scorecardresearch
Latest News

ഭാഷയോടുള്ള സ്നേഹമാണ് പരിഭാഷയുടെ കാതൽ: മിനിസ്തി

“ഇന്നത്തെ കാലത്ത് എഴുത്തുകളെല്ലാം വിഷ്വൽ മീഡിയയിലേക്ക് കൂടെ മാറ്റപ്പെടുകയാണ്. ‘ജോജി’ എന്ന ചിത്രത്തെപ്പറ്റി ന്യൂ യോർക്കറിൽ ഒരു ലേഖനം വരികയാണ്. അപ്പോൾ നമ്മൾ ഈ ഭാഷയെ ലോകത്തിലേക്ക് എത്തിക്കുന്നവരെ അംഗീകരിക്കണം. ആ അധ്വാനത്തിനെ നമ്മൾ തിരിച്ചറിയണം.” മിനിസ്തി സംസാരിക്കുന്നു.

ministhy, translator, iemalayalam

മലയാള സാഹിത്യം ഇന്ന് ഭാഷയുടെ അതിരുകൾ കടന്ന് ആഗോളവായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളസാഹിത്യത്തിന്റെ ഈ വളർച്ചയിൽ പരിഭാഷകർ വഹിക്കുന്ന പങ്ക് വിലയേറിയതാണ്. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും, ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും ഒക്കെ പരിഭാഷപ്പെടുത്തുന്ന മിനിസ്‌തി എസ് കേരളത്തിനേക്കാൾ കൂടുതൽ പുറത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. തിരുവനന്തപുരം സ്വദേശിനിയായ മിനിസ്തി ഉത്തർ പ്രദേശിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്. ഭാഷയോടുള്ള അവരുടെ അഭിനിവേശമാണ് ഔദ്യോഗിക തിരക്കുകൾക്കിടയിലും, മലയാളം, ഹിന്ദി, അവധി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷ നടത്താൻ അവർക്ക് ഊർജ്ജമാകുന്നത്.

മലയാളത്തിലെ ശ്രദ്ധേയരായ വീരാൻകുട്ടിയെയും വി ജെ ജെയിംസിനെയും കെ ആർ മീരയെയും സോണിയ റഫീക്കിനെയും ലോകസാഹിത്യത്തിന് നൽകിയത് അവരുടെ മലയാളഭാഷയോടുള്ള താൽപ്പര്യമാണ്. അടുത്തിടെ റസ്കിൻ ബോണ്ട്, തീർച്ചയായും വായിച്ചിരിക്കേണ്ട പത്ത് പുസ്തകങ്ങളെ കുറിച്ച് എഴുതിയിരുന്നു, അതിൽ മിനിസ്‌തി പരിഭാഷപ്പെടുത്തിയ വി ജെ ജയിംസിന്റെ ‘Anti-Clock’ ഉൾപ്പെടുന്നുണ്ട്. പരിഭാഷയെക്കുറിച്ചും ആഗോളവായനക്കാരെ കുറിച്ചും ഭാഷയുടെ സാധ്യതയെക്കുറിച്ചും മിനിസ്തിയുമായി ശില്‌പ സംസാരിക്കുന്നു.

പരിഭാഷയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?

യാദൃച്ഛികമായിട്ടാണ്, ഞാൻ പരിഭാഷയിലേക്ക് എത്തിയത്. ആഭ്യന്തര വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി ജോലി നോക്കുന്ന സമയത്താണ് ആദ്യ പരിഭാഷ ചെയ്തത് . വ്യക്തിപരമായും ഔദ്യോഗികമായും പ്രയാസമനുഭവിക്കുന്ന സമയമായിരുന്നു. മനസ്സിനെ പോസിറ്റീവ് ആക്കാനുള്ള ശ്രമം കൂടെയായിരുന്നു പരിഭാഷ എനിക്ക്. ശ്രീ രാമകൃഷ്ണ പരമഹംസന്റെ പ്രഭാഷണങ്ങളെപ്പറ്റി സി. രാജഗോപാലാചാരി തമിഴിൽ “കൽക്കി” മാസികയിൽ എഴുതിയിരുന്നത് വായിച്ചു. ആ പുസ്തകത്തിന്റെ സഞ്ചാരം എത്ര രസമാണെന്ന് ഓർക്കണം.

ശ്രീരാമകൃഷ്ണ പരമഹംസന്റെ ബംഗ്ളായിലെ ലളിതമായ പ്രഭാഷണങ്ങളെ സി രാജഗോപാലാചാരി തമിഴിലേക്ക് പുനരാഖ്യാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻ്റെ മകൾ വിവാഹം കഴിച്ചിരിക്കുന്നത് ഗാന്ധിജിയുടെ മകൻ ദേവ്ദാസ് ഗാന്ധിയെയാണ്. തമിഴിൽനിന്നും ഈ പ്രഭാഷണങ്ങളെ ഹിന്ദിയിലേക്ക് “ശ്രീ രാമകൃഷ്ണ ഉപനിഷത്ത്” എന്ന പേരിൽ ലക്ഷ്മി ദേവ്ദാസ് ഗാന്ധി പരിഭാഷപ്പെടുത്തി. ആ പുസ്തകം എൻ്റെ കയ്യിൽ ഒരു ദീപാവലിക്ക് എത്തുന്നു. ഞാൻ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെയാണ് പരിഭാഷയിലേക്കുള്ള എന്റെ തുടക്കം. അത് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. പിന്നെ ഡാനിയേൽ ലെഡിൻസ്കി എന്നൊരു കവിയുണ്ട്, ‘ദൈവത്തിന്റെ പ്രണയഗീതങ്ങൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ നൂറ്റിയിരുപത് കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

ആ സമയത്താണ് എന്റെയൊരു സുഹൃത്ത് വഴി കെ. ആർ. മീരയെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഞാൻ ‘മീരാസാധു’ ‘Poison of Love’ എന്ന പേരിൽ പരിഭാഷപ്പെടുത്തുന്നത്. ‘നേത്രോന്മലീനം’ എന്ന മീരയുടെ പുസ്തകവും ഞാൻ ‘The Unseeing Idol of Light’ എന്ന പേരിൽ പെൻഗ്വിന് വേണ്ടി പരിഭാഷപ്പെടുത്തി.

‘പോയ്‌സൺ ഓഫ് ലവ്’ DSC സൗത്ത് ഏഷ്യൻ ലിറ്ററേച്ചറിന്റെ ലോങ്‌ ലിസ്റ്റിൽ വന്നിട്ടുണ്ട്. ‘ദി അൺസീയിങ് ഐഡൽ ഓഫ് ലൈറ്റ്’ ക്രോസ്സ്‌വേഡ് പരിഭാഷ അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ministhy, translator, iemalayalam

നമ്മുടെ അദ്ധ്യാത്മ രാമായണം തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിയത് പോലെ, ഇവിടെ (ഉത്തർപ്രദേശിൽ) അവധി എന്ന ഹിന്ദി ഭാഷാഭേദത്തിൽ തുളസീദാസ് എഴുതിയ ‘ശ്രീരാമചരിതമാനസം’ എന്ന രാമായണം ഉണ്ട്. അത് എല്ലാ വീടുകളിലും വായിക്കുകയും പ്രാർത്ഥിക്കുകയും സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൂജയുടെ അവസരങ്ങളിലൊക്കെ ഏറ്റവുമധികം വായിക്കപ്പെടുന്നത് അതിലെ സുന്ദരകാണ്ഡമാണ്.

ഹനുമാൻ ലങ്കയിലേക്ക് പോകുന്നത് വിശദീകരിക്കുന്നതാണ്‌ സുന്ദരകാണ്ഡം. ഞാൻ ഒരു ഹനുമാൻ ഭക്തയാണ്. ആദ്യം അതിലെ സുന്ദരകാണ്ഡം ഞാൻ അവധിയിൽ നിന്നും ഇംഗ്ലീഷിലേക്ക് പുനരാഖ്യാനം ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ കിഷ്‌ക്കിന്ധകാണ്ഡം ചെയ്‌തു, ഇപ്പോൾ ആരണ്യകാണ്ഡം പൂർത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ പല പല ഭാഷകളിലാണ് പരിഭാഷപ്പെടുത്തുന്നത്. പിന്നെ എല്ലാരും തുടർന്നും ചെയ്യണമെന്ന് പറഞ്ഞപ്പോഴാണ് ശ്രീരാമചരിതം മുഴുവൻ ചെയ്യണമെന്നുള്ളത് ഒരു ആഗ്രഹമായി മാറിയത്.

വീരാന്‍കുട്ടി

പിന്നെ വീരാൻകുട്ടിയുടെ കവിതകൾ ഞാൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. രണ്ട് മൂന്നു വർഷങ്ങൾക്ക് മുൻപ് എന്റെ ബ്ലോഗിൽ ഞാൻ അത് പോസ്റ്റ്‌ ചെയ്തപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോൾ കൂടുതൽ കവിതകൾ പരിഭാഷപ്പെടുത്താൻ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം കുറച്ച് കവിതകൾ അയച്ച് തന്നു.

പിന്നെ വി ജെ ജെയിംസിനെ ഞാൻ വായിക്കുന്നത് നാട്ടിൽ വന്നപ്പോഴാണ്. വി ജെ ജെയിംസിന്റെ 5 പുസ്തകങ്ങളാണ് ഇതുവരെ ഞാൻ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതിൽ ‘ആന്റി-ക്ലോക്ക്’ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇത് 2021 ജെ സി ബി സാഹിത്യപുരസ്ക്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ‘നിരീശ്വരൻ’ന്റെ പരിഭാഷ ഈ വർഷം ജൂണിൽ പ്രസിദ്ധീകരിച്ചു. അടുത്ത വർഷം ‘ദത്താപഹാര’വും ‘പുറപ്പാടിന്റെ പുസ്തകം’ എന്നിവയുടെ പരിഭാഷകൾ പ്രസിദ്ധീകരിക്കും.

ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക്, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക്, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഒക്കെ പരിഭാഷപ്പെടുത്തുന്നുണ്ട്. ഭാഷ ഇത്ര അനായാസമായി കൈകാര്യം ചെയുന്നത് എങ്ങനെയാണ്?

ഭാഷ നിരന്തരം കൈകാര്യം ചെയുന്നത് ഒരിക്കലും ഒരു ബുദ്ധിമുട്ട് ആയി എനിക്ക് തോന്നിയിട്ടില്ല. ഞാനൊരു ഐഎഎസ് ഓഫീസർ ആണ്. അപ്പോൾ പല പല ജോലികളും നമുക്കിങ്ങനെ മാറി മാറി വരും. അത് മറ്റൊരു ലോകമാണ്. നമ്മുടെ ജീവിതം എന്നുള്ളത് ജോലി മാത്രമല്ലലോ. നമുക്ക് ഊർജം കിട്ടുന്ന ചില കാര്യങ്ങളുണ്ട്. എനിക്കിപ്പോഴും ഏറ്റവും ഇഷ്ടപെട്ട അധ്യാപകർ എന്നുപറഞ്ഞാൽ എന്നെ സ്കൂളിൽ മലയാളം പഠിപ്പിച്ച വിമല സിസ്റ്റർ, ശാസ്ത്രി സർ ഒക്കെയാണ്. അവരാണ് പത്താം ക്ലാസ് കഴിയുമ്പോൾ പ്രീഡിഗ്രിക്ക് മലയാളം എടുക്കണമെന്ന് പറഞ്ഞത്. അന്ന് മലയാളം എടുത്താൽ റാങ്ക് കിട്ടില്ല എന്നൊക്കെയുണ്ടായിരുന്നു. പക്ഷെ ഞാൻ മലയാളം തന്നെ എടുത്തു, എനിക്ക് രണ്ടാം റാങ്കും ഉണ്ടായിരുന്നു. മലയാളത്തിനോടുള്ള ഇഷ്ടം അത്രയുമുണ്ട്.

ഞാൻ വിമൻസ് കോളേജിൽ പഠിച്ചപ്പോഴും സെക്കൻഡ് ലാംഗ്വേജ് മലയാളം ആയിരുന്നു. എത്ര നല്ല അധ്യാപകരായിരുന്നു. ആ ഒരു അടിസ്ഥാനമാണ് ഭാഷയോടുള്ളത്. പിന്നെ വീട്ടിൽ എല്ലാ മലയാളം മാസികകളും പത്രങ്ങളും പുസ്തകങ്ങളും വരുത്തും. അച്ഛനും അമ്മയും സഹോദരനും ഒക്കെ ഒത്തിരി വായിക്കുന്നവരാണ്. അങ്ങനെ ഒരു ചുറ്റുപാടിൽ വളർന്നതുകൊണ്ട് ആണെന്ന് തോന്നുന്നു പുസ്തകങ്ങളിൽ നിന്നും ഒത്തിരി ഊർജം കിട്ടും. അപ്പോൾ ഞാൻ എനിക്ക് പരിഭാഷ ചെയ്യാൻ കിട്ടുന്ന അര മണിക്കൂർ ആണെങ്കിൽ പോലും അത് ഐസ് ക്രീം കഴിക്കാൻ കിട്ടുന്നപോലെ ആണ് സന്തോഷിക്കുന്നത്.

ministhy

പരിഭാഷ എന്ന പ്രക്രിയയിൽ പുസ്തകത്തിന്റെ രചിയിതാവിന് സ്ഥാനം ഉണ്ടോ? രചയിതാവിനോടോ പുസ്തകത്തിനോടോ ഉള്ള വിശ്വസ്തത (Fidelity to Text/Author) എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കാമോ?

അത് വളരെ സങ്കീർണമായ വിഷയമാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം പരിഭാഷകർക്ക് ഈഗോ ഉണ്ടാകാൻ പാടില്ല. എനിക്ക് ഈഗോ വന്നുകഴിഞ്ഞാൽ ഞാൻ അവിടെ പരാജയപ്പെട്ടു എന്നുള്ളതാണ്. കാരണം വി ജെ ജയിംസിന്റെ ശൈലി അല്ല കെ ആർ മീരയ്ക്ക് ഇവരുടെ രണ്ടുപേരുടെയും അല്ല വീരാൻകുട്ടിയുടേത്, ഇതൊന്നുമല്ല ‘രാമചരിതമാനസ’ത്തിന്റേത്. നമ്മൾ അവിടെയൊരു മീഡിയം ആണ്. രചയിതാവ് എന്താണോ ഉദേശിച്ചത്, അവർ ഏതു സാഹചര്യത്തിലാണ് എഴുതുന്നത് ഇതൊക്കെ പ്രധാനമാണ്. ഇവിടെയുള്ള ഒരു വെല്ലുവിളി എന്തെന്നാൽ മലയാള ഭാഷപോലെയല്ല ഇംഗ്ലീഷ്. അതിന്റെ വാക്യഘടന പരിഭാഷപ്പെടുത്താൻ നല്ല ബുദ്ധിമുട്ടാണ്. പരിഭാഷപ്പെടുത്തേണ്ടത് ആക്റ്റീവ് വോയിസ് ആയിട്ടാണോ അതോ പാസ്സീവ് വോയിസ് ആയിട്ടാണോ, ഓരോ വാക്കുകളും എടുത്തു തന്നെ പരിഭാഷപ്പെടുത്തണോ അതോ അതിന്റെ ആശയമാണോ പരിഭാഷപ്പെടുത്തേണ്ടത് ഇതെല്ലാം വെല്ലുവിളികളാണ്. കാരണം മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് പദാനുപദമായി പരിഭാഷപ്പെടുത്തിയാൽ ഒരുപക്ഷെ ഇംഗ്ലീഷിൽ അതിനൊരു അർത്ഥവും കാണില്ല.

അപ്പോൾ രചയിതാവിനോടുള്ള വിശ്വസ്തതയ്ക്ക് ഒപ്പം നമ്മൾ കരുതേണ്ട കാര്യം എന്തെന്നാൽ നമ്മൾ ഇതാർക്കാണ് നൽകുന്നതെന്നുള്ളതാണ്. നമ്മൾ ഈ പരിഭാഷകൾ നൽകുന്നത് ആഗോള വായനക്കാർക്കാണ്. അപ്പോൾ ഞാൻ ശ്രദ്ധിക്കാറുള്ളത് മലയാളത്തിൽ ആ വാചകങ്ങൾ വായനക്കാരിൽ എന്ത് വികാരമാണ് വരുത്തിയത് എന്നുള്ളതാണ്. വാക്യഘടന, രചയിതാവിനോടുള്ള വിശ്വസ്തത ഇവയെക്കാൾ എല്ലാമുപരി ആ പുസ്തകത്തിന്റെ കാതൽ എനിക്ക് പരിഭാഷപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നുള്ളതാണ് എനിക്ക് പ്രധാനം. ആ ഉള്ളടക്കം സൃഷ്ടിക്കുന്ന വികാരങ്ങൾ എനിക്ക് വായനക്കാരിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ടോ എന്നുള്ളതാണ് കാര്യം.

ഉദാഹരണത്തിന് ജെയിംസിന് തന്റെ പുസ്തകം എങ്ങനെ വരണമെന്നുള്ളതിനെപ്പറ്റി നല്ല ക്ലാരിറ്റിയുണ്ട്. അപ്പോൾ ഞങ്ങൾ തമ്മിൽ ഒരുപാട് ചർച്ചകൾ നടക്കാറുണ്ട്. എനിക്കുള്ള അഭിപ്രായങ്ങൾ പറയാനുള്ള സ്പേസ് അവിടെയുണ്ട്. ചിലപ്പോൾ ഞാൻ പറയുന്നത് ആയിരിക്കും മുൻപോട്ട് കൊണ്ടുപോകുക, അല്ലാത്തപ്പോൾ അല്ല മിനി ഇത് മലയാളം പുസ്‌തകം ഒരിക്കൽ കൂടെ വായിച്ച് എന്തെങ്കിലും വ്യത്യാസം വരുത്തി നോക്കാമെന്ന് പറയും. രചയിതാവിന്റെ പുസ്തകത്തിനെ നമ്മൾ അപഹരിച്ചതായി തോന്നാൻ പാടില്ല എന്നാൽ വായനക്കാർക്ക് ലഭിക്കേണ്ട സംതൃപ്‌തി ലഭിക്കുകയും വേണം. എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നു പറയുന്നത് മലയാളികൾ അല്ലാത്ത എൻ്റെ സുഹൃത്തുക്കൾ ആ പരിഭാഷ വായിച്ചിട്ട് ഇതൊരു തർജ്ജമ ആയിട്ടേ തോന്നുന്നില്ല മിനി എന്നു പറഞ്ഞതാണ്. പക്ഷേ, ഇത് നടപ്പാക്കണമെങ്കിൽ രചയിതാവും പരിഭാഷകരും തമ്മിൽ പരസ്‌പര വിശ്വാസ്യത വേണം. എവിടെയെങ്കിലും നമ്മുടെ അധ്വാനത്തിനെ കുറച്ച് കാണിക്കുന്ന പോലെയൊരു തോന്നൽ ഉണ്ടായാൽ പിന്നെ നമുക്കത് മുൻപോട്ട് കൊണ്ടുപോകാൻ പറ്റില്ല.

കാലങ്ങളായിട്ടുള്ള പരിഭാഷയുടെ രൂപാന്തരം നോക്കിയാൽ ഇന്നത്തെ പരിഭാഷകർക്ക് കൂടുതൽ സ്വാതന്ത്ര്യമുള്ളതായി അനുഭവപ്പെടുന്നുണ്ടോ? Translation എന്നതിൽ നിന്നും Transcreation എന്നൊരു അവസ്ഥയിലേക്ക് പരിഭാഷ രൂപപ്പെടുന്നുണ്ടോ?

അത് സോഴ്സ് ടെക്സ്സ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കും. ഉദാഹരണത്തിന് ജയശ്രീ (കളത്തിൽ) ചെയ്ത പുസ്തകങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാൽ നാടൻ ഭാഷ, പാട്ട്, കവിത ഒക്കെയാണ്. അങ്ങനെ വന്നുകഴിഞ്ഞാൽ അതിനെ വെറുതെ നമുക്ക് പരിഭാഷപ്പെടുത്താൻ പറ്റില്ല. അവിടെയാണ് transcreation വരുന്നത്. ഒരു ഭാഷാഭേദം, ഒരു സംസ്‌കാരം ഒക്കെ ആഗോള വായനക്കാരിലേക്ക് എത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്.

‘ആന്റി- ക്ലോക്കിൽ’ എനിക്ക് അങ്ങനെയൊരു transcreation ആവശ്യം വന്നിട്ടില്ല, കാരണം അത് വളരെ വ്യക്തമായി എഴുതപ്പെട്ട കഥയാണ്. പക്ഷേ ‘നിരീശ്വരനിൽ’ ഞാൻ ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്. അതിലെ ഒരുപാട് ആശയങ്ങൾ, ഫിലോസഫികൾ, ആത്മീയതയെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള എഴുത്തുകൾ അവിടെയൊക്കെ transcreation തന്നെ ചെയ്തിട്ടുണ്ടെന്ന് പറയാം. പുസ്തകം, അതിന്റെ സാഹചര്യമൊക്കെ അവിടെ പ്രധാനമാണ്. ഇത് വിജയകരമായി നടക്കാൻ നേരത്തെ പറഞ്ഞപോലെ പരസ്പര വിശ്വാസം ഉണ്ടാകണം. അല്ലാതെ പുസ്തകത്തിൽ എന്താണോ അത് മാത്രമായിട്ട് നമ്മൾ പരിഭാഷപ്പെടുത്തിയാൽ ഒരു ജീവനില്ലാത്ത പോലെയായിപ്പോകും.

എല്ലാ പുസ്തകത്തിലും transcreation സംഭവിക്കണം എന്ന് നമ്മുക്ക് പറയാൻ പറ്റില്ല. ചില പുസ്തകങ്ങൾക്ക് അതാവശ്യം ഉണ്ടാകില്ല, ചിലതിനു അത് ആവശ്യമുണ്ടാകും. പുസ്തകത്തിന് അത്തരമൊരു ഇടപെടൽ ആവശ്യമുണ്ടോ, രചയിതാവിന്റെ വീക്ഷണം, പരിഭാഷകർക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും. പക്ഷേ പരിഭാഷകർക്ക് transcreation എന്ന സാധ്യത എപ്പോഴും ലഭ്യമാണ്.

ഒരു രചയിതാവിന് ഒരുപക്ഷേ ഏകാന്തമായി എഴുതുവാൻ സാധിക്കുമായിരിക്കും, പരിഭാഷകയ്ക്ക്/പരിഭാഷകന് അത്തരമൊരു ഏകാന്തമായ നിലനിൽപ്പ് ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ?

നമ്മൾ മാർകേസ്, റഷ്യൻ കഥകൾ, ബംഗാൾ സാഹിത്യമൊക്കെ പണ്ട് വായിച്ചിട്ടുണ്ട്. അന്നിത് വായിക്കുമ്പോൾ പരിഭാഷകരുടെ അധ്വാനത്തിന്റെ ഭാഗമായിട്ടാണ് ഇത് നമ്മുടെ കയ്യിലേക്ക് എത്തുന്നതെന്ന് നമ്മൾ അറിയില്ല. പക്ഷെ ഇന്നത്തെ കാലത്ത് അങ്ങനെ അല്ല, പരിഭാഷ എന്നത് സ്വതന്ത്രമായ ഒരു രീതിയിൽ നിൽക്കുന്നു.

ഉദാഹരണത്തിന് ഇത്തവണത്തെ JCB ഷോട്ട് ലിസ്റ്റിൽ എല്ലാം പരിഭാഷകളാണ്. അത് സൂചിപ്പിക്കുന്നത് പരിഭാഷ സ്വതന്ത്രമായ സാഹിത്യരൂപമായി ആഗോള വായനക്കാർ അംഗീകരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. അതൊരു മാറ്റം തന്നെയാണ്. ജന്മം കൊടുത്ത അമ്മ അല്ലെങ്കിലും വളർത്തമ്മയാണ്. രചയിതാവിനെപ്പോലെതന്നെ അല്ലെങ്കിൽ അതിനേക്കാളും അധികം ആ പുസ്തകത്തിലേക്ക് പരിഭാഷകർക്ക് ഇറങ്ങി പോകേണ്ടി വരും. ഒരു വായനക്കാരിയായി ആദ്യം വായിക്കണം, പിന്നെ അതിനെ പരിഭാഷപ്പെടുത്താൻ വേണ്ടി വായിക്കുന്നു, പരിഭാഷപ്പെടുത്തുന്നു, പിന്നെ അതിൽ നിരന്തരമായ തിരുത്തലുകൾ. എത്ര തവണയാണ് നമ്മൾ വായിക്കുന്നത്. എന്നെ സംബന്ധിച്ച് ചെയ്തു കഴിഞ്ഞയുടൻ ഞാൻ ഒന്ന് എഡിറ്റ് ചെയ്യും. പിന്നെ രചയിതാവ്, പിന്നെ ഞങ്ങൾ രണ്ടുപേരും ചേർന്ന് എഡിറ്റിങ്, അത് കഴിഞ്ഞ പ്രസാധകരുടെ എഡിറ്റിങ്.

പരിഭാഷ ഇപ്പോൾ അത്രമാത്രം വായനക്കാരുള്ള ഒരു സാഹിത്യരൂപമായി മാറിക്കഴിഞ്ഞു. അപ്പോൾ ഏതൊരു രചയിതാവിനു കിട്ടുന്ന ബഹുമാനവും പരിഭാഷകർക്കും കിട്ടണം. ഉദാഹരണത്തിന് പെൻഗ്വിന് വേണ്ടി പരിഭാഷപ്പെടുത്തിയ രണ്ട് പുസ്തകങ്ങളിൽ എന്റെ പേര് വന്നത് ബാക്ക് കവറിലാണ്. അന്ന് അങ്ങനെയായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ലോകത്താകമാനം ഇന്ന് പരിഭാഷകരെ അംഗീകരിക്കുന്നുണ്ട്.

ministhy, translator, iemalayalam
കെ ആര്‍ മീര , വി ജെ ജയിംസ് , സോണിയ റഫീക്ക്

കെ ആർ മീര, വി ജെ ജെയിംസ്, സോണിയ റഫീഖ് തീർത്തും വ്യത്യസ്തമായ ആഖ്യാനരീതിയുള്ള എഴുത്തുകാരാണ്. പരിഭാഷകയും എഴുത്തുകാരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ എങ്ങനെയാണ് നടന്നത്?

മൂന്ന് എഴുത്തുകാരുടെ പുസ്തകം, അതിന്റെ ശൈലി, ഭാഷ, എല്ലാം അവരവരുടേതായ വ്യക്തിത്വം ഉള്ള പുസ്തകങ്ങളാണ്. അവരെനിക്ക് ആ പുസ്തകത്തെ സ്വാതന്ത്ര്യത്തോടെ പരിഭാഷപ്പെടുത്താനുള്ള അവസരം തന്നു. പിന്നെ ആ പുസ്തകത്തിൽ എന്താണ് വേണ്ടതെന്ന് അവർക്കും നല്ല വ്യക്തതയുണ്ട്. ഉദാഹരണത്തിന് ഒത്തിരി അറബ് വാക്കുകൾ വരുമ്പോൾ സോണിയ തന്നെ എനിക്ക് വാക്കുകളുടെ ഒരു ശേഖരം ഉണ്ടാക്കിത്തന്നു.

ജെയിംസ് ആണെങ്കിൽ പുസ്തകത്തിലെ ഓരോ വാക്കിനെക്കുറിച്ചും അത്രയും വ്യക്തതയുള്ള എഴുത്തുകാരനാണ്. ചില ഫിലോസഫി ഒക്കെ എനിക്ക് ഒന്നും മനസിലാകാതെ ചോദിച്ചാൽ “അത് അഷ്ടാവക്ര ഗീതയൊക്കെ ഒന്ന് വായിച്ചുനോക്കിയാൽ മനസിലാകും” എന്നൊക്കെ പറയും. പക്ഷേ എനിക്ക് വളരെ ലളിതമായിട്ട് അതിന്റെ സന്ദർഭം പറഞ്ഞു തരും. ഉദാഹരണത്തിന് എമ്പ്രാന്തിരിയെ തേടി ഹിമാലയം അതിന്റെ തണുപ്പോടുകൂടി തെക്കോട്ട് വന്നുവെന്ന് മലയാളത്തിൽ വായിക്കുമ്പോൾ അതിന്റെ ആഴത്തിലുള്ള ആ ആത്മീയമായ മാറ്റം നടക്കുന്നത് നമുക്ക് മനസിലാകും. പക്ഷേ അത് പരിഭാഷപ്പെടുത്തുമ്പോൾ അതുപോലെ വരുത്തുന്നത് ഒരധ്വാനം തന്നെയാണ്. പരിഭാഷ ചെയ്ത് വന്നപ്പോൾ ഇതേ ചോദ്യം കോപ്പി എഡിറ്ററും ചോദിച്ചു. ഈ വാക്യത്തിന് ഒരു അർത്ഥമില്ലാത്ത പോലെ തോന്നുന്നുണ്ട്, ഞങ്ങൾ ഇത് ഒഴിവാക്കട്ടെ എന്നൊക്കെ. ആ ചോദ്യം വന്നപ്പോൾ ജെയിംസിനെക്കാൾ മുൻപേ അത് പറ്റില്ല എന്ന് പറയുന്നത് ഞാനാണ്. എന്നിട്ട് ഞാനത് അവർക്ക് പറഞ്ഞു കൊടുത്തു.

മീരാസാധു പരിഭാഷപ്പെടുത്തുമ്പോൾ, ആ കുട്ടികളെ കൊല്ലുന്ന സ്ഥലമൊക്കെ എത്തിയപ്പോൾ നമ്മൾ കരഞ്ഞുപോകും. നമുക്കത് ചെയ്യാൻ പറ്റില്ലായെന്ന് തോന്നിപോകും. മീര എന്നോട് പറഞ്ഞത് എത്രത്തോളം നന്നാക്കാൻ പറ്റുമോ അത്രത്തോളം നന്നാക്കാം, ഇതൊരു പ്രാർത്ഥനപോലെ കരുതി മിനി ചെയ്യണം എന്നാണ്.

സോണിയ ചെറുപ്പക്കാരിയാണ്, നമ്മൾ ഒരുമിച്ച് വർക്ക് ചെയുമ്പോൾ പരസ്‌പരമുള്ള ആ പ്രതീക്ഷ കാണാൻ സാധിക്കും. അപ്പോൾ ഈ മൂന്ന് എഴുത്തുകാരും അവരുടെ രചനകളെ പരിപൂർണ സ്വാതന്ത്ര്യത്തോടെ പഠിക്കാനുള്ള സ്പേസ് എനിക്ക് തന്നു. എവിടെയെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ചർച്ചകൾ നടത്തും.

പരിഭാഷപ്പെടുത്തുമ്പോൾ സോഴ്‌സ് ഭാഷയോട് നീതി പുലർത്തുന്നൊരു രീതിയിലേക്ക് പരിഭാഷ മാറുന്നുണ്ടോ?

ഇന്നത്തെ ഒരു കാലഘട്ടത്തിൽ ലോകത്താകമാനം ഉള്ള പരിഭാഷകരും സോഴ്‌സ് ഭാഷയോട് ആത്മാർത്ഥതയുള്ളവരാണ്‌. ഞാനും അതെ. ആഗോളതലത്തിലെ വായനക്കാർ നമ്മുക്ക് പ്രധാനപ്പെട്ടവർ ആണെങ്കിലും അവർക്ക് വേണ്ടി ഭാഷയെ തീരെ ലളിതവത്കരിക്കേണ്ട കാര്യമില്ല. എഡിറ്റർമാർക്കും ഇതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ട്. ഇപ്പോൾ “കമ്മ്യൂണിസ്റ്റ് പച്ച” എന്നൊരു വാക്ക് പുസ്തകത്തിൽ ഉണ്ടെങ്കിൽ അതങ്ങനെ തന്നെ വയ്ക്കാം മിനി എന്നുപറയുന്ന എഡിറ്റർമാർ നമുക്കുണ്ട്. നമ്മൾ ഒരു പരിഭാഷ വായിക്കുന്നത് തന്നെ മറ്റൊരു സംസ്കാരത്തെ മനസ്സിലാക്കാനാണ്. അവിടെ നമുക്ക് അമിതമായ ലളിതവത്കരണം നടത്തേണ്ട ആവശ്യമില്ല. നല്ലൊരു പരിഭാഷ മൂലഭാഷയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകണം എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

പരിഭാഷകർക്ക് പലപ്പോഴും അർഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

2021-ലെ JCB അവാർഡ് ലഭിച്ചത് ‘Delhi: A Soliloquy’ എന്ന പുസ്തകത്തിനാണ്. എന്നിട്ടും ഫാത്തിമയെയും നന്ദകുമാറിനെയും വേദിയിലേക്ക് വിളിച്ചില്ല. ഞങ്ങൾക്ക് ഒക്കെ അത് വളരെയധികം വിഷമം ഉണ്ടാക്കി. മുകുന്ദൻ സാറിനെ മാത്രമാണ് വേദിയിലേക്ക് ക്ഷണിച്ചത്. അവരുടെ ഗ്രേസ്‌ഫുൾ ആയ പ്രകൃതം കാരണം അവരൊന്നും പറഞ്ഞില്ല. ചില കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോഴും ചിലത് നമ്മൾ ചെയ്യാതെ ഇരിക്കുമ്പോഴും അതിശക്തമായ ഒരു സന്ദേശം തന്നെയാണ് അത് സമൂഹത്തിനു നൽകുന്നത്. പരിഭാഷകരെ വേദിയിലേക്ക് വിളിക്കാൻ കൂടിപ്പോയാൽ അഞ്ച് മിനിറ്റ് എടുക്കുമായിരിക്കും. അവർ മൂന്ന് പേരും കൂടെ വേദിയിൽ നിന്നിരുന്നെങ്കിൽ നമുക്കൊക്കെ സന്തോഷം ആയിരുന്നേനെ. ഇത്തവണ എല്ലാം പരിഭാഷകൾ ആയ സ്ഥിതിക്ക് എഴുത്തുകാരും പരിഭാഷകരും വേദിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.

പലപ്പോഴും നമ്മൾ അവഗണിക്കുന്ന കാര്യങ്ങളിൽ കൂടെയാണ് ഒരു സന്ദേശം നൽകുന്നത്. പരിഭാഷകർ ഒരിക്കലും അങ്ങനെ അരികുവത്കരിക്കപ്പെടേണ്ട വരല്ല. പലരും അവരുടെ അതിയായ ആഗ്രഹം കൊണ്ട് പരിഭാഷപ്പെടുത്തുന്ന വരാണ്. അത് ഭാഷയോടും സാഹിത്യത്തോടുമുള്ള നമ്മുടെ ഒരു പ്രതിജ്ഞാബദ്ധതയാണ്. എനിക്ക് അങ്ങനെയൊരു കഴിവുണ്ടെങ്കിൽ ഞാനത് ഉപയോഗിക്കുകയും അത് ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഞാൻ ആഗ്രഹിക്കുന്നത് സമൂഹത്തിലെ പല തുറകളിലുള്ള മനുഷ്യരെയും നമ്മൾ പരിഭാഷയിലേക്ക് ആകർഷിക്കണം. അത്രത്തോളം നമ്മുടെ ഭാഷയ്ക്ക് വളർച്ച കിട്ടണം.

അതുമാത്രമല്ല, ഇപ്പോൾ ഒ ടി ടി ഉണ്ട്, സിനിമയുണ്ട്, അപ്പോൾ ഏത് കൃതിയാണ് എവിടേക്കാണ് പോകുന്നത് നമുക്ക് പറയാൻ പറ്റില്ല. അങ്ങനെയാണല്ലോ കഥകൾ സഞ്ചരിക്കുന്നത്. ഇപ്പോൾ പല ഇന്ത്യൻ ഭാഷകളും എടുത്തു നോക്കിയാൽ നല്ല പരിഭാഷകരില്ല. മലയാളം അങ്ങനെ നോക്കുമ്പോൾ പരിഭാഷകരാൽ സമ്പുഷ്ടമാണ്. ഇന്നത്തെ കാലത്ത് എഴുത്തുകളെല്ലാം വിഷ്വൽ മീഡിയയിലേക്ക് കൂടെ മാറ്റപ്പെടുകയാണ്. ‘ജോജി’ എന്ന ചിത്രത്തെപ്പറ്റി ന്യൂയോർക്കറിൽ ഒരു ലേഖനം വരികയാണ്. അപ്പോൾ നമ്മൾ ഈ ഭാഷയെ ലോകത്തിലേക്ക് എത്തിക്കുന്നവരെ അംഗീകരിക്കണം. ആ അധ്വാനത്തിനെ നമ്മൾ തിരിച്ചറിയണം.

ഭാഷ മേൽക്കോയ്മയെ പറ്റി സജീവമായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിൽ പരിഭാഷ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടി ആകേണ്ടതില്ലേ?

ബൈബിളിൽ ബാബേൽ ഓഫ് വോയ്സിനെ പറ്റി പറയുന്നപോലെ മനുഷ്യർ എവിടെയുണ്ടോ അവർ തമ്മൽ സംസാരിക്കാനായി ഭാഷ ഉപയോഗിക്കും. ഒരു ഭാഷ നല്ലതെന്നും ഒരു ഭാഷ ചീത്തയെന്നും പറയാൻ പറ്റില്ല. ഞാൻ വലുത് നീ ചെറുത് എന്നൊക്കെ പറയുന്നത് മനുഷ്യസഹജമായ ചില പ്രശ്നങ്ങളാണ്. അതിന്റെ ഒരു ഭാഗമായി ഭാഷയുടെ കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നേ എനിക്ക് പറയാൻ സാധിക്കു. നമ്മൾ പരിഭാഷപ്പെടുത്തുമ്പോൾ ഇത്തരം ഭിന്നതകളെ മാറ്റിവെച്ച് ഒരുമിച്ച് വരികയാണ്. അതാണ് നമ്മുടെ സംഭാവന.

ഒരു രാഷ്ട്രീയ പ്രവൃത്തിയേക്കാളുപരി എനിക്കിതൊരു മനുഷ്യത്വപരമായ പ്രവൃത്തിയാണ്. അടിസ്ഥാനപരമായി മനുഷ്യത്വം ഒന്നാണ്. ഉദാഹരണത്തിന് ലോകത്ത് എവിടെയിരുന്നും വായിക്കുന്ന മനുഷ്യർ ദസ്തയേവ്സ്കിയെ വായിച്ച് കരയുന്നു. സാഹിത്യത്തിന്റെ ഏറ്റവും വലിയ വിശേഷണമെന്നത് മനുഷ്യത്വത്തെ വളർത്തുന്നു എന്നുള്ളതാണ്. ജാതി മത വർഗ വർണ ലിംഗ ഭേദങ്ങളില്ലാതെ നമുക്ക് സാഹിത്യം സംസാരിക്കാൻ സാധിക്കുന്നു. അങ്ങനെ മനുഷ്യരെ ഒന്നാക്കുന്നൊരു കർമ്മമാണിത്. അതിനെ രാഷ്ട്രീയമെന്ന് വിളിക്കാം, മനുഷ്യത്വപരം എന്ന് പറയാം. എനിക്കത് ആത്മീയ സേവനം പോലെയാണ് തോന്നുന്നത്.

Read More: ലോകം മലയാളത്തെ വായിക്കുമ്പോൾ പരമ്പരയുടെ മറ്റു ഭാഗങ്ങൾ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Ministhy s on the challenges of translating between malayalam english and hindi vj james k r meera