അടുപ്പം കൊണ്ടുമാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തരസാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്‍റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.

കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…

കുട്ടിക്കാലത്ത് അച്ഛനുമമ്മയ്ക്കും ചേട്ടനുമൊപ്പം മൂത്തകുന്നത്തേക്കുള്ള ബസ്സ് യാത്ര വലിയ കൗതുകമായിരുന്നു. നാട്ടുവഴി പോലുള്ള ചെറിയ വഴികളിലൂടെ ബസ്സ് കടന്നുപോകുമ്പോൾ വലിയ മരങ്ങളും നാട്ടുകുളങ്ങളും വിശാലമായ മൈതാനങ്ങളും ചന്തകളുമൊക്കെ പിറകോട്ടോടിപ്പോകും. വഴിയിൽ മരങ്ങൾക്കുപോലുമുണ്ട് ചില സ്റ്റോപ്പുകൾ. ആലുമ്മാവ് എന്ന സ്റ്റോപ്പായിരുന്നു അന്നത്തെ ഏറ്റവും വലിയ അത്ഭുതം. ഒരു വലിയ ആലും അതിനോട് ചേർന്ന് ഒരു വലിയ മാവും ഇണചേർന്ന് നിൽക്കുന്ന ഒരു സ്റ്റോപ്പായിരുന്നു അത്- രണ്ടു മഹാവൃക്ഷങ്ങൾ പരസ്പരം പുണർന്നു നിൽക്കുന്നതുപോലുള്ള കാഴ്ച. മാവിന്റെ ശിഖരങ്ങൾ ആലിലൂടേയും ആലിന്റെ ശിഖരങ്ങൾ മാവിലൂടേയും നീണ്ട്, ഏതിലകൾ ഏതിന്റേതാണെന്നു പോലും തിരിച്ചറിയാനാകാത്തവണ്ണം കൂടിച്ചേർന്നിരുന്നു അത്. ചില രസികന്മാരായ കണ്ടക്ടർമാർ ആ സ്റ്റോപ്പെത്തുമ്പോൾ ‘ആത്മാവ്’ എന്നാണ് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്.

‘ആത്മാവി’നെ കണ്ടറിഞ്ഞുകൊണ്ടുള്ള ആ യാത്ര ചെന്നവസാനിക്കുന്നത് ഷാപ്പുപടി എന്ന ഒരു പുഴയോര സ്റ്റോപ്പിലായിരുന്നു. സ്റ്റോപ്പിൽ നിന്നും കുറച്ചകലെയായി ഒരു കള്ളുഷാപ്പും അതിനിടയിലൂടെ പശ്ചാത്തലത്തിലുള്ള പുഴയും കാണാം. മരത്തട്ടുകൾ അടക്കിവച്ചടയ്ക്കുന്ന, പുരാതനമായ ഒരു കടയ്ക്കു മുന്നിലാണ് ഞങ്ങളിറങ്ങിയിരുന്നത്. അവിടെയുള്ള കണ്ണാടിഭരണിയിലെ നാരങ്ങാമിഠായിലൂടെ എന്റെ കണ്ണുപരതിത്തുടങ്ങുമ്പോഴേയ്ക്കും അച്ഛൻ വേഗത്തിൽ മുന്നോട്ടു ചുവടുവയ്ക്കാൻ തുടങ്ങിയിരിക്കും. പിന്നിൽ തള്ളയാടും രണ്ടു കുഞ്ഞാടുകളുമെന്നപോലെ ഞാനും ചേട്ടനും അമ്മയും. പരമേശ്വരന്റെ ചായക്കടയാണ് ആ നടത്തത്തിനിടയിലെ മറ്റൊരു കാഴ്ച. തലയിൽ ഉണ്ണിയപ്പത്തിന്റെ വലുപ്പത്തിൽ ചെറിയൊരു മുഴ ഉയർന്നു നിൽക്കുന്ന പരമേശ്വരൻ കരിപ്പുകകൊണ്ട് പെയിന്റടിച്ച, മരപ്പട്ടികകൾ കൊണ്ട് കോളങ്ങൾ തിരിച്ച വലിയ ജനാലകളുള്ള കടയിൽ നിന്നും പുറത്തിറങ്ങും. പിന്നെ നാട്ടാരു കേൾക്കെ വിളിച്ചു കൂവും. “മുൻഷി മാഷിന്റെ മോളുടെ കുടുംബം വരുന്നു!” ചായക്കടയ്ക്കകത്തും പുറത്തും നിൽക്കുന്നവരെല്ലാം ഞങ്ങളുടെ അടുത്തേക്കെത്തും. അധികമൊന്നും സംസാരിക്കാത്ത അച്ഛൻ ആ ആൾക്കൂട്ടത്തിൽ വെറുതെ പുഞ്ചിരിച്ചുകൊണ്ട്, തെല്ലൊരു വിമ്മിഷ്ടത്തോടെ നിൽക്കും. അമ്മ നാട്ടുകാരുമായി വിശേഷങ്ങൾ തിരക്കും. ആരൊക്കെയോ വന്ന്, ഞങ്ങളുടെ തലയിൽ സ്നേഹവാത്സല്യത്തോടെ വിരലോടിക്കും. ചേന്ദമംഗലത്തുവച്ച് ജയപാൽ മാസ്റ്ററുടെ മക്കൾ എന്ന അസ്തിത്വത്തിൽ ജീവിച്ച ഞങ്ങൾ മൂത്തകുന്നത്തെത്തിയാൽ അതോടെ ‘മുൻഷി മാഷിന്റെ പേരക്കുട്ടികൾ’ എന്ന കുറെക്കൂടി ലാളനയേറ്റുവാങ്ങുന്ന പുതിയൊരു അസ്തിത്വത്തിലേക്ക് പറിച്ചുനടപ്പെടുമായിരുന്നുവെന്നതാണ് ആ യാത്രയിലെ മറ്റൊരു വിസ്മയം!

j.binduraj ,memories

കൃഷ്ണന്‍ മുന്‍ഷി

മുൻഷി മാഷ് എന്റേയും കൗതുകമായിത്തീർന്നത് ആ യാത്രകളിലാണ്. എഴുപതുകൾ പിന്നിട്ട, വെള്ളിനരകളുള്ള അപ്പൂപ്പൻ ചാരുകസേരയിൽ വീടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ടാകും. ഒരു ചെറുപുഞ്ചിരി ഞങ്ങളെ കാണുമ്പോൾ ആ മുഖത്ത് വിടരും. കവിളിൽ ചെറുതായൊന്ന് തൊടും. പിന്നെ അച്ഛനും അപ്പൂപ്പനും കൂടി ഉമ്മറത്തിരുന്ന് ഓരോന്ന് സംസാരിക്കുമ്പോൾ ഞങ്ങൾ അമ്മൂമ്മയ്ക്കും അന്ന് വിവാഹിതയായിട്ടില്ലാത്ത അമ്മയുടെ അനുജത്തിക്കുമൊപ്പം അടുക്കളയിൽ ചക്ക ഉപ്പേരിയും മീൻകറിയുമൊക്കെ രുചിച്ചുകൊണ്ടിരിക്കുകയായിരിക്കും. പോകാനിറങ്ങുമ്പോൾ അമ്മ എന്റെ കൈവശം അപ്പൂപ്പനുള്ള ഒരു ചെറിയ കടലാസുപൊതി തന്നുവിടും. അധ്യാപികയായ അമ്മ ശമ്പളത്തിൽ നിന്നും മാറ്റിവയ്ക്കുന്ന ചെറിയൊരു തുകയായിരിക്കും അതിൽ. അപ്പൂപ്പന് പുസ്തകങ്ങൾ വാങ്ങാനുള്ള അമ്മയുടെ സംഭാവനയാണത്രേ അത്. അപ്പൂപ്പൻ അത് വാങ്ങി, സന്തോഷത്തോടെ എന്റെ കവിളിൽ തൊടും. ഞങ്ങൾ ‘ആത്മാവ്’ വഴിയുള്ള മടക്കയാത്രയ്ക്കായി നീങ്ങും. ഇങ്ങോട്ടുള്ള വഴിയിൽ കണ്ടതൊക്കെ പിന്നെ റിവേഴ്സിൽ നടക്കും. പരമേശ്വരന്റെ ചായക്കടയെത്തുമ്പോൾ വിളി ഉയരും. ‘മുൻഷി മാഷിന്റെ മോള് തിരിച്ചുപോകുന്നു.’ വീണ്ടും ആൾക്കൂട്ടം. കുശലാന്വേഷണങ്ങൾ, ലാളനകൾ.

ഒരു നാട് എത്രത്തോളം ഒരാളെ നെഞ്ചേറ്റിയിരുന്നുവെന്നതിന്റെ നേർക്കാഴ്ചയായിരുന്നു എനിക്ക് മൂത്തകുന്നത്തേക്കുള്ള യാത്രകൾ. മുൻഷി മാഷ് എന്ന എന്റെ അപ്പൂപ്പൻ എന്റെ മാത്രമല്ല, നാട്ടുകാരുടെയെല്ലാമായിരുന്നുവെന്ന് മനസ്സിലാക്കിയത് പിൽക്കാലത്താണ്. അപ്പൂപ്പന്റെ വീട്ടിലെ എഴുത്തുമുറിയിൽ തൂങ്ങിയിരുന്ന ചില്ലിട്ട ഒരു പത്രക്കടലാസ്സിൽ നിന്നായിരുന്നു ആ അന്വേഷണങ്ങളുടെ തുടക്കം. സഹോദരൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു വാർത്തയും ഒരു തലക്കെട്ടുമായിരുന്നു അത്. ‘അടികൊണ്ട ബാലൻ’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ചെറുപ്പകാലത്തെ സുന്ദര യുവാവായ അപ്പൂപ്പനാണ് ചിത്രത്തിൽ. എന്തിനാണ് അപ്പൂപ്പൻ തല്ലുകൊണ്ടതെന്ന് അമ്മയോട് തിരക്കിയപ്പോൾ, അന്ന് പൊട്ടിച്ചിരിയോടെ കിട്ടിയ മറുപടി ‘നിന്റെ അപ്പൂപ്പൻ നിന്നെപ്പോലെ ഒരു തല്ലുകൊള്ളിയായിരുന്നു’ എന്നാണ്. പക്ഷേ, ആ കഥ മനസ്സിലാക്കിയത് പിൽക്കാലത്താണ്. സഹോദരൻ അയ്യപ്പന്റെ ഉറ്റ അനുയായിയും യുക്തിവാദിയുമായിരുന്നു എം കെ കൃഷ്ണൻ എന്ന മുൻഷി മാഷ്. 1917 മേയ് 29-ന് ജാതിവിവേചനത്തെ ഉന്മൂലനം ചെയ്യുന്നതിനായി ചെറായിയിൽ സഹോദരൻ അയ്യപ്പൻ ഈഴവരേയും പുലയരേയും ഒരുമിച്ചിരുത്തി മിശ്രഭോജനം നടത്തിയതിനെ തുടർന്ന് അതിന്റെ അനുരണനങ്ങൾ കേരളമൊട്ട് വ്യാപിച്ച സമയം. മനുഷ്യസ്നേഹിയും സാമൂഹ്യവിവേചനങ്ങളെ അക്കാലത്തു തന്നെ, ശക്തമായി എതിർക്കാൻ ആരംഭിക്കുകയും ചെയ്തിരുന്ന അധ്യാപകനായിരുന്ന കൃഷ്ണൻ മുൻഷി വടക്കേക്കരയിൽ മിശ്രഭോജനം നടത്താൻ തീരുമാനിച്ചു. സഹോദരൻ അയ്യപ്പന്റെ എതിരാളികളിൽ ചിലർ നടുറോഡിൽ വച്ച് കൃഷ്ണൻ മുൻഷിയെ അടിച്ചു പരിക്കേൽപിച്ചു. സംഭവമറിഞ്ഞ സഹോദരൻ അയ്യപ്പൻ അതിവേഗം വടക്കേക്കരയിലേക്കെത്തി. മുൻഷി മാഷിനെ തല്ലിയവരെ തിരിച്ചു തല്ലാൻ നിന്നവരെ അതിൽ നിന്നും പിന്തിരിപ്പിച്ചത് അയ്യപ്പനായിരുന്നു. മുൻഷി മാഷിന്റെ തോളത്തു തട്ടിക്കൊണ്ട് അന്ന് അയ്യപ്പൻ പറഞ്ഞത് പിൽക്കാലത്ത് സി.കെ. ഗംഗാധരൻ മാസ്റ്ററെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. – ‘കൃഷ്ണനൊരു അവിവാഹിതനാണ്. ഭയപ്പെടേണ്ട കാര്യമേയില്ല.’ അയ്യപ്പന്റെ ആ വാക്കുകൾ കേട്ട് മുൻഷി മാഷ് പറഞ്ഞത് ‘തനിക്കൊരു ഭയവുമില്ലെന്നായിരുന്നു.’

j.binduraj ,memories

എം. കെ കൃഷ്ണന്‍ എഴുതിയ കവിതാ പുസ്തകങ്ങള്‍

നിർഭയനായ ആ മനുഷ്യന്റെ ഉള്ളിൽ, അക്കാലത്തു നടന്ന റഷ്യൻ വിപ്ലവത്തിന്റെ ആശയധാര ഉണർന്നു തന്നെയിരിക്കുകയായിരുന്നുവെന്ന് പിൽക്കാല ചെയ്തികൾ തെളിയിച്ചു. സഹോദര പ്രസ്ഥാനത്തിലെ അംഗങ്ങൾ കടുത്ത മർദ്ദനങ്ങൾക്കും ഭീഷണിക്കുമൊക്കെ ഇരയായിരുന്ന കാലത്ത് മൂത്തകുന്നത്തിനടുത്ത കൊട്ടുവള്ളിക്കാവിൽ സഹോദരന്റെ സംഘത്തിന്റെ യോഗം മുൻഷി മാഷ് വിളിച്ചുകൂട്ടി. യോഗത്തിൽ അയ്യപ്പൻ പങ്കെടുക്കുമെന്നറിഞ്ഞ പലരും ആ യോഗം കലക്കാനും അയ്യപ്പനെ ആക്രമിക്കാനും പദ്ധതിയിട്ടു. വിവരമറിഞ്ഞ അയ്യപ്പൻ തന്റെ പ്രസംഗം എഴുതി മുൻഷി മാഷിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു. മുൻഷി മാഷ് യോഗത്തിൽ ആ പ്രസംഗം വായിക്കുകയും സഹോദരനെ ആക്രമിക്കാനായി വഴിയിൽ കാത്തുനിന്നവർ യോഗശേഷവും അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് മുൻഷിമാഷിന്റെ ശിഷ്യനായ എം കെ ദേവദാസ് രേഖപ്പെടുത്തുന്നത്.

സഹോദരൻ അയ്യപ്പനുമായുള്ള ഉറ്റബന്ധവും സൗഹൃദവും എഴുത്തുമൊക്കെ അക്കാലത്തെ സാമൂഹ്യപരിഷ്‌കർത്താക്കളുടെ താവളമാക്കി മാറ്റി മൂത്തകുന്നത്തെ മുൻഷിമാഷിന്റെ വീട്. വി ടി ഭട്ടതിരിപ്പാടും കുറ്റിപ്പുഴ കൃഷണപിള്ളയും സുകുമാർ അഴിക്കോടും പവനനുമൊക്കെ ആ വീട്ടിലെ സന്ദർശകരായിരുന്നു. മൂത്തകുന്നത്തെ പ്രസിദ്ധമായ ആശാൻ മെമ്മോറിയൽ ലൈബ്രറിയുടെ സ്ഥാപകനായിരുന്നു മുൻഷി സാർ. അദ്ദേഹത്തിന്റെ ശിഷ്യനായ അഡ്വക്കേറ്റ് ജെ സി ബോസിന്റെ (സ്‌കൂളിൽ ചേർക്കാനെത്തിയപ്പോൾ ജഗദീശ് ചന്ദ്രബോസ് എന്ന പേര് അദ്ദേഹത്തിനിട്ടത് മുൻഷി മാഷായിരുന്നു) ഓർമ്മയിൽ അക്കാലം വ്യക്തമായുണ്ട്. ‘മുൻഷി സാർ താമസിച്ചിരുന്ന ചെറിയ വീട്ടിലായിരുന്നു ലൈബ്രറിയുടെ ഓഫീസും പുസ്തകശേഖരവുമൊക്കെ ആദ്യം പ്രവർത്തിച്ചിരുന്നത്. എന്റെ വീടിനടുത്തായിരുന്നു അത്. കല്ല് പടുത്ത കൊച്ചു വീട്. കുമ്മായം തേയ്ക്കാത്ത ഭിത്തി. ചെറ്റ മറച്ച് കൂട് ഓലമേഞ്ഞത്. തറ കൽപ്പൊടിയിട്ട് തല്ലിയൊതുക്കി പണ്ടത്തെ രീതിയിൽ ചാണകം മെഴുകിയ ഒരു മുറിയും അടുക്കളയും മാത്രം. അവിടെ ഒരു വീഞ്ഞപ്പെട്ടിയിലായിരുന്നു എല്ലാവർക്കുമായുള്ള മാഷിന്റെ പുസ്തകശേഖരം. ആർക്കും ആ വീട്ടിലേക്ക് വരാം. പുസ്തകമെടുത്ത് വായിക്കാം,’ ജെ സി ബോസ് ഓർക്കുന്നു.

j.binduraj ,memories

ആശാന്‍ മെമ്മോറിയല്‍ ലൈബ്രറി – മൂത്തകുന്നം

‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക’യെന്ന ശ്രീനാരായണ സന്ദേശം മനസ്സിലുറപ്പിച്ച മനുഷ്യനായിരുന്നു മുൻഷി മാഷ്. 1904 നവംബർ 21ന് എറണാകുളത്തെ കൈതാരത്ത് നിർധനരായ കുഞ്ഞിരാമന്റേയും ചക്കിയുടേയും നാലുമക്കളിൽ രണ്ടാമനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസമൊക്കെ കൈതാരത്തായിരുന്നു. നാലാം ക്ലാസ്സു കഴിഞ്ഞാൽ രണ്ടു തരത്തിലുള്ള വിദ്യാഭ്യാസമാണ് അന്നുണ്ടായിരുന്നത്. മലയാളം വിദ്യാലയങ്ങളും ഇംഗ്ലീഷ് വിദ്യാലയങ്ങളും. മലയാളം ഏഴാം ക്ലാസ് പരീക്ഷ ജയിച്ചാൽ അധ്യാപകരാകാം. മലയാളം വിദ്യാലയങ്ങളിലെ ഉയർന്ന പരീക്ഷ ഒമ്പതാം ക്ലാസ്സാണ്. അവിടെ പഠിക്കുന്നതിന് ഫീസില്ല. ഇംഗ്ലീഷ് വിദ്യാലയങ്ങളിൽ ഫീസ് കൊടുക്കണം. അവിടെ ഏഴു വർഷം പഠിച്ച് ഇ എസ് എൽ സി പാസ്സായാൽ ബിരുദപഠനത്തിനു ചേരാം. സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലായിരുന്നു കൃഷ്ണന്റെ ജനനമെന്നതിനാൽ മലയാളം വിദ്യാലയത്തിലാണ് പഠിക്കാൻ ചേർന്നത്. വീട്ടിൽ നിന്നും പത്തു കിലോമീറ്റർ അകലെയുള്ള പുതിയകാവ് മലയാളം വിദ്യാലയത്തിലായിരുന്നു പഠനം. സ്‌കൂളിലേക്കുള്ള നടത്തം കൃഷ്ണനെ ആരോഗ്യവാനാക്കി മാറ്റി (ഞാൻ കാണുന്ന ബലിഷ്ഠവും ദൃഢവത്തുമായിരുന്നു ആ ശരീരം). പതിനഞ്ചാമത്തെ വയസ്സിൽ ഏഴാം ക്ലാസ്സും പതിനേഴാമത്തെ വയസ്സിൽ (1921-ൽ) ഒമ്പതാം ക്ലാസ്സും പാസ്സായി. ആ വർഷം തന്നെ മൂത്തകുന്നം എസ് എൻ എം ഇംഗ്ലീഷ് സ്‌കൂളിൽ അധ്യാപകനായി ചേർന്നു. സ്വപരിശ്രമത്താൽ സംസ്‌കൃതവും മറ്റും പഠിച്ച് 1933-ൽ മദ്രാസ് സർവകലാശാലയിൽ നിന്നും മലയാളം വിദ്വാൻ പരീക്ഷയും പാസ്സായാണ് മൂത്തകുന്നം എസ് എൻ എം ഹൈസ്‌കൂളിലെ ആദ്യത്തെ മലയാള അധ്യാപകനായത്. 1965 മാർച്ച് 31-ന് 60 ആം വയസ്സിൽ വിരമിക്കുംവരെ അവിടെ അധ്യാപകനായിരുന്നു.

അധ്യാപകനായിരുന്ന ആ കാലത്തായിരുന്നു ഈ സാമൂഹ്യവിപ്ലവ പ്രസ്ഥാനങ്ങളുടെയെല്ലാം ഭാഗമായി മുൻഷി മാഷ് മാറിയത്. സഹോദരൻ അയ്യപ്പൻ പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം തന്നെ മുൻഷി മാഷ് ഉണ്ടാകുമായിരുന്നു. അക്കാലത്താണ് കവിതയെഴുത്തിലേയ്ക്ക് കൃഷ്ണൻ മുൻഷി കടക്കുന്നത്. ജനങ്ങളുടെ ഹൃദയത്തിലേയ്ക്കും മനസ്സിലേയ്ക്കും സാമൂഹ്യവിപ്ലവത്തിന്റെ ആശയങ്ങളെത്തിക്കാൻ ഏറ്റവും നല്ല മാർഗം കവിതയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. സഹോദരൻ അയ്യപ്പൻ പങ്കെടുക്കുന്ന പല ചടങ്ങുകളും എം കെ കൃഷ്ണന്റെ കവിതാലാപനത്തോടെയാണ് ആരംഭിച്ചിരുന്നത്.
ജാതിധ്വംസനത്തെപ്പറ്റിയും മദ്യവർജ്ജനത്തെപ്പറ്റിയുമൊക്കെയുള്ള കവിതകളായിരുന്നു ആദ്യകാലത്തേത്. അവയൊക്കെ തന്നെയും ‘വിവേകോദയ’ത്തിലും ‘യുക്തിവാദി’യിലും ‘സഹോദരനി’ലും മിശ്രവിവാഹസംഘം ബുള്ളറ്റിലുമെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. കേരളത്തിലെ യുക്തിവാദി സമ്മേളനങ്ങളിലെല്ലാം തന്നെ അദ്ദേഹം സ്ഥിര സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ‘യുക്തിവാദി’ മാസികയുടെ 1982 സെപ്തംബർ ലക്കത്തിൽ അദ്ദേഹത്തെ പത്രാധിപർ ഇങ്ങനെയാണ് ഓർമ്മിച്ചിരിക്കുന്നത് – ‘ആർക്കും മറക്കാനാകാത്ത രൂപഭാവങ്ങളായിരുന്നു മാസ്റ്ററുടേത്. വെളുത്ത ഖദർ ജുബ്ബയും മുണ്ടും ധരിച്ച് ഒരു ബാഗുമായി വരുന്ന മാസ്റ്ററുടെ മുഖത്ത് ഒരിക്കലും മായാത്ത പുഞ്ചിരിയുണ്ടാകും. ഏതു യുക്തിവാദി സമ്മേളനത്തിലും ആദ്യമെത്തുന്നത് അദ്ദേഹമായിരുന്നു. ബാഗിൽ കൊണ്ടുവരുന്ന കവിതാസമാഹാരങ്ങളൊക്കെ അറിയുന്നവർക്കെല്ലാം അദ്ദേഹം സൗജന്യമായി വിതരണം ചെയ്തിരുന്നു. അതിൽ അദ്ദേഹം സന്തുഷ്ടനായിരുന്നു. ആശയപ്രചരണത്തിൽ കവിഞ്ഞ് മാസ്റ്റർക്ക് ഒരു ലക്ഷ്യവുമില്ലായിരുന്നു.’

j.binduraj ,memories

എം. കെ കൃഷ്ണനും ഭാര്യ കമലാക്ഷിയും മക്കളായ ശാന്ത, ഓമന എന്നിവര്‍ക്കൊപ്പം

ആദർശനിഷ്ഠയുടെ കാര്യത്തിൽ കടുംപിടുത്തക്കാരനായിരുന്നു കൃഷ്ണൻ മുൻഷിയെന്നാണ് മകളും അധ്യാപികയുമായ എം കെ ശാന്ത (എന്റെ അമ്മ) ഓർത്തെടുക്കുന്നത്. ‘പറയുന്നതുപോലെ പ്രവർത്തിക്കുന്ന പ്രകൃതമായിരുന്നു അച്ഛന്. ഞങ്ങൾ മൂന്നു പെൺകുട്ടികളും ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. നാൽപതാം വയസ്സിലായിരുന്നു അച്ഛന്റെ വിവാഹം. സ്‌കൂളിൽ അച്ഛൻ പഠിപ്പിച്ച കമലാക്ഷി എന്ന വിദ്യാർത്ഥിനിയെയാണ് അഞ്ച് വർഷങ്ങൾക്കുശേഷം അച്ഛൻ വിവാഹം ചെയ്തത്. ‘അച്ഛനോട് അമ്മയ്ക്ക് വലിയ ആദരവാണുണ്ടായിരുന്നത്. ഒരു കാര്യത്തിനുപോലും അച്ഛനെ അമ്മ എതിർത്തു സംസാരിക്കുന്നത് ഞാൻ കേട്ടിട്ടേയില്ല. കൃത്യനിഷ്ഠയുടെ കാര്യത്തിൽ കർക്കശനായിരുന്നു. ഏതെങ്കിലുമൊരു യോഗത്തിൽ ക്ഷണിച്ചാൽ പറഞ്ഞ സമയത്തു തന്നെ അവിടെയെത്താൻ അതിരാവിലെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു. ധാരാളം പരിപാടികൾക്ക് സംബന്ധിച്ചിരുന്നതിനാൽ വീട്ടിലേക്ക് വേണ്ട പച്ചക്കറിയടക്കമുള്ള സാമഗ്രികളൊക്കെ ഒരാഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങി വരുമായിരുന്നു അച്ഛൻ,’ ശാന്ത പറയുന്നു. ‘അച്ഛൻ ഒരിക്കൽ മാത്രമേ എന്നെ ശിക്ഷിച്ചിട്ടുള്ളു. അത് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അടുക്കളയിൽ കഞ്ഞികുടിക്കുന്ന നേരത്ത് ബഹളമുണ്ടാക്കിയതിനായിരുന്നു അത്. എഴുതിക്കൊണ്ടിരുന്ന അച്ഛൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്ന് എന്റെ തുടയിൽ സാമാന്യം നല്ലൊരു പിച്ചുപിച്ചി. അതുകണ്ട് അമ്മയാണ് നിലവിളിച്ചത്. അൽപം കഴിഞ്ഞ്, അച്ഛൻ എന്നെ സാന്ത്വനിപ്പിക്കുകയും ചെയ്തു. പിന്നീടൊരിക്കലും ഞാൻ വീട്ടിൽ ബഹളം കൂട്ടിയിട്ടുമില്ല,’ അമ്മ പറയുന്നു. ഒരുപക്ഷേ, ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ വച്ചേറ്റവും വലിയ ഫെമിനിസ്റ്റായി എന്റെ അമ്മ വളർന്നതിന് പിന്നിൽ അപ്പൂപ്പനാണെന്ന് ഇന്ന് ഞാൻ നന്നായി തിരിച്ചറിയുന്നുണ്ട്. ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും കളിയാക്കുകയും വാർത്താവബോധമുള്ള ഒരു അധ്യാപികയായിരുന്നു അമ്മ എന്ന് പിൽക്കാലത്ത് അമ്മയുടെ വിദ്യാർത്ഥികൾ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്.

അച്ഛനെന്ന നിലയിൽ മക്കളിലേയ്ക്കാണ് ആദ്യം തന്റെ ആശയങ്ങൾ കൃഷ്ണൻ മുൻഷി പ്രചരിപ്പിച്ചത്. മൂന്നു മക്കളിൽ ആരും തന്നെ അന്ധവിശ്വാസികളായി വളർന്നില്ല. ക്ഷേത്രങ്ങളിൽ അവരാരും പോയില്ല. അവരുടെ കാതുകുത്തിയില്ല. ആഭരണങ്ങളോട് അച്ഛനുണ്ടായിരുന്ന എതിർപ്പ് അവരും അംഗീകരിച്ചു. ആചാരരഹിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ രണ്ടു മക്കളുടേയും വിവാഹം. ‘തന്റെ ശവസംസ്‌കാരവും ആചാരരഹിതമായിരിക്കണമെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ ആചാരരഹഹിതമായി അത് ഞങ്ങൾ നടത്തി,’ എന്റെ അച്ഛൻ (എം കെ ശാന്തയുടെ ഭർത്താവ് സി ജി ജയപാൽ മാസ്റ്റർ) പറയുന്നു.

‘ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അച്ഛൻ അന്ധവിശ്വാസങ്ങൾക്കെതിരെ ഞങ്ങളുടെ മനസ്സിനെ രൂപപ്പെടുത്തുന്ന കഥകളാണ് പറഞ്ഞു തന്നിട്ടുള്ളത്. അക്കാലത്ത് രാത്രിയിൽ പറമ്പുകളിൽ വെളുത്ത രൂപങ്ങൾ കാണാറുണ്ടെന്നും അവ പ്രേതങ്ങളാണെന്നും പ്രചാരണമുണ്ടായിരുന്നു. അച്ഛൻ ചൂട്ടുംകത്തിച്ച് ആ പറഞ്ഞയിടങ്ങിലൂടെ രാത്രി നടക്കുകയും അവ നിലാവിൽ പ്രതിഫലിക്കുന്ന തെങ്ങിൻ കടകളാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്ത കഥ ഞങ്ങൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്,’ ശാന്ത ഓർക്കുന്നു. സഹോദരൻ അയ്യപ്പന്റെ നാട്ടുകാരനായ, അധ്യാപകനായ യുവാവിനെക്കൊണ്ടാണ് ആദ്യ മകൾ ഓമനയെ വിവാഹം ചെയ്യിച്ചതെങ്കിലും മദ്യപാനിയും പെരുമാറ്റദൂഷ്യമുള്ളയാളുമാണ് അയാളെന്ന് മനസ്സിലാക്കിയപ്പോൾ മകളുടെ ബന്ധം അവസാനിപ്പിക്കാൻ കൃഷ്ണൻ മുൻഷി തന്നെ മുൻകൈയെടുക്കുകയും ചെയ്തു. ആ ഭർത്താവിനെ തനിക്ക് വേണ്ടെന്ന് പറഞ്ഞ മകൾക്കൊപ്പം നിൽക്കുകയായിരുന്നു അച്ഛൻ. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരാളെ ഒരിക്കലും അംഗീകരിക്കില്ലെന്നും വിട്ടുവീഴ്ചയ്ക്ക് തയാറായി തന്റെ മകൾ ഒരുത്തന്റെ കൂടെ കഴിയേണ്ടെന്നുമുള്ള കാര്യത്തിൽ നിശ്ചയദാർഢ്യമായിരുന്നു, അക്കാലത്ത് തന്നെ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി കവിതയെഴുതിയിട്ടുള്ള മുൻഷിക്ക്.

j.binduraj ,memories

എം. കെ ശാന്ത

ആദർശം വിട്ടുപെരുമാറുന്നവർക്കുനേരെ പൊട്ടിത്തെറിക്കുന്ന പ്രകൃതമായിരുന്നു കൃഷ്ണൻ മുൻഷിയുടേതെന്ന് എന്റെ അമ്മ ഓർക്കുന്നു. ‘അന്നത്തെ കാലത്ത് വീട്ടിലായിരുന്നു പേപ്പർ വാല്യുവേഷൻ. പലരും തങ്ങളുടെ മക്കളെ ജയിപ്പിച്ചുനൽകാനായി പണവുമൊക്കെയായി വീട്ടിൽ വരും. അവരെയൊക്കെ നാണംകെടുത്തുംവിധം ക്ഷോഭിച്ചാണ് അദ്ദേഹം വീട്ടിൽ നിന്നും ഇറക്കിവിട്ടിട്ടുള്ളത്. അച്ഛന് അത്തരക്കാരെ കാണുമ്പോൾ കലിയിളകുമായിരുന്നു. ഒരിക്കൽ ബി എഡിന് പഠിക്കുന്ന ഒരു യുവാവ് തന്റെ സഹോദരിയെ ജയിപ്പിക്കുന്നതിനായി പണവുമായി എത്തി. അയാളെ അച്ഛൻ ചീത്തവിളിച്ചത് അയൽപക്കങ്ങളും കഴിഞ്ഞ് വളരെ ദൂരെ വരെ കേട്ടുകാണുമെന്നുറപ്പ്. അത്ര ഉച്ചത്തിലായിരുന്നു അത്,’ ശാന്ത പറയുന്നു.

വിരമിച്ചശേഷമാണ് അഞ്ച് കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയത്. ‘വിപ്ലവദീപം’, ‘ദൈവം’, ‘മനുഷ്യൻ നന്നായാൽ മതി’, ‘ജീവിതവീക്ഷണം’, ‘ശ്രീനാരായണദർശനം’ തുടങ്ങിയവയായിരുന്നു കൃതികൾ. വി ടി ഭട്ടതിരിപ്പാടും കുറ്റിപ്പുഴ കൃഷ്ണപിള്ളയും സുകുമാർ അഴീക്കോടും എം കെ സാനുവും പവനനും എം പ്രഭയുമൊക്കെയായിരു ന്നു കവിതകളുടെ അവതാരികകൾ എഴുതിയത്. കൊല്ലവർഷം 1098-ൽ ശ്രീനാരായണ ഗുരുവിനെ അദ്ദേഹം നേരിട്ടുകാണുകയും അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും ചെയ്തതിനെ തുടർന്നുള്ള, അനുഭവങ്ങളും ഉൾക്കാഴ്ചകളുമാണ് ശ്രീനാരായണദർശനം എന്ന കവിതാസമാഹാരത്തിലുള്ളത്. ‘കവിതയെ പ്രബോധനത്തിനുള്ള ഒരു ഉപാധിയായോ വാഹനമായോ ആണ് എം കെ കൃഷ്ണൻ കാണുന്നത്. ഇന്ദീവരത്തിന്റേയും ചന്ദ്രികയുടേയും സന്ധ്യാരാഗത്തിന്റേയും ലോകമല്ല അദ്ദേഹത്തിന്റേത്. സേവനത്തിന്റേയും അന്ധവിശ്വാസ ദൂരീകരണത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ദർശനമാണ് അദ്ദേഹത്തിനുള്ളത്,’ അവതാരികയിൽ പവനൻ എഴുതുന്നു. സംസ്‌കൃതവൃത്തത്തിലുള്ള ആ കവിത നാരായണഗുരുവിന്റെ പിന്നീട് പല സദസ്സുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വായിച്ചിരുന്നു.

‘യഥാ മനുഷ്യാ മതവേഷഭാഷാ-
ദിഭിർവിഭിന്നാ അപി ജാതിരേകാ
തേഷാം ഹി തസ്മാത്സഹഭോജനേ തു
മിഥോവിവാഹേ ച ന ദോഷലേശ:
——
സമത്വമന്ത്രാക്ഷരമുച്ചരന്ത:
സ്വാതന്ത്ര്യഗീതധ്വനിഭീ: പ്രബുദ്ധാ:
സ്വർവേ വയം ത്വത്കരുണാകടാക്ഷൈർ
നാരായണശ്രീഗുരുവര്യ, ധന്യാ: ‘
എന്നാണ് ആ കവിത അവസാനിക്കുന്നത്.

വഴികാട്ടിയാകുന്ന കവിതകളായിരുന്നു എം കെ കൃഷ്ണന്റേത്. മനുഷ്യൻ നന്നായാൽ മതി എന്ന കൃതിക്ക് വി ടി ഭട്ടതിരിപ്പാട് എഴുതിയ അവതാരികയിൽ പറയുന്നു: ‘സമൂഹത്തിലെ ചൂഷണങ്ങളും അന്ധതകളും കണ്ട് നീറുന്ന ഒരു മനുഷ്യസ്നേഹിയുടെ ശബ്ദം ഈ കവിതകളിലുണ്ട്. ഓരോ കവിതയും യുക്തിപൂർവമായ സ്വതന്ത്രചിന്ത പുലർത്താൻ പ്രേരിപ്പിക്കുന്നു. ഗഹനമായ കാര്യം ആലോചനാമധുരമായി ആവിഷ്‌കരിക്കുന്നതാണ് ഇതിലെ കവിതകൾ. അവ വായനക്കാരന്റെ ഹൃദയത്തിൽ മാത്രമല്ല ചുണ്ടുകളിലും തങ്ങിനിൽക്കും.’

‘ക്ഷേത്രത്തിൻ സവിധത്തിലുള്ള വഴിതൻ-
പാർശ്വങ്ങളിൽ, ജന്മനാ
ഗാത്രത്തിൻവികലത്വമാർന്നവർ, മഹാ-
രോഗങ്ങൾ ബാധിച്ചവർ,
ആർത്തന്മാ, രവലംബഹീന,രവശ-
ന്മാർ ചത്തുജീവിക്കവേ
മത്തേഭത്തെ നിരത്തി നിർത്തിയെഴുന-
ള്ളിക്കുന്നു വിശ്വാസികൾ….
എന്നൊക്കെ അക്ലിഷ്ട സുന്ദരമായാണ് കൃഷ്ണൻ എഴുതുന്നത്.

j.binduraj ,memories

‘ദൈവം’ എന്ന അദ്ദേഹത്തിന്റെ കവിതയെപ്പറ്റി കുറ്റിപ്പുഴ കൃഷ്ണപിള്ളയും സുകുമാർ അഴീക്കോടും വാനോളം പ്രശംസയാണ് ചൊരിഞ്ഞിരിക്കുന്നത്.
‘കാലോചിതവും ചിന്തോദ്ദീപകവുമായ കവിതയാണിത്. ഇത്തരം വിചാരപ്രധാനമായ കവിതകൾ മലയാളത്തിൽ ചുരുക്കമായിട്ടേ വന്നിട്ടുള്ളു. വസ്തുനിഷ്ഠമായി ചിന്തിക്കുക മാത്രമല്ല ചിന്തയിൽ തെളിഞ്ഞ സത്യം ഒളിവും വളവും കൂടാതെ തെളിച്ചു പറയുകയും ചെയ്തിരിക്കുന്നു കൃഷ്ണൻ. വികാരഭാവനയേക്കാൾ വിചാരത്തിനു പ്രാധാന്യമുള്ള കവിതകളാണ് ഇന്നത്തെ ശാസ്ത്രയുഗത്തിന് ആവശ്യം,’ കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതുന്നു.

‘ഈ കൃതിയും ഇതിന്റെ കർത്താവും തമ്മിലുള്ള ബന്ധം വിരളമായൊരു ഒത്തിരിപ്പാണെന്ന് എനിക്ക് തോന്നുന്നു. ശ്രീ എം കെ കൃഷ്ണൻ സംസ്‌കൃതം പഴയ രീതിയിൽ പഠിച്ചുപസ്ഥിതി നേടിയ ഒരു വിദ്വാനാണെങ്കിലും അദ്ദേഹത്തിന്റെ ‘ദൈവം’ എന്ന ഈ കൃതിയാകട്ടെ, അത്തരമൊരു സാധാരണ പണ്ഡിതനിൽ നിന്ന് ഉദ്ഗമിക്കാനിടയില്ലാത്തവണ്ണം യുക്തിവാദപേശലവും ഉൽപതിഷ്ണത്വപൂർണവും ആയ പ്രേരണകൾ ഉൾക്കൊള്ളുന്നുണ്ട്. പഴയ ചട്ടക്കൂടിൽ പുതിയൊരു മനസ്സ് തുടിക്കുമ്പോൾ എങ്ങനെയിരിക്കുമെന്ന് ഈ കൃതി തെളിയിക്കുന്നു. ലക്ഷണമൊത്ത ഒരു ഉദ്ബോധന കാവ്യമാണ് ഇത്. ആവിഷ്‌കരണം നന്നായിട്ടുണ്ടെന്ന് പറയാൻ എനിക്ക് ഒട്ടും സന്ദേഹമില്ല,’ സുകുമാർ അഴീക്കോട് എഴുതുന്നു.

‘ഇല്ലാത്തൊന്നീ പ്രപഞ്ചം സകലമൊരുവൊറും-
തോന്നൽ; നീയില്ല ഞാനി-
ല്ലില്ലാ യാതൊന്നുമെന്നായപകടകരമാം
ശൂന്യവേദാന്തചിന്ത
അല്ലാ നമ്മൾക്കു കൈവല്യദ; മിവിടെ ജനീ-
ച്ചിന്നു ജീവിച്ചിടുന്നോ-
രെല്ലാമന്തസ്സിൽ ജീവിക്കണ, മതിനനുകൂ-
ലിച്ചു ചിന്തിക്കണം നാം.

ഗീതാകർത്താ, വഹിംസാഗുരു, നബി, മിശിഹാ,
ശങ്കരൻ, ശ്രീവിവേകൻ
ജാതൈ്യക്യത്തിൻ പ്രവക്താ പരമഗുരു, കവീ
ന്ദ്രൻ, രവീന്ദ്രൻ മഹാത്മാ-
ലോകോദ്ധർത്താക്കൾ സത്യഗ്രഹനിരതരസ-
ന്ദിഗ്ധമായോതിയില്ലേ?
‘സേവിപ്പിൻ നിങ്ങൾ സാധുക്കളെയലിവൊ, ടതേ
ഭവ്യമാം ദൈവസേവ’

(ദൈവം)

j.binduraj ,memories

എ. പത്മനാഭന്‍ – ആശാന്‍ മെമ്മോറിയല്‍ ലൈബ്രറി സെക്രട്ടറി

1982 ജൂലൈയിലായിരുന്നു അപ്പൂപ്പന്റെ മരണം, എൺപതാം വയസ്സിൽ. പക്ഷാഘാതം വന്ന്, ഒരു മാസത്തോളം ശരീരത്തിന്റെ ഒരു വശം തളർന്ന് അദ്ദേഹം ആശുപത്രിയിൽ കിടന്നു. അദ്ദേഹത്തിന്റെ സ്മാരകമായി ഇന്നും മൂത്തകുന്നത്ത് 1930-ൽ അദ്ദേഹം സ്ഥാപിച്ച ആശാൻ മെമ്മോറിയൽ ലൈബ്രറി നിലകൊള്ളുന്നുണ്ട്. അപ്പൂപ്പനെപ്പറ്റി കൂടുതലറിയാൻ, വിദ്യാർത്ഥിയായിരിക്കേ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും കാലങ്ങളായി ആശാൻ മെമ്മോറിയൽ ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത എ പത്മനാഭൻ മാഷിനെ (പപ്പുമാഷ്) വിളിച്ചപ്പോൾ ‘അപ്പൂപ്പന്റെ ലൈബ്രറിയിലേക്ക് വരൂ’ എന്നായിരുന്നു മറുപടി. സർക്കാർ നൽകിയ സൗജന്യഭൂമിയിലാണ് ആ മന്ദിരം ഉയർന്നത്. ഇന്ന് 20,000-ത്തിലധികം പുസ്തകങ്ങളുണ്ട് അവിടെ. ‘ഈ മന്ദിരം നിർമ്മിക്കാൻ സംഭാവനകൾ നൽകിയവരിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കൃഷ്ണൻ മുൻഷിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ ഇരട്ടിയിലധികമായിരുന്നു അന്ന് ആ തുക. സ്ഥാപകനായ താൻ തന്നെ മാതൃക കാട്ടണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കുട്ടികൾ വായിച്ചു വളരണമെന്നും,’ പപ്പു മാഷ് പുസ്തകഗന്ധം പേറുന്ന മുറിയിലിരുന്ന് പേരക്കുട്ടിയോട് അപ്പൂപ്പന്റെ കഥ പറഞ്ഞു. ‘സഞ്ചരിക്കുന്ന ഒരു ഗ്രന്ഥാലയമായിരുന്നു അദ്ദേഹം. പുസ്തകം ഒപ്പമില്ലാതെ അദ്ദേഹത്തെ കുട്ടികളായിരുന്ന ഞങ്ങൾ കണ്ടിട്ടില്ല. വിദ്യാർത്ഥികളെ താൻ വായിച്ച മികച്ച പുസ്തകങ്ങളുടെ സാരാംശം പറഞ്ഞുകൊടുത്ത്, അവർക്ക് പുസ്തകം കൈമാറി അവരെക്കൊണ്ട് വായിപ്പിക്കുമായിരുന്നു അദ്ദേഹം. ഞങ്ങളൊക്കെ വായിച്ചു തുടങ്ങിയത് മുൻഷി സാർ കാരണമാണ്.’

പ്ലാറ്റിനം ജൂബിലി വർഷത്തിൽ പുറത്തിറക്കിയ ലൈബ്രറിയുടെ സ്മരണിക അദ്ദേഹം എനിക്കായി എടുത്തുകൊണ്ടുവന്നു. അതിന്റെ ആദ്യ പേജിൽ ശ്രീനാരായണഗുരുവിന്റെ ചിത്രം. രണ്ടാം പേജിൽ കുമാരാനാശാന്റെ ചിത്രം. മൂന്നാം പേജിൽ വായനശാലയുടെ സ്ഥാപകനായ അപ്പൂപ്പന്റെ ചിത്രം. സ്മരണികയിലെ ശിഷ്യന്മാരുടെ കുറിപ്പുകളിൽ നിന്നും എം കെ കൃഷ്ണൻ എന്ന മുൻഷി മാഷിനെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞത് എന്തുകൊണ്ടാണാവോ? മൂത്തകുന്നത്തേക്കുള്ള പഴയ ബസ്സ് യാത്രയിൽ കണ്ട ആലും മാവും പോലെ, ആത്മാവിലേക്കുള്ള ഒരു ഇഴചേരൽ? അറിയില്ല.

 

വായനക്കാർക്കും എഴുതാം. ‘അടുപ്പത്തിന്‍റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം… മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്‍പക്കക്കാരന്‍ /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയെക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ