പൂക്കളുടേതായി ഒരു ദ്വീപ്. ആ പൂന്തോപ്പിൽ ചിത്രശലഭങ്ങൾക്കായി ഒരു വീട്. അവിടെയൊരു കൊട്ടാരം, പ്രാർത്ഥനകൾക്കും ധ്യാനത്തിനുമായി ഒരു ആരാധനാലയം. രുചി വിതറുന്ന ഭക്ഷണശാലകൾ, പടർന്നു പന്തലിച്ചു നിൽക്കുന്ന അതിഥികളും സ്വദേശികളുമായ വന്മരങ്ങൾ, അതിൽ തന്നെ ചിലരൊക്കെ വർണ്ണാഭമായ ഉടുപ്പുകൾ ധരിച്ചിരിക്കുന്നു. അവിടെ പാറിനടക്കുന്ന കിളികളെപ്പോലെ! ആ കൊച്ചു ദ്വീപിനു ചുറ്റും ഒഴുകി നടന്നു സല്ലപിക്കുന്ന അരയന്നങ്ങളും കൊക്കുകളും താറാവുകളും. ഏതോ ഒരു എഴുത്തുകാരൻ സ്വപ്നങ്ങളിലെ സ്വർഗത്തെ വിവരിക്കുന്നതാണ് തോന്നുന്നെങ്കിൽ, നിങ്ങൾക്ക് തെറ്റി, അതൊരു സ്വപ്നമേയല്ല! അത് ഈ ഭൂമിയിൽ പ്രകൃതിയും മനുഷ്യനും ചേർന്നെരുക്കിയെടുത്ത പൂക്കളുടെ ദ്വീപാണ്. പേര് മൈനാവ് ദ്വീപ്.

mainau island, history, flowers, butterfly, sunny asthappan

ജർമ്മനിയിലെ ബാദൻ സംസ്ഥാനത്തിലെ കോൺസ്റ്റൻസ് നഗരത്തോട് ചേർന്നുകിടക്കുന്ന 45 ഹെക്ടർ മാത്രം വിസ്തീർണ്ണമുള്ള മൈനാവ് ദ്വീപ്. താമസക്കാർ ഇരുന്നൂറിൽ താഴെ മാത്രം. സഞ്ചാരികൾക്ക് നടന്നുകണ്ട് ആസ്വദിക്കാനും, വിശ്രമിക്കാനും, ഭക്ഷണം കഴിക്കാനും സൗകര്യങ്ങൾ. ദ്വീപിലേക്ക് ആവശ്യങ്ങൾക്കുള്ള സഞ്ചാര മാർഗ്ഗങ്ങൾ.

mainau island, history, flowers, butterfly, sunny asthappan

റോസയുടെ ആയിരത്തി ഇരുനൂറു വകഭേദങ്ങളിലായി മുപ്പതിനായിരത്തിലധികം റോസാച്ചെടികൾ ഇവിടെയുണ്ട്. ലോകത്തിലെ അപൂർവം റോസാ ഗാർഡനുകളിൽ ഒന്നാണിത്. നാന്നൂറ് തരങ്ങളിലായി ഒരു ലക്ഷത്തിലേറെ തുലിപ് പൂക്കളും, 250 വ്യത്യസ്ത തരങ്ങളിലായി ഇരുപത്തിനായിരത്തിലേറെ ഡാലിയ ചെടികളും മൈനാവ് ദ്വീപിന്റെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തൊൻപതാം നൂറ്റാണ്ടിൽ എത്തപ്പെട്ട, മരങ്ങളുടെയും ചെടികളുടെയും, മുൾച്ചെടി വിഭവങ്ങളുടെതുമായി ഒരു ബൊട്ടാണിക്കൽ ഗാർഡൻ കൂടിയാണ് ബോഡൻ തടാകത്തിൽ ‘ശ്രീലങ്ക പോലെ’ കിടക്കുന്ന ഈ ദ്വീപ്.

mainau island, history, flowers, butterfly, sunny asthappan

ദ്വീപിലെ ആകർഷണങ്ങളുടെ മറ്റൊരു ഭാഗം ചിത്രശലഭങ്ങളുടെ വീടാണ്. ആയിരം ചതുരശ്ര മീറ്ററിൽ ചെറിയ മരങ്ങളും ചെടികളും, കൃത്രിമ അരുവികളും സൃഷ്ടിച്ച, അന്തരീക്ഷ ഊഷ്മാവ് 26 ഡിഗ്രി സെൽഷ്യസ് നിലനിർത്തി, ആയിരക്കണക്കിന് ചിത്രശലഭങ്ങളെ പരിരക്ഷിക്കുന്ന ഒരു ‘ജർമ്മൻ കല’യായി ഇതിനെ വിശേഷിപ്പിക്കാം. കോസ്റ്റാറിക്കയിൽ നിന്നും ഹോളണ്ടിലും ഇംഗ്ലണ്ടിലും നിന്നുമായിട്ടാണ് ചിത്രശലഭങ്ങളെ എത്തിച്ചത്. ചിത്രശലഭങ്ങളുടെ വീടിനായി മാത്രം ഓരോ വർഷവും പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിക്കുന്നുണ്ട്. അരിഞ്ഞ ഓറഞ്ചും, നന്നായി പഴുത്ത വാഴപ്പഴവും, തേനും ശലഭങ്ങൾക്കായി ചെറിയ പിഞ്ഞാണ പാത്രങ്ങളിൽ എല്ലായിടത്തും വച്ചിരിക്കുന്നത് കാണാം. അതിൽ കൂട്ടമായി വന്നിരുന്നു ഭക്ഷണം നുകരുന്നത് കാണുന്നതുതന്നെ അപൂർവം കാഴ്ചകളിലൊന്നാണ്.

mainau island, history, flowers, butterfly, sunny asthappan

മൈനാവ് ദ്വീപിന്റെ ചരിത്രം 

ബാദാനിലെ ഡ്യൂക്ക് ഫ്രഡറിക് ഒന്നാമൻ 1853 ൽ ഒരു സ്വകാര്യവ്യക്തിയിൽ നിന്നും, വേനൽക്കാല വസതിയാക്കാൻ വിലകൊടുത്ത് സ്വന്തമാക്കി. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അദ്ദേഹത്തിൻറെ മകനായ ഫ്രഡറിക് രണ്ടാമൻ തന്റെ പക്കലുണ്ടായിരുന്ന ദ്വീപ്, മക്കൾ ഇല്ലാത്തതിനാൽ സഹോദരി വിക്ടോറിയയ്ക്ക് നൽകി. വിക്ടോറിയ സ്വീഡനിലെ രാജാവായ ഗുസ്താവിന്രെ പത്‌നിയായിരുന്നു. അവരുടെ മരണശേഷം രണ്ടാമത്തെ മകനായ പ്രിൻസ് വിൽഹൈമിനു കൊടുത്തു. 1932 ൽ വിൽഹൈം തന്റെ മകനായ ലെനാർട്ട് ബെർണാഡറ്റിനു ദ്വീപ് നൽകി. അദ്ദേഹമാണ് മൈനാവ് ദ്വീപ് കൂടുതൽ മനോഹരമാക്കി തീർത്തത്. 1974 ൽ ലെനാർട്ട് ബെർണാഡറ്റ് തന്റെ പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിച്ച്, ദ്വീപിന്റെ മേൽനോട്ടം ആ ഫൗണ്ടേഷന് കൈമാറി. അദ്ദേഹത്തിൻറെ കുടുംബം അടങ്ങുന്ന ഫൗണ്ടേഷനാണ് ഇപ്പോഴും പൂക്കളുടെ ദ്വീപ് മനോഹരമായി സംരക്ഷിച്ചു പോരുന്നത്.

mainau island, history, flowers, butterfly, sunny asthappan

വർഷം തോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് മൈനാവിൽ എത്തുന്നത്. പൂക്കളുടെ ദ്വീപിലെ സെയിന്ര് മരിയൻ പള്ളിയിൽ വിവാഹം നടത്താൻ വരുന്നവരും കുറവല്ല. മൈനവ് ദ്വീപിൽ ചെറുതും വലുതുമായ പത്തോളം ഭക്ഷണ ശാലകളുണ്ട്. വിവാഹ പാർട്ടികൾക്കും (ചെറിയ ഗ്രൂപ്പുകൾ) മറ്റു ആഘോഷങ്ങൾക്കും അവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നവർ മൈനാവ് ദ്വീപ് ഒഴിവാക്കിയാൽ, അതൊരു നഷ്ടം തന്നെയാകും.

mainau island, history, flowers, butterfly, sunny asthappan

സ്വിറ്റസർലണ്ടിലെ ക്രോയിസ്ലിങ്കാനിൽ നിന്നും പന്ത്രണ്ടു കിലോമീറ്ററും, ഓസ്ട്രിയയിലെ ഡോൺബിർനിൽ നിന്നും 75 കിലോമീറ്ററും മാത്രമേയുള്ളൂ മൈനാവിലെത്താൻ.

സ്റ്റുട്ട്ഗാർട്ടിൽ നിന്ന് ട്രെയിനിൽ നാല് മണിക്കൂർ കൊണ്ടും കാറിൽ മൂന്നു മണിക്കൂർ കൊണ്ടും മൈനാവ് ദ്വീപിനടുത്തുള്ള കോൺസ്റ്റൻസ് സ്റ്റേഷനിൽ എത്താം. അവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരമേയുള്ളു മൈനാവിലേക്ക്. നടന്നോ വാഹനത്തിലോ പോകാം. സ്വിറ്റസർലണ്ടിൽ നിന്നാണെങ്കിൽ സൂറിച്ച് പട്ടണത്തിൽ നിന്നും രണ്ട് മണിക്കൂർകൊണ്ടും, സെന്റ് ഗാലനിൽ നിന്ന് ഒരു മണിക്കൂർ പത്തുമിനിറ്റു കൊണ്ടും കോൺസ്റ്റൻസ് എത്താം. അവിടെനിന്നും മേൽ പറഞ്ഞ രീതിയിൽ മൈനാവിലെത്താം.

mainau island, history, flowers, butterfly, sunny asthappan

ഫ്രാൻസിൽ നിന്നാണെങ്കിൽ മ്യൂൾ ഹസ്സ് വില്ലേയിൽ നിന്നും മൂന്നര മണിക്കൂർ കൊണ്ടും ഡിജോണിൽ നിന്നും അഞ്ചര മണിക്കൂർ കൊണ്ടും ട്രെയിനിൽ മൈനാവിനടുത്തെത്താം. ഓസ്ട്രിയയിലെ ഫെൽഡ് കിർഹിൽ നിന്നും ട്രെയിനിൽ മൂന്നേകാൽ മണിക്കൂർ കൊണ്ടും ദ്വീപിലെത്താം.

സ്വിറ്റ്‌സർലണ്ടിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുകയാണ് ലേഖകൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ