നഗരത്തിന്റെ തിളക്കമോ ആഡംബരങ്ങളോ അല്ല, ചരിത്രത്തിന്റെ ശാന്തതയും കലയുടെ അടയാളങ്ങളുമാണ് ഷാര്‍ജയെ അടയാളപ്പെടുത്തുന്നത്. ദുബായ് എന്ന ലോകനഗരത്തോട് ചേര്‍ന്ന് നിന്ന് ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുമ്പോഴും ഈ നഗരം ഇന്നലെകളെ വിട്ടുകളയുന്നില്ല. പകരം കൂടുതല്‍ കൂടുതല്‍ ചേര്‍ത്തുപിടിക്കുകയാണ്. ആ ഇന്നലെകള്‍ അടുത്തു കാണാനായിരുന്നു ഷാര്‍ജയുടെ ഒരറ്റത്തുള്ള മെലീഹ (Mleiha) ഗ്രാമത്തിലേക്ക് വണ്ടി കയറിയത്.
മരുഭൂമിയിലെ വെറും ഗ്രാമക്കാഴ്ചയല്ല മെലീഹ. പ്രാചീന ശിലായുഗത്തിലെ ശേഷിപ്പുകള്‍, കോട്ടക്കൊട്ടാരങ്ങള്, ശവക്കല്ലറകള്‍ തുടങ്ങി മണ്മറഞ്ഞു പോയ ഒരു കാലത്തിലേയ്ക്ക്, പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് വെളിച്ചം വീശുന്ന ഒരു അത്ഭുതലോകമുണ്ടവിടെ, മെലീഹ ആര്‍ക്കിയോളജി സെന്റര്‍. ചരിത്രശേഷിപ്പുകളും അനുഭവങ്ങളും സഞ്ചാരികളിലേക്കും വരും കാലത്തിലേക്കും പകരാന്‍ വേണ്ടിയൊരുക്കിയ സഞ്ചാരകേന്ദ്രം.
മെലീഹയിലെ ചരിത്രം
ചെറുതും വലുതുമായ നൂറിലേറെ ശവകൂടീരങ്ങളാണ് മെലീഹ പ്രദേശത്ത് നിന്ന് ഇതുവരെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. മെലീഹയുടെ കഴിഞ്ഞ കാലങ്ങളിലേക്ക് വെളിച്ചം വീശുന്നതും ഈ കല്ലറകളാണ്. 2300 ബിസിയിലേതെന്ന് കരുതപ്പെടുന്ന ഉംനാര് ശവകൂടീരമാണ് ഏറ്റവും പ്രധാനം. ഇതിനു ചുറ്റുമായാണ് ചരിത്രകേന്ദ്രം പണി കഴിപ്പിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഈ ഭീമന് ശവകൂടീരത്തില്‍ നിന്ന് ആറു മനുഷ്യരുടെ അസ്ഥിശേഷിപ്പുകള് ലഭിച്ചു. മാല, മോതിരം, വളകള്‍, കല്ലു ചെത്തിയുണ്ടാക്കിയ ആയുധങ്ങള്‍ എന്നിവയും അതോടൊപ്പം അടക്കം ചെയ്തിരുന്നു. ”ഗോത്രത്തിലെ പ്രധാനപ്പെട്ടവര്‍ മരിക്കുമ്പോള്‍, അവരുടെ നിത്യോപയോഗ വസ്തുക്കളും മൃതദേഹത്തോടൊപ്പം അടക്കം ചെയ്യുന്നത് അക്കാലത്തെ ആചാരമായിരുന്നു. ഇങ്ങനെയുള്ള ശവക്കല്ലറകള്‍ കൊള്ളയടിക്കപ്പെടുന്നതും സാധാരണമായിരുന്നു,” മെലീഹയിലെ വിദ്യാഭ്യാസ വിദഗ്ധനായ അജ്മല്‍ വിവരിച്ചു. പതിനാല് മീറ്ററോളം വ്യാസത്തിലുള്ളതാണ് ഉംനാറിലെ കല്ലറ. ഇരുന്നൂറു വര്‍ഷത്തോളം ഇതുപയോഗിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്.
നവീനശിലാ യുഗത്തിലേതെന്നു കരുതപ്പെടുന്ന ആയുധങ്ങള്‍, ലോഹയുഗത്തിലെ ആഭരണങ്ങള്‍, നാണയങ്ങള്‍,ആധുനികതയിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ച സഞ്ചാരികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലാണ് മ്യൂസിയത്തിലെ കാഴ്ചകളുടെ ക്രമീകരണം. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള കച്ചവടയാത്രകളുടെ ഇടത്താവളമായിരുന്നു ഒരിക്കല്‍ മെലീഹ. സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മിച്ച നാണയങ്ങള്‍ ഈ വ്യാപാരബന്ധങ്ങളുടെ തെളിവാണ്. ആഭരണങ്ങളില്‍ പലതും മെസൊപൊട്ടോമിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നിരുന്നതാണത്ര. കല്ലറകള്‍ക്ക് മീതെ ആലേഖനം ചെയ്ത ഭാഷ അറബിക്കല്ല, ക്രിസ്തുവിന്റെ ‘അരാമിക്’ ഭാഷയാണ്!
റോഡുണ്ടാക്കുമ്പോള്‍ കണ്ടെത്തിയ കോട്ട
പുരാതന മെലീഹ നഗരത്തിന്റെ കൊടിയടയാളമായിരുന്നു മെലീഹ കോട്ട. നൂറ്റാണ്ടുകളും മണല്‍കാറ്റുകളും ഈ കോട്ടയെ വിഴുങ്ങി. പിന്നീട് ഈ കോട്ട കണ്ടെത്തപ്പെട്ടതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. മദാം – മെലീഹ റോഡ് വീതികൂട്ടി നവീകരിക്കാനുള്ള നിര്മാണപ്രവര്ത്തനത്തിടെ യാദൃശ്ചികമായാണ് പടുത്തുയര്‍ത്തിയ പോലുള്ള ചുമരുകള്‍ കണ്ടത്. കുറച്ചു കൂടി ആഴം കൂട്ടിയപ്പോള്‍ കൂടുതല്‍ ചുമരുകള്‍ കാണാനായി. പിന്നീട് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൂടുതല്‍ ഗവേഷണം നടത്തി. ചില്ലുപകരണങ്ങള്, പാത്രങ്ങള്‍, ലോഹം കൊണ്ടും മറ്റുമുണ്ടാക്കിയ ഉപകരണങ്ങള്‍ എന്നിങ്ങനെ മണ്മറഞ്ഞു പോയ ഒരു കാലത്തേക്ക് വെളിച്ചം വീശുന്ന നിരവധി ശേഷിപ്പുകളാണ് കോട്ടയില്‍ കാത്തിരുന്നിരുന്നത്.
കുറച്ചപ്പുറത്തായി കൊട്ടാരവും കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ചുമരുകള്‍ സഞ്ചാരികള്‍ക്കു തൊട്ടറിയാന്‍ പാകത്തില്‍ സംരക്ഷിക്കപ്പെടുന്നു. കുറച്ചു മാറിയാണ് ഫാം ഹൗസ്. ഇവിടെയായിരുന്നു കൊട്ടാരത്തിലേക്ക് ആവശ്യമുള്ള വിഭവങ്ങള്‍ പാകം ചെയ്തിരുന്നതത്ര. മണല്‍കാറ്റില്‍ നിന്ന് സംരക്ഷണം നേടാനായി ഭൂമിയിലേക്ക് ഇറങ്ങിനില്ക്കുന്ന വിധത്തിലാണ് അടുക്കളയുടെ ഡിസൈന്‍.
മരുഭൂമിയിലെ വിസ്മയങ്ങളും സാഹസികതയും
എഴുപതു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മെലീഹ പ്രദേശം കടലായിരുന്നു എന്നാണ് പുരാവസ്തു പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും മറ്റും കാരണം ജലനിരപ്പ് താഴ്ന്നു ഇവിടം മരുഭൂമിയായി മാറുകയായിരുന്നത്രേ. അന്നുണ്ടായിരുന്ന ആ സമുദ്രത്തിന്റെ ശേഷിപ്പുകളാണ് മെലീഹ മരുഭൂമിയിലെ ചില കുന്നുകള്‍. സമുദ്രാന്തര്‍ഭാഗത്തു മാത്രം കണ്ടുവരുന്ന ധാതുക്കള്‍ ഈ കുന്നുകളില്‍ അടങ്ങിയിട്ടുണ്ടെന്ന ശാസ്ത്രീയ തെളിവുകളും കണ്ടെത്തലുകള്‍ക്ക് അടിവരയിടുന്നു.
ചരിത്രകാഴ്ചകള്‍ മാത്രമല്ല മെലീഹയിലെ മരുഭൂമിയെ മനോഹരമാക്കുന്നത്. സാഹസികാനുഭവങ്ങള്‍ കൂടിയാണ്. ഫോര്‍വീല്‍ വാഹനങ്ങളില്‍ ഡെസേര്‍ട്ട് സഫാരി നടത്താനും, മരുഭൂ വഴികളിലൂടെ സൈക്കിള്‍ സഞ്ചാരം നടത്താനുമൊക്കെ മെലീഹയില്‍ അവസരമുണ്ട്. കുറച്ചു കൂടി ആവേശമുള്ളവര്‍ക്ക് ട്രെക്കിങ്ങിനുമിറങ്ങാം. പരമ്പരാഗത അറബ് രീതികളിലൊരുക്കുന്ന -മജ്ലിസു-കളിലെ വൈകുന്നേരങ്ങളും, നക്ഷത്രക്കാഴ്ചകള്‍ കണ്ടു കിടക്കാവുന്ന രാത്രി ക്യാംപുകളുമെല്ലാം മെലീഹ ആര്‍ക്കിയോളജി സെന്ററിന്റെ നേതൃത്വത്തിലുണ്ട്.
ഊദിന്റെ മണം നിറഞ്ഞ അന്തരീക്ഷം. തണുത്ത കാറ്റ്. മനോഹരമായ ടെന്റ്. ചുറ്റും തെളിഞ്ഞു നില്ക്കുന്ന ദീപങ്ങള്‍. ചൂടോടെയൊരുങ്ങുന്ന അറേബ്യന്‍ വിഭവങ്ങള്‍. നക്ഷത്രങ്ങള്‍ കഥ പറയുന്ന ആകാശം.നഗരത്തിന്റെ തിരക്കുകളില്‍ നിന്നു മാറി ഇങ്ങനെയൊരു രാത്രി മോഹിക്കുന്നുവെങ്കില്‍ മരുഭൂ വഴികളിലൂടെ മെലീഹയിലേക്ക് വച്ചു പിടിച്ചോളൂ.
പൊതുവിവരങ്ങൾ:
ഷാര്‍ജ നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരത്തില്‍ ഷാര്‍ജ-കല്‍ബ റോഡിലാണ് മെലീഹ. മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹംസാണ് പ്രവേശന നിരക്ക്. കുടുംബങ്ങള്‍ക്ക് ഇളവുകളുണ്ട്. ഓഫ് റോഡ് യാത്രയും ക്യാമല്‍ റോക്ക് – ഫോസില്‍ റോക്ക് സന്ദര്‍ശനങ്ങളും ചേര്‍ത്ത് 165 ദിര്‍ഹംസിന്റെ പാക്കേജുണ്ട്. രാത്രി ക്യാംപും ബാര്‍ബെക്യൂ ഡിന്നറും ഓഫ്റോഡ് യാത്രയുമെല്ലാമടങ്ങുന്ന സണ്‍സെറ്റ് ലോഞ്ചിന് 465 ദിര്‍ഹംസാണ് നിരക്ക്. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന http://www.discovermleiha.ae വെബ്സൈറ്റ് സന്ദര്‍ശിക്കുക.