബസ് സ്റ്റോപ്പിനോടു ചേര്‍ന്നുള്ള പാന്‍വാലയോട്, ‘ഫോണ്‍ ഉണ്ടോ’ എന്ന് ചോദിച്ചു. ഇത്തരം പാന്‍ തട്ടുകളില്‍, റിലയന്‍സിന്റെ കോല്‍ പൊങ്ങിനില്‍ക്കുന്ന ഫോണുകള്‍ അന്ന് സര്‍വ്വത്ര സാധാരണമായിരുന്നു. ഭാഗ്യക്കേടിന് ഇയാളുടെ കൈയില്‍ അതുണ്ടായില്ല.

ആ ഫോണ്‍തട്ടിപ്പറിക്കാര്‍ക്ക്, അവര്‍ കൈയ്ക്കലാക്കിയ ഫോണ്‍ ഓഫ് ചെയ്യാനുള്ള സമയം കിട്ടിക്കാണില്ല. പാന്‍വാലയുടെ ഫോണില്‍ നിന്നു വിളിച്ചാല്‍ അവരുടെ പക്കലുള്ള ഫോണ്‍ റിങ് ചെയ്യുമല്ലോ, സിഎഡി മൂസയുടെ കുഞ്ഞിബുദ്ധിയില്‍ തോന്നി. അങ്ങനെ റിങ് ചെയ്തില്ലെങ്കില്‍ അവര്‍ മാന്യന്മാര്‍, മൂസയ്ക്ക് മാന്യമായി പിന്‍വാങ്ങി, മൊബൈല്‍ ഫോണ്‍ പോയ ദുഃഖത്തില്‍ യാത്ര തുടരുകയും ചെയ്യാം. മൂസ തന്നാലാവുന്നത് ശ്രമിച്ചു, പക്ഷേ അത് തിരികെ കിട്ടിയില്ല എന്നു സമാധാനിക്കുകയല്ലാതെ പിന്നെന്തു വഴി?

പെട്ടന്ന് ഒരു ബസ്, സ്റ്റോപ്പില്‍ വന്നു നിന്നു. ഇരുവരും ബസില്‍ കയറുന്ന ലക്ഷണമില്ല. പിന്നാലെ വന്ന ഒരു ബസില്‍ കയറാന്‍ അവര്‍ മുന്നോട്ടു നീങ്ങുന്നതായാണ് പിന്നെ കാണാനായത്. പെട്ടെന്നവര്‍ തിരിഞ്ഞ് ആദ്യം വന്ന ബസില്‍ തന്നെ കയറി. ആ ബസ് ആവട്ടെ പതുക്കെ നീങ്ങിത്തുടങ്ങിയിരുന്നു. മൂസ വിടുമോ, ഒപ്പം ചാടിക്കയറി. പക്ഷേ ഫുട്‌ബോര്‍ഡില്‍ വച്ചു അവരിലൊരാള്‍ മൂസയെ ബ്ളോക്ക് ചെയ്തു.

‘ഫോണ്‍ തരാം, പക്ഷേ ഇവിടെ ഇറങ്ങിക്കോളണം,’ എന്നായി അയാള്‍. ബോണിയോ (കൈനീട്ടം) ഈ ദരിദ്രവാസികാരണം തുലഞ്ഞു. ഇനി ഈ ബസില്‍ നടക്കാനിരിക്കുന്ന കച്ചവടവും കൂടി ഇവന്‍ കാരണം പൂട്ടിപ്പോയാലോ, അതു പാടില്ല എന്നായിരിക്കാം ഒരുപക്ഷേ അവര്‍ ചിന്തിച്ചിട്ടുണ്ടാവുക.

Sanjay Mohan, Memories , iemalayalam

മൂസയെ അത്ഭുതപ്പെടുത്തിക്കൊണ്ടു ബസിന്റെ മുന്‍വശത്തു നിന്നു മൂന്നാമതൊരാള്‍ ഫോണ്‍ കൊണ്ടു വന്നു തന്നു. സ്പീഡ് കൂടിത്തുടങ്ങിയ ബസില്‍ നിന്ന് മൂസാ കരാര്‍പ്രകാരം സ്പൈഡര്‍മാന്‍ വേഗത്തില്‍ എക്സിറ്റ് ആയി.

മൂസയുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നക്ഷത്രഫലത്തിലെ ഭാഗ്യം കൊണ്ടോ മൂസ ചെന്നില്ലയെങ്കില്‍ മൂസയുടെ പങ്ക് ജോലി കൂടി ചുമക്കേണ്ടി വരുമായിരുന്ന സഹപ്രവര്‍ത്തകരുടെ നല്ല കാലം കൊണ്ടോ എന്തോ, ആ ഫുട്‌ബോര്‍ഡില്‍ നില്‍ക്കുന്ന അവസരത്തിലവരാരും അയാളുടെ വയര്‍ ബ്ളേഡു കൊണ്ടു വരഞ്ഞില്ല. അങ്ങനെ അവര്‍ ചെയ്താല്‍ പോലും ആരറിയാന്‍? ബസപകടങ്ങളുടെ, സര്‍ക്കാര്‍ കണക്കില്‍ (അങ്ങിനെ ഒരു കണക്കുണ്ടെങ്കില്‍) അതും പെടുമായിരുന്നു, ഇനി അഥവാ അങ്ങനെ പെട്ടാല്‍പ്പോലും ഫുട്ബോര്‍ഡില്‍ നിന്നു വീണ ഒരു യാത്രക്കാരന്‍ ആയി മാത്രമേ കണക്കാക്കപ്പെടുമായിരുന്നുള്ളൂ.

ശ്വാസം നേരെ വീണപ്പോള്‍, മൂസ ഓഫീസിലേയ്ക്കുള്ള യാത്ര തുടര്‍ന്നു.

ജീവന്‍ ബാക്കിയുണ്ടെങ്കില്‍ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ല, ഒന്നു ശ്രമിച്ചാല്‍ അതെല്ലാം വീണ്ടും നേടിയെടുക്കാവുന്നതേയുള്ളു എന്നതോടെ തിരിച്ചറിവായി. ആ സംഭവത്തിന് ശേഷം, ‘പോനാല്‍ പോകട്ടും പോടാ’ എന്നു പറയാന്‍ അവനവനെ പരുവപ്പെടുത്തിയിട്ടുണ്ടെന്നാണ് മൂസ ഇപ്പോഴും  കരുതുന്നത്. അവിടെ, സാകേത് മോഡില്‍ വച്ച് മൂസ, ‘തീസരി കസ’ത്തിലെ രാജ്കപൂറിനെപ്പോലെ മൂന്നു പ്രതിജ്ഞ എടുത്തു.

ഒന്ന്: വിലകൂടിയ ഫോണുകള്‍ വാങ്ങില്ല

രണ്ട്: മോട്ടര്‍ വാഹന വകുപ്പും പോലീസും നിഷ്‌കര്‍ഷിക്കുന്നത് പ്രകാരം, ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാത്തതു പോലെ തന്നെ നടരാജ് സര്‍വ്വീസ് നടത്തുമ്പോഴും ഫോണ്‍ ഉപയോഗിക്കുകയില്ല. (നിങ്ങളുടെ ശ്രദ്ധ ഫോണ്‍കോളിലോ ചാറ്റിലോ, ബ്രൗസിങ്ങിലോ ആയിരിക്കും ആ സമയത്തെല്ലാം. ഫോണ്‍ റാഞ്ചാനായി പാഞ്ഞു വരുന്നവര്‍ അത്തരമവസരങ്ങളില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടെന്നു വരില്ല).

മുന്ന്: തിരക്കുള്ള ബസില്‍ കയറില്ല.

പോട്ടെ എന്നു വയ്ക്കാന്‍ പറ്റുന്ന ഒരു മാല, ഒരു ഫോണ്‍, ഒരു ഹാന്‍ഡ്ബാഗ് ഒക്കെ നിമിഷനേരത്തിനിടയില്‍ സംഭവിയ്ക്കുന്ന ചില തോന്നല്‍ കാരണം നമ്മുടെ ജീവനേക്കാള്‍ വലുതാകുന്ന ഇത്തരം നേരങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാവിന്റെ പുറകെ ഓടി, അവനെ യുവതി തല്ലിവീഴ്ത്തി എന്ന മട്ടിലെ സംഭവങ്ങള്‍ നടന്നാല്‍ നടന്നുവെന്നേയുള്ളൂ. അത്തരം ഭാഗ്യസാദ്ധ്യതകളേക്കാള്‍ ദുര്‍ഭാഗ്യസാദ്ധ്യതകള്‍ക്കാണ് മൂന്‍തൂക്കം.

കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ അലി, അയാളുടെ ജോലിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളെല്ലാം ആ മൊബൈലിലായിരിന്നിരിക്കാം. വീട്ടുകാരെയും സുഹൃത്തുക്കളെയും വിളിക്കാനും വിളികള്‍ സ്വീകരിക്കാനുമുള്ള ഒരേ ഒരു വഴി നഷ്ടപ്പെടുമ്പോള്‍, പരിഭ്രാന്തനാവുക എന്ന റിഫ്‌ളക്‌സ് ആക്ഷന്‍ വളരെ സ്വാഭാവികമാണ്. പക്ഷേ, ജീവനില്ലാതെ ആര്‍ക്കെന്ത് ഫോണ്‍, ആര്‍ക്കെന്ത് ആഭരണം, ആര്‍ക്കെന്ത് ഹാന്‍ഡ്ബാഗ് എന്നു മുന്‍കൂട്ടി വിചാരിച്ച്, ഇത്തരം അപ്രതീക്ഷിത ആക്രമണ-നീക്കങ്ങളില്‍ സംയമനം നഷ്ടപ്പെടാതിരിക്കാന്‍ പാകത്തില്‍ നമ്മള്‍ നമ്മളെ ഒരുക്കിയെടുക്കേണ്ടതുണ്ട് എന്നു തോന്നുന്നു.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Mobile phone snatchers viral video