ഒരു പെന്‍സില്‍കൊണ്ട് എന്ത് ചെയ്യാം എന്നു ചോദിച്ചാല്‍ എഴുതാനും വരയ്ക്കാനുമല്ലാതെ മറ്റെന്തിനെന്ന് അത്ഭുതത്തോടെ നമ്മള്‍ ചോദിച്ചെന്നിരിക്കും. എന്നാല്‍ പെന്‍സില്‍ ലെഡില്‍ ഒരു ശില്പം തീര്‍ക്കാമെന്നാണ് തിരുവനന്തപുരം സ്വദേശി എം.മനോജ് പറയുന്നത്. മനോജിന് പെന്‍സിലെന്നാല്‍ ശില്പങ്ങള്‍ നിര്‍മിക്കാനുള്ള ഉപാധിയാണ്. നമുക്ക് അത്ര പരിചിതമല്ലാത്ത അതിസൂക്ഷ്മ കല അഥവാ മൈക്രോ ആര്‍ട്ടില്‍ സ്വയം പ്രാവീണ്യം നേടി വ്യത്യസ്തനാവുകയാണ് മനോജ്. തന്റെ ശില്പങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ സ്‌ന്തോഷത്തിലാണ് ഈ വെറ്റിനറി സയന്‍സ് വിദ്യാര്‍ഥി.

micro artist manoj

മനോജ്

നെയ്യാറ്റിന്‍കരയ്ക്കടുത്ത് പരശുവയ്ക്കല്‍ സ്വദേശിയായ മനോജിന് മൈക്രോ ആര്‍ട്ടിനെക്കുറിച്ച് മുന്‍ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. പ്ലസ് ടു പഠനത്തിനു ശേഷം വയനാട് പൂക്കോട് വെറ്റിനറി കോളജില്‍ വെറ്റിനറി സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മനോജിന്റെ ഒരു സുഹൃത്താണ് ആദ്യം പ്രോത്സാഹനമായത്. ഒരു തെലുങ്ക് ചിത്രത്തില്‍ കാണിച്ച മൈക്രോ ആര്‍ട് വെറുതേ ഒന്നു ശ്രമിച്ചു നോക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ആദ്യമായി സൂക്ഷ്മ കലയില്‍ ഒരു കൈ നോക്കാന്‍ മനോജ് തുനിഞ്ഞത്. ആദ്യ ശ്രമം വിജയിച്ചത് തുടര്‍ച്ചയായി എട്ടു തവണ പരാജയപ്പെട്ടതിനു ശേഷമായിരുന്നു.

ശ്രദ്ധയും സൂക്ഷ്മതയും ക്ഷമയും കഴിവും സമയവും എല്ലാം ഒരുപോലെ ഉണ്ടെങ്കില്‍ മാത്രമേ കുഞ്ഞന്‍ ശില്പങ്ങള്‍ക്ക് ജീവന്‍ നല്‍കാനാവൂ. ഒന്നു കണ്ണു തെറ്റിയാല്‍ അല്ലെങ്കില്‍ ശ്രദ്ധയൊന്നു പാളിയാല്‍ അത്രയും സമയം ചെയ്തത് എല്ലാം വെറുതെയാകും. കഠിന പരിശ്രമംകൊണ്ട് ചെയ്ത ആദ്യ ശില്പം സുഹൃത്തുക്കളുടെ കൈയില്‍ നിന്നു വീണു പൊട്ടിയപ്പോഴും മനോജ് തളര്‍ന്നില്ല. രണ്ടാം തവണ ചെയ്തപ്പോള്‍ തലവേദനയും ക്ഷീണവും കാരണം തലകറങ്ങി വീണിട്ടും മനോജ് പിന്മാറിയില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. കണ്‍മുന്നില്‍ കാണുന്നതെന്തും പെന്‍സിലില്‍ ചെയ്തു നോക്കാന്‍ തുടങ്ങി. സര്‍ജിക്കല്‍ ബ്ലേഡാണ് മനോജിന്റെ പ്രധാന ആയുധം. കൂടാതെ വുഡ് കാര്‍വിങ് ടൂള്‍ ഉപയോഗിച്ചും ചെയ്യാറുണ്ട്.

മനോജ് പെൻസിലിൽ തീർത്ത ബുളളറ്റിന്റെ രൂപം

മനോജ് പെൻസിലിൽ തീർത്ത ബുളളറ്റിന്റെ രൂപം

മാഗ്നിഫൈയിങ് ഗ്ലാസ് ഒന്നും ഉപയോഗിക്കാതെ നഗ്ന നേത്രങ്ങള്‍ കൊണ്ടാണ് സൂക്ഷ്മ ചാരുതയുള്ള ശില്പങ്ങള്‍ മനോജ് ചെയ്യുന്നത്. നാല് മില്ലിമീറ്റര്‍ വരുന്ന ഡ്രോയിങ് പെന്‍സിലിലാണ് സാധാരണ ശില്പങ്ങളൊരുക്കുന്നത്. സാധാരണ പെന്‍സിലുകളില്‍ ചെയ്യാറുണ്ടെങ്കിലും വീതി നന്നേ കുറവായതിനാല്‍ അതില്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മനോജ് പറയുന്നു. മൂന്ന് ദിവസം വരെ മുഴുവന്‍ സമയം ചെലവഴിച്ചാലാണ് ഒരു ശില്പത്തിന്റെ നിര്‍മാണം തീര്‍ക്കാന്‍ കഴിയുക. ഡോക്ടറാകാന്‍ തയാറെടുക്കുന്ന മനോജിന് പഠിക്കാന്‍ ഏറെയുള്ളതുകൊണ്ട് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സമയം മാറ്റി വച്ചാണ് ശില്പങ്ങള്‍ തയാറാക്കുന്നത്.

സാധാരണ മൈക്രോ ആർട് ശില്പങ്ങള്‍ക്ക് ഒന്നര സെന്റീമീറ്ററില്‍ താഴെയാണ് വലിപ്പം ഉണ്ടാകുക. മനോജ് ഇംഗ്ലീഷ് അക്ഷരമാല മുഴുവനും ഒന്നു മുതല്‍ പത്തു വരെയും ഒരു പെന്‍സിലില്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം നീളത്തില്‍ ചെയ്യുമ്പോള്‍ പത്തു സെന്റീമീറ്ററില്‍ താഴെ ഉണ്ടാകും. ഇന്ത്യയുടെ ഭൂപടം തയാറാക്കാന്‍ അഞ്ചു ദിവസം വേണ്ടിവന്നു. ഗണപതി വിഗ്രഹം തീര്‍ക്കാന്‍ നാല് ദിവസവും. ഇത്രയും സമയം ക്ഷമയോടെ ഇരുന്ന് സസൂക്ഷ്മം നീരീക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ശില്പം ചെയ്തു കഴിയുമ്പോള്‍ കിട്ടുന്ന സന്തോഷത്തില്‍ അലിഞ്ഞില്ലാതാകുമെന്നാണ് മനോജിന്റെ അനുഭവം.

micro art by manoj, micro art, manoj violin, pencil micro art, eecha film

ഗണപതി വിഗ്രഹം പെൻസിലിൽ തീർത്തപ്പോൾ

ഒന്നര വര്‍ഷം മുന്‍പ് മൈക്രോ ആര്‍ട് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മുതലുള്ള 42 ശില്പങ്ങള്‍ ഒന്നിച്ച് വയനാട്ടിലും തൃശൂരുമായി രണ്ട് പ്രദര്‍ശനങ്ങള്‍ നടത്തി. മനോജിന്റെ കഴിവ് കേട്ടറിഞ്ഞ് എത്തിയ നിരവധിയാളുകള്‍ തനിക്കുള്ള പ്രോത്സാഹനമാണെന്ന് മനോജ് പറയുന്നു. ശില്പങ്ങളെ ഫംഗസില്‍നിന്നു രക്ഷിക്കാന്‍ കുപ്പികളിലാക്കിയാണ് സൂക്ഷിക്കുന്നത്. സ്വയം ആര്‍ജിച്ച മകന്റെ കഴിവില്‍ അഭിമാനം കൊള്ളുകയാണിന്ന് അച്ഛന്‍ മണിയനും അമ്മ ലില്ലിയും. സുഹൃത്തുക്കളെ കൂടാതെ മനോജിന്റെ സഹോദരങ്ങളായ മഹേഷിന്റെയും മനുവിന്റെയും പിന്തുണയുമുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന മനോജിന് ഡോക്ടറാവുക എന്ന സ്വപ്‌നം മാത്രമല്ല ഇന്നുള്ളത്. ഇനി നടത്തുന്ന പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിക്കുന്ന 70 ശതമാനം തുകയും ഏതെങ്കിലും പാവപ്പെട്ട വിദ്യാര്‍ഥിയുടെ പഠന ചെലവിനായി നല്‍കണമെന്നും ഈ യുവാവ് ആഗ്രഹിക്കുന്നു. സ്വന്തം പ്രതിസന്ധികള്‍ക്കിടയിലും കലയിലൂടെ നന്മയുടെ ഇത്തിരിവെട്ടം കാണിക്കുകയാണ് ഈ യുവാവ്. മനോജ്: 8129528834

ഇംഗ്ലീഷ് അക്ഷരമാല പെൻസിലിൽ കൊത്തിയപ്പോൾ

ഇംഗ്ലീഷ് അക്ഷരമാല പെൻസിലിൽ കൊത്തിയപ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook